തബൂക്കിലെ പ്രവാചകസ്പര്‍ശം

തബൂക്കിലെ പ്രവാചകസ്പര്‍ശം

സഊദി അറേബ്യന്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്സിലായിരുന്നു ജിദ്ദയില്‍നിന്ന് തബൂക്കിലേക്കുള്ള ഞങ്ങളുടെ യാത്ര. സുദീര്‍ഘമായ യാത്രയാണ്. സന്ധ്യക്ക് പുറപ്പെട്ടാല്‍ പിറ്റേന്ന് അവിടെ എത്തും. എയര്‍പോര്‍ട്ട് പോലെയാണ് ബസ് ടെര്‍മിനലും സംവിധാനം ചെയ്തിട്ടുള്ളത്. വിദേശികളായ യാത്രക്കാര്‍ പാസ്‌പോര്‍ട്ട് പരിശോധനയൊക്കെ പൂര്‍ത്തിയാക്കണം. വിദൂരതയിലേക്കുള്ള ബസ് വിവരങ്ങള്‍ ഡിസ്‌പ്ലെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. തബൂക്കിലേക്കുള്ള ബസുകള്‍ രണ്ടുതവണ കാന്‍സല്‍ ചെയ്തു. മൂന്നാമത്തെ ബസിനാണ് ഞങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സാധിച്ചത്. ഞാന്‍ സഊദിയില്‍ എത്തിയ ശേഷമുള്ള ആദ്യത്തെ ബസ് യാത്രയായിരുന്നു അത്. തബൂക്കില്‍ അബ്ദുറഹ്മാന്‍ ദാരിമി ഞങ്ങളെ സ്വീകരിക്കാനുണ്ടാവുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അവിടെനിന്ന് വിവിധ പ്രദേശങ്ങളിലേക്ക് സാലിയും സമദുമൊക്കെ അനുഗമിക്കുമെന്നും നേരത്തെ തീരുമാനിച്ചിരുന്നു. അതിനാല്‍ യാത്രയില്‍ ആശങ്കയേതുമുണ്ടായില്ല.
ഇസ്‌ലാമിക ചരിത്രത്തില്‍ വളരെയേറെ പ്രാധാന്യമുള്ള സ്ഥലമാണ് തബൂക്ക്. ഒത്തിരി യുദ്ധങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും ഇവിടം സാക്ഷ്യം വഹിച്ചിട്ടുണ്ട്. തബൂക്ക് അടങ്ങുന്ന പ്രവിശ്യ കാര്‍ഷിക സമ്പന്നമായിരുന്നു. ഒത്തിരി മരുപ്പച്ചകള്‍ കൊണ്ട് അനുഗ്രഹിക്കപ്പെട്ട സ്ഥലം. ആ മരുപ്പച്ചകള്‍ക്കുചുറ്റും രൂപപ്പെട്ട ആദിമമായ സംസ്‌കാരങ്ങള്‍. തബൂക്കിലെ പൗരാണികമായ കോട്ടയും പ്രവാചകന്റെ പള്ളിയുമൊക്കെ ചരിത്രസ്മാരകങ്ങളാണ്. പലകാലഘട്ടങ്ങളില്‍ പടയോട്ടം നടന്നിട്ടുണ്ട് തബൂക്കില്‍. പ്രവാചകസൈന്യവുമായി റോമക്കാര്‍ യുദ്ധം ചെയ്യുന്നതും പുരാതന തബൂക്ക് സിറിയന്‍ അതിര്‍ത്തിയില്‍ വെച്ചാണ്. പ്രവാചകന്‍ നേരിട്ടുപങ്കെടുത്ത അവസാനത്തെ യുദ്ധവും തബൂക്കിലേതായിരുന്നു.

സിറിയ റോമന്‍സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കാലത്താണ് റോമയിലെ കൈസര്‍ തബൂക്ക് കോട്ടയില്‍ കണ്ണുവെച്ചത്. റോമാസൈന്യം അതിര്‍ത്തിയില്‍ തമ്പടിച്ചു. സിറിയയില്‍നിന്ന് കച്ചവടം കഴിഞ്ഞ് മടങ്ങുന്ന സംഘമാണ് ഇതുസംബന്ധിച്ച വിവരം നല്‍കിയത്. ഇത് ഇസ്‌ലാമിക ഭരണകൂടത്തിനുള്ള ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ പ്രവാചകന്‍ യുദ്ധത്തിന് തയാറായിക്കൊള്ളാന്‍ തന്റെ ജനതയോട് ആഹ്വാനം ചെയ്തു. മുപ്പതിനായിരത്തോളം ആള്‍ക്കാര്‍ യുദ്ധത്തിന് തയാറായി മദീനയില്‍ ഒത്തുകൂടി. പ്രവാചകന്റെ അഭ്യര്‍ത്ഥന മാനിച്ച് യുദ്ധച്ചെലവിലേക്ക് ആളുകള്‍ പണം നല്‍കി.

അറബികളെ ഉപയോഗപ്പെടുത്തി ഇസ്‌ലാമിനെ നശിപ്പിക്കാനുള്ള കുതന്ത്രങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് നേരിട്ടുള്ള പടയൊരുക്കത്തിന് റോമക്കാര്‍ ഇറങ്ങിയത്. മക്കാവിജയവും ഹവാസിന്‍-സക്വീഫ് ഗോത്രങ്ങളെ പരാജയപ്പെടുത്തിയതും റോമക്കാരില്‍ ഭയവും അസ്വാസ്ഥ്യവും ജനിപ്പിച്ചു. റോമന്‍ പട്ടാളക്കാര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഹിര്‍ക്വല്‍ ചക്രവര്‍ത്തി നല്‍കി. ഒരു വര്‍ഷത്തെ ശമ്പളം മുന്‍കൂര്‍ നല്‍കി. കടുത്ത ഉഷ്ണകാലമായിരുന്നു അത്. ഈത്തപ്പഴം പറിച്ചെടുക്കാറായ കാലം.

പ്രവാചകന്റെ യുദ്ധസഹായ ഫണ്ടിലേക്ക് പലരും നല്‍കിയ സഹായവും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഉസ്മാന്‍ നല്‍കിയത് പതിനായിരം ദീനാറും മുന്നൂറ് ഒട്ടകവും അമ്പത് കുതിരകളുമാണ്. അബൂബക്കര്‍ തന്റെ സമ്പത്ത് മുഴുവനുമാണ് യുദ്ധഫണ്ടിലേക്ക് നല്‍കിയത്. പ്രവാചകനെ അത് ആഴത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. സ്വന്തം കുടുംബത്തിനായി എന്ത് കരുതിവെച്ചിട്ടുണ്ട് എന്ന് നബിതിരുമേനി ചോദിക്കുന്ന ഒരു സന്ദര്‍ഭമുണ്ട്. അല്ലാഹുവിനെയും റസൂലിനെയും എന്നായിരുന്നു അബൂബക്കറിന്റെ മറുപടി. ഉമറും തന്റെ സമ്പത്തിന്റെ പകുതി ദാനം ചെയ്തിരുന്നു. സ്ത്രീകള്‍ അവരുടെ ആഭരണങ്ങളാണ് അഴിച്ചുനല്‍കിയത്.
അത്യന്തം പ്രയാസമേറിയ ഒരു ഘട്ടത്തില്‍ ഇങ്ങനെ ഒരു വന്‍സൈന്യം യുദ്ധത്തിനൊരുങ്ങിവരുമെന്ന് റോമക്കാര്‍ കരുതിയില്ല. റോമാസൈന്യം അതോടെ പിന്‍വാങ്ങി. വിജയശ്രീലാളിതരായി നബിയും അനുയായികളും മക്കത്തുനിന്ന് മദീനയില്‍ തിരിച്ചെത്തുന്നത് ഹിജ്‌റ ഒമ്പതാം വര്‍ഷം ആദ്യത്തിലാണ്.

അതിപൗരാണിക ചരിത്രമുണ്ട് തബൂക്കിനും പ്രാന്തപ്രദേശത്തിനും. നബാത്തിയന്‍ കാലഘട്ടത്തിലെ കച്ചവടപ്പാത ഈ പ്രവിശ്യയിലൂടെയായിരുന്നല്ലോ. യമനില്‍നിന്ന് മധ്യഅറേബ്യ വഴി റോമാനഗരത്തിലേക്ക് കുന്തിരിക്കം കൊണ്ടുപോയത് ഈ കച്ചവടപ്പാതയിലൂടെ. ഓരോ മരുപ്പച്ചയിലെയും ഗോത്രജീവിതം കച്ചവടംകൊണ്ടും കൃഷികൊണ്ടും സമ്പന്നമായിരുന്നു. ഈ സമ്പത്താണ് ബാബിലോണിയന്‍ രാജാവായ നബോദിനസിനെ മരുപ്പച്ചകളിലേക്ക് പടയോട്ടത്തിന് പ്രേരിപ്പിച്ചത്. അദ്ദേഹം ബി സി ആറാം നൂറ്റാണ്ടിലെ ബാബിലോണിയന്‍ ചക്രവര്‍ത്തിയായിരുന്നു. പത്തുവര്‍ഷത്തോളം അദ്ദേഹത്തിന്റെ ആധിപത്യത്തിനുകീഴില്‍ തബൂക്ക് പ്രവിശ്യ നിലനിന്നു. അസാധാരണമാംവിധം മരുപ്പച്ച നിറഞ്ഞ സ്ഥലമായിരുന്നു ഈ പ്രവിശ്യയിലെ തയ്മ. ചരിത്രസ്മാരകമായി വലിയൊരു കിണറുണ്ടവിടെ. നബോദിനസ് നിര്‍മിച്ച കിണറാണ് അതെന്ന് വിശ്വസിക്കപ്പെടുന്നു. കച്ചവടസംഘങ്ങള്‍ അതിനു ചുറ്റും തമ്പടിച്ചു. ഒട്ടകങ്ങള്‍ക്കുവേണ്ട വെള്ളം ശേഖരിച്ചു. എ ഡി 106ല്‍ റോമക്കാര്‍ ഈ പ്രദേശം കീഴടക്കിയെങ്കിലും പ്രവാചകന്റെ കാലത്ത് ഇസ്‌ലാമിക ഭരണത്തിനുകീഴിലായി.

അതിപ്രാചീനമായ മനുഷ്യവാസത്തിന്റെ ചരിത്രം പറയാനുണ്ട് തയ്മക്കും വാദി ദാമിനുമൊക്കെ. ഇവിടുത്തെ പാറച്ചിത്രങ്ങള്‍ അതിന്റെ സാക്ഷ്യങ്ങളാണ്. കുതിരകളെ അക്കാലത്തുതന്നെ ഇണക്കിവളര്‍ത്തിയിരുന്നതുകൊണ്ടാണ് കുതിരയെ തെളിക്കുന്ന മനുഷ്യന്റെ ചിത്രം പാറയില്‍ പ്രത്യക്ഷപ്പെട്ടത്. മാനിനെ വേട്ടയാടുന്ന സിംഹത്തിന്റെ ചിത്രം ജന്തുശാസ്ത്ര ഗവേഷകര്‍ക്ക് വിലപ്പെട്ട അറിവുകള്‍ നല്‍കും. തൊണ്ണൂറായിരം കൊല്ലങ്ങള്‍ക്കുമുമ്പ് ഇവിടങ്ങളില്‍ മനുഷ്യവാസം തുടങ്ങിയെന്ന് അനുമാനിക്കുന്നു. പതിനായിരം കൊല്ലത്തെ സജീവമായ മനുഷ്യവാസ ചരിത്രം പഠിക്കപ്പെട്ടുകഴിഞ്ഞതുമാണ്. ധാരാളം ലിഖിതങ്ങള്‍ ഈ പ്രവിശ്യയില്‍നിന്ന് കണ്ടെത്തിക്കഴിഞ്ഞു. തബൂക്കിനെപ്പറ്റി ടോളമിയും പറഞ്ഞിട്ടുണ്ട്. തബവ എന്നാണ് അദ്ദേഹം ഉപയോഗിച്ച വാക്ക്. ഇസ്‌ലാമികപൂര്‍വ കാലത്തെ കവികളായ അന്‍ട്രയും നബിഖയും തബൂക്കിനെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്.

ഏറ്റവും പൗരാണികമായ ഈ പ്രദേശത്തെ വാസ്തുശില്‍പം തബൂക്ക് കോട്ടതന്നെയാണ്. ബി സിയിലേക്ക് വേരാഴ്ത്തിനില്‍ക്കുന്ന കോട്ട രണ്ടുനിലയിലാണ് പണിതുയര്‍ത്തിയത് എന്നത് നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്യും.

തബൂക്കിലെ പ്രവാചകന്റെ പള്ളി ഇന്നൊരു തീര്‍ത്ഥാടനകേന്ദ്രമാണ്. ഈന്തപ്പനയുടെ തടികൊണ്ടും മണ്ണുകൊണ്ടുമാണ് പുരാതനകാലത്ത് ഈ പള്ളി നിര്‍മിച്ചത്. പിന്നീട് പലകാലങ്ങളില്‍ പുനര്‍നിര്‍മിച്ചു.

ജീവിതത്തിലൊരിക്കലും തബൂക്ക് യാത്ര ഞാന്‍ മറക്കില്ല. ഒട്ടകപ്പാലിന്റെ രുചിയായി അതെന്നുമുണ്ടാവും. തബൂക്കിലെ പ്രാന്തപ്രദേശങ്ങളിലൂടെയുള്ള യാത്രക്കിടയിലാണ് ഞാനാദ്യമായി ഒട്ടകപ്പാല് കഴിച്ചത്. യാത്രക്കിടയില്‍ അവിചാരിതമായാണ് സുഡാന്‍കാരനായ ഇടയനെ പരിചയപ്പെട്ടത്. അയാള്‍ ഹൃദ്യമായി സ്വീകരിക്കുകയും ചെയ്തു. അതിഥിസല്‍കാരപ്രിയരാണവര്‍. ഞങ്ങളെ സത്കരിക്കാന്‍ ഒട്ടകപ്പാലല്ലാതെ മറ്റൊന്നും അയാളുടെ പക്കലില്ലായിരുന്നു. അത് കഴിക്കുമോ എന്നയാള്‍ ചോദിച്ചു. ആ സ്‌നേഹം നിരസിക്കാന്‍ എനിക്ക് സാധിച്ചതുമില്ല. ഒട്ടകത്തിന്റെ തോലുകൊണ്ടുണ്ടാക്കിയ സഞ്ചിയില്‍ സൂക്ഷിച്ച ഒട്ടകപ്പാല്‍ അയാള്‍ ഞങ്ങള്‍ക്ക് നല്‍കി.

ദാരിമി, സാബു, സാലി എന്നിവര്‍ക്കൊപ്പം ഒരു പഴഗവേഷണത്തോട്ടത്തില്‍ പോയത് മറക്കാനാവാത്ത മറ്റൊരു അനുഭവമായിരുന്നു. പച്ചക്കറികളിലും പഴങ്ങളിലും ജനിതകമാറ്റമടക്കമുള്ള ഗവേഷണങ്ങള്‍ക്കാണ് ഇവിടെ നേതൃത്വം നല്‍കുന്നത്. അതിവിശാലമായ ഫാമിലൂടെ ഞങ്ങള്‍ നടന്നു. ഏറ്റവും ആകര്‍ഷകം ഓറഞ്ച് തോട്ടം തന്നെയാണ്. പല ആകൃതിയിലും വലിപ്പത്തിലുമുള്ള ഓറഞ്ച് പഴുത്തുതിര്‍ന്ന് കിടക്കുന്നു. കൂറ്റന്‍ യൂക്കാലിമരങ്ങള്‍ നില്‍ക്കുന്ന വഴിയിലൂടെ ഞങ്ങള്‍ നടന്നു. പ്ലം മരങ്ങളും പീച്ചും ധാരാളമുണ്ട്. പീച്ച് മരങ്ങള്‍ പൂത്തുതുടങ്ങിയിട്ടുണ്ട്. തബൂക്കിലെ കാലാവസ്ഥ ശീതകാല പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പറ്റിയതാണ്.

സഊദി, ജോര്‍ദാന്‍ അതിര്‍ത്തിയിലെ അല്‍ഹഖലിലേക്ക് നിര്‍ബന്ധമായും യാത്രചെയ്യണമെന്ന് തബൂക്കിലെ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. കാഴ്ചകള്‍കൊണ്ട് വിസ്മയം തീര്‍ത്ത യാത്രയായിരുന്നു അത്. കൂറ്റന്‍ മലനിരകള്‍ക്കിടയിലെ താഴ്‌വരയിലൂടെയായിരുന്നു യാത്ര. പാറക്കൂട്ടങ്ങള്‍ക്ക് അത്ഭുതപ്പെടുത്തുന്ന രൂപഘടനയായിരുന്നു. ചെങ്കടല്‍ താഴോട്ടിറങ്ങിയപ്പോള്‍ തെളിഞ്ഞുവന്ന താഴ്‌വരയാണെന്ന് പാറകളിലെ വിചിത്രരൂപങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തും. ഇസ്‌ലാമിലെ പൂര്‍വ പ്രവാചകരുമായി ബന്ധപ്പെട്ട കഥകളും ഐതിഹ്യങ്ങളും ഈ പ്രദേശത്തിനുണ്ട്. ആദിപ്രവാചക പരമ്പരയിലെ സുഹൈബിന്റെ ദേശം ഇതായിരുന്നു. മൂസാനബി ചെങ്കടല്‍ കടന്ന് ഇങ്ങോട്ടുവന്നുവെന്നും ചിലര്‍ വിശ്വസിക്കുന്നു. പര്‍വതങ്ങളില്‍ ചിലയിടങ്ങളില്‍ ഗുഹാഗൃഹങ്ങളുണ്ട്. കൊടുംശൈത്യകാലത്ത് ഈ പര്‍വതത്തില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാകും. വാദി ഹംരിയും വാദി അല്‍സേറുമൊക്കെ പ്രകൃതി കൊത്തിയെടുത്ത പാറശില്‍പങ്ങള്‍കൊണ്ട് സമ്പന്നമാണ്. പ്രകൃതി തന്നെയാണ് മഹാശില്‍പിയെന്ന് ഈ താഴ്‌വരകള്‍ നമ്മെ ബോധ്യപ്പെടുത്തും. സന്ധ്യയാകുമ്പോഴാണ് ഞങ്ങള്‍ ചെങ്കടല്‍ തീരത്തെത്തുന്നത്. ചെങ്കടലിന്റെ ഒരറ്റം ഇവിടെ അവസാനിക്കുന്നു. ഈ ഭാഗത്ത് ചെങ്കടലിന് ആഴവും പരപ്പും കുറവാണ്. കായലിന്റെ വിസ്തൃതി മാത്രം. തീരത്തെ ഒരു പാറമേലിരുന്ന് ഞാന്‍ ചെങ്കടലിലേക്ക് കാല്‍ നീട്ടി. ദൂരെ ഈജിപ്ത് അതിര്‍ത്തിയിലെ സിനായ് മല കാണാം. ചെങ്കടല്‍ തീരത്തെ ഇസ്രയേല്‍ പട്ടണം കാണാം. അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ജോര്‍ദാനിലേക്ക് പ്രവേശിക്കാം. സഊദി പൗരന്മാര്‍ക്ക് സ്വതന്ത്രമായി ജോര്‍ദാനിലേക്ക് പ്രവേശിക്കാം. ഇന്ത്യക്കാര്‍ക്കും ജോര്‍ദാനിലേക്ക് പ്രവേശിക്കുക പ്രയാസമില്ല. തിരിച്ച് സഊദിയിലേക്ക് തന്നെ വരാന്‍ ആ തരത്തിലുള്ള വിസ എടുക്കണമെന്ന് മാത്രം. ചെങ്കടലില്‍ കാലുവെച്ച് ഒന്നിലേറെ രാജ്യങ്ങളുടെ അതിര്‍ത്തി കാണുക എന്ന അപൂര്‍വമായ അനുഭവമാണ് ഹഖല്‍ സമ്മാനിക്കുക. മണ്‍സമ്പത്തുകൊണ്ട് സമ്പന്നമായ തുറമുഖപട്ടണമാണിത്. സ്വലാഹുദ്ദീന്‍ പട്ടിക്കാടിന്റെ വീട്ടില്‍ ചെറിയ സത്കാരമുണ്ടായിരുന്നു. സഊദി വാട്ടര്‍ പ്ലാന്റില്‍ ഉദ്യോഗസ്ഥനായ കുമരകംകാരന്‍ ജയ്‌സണും ടെലികോം എന്‍ജിനീയറായ രാമനാട്ടുകരക്കാരന്‍ സതീഷും ഒക്കെയുണ്ടായിരുന്നു. എന്റെ വരവ് പ്രതീക്ഷിച്ച് ഏറ്റവും വിലകൂടിയ മത്സ്യം പൊരിച്ചുവെച്ചിരുന്നു. തബൂക്കിലേക്ക് മടങ്ങുമ്പോള്‍ രാത്രിയായി. താഴ്‌വരകളില്‍ പടര്‍ന്ന ഇരുട്ട് പര്‍വതകാഴ്ചകളെ അപ്രത്യക്ഷമാക്കി.

പി സുരേന്ദ്രന്‍

You must be logged in to post a comment Login