ചിതറിയ ആ ശരീരം പ്രതീക്ഷകളുടെ അവസാനമാണ്

ചിതറിയ ആ ശരീരം പ്രതീക്ഷകളുടെ അവസാനമാണ്

”കഴുത്തില്‍ പിടിച്ച് കുട്ടിക്കുറ്റവാളി അവളെ തടയുകയും തന്റെ ഒരു കൈ കൊണ്ട് അവളുടെ വായ് മൂടുകയും അവളെ തള്ളിയിടുകയും ചെയ്തു. പ്രതി മന്നു അവളുടെ കാലുകള്‍ അമര്‍ത്തിപ്പിടിക്കുകയും കുട്ടിക്കുറ്റവാളി ബലംപ്രയോഗിച്ച് അവള്‍ക്ക് മൂന്ന് മാനറുകള്‍ നല്‍കുകയും ചെയ്തു. അബോധാവസ്ഥയിലായ ഇരയെ കുട്ടിക്കുറ്റവാളി ബലാത്സംഗം ചെയ്തു. തുടര്‍ന്ന് മന്നുവും ബലാത്സംഗത്തിന് ശ്രമിച്ചെങ്കിലും അത് നടന്നില്ല. അതിനുശേഷം അവര്‍ അവളെ ദേവിസ്ഥാനില്‍ കൊണ്ടുപോകുകയും മേശക്കടിയിലെ രണ്ട് ചട്ടായികള്‍ക്കു (പ്ലാസ്റ്റിക്ക് പായ) മേലെ അവളെ കിടത്തുകയും രണ്ട് ഡാരികള്‍ (പരുത്തിപ്പായകള്‍) ഉപയോഗിച്ച് അവളെ ആവരണം ചെയ്യുകയും ചെയ്തു. അതിനു ശേഷം അവര്‍ ദേവീസ്ഥാന്‍ അടച്ചുപൂട്ടുകയും അവിടം വിടുകയും ചെയ്തു.

അടുത്ത ദിവസം അവളുടെ മാതാപിതാക്കള്‍ ദേവിസ്ഥാനിലെത്തുകയും തങ്ങളുടെ കാണാതായ മകളെക്കുറിച്ച് സഞ്ജിറാമിനോട് അന്വേഷിക്കുകയും ചെയ്തപ്പോള്‍ മറുപടിയായി അവള്‍ അവിടെ നിന്നും മടങ്ങിപ്പോയെന്നും വല്ല ബന്ധുക്കളുടെയും അടുത്തേയ്ക്ക് പോയിട്ടുണ്ടാകുമെന്നും അയാള്‍ പറഞ്ഞു. ഉച്ചക്ക് 12 മണിക്ക് പ്രതി ദീപു എന്ന ദീപക് ഖജൂറിയാ സഞ്ജിറാമിന്റെ വീട്ടിനടുത്ത് എത്തുകയും കുട്ടിക്കുറ്റവാളിക്ക് നല്‍കിയ സൂചനയനുസരിച്ച് അവന്‍ ദേവിസ്ഥാനിന്റെ താക്കോലുകള്‍ എടുക്കുകയും രണ്ടുപേരും മുന്‍പദ്ധതിയനുസരിച്ച് ദേവിസ്ഥാനിലേയ്ക്ക് പോകുകയും ചെയ്തു. ദേവിസ്ഥാനിലെത്തി പൂട്ട് തുറന്നതിനു ശേഷം പ്രതി ദീപു എന്ന ദീപക് ഖജൂറിയാ പുറത്തെ പൈപ്പില്‍ നിന്നും കുറച്ച് വെള്ളം എടുക്കാന്‍ കുട്ടിക്കുറ്റവാളിയോട് നിര്‍ദേശിച്ചു.

അതിനുശേഷം പ്രതി ദീപു എന്ന ദീപക് ഖജൂറിയാ 10 ഗുളികകള്‍ അടങ്ങുന്ന ഉറക്കഗുളികകളുടെ സ്ട്രിപ്പ് പുറത്തെടുത്തു. കുട്ടിക്കുറ്റവാളി പെണ്‍കുട്ടിയുടെ തല ഉയര്‍ത്തിപ്പിടിക്കുകയും പ്രതി ദീപു എന്ന ദീപക് ഖജൂറിയാ അവളുടെ വായ് തുറക്കുകയും സ്ട്രിപ്പില്‍ നിന്നും പുറത്തെടുത്ത രണ്ട് ഗുളികകള്‍ വായില്‍ ചെലുത്തുകയും ചെയ്തു. തുടര്‍ന്ന് അവളെ നിര്‍ബന്ധിതമായി വെള്ളം കുടിപ്പിക്കുകയും അവളുടെ കഴുത്തില്‍ തന്റെ വിരലുകള്‍ ഉപയോഗിച്ച് അമര്‍ത്തി തടവുകയും ചെയ്തു. അതിനു ശേഷം പ്രതി ദീപു എന്ന ദീപക് കജൂറിയാ ദേവിസ്ഥാന്‍ വിടുകയും പിന്നാലെ കുട്ടിക്കുറ്റവാളി വാതില്‍ പൂട്ടുകയും ബാക്കി ഗുളികകളുടെ സ്ട്രിപ്പ് അടുത്തുള്ള ഉണങ്ങിയ പുല്ലിന്‍കൂട്ടത്തില്‍ ഒളിപ്പിച്ചു വയ്ക്കുകയും ചെയ്തു. വൈകീട്ട് 5 മണിയോടെ വിളക്കുകള്‍ കൊളുത്താനായി കുട്ടിക്കുറ്റവാളി ദേവിസ്ഥാനില്‍ പോകുകയും പെണ്‍കുട്ടിയെ പരിശോധിച്ചപ്പോള്‍ അവള്‍ അബോധാവസ്ഥയിലാണെന്ന് കാണുകയുമുണ്ടായി
അതിനു ശേഷം ജനുവരി 11 ന് കുട്ടിക്കുറ്റവാളി മറ്റൊരു പ്രതിയായ ഷമ്മ എന്ന വിശാല്‍ ജാംഗോത്രയെ, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം ടെലഫോണ്‍ വഴി അറിയിക്കുകയും കാമപൂരണത്തിന് ആഗ്രഹിക്കുന്നെങ്കില്‍ മീററ്റില്‍ നിന്ന് തിരിച്ചുവരാന്‍ ആവശ്യപ്പെടുകയും ചെയ്തു. 2018 ജനുവരി 12 ന് രാവിലെ 6 മണിക്ക് പ്രതി ഷമ്മ എന്ന വിശാല്‍ ജാംഗോത്ര മീററ്റില്‍ നിന്നും രസാനയില്‍ എത്തി. കുട്ടിക്കുറ്റവാളി വിശാലിനോട് തട്ടിക്കൊണ്ടുപോകലിന്റെയും ദേവിസ്ഥാനിലെ തടങ്കലിന്റെയും വിശദ വിവരങ്ങള്‍ ധരിപ്പിച്ചു.

രാവിലെ 8. 30 ഓടുകൂടി കുട്ടിക്കുറ്റവാളി വീണ്ടും ദേവിസ്ഥാനില്‍ പോകുകയും ഒഴിഞ്ഞ വയറോടെ അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയില്‍ വീണ്ടും 3 ഉറക്ക ഗുളികകള്‍ ചെലുത്തുകയും ചെയ്തു. അന്നേ ദിവസം ബക്കര്‍വാളുകളുമൊരുമിച്ച് പൊലീസ് സംഘം കാണാതായ പെണ്‍കുട്ടിയെ തെരയാനാരംഭിക്കുകയും പ്രതി ദീപു എന്ന ദീപക് ഖജൂറിയാ ഇഫ്തിക്കര്‍ വാണി എന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെയും കൂട്ടി പ്രതി സഞ്ജിറാമിന്റെ വീട്ടില്‍ എത്തുകയും ചെയ്തു. കുടിക്കാനായി വെള്ളം ആവശ്യപ്പെട്ട പ്രതി ദീപു എന്ന ദീപക് ഖജൂറിയാ, ഇരയ്ക്ക് സമയാസമയങ്ങളില്‍ ഉറക്ക ഗുളികകള്‍ നല്‍കുന്നതിനെ സംബന്ധിച്ച ഉപദേശം കുട്ടിക്കുറ്റവാളിക്ക് നല്‍കുകയുമുണ്ടായി.

പ്രതി സഞ്ജിറാം മറ്റു പ്രതികളായ പൊലീസുകാരെ വിശ്വാസത്തിലെടുക്കുകയും ഗൂഢാലോചനയിലെ ബാക്കി ഭാഗങ്ങള്‍ എങ്ങനെ പര്യവസാനിപ്പിക്കണം എന്ന കാര്യത്തില്‍ അവരുമായി കൂടിയാലോചന നടത്തുകയും ചെയ്ത കാര്യം അന്വേഷണത്തില്‍ തെളിയുകയുണ്ടായി. പരസ്പര ധാരണയനുസരിച്ച് അന്വേഷണ സംഘത്തെ അനുഗമിച്ചിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് പ്രതി സഞ്ജിറാമിനെ തൊഴുത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുകയും തട്ടിക്കൊണ്ടുപോകല്‍ സംബന്ധമായ കേസിന്റെ നിയമക്കുരുക്കുകളില്‍ നിന്നും അയാളെയും മറ്റു പ്രതികളെയും രക്ഷപ്പെടുത്താനും തുടരന്വേഷണം അവസാനിപ്പിക്കുന്നതിനുമായി പ്രതി എസ്. ഐ. ആനന്ദ് ദത്തയ്ക്ക് ആവശ്യമായ പണം നല്‍കുന്നതിനെ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ഉണ്ടായി.
കുട്ടിക്കുറ്റവാളി ഷുബത്തിന്റെ അമ്മ തൃപ്താദേവി പ്രതി സഞ്ജിറാമിന്റെ വീട്ടില്‍ 2018 ജനുവരി 12 ന് എത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞു. പ്രതി സഞ്ജിറാം തട്ടികൊണ്ട് പോകലിലും തടങ്കലില്‍ വച്ചതിലും കുട്ടിക്കുറ്റവാളിയുടെ പങ്കിനെക്കുറിച്ച് അമ്മയോട് വിശദീകരിച്ചു. അതിനു ശേഷം 1.5 ലക്ഷം രൂപ അടങ്ങുന്ന പൊതി തന്റെ സഹോദരിയെ (കുട്ടിക്കുറ്റവാളിയുടെ അമ്മ)ഏല്‍പിക്കുകയും അത് ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജിനെ ഏല്‍പിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. കുട്ടിക്കുറ്റവാളിയുടെ അമ്മ തിലക് രാജിന്റെ അടുത്ത സുഹൃത്താണെന്നും അവര്‍ ഡാമിയാലിലെ ഗവണ്മെന്റ് പ്രൈമറി സ്‌കൂളിലെ സഹപാഠികള്‍ ആയിരുന്നു എന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പണം പിന്നീട് തൃപ്താദേവി തിലക് രാജിന് കൈമാറുകയുണ്ടായി.

2018 ജനുവരി 13 ന് കുട്ടിക്കുറ്റവാളിയും പ്രതി ഷമ്മ എന്ന വിശാല്‍ ജംഗോത്രയും പ്രതി സഞ്ജിറാമും കൂടി ദേവിസ്ഥാനില്‍ പോയതായും അവിടെ കുട്ടിക്കുറ്റവാളിയും സഞ്ജിറാമും ചേര്‍ന്ന് അനുഷ്ഠാന പൂജകള്‍ നടത്തിയതായും അന്വേഷണത്തില്‍ വെളിപ്പെട്ടിട്ടുണ്ട്. ആ സമയത്ത് പ്രതി മന്നുവും ദേവിസ്ഥാനിലെത്തി. പ്രതി സഞ്ജിറാം അനുഷ്ഠാന പൂജകള്‍ മുഴുമിപ്പിക്കുന്നതിനായി ദേവിസ്ഥാനിന്റെ പിന്‍വാതിലിലൂടെ പുറത്തു കടക്കുകയും അവിടെ അയാളെ കാത്തു നില്‍ക്കുന്ന ദീപുവിനെ കണ്ടുമുട്ടുകയും ചെയ്തു. അന്നേരം പ്രതി ഷമ്മ എന്ന വിശാല്‍ ജംഗോത്ര പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.

അതിനു ശേഷം പ്രതി മന്നുവിന്റെ സാന്നിധ്യത്തില്‍ കുട്ടിക്കുറ്റവാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിനു ശേഷം പ്രതി ഷമ്മ എന്ന വിശാല്‍ ജംഗോത്രയോടും പ്രതി മന്നുവിനോടും ദേവിസ്ഥാന്‍ വിടാന്‍ കുട്ടിക്കുറ്റവാളി നിര്‍ദേശിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. ദേവിസ്ഥാനിന്റെ പുറത്ത് കുന്നുകൂടിക്കിടന്നിരുന്ന ചപ്പുചവറുകള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന ഗുളികസ്ട്രിപ്പില്‍ നിന്നും കുട്ടിക്കുറ്റവാളി 3 ഗുളികകള്‍ പുറത്തെടുക്കുകയും അത് പെണ്‍കുട്ടിയില്‍ ചെലുത്തുകയും വീണ്ടും അവളെ പായ് കൊണ്ട് ആവരണം ചെയ്യുകയും ആരും അവളെ പെട്ടെന്ന് കാണാതിരിയ്ക്കാനായി ഒരു വലിയ പാത്രം വെച്ച് അവളെ മറക്കുകയും ചെയ്തു. ബാക്കിയുള്ള രണ്ടു ഗുളികകള്‍ കുട്ടിക്കുറ്റവാളി വൈദ്യുതിക്കമ്പിക്കാലിനു സമീപം ചപ്പുചവറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചു.

അന്വേഷണത്തില്‍ രണ്ട് ഗുളികകള്‍ അടങ്ങുന്ന ആ സ്ട്രിപ്പ് ദേവിസ്ഥാനിനടുത്ത് നിന്ന് കുട്ടിക്കുറ്റവാളിയുടെ മൊഴിയനുസരിച്ച് അവന്റെ സാന്നിധ്യത്തില്‍ തന്നെ കണ്ടെടുക്കുകയുണ്ടായി.

സായാഹ്നത്തില്‍ ബന്ധുക്കള്‍ക്കെല്ലാം ലോഹ്രി പലഹാരങ്ങള്‍ വിതരണം ചെയ്തശേഷം പ്രതി സഞ്ജിറാമിനോട് താനും വിശാല്‍ ജംഗോത്രയും പെണ്‍കുട്ടിയെ ദേവിസ്ഥാനില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തത് കുട്ടിക്കുറ്റവാളി അറിയിക്കുകയുണ്ടായി. . തങ്ങള്‍ക്കിടയിലെ ഗൂഢാലോചനയുടെ അന്തിമലക്ഷ്യം ആര്‍ജ്ജിക്കാനായി, പെണ്‍കുട്ടിയെ വധിക്കാനുള്ള സമയം പാകപ്പെട്ടു എന്ന് പ്രതി സഞ്ജിറാം അപ്പോള്‍ കുട്ടിക്കുറ്റവാളിയോട് പറയുകയുണ്ടായി. അതനുസരിച്ച് പ്രതി മന്നുവും വിശാലും കുട്ടിക്കുറ്റവാളിയും ചേര്‍ന്ന് ഇരയെ ദേവിസ്ഥാനില്‍ നിന്നു മാറ്റുകയും അതിനു മുന്നിലുള്ള കലുങ്കിലേയ്ക്ക് അവളെ കൊണ്ടുപോകുകയും ചെയ്തു.
അതോടൊപ്പം പ്രതി ദീപകും അവിടെ വന്നുചേര്‍ന്നു. അവിടെ വെച്ച് പ്രതി ദീപക് എന്ന ദീപക് കജൂറിയ അവളെ കൊല്ലും മുന്‍പ് തനിക്ക് അവളെ ബലാത്സംഗം ചെയ്യണമെന്ന് കുട്ടിക്കുറ്റവാളിയെ അറിയിച്ചു. അങ്ങനെ ഒരിക്കല്‍ കൂടി ആ കൊച്ചുപെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് വിധേയയായി. ആദ്യം പ്രതി ദീപക് എന്ന ദീപക് ഖജൂറിയയും പിന്നീട് കുട്ടിക്കുറ്റവാളിയും പ്രായപൂര്‍ത്തിയാകാത്ത ഇരയെ പ്രാകൃതബലാത്സംഗത്തിനു വിധേയമാക്കി. അതിനു ശേഷം പ്രതി ദീപു എന്ന ദീപക് കജൂറിയ അവളുടെ കഴുത്ത് തന്റെ ഇടതു തുടയില്‍ വെയ്ക്കുകയും തന്റെ കൈകള്‍ കൊണ്ട് ഞെരിക്കുകയും ചെയ്തു. എന്നാല്‍ അവളെ കൊല്ലുന്നതില്‍ പ്രതി ദീപു എന്ന ദീപക് കജൂറിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന്കുട്ടിക്കുറ്റവാളി അവന്റെ കാല്‍മുട്ടുകള്‍ കൊണ്ട് അവളുടെ പുറത്ത് സമ്മര്‍ദ്ദം ചെലുത്തുകയും അവളുടെ തന്നെ ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിക്കുകയും ചെയ്തു.

അതിനു ശേഷം കുട്ടിക്കുറ്റവാളി മരണം ഉറപ്പു വരുത്താന്‍ അവളുടെ തലയില്‍ കല്ലുകൊണ്ട് രണ്ടു തവണ ഇടിച്ചു. അവര്‍ക്ക് തങ്ങളുടെ ഗൂഢപദ്ധതിയനുസരിച്ച് ശവം ഏറ്റിക്കൊണ്ടുപോയി ഹിരാനഗറിലെ കനാലില്‍ ഉപേക്ഷിക്കണമായിരുന്നു. എന്നാല്‍ സമയത്തിന് വാഹനം ഏര്‍പാട് ചെയ്യാന്‍ കഴിയാതെ വന്നതിനാല്‍ ശവം തല്‍ക്കാലം ദേവിസ്ഥാനില്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലതെന്ന് പ്രതികള്‍ അവിടെ വെച്ചു തീരുമാനിക്കുകയും അതനുസരിച്ച് പ്രതികളായ കുട്ടിക്കുറ്റവാളി, വിശാല്‍, ദീപക്, മന്നു എന്നിവര്‍ ശവശരീരം ദേവിസ്ഥാനിലേക്ക് ചുമന്നു മാറ്റുകയും ചെയ്തു. ഇന്നേരം പ്രതി സഞ്ജിറാം ദേവിസ്ഥാനിനു പുറത്ത് നിരീക്ഷണത്തിനായി നിലകൊണ്ടു. അതിനു ശേഷം പ്രതികള്‍ തങ്ങളുടെ വസതികളിലേക്ക് മടങ്ങി. ”
(കത്വ കേസില്‍ ക്രൈം ബ്രാഞ്ച് സമര്‍പിച്ച കുറ്റപത്രത്തിന്റെ പൂര്‍ണ രൂപത്തില്‍ നിന്ന്. കവി പി. എന്‍ ഗോപീകൃഷ്ണന്‍ വിവര്‍ത്തനം ചെയ്തത്; ഡൂള്‍ ന്യൂസ് പ്രസിദ്ധീകരിച്ചത്).
എഴുത്തിലെ അതിനിര്‍ഭാഗ്യകരമായ നിമിഷമാണിത്. എട്ട് വയസായിരുന്ന ഒരു കുഞ്ഞിനെക്കുറിച്ചാണ് എഴുതുന്നത്. അവളെ പിച്ചിക്കീറി കൊന്നുകളഞ്ഞ ഒരു ദര്‍ശനത്തെക്കുറിച്ചാണ് എഴുതുന്നത്. പലവട്ടം നമ്മള്‍ ‘ചൂണ്ടുവിര’ലില്‍ എഴുതിയ സംഹാരത്തിന്റെയും വിനാശത്തിന്റെയും അതേ ദര്‍ശനത്തെക്കുറിച്ച്. കവിതകളും ഉപമകളും രൂപകങ്ങളുമായി ഒട്ടൊക്കെ സമചിത്തമായാണ് അന്നൊക്കെ നമ്മള്‍ സംസാരിച്ചിരുന്നത്. ഭീതി ജനിപ്പിക്കുന്ന പ്രകമ്പനങ്ങള്‍ ഒറ്റയൊറ്റയായി രാജ്യമാകെ പ്രത്യക്ഷപ്പെട്ട സന്ദര്‍ഭങ്ങളായിരുന്നു അതെല്ലാം. എങ്കിലും നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ, നമ്മള്‍ ആ സംവാദങ്ങള്‍ എല്ലാം അവസാനിപ്പിച്ചിരുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും സര്‍വോപരി ജനതയുടെ അന്തിമമായ അധികാരത്തിന്റെയും ബലത്തെക്കുറിച്ചുള്ള കടുത്ത ശുഭാപ്തിയോടെയാണ്. മുപ്പത്തിയൊന്ന് ശതമാനം വോട്ടിന്റെ പിന്‍ബലമുള്ള അറുപത്തിയൊമ്പത് ശതമാനത്താല്‍ എതിര്‍ക്കപ്പെടുന്ന ഒരു ഭരണകൂടത്തിന്റെ നടപ്പാക്കലുകളാണല്ലോ നാമന്ന് കണ്ടത്. ചിതറിക്കിടക്കുന്ന ആ 69 ശതമാനം, തെറ്റിദ്ധാരണയാലും പലതരം വിഭാഗീയതയാലും ഐക്യപ്പെടാതെയിരിക്കുന്ന ആ 69 ശതമാനം എന്നെങ്കിലും, ഏതെങ്കിലും മുന്നേറ്റത്താല്‍ ആകൃഷ്ടരായി ഒന്നിക്കുമെന്നും മുപ്പത്തിയൊന്ന് ശതമാനത്തിന്റെ ഈ ഭരണാധികാരത്തെ ചുഴറ്റിയെറിയുമെന്നും നമുക്ക് വിശ്വാസമുണ്ടായിരുന്നു. ഈ ഭരണകൂടം അത്തരത്തില്‍ പുറത്താക്കപ്പെടുന്നതോടെ രാജ്യത്തെ പൊതിഞ്ഞിരുന്ന ഫാഷിസ്റ്റ് വിഷത്താല്‍ നനഞ്ഞ കമ്പളം വലിച്ച് കീറപ്പെടുമെന്നും നമ്മള്‍ കരുതി.

നമ്മള്‍ വെറുതെ അങ്ങനെ കരുതുകയായിരുന്നില്ല. ലോകത്തെ ശവക്കച്ച പുതപ്പിക്കാന്‍ എത്തിയ രണ്ട് വലിയ ഭീഷണികളുടെ ചരിത്രം നമ്മള്‍ പേര്‍ത്തും പേര്‍ത്തും പറഞ്ഞുകൊണ്ടിരുന്നു. ജര്‍മനിയിലെ നാസി ഭരണകൂടത്തിന്റെയും ഇറ്റലിയിലെ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെയും. ജനാധികാരത്തിന്റെ മഹാശക്തിക്ക് മുന്നില്‍ ആ ഭരണകൂടങ്ങള്‍ക്കും ആ ഭീഷണികള്‍ക്കും ആത്മഹത്യ ചെയ്യേണ്ടി വന്നുവല്ലോ? അതിനാല്‍, െപാറുതി മുട്ടിയ ഇന്ത്യന്‍ ജനത, ആത്മാഭിമാനവും സൈ്വര്യവും നഷ്ടമായ ഇന്ത്യന്‍ ജനത, വ്യാജ ദേശീയതയുടെ രോഗാതുരമായ വിജൃംഭണത്താല്‍ തകര്‍ക്കപ്പെട്ട ഇന്ത്യ, ചങ്ങാത്ത മുതലാളിത്തത്തിന്റെ വഞ്ചനകളാല്‍ സാമ്പത്തിക ജീവിതം മുരടിച്ചുപോയ ഇന്ത്യ ഒരു നാള്‍ തിരിച്ചടിക്കുമെന്ന് തന്നെ നമ്മള്‍ കരുതി. അതോടെ ഭിന്നിപ്പിന്റെ, നാശത്തിന്റെ ഈ ദര്‍ശനം ഇന്ത്യയില്‍ നിന്ന് തുടച്ചുനീക്കപ്പെടുമെന്നും നമ്മള്‍ കരുതി.

നമുക്ക് കരുതാന്‍ ന്യായങ്ങളുണ്ടായിരുന്നു. ഇപ്പോഴത്തെ മോദി റെജിമെന്റ് വിശ്വസിപ്പിക്കാന്‍ പലപാട് ശ്രമിക്കുന്ന ഒന്നല്ലല്ലോ നമ്മുടെ ദേശീയതയുടെ ചരിത്രം? അത് ലോകോത്തരമായ ഉള്‍ക്കൊള്ളലുകളുടെ ചരിത്രമാണല്ലോ? അത് ലോകോത്തരമായ ബഹുസ്വരതയാല്‍ സൃഷ്ടിക്കപ്പെട്ട ഒന്നാണല്ലോ? ആ പാരമ്പര്യങ്ങള്‍ അങ്ങനെ കയ്യൊഴിയപ്പെടുകയില്ലല്ലോ? വിഭജിക്കപ്പെട്ട്, മറ്റൊരു രാജ്യമായി മാറിയ ജനതയോട് നീതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് മരണം വരെ ഉപവസിക്കാനൊരുങ്ങിയ ഒരു മനുഷ്യനാണല്ലോ, മഹാത്മാ ഗാന്ധിയാണല്ലോ നമ്മുടെ ദേശീയതയുടെ മഹാരൂപം? അത്തരം ബലവത്തായ പ്രതീക്ഷകളിലിരുന്നാണ് നമ്മള്‍ ഇന്ത്യന്‍ ഫാഷിസത്തെക്കുറിച്ച റെട്ടറിക്കുകളും ശാന്തമായ ചൂണ്ടിക്കാട്ടലുകളും ചമച്ച് സംവദിച്ചുകൊണ്ടിരുന്നത്.

എല്ലാം മാറുകയാണ്. കത്വയിലെ കുഞ്ഞുപെണ്‍കുട്ടിയുടെ പിച്ചിക്കീറിയ ദേഹം, അവളുടെ ദേഹത്ത് നിന്ന് കണ്ടെടുത്ത ചോരയും നരാധമരുടെ സ്രവങ്ങളും എല്ലാ പ്രതീക്ഷകളെയും തകര്‍ക്കുകയാണ്. ഉപമകളും ഉദ്ധരണികളും പ്രിയപ്പെട്ട വായനക്കാരേ, ആ കുഞ്ഞിന് മുന്നില്‍, ചിതറിക്കിടന്ന ആ ഇളം കുഞ്ഞിന് മുന്നില്‍ പിന്‍വലിയുകയാണ്. കൊല്ലും മുന്‍പ് അവളോട് ചെയ്തത് എന്ത് എന്ന ചോദ്യത്തിന് മുന്നില്‍ തളരുകയാണ്. പ്രതീക്ഷകള്‍ കത്തിത്തീരുകയാണ്.
എന്താണിങ്ങനെ അതിവാക്കുകള്‍ എന്നാണോ? പറയാം. നിങ്ങളില്‍ ചിലര്‍ക്കെങ്കിലും തോന്നാം, കത്വ ആദ്യമാണോ എന്ന്. രാജ്യത്ത് ആദ്യമായാണോ ഒരു എട്ട് വയസുകാരി ബലാത്സംഗത്താല്‍ കൊല്ലപ്പെടുന്നത്? അല്ല. രാജ്യത്ത് ആദ്യമായാണോ കൂട്ട ബലാത്സംഗവും കൊലപാതകവും? അല്ല. കശ്മീരില്‍ ആദ്യമാണോ? അല്ല. ഇത്തരം കുറ്റകൃത്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ അല്ലെങ്കില്‍ ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടുന്നത് ആദ്യമാണോ? അല്ല. ഉന്നാവോയില്‍ സംഭവിച്ചില്ലേ. ഗുജറാത്തില്‍ എത്ര ഭയാനകമായിരുന്നു. ഭ്രൂണത്തെ വരെ കുന്തമുനയില്‍ കോര്‍ത്ത് പുറത്തിട്ടില്ലേ സംഘപരിവാര്‍? അന്നൊന്നും തോന്നാത്ത ഈ സര്‍വ നാശ ഭീതിക്ക് കാരണമെന്താണ്?
കാരണമുണ്ട്. ഇന്ത്യന്‍ ഫാഷിസത്തെക്കുറിച്ച് നാളിത് വരെയുള്ള നമ്മുടെ അന്വേഷണങ്ങള്‍ ഭരണകൂട ഫാഷിസം എന്ന അച്ചുതണ്ടില്‍ ചുറ്റിത്തിരിയുകയായിരുന്നു. ഇന്ത്യന്‍ ഫാഷിസത്തെക്കുറിച്ച് നടന്ന മുഴുവന്‍ ചര്‍ച്ചകളേയും നിങ്ങളുടെ ഓര്‍മയിലേക്ക് ക്ഷണിക്കുകയാണ്. ഫാഷിസമോ അര്‍ധഫാഷിസമോ എന്ന തര്‍ക്കം തന്നെ എടുക്കൂ. ഫാഷിസത്തെക്കുറിച്ചുള്ള നിര്‍വചനങ്ങള്‍, ഭരണകൂട ഫാഷിസത്തിന്റെ സ്വഭാവങ്ങള്‍, ചെയ്തികളുടെ സമാനതകള്‍ എല്ലാം നമ്മള്‍ പരിശോധിക്കുകയായിരുന്നു. ഭരണഘടനാ സ്ഥാപനങ്ങളായ കോടതി, ഒരു പരിധി വരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍, മാധ്യമങ്ങളില്‍ ഒരു ന്യൂനപക്ഷം തുടങ്ങി രാഷ്ട്രത്തെ ചലിപ്പിക്കുന്ന ഘടകങ്ങള്‍ എല്ലാം വലിയ പോറലുകള്‍ ഇല്ലാതെ ഇവിടെ തുടരുന്നുണ്ട്. കോടതിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും അപഭ്രംശങ്ങള്‍ ഇല്ല എന്നല്ല. പക്ഷേ, അവ ഇല്ലാതായിട്ടില്ല. അതിനാല്‍ ഫാഷിസ്റ്റ് ഇന്ത്യ എന്ന് ഉറക്കെ പറയുമ്പോഴും നമ്മള്‍ അത്ര ഭയചകിതരായിരുന്നില്ല. ഉള്ളില്‍ അര്‍ദ്ധഫാഷിസം എന്ന് പലപ്പോഴും ആശ്വസിക്കുന്നുമുണ്ടായിരുന്നു.

പക്ഷേ, കത്വ ആശ്വാസങ്ങളെ തകര്‍ത്തിരിക്കുന്നു. കാരണം കത്വയിലേത് ഭരണകൂട ഫാഷിസത്തിന്റെ ഒരു നടപ്പാക്കല്‍ ആയിരുന്നില്ല. നാസി ജര്‍മനിയിലും, ഫാഷിസ്റ്റ് ഇറ്റലിയിലും കണ്ട ഭരണകൂട കൊലപാതകമല്ല കത്വയിലേത്. അത് ഗുജറാത്തില്‍ നടന്നത്ര പോലുമല്ല. കൊലയാളികള്‍ ഭരണകൂടത്തിന്റെ ആഹ്വാനത്താല്‍ അല്ല ആ കുഞ്ഞിനെ കീറിക്കളഞ്ഞത്. (കൊലയാളികളെ പിന്തുണച്ച് ഭരണകൂടത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി രംഗത്ത് എത്തിയത് മറക്കുന്നില്ല).

അപ്പോള്‍ പിന്നെ കത്വയെ എന്തിനാണ് ഇത്രയേറെ ഭയക്കുന്നത്? അത് തരുന്ന ഏത് സന്ദേശമാണ് ചകിതരാക്കുന്നത്?

പറയാം. ഭരണകൂട ഫാഷിസം എന്നത് ഒരു രാഷ്ട്രീയ പ്രയോഗമാണ്. ഹിംസാത്മകമായ, സര്‍വനാശിയായ ഒരു പ്രയോഗം. അതിന്റെ കര്‍മപരിപാടികള്‍ക്ക് രാഷ്ട്ര സ്വഭാവമുണ്ട്. രാഷ്ട്രപ്രവര്‍ത്തനത്തിന്റെ സംവിധാനങ്ങളെയാണ് വംശഹത്യക്കും ‘ശുദ്ധരാഷ്ട്ര നിര്‍മാണത്തിനും’ കലര്‍പ്പുകളെ റദ്ദാക്കുന്നതിനുമായി അവര്‍ ഉപയോഗിക്കുന്നത്. ആ സംവിധാനങ്ങളെ പിന്തുണക്കുകയും കരുത്ത് വര്‍ധിപ്പിക്കുകയുമാണ് ഫാഷിസ്റ്റ് പിന്തുണക്കാര്‍ ചെയ്യേണ്ടതുള്ളൂ. അതിന് നിശ്ചിതവും ദൃശ്യവുമായ ഒരു ക്രമം ഉണ്ട്. ആ ക്രമത്തിന് മുകളില്‍ ജംഗമമായ ഒരു ഭരണകൂടമുണ്ട്. അതെ. ജംഗമമായ ഭരണകൂടം. മാറ്റാവുന്ന ഒന്ന്. ഒരു രാഷ്ട്രീയ മാറ്റത്തിലൂടെ തൂത്തെറിയാവുന്ന ഒന്ന്. ആ തൂത്തെറിയലിലൂടെ കടപുഴക്കാവുന്ന ഒന്നാണ് ഭരണകൂട സ്വഭാവത്താല്‍ നിയന്ത്രിതമായ, ഭരണകൂടാധികാരരൂപമുള്ള ഫാഷിസം. അതായത് ഒരു തിരഞ്ഞെടുപ്പിലൂടെ, അല്ലെങ്കില്‍ ഒരു ജനകീയ വിപ്ലവത്തിലൂടെ, അതുമല്ലെങ്കില്‍ ഒരു അധികാരാട്ടിമറിയിലൂടെ നിഷ്‌കാസിതമാക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ പ്രതിഭാസമാണ് ഭരണകൂട ഫാഷിസം.

മറ്റൊന്നുണ്ട്. ഫാഷിസത്തിന്റെ അടിസ്ഥാനമായ വംശവെറിയും കലര്‍പ്പുകളെ അക്രാമകമായി റദ്ദാക്കലും ആന്തരീകരിച്ച അഥവാ സ്വംശീകരിച്ച ഒരു ജനതയുടെ മുന്‍കൈയില്‍ വേരോടിപ്പടരുന്ന അടിത്തട്ട് ഫാഷിസം. അതിന് ക്രൗര്യം നടപ്പാക്കാന്‍ ഭരണകൂടത്തിന്റെ വിദൂര ഒത്താശ ധാരാളം മതിയാവും. അതിനെ ചെറുക്കാന്‍ ഒരു ഭരണമാറ്റം മതിയാവുകയുമില്ല. അതിന്റെ ഹിംസ പലരൂപങ്ങളില്‍ രാഷ്ട്ര ശരീരത്തെ ബാധിക്കും. അക്രമാസക്തമായ എല്ലാ സംഘം ചേരലുകളുടെ ഇടയിലും ആ ഹിംസ പ്രവര്‍ത്തിക്കും. വെറുപ്പിന്റെയും വംശശുദ്ധിയുടെയും വിഷപ്പുക പരത്തും. അതിനെ പ്രതിരോധിക്കുക എന്നത് ഭരണകൂട ഫാഷിസത്തെ പ്രതിരോധിക്കുന്ന പോലെ അല്ല.

കത്വയിലേക്ക് വരാം. നമ്മുടെ കാലത്തെ ഏറ്റവും പൊളിറ്റിക്കലായ കവികളില്‍ ഒരാള്‍; പി. എന്‍ ഗോപീകൃഷ്ണന്‍ ഫാഷിസത്തിനെതിരായ പ്രതിരോധത്തിന്റെ ഭാഗമായി ചെയ്ത കുറ്റപത്ര വിവര്‍ത്തനത്തിലേക്ക് വരാം.

എന്തിനാണ് അവര്‍ ആ പെണ്‍കുഞ്ഞിനെ ബലാല്‍സംഗം ചെയ്ത് കൊന്നത്? കലര്‍പ്പുകളെ ഇല്ലാതാക്കാനുള്ള വംശഹത്യയായിരുന്നു അത്. ഒരാളിലൂടെ ഒരു വംശത്തെ മുഴുവന്‍ പലായനം ചെയ്യിക്കാനുള്ള തന്ത്രം. അതിനുള്ള ആയുധമായിരുന്നു ഹീനവും ഭയാനകവുമായ ആ ആക്രമണം. ബലാത്സംഗമായിരുന്നു കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലെ രാസായുധങ്ങളില്‍ ഒന്ന്. കത്വയിലെ കൊലക്ക് ഭരണകൂടത്തിന്റെ പിന്തുണയാണ് കിട്ടിയത്. ഭരണകൂടത്തിന്റെ മുന്‍തുണയല്ല.

അവള്‍ മുസ്‌ലിം ആയിരുന്നു. അവര്‍ക്ക് അവിടെ നിന്ന് പായിക്കേണ്ടത് മുസ്‌ലിംകളെ ആയിരുന്നു. അതിനാണ് അവര്‍ ആ കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്നത്. കൂട്ട ബലാത്സംഗം ചെയ്ത് കീറിയെറിഞ്ഞത്.

ആന്തരീകരിച്ച അടിത്തട്ട് ഫാഷിസമാണത്. മുറിച്ച് മാറ്റാനാവാത്ത വിധം വേരുകളുള്ളത്. അതിനാല്‍ ഭയപ്പെടുക. ഉണര്‍ന്നിരിക്കുക.

കെ കെ ജോഷി

You must be logged in to post a comment Login