സുകൃതങ്ങളുടെ ആഘോഷക്കാലം

സുകൃതങ്ങളുടെ ആഘോഷക്കാലം

ചുട്ടു പഴുത്ത കല്ലാണ് റംളാഅ.് ചുടുകല്ലിലൂടെ നടന്നു എന്നാണ് റമള എന്ന വാക്കിനര്‍ത്ഥം. ഈ ധാതുവില്‍ നിന്ന് നിഷ്പന്നമായതാണ് റമളാന്‍. ആത്മ വിചാരണയും സാരോപദേശങ്ങളും കൊണ്ട് കരള്‍ ചൂടാകുന്ന മാസമല്ലോ റമളാന്‍. മനസ്സിലടിഞ്ഞ് കൂടിയ പാപക്കറകള്‍ റമളാന്റെ അത്യുഷ്ണത്തില്‍ ഉരുകിയൊലിക്കുന്നു. റമള് എന്ന പദത്തില്‍ നിന്ന് വന്നതാണെന്നും അഭിപ്രായമുണ്ട്. അപ്പോള്‍ ദോഷങ്ങള്‍ കഴുകി വൃത്തിയാക്കുന്ന മഴയാണ് റമളാന്‍. ഏതര്‍ത്ഥത്തിലും വിശ്വാസിക്ക് നിറവസന്തമാണത്. തിരുനബി അരുളി: റമളാന്‍ മാസം ആഗതമായാല്‍ സ്വര്‍ഗീയ കവാടങ്ങള്‍ തുറക്കും. നരക കവാടങ്ങള്‍ അടക്കും. പിശാചുക്കളെ ബന്ധിക്കും. ഒരു വിളിയാളം ഉയരും: നന്മ ചെയ്യുന്നവരേ കടന്ന് വരൂ. തിന്മ ചെയ്യുന്നവരേ പിന്മാറൂ.
മറ്റൊരു ഹദീസ് ഇങ്ങനെ: നന്മയുടെയും സമൃദ്ധിയുടെയും മാസമായ റമളാന്‍ നിങ്ങള്‍ക്ക് ആഗതമായിരിക്കുന്നു. അതില്‍ കാരുണ്യം കൊണ്ട് അല്ലാഹു നിങ്ങളെ പൊതിയും. നിങ്ങളുടെ പാപങ്ങള്‍ പൊറുക്കപ്പെടും. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ചെയ്യും. നന്മ ചെയ്യാന്‍ വേണ്ടിയുള്ള നിങ്ങളുടെ മത്സരം അവന്‍ ശ്രദ്ധിക്കും. നിങ്ങളെപ്പറ്റി മലക്കുകളോട് അവന്‍ അഭിമാനം പറയും.

നോമ്പിന്റെ സാമൂഹ്യ ശാസ്ത്രം
റമളാന്റെ മുഖ്യവിഭവം നോമ്പാണ്. നോമ്പിന്റെ പൊതു ഗുണമാണ് വിശപ്പ്.വിശപ്പിന്റെ വിളി ഉയര്‍ത്തുന്ന ചില സാമൂഹ്യപാഠങ്ങളുണ്ട്. ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ ക്ഷുത്തടക്കാന്‍ വകയില്ലാതെ കത്തിയാളുന്ന വയറുമായി ദിനരാത്രങ്ങള്‍ ഞരങ്ങിയൊടുക്കുന്ന ജീവിതങ്ങളെക്കുറിച്ചുള്ള മൂര്‍ച്ചയുള്ള ഓര്‍മ്മപ്പെടുത്തലുകളാണത്. കോണ്‍ക്രീറ്റ് കാടുകള്‍ക്കുള്ളിലെ ശീതീകരിച്ച മുറിയിലെ ചാരു കസേരകളിലിരുന്ന് സാധുസംരക്ഷണത്തിന്റെ സാധുതകളെ കുറിച്ച് തിസീസുകളെഴുതുന്ന ബുദ്ധിജീവികള്‍ക്ക് സാധ്യമാവാത്ത വിപ്ലവമാണ് നോമ്പ് നിര്‍വഹിക്കുന്നത്. വിശപ്പിന്റെ കടലില്‍ മുങ്ങിത്താഴുന്നവരെ കരയില്‍ നിന്ന് കയറിട്ടു കൊടുത്ത് രക്ഷപ്പെടുത്തുന്ന വിദ്യയല്ല ഇസ്‌ലാം സ്വീകരിച്ചത്. പ്രത്യുത നിറച്ചുണ്ണുന്നവനെ ആ കടലിലേക്ക് എടുത്തെറിയുകയായിരുന്നു ഇസ്‌ലാം. വിശപ്പ് സഹിക്കുന്നവന് മാത്രമെ പാവപ്പെട്ടവന്റെ പരിദേവനങ്ങളുടെ വിലയറിയൂ.വ്രതം സമ്പന്നന് വിശപ്പിന്റെ അനുഭവം നല്‍കുമ്പോള്‍ അവന്റെ കൈകള്‍ കൂടുതല്‍ ഉദാരമാകുന്നു.
വിശപ്പാണ് മനുഷ്യനെ സക്രിയനാക്കുന്നത്. വിശപ്പ് തന്നെയാണ് അവനെ അക്രമിയാക്കുന്നതും. ഭക്ഷണത്തോടുള്ള ആസക്തി മാത്രമല്ല ലൈംഗികതയോടുള്ള അഭിനിവേശവും മനുഷ്യനെ അക്രമിയും സക്രിയനുമാക്കുന്നുണ്ട്. ഈ രണ്ട് വിശപ്പിന്റെയും പൂരണത്തിനുവേണ്ടി മനുഷ്യന്‍ മാര്‍ഗങ്ങള്‍ തേടുന്നു. മറ്റു അവയവങ്ങളെക്കൂടി അവന്‍ കൂട്ടിനു വിളിക്കുന്നു. കളവും വഞ്ചനയും കൊലപാതകവും നടമാടുന്നു. ഇരുവിശപ്പുകളുടേയും ശമനങ്ങളുടെ പൂരണത്തിലേക്കുള്ള വഴികള്‍ അവിഹിതമായിക്കൂടാ. അതിന് ഭോഗതൃഷ്ണകളെ നിയന്ത്രിക്കാന്‍ ശീലിക്കണം. അതിനുള്ള പരിശീലമാണ് നോമ്പ്. ഹലാലായ ഭാര്യയെ തന്നെ പകലില്‍ ഭോഗിച്ചു കൂടാ. ഹലാലായ ഭക്ഷണം തന്നെ കഴിച്ചു കൂടാ. ഭോഗത്തിനും ഭോജനത്തിനും അങ്ങനെ നിയന്ത്രണം വരുന്നു. വ്രതം തിന്മയില്‍ നിന്നുള്ള കവചമാകുന്ന ഒരു രീതിയാണത്. വ്രതം കവചമാണെന്ന് തിരുനബി അരുളിയിട്ടുണ്ടല്ലോ. അല്ലാഹു പറഞ്ഞു: ഓ വിശ്വാസികളേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. മുമ്പുള്ളവര്‍ക്കും നിര്‍ബന്ധമാക്കപ്പെട്ടതുപോലെ. നിങ്ങള്‍ (ദോഷങ്ങളെ) സൂക്ഷിക്കാന്‍ വേണ്ടി.

നോമ്പിന്റെ ആത്മാവ്
വിശപ്പ് ദേഹത്തെ ദേഹിക്ക് കീഴ്‌പ്പെടുത്തുന്നു. ദേഹത്തിന്റെ മോഹങ്ങള്‍ അത് കരളുന്നു. തിന്മയുടെ ഉറവകള്‍ അവിടെ വരളുന്നു. അങ്ങനെ വിശപ്പിന്റെ കരുത്തില്‍ ആത്മീയത കതിരിടുമ്പോള്‍ പുതിയ ജീവിത സംസ്‌കാരം സൃഷ്ടിക്കപ്പെടുന്നു. വ്രതം തിന്മയില്‍ നിന്നുള്ള കവചമാകുന്ന മറ്റൊരു രീതിയാണത്. അപ്പോള്‍ ലിംഗവും വായയും മാത്രമല്ല സകലമാന അവയവങ്ങളും ആത്മാവിന് വിധേയപ്പെടും.

ആത്മീയ ഭിഷഗ്വരന്മാര്‍ നോമ്പിനെ ജീവസ്സുറ്റതാക്കാന്‍ ചില മരുന്നുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിങ്ങനെ സംഗ്രഹിക്കാം

ഒന്ന്. കണ്ണിന്റെ സുരക്ഷിതത്വം.

കറാഹത്തായതോ ആക്ഷേപിക്കപ്പെട്ടതോ ഹൃദയത്തെ ഇലാഹീ ചിന്തയില്‍ നിന്ന് തെറ്റിക്കുന്നതോ ആയ ഒന്നും നോക്കാതിരിക്കുക എന്നതാണത്. നോട്ടം പിശാചിന്റെ വിഷലിപ്തമായ അസ്ത്രമാകുന്നു. അല്ലാഹുവിനെ പേടിച്ച് ആരെങ്കിലും അതുപേക്ഷിച്ചാല്‍ അല്ലാഹു അവന്റെ ഹൃദയത്തിന് വിശ്വാസത്തിന്റെ- ഈമാന്റെ മാധുര്യം പ്രദാനം ചെയ്യുമെന്ന തിരുവരുള്‍ ഇവിടെ ശ്രദ്ധേയമാണ്.

രണ്ട്: നാവിന്റെ സുരക്ഷ.
കളവ്, പരദൂഷണം, ഏഷണി, അശ്ലീലം, തര്‍ക്കം, അനാവശ്യ സംസാരം എന്നിവയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കണം. ദിക്‌റ്, ഖുര്‍ആന്‍ പാരായണം പിന്നെ മൗനം… നാവിന്റെ നോമ്പതാണ്. ഗീബത്ത്(പരദൂഷണം) നോമ്പിനെ നിഷ്ഫലമാക്കുമെന്ന് സുഫ്‌യാന്‍(റ) പറഞ്ഞിട്ടുണ്ട്. മുജാഹിദില്‍(റ) നിന്ന് ലൈസ് ഉദ്ധരിച്ച ഒരു രിവായത്തില്‍ ഇങ്ങനെ കാണാം. രണ്ട് കാര്യങ്ങള്‍ നോമ്പിനെ അസാധുവാക്കും – പരദൂഷണവും കളവും. നോമ്പുകാരന്‍ അശ്ലീലമോ അസംബന്ധമോ പറയരുതെന്നും ആരെങ്കിലും ചീത്തപറയുകയോ അക്രമിക്കുകയോ ചെയ്താല്‍ ഞാന്‍ നോമ്പുകാരനാണെന്ന് പറഞ്ഞു കൊള്ളട്ടെ എന്നുമുള്ള തിരുവചനം ഇവിടെ ശ്രദ്ധേയമാണ്
ഹദീസില്‍ ഉദ്ധരിക്കപ്പെട്ട ഒരു കഥ പറയാം. തിരുനബിയുടെ കാലത്ത് രണ്ട് സ്ത്രീകള്‍ നോമ്പ് അനുഷ്ഠിച്ചു. സന്ധ്യയാകുമ്പോഴേക്കും അവര്‍ക്ക് വിശപ്പും ദാഹവും സഹിക്കാന്‍ വയ്യാതായി. മരിച്ചുപോകുമോ എന്നു ഭയപ്പെട്ട അവര്‍ നോമ്പ് മുറിക്കാന്‍ സമ്മതം ചോദിച്ചു കൊണ്ട് നബി(സ)യുടെ അടുക്കലേക്ക് ആളെ അയച്ചു. ഇതറിഞ്ഞ തിരുനബി ഒരു പാത്രം കൊടുത്തയച്ച് അതില്‍ രണ്ട് പേരോടും ചര്‍ദിക്കാന്‍ ആവശ്യപ്പെട്ടു. രണ്ടു സ്ത്രീകളും രക്തവും മാംസവും ചര്‍ദിച്ചു പാത്രം നിറഞ്ഞു. ഇതു കണ്ട് ജനങ്ങള്‍ അത്ഭുതപ്പെട്ടു. തിരുനബി(സ)പറഞ്ഞു: അല്ലാഹു ഹലാലാക്കിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കി ഇവര്‍ നോമ്പ് അനുഷ്ഠിച്ചു. എന്നിട്ട് അല്ലാഹു ഹറാമാക്കിയ ഭക്ഷണം കഴിച്ച് കൊണ്ട് ഇവര്‍ നോമ്പ് മുറിക്കുകയും ചെയ്തു.വ്യക്തമാക്കി പറഞ്ഞാല്‍ രണ്ടു പേരും ഇരുന്ന് പരദൂഷണം പറഞ്ഞു. ഇതാ അവര്‍ ഭക്ഷിച്ച മനുഷ്യരുടെ പച്ച മാംസങ്ങള്‍!

മൂന്ന്: കാതിനെ സുരക്ഷിതമാക്കുക.
വെറുക്കപ്പെട്ട ഒരു കാര്യവും കേള്‍ക്കാതിരിക്കുക എന്നര്‍ത്ഥം. പറയല്‍ നിഷിദ്ധമായതൊക്കെ കേള്‍ക്കലും നിഷിദ്ധമാണ്. ഹറാം ഭക്ഷിക്കുന്നവനെയും കളവ് കേള്‍ക്കുന്നവനെയും സമീകരിച്ചുകൊണ്ടാണ് ഒരു സൂക്തത്തില്‍ അല്ലാഹു പരാമര്‍ശിച്ചതെന്ന് ഓര്‍ക്കുക. പരദൂഷണം പറയുന്നവനും കേള്‍ക്കുന്നവനും കുറ്റത്തില്‍ പങ്കാളികളാണെന്ന് തിരുനബി അരുളിയിട്ടുണ്ട്
നാല്: കൈകാലുകള്‍ അടക്കമുള്ള മുഴുവന്‍ അവയവങ്ങളേയും മോശപ്പെട്ട മുഴുവന്‍ കാര്യങ്ങളില്‍ നിന്നും സുരക്ഷിതമാക്കിത്തീര്‍ക്കുന്നതോടൊപ്പം നോമ്പ് തുറക്കുമ്പോള്‍ പരിപൂര്‍ണമായി ഹലാലാണെന്ന് ഉറപ്പില്ലാത്ത ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുക.
ഇമാം ഗസ്സാലി പറയുന്നത് നോക്കൂ. വൈകുന്നേരം വരെ ഹലാലായ ഭക്ഷണളൊഴിവാക്കി നോമ്പനുഷ്ഠിച്ച ആള്‍ വൈകുന്നേരം ഹലാലാണെന്ന് ഉറപ്പില്ലാത്ത ഭക്ഷണം കഴിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്? ഒരു കെട്ടിടം നിര്‍മിക്കുകയും അവസാനം ഒരു പട്ടണം തകര്‍ക്കുകയും ചെയ്തവനെപ്പോലെ വിഡ്ഡിയാണയാള്‍. ഹലാലായ ഭക്ഷണം തന്നെ അമിതമാവരുത്. ഭക്ഷണം അമിതമാവാതെ നിയന്ത്രിക്കാനുള്ളതാണ് നോമ്പ്. ആ നിയന്ത്രണം ഒരു ഹറാമിലാണ് കലാശിക്കുന്നതെങ്കില്‍ നിയന്ത്രണത്തിനെന്തര്‍ഥം? മരുന്ന് അധികമാവരുതെന്ന് കരുതി നിയന്ത്രിച്ച ഒരാള്‍ അവസാനം വിഷം കഴിക്കുന്നു. എന്തൊരു വിഡ്ഡിത്തമാണിത്! ഹലാലല്ലാത്തത്(ഹറാം) നാശകാരിയായ വിഷമാണ്. ഹലാല്‍ ഔഷധമാണ്. അത് കുറേശ്ശെ സേവിക്കുന്നത് ഉപകാരം ചെയ്യും. അമിതമായാല്‍ അമൃതും വിഷം തന്നെ. ഈ മരുന്ന്(ഹലാല്‍)അമിതമാവാതെ നിയന്ത്രിച്ച് പഠിപ്പിക്കാനാണ് നോമ്പ് നിയമമാക്കിയിരിക്കുന്നത്. എന്നിട്ട് ചിലരതിനെ ഹറാമില്‍ ചാടിക്കുന്നു. കഷ്ടം!(ഇഹ്‌യാ).

ഫൈസല്‍ അഹ്‌സനി രണ്ടത്താണി

You must be logged in to post a comment Login