കള്ളക്കണക്കുകളില്‍ യാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കുന്നു

കള്ളക്കണക്കുകളില്‍ യാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കുന്നു

ഏതാനും ദിവസങ്ങള്‍ക്കകം മോഡി സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കും. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സര്‍ക്കാറിന്റെ വിജയങ്ങള്‍ എന്തൊക്കെയാണ്? പരാജയപ്പെട്ടത് എവിടെയൊക്കെ? രാജ്യത്ത് അതിന്റെ ആഘാതം എന്തൊക്കെയാണ്? കൃത്യം ചോദ്യങ്ങളിലേക്ക് പോകുന്നതിന് മുമ്പ് പൊതുവില്‍ ഈ സര്‍ക്കാറിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന് അറിയണം.

പ്രചാരണത്തിന്റെ കാര്യത്തിലാണെങ്കില്‍, ഈ സര്‍ക്കാറിന്റേത് തിളക്കമാര്‍ന്ന പ്രകടനമാണ്. 4,000 കോടി രൂപ പ്രചാരണത്തിന് ചെലവിട്ടു. വ്യക്തിയധിഷ്ഠിതമായ പ്രചാരണം. സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് ഒരു മന്ത്രിയുടെയും ചിത്രം പരസ്യങ്ങളില്‍ പാടില്ല. അതുകൊണ്ട് എല്ലായിടത്തും പ്രധാനമന്ത്രി മാത്രമാണ്. പ്രധാനമന്ത്രി ഉജ്ജ്വല യോജന തുടങ്ങി. ഇതോടെ രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും അദ്ദേഹത്തിന്റെ വലിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. പ്രചാരണത്തിന്റെ കാര്യമെടുത്താല്‍ ഇവരുടെ പ്രകടനം മികച്ചതാണ്. പക്ഷേ, യഥാര്‍ത്ഥ ജോലി കണക്കിലെടുത്താല്‍ ദയനീയമാണ് കാര്യങ്ങള്‍. അവര്‍ പ്രവര്‍ത്തിച്ചിട്ടേയില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാര്യത്തില്‍ നിങ്ങളുടെ പൊതുവിലയിരുത്തല്‍ എന്താണ്?

ഗുജറാത്ത് മാതൃകയെക്കുറിച്ച് ആളുകള്‍ എന്നോട് സംസാരിക്കാറുണ്ടായിരുന്നു. ഒരു സംസ്ഥാനത്തെ മാതൃക രാജ്യത്താകെ പകര്‍ത്താനാകില്ലെന്നാണ് ഞാന്‍ അവരോട് പറഞ്ഞിരുന്നത്. ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ തെറ്റേറ്റ് പറയുകയാണ്. ഗുജറാത്ത് മാതൃകയുടെ കാര്യത്തില്‍ എനിക്ക് തെറ്റുപറ്റി. ഗുജറാത്ത് മാതൃക, കേന്ദ്ര ഭരണത്തില്‍ പൂര്‍ണമായും നടപ്പാക്കപ്പെട്ടിരിക്കുന്നു. കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളില്‍ ഒരാള്‍ക്കും ഒന്നിനെക്കുറിച്ചും അറിയില്ല. പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന മന്ത്രിമാര്‍ക്ക് പോലും. എല്ലാം പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും പോലെ. എല്ലാം അവരുടെ നിയന്ത്രണത്തിലാണ്. വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നു.

അദ്ദേഹം അതോറിട്ടേറിയനാണ്. കേന്ദ്ര മന്ത്രിസഭയുടെ ജനാധിപത്യരീതിയിലുള്ള പ്രവര്‍ത്തനം അദ്ദേഹം അട്ടിമറിക്കുകയാണ്?
മന്ത്രിസഭയില്‍, നിങ്ങള്‍ക്കറിയുന്നത് പോലെ, പ്രധാനമന്ത്രി തുല്യരില്‍ ഒന്നാമന്‍ മാത്രമാണ്. പക്ഷേ ഇവിടെ, അദ്ദേഹം മന്ത്രിസഭാംഗങ്ങളില്‍ നിന്ന് വളരെ, വളരെ ഉയരത്തിലാണ്.

പക്ഷേ അദ്ദേഹത്തിന്റെ പ്രകടനം മാത്രമെടുത്താല്‍, മികച്ചതാണ്. അദ്ദേഹം മിതത്വം പാലിച്ചിരുന്നില്ലേ. കാര്യങ്ങള്‍ നടക്കണമെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നില്ലേ?
യു പി എ പത്ത് വര്‍ഷം കൊണ്ട് എന്തുചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലല്ല ഈ ഭരണകൂടം വിലയിരുത്തപ്പെടുക. ജവഹര്‍ലാല്‍ നെഹ്‌റുവോ ഇന്ദിരാ ഗാന്ധിയോ എന്ത് ചെയ്തു, ചെയ്തില്ല എന്നതിനെ അടിസ്ഥാനമാക്കിയുമല്ല. അവര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചോ ഇല്ലയോ എന്നതിനെ അധികരിച്ചാകും 2019ല്‍ അവരുടെ വിധിയെഴുത്തുണ്ടാകുക. അവരുടെ വാഗ്ദാനങ്ങളെ ഉരകല്ലാക്കിയാല്‍, വിവിധ മേഖലകളില്‍ അവരെങ്ങനെ ദയനീയമായി പരാജയപ്പെട്ടുവെന്ന് ഞാന്‍ വിശദീകരിക്കാം.

നമുക്ക് വിഷയങ്ങളെ അടിസ്ഥാനമാക്കി സര്‍ക്കാറിന്റെ പ്രകടനത്തിലേക്ക് വരാം. സമ്പദ് വ്യവസ്ഥയില്‍ നിന്ന് തുടങ്ങാം. നടപ്പുസാമ്പത്തിക വര്‍ഷം ജി ഡി പി 6.5ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്. പണപ്പെരുപ്പം 4.2 ശതമാനവും ധനക്കമ്മി 3.5 ശതമാനവുമാകുമെന്നാണ് പ്രതീക്ഷ. കറന്റ് അക്കൗണ്ട് കമ്മി 2 ശതമാനവും. സമ്പദ് വ്യവസ്ഥയെ കൈകാര്യം ചെയ്യുന്നതില്‍ വിജയമാണെന്ന് മോഡി സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തുവെന്നാണ് ഡോ. മന്‍മോഹന്‍ സിംഗ് പറയുന്നത്. മുന്‍ ധനമന്ത്രി എന്ന നിലയില്‍ താങ്കളുടെ വിലയിരുത്തലെന്താണ്?
എനിക്ക് രണ്ട്, മൂന്ന് കാര്യങ്ങള്‍ പറയാനുണ്ട്. സാമ്പത്തിക ചരിത്രമെടുത്താല്‍ മറ്റൊരിക്കലുമില്ലാത്ത വലിയ ആനുകൂല്യം ലഭിച്ച സര്‍ക്കാറാണിത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 105 ഡോളറായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിറകെ, അന്താരാഷ്ട്ര സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം, എണ്ണ വില ഇടിഞ്ഞു തുടങ്ങി. ബാരലിന് 26 ഡോളറിലെത്തി. കുറേക്കാലം ബാരലിന് 30 ഡോളറില്‍ താഴെ തുടരുകയും ചെയ്തു.
സൂപ്പര്‍ ബമ്പര്‍ ലോട്ടറി കിട്ടിയതുപോലുള്ള ഈ സാഹചര്യമാണ് സ്ഥൂല സമ്പദ് വ്യവസ്ഥ സ്ഥിരത കൈവരിച്ചുവെന്ന് അവകാശപ്പെടാന്‍ സര്‍ക്കാറിനെ പ്രാപ്തമാക്കിയത്. ധനക്കമ്മി കുറച്ചുകൊണ്ടുവരാന്‍ ഇത് സഹായകമായി. ഇന്ന് എണ്ണ വില ബാരലിന് 80 ഡോളറായിരിക്കുന്നു. എന്നിട്ടും പെട്രോളിയം ഉത്പന്നങ്ങള്‍ക്കു മേലുള്ള നികുതി കുറയ്ക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എണ്ണ വില കുറഞ്ഞപ്പോള്‍ ഒമ്പത് തവണയായി നികുതി ഉയര്‍ത്തിയിരുന്നു. വില കുറഞ്ഞതിന്റെ നേട്ടം സ്വന്തമാക്കാന്‍ അവര്‍ എണ്ണക്കമ്പനികളെ അനുവദിച്ചില്ല. ഉപഭോക്താക്കളെയും അനുവദിച്ചില്ല. എക്‌സൈസ് നികുതി ഒമ്പത് തവണ വര്‍ധിപ്പിച്ചുകൊണ്ട്, ഖജനാവിലേക്ക് പണമെത്തിക്കുകയാണ് അവര്‍ ചെയ്തത്. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില ഇപ്പോള്‍ സര്‍വകാല റെക്കോര്‍ഡിലാണ്. ജനം വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടുകയും.

എണ്ണ വില ഉയരുന്നത് കറന്റ് അക്കൗണ്ട് കമ്മിയെ ബാധിക്കുമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പറയുന്നത്. 2500 മുതല്‍ 5000 വരെ കോടി ഡോളര്‍ വിദേശനാണ്യ ശേഖരത്തില്‍ കുറവുണ്ടാകും. അത് കറന്റ് അക്കൗണ്ട് കമ്മിയെ ഏത് വിധത്തില്‍ ബാധിക്കും? ധനക്കമ്മിയുടെ കാര്യമെടുത്താല്‍, സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്നത് തുടരും. അതിലൂടെ ധനക്കമ്മി നിയന്ത്രിച്ച് നിര്‍ത്തിയേക്കാം. ധനക്കമ്മി നിശ്ചിത പരിധിക്കുള്ളില്‍ നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചുകൊള്ളണമെന്നുമില്ല. വളര്‍ച്ചാ നിരക്കിന്റെ കാര്യമെടുത്താല്‍, ഇപ്പോള്‍ പ്രചരിപ്പിക്കുന്ന കണക്കുകള്‍ വിശ്വാസയോഗ്യമല്ലെന്നാണ് എന്റെ അഭിപ്രായം.

കണക്കുകള്‍ തെറ്റെന്നും അവകാശപ്പെടുന്നതൊക്കെ തട്ടിപ്പുമാണെന്നാണോ?
അവകാശപ്പെടുന്നതൊക്കെ തട്ടിപ്പാണെന്ന് പറയുന്നില്ല.

കണക്കുകള്‍ തെറ്റാണ്?
അത് വ്യാജമായി സൃഷ്ടിച്ചതാണെന്ന് പോലും പറയാനാകില്ല. 2015ന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ രണ്ട് കാര്യങ്ങള്‍ ചെയ്തു. വളര്‍ച്ചാ നിരക്ക് കണക്കാക്കുന്നതിന് ആധാരമാക്കുന്ന അടിസ്ഥാന വര്‍ഷം അവര്‍ മാറ്റി. ജി ഡി പി കണക്കാക്കുന്ന സമവാക്യം മാറ്റിയതാണ് രണ്ടാമത്തേത്. ദൗര്‍ഭാഗ്യവശാല്‍, താരതമ്യം ചെയ്തുള്ള കണക്കുകള്‍ നമ്മുടെ കൈവശമില്ല. താരതമ്യം ചെയ്യാനുള്ളത് യു പി എ സര്‍ക്കാറിന്റെ കാലത്തെ വളര്‍ച്ചാ നിരക്കുമായി മാത്രമാണ്. ഇപ്പോഴത്തെ സമവാക്യമുപയോഗിച്ചാല്‍ യു പി എ സര്‍ക്കാറിന്റെ കാലത്തെ വളര്‍ച്ചാ നിരക്ക് 180 പോയിന്റ് ഉയരും. സമവാക്യമെന്താണെന്നും അതിന്റെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്തുള്ള കണക്കുകളെന്തെന്നും അവര്‍ പറഞ്ഞാലേ നമുക്ക് കാര്യങ്ങള്‍ വ്യക്തമാകൂ. ചിലര്‍ പറയുന്നത് പോലെ 6.5 മുതല്‍ ഏഴ് വരെ ശതമാനം വളര്‍ച്ചയുണ്ടെങ്കില്‍ നമുക്ക് അത് അനുഭവപ്പെടുന്നില്ല. അത് നമുക്ക് കാണാനാകുന്നില്ല.

സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് നിങ്ങള്‍ക്ക് മതിപ്പില്ല.
എനിക്ക് മതിപ്പില്ല. അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിരുന്ന കാലം ഒരു സുപ്പര്‍ ബമ്പര്‍ ലോട്ടറി പോലെയായിരുന്നു. അത് കണക്കിലെടുത്താല്‍ നമുക്ക് കുറേക്കൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാമായിരുന്നു.

ധനമന്ത്രി എന്ന നിലയില്‍ അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക് സാഹചര്യത്തിനൊത്ത് പ്രവര്‍ത്തിക്കാനായില്ല എന്നാണോ. മോഡിയെ അപേക്ഷിച്ച് ജെയ്റ്റ്‌ലിക്കുള്ള ഉത്തരവാദിത്തം എത്രയാണ്?
ഞാനൊരു കാര്യം പറയാം. ധനമന്ത്രിയായിരിക്കെ, ഞാന്‍ കോര്‍പറേറ്റ് ധനമന്ത്രിയായിരുന്നില്ല. ധനമന്ത്രാലയം ഭരിക്കുകയാണ് ഞാന്‍ ചെയ്തത്. ഓഹരി വിറ്റഴിക്കല്‍ വകുപ്പ് പോലും കൈകാര്യം ചെയ്തിരുന്നില്ല. എനിക്ക് മറ്റൊരു കാര്യത്തിനും സമയമില്ലായിരുന്നു. അത്രയും ജോലി ഭാരമുണ്ടായിരുന്നു ധനവകുപ്പില്‍.

ജെയ്റ്റ്‌ലിക്ക് കോര്‍പറേറ്റ് മന്ത്രാലയത്തിന്റെ ചുമതലയുണ്ട്. ഇപ്പോള്‍ പ്രതിരോധവും. ഇടക്കാലത്ത് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പിന്റെ ചുമതലയുമുണ്ടായിരുന്നു
അദ്ദേഹം സര്‍ക്കാറില്‍ മറ്റു പലതും കൈകാര്യം ചെയ്തിരുന്നു. എല്ലായിടത്തും അദ്ദേഹത്തിന്റെ കൈവിരലുകള്‍. അതുകൊണ്ട് ധനമന്ത്രാലയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കില്ല. ധനമന്ത്രിയുടെ നേതൃത്വത്തില്‍ ആ മന്ത്രാലയത്തിന് ദിശാബോധം നല്‍കുകയും ആ വകുപ്പിന്റെ പ്രവര്‍ത്തനം ഭദ്രമാക്കുകയുമാണ് വേണ്ടിയിരുന്നത്. അതൊന്നും ഈ നാല് വര്‍ഷത്തിനിടെയുണ്ടായില്ല.

സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ചില സവിശേഷ കാര്യങ്ങളിലേക്ക്. കര്‍ഷകരെക്കുറിച്ചാണ് ആദ്യം. ഇന്ത്യന്‍ ജനസംഖ്യയിലെ ഏറ്റവും വലിയ വിഭാഗം. മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭം നമ്മള്‍ കണ്ടു. 110 കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് പത്ത് ദിവസത്തെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്യാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന സാഹചര്യം എന്താണ്?
കൊടിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയില്‍. കര്‍ഷകരുമായി നേരിട്ട് സംസാരിച്ച്, സാഹചര്യം വിലയിരുത്തുമ്പോഴാണ് അതിന്റെ ആഴം മനസ്സിലാകുക. കഴിഞ്ഞ 12 – 18 ആഴ്ചകളായി ഞാനിത് ചെയ്യുകയാണ്. എന്താണ് പ്രശ്‌നം? ഉത്പാദനച്ചെലവിന്റെ അമ്പത് ശതമാനം ലാഭമാണ് കര്‍ഷകര്‍ക്ക് ഈ സര്‍ക്കാര്‍, അല്ലെങ്കില്‍ പ്രകടനപത്രികയില്‍ ഞങ്ങള്‍ നല്‍കിയത്. ഈ സര്‍ക്കാറിനെ അവരുടെ വാഗ്ദാനങ്ങളെ അടിസ്ഥാനമാക്കി വിലയിരുത്തുമെന്ന് ഞാന്‍ പറയുന്നത് ഇതുകൊണ്ടുകൂടിയാണ്.

ഈ വാഗ്ദാനം കഴിഞ്ഞ ബജറ്റില്‍ നടപ്പാക്കിയെന്നാണ് അവര്‍ അവകാശപ്പെടുന്നത്.
കഴിഞ്ഞ ബജറ്റില്‍ അവരത് ചെയ്തു. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി എന്താണ് പറഞ്ഞത്? റാബി വിളവെടുപ്പ് മുതല്‍ ഞങ്ങളത് നടപ്പാക്കുമെന്നാണ്. റാബി വിളവെടുപ്പ് ഇനി അടുത്ത വര്‍ഷമേയുള്ളൂ. ഖാരിഫ് വിളയാണ് ഇപ്പോള്‍. റാബിയുടെ വിത വരാനിരിക്കുന്നതേയുള്ളൂ. വിളവെടുപ്പ് അടുത്ത സാമ്പത്തിക വര്‍ഷത്തിലും.

അതായത്, അത് സംഭവിക്കുമെങ്കില്‍ തെരഞ്ഞെടുപ്പിന് നാലോ അഞ്ചോ മാസം മുമ്പ് നടക്കും.
രസകരമായ കാര്യം, പലരും ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്താണ് ചെലവിന്റെ നിര്‍വചനം. കൃഷിക്ക് നിങ്ങള്‍ ചെലവിടുന്ന പണവും കുടുംബാംഗങ്ങളുടെ അധ്വാനവും ചേരുന്നതാണ് ഇവര്‍ പറയുന്ന ചെലവ്. ആകെ ചെലവ് മുഴുവന്‍ ഇതിലില്ല.

കൃഷിയുടെ ചെലവ് സംബന്ധിച്ച സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശിപാര്‍ശ ഇതല്ല?
അല്ല

വളരെ കുറഞ്ഞ തുകയാണ് ചെലവായി കണക്കാക്കപ്പെടുക
അതെ. നിലവില്‍ താങ്ങുവില പ്രഖ്യാപിക്കപ്പെട്ട വിളകളിലൊക്കെ, ഈ മാനദണ്ഡമുപയോഗിച്ചാണ് ചെലവ് കണക്കാക്കുന്നത് എന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിപണിയില്‍ നിന്ന് കര്‍ഷകന് കിട്ടുന്ന വിലയെക്കാള്‍ കുറവായിരിക്കും താങ്ങുവില?
അല്ല. അതങ്ങനെയല്ല. കുറഞ്ഞ താങ്ങുവില, ഈ സമവാക്യത്തെ അധികരിച്ച് കണക്കാക്കുന്നത്, ഇപ്പോള്‍ തന്നെ നിലവിലുണ്ട്. അതുകൊണ്ട് കര്‍ഷകരെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യമല്ല. വിവിധ കാരണങ്ങളാല്‍, കാര്‍ഷികോത്പന്നങ്ങളുടെ വില ഇടിഞ്ഞിരിക്കുന്നു. ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകരെത്തുമ്പോള്‍ തുച്ഛമായ വിലയാണ് അവര്‍ക്ക് ലഭിക്കുന്നത്. സര്‍ക്കാര്‍ കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ആ വിലയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങുന്നില്ല. ചുരുങ്ങിയ പക്ഷം മുഴുവന്‍ ഉത്പന്നങ്ങളും വാങ്ങില്ല.

കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്ക് കാരണം സര്‍ക്കാറിന്റെ അലംഭാവമാണെന്നാണ് താങ്കള്‍ പറയുന്നത്. കുറഞ്ഞ താങ്ങുവില പോലും ലഭ്യമാക്കുന്നതിലുള്ള പരാജയം.
അവരത് ആദ്യ ബജറ്റില്‍ തന്നെ നടപ്പാക്കണമായിരുന്നു. ഇപ്പോഴേക്കും പ്രാബല്യത്തില്‍ കൊണ്ടുവരണമായിരുന്നു. അങ്ങനെയായിരുന്നുവെങ്കില്‍ കൂടുതല്‍ വിളകള്‍ അതിന്റെ പരിധിയില്‍ വരുമായിരുന്നു.

നടപ്പാക്കാത്ത വാഗ്ദാനം?
വാഗ്ദാനം നടപ്പായില്ല. കര്‍ഷകരുടെ പ്രതിസന്ധി അവര്‍ കാര്യമായെടുത്തില്ല. സര്‍ക്കാര്‍ ചെയ്തതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. കര്‍ഷകര്‍ രാജ്യത്താകെ പലവിധത്തില്‍ പ്രതിഷേധിക്കുകയാണ്. കര്‍ഷകരും നൂറിലധികം കര്‍ഷക സംഘടനകളും ഇപ്പോഴൊരു തീരുമാനമെടുത്തിരിക്കുന്നു, ജൂണ്‍ ഒന്ന് മുതല്‍ പത്ത് വരെ അവരുടെ ഉത്പന്നങ്ങള്‍ നഗരങ്ങളില്‍ വില്‍പ്പനക്ക് എത്തിക്കില്ലെന്ന്.

ഈ തീരുമാനം നഗര ജനതയെ വല്ലാതെ ബാധിക്കും?
കര്‍ഷകരുടെ ഉത്പന്നങ്ങളെ ആശ്രയിച്ചാണല്ലോ അവരുടെ നിലനില്‍പ്പ്.

ഇത് സാമൂഹിക സംഘര്‍ഷത്തിന് കാരണമായേക്കും?
അതെ

തൊഴിലവസരം
വര്‍ഷത്തില്‍ ഒരു കോടി തൊഴിലവസരം സൃഷ്ടിക്കുമെന്നാണ് മോഡി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. സര്‍ക്കാറിന്റെ രണ്ട് വിഭാഗങ്ങള്‍ തന്നെ ഇക്കാര്യത്തില്‍ വിരുദ്ധ ധ്രുവത്തിലാണ്. നിതി ആയോഗ് ചെയര്‍മാനും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ കമ്മീഷന്‍ അംഗവുമായ സുര്‍ജിത് ഭല്ല പറഞ്ഞത് അറുപത് ലക്ഷം മുതല്‍ ഒന്നരക്കോടി വരെ തൊഴിലവസരം ഈ വര്‍ഷം സൃഷ്ടിച്ചുവെന്നാണ്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി ഈ അവകാശവാദത്തെ തള്ളിക്കളയുന്നു. തൊഴിലവസര സൃഷ്ടി ഈ സര്‍ക്കാറിന്റെ വലിയ ശക്തിയാണോ. അതോ തെറ്റായ അവകാശവാദമോ?

ഇത് തെറ്റായ വാദം മാത്രമാണ്. തെറ്റെന്ന് തെളിയിക്കാന്‍ പല തെളിവുകളുമുണ്ട്. പക്ഷേ അതിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ പോകുന്നില്ല. ഒരു കാര്യം മാത്രം. സര്‍ക്കാറിന്റെ പ്രതീക്ഷക്കൊത്ത വിവരങ്ങള്‍ നല്‍കാത്ത ഏജന്‍സികളെ മാറ്റുക എന്നത് ഈ സര്‍ക്കാറിന്റെ ശീലമാണ്.

നല്ല ഫലം പ്രദാനം ചെയ്യുന്ന ഏജന്‍സികളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍.
അതെ. കൃത്യമായ ഇടവേളകളില്‍ വീടുകളില്‍ കയറിയിറങ്ങി, തൊഴില്‍ ലഭ്യതയെക്കുറിച്ചുള്ള വിവരം ശേഖരിക്കേണ്ടത് ലേബര്‍ ബ്യൂറോയാണ്. ഇവിടെ അവരുടെ കണക്കുകള്‍ സര്‍ക്കാറിന് പ്രതികൂലമാണ്.

അതുകൊണ്ട് അവര്‍ ഇ പി എഫ് ഒയിലേക്ക് തിരിഞ്ഞു?
എപ്ലോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനസൈഷനെ ആശ്രയിക്കാന്‍ അവര്‍ തീരുമാനിച്ചു. ഇ പി എഫ് ഒയുടെ കണക്ക് രസകരമാണ്. തൊഴില്‍ ദാതാവ് 20 ജീവനക്കാരെ നിയമിച്ചാല്‍ ഇ പി എഫ് ഒയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ചട്ടം. നേരത്തെ 19 പേരെ നിയോഗിച്ചിരുന്ന തൊഴില്‍ ദാതാവ്, പുതുതായി ഒരാളെ നിയമിച്ചാല്‍ ഇ പി എഫ് ഒയില്‍ രജിസ്റ്റര്‍ ചെയ്യും. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 20 പുതിയ തൊഴിലവസരമെന്നാണ് നിതി ആയോഗിന്റെ കണക്ക്. 19 പേര്‍ നേരത്തെ തന്നെ തൊഴില്‍ ചെയ്തിരുന്നവരാണെന്നത് അവര്‍ കണക്കാക്കുന്നില്ല.

നിതി ആയോഗ് പറയുന്ന കണക്ക് ചോദ്യംചെയ്യപ്പെടേണ്ടതാണ്. അല്ലെങ്കില്‍ അത് പൂര്‍ണമായും തെറ്റാണ്.
അത് തന്നെയാണ് ഞാന്‍ പറയുന്നത്. നിങ്ങള്‍ വളര്‍ച്ചാ നിരക്ക് എടുക്കൂ, തൊഴിലവസരമെടുക്കൂ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കണക്കെടുക്കൂ. അതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെടും വരെ അതൊന്നും വിശ്വസിക്കാനാകില്ല.

സാമ്പത്തിക പരിഷ്‌കാരങ്ങള്‍

സാമ്പത്തിക രംഗമാകെ മാറുമെന്നതായിരുന്നു മോഡി സര്‍ക്കാറിന്റെ വാഗ്ദാനം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മുഖം മാറ്റുമെന്നായിരുന്നു പ്രഖ്യാപനം. ഇപ്പോള്‍ അതേക്കുറിച്ച് ചോദിക്കുമ്പോള്‍ ജി എസ് ടി, നോട്ട് പിന്‍വലിക്കല്‍, ബാങ്ക്‌റപ്റ്റസി കോഡ്, റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ നിയമം, ആര്‍ ബി ഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി, ജന്‍ ധന്‍ യോജന, ഉജ്ജ്വല്‍ യോജന, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പാചക വാതക കണക്ഷന്‍ തുടങ്ങി പല കാര്യങ്ങളാണ് പറയുന്നത്. ഇതാണോ മോഡി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സമൂലമായ മാറ്റം?

ഒരു സര്‍ക്കാര്‍ സാമൂഹികക്ഷേമം മുന്‍നിര്‍ത്തി നടപ്പാക്കുന്ന പദ്ധതികളും സാമ്പത്തിക പരിഷ്‌കാരങ്ങളും രണ്ടാണ്. സാമൂഹികക്ഷേമ പദ്ധതികളെ സാമ്പത്തിക പരിഷ്‌കാരമായി കാണാന്‍ സാധിക്കില്ല. അങ്ങനെയാണെങ്കില്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിവയെല്ലാം പരിഷ്‌കാരത്തിന്റെ പരിധിയില്‍ വരും.

ബാങ്ക്‌റപ്റ്റ്‌സി കോഡ് പരിഷ്‌കാരമാണെന്ന് സമ്മതിക്കാം. പക്ഷേ, അതിന് പ്രായോഗികമായ ചില പ്രശ്‌നങ്ങളുണ്ട്. അതേക്കുറിച്ച് അവര്‍ ചിന്തിക്കുന്നതേയില്ല. നോട്ട് പിന്‍വലിച്ച നടപടി നല്ല പരിഷ്‌കാരമേ അല്ല. അതിനെ സാമ്പത്തിക പരിഷ്‌കരണ് നടപടിയെന്ന് വിളിക്കുന്നത് തന്നെ അബദ്ധം. ജി എസ് ടിയാണ് അവര്‍ ഏറ്റെടുത്ത പരിഷ്‌കരണം. അത് തന്നെ തെറ്റായ രീതിയില്‍ നടപ്പാക്കി. ഉപഭോക്താക്കള്‍ക്കും രാജ്യത്തിനും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ട്.

നിശ്ചയദാര്‍ഢ്യമില്ലാത്തതാണോ കാരണം?
നിങ്ങളീ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം നോക്കൂ. ഈ സര്‍ക്കാറിനും പ്രധാനമന്ത്രിക്കും തുടക്കത്തില്‍ നല്ല കരുത്തുണ്ടായിരുന്നു. തൊഴിലുള്‍പ്പെടെ വിവിധ മേഖലകളില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ പാകത്തിലുള്ള കരുത്ത്.

ആ അവസരം പ്രയോജനപ്പെടുത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു?
പാര്‍ലിമെന്റിലെ ഭൂരിപക്ഷം പ്രയോജനപ്പെടുത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. പരിഷ്‌കാരങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് തന്റെ ഓഫീസിന്റെ കരുത്ത് ഉപയോഗിക്കാന്‍ സാധിച്ചില്ല. ഒരു കാര്യം കൂട്ടിച്ചേര്‍ക്കട്ടെ – ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി. അതൊരു വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു. ബാങ്കുകള്‍ പരാജയമാകുകയാണ്. ബാങ്കുകളെ വലിയ തട്ടിപ്പിന് ഉപയോഗപ്പെടുത്തുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെയാണ് തട്ടിപ്പുകള്‍ അരങ്ങേറിയത്. സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നു. ജനങ്ങള്‍ നികുതിയായി നല്‍കുന്ന പണം ബാങ്കുകള്‍ക്ക് മൂലധനമായി നല്‍കിയില്ലെങ്കില്‍ അവ ഒന്നൊന്നായി തകരുമെന്ന സ്ഥിതിയാണ്.

നോട്ട് പിന്‍വലിക്കലും കള്ളപ്പണവും

നോട്ട് പിന്‍വലിച്ച നടപടിയിലേക്ക് വരാം. ഏറ്റം വിവാദമായ സാമ്പത്തിക തീരുമാനമായിരുന്നു അത്. കള്ളപ്പണം, കള്ളനോട്ട്, ഭീകരവാദികള്‍ക്കുള്ള സാമ്പത്തിക പിന്തുണ എന്നിവയൊക്കെ ഇല്ലാതാക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാദം. കറന്‍സിയെ ആശ്രയിക്കുന്ന അവസ്ഥയില്‍ കുറവുണ്ടാക്കുക എന്ന ലക്ഷ്യം പിന്നീട് പ്രഖ്യാപിച്ചു. ഒന്നര വര്‍ഷമായി. ഈ ലക്ഷ്യങ്ങളൊക്കെ സാധിച്ചോ?

2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നടത്തിയ പ്രസിദ്ധമായ പ്രസംഗത്തില്‍ പറഞ്ഞ ലക്ഷ്യങ്ങളിലൊന്ന് പോലും സാധിച്ചിട്ടില്ല. വിപണിയിലുണ്ടായിരുന്ന പണം മുഴുവന്‍ തിരികെ എത്തി. എന്തുകൊണ്ടാണ് അവര്‍ കണക്കുകള്‍ പുറത്തുവിടാത്തത്. ഏറ്റവും ലളിതമായ കാര്യം, ദൈവത്തെ ഓര്‍ത്ത്, എത്ര പണം തിരിച്ചെത്തി എന്ന് പറയൂ. ആര്‍ ബി ഐ ആ കണക്ക് പറയില്ല. 99.8 ശതമാനം തിരിച്ചെത്തി എന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്കുകളിലെ കണക്ക് ഇതുവരെ വന്നിട്ടില്ല. നേപ്പാളും ഇതര അയല്‍ രാജ്യങ്ങളും ഉപയോഗിക്കുന്ന ഇന്ത്യന്‍ കറന്‍സിയും തിരിച്ചെത്തിയില്ല. പിന്നെ എങ്ങനെയാണ് ഇത്രയും പണം തിരികെ എത്തുന്നത്. നോട്ട് പിന്‍വലിച്ചാല്‍ നാല് ലക്ഷം കോടി രൂപ ഖജനാവിലെത്തുമെന്ന് ആരോ ചിലര്‍ പ്രധാനമന്ത്രിയോട് പറഞ്ഞു.

എ ജി ഇക്കാര്യം കൃത്യമായി പറഞ്ഞു. സുപ്രീം കോടതിയിലും പറഞ്ഞു. നാല് മുതല്‍ അഞ്ച് വരെ ലക്ഷം കോടി രൂപ ഇല്ലാതാകും. അത് സര്‍ക്കാറിലേക്ക് വരും.
അത് ഉണ്ടായില്ല.

16,000 കോടി രൂപയാണ് സര്‍ക്കാറിന് കിട്ടിയത്.
അതാണ്. ഇവിടെയാണ് അവര്‍ പരാജയപ്പെട്ടത്.

പതിനെട്ട് ലക്ഷത്തിലധികം ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച് വരികയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ പരിശോധന പൂര്‍ത്തിയാകുമ്പോള്‍ വലിയ അളവില്‍ കള്ളപ്പണം കണ്ടെത്തുമെന്നും. അത് കഴിഞ്ഞാല്‍ നികുതിയിളവുകളുടെ കളിയായിരിക്കുമെന്നും പറയുന്നു. ഇത് തെറ്റിദ്ധരിപ്പിക്കലാണോ?
അക്കാലത്ത് ബാങ്കുകളില്‍ പണം നിക്ഷേപിച്ചവര്‍ക്കൊക്കെ അറിയാം, ഇതേക്കുറിച്ച് പരിശോധനയുണ്ടാകുമെന്ന്. അവര്‍ ന്യായങ്ങള്‍ കണ്ടെത്തിയിട്ടുണ്ടാകും. ആദായനികുതി വകുപ്പിന്റെ നടപടികളെക്കുറിച്ച് അറിയാമെങ്കില്‍, ഇത് കള്ളപ്പണമാണെന്ന് ആദായ നികുതി വകുപ്പ് പറഞ്ഞാല്‍, ഉടമകള്‍ അപ്പീല്‍ കമ്മീഷണറെ സമീപിക്കും. എവിടെയൊക്കെ പോകാമോ അവിടെയൊക്കെ പോകും. ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമൊക്കെ.

അതൊരു അവസാനിക്കാത്ത നിയമയുദ്ധമാകും?
അവസാനിക്കാത്തത്. ആയിരക്കണക്കിന് കോടി രൂപ ഈ നിയമയുദ്ധത്തില്‍പെട്ട് കിടക്കും. കള്ളപ്പണം കണ്ടെടുക്കും. അതിന് ശേഷം നികുതിയിളവുകള്‍ നല്‍കും എന്നൊക്കെ പറയുന്നത് വിഡ്ഢിത്തമാണ്. കള്ളപ്പണം രാജ്യത്ത് തുടരുകയാണ്.

നോട്ട് പിന്‍വലിക്കലിന്റെ ആഘാതം

നോട്ട് പിന്‍വലിച്ച നടപടി സാമ്പത്തിക വ്യവസ്ഥയ്ക്കുണ്ടാക്കിയ അപകടം എത്രയാണ്. ആ അപകടം അവസാനിച്ചോ?
വലിയ അപകടമാണ് അതുണ്ടാക്കിയത്. സാധാരണക്കാര്‍ക്ക് ഒരുപാട് പണം നഷ്ടമായി. അത് തിരിച്ചെടുക്കാനാകില്ല. അകോലയിലെ ഒരു ഓറഞ്ച് കര്‍ഷകന്‍ പറഞ്ഞത് ഓര്‍ക്കുന്നു. നോട്ട് പിന്‍വലിച്ചത് മൂലം രണ്ട് ലക്ഷം രൂപയാണ് അയാള്‍ക്ക് നഷ്ടമായത്. അതാരാണ് തിരികെക്കൊടുക്കുക? ഇങ്ങനെ ദുരിതത്തിലായ ലക്ഷക്കണക്കിനാളുകളുണ്ട്.

നോട്ട് പിന്‍വലിച്ചത്, അസംഘടിത മേഖലയില്‍ എന്ത് ആഘാതമുണ്ടാക്കി എന്നത് പരിശോധിച്ചിട്ടേയില്ല.
ഇല്ല. അവിടെ കച്ചവടം തകര്‍ന്നിട്ടുണ്ട്. തൊഴില്‍ ഇല്ലാതായിട്ടുണ്ട്. ഒരുപാട് പേര്‍ തൊഴിലിടത്തില്‍ നിന്ന് വീട്ടിലേക്ക് പറഞ്ഞയക്കപ്പെട്ടു. ഇതിനുള്ള വലിയ തെളിവ് ദേശീയ തൊഴിലുറപ്പ് പദ്ധതിയാണ്. ബജറ്റില്‍ നീക്കിവെച്ചതിനെക്കാള്‍ അധികം ഇവിടെ ചെലവിടേണ്ടി വന്നു. 40,000ത്തില്‍ നിന്ന് 55,000 കോടിയിലേക്ക്. ചിലപ്പോള്‍ അതിലും അധികം.

അതൊരു തെളിവാണ്. ജനം ദുരിതത്തിലായതുകൊണ്ടാണ് അത് വേണ്ടിവന്നത്.
ആളുകള്‍, വ്യവസായ മേഖലയില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് മടങ്ങി. സ്വന്തം ഗ്രാമത്തില്‍ ജോലി അന്വേഷിക്കാനും തുടങ്ങി

നോട്ട്പിന്‍വലിച്ചതിനുള്ള വില നമ്മള്‍ ഇപ്പോഴും നല്‍കിക്കൊണ്ടിരിക്കുകയാണോ? അതോ ആ ഘട്ടം കഴിഞ്ഞോ?
ഇല്ല, ക്രമേണ മാറിയേക്കാം.

കശ്മീര്‍

നമുക്ക് മറ്റൊരു വിഷയത്തിലേക്ക് വരാം. സാമ്പത്തികമല്ല. കശ്മീര്‍ ഇന്ന് എല്ലാ ദിവസവും പത്രങ്ങളുടെ മുന്‍പേജിലുണ്ട്. 2014നെ അപേക്ഷിച്ച് ഭീകരവാദപ്രവര്‍ത്തനം 160 ശതമാനം കൂടി. തീവ്രവാദ സംഘങ്ങളിലേക്ക് എത്തുന്ന കശ്മീരികളുടെ എണ്ണം ഇരട്ടിയും. മൂന്ന് ദിവസത്തിലൊരിക്കല്‍ ഒരു കശ്മീരി ചെറുപ്പക്കാരന്‍ തീവ്രവാദ സംഘടനയുടെ ഭാഗമാകുന്നുവെന്നാണ് കണക്ക്. മോഡി സര്‍ക്കാറിന്റെ അടിച്ചമര്‍ത്തല്‍ നയം കശ്മീരില്‍ സമാധാനം കൊണ്ടുവരുന്നില്ല. ആ സംസ്ഥാനത്തെ അപകടമുനമ്പിലെത്തിക്കുകയും ചെയ്തു. നിങ്ങള്‍ക്ക് കശ്മീരിനെ നന്നായി അറിയാം. ഈ സര്‍ക്കാറിന്റെ നയങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

സര്‍ക്കാര്‍ നയം കാര്യങ്ങള്‍ വഷളാക്കിയിരിക്കയാണ്. കശ്മീരി ജനത കൂടുതല്‍ അന്യവത്കരിക്കപ്പെട്ടു. റമദാന്‍ പ്രമാണിച്ച് സൈനിക നടപടികള്‍ നിര്‍ത്തിവെക്കാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ ഞങ്ങളൊക്കെ പിന്തുണയ്ക്കുന്നു. പക്ഷേ ഒരൊറ്റ കശ്മീരി സംഘടനയും അതിനോട് പ്രതികരിച്ചില്ല. ഇതൊരുപക്ഷേ പുതിയ നയത്തിന്റെ തുടക്കമാകാം. പക്ഷേ നിലവിലുള്ള നയമാകെ മാറ്റിയേ മതിയാകൂ. കശ്മീരിലെ ജനങ്ങളുടെ ഹൃദയം കീഴടക്കണം. അവരെ കൂടുതല്‍ ചേര്‍ത്തുനിര്‍ത്തണം. അല്ലെങ്കില്‍ പ്രതീക്ഷ വേണ്ട.

റമദാനിലെ വെടിനിര്‍ത്തല്‍, അവരങ്ങനെയാണ് വിളിക്കുന്നത്, അവിടുത്ത ജനങ്ങളുമായി അടുപ്പമുണ്ടാക്കാന്‍ സഹായിക്കുമോ. ഇത് തീര്‍ത്തും അപര്യാപ്തമായ, വൈകിയെടുത്ത നടപടിയായോ?

ഇല്ല, ഇത് മതിയായ നടപടിയല്ല. ഒരു വര്‍ഷം മുമ്പ് ഒരാളെ സര്‍ക്കാര്‍ നിയമിച്ചു.

ദിനേശ്വര്‍ ശര്‍മ?
അതെ, കശ്മീരികളുമായി സംസാരിക്കുകയായിരുന്നു ദൗത്യം. അദ്ദേഹം മധ്യസ്ഥനാണോ അല്ലേ എന്നതില്‍ സംശയമുണ്ട്?

പ്രത്യേക പ്രതിനിധിയെന്നാണ് സര്‍ക്കാര്‍ വിളിക്കുന്നത്.
അതെ, അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ അധികാരമെന്താണ്? അദ്ദേഹത്തിന് നല്‍കിയ സമയപരിധിയെന്താണ്? അതൊന്നും നിര്‍വചിച്ചിട്ടില്ല. എന്റെ അനുഭവത്തില്‍, ഞാന്‍ സംസാരിച്ച കശ്മീരി ജനങ്ങളെല്ലാം സമയബന്ധിതമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തയാറാണ്. 2018 ഡിസംബര്‍ 31 ആകുമ്പോഴേക്ക് ഒരു പരിഹാരം. ഏത് വഴിയിലായാലും. നമുക്ക് തുറന്നൊരു സംസാരം വേണം. ദിനേശ്വര്‍ ശര്‍മയെ നിയമിച്ചതുകൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല.

കഴിഞ്ഞ ആറോ എട്ടോ മാസത്തിനിടെയുണ്ടായ സംഗതി, ആണ്‍കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടികളും കല്ലെറിയാന്‍ ശീലിച്ചുവെന്നതാണ്. ഈ യുവാക്കള്‍ക്ക് ജീവനില്‍ ഭയമില്ല. കശ്മീരി യുവതയുടെ വികാരം എന്താണ്?
ഷോപിയാനില്‍ അടുത്തിടെ ഒരു യോഗത്തില്‍ പങ്കെടുത്തിരുന്നു. അവിടെ ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു, ‘ഞാനിവിടെ വന്നത്, ഇന്ത്യന്‍ സര്‍ക്കാറിന് നന്ദി പറയാനാണ്. മരണത്തെക്കുറിച്ചുള്ള ഭയം ഞങ്ങളുടെ മനസ്സില്‍ നിന്ന് ഒഴിവാക്കിയതിന്’.

ദിനേശ്വര്‍ ശര്‍മയെ നിയമിച്ച്, ഒരു മരീചിക സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ചര്‍ച്ചയ്ക്ക് തയാറെന്ന തോന്നല്‍. അര്‍ത്ഥവത്തായ സംഭാഷണമൊന്നും ശര്‍മ നടത്തുന്നില്ലെന്നതാണ് വാസ്തവം. അതേസമയം യുവാക്കളായ കശ്മീരികളെ നമുക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു.
നമ്മളോടുള്ള വൈകാരിക അടുപ്പം അവര്‍ക്ക് നഷ്ടമായിക്കഴിഞ്ഞു. ആയുധമെടുക്കുന്ന കശ്മീരി യുവാക്കളുടെ എണ്ണമാണ് നിങ്ങള്‍ പരാമര്‍ശിച്ചത്. യുവാക്കള്‍ അതിന് സന്നദ്ധരാകുന്നുവെന്നതിനെക്കാള്‍ പ്രധാനമാണ്, ആയുധങ്ങള്‍ ധാരാളമായി കിട്ടുന്നുവെന്നത്. എന്നാല്‍ ഇതൊന്നും മോഡി സര്‍ക്കാറിനെ അലട്ടുന്ന പ്രശ്‌നമല്ല. കശ്മീരിലെ ഏതെങ്കിലും സംഭവത്തില്‍ ഈ സര്‍ക്കാര്‍ വേവലാതി പ്രകടിപ്പിച്ചിട്ടുണ്ടോ? വിധേയരായ മാധ്യമങ്ങളുടെ പിന്തുണയില്‍, പ്രത്യേകിച്ച് ഡല്‍ഹി കേന്ദ്രമായ ടി വി ചാനലുകളുടെ, അഭിരമിക്കുകയാണ് സര്‍ക്കാര്‍. ഈ ചാനലുകള്‍ എല്ലാ വൈകുന്നേരങ്ങളിലും ചോദ്യങ്ങളുന്നയിക്കും. ആരാണിവര്‍? എല്ലാ വൈകുന്നേരങ്ങളിലും ഒച്ചപ്പാടുണ്ടാക്കുന്നവര്‍? എന്ത് സംഭവിക്കുന്നു? ഒരു കല്ല് എറിയപ്പെടുന്നു.

ജമ്മു കശ്മീരിലെ ബി ജെ പി – പി ഡി പി സര്‍ക്കാറും ഈ പ്രശ്‌നത്തിന്റെ ഭാഗമാണെന്ന് കരുതുന്നുണ്ടോ?
വൈരുധ്യങ്ങളുടെ സങ്കലനമാണത്. ജമ്മു കേന്ദ്രമായ ബി ജെ പിയും താഴ്‌വര കേന്ദ്രീകരിക്കുന്ന പി ഡി പിയും. ബി ജെ പിയുടെ മന്ത്രിമാര്‍ ജമ്മുവില്‍ കേന്ദ്രീകരിക്കുന്നു. സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളെക്കുറിച്ച് അവര്‍ക്ക് ആശങ്കയില്ല. പി ഡി പിയുടെ മന്ത്രിമാര്‍ താഴ്‌വരയിലും കേന്ദ്രീകരിക്കുന്നു. ഈ സര്‍ക്കാര്‍ മാറേണ്ട സമയമായെന്ന് പലരും പറയുന്നുണ്ട്. ചിലരെങ്കിലും രാഷ്ട്രപതി ഭരണം നിര്‍ദേശിക്കുന്നു. അത് അവസ്ഥ കൂടുതല്‍ കലുഷിതമാക്കും. (തുടരും)
യശ്വന്ത് സിന്‍ഹ/ കരണ്‍ ഥാപ്പര്‍
(കടപ്പാട്: ദി വയര്‍)

You must be logged in to post a comment Login