ബി പി എല്‍ ആത്മീയത

ബി പി എല്‍ ആത്മീയത

ആളിനെക്കാളും ആശയത്തെ മഹത്വപ്പെടുത്തുക വഴി ജമാഅത്തിനും സമാന്തര ആശയധാരകള്‍ക്കും നഷ്ടപ്പെടുന്നത്, ആത്മീയതയുടെ വമ്പന്‍ അനുഭവലോകമാണ്. അതൊരാളെ പറഞ്ഞ് തിരിയിച്ച് കൊടുക്കുക എന്നത് കുടുക്ക് പിടിച്ച ഒരു വേലയാണ്. ആയതിനാല്‍ നമുക്ക് വേറൊരു വഴിയിലൂടെ അതിനെ സമീപിച്ച് നോക്കാം.
ഞാന്‍ നാല് പേരുടെ പേര്‍ പറയാം. പൗലോ കൊയ്ലോ, എ പി ജെ കലാം, ഹുസൈന്‍ ബോള്‍ട്ട്, വാന്‍ഗോഗ്. എന്താണ് ഇവരെ വ്യത്യസ്തരാക്കുന്നത്? മറ്റാര്‍ക്കും അശേഷം പിടുത്തമില്ലാത്ത മേഖലകളില്‍ എത്തിച്ചേര്‍ന്നു എന്നതാണോ? അതോ അവരവരുടെ ഫീല്‍ഡുകളിലുള്ള ലക്ഷക്കണക്കിന് ആളുകളെ പിന്തള്ളി, മുമ്പന്നനാവാന്‍ മാത്രം അതിസാമര്‍ത്ഥ്യം പ്രദര്‍ശിപ്പിച്ചു എന്നതാണോ? രണ്ടാമത്തേതാണ് ശരിയുത്തരം. മനുഷ്യനില്‍ വ്യത്യസ്തമായ കഴിവുകള്‍ അടക്കപ്പെട്ടിട്ടുണ്ട്. അവരത് വ്യത്യസ്ത മേഖലയില്‍ പ്രകടിപ്പിക്കുന്നു. ചിലര്‍ സാഹിത്യത്തില്‍, ചിലര്‍ ശാസ്ത്രത്തില്‍, ചിലര്‍ മെയ്‌വഴക്കത്തില്‍, മറ്റു ചിലര്‍ കല/വര/കുറി എന്നിത്യാദികളില്‍. എന്നാല്‍ ഈ മേഖലയിലെല്ലാം സാമാന്യമായ ചില തലങ്ങളുണ്ട്. കലാമിന്റെ കാര്യമെടുക്കാം. ഇന്ത്യയിലും വിദേശത്തുമായി ബി.ടെകും എം.ടെകും കഴിഞ്ഞ് തേരാപാരാ നടക്കുന്ന ശതലക്ഷമാളുകളുണ്ട്. അതില്‍ തന്നെ ജസ്റ്റ് പാസ്/ മികവോടെ പാസ്/ റാങ്കോടെ പാസ് എന്നിങ്ങെന പല ഉപകാറ്റഗറികള്‍ ഉണ്ടാകാം. എന്നാല്‍ കൂട്ടത്തില്‍ പെട്ട ഒരു കലാം, തനിക്ക് ലഭിച്ചിട്ടുള്ള തുളഞ്ഞ ബുദ്ധിയുടെ സഹായത്തോടെ, ഊണും ഉറക്കുമില്ലാതെ, പെണ്ണുകെട്ടും സല്‍കാരത്തിന് പോക്കും, കുട്ടിയെ കുളിപ്പിക്കലുമൊന്നുമില്ലാതെ ജീവിതം മുഴുക്കെ ടെലസ്‌കോപ്പും ബൊര്‍സ്‌കോപ്പും കമ്പിയും വടിയും നെട്ടും ബോള്‍ട്ടുമായി നിറച്ചപ്പോള്‍ അവിടയൊരു മിസൈല്‍മാന്‍ ജനിക്കുകയായി.

ഒരാള്‍ അയാളുടെ ബുദ്ധിയും ചിന്തയും സമയവും ഊര്‍ജവുമെല്ലാം ഒരു പ്രത്യേക കാര്യത്തില്‍ കേന്ദ്രീകരിച്ച് ജീവിതം തന്നെ ആ കേന്ദ്രത്തില്‍ നങ്കൂരമിട്ടു കഴിഞ്ഞാല്‍ സാധാരണത്തേതില്‍ നിന്നും വേറിട്ട വിശിഷ്ടപദവി പ്രാപിക്കുന്നതായി നമുക്ക് കാണാം. എല്ലാ മേഖലയിലും ഈയൊരു പ്രതിഭാസം പ്രകടമാണ്. നോര്‍മല്‍, എക്‌സലന്റ്, ഔട്സ്റ്റാന്റിംഗ് എന്നിങ്ങനെ മൂന്ന് തലങ്ങളിലായി സൗകര്യപൂര്‍വം നമുക്കവയെ വെട്ടിയിടാം.

ഇനി ചോദിക്കട്ടെ. ഒരാള്‍ തന്റെ ജീവിതം പൊതിര്‍ത്തിവെക്കാന്‍ തിരഞ്ഞെടുക്കുന്നത് ശാസ്ത്രമോ, നോവലോ, ചിത്രരചനയോ, ഓട്ടമോ, തുള്ളലോ, വിറയലോ ഒന്നുമല്ല. മറിച്ച് മറ്റൊന്നാണ്. അല്ലാഹു! അതെ, ജീവിതത്തിലെ ഓരോ നിമിഷാര്‍ധത്തിലും അയാളെ മഥിക്കുന്ന ചിന്ത ആ ഒന്ന് മാത്രം. അവനില്‍ നിന്നകറ്റുന്ന ഒരുപാട് കാര്യങ്ങള്‍ മനുഷ്യജീവിതത്തില്‍ വന്നേക്കാം. അവനിലേക്കടുക്കാനുള്ള അനവധി വഴികള്‍ പരന്ന് കിടപ്പുണ്ട്താനും. നാമീ പറഞ്ഞ പുള്ളിക്കാരന്റെ സെന്‍ട്രല്‍ ഫോക്കസിംഗ് ആ ഒന്നാം കാര്യങ്ങളില്‍ നിന്നെങ്ങനെ ഓടിയകലാമെന്നും രണ്ടാം കാര്യങ്ങളില്‍ എങ്ങനെ പിടിമുറുക്കാമെന്നുമാണ്. അയാള്‍ക്ക് ജീവിതത്തിലെ തീന്‍/ കുടി/ കുളി/ ഇസ്തിരി/ ഉറക്കം/ പെയിന്റടി/ ടൈല്‍സുപാകല്‍ എന്നിത്യാദികളൊന്നും ഒരു വിഷയമേ അല്ല. നമ്മള്‍ നിസാരമായി കാണുന്ന പല കാര്യങ്ങളും അയാള്‍ക്ക് അതിഗൗരവതരങ്ങളാണ്. തഖ്‌വ, വറഅ്, ഇഖ്ലാസ് എന്നിത്യാദികളില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ് അയാള്‍.

ചോദിക്കട്ടെ, മറ്റു മേഖലകളിലെല്ലാം അതിവിശിഷ്ടമായ പദവി പ്രാപിക്കാമെന്ന് സമ്മതിക്കുന്ന നമ്മള്‍, ഒരാള്‍ ജീവിതം മുഴുക്കെ അല്ലാഹു എന്ന ചിന്തയില്‍ മഴുകി ജീവിച്ചാല്‍ അയാള്‍ ‘നോര്‍മലില്‍’ തന്നെ നിലകൊള്ളണം എന്ന് വാശിപിടിക്കാമോ? സാദാ ബി.ടെക്കുകാരന്റെ കലാം/ ന്യൂട്ടണ്‍/ ഹോക്കിംഗ് ഇടയിലും വ്യത്യാസം വരാമെങ്കില്‍ സാദാ സാഹിത്യ ബിരുദക്കാരന്റെ ഷേക്സ്പിയര്‍/ കൊയ്ലോ/ ഗാര്‍സ്യാക്കിടയിലും വ്യത്യാസം വരാമെങ്കില്‍ സാദാ വരയന് ആഞ്ചലോ, പിക്കാസോ, വാന്‍ഗോഗ് തലം പ്രാപിക്കാമെങ്കില്‍ ഇബാദത്തില്‍ ജീവിതം പൊതിര്‍ത്തിയ ഒരാളും ജഡികമായി കുനിഞ്ഞു നിവരുന്ന നമ്മളും ‘ഒരുപോലെയാണ്, മൂപ്പര്‍ക്കത്ര വലിയ പോരിശ പറയാനൊന്നുമില്ല, എന്താ നമ്മളത്രയ്ക്കങ്ങ് മോശമോ’ എന്ന് ചിന്തിക്കുന്നതില്‍ നമ്മള്‍ നേരത്തേ പറഞ്ഞുവെച്ച സമ്പൂര്‍ണമായ വിനയത്തിന്റെ കമ്മി കുഴിഞ്ഞു കാണുന്നില്ലേ? നമ്മളെക്കാള്‍ പുണ്യം പേറിയവരെ ഉള്ളാലെ ഉള്‍ക്കൊള്ളാന്‍ കഴിയായ്ക എന്നതല്ലേ പ്രശ്നത്തിന്റെ കാതല്‍. ഇബ്‌ലീസ് സുജൂദ് വിസമ്മതിച്ചതിന് പിന്നില്‍ സംഭവിച്ചതും ശരിക്കു പറഞ്ഞാല്‍ അതു തന്നെയല്ലേ?

ബാക്കിയെല്ലാ മേഖലയിലും എത്രയും ഉയരാം, ആത്മീയ മേഖലയില്‍ എല്ലാവരും എല്ലായ്പ്പോഴും ദാരിദ്ര്യരേഖക്ക് കീഴേ കിടന്നുകൊള്ളണം എന്ന ജമാഅത്തിന്റെയും മറ്റും അബോധ ആശയത്തിന് പശ്ചാത്യന്‍ പ്രാഗ്മാറ്റിസത്തിന്റെ/ കാര്യകാരണ ബന്ധാധിഷ്ഠിത ലോജിക്കല്‍ റീസണിംഗിന്റെ സര്‍പ്പദംശനമേറ്റിട്ടുണ്ട്. അതുകൊണ്ട് തന്നെ കിടയറ്റ ഇബാദത്തുകളിലൂടെയും/തിരുചര്യയുടെ നിരുപാധിക പുല്‍കലിലൂടെയും എന്നിലേക്കടുക്കുന്ന അടിമയുടെ കൈയും കാലും കണ്ണും കാതുമൊക്കെ ഞാനാകുമെന്നുള്ള/തത്തുല്യ ആശയമുള്ള വചനങ്ങളെ ജമാഅത്തിന് കണ്ടെങ്കിലും അത്ര കാര്യമാക്കാതെ കണ്ണടച്ചുകളയാം എന്ന് വെക്കേണ്ടി വരുന്നു. ആത്മീയലോകത്തെ വിശിഷ്ട പുരുഷര്‍/ഔലിയാഅ് എന്നതിനെ നാക്ക് കൊണ്ട് അംഗീകരിക്കാതിരിക്കുമ്പോഴും കീഴെയിറങ്ങാത്ത കരിങ്കഷായമായി തൊണ്ടയില്‍ കെട്ടിക്കിടക്കുന്നു.

ആത്മീയ ലോകത്തിന്റെ പുണ്യവാളത്വത്തെ ആശയപരമായി തന്നെ അംഗീകരിക്കായ്കയാല്‍ അനുഭവലോകത്ത് അത്തരം വ്യക്തികളുടെ സാന്നിധ്യത്തെ കണ്ണിലിരുട്ടാക്കി നെവര്‍ മൈന്റടിക്കേണ്ടി വരുന്നു. ഫലത്തില്‍ ഭൗതിക ബാഹ്യമായ ലോകത്തിന്റെ മധുരം നുണയാന്‍ ഭാഗ്യമില്ലാത്ത ഒരു തലമുറ ജമാഅത്തില്‍ ഇരുള്‍ തപ്പുന്നു. മതം മുളയും മുരിക്കും അരച്ചു പള്‍പ്പാക്കിയ ബുക്കിനുള്ളിലെ അക്ഷരങ്ങളുടെ കറുപ്പായി ‘പ്രകാശിക്കുന്നു’.
ആത്മീയലോകത്തിന്റെ അനുഭവതലം നല്‍കുന്ന ‘യഖീനുകള്‍’ വല്ലാത്ത സംഗതി തന്നെയാണ്. അത് പ്രമാണങ്ങളിലൂടെ തലച്ചോറിലൂറുന്ന ദൃഢതയെ അപേക്ഷിച്ച്, മറുപ്രമാണങ്ങളാല്‍ മറിച്ചിടാന്‍ പറ്റാത്ത അതിദൃഢതയാണ്. അമ്പിയാക്കളില്‍ നിന്നും ഔലിയാക്കളില്‍ നിന്നും നേരിട്ടോ, ചുറ്റിപ്പറ്റിയോ ഇസ്‌ലാം പുല്‍കാന്‍ കഴിഞ്ഞവര്‍ക്ക് കിട്ടിയത് ആ മഹാഭാഗ്യമാണ്. മൂസാനബിയുടെ സര്‍പ്പം ഫറോവയുടെ ഉമ്മാക്കിപ്പാമ്പുകളെ ശാപ്പിടുന്നത് കണ്ട, ഖാജാ തങ്ങള്‍ അന്നാസാഗര്‍ വറ്റിച്ചതും ഒരു കുടം വെള്ളമൊഴിച്ച് അതിനെ നിറച്ചതും കണ്ട, ശൈഖ് മുഹ്‌യിദ്ദീന്‍ കനിയില്ലാ കാലത്ത് കനിയെ കൊടുത്തതും കരിഞ്ഞ മരത്തിന്‍മേല്‍ കായ നിറച്ചതും കണ്ട ആളുകളുടെ ഈമാനളവ് ഊഹിക്കാവുന്നതിലുമപ്പുറമാണ്. കാലങ്ങളായി കുഞ്ഞുജനിക്കാത്തൊരാള്‍/ കാന്‍സര്‍ ഞണ്ട് തുരന്ന് ദ്രവിച്ചുതീര്‍ന്നൊരാള്‍/ ചതിയില്‍ പെട്ട് സ്വത്തെല്ലാം തട്ടിപ്പോയൊരാള്‍ അറിയപ്പെട്ട ഒരു ഔലിയപ്പാപ്പയുടെ ഒരു വാക്ക് കൊണ്ട് അത്ഭുതകരമായി ജീവിതത്തിലേക്ക് നീന്തിക്കയറിയ അനുഭവം പാടേ നിഷേധിക്കുന്നത് ആ നിലക്ക് മനുഷ്യന് വളരാന്‍ കഴിയുമെന്ന കാര്യത്തെ പാടേ നിഷേധിക്കുന്നത് കൊണ്ടാണെന്ന് ഈ ജമാഅത്തുകാര്‍ എന്നാണാവോ തിരിച്ചറിയുക.

പറഞ്ഞല്ലോ, നബിയുടെ സമക്ഷത്തിലുള്ള നില്‍പിന് തന്നെ ഗാംഭീര്യമുണ്ട്. സാദാമനുഷ്യനെ സ്വഹാബിയാക്കുന്ന തീവ്രവീര്യമാണത്. അമ്പിയാഇന്റെ പിന്‍മുറക്കാരാണ് ഉലമാഉം ഔലിയാഉം. അവരെ ചുറ്റിപ്പറ്റി നില്‍ക്കുമ്പോഴും കിട്ടും ഒരു തരം പുണ്യപ്രകാശം. മാത്രവുമല്ല ഇത്തരം പുണ്യവാളന്‍മാര്‍ വെള്ളത്തുള്ളികളാണ്. തുള്ളികള്‍ ചേര്‍ന്നാണ് ചാലുണ്ടാകുന്നത്. ചാലുകൂടിയണ് തോടു രൂപപ്പെടുന്നത്. തോടുകള്‍ ലയിച്ച് പുഴകളും, പുഴകള്‍ ചെന്നൊടുങ്ങി കടലും. വെള്ളത്തുള്ളി കണ്ട് /തൊട്ട്/നനഞ്ഞവന് വേഗം ചാല് മനസിലാവും. ചാല് കണ്ടവന് പുഴയും പുഴ കണ്ടവന് കടലും. നാം നേരിട്ട് കണ്ട് അനുഭവിച്ച ഒരു വെള്ളത്തുള്ളി ഇങ്ങനെയാണെങ്കില്‍ മിശ്കാത്തുന്നുബുവ്വത്തായ മുത്തുറസൂലെന്ന കടല്‍ എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കാന്‍ ഭക്തവിശ്വാസിക്ക് അവസരം കിട്ടുന്നു. അതേസമയം പുണ്യവാളത്തത്തിന്റെ മുളയെയല്ല വേരിനെത്തന്നെ പ്രാഗ്മാറ്റിക് ചിന്തയുടെ തീകൊണ്ട് കരിക്കുന്നവര്‍ക്ക് ഞാനും നീയും ഇവനും അവനും അജ്മീര്‍ ഖാജയും ബക്തിയാര്‍ കാക്കിയും ഏര്‍വാടി ബാദുഷയും മമ്പുറം തങ്ങളും എന്നല്ല പുണ്യവാളത്തത്തിന്റെ പൂത്തമരമായ സാക്ഷാല്‍ മുത്തുനബിപോലും ശൂ..ശൂ…സാദാമനുഷ്യന്‍!!! മആദല്ലാഹ്.
ആളിന്റെ പ്രസംഗം കേട്ട് നോക്കിയിട്ട് കൊള്ളാവുന്നത് ഉള്‍കൊള്ളാം. അല്ലാതെ ആളെ തെടാനും മുത്താനും പോരിശപാടാനുമൊന്നും നമ്മളില്ല. ‘വ്യക്തിപൂജ’ ഞങ്ങള്‍ നാലയലത്തടുപ്പിക്കില്ല. പ്രതികാരത്തിന്റെ പേര് പറഞ്ഞ് മുത്തുനബിയുടെ ഉടല്‍ പുണര്‍ന്ന സവാദ് (റ) ഇവര്‍ക്ക് പോഴത്തക്കാരന്‍. അതേസമയം ‘ആ വീതം വെപ്പ് ശരിയായില്ല, നീതി കാണിക്ക് മുഹമ്മദേ! താന്‍ നീതി ചെയ്തില്ല!’ എന്ന് അശേഷം ‘വ്യക്തിപൂജ’യില്ലാതെ തുറന്നടിച്ച ദുല്‍ഖുവൈസിറ ഇവര്‍ക്ക് ഹീറോ!!! ഉള്ളില്‍ ഈമാനുള്ള ജമാഅത്തുകാരേ! മഹാദുരന്തമാണ് കെട്ടോ ഇത്! പറഞ്ഞ് തോല്‍പിക്കാന്‍ വേണ്ടി പറയുകയല്ല. ഒരാള്‍ക്കെങ്കിലും മിന്നായമായെങ്കില്‍ എന്ന പ്രത്യാശയില്‍ പറയുകയാണ്.

ഇസ്‌ലാമുമായി ബന്ധപ്പെട്ട മുപ്പത് സങ്കീര്‍ണ വിഷയങ്ങളില്‍ അറുപത് കൊല്ലം കൊണ്ട് മുപ്പത് പി എച്ച് ഡി തിസീസുകള്‍ സമര്‍പ്പിച്ച ഒരു മഹാപണ്ഡിറ്റിനെക്കാള്‍ ഒരു മിനുട്ട് മുത്തുനബിയുടെ കൂടെ വെറുതെനിന്ന ആള്‍ക്ക് ആത്മീയവീര്യം കിട്ടുക എങ്ങനെയെന്ന് ജമാഅത്ത് തലച്ചോറിനെ കുഴക്കുന്ന കാര്യം തന്നെയാണ്. ആ ഒരു തലം ഉള്‍തൊള്ളാന്‍ പറ്റുംവിധം നമ്മുടെ മസ്തിഷ്‌കങ്ങള്‍ വികസിക്കുമ്പോഴേ ആത്മീയതയെ എന്നല്ല മതത്തിന്റെ കര്‍മകാണ്ഡങ്ങളെ പോലും നമുക്ക് ഉള്‍കൊള്ളാനാകൂ. ഉത്പാദന ഘടകങ്ങളിലെ നാലിലൊന്നായി മനുഷ്യനെ എണ്ണുന്ന മാര്‍ക്സിസ്റ്റ് ഭൗതികവാദത്തോട് ഒട്ടിനില്‍ക്കുന്ന മതവീക്ഷണത്തിന്, മനുഷ്യന്റെ അത്യുദാത്ത പുണ്യവാളാവസ്ഥ ഉള്‍കൊള്ളാന്‍ കഴിയുന്നില്ല എന്നത് മനസിലാവുന്നുണ്ട്. ആയതുകൊണ്ടാണ് പരിമിത ജ്ഞാനത്തിന്റെ/ കാര്യകാരണക്കിണറ്റില്‍ നിന്ന് പുറത്തുചാടണമെന്ന് കഴിഞ്ഞലക്കത്തില്‍ ഓര്‍മപ്പെടുത്തിയത്.

ഇതോട് ചേര്‍ത്ത് വായിക്കുന്നതിനായി ഒന്ന് രണ്ട് കാര്യങ്ങള്‍ പറയാം. ജോലിക്കുള്ള കൂലി എന്ന ഭൗതികമായ കാഴ്ചപ്പാടിനോട് സമപ്പെടുത്തി വെക്കാം ഇബാദത്തിന് പ്രതിഫലം എന്നതിനെ. എന്നുവരുമ്പോള്‍ സല്‍കര്‍മം ചെയ്തവര്‍ക്ക് അതിനനുസരിച്ച പ്രതിഫലവും ദുര്‍വൃത്തികള്‍ ചെയ്തവര്‍ക്ക് അതിനൊത്ത ശിക്ഷയും നല്‍കുകയാണ് അല്ലാഹു വേണ്ടത് എന്ന് ഇവര്‍ക്ക് പറയാന്‍ തോന്നും. അതായത് നന്നായി ഇബാദത്ത് ചെയ്ത് ജീവിച്ചവര്‍ മാത്രം സ്വര്‍ഗപ്രാപ്തരാവണം. അല്ലാതെ അഴകൊഴ ജീവിതം നയിച്ച് മിനിമം ക്വാട്ട പൂര്‍ത്തിയാക്കാത്തവരെ അധോബന്ധങ്ങളുപയോഗിച്ച് സ്വര്‍ഗത്തിലേക്ക് തള്ളുന്നത് ഒരുമാതിരി ആത്മീയ അഴിമതിയായി മാറും. ഭദ്രമായ ഒരു സിസ്റ്റത്തിന്റെ സമ്പൂര്‍ണതയെ തകര്‍ക്കലാവും. എന്നു വരുമ്പോള്‍ ‘ശഫാഅത്ത്’ എന്ന ആശയം ശുദ്ധഅസംബന്ധമായി അവര്‍ക്കനുഭവപ്പെടും. പ്രമാണത്തിന്റെ അതിഘനത്തില്‍ സ്തബ്ധരായിപ്പോവുന്നുവെന്നല്ലാതെ ഉള്ളാലുള്ളുകൊണ്ട് ‘ശഫാഅത്തി’ന്റെ താത്വിക അടിത്തറയെ അംഗീകരിക്കാന്‍ ജമാഅത്ത് മസ്തിഷ്‌കങ്ങള്‍ പാകപ്പെട്ടിട്ടില്ല എന്നതാണ് പരമരഹസ്യമായ വസ്തുത. ‘എന്തായിത് കഥ? കുറേയാളുകള്‍ അധാര്‍മികമായി ജീവിക്കുക, എന്നിട്ട് ചില പുണ്യാളര്‍ വന്ന് ശിപാര്‍ശ നടത്തി സിസ്റ്റത്തെ വീറ്റോ ചെയ്യുക. ഇതെന്താ തഖ്‌വയോടെ ജീവിച്ച ഇബാദുസ്വാലിഹുകളൊക്കെ മരപ്പൊട്ടന്‍മാരോ?’ എന്നാണ് ഇവരുടെ ഉള്ളില്‍ തിളക്കുന്ന മറുചോദ്യം.

അല്ലാഹു ഇസ്‌ലാംമത വ്യവസ്ഥ രൂപപ്പെടുത്തിയ ശേഷം ജമാഅത്തുകാരിലെ പണ്ഡിതരെ വിളിച്ച് ഒരു മുശാവറ നടത്തുന്ന ദൃശ്യം സങ്കല്‍പിച്ചു നോക്കുക. ‘മുശാവറ’ അല്ലാഹുവിന് അന്യമല്ലല്ലോ. മനുഷ്യരെ പടക്കാന്‍ നേരം മലക്കുകളോട് അഭിപ്രായം ആരാഞ്ഞല്ലോ. ‘ഞാനിങ്ങനെ ഒരു കരട് രൂപപ്പെടുത്തിയിട്ടുണ്ട്. നിങ്ങളിതൊന്ന് നോക്കി വേണ്ട തിരുത്തലുകള്‍ ഒന്ന് പറയ്’ എെന്നങ്ങാനും അല്ലാഹു ഈ കണ്ട ജമാഅത്തുകാരോട് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും ‘ശഫാഅത്തിനെ’ അവര്‍ വെട്ടിമാറ്റും. പണിയെടുത്തവര്‍ക്ക് കൂലി. അല്ലാത്തവരെ അങ്ങട് നരകത്തില്‍ തട്ട്. അങ്ങനത്തെ ശഫായത്തും ഷിഫായത്തുമൊന്നും ഇവിടെ വേണ്ട. ശഫാഅത്ത് പോലും, ഹും..’

മറ്റൊന്ന് അത്തഹിയ്യാത്തിലെ അയ്യുഹന്നബിയാണ്. ആരാധന കര്‍മങ്ങളുടെ മാസ്റ്റര്‍പീസാണ് നിസ്‌കാരം. അങ്ങനെ അല്ലാഹുവിന്റെ മുമ്പില്‍ സര്‍വാംഗങ്ങളടക്കിയുള്ള അതിഗംഭീര മുനാജാത്തിനിടെ മനുഷ്യന്‍ മാത്രമായ മുഹമ്മദ് നബിയെ (സ്വ) അഭിമുഖീരിക്കുന്നത് കടും ശിര്‍ക്കാണെന്ന് തിരിച്ചറിയാന്‍ പോലും അല്ലാഹുവിനറിയാതെ പോയല്ലോ എന്ന് സഹതപിക്കുകയാണ് ജമാഅത്ത് പാണ്ഡിത്യം ചെയ്യുക. നിര്‍ബന്ധമായും ആ ഭാഗം എഡിറ്റു ചെയ്തുനീക്കണമെന്ന് ഒപ്പുശേഖരണം നടത്തി അവര്‍ അല്ലാഹുവിന് മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്യും.

ഒളിസൃഷ്ടിയായ എന്നോട് ചെളിജന്യനായ ഒരു ആദമിന് സുജൂദ് ചെയ്യാന്‍ പറയാന്‍ മാത്രം വെളിവ് കുറഞ്ഞു പോയല്ലോ എന്ന് മുമ്പൊരാള്‍ അല്ലാഹുവോട് പരിതപിച്ചത് കൂട്ടിവായിക്കണം. മനുഷ്യന്റെ ‘അതിരുകവിഞ്ഞ’ ആത്മീയാവസ്ഥയെ പുല്‍കാന്‍ കഴിയാതിരിക്കുക എന്നത് തന്നെയാണ് ഇവിടെ വിഷവിത്തായി വര്‍ത്തിക്കുന്നത്. അതുകൊണ്ട് പുണ്യപുരുഷന്മാരായ ഔലിയാക്കളുടെ സാന്നിധ്യമോ, സമീപനമോ, സ്പര്‍ശനമോ, ദര്‍ശനമോ ഇല്ലാത്ത ഒരുമാതിരി മരുഭൂഇസ്‌ലാമിനെ ജമാഅത്തുകാര്‍ തൊലിപ്പുറം കൊണ്ട് ഉരസി ജീവിക്കുന്നു, കഷ്ടമാണിത്. ഭീമമായ നഷ്ടവും!

ഫൈസല്‍ അഹ്‌സനി ഉളിയില്‍

You must be logged in to post a comment Login