എന്നിട്ടും മോഡി ചിറകു വിടര്‍ത്തി പറക്കുകയാണ്


മതേതരത്വത്തിന്റെ അന്തസ്സത്ത ‘മോഡിത്വ’യുടെ മുന്നില്‍ തലകുനിക്കുന്ന ഭീഷണമായ ഒരന്തരീക്ഷം ഇന്ന് ഗുജറാത്തിനു മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിനും നേരെയാണ് വെല്ലുവിളി ഉയര്‍ത്തുന്നത്.
ശാഹിദ്

കേരളം സ്വതന്ത്ര ഇന്ത്യക്ക് നല്‍കിയ അമൂല്യ സംഭാവനയായ ‘ക്ഷീരപുരുഷന്‍’ വര്‍ഗീസ് കുര്യന്‍ ഈയിടെ അന്തരിച്ചപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഓര്‍മിപ്പിച്ച ഒരു സംഭവമുണ്ടായിരുന്നു: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയില്‍ നിന്ന് കുര്യന്‍ ഏറ്റുവാങ്ങേണ്ടിവന്ന നന്ദികേടിന്റെയും നൃശംസതയുടെയും അനുഭവമായിരുന്നു അത്. 2004 ജനുവരിയിലായിരുന്നു സംഭവം. കുര്യന്റെ കര്‍മഭൂമിയും ‘അമുലിന്റെ’ ആസ്ഥാനവുമായ ഗുജറാത്തിലെ ആനന്ദില്‍ മുഖ്യമന്ത്രി മോഡിയോടൊപ്പം ഒരു വേദി പങ്കിട്ടപ്പോള്‍ സംസ്ഥാനത്തിന്റെ വികസനവും മറ്റും പരാമര്‍ശിച്ചു പോകവെ 2002ല്‍ നടന്ന മുസ്ലിംവിരുദ്ധ വംശഹത്യയെക്കുറിച്ച് കുര്യന്‍ ആനുഷംഗികമായി സൂചിപ്പിച്ചു. ആ വംശഹത്യ ഗുജറാത്തിന്റെ യശസ്സിന് കളങ്കമേല്‍പിച്ചുവെന്നും സംസ്ഥാനം സന്ദര്‍ശിച്ച ജപ്പാനില്‍ നിന്നുള്ള ഒരു പ്രശസ്ത വനിത തന്നോട് നേരിട്ട് ഇക്കാര്യം സൂചിപ്പിക്കുകയുണ്ടായെന്നും അദ്ദേഹം മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചു. ഇതുകേട്ട് ക്ഷുഭിതനായ നരേന്ദ്രമോഡി തന്റെ ഊഴം വന്നപ്പോള്‍ വേദിയില്‍ പൊട്ടിത്തെറിച്ചു: “നീണ്ട കാലത്തെ വിദേശ അധിനിവേശത്തിനു ശേഷവും പുറത്തുനിന്നുള്ളവരുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങുക എന്നത് നമ്മുടെ ശീലമായി മാറിയിരിക്കുന്നു. ഏതാനും ദിവസം ഇവിടെ ചെലവഴിക്കാന്‍ എത്തിയ വിദേശ വനിതയില്‍ നിന്നും നാം സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതുണ്ടെന്നാണോ താങ്കള്‍ പറയുന്നത്?” പിന്നീടൊരിക്കലും മോഡി വര്‍ഗീസ്കുര്യന് തന്റെ നാട്ടില്‍ സ്വൈരം കൊടുത്തില്ലത്രെ. ഇതേ മോഡി കഴിഞ്ഞ മാസം ജപ്പാനിലെ ഏതോ കടലാസ് സംഘടന നല്‍കിയ സ്വീകരണം ഏറ്റുവാങ്ങാന്‍ പോയി എന്നു മാത്രമല്ല, അവിടെ കിട്ടിയ വരവേല്‍പ്പിനെക്കുറിച്ച് പ്രചണ്ഡമായ പ്രചാരണങ്ങള്‍ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ നടത്തി ഇന്ത്യ കാത്തിരിക്കുന്ന നേതാവാണ് താനെന്ന് വരുത്തിത്തീര്‍ക്കാന്‍ എല്ലാ വേലകളും ഒപ്പിച്ചു കൊണ്ടിരിക്കുകയുമാണ്.

ഫാഷിസത്തിന്റെ രീതിശാസ്ത്രം അറിയുന്നവര്‍ക്ക് ഇതില്‍ പുതുമ തോന്നണമെന്നില്ല. നരേന്ദ്രമോഡി എന്ന മനുഷ്യന്‍ ഹിറ്റ്ലറെയും മുസ്സോളിനിയെയും ചാണിനു ചാണായി അനുധാവനം ചെയ്യുന്ന ഭീതിദമായ കാഴ്ച നമ്മുടെ ദേശീയ മാധ്യമങ്ങള്‍ മനഃപൂര്‍വ്വമോ അല്ലാതെയോ മറച്ചുവെക്കുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥയില്‍ മോഡിയെ പോലെ ‘വളര്‍ന്നു വളര്‍ന്നു’ വലുതാവുന്ന ഒരു നേതാവിനെ കാണാനാവില്ല. ഗുജറാത്തും ബിജെപിയും കടന്ന്, വികസനത്തിന്റെ തേരിലേറി ഇന്ദ്രപ്രസ്ഥത്തിലേക്ക് ചിറകു വിടര്‍ത്തി പറക്കുന്ന ഒരു അപൂര്‍വ പ്രതിഭാസമായി മാധ്യമങ്ങള്‍ മോഡിയെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണിന്ന്. ലോകം അതിനനുസൃതമായി പ്രതികരിക്കുകയും ചെയ്യുന്നു. ഇതിനായി ആഗോള തലത്തില്‍ തന്നെ ശക്തമായ കരുനീക്കങ്ങള്‍ നടക്കുന്നുണ്ടോയെന്ന് സംശയിക്കണം. ഇന്ത്യയിലെ മറ്റൊരു മുഖ്യമന്ത്രിക്കും ലഭിക്കാത്ത അംഗീകാരവും ആദരവും സ്വീകാര്യതയും നേടിക്കൊടുക്കാന്‍ വന്‍കിട കോര്‍പറേറ്റ് മുതലാളിമാരും ദേശീയ മീഡിയയും മത്സരിക്കുകയാണ്. യഥാര്‍ത്ഥ മോഡി ആരായിരുന്നുവെന്ന് പൂര്‍ണമായും വിസ്മരിച്ചുകൊണ്ടാണ് ഇവരുടെ രാഷ്ട്രീയ ചൂതാട്ടം. 2002ല്‍ ലോകത്തെ നടുക്കിയ വംശവിച്ഛേദന പദ്ധതിക്ക് നേതൃത്വം കൊടുത്ത ഒരു ഭരണാധികാരി നിയമത്തിന്റെ കരങ്ങളില്‍ നിന്ന് പൂര്‍ണമായും രക്ഷപ്പെട്ട് മൂന്നാമതും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭീതിദാവസ്ഥ നമ്മുടെ ജനായത്ത വ്യവസ്ഥയെ തന്നെ നിരര്‍ത്ഥകമാക്കാന്‍ പോകുന്നത് ആരിലും ഉത്കണ്ഠ പരത്തുന്നില്ല. മതേതരത്വത്തിന്റെ അന്തസ്സത്ത ‘മോഡിത്വ’യുടെ മുന്നില്‍ തലകുനിക്കുന്ന ഭീഷണമായ ഒരന്തരീക്ഷം ഇന്ന് ഗുജറാത്തിനു മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിനു നേരെയാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. സംഘപരിവാറിനകത്തെ ചേരിപ്പോരും പടലപ്പിണക്കവും മാത്രമാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്യുന്നതിന് മോഡിയുടെ മുന്നിലെ കടമ്പ. അതല്ലാതെ, ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ കൂട്ടനരഹത്യയോ ആക്രമണോത്സുകമായ പ്രവര്‍ത്തന ശൈലിയോ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന മുസ്ലിം വിരുദ്ധതയോ മതേതര മൂല്യങ്ങളോടുള്ള പുച്ഛമോ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള അദ്ദേഹത്തിന്റെ പദ്ധതിക്കു മുന്നില്‍ പ്രതിബന്ധം തീര്‍ക്കുന്നില്ല എന്നത് 2014ലെ തിരഞ്ഞെടുപ്പില്‍, അല്ലെങ്കില്‍ 19ലെ തിരഞ്ഞെടുപ്പില്‍ മോഡി ഡല്‍ഹി സിംഹാസനത്തില്‍ അവരോധിതനാവും എന്ന വ്യക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്.

പ്രചാരണത്തിന്റെ മാസ്മരികത തൊട്ടറിഞ്ഞ ഈ സ്വേച്ഛാധിപതി സ്വന്തം പേരില്‍ ഒരു ചാനല്‍ തുടങ്ങിയാണ് തന്റെ ഗീബല്‍സിയന്‍ അജണ്ടകള്‍ വിജയപ്രദമായി നടപ്പാക്കുന്നത്. ‘ലീഡര്‍’ എന്നര്‍ത്ഥം വരുന്ന ‘നാമോ’ (ചമാീ) എന്ന പേരില്‍ ആരംഭിച്ച ചാനല്‍ ആത്യന്തികമായി നരേന്ദ്രമോഡി ചാനല്‍ തന്നെ. തമിഴ്നാട്ടില്‍ എഐഎഡിഎംകെയും ഡിഎംകെയും എംഡിഎംകെയും നടത്തുന്ന ചാനലുകള്‍ പാര്‍ട്ടിവളര്‍ത്താന്‍ വേണ്ടിയുള്ള പ്രാദേശിക ഉദ്യമങ്ങളാണ്. മോഡിയുടെ ചാനലാവട്ടെ ലക്ഷ്യമിടുന്നത് ദേശീയ സദസ്സിനെയാണ്. മോഡി എന്ന വ്യക്തിയെ ഒരു ‘കള്‍ട്ടായി’ പരിവര്‍ത്തിപ്പിച്ച് വികസനത്തിന്റെയും പുരോഗതിയുടെയും അവസാന വാക്കായി അവതരിപ്പിക്കാനും സ്വന്തം പാര്‍ട്ടിയെയും പ്രതിയോഗികളെയും തോല്‍പിക്കാനുമുള്ള ആസൂത്രിത നീക്കമാണ് കാര്യക്ഷമമായി പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നത്. ആഫ്രോ-ഏഷ്യന്‍ വന്‍കരയില്‍ നാം കണ്ടുവരുന്ന ഏകാധിപതിയുടെ ഇന്ത്യന്‍ മാതൃകയായി ഈ മനുഷ്യന്‍ സ്വയം പരിവര്‍ത്തിതനായിട്ടും പ്രതിപക്ഷത്തിനു പോലും അതിലടങ്ങിയ വിപത് സന്ദേശം രാജ്യത്തിനു മുമ്പാകെ അവതരിപ്പിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് ഖേദകരം. ഗുജറാത്ത് രാഷ്ട്രീയത്തില്‍ തന്റെ വിജയപ്രയാണത്തെ തടഞ്ഞുവെക്കാന്‍ ആരുമില്ല എന്ന ഔദ്ധത്യത്തോടെയാണ് അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുക്കങ്ങള്‍ നടത്തുന്നത്. അതിനിടയില്‍, തന്നെ നേരിടേണ്ട ഗുജറാത്തിലെ കോണ്‍ഗ്രസ് ഒന്നുമല്ല എന്ന് വരുത്തിത്തീര്‍ത്തു കൊണ്ടാണ് സോണിയാ ഗാന്ധിയെ മുഖ്യപ്രതിയോഗിയാക്കി മോഡി പ്രചാരണം കൊഴുപ്പിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷയെ ഉന്നം വെക്കുന്നത് പച്ചയായ വര്‍ഗീയ അജണ്ടയോടെയാണ്. മുമ്പ്, പാക്കിസ്ഥാനെയും ജനറല്‍ മുഷര്‍റഫിനെയും പഴി പറഞ്ഞാണ് ഈ മനുഷ്യന്‍ വോട്ടുപിടിച്ചത്.

ഗുജറാത്തിനെക്കുറിച്ച് നമ്മള്‍ ഇന്നു കേള്‍ക്കുന്നത് കുറെ പോസിറ്റീവായ വാര്‍ത്തകള്‍ മാത്രമാണ്. ആ സംസ്ഥാനം വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യക്കു തന്നെ മാതൃകയാണെന്നും വിദേശ രാജ്യങ്ങള്‍ അവിടുത്തേക്ക് നിക്ഷേപം ഒഴുക്കാന്‍ വെമ്പല്‍ കൊള്ളുകയാണെന്നും രത്തന്‍ ടാറ്റയും മുകേഷ് അംബാനിയും, എന്തിന് അമിതാഭ് ബച്ചന്‍ വരെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത് മോഡിയുടെ തട്ടകത്തിലാണെന്നും അദ്ദേഹത്തെ പ്പോലെ കര്‍മകുശലനായ ഒരു ഭരണാധികാരിയെ മറ്റെവിടെയും കാണാന്‍ കഴിയില്ലെന്നുമൊക്കെ കേള്‍ക്കുമ്പോള്‍, എന്തിന്റെ പേരിലാണോ ഗുജറാത്ത് ലോകമാസകലം അറിയപ്പെട്ടത് ആ വലിയ സത്യത്തെ മനഃപൂര്‍വ്വം തമസ്കരിക്കാന്‍ ശ്രമിക്കുകയാണ്. പോലീസ് സേനയെയും ഭരണമെഷിനറിയെയും ഉപയോഗിച്ച് മോഡിയുടെ അനുഗ്രഹാശിസ്സുകളോടെ സംഘപരിവാര്‍ ഗുണ്ടകള്‍ അരുംകൊല ചെയ്ത രണ്ടായിരത്തിലേറെ നിരപരാധരുടെ ഉറ്റവരുടെയും ഉടയവരുടെയും ഇന്നത്തെ അവസ്ഥ എന്തെന്നോ പുറമ്പോക്കുകളിലേക്ക് വലിച്ചെറിയപ്പെട്ട ഹതാശരായ ന്യൂനപക്ഷത്തിന് സ്വാസ്ഥ്യവും ആത്മവീര്യവും തിരിച്ചുകിട്ടിയോ എന്നൊന്നും മുഖ്യധാരാ മാധ്യമങ്ങളോ രാഷ്ട്രീയ നേതൃത്വമോ അന്വേഷിക്കുന്നില്ല. പ്രശസ്ത പത്രപ്രവര്‍ത്തകനും നരോദപാട്യ കൂട്ടക്കൊലക്ക് ഉത്തരവാദികളായ മുന്‍മന്ത്രിയടക്കമുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തെളിവുകള്‍ നിരത്തുകയും ചെയ്ത ‘തെഹല്‍ക’ റിപ്പോര്‍ട്ടര്‍ ആശിഖ് ഖേതന്‍ അടിവരയിടുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട് : ‘മുസ്ലിംകള്‍ക്ക് ഗുജറാത്തില്‍ ജീവിക്കാം. പക്ഷേ, രണ്ടാം തരം പൌര•ാരായി മാത്രം. കലാപങ്ങളില്ല എന്നതുകൊണ്ട് ഗുജറാത്ത് മാറി എന്ന് അര്‍ത്ഥമില്ല. ഗുജറാത്ത് ഗവണ്‍മെന്റ് മാറി എന്നര്‍ത്ഥമില്ല. മോഡിക്ക് മാറ്റമുണ്ടായി എന്നും അര്‍ത്ഥമില്ല.’ മോഡിക്ക് ഒരു തരത്തിലുള്ള മനംമാറ്റവും ഉണ്ടായില്ല എന്നു മാത്രമല്ല കൂടുതല്‍ ശക്തനും ഏകാധിപതിയുമായിരിക്കുകയാണ് ആ കൊലയാളി എന്ന ഒരു ധ്വനിയുണ്ടായിരുന്നു. ഇന്ന് ആ പേരിന് വികസനനിപുണനെന്നും കര്‍മകുശലനെന്നും ഇന്ത്യയുടെ ഭാവി പ്രതീക്ഷയെന്നും അര്‍ത്ഥ കല്‍പന നല്‍കാന്‍ മാത്രം നമ്മുടെ വ്യവസ്ഥിതി അധഃപതിച്ചിരിക്കുന്നു. ആ മനുഷ്യന്‍ അന്നു പ്രയോഗിച്ച ആക്രമണോത്സുകതയുടെ മാര്‍ഗം പരോക്ഷമായി രാഷ്ട്രം അംഗീകരിച്ചതു പോലെ. അദ്ദേഹത്തിന് നിയമത്തെയോ കോടതിയെയോ സിബിഐയെയോ, പ്രത്യേക അന്വേഷണ സംഘത്തെയോ എന്തിന് സ്വന്തം രാഷ്ട്രീയ ഗുരുവായ ആര്‍എസ്എസിനെ പോലും പേടിക്കേണ്ടതില്ലാത്ത ഒരവസ്ഥ. അതിന്റെ അന്തര്‍ധാര എത്ര വിനാശകരവും അപകടകരവുമാണെന്ന് ചൂണ്ടിക്കാട്ടി പ്രശസ്ത മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകരനുമായ ഹരീഷ് ഖരെ എഴുതുന്നു : ‘.……there can be no confusion that at the very core Mr.Modi has wilfully marketed himself as a deeply divisive personality, unafraid to summon the instruments and rhetoric of violence. This subtle but essentially authoritarian promise of violence remains the defining feature of Mr.Modi’s so called “Gujarat Model”

മോഡി വിറ്റഴിക്കുന്ന ഗുജറാത്ത് മോഡലിന്റെ അന്തര്‍ധാര ഏകാധിപതിയുടെ ആക്രമണോത്സുകതയാണെന്ന് ചുരുക്കം. ബിജെപിക്കോ ആര്‍എസ്എസിനോ നിയന്ത്രിക്കാനോ കടിഞ്ഞാണിടാനോ പറ്റാത്ത വിധം നരേന്ദ്രമോഡി ഭീമാകാരം പൂണ്ടിരിക്കുന്നു. തന്റെ യശസ്സ് ചക്രവാളങ്ങളും ആഴക്കടലും താണ്ടി വിശ്വത്തോളം വളര്‍ന്നു പന്തലിച്ചിരിക്കുന്നു എന്ന് വരുത്തിത്തീര്‍ക്കാനുള്ള പിത്തലാട്ടമാണ് ഈ മനുഷ്യന്‍ കൌശലപൂര്‍വം നടത്തുന്നത്. 2002ലെ നരമേധങ്ങള്‍ക്കു ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ആക്ടിവിസ്റുകളുടെയും പരിശ്രമങ്ങളുടെ ഫലമായി അമേരിക്കയും ബ്രിട്ടനും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും തനിക്ക് കല്‍പിച്ച വിലക്ക് എടുത്തുകളയുന്നതിന് ഇദ്ദേഹവും ആഗോള മോഡിത്വ ശക്തികളും നടത്തുന്ന കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങിയത് സമാധാനകാംക്ഷികളെ ഞെട്ടിപ്പിച്ചിട്ടുണ്ട്. ബ്രിട്ടന്‍ വിലക്കു നീക്കിയതിന് തൊട്ടുപിന്നാലെ വാഷിങ്ടണ്‍ ഭരണകൂടവും ഈ കൊലയാളിക്ക് അനുകൂലമായി തീരുമാനമെടുത്തിരിക്കയാണ്. ഡിസംബറില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനു മുമ്പായി മോഡിയെ അഭിഷിക്തനാക്കുക എന്നതു തന്നെ ലക്ഷ്യം. കുത്തക വ്യവസായികളും വന്‍ ബിസിനസ് ലോബിയും നീക്കിയ കരുനീക്കങ്ങള്‍ വിജയം കാണുമ്പോള്‍ തോല്‍ക്കുന്നത് ധാര്‍മിക മൂല്യങ്ങളും നീതിയുമാണ്. അന്താരാഷ്ട്ര ക്രിമിനല്‍കോടതി മുമ്പാകെ വിചാരണ ചെയ്യപ്പെടേണ്ട മനുഷ്യകുലത്തിനെതിരായ വന്‍ അപരാധമാണ് മോഡി മുസ്ലിംകളോട് ചെയ്തതെന്ന് വാദിച്ച ആഗോള മനുഷ്യാവകാശ പ്രസ്ഥാനങ്ങളെല്ലാം അര്‍ത്ഥഗര്‍ഭമായ മൌനത്തിലാണ്. കച്ചവടത്തിനും ലാഭത്തിനുമപ്പുറത്തെ ഒരു രാഷ്ട്രീയത്തെ ക്കുറിച്ചോ നൈതിക ഇടപാടുകളെക്കുറിച്ചോ ലോകത്തിന് ഇന്ന് ചിന്തിക്കാന്‍ സാധിക്കില്ലെന്നിരിക്കെ ഗുജറാത്തില്‍ തുറന്നുവച്ചു കൊടുത്ത സാധ്യതകള്‍ വിനിയോഗിക്കാന്‍ ആഗോള മൂലധനശക്തികള്‍ ഏത് അധമത്വത്തിനും കൂട്ടുനില്‍ക്കുക സ്വാഭാവികം. ഇന്ത്യയിലെ ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധി ജെയിംസ് ബെവാന്‍ അഹമ്മദാബാദ് വരെ ചെന്ന് മോഡിയുമായി മുഖദര്‍ശനം നടത്തിയതിന്റെ വാര്‍ത്തയും ചിത്രവും ദേശീയ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചപ്പോള്‍ വിജയശ്രീലാളിതന്റെ അഹങ്കാരമാണ് ആ മുഖത്ത് ദര്‍ശിക്കാന്‍ കഴിഞ്ഞത്. കച്ചവട താല്‍പര്യം മുന്‍നിര്‍ത്തി വിദേശ പ്രതിനിധികള്‍ മുഖ്യമന്ത്രിമാരെയും പിടിപാടുള്ളവരെയും സന്ദര്‍ശിക്കുന്നത് പുതുമയുള്ള കാര്യമല്ല. ദല്‍ഹിയിലെ യുഎസ് അംബാസഡര്‍ പാറ്റ്ന വരെ ചെന്ന് ലാലുപ്രസാദ് യാദവ് എന്ന മുഖ്യമന്ത്രി പശുവിനെ കറക്കുന്നത് നേരില്‍ കണ്ടതും വിശദീകരിച്ച് എഴുതിയതും നാം വായിച്ചതാണ്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് മിലിബാന്‍ഡ് അമേത്തിയില്‍ ചെന്നാണ് രാഹുല്‍ഗാന്ധിയെ തിരഞ്ഞെടുപ്പിനു മുമ്പ് ആശീര്‍വദിച്ചത്. യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിന്റന്‍ 2011ല്‍ ചെന്നൈയില്‍ വിമാനമിറങ്ങിയത് മുഖ്യമന്ത്രി ജയലളിതയെ സന്തോഷിപ്പിക്കാനാണ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജിയെയും ഹിലരി സന്ദര്‍ശിച്ചിരുന്നു. യുഎസ് അണ്ടര്‍ സെക്രട്ടറിയും അംബാസഡറും ഒരുമിച്ചാണ് ബീഹാര്‍ മുഖ്യന്‍ നിതീഷ് കുമാറുമായി സംഭാഷണം നടത്തിയത്. ഇത്തരം സന്ദര്‍ശനത്തെ അന്താരാഷ്ട്ര അംഗീകാരമായി പ്രചരിപ്പിക്കുകയും അതുവഴി ജനത്തിന്റെ കണ്ണില്‍ പൊടിയിട്ടു തന്റെ വ്യക്തിത്വത്തിന് മാറ്റുകൂട്ടുകയും ചെയ്യുക എന്നതിലാണ് മോഡിയുടെ കുതന്ത്രം കുടികൊള്ളുന്നത്. ഇത്തരത്തില്‍ അദ്ദേഹം നടത്തുന്ന പിത്തലാട്ടങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാന്‍ രാഷ്ട്രീയ എതിരാളികള്‍ക്കോ മാധ്യമങ്ങള്‍ക്കോ ത്രാണിയില്ല എന്നതാണ് മോഡിയുടെ വിജയം.

മോഡി വിജയിക്കുന്നിടത്ത് പരാജയപ്പെടുന്നത് ഒരു രാജ്യവും അതിന്റെ മൂല്യവ്യവസ്ഥയുമാണ്. ഹിറ്റ്ലറെപ്പോലെ ജനാധിപത്യ മാര്‍ഗത്തിലൂടെയാണ് മോഡി സംസ്ഥാനത്ത് ഫാഷിസ്റ് ഭരണം അരക്കിട്ടുറപ്പിക്കുന്നത്. സ്വന്തം പാര്‍ട്ടിയെ പോലും തൃണവദ്ഗണിച്ച് ഒരു മനുഷ്യന് ആറു കോടിജനതയുടെ ഭാഗധേയം കൈക്കുടന്നയിലിട്ട് അമ്മാനമാടാന്‍ കഴിയുന്നുണ്ടെങ്കില്‍ അവിടെ തോല്‍ക്കുന്നത് നാം ഉദ്ഘോഷിക്കുന്ന ജനാധിപത്യവും മതേതരത്വവുമാണ്. ഡിസംബറില്‍ വിധിയെഴുതാന്‍ പോകുന്നത് ഒരു സംസ്ഥാനത്തിന്റെ ഭാഗധേയം മാത്രമല്ല; ഒരു രാജ്യത്തിന്റെ ആത്മാവിന്റെ വില കൂടിയാണ്.

One Response to "എന്നിട്ടും മോഡി ചിറകു വിടര്‍ത്തി പറക്കുകയാണ്"

  1. muneer  November 10, 2012 at 4:37 am

    valare nannayittund

You must be logged in to post a comment Login