ഉര്‍ദുഗാന്‍: തുര്‍ക്കിയുടെ പിതാവ്

ഉര്‍ദുഗാന്‍: തുര്‍ക്കിയുടെ പിതാവ്

തുര്‍ക്കിയില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ വിജയം ഒട്ടും അപ്രതീക്ഷിതമല്ല. ഒന്നാം ഘട്ടത്തില്‍ തന്നെ അതുണ്ടാകുമോ അതോ ആര്‍ക്കും അമ്പത് ശതമാനത്തിലധികം വോട്ട് ലഭിക്കാതെ, മുമ്പിലെത്തിയ രണ്ട് പേര്‍ തമ്മില്‍ രണ്ടാം ഘട്ടത്തില്‍ മത്സരിക്കുമോ എന്നത് മാത്രമായിരുന്നു ചോദ്യം. മൂന്ന് സാധ്യതകളാണ് പ്രവചിക്കപ്പെട്ടത്. ഉര്‍ദുഗാനിസത്തിന്റെ സമ്പൂര്‍ണ വിജയമാണ് ഒന്നാമത്തേത്. ആദ്യഘട്ടത്തില്‍ തന്നെയോ രണ്ടാം ഘട്ടത്തിലൂടെയോ പ്രസിഡന്റായി ഉര്‍ദുഗാന്‍ വരിക. അദ്ദേഹത്തിന്റെ പാര്‍ട്ടി ഉള്‍പ്പെടുന്ന സഖ്യത്തിന് പാര്‍ലിമെന്റിലും ഭൂരിപക്ഷമുണ്ടാകുക. രാജ്യത്തെ എക്‌സിക്യൂട്ടീവ് പ്രസിഡന്റായി ഒരു ഇടപെടലുമില്ലാതെ ഭരണം കൊണ്ടുപോകാനും തനിക്ക് ഏറ്റവും ഹിതകരമായ മന്ത്രിസഭ രൂപവത്കരിക്കാനും ഉര്‍ദുഗാനെ പ്രാപ്തനാക്കുന്ന ഫലം. അതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഉര്‍ദുഗാന് 52.6 ശതമാനം വോട്ട് ലഭിച്ചു. തൊട്ടടുത്ത എതിരാളി മുഹര്‍റം ഇന്‍ജക്ക് 30.6 ശതമാനം വോട്ടേ നേടാനായുള്ളൂ. പിറകേയുള്ള നാല് സ്ഥാനാര്‍ത്ഥികള്‍ക്കും പത്ത് ശതമാനത്തില്‍ താഴെയാണ് വോട്ട്.

പ്രസിഡന്റ് ഉര്‍ദുഗാന്‍ തന്നെ; എന്നാല്‍ പാര്‍ലിമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടി കൂട്ടായ്മക്ക് ഭൂരിപക്ഷം. ഇതായിരുന്നു പ്രവചിക്കപ്പെട്ട രണ്ടാമത്തെ സാധ്യത. മിക്ക രാഷ്ട്രീയ നിരീക്ഷകരും ഈ സാധ്യതക്കാണ് മാര്‍ക്കിട്ടത്. നാല് പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപവത്കരിച്ച ദേശീയ സഖ്യത്തിന് നല്ല ശക്തിയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ആ പ്രവചനം. ഉര്‍ദുഗാന്റെ സമഗ്രാധിപത്യത്തിന് തടയിടുക എന്ന ഒറ്റ അജന്‍ഡയുടെ പുറത്ത് രൂപപ്പെടുത്തിയ വിചിത്ര സഖ്യമായിരുന്നു അത്. സോഷ്യലിസ്റ്റുകളും നിര്‍മത വാദികളും തീവ്രവലതുപക്ഷ സ്വഭാവമുള്ളവരുമെല്ലാം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പിറ്റേന്ന് കൈകോര്‍ത്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉര്‍ദുഗാനെ മറികടക്കാന്‍ സാധിക്കില്ലെന്ന് അവര്‍ക്ക് തന്നെ നന്നായി അറിയാം. പക്ഷേ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കൊള്ളാവുന്ന സീറ്റുകള്‍ സമാഹരിച്ചാല്‍ ഉര്‍ദുഗാന് കടിഞ്ഞാണിടാന്‍ കഴിയുമെന്നാണ് അവര്‍ കണക്കു കൂട്ടിയത്. ജനങ്ങള്‍ പക്ഷേ അത് അനുവദിച്ചില്ല. സുസ്ഥിരവും ഇടപെടലുകളില്ലാത്തതുമായ ഒരു ഭരണത്തിനുള്ള മാന്‍ഡേറ്റാണ് അവര്‍ നല്‍കിയത്. ഉര്‍ദുഗാന്റെ അക് പാര്‍ട്ടി 42ശതമാനം വോട്ട് കരസ്ഥമാക്കി. അക് പാര്‍ട്ടിയുടെ സഖ്യ കക്ഷിയായ എം എച്ച് പി 11 ശതമാനം നേടി. സഖ്യത്തിന് മൊത്തം 53 ശതമാനം.

തുര്‍ക്കി ജനത യൂറോപ്പിലെ മുഖ്യധാരാ മാധ്യമങ്ങളുടെ പ്രചാരണത്തില്‍ വീഴുകയും പാര്‍ലിമെന്ററി സമ്പ്രദായത്തോട് ഗൃഹാതുരമായ അടുപ്പം പുലര്‍ത്തുകയും ചെയ്താല്‍ സംഭവിക്കാവുന്ന വിദൂരസാധ്യതയായിരുന്നു മൂന്നാമത്തേത്. ഉര്‍ദുഗാനിസത്തിന്റെ സമ്പൂര്‍ണ പരാജയം. അദ്ദേഹം തോല്‍ക്കുന്നു; സഖ്യവും. തുര്‍ക്കിയില്‍ വല്ലാത്തൊരു അസ്ഥിരത സൃഷ്ടിക്കുന്ന ഫലമാകുമായിരുന്നു ഇത്. പാശ്ചാത്യ ശക്തികള്‍ ആഗ്രഹിച്ചത് ഈ ഫലമായിരുന്നുവെന്ന് മുഖ്യധാരയെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങളുടെ ഇച്ഛാഭംഗം കണ്ടാല്‍ മനസിലാക്കാം. മൂന്ന് കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഉര്‍ദുഗാന്റെയും പാര്‍ട്ടിയുടെയും പതനം സാധ്യമാകുമെന്ന് വിലയിരുത്തപ്പെട്ടത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയാണ് ഒന്നാമത്തേത്. ലിറയുടെ മൂല്യം കുത്തനെ ഇടിയുകയാണ്. തൊഴിലില്ലായ്മ രൂക്ഷമാണ്. യൂറോപ്യന്‍ യൂനിയനില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ വ്യാപാര മേഖലയില്‍ പ്രതിഫലിച്ചിരിക്കുന്നു. 2016ലെ സൈനിക അട്ടിമറി ശ്രമത്തിന് ശേഷം പ്രഖ്യാപിച്ച അടിയന്തരാവസ്ഥയും അട്ടിമറി ശ്രമത്തില്‍ ഉള്‍പ്പെട്ടുവെന്ന് ആരോപിക്കപ്പെട്ടവര്‍ക്ക് നേരെ കൈകൊണ്ട ശിക്ഷാനടപടികളും പിരിച്ചുവിടലുകളും മൊത്തം ഭരണസംവിധാനത്തെ തന്നെ കുഴച്ച് മറിച്ചിരിക്കുന്നു. ഇപ്പറഞ്ഞവയെല്ലാം വസ്തുതകളായിരുന്നുവന്ന് സമ്മതിച്ചേ തീരൂ. രണ്ടാമത്തെ കാരണമായി ചൂണ്ടിക്കാട്ടിയത് പാര്‍ലിമെന്ററി സംവിധാനത്തോട് തുര്‍ക്കി ജനതക്ക് ഇപ്പോഴും ആഭിമുഖ്യമുണ്ടെന്നാണ്. ഇതു സംബന്ധിച്ചുള്ള ഹിതപരിശോധനയില്‍ 51.4 ശതമാനം പേര്‍ മാത്രമാണ് യെസ് പക്ഷത്തെ പിന്തുണച്ചത്. പ്രസിഡന്റിന് വന്‍ അധികാരം സമ്മാനിക്കുന്ന ഹിതപരിശോധനയില്‍ ഉര്‍ദുഗാന്‍ കഷ്ടിച്ച് രക്ഷപ്പെട്ടുവെന്നര്‍ത്ഥം. പ്രതിപക്ഷ ഐക്യമാണ് മറ്റൊരു ഘടകം. ഈ ഘടകങ്ങളെയാകെ മറികടന്ന് ഉര്‍ദുഗാന്‍ വിജയം സാധ്യമാക്കിയതെങ്ങനെയാണ്?

നേരത്തെയാക്കലിന്റെ രാഷ്ട്രീയം
2019 നംവബറില്‍ നടക്കേണ്ട തിരഞ്ഞെടുപ്പ് നേരത്തെയാക്കുകയും പ്രസിഡന്റ,് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് പ്രഖ്യാപിക്കുകയുമാണ് ഉര്‍ദുഗാന്‍ പുറത്തെടുത്ത ആദ്യത്തെ തന്ത്രം. അതൊരു കൈവിട്ട കളിയായിരുന്നു. പ്രചാരണത്തിന് സമയം നല്‍കാതെ പറ്റിച്ചുവെന്ന് പ്രതിപക്ഷവും പാശ്ചാത്യ ഏജന്‍സികളും മുറവിളി കൂട്ടി. അടിയന്തരാവസ്ഥ നിലനില്‍ക്കെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് പ്രതിപക്ഷ പ്രവര്‍ത്തനം പരിമിതപ്പെടുത്താനാണെന്നും വിമര്‍ശമുയര്‍ന്നു. ജയിലില്‍ നിന്ന് മത്സരിക്കുന്ന ദിമിര്‍താസിനെ ഇതിനായി ഉയര്‍ത്തിക്കാണിച്ചു. ഉര്‍ദുഗാന്‍ ആ വിമര്‍ശങ്ങളെ മുഴുവന്‍ തള്ളിക്കളഞ്ഞു. ഒരര്‍ത്ഥത്തില്‍ ഈ നേരത്തെയാക്കലാണ് ഉര്‍ദുഗാന്റെ വിജയം അനായാസമാക്കിയത്. 2016ലെ സൈനിക അട്ടിമറി ജനങ്ങളുടെ മനസില്‍ നിന്ന് മായാന്‍ പാടില്ലെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. കാരണം അത്രമേല്‍ ശക്തമായ ദേശീയ വികാരമാണ് ആ അട്ടിമറി ശ്രമം സൃഷ്ടിച്ചത്. ഉര്‍ദുഗാന്‍ എന്ന നേതാവിന്റെ പടിപടിയായ വളര്‍ച്ചയില്‍ വന്‍ കുതിച്ചുചാട്ടമാണ് അത് സമ്മാനിച്ചത്. രാജ്യമെന്ന വികാരം ജ്വലിച്ച് നിന്നാല്‍ മറ്റെല്ലാം അതില്‍ ചാമ്പലാകുമെന്ന് ഉര്‍ദുഗാന് നന്നായറിയാം.
‘നാടിനെ നിതാന്തമായ ഇരുട്ടിലേക്ക് തള്ളിവിടാന്‍ മാത്രം ഇരുട്ടുണ്ടായിരുന്നു ആ രാത്രിക്ക്. എന്നാല്‍ ഞങ്ങള്‍ അതിനെ പ്രകാശപൂരിതമാക്കിയിരിക്കുന്നു. അതുകൊണ്ട് ഈ രാജ്യം നിറയെ വെളിച്ചമുള്ള പ്രഭാതത്തിലേക്ക് ഉണര്‍ന്നിരിക്കുന്നു’ തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം നടന്നതിന്റെ പിറ്റേന്ന് (2016 ജൂലൈ 16ന്) തക്‌സിം ചത്വരത്തില്‍ ദേശീയ പതാകയുമായി ഒത്തുകൂടിയ പതിനായിരങ്ങളിലൊരാള്‍ വിദേശ മാധ്യമ പ്രതിനിധിയോട് പറഞ്ഞ വാക്കുകളാണ് ഇത്. രാജ്യത്തിന്റെ രാഷ്ട്രീയ അധികാരം പട്ടാള ബാരക്കുകളില്‍ ബന്ദിയാക്കപ്പടുമായിരുന്ന ചരിത്രസന്ധിയെ സമീപകാല ലോകചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ ചെറുത്തുനില്‍പിലൂടെ മറികടക്കുകയാണ് തുര്‍ക്കി ജനത ചെയ്തത്. അതിന്റെ ആശ്വാസവും അഭിമാനവുമുണ്ട് ഈ വാക്കുകളില്‍. ബോസ്ഫറസ് പാലത്തില്‍ സാധാരണ മനുഷ്യര്‍ ഇരച്ചെത്തി. കൈയില്‍ കിട്ടിയതെന്തും അവര്‍ക്ക് ആയുധമായി. സൈനിക ടാങ്കുകള്‍ക്ക് മുന്നില്‍ കിടന്നു. സംഘമായി സൈനികരെ വളഞ്ഞു. ചിതറിപ്പോയ പട്ടാളക്കാരെ അവര്‍ ആക്രമിച്ചു. ചിലരെ ബന്ദികളാക്കി. പാര്‍ലിമെന്റ് മന്ദിരമടക്കം തലസ്ഥാന നഗരയിലെ സുപ്രധാന കേന്ദ്രങ്ങളെല്ലാം പിടിച്ചെടുത്തുവെന്നും രാജ്യത്ത് പുതിയ ഭരണസംവിധാനം സ്ഥാപിച്ചുവെന്നും സൈനികരില്‍ ചിലര്‍ ഔദ്യോഗിക വാര്‍ത്താചാനല്‍ വഴി പ്രഖ്യാപിക്കുമ്പോള്‍ തന്നെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഫേസ്‌ടൈം ആപ്‌ളിക്കേഷനിലൂടെ ജനങ്ങളോട് സംസാരിച്ചു. രാജ്യത്തെ രക്ഷിക്കാന്‍ തെരുവിലിറങ്ങുകയെന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. ഭരണകക്ഷിയായ എ കെ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ മാത്രമല്ല, പ്രതിപക്ഷ പ്രവര്‍ത്തകരും ഈ ആഹ്വാനം ശിരസ്സാവഹിച്ചു. ഇരുട്ടിലേക്ക് ജനകീയ ശക്തിയുടെ മഹാപ്രവാഹം.

അട്ടിമറികള്‍ ആധുനിക തുര്‍ക്കിക്ക് പുതുമയല്ല. 1960, 1971, 1973, 1980, 1997 വര്‍ഷങ്ങളിലെല്ലാം ഈ ജനത അത് കണ്ടതാണ്. അന്നൊക്കെ അധികാരം ചെറു ന്യൂനപക്ഷത്തിന്റെ കൈകളിലേക്ക് നീങ്ങുന്നതും ജനകീയമായ അഭിവാഞ്ജകള്‍ അപ്രസക്തമാകുന്നതുമാണ് കണ്ടത്. മനുഷ്യരുടെ ജീവിതത്തെ ഒരു നിലക്കും മുന്നോട്ട് നയിക്കാന്‍ ആ ഭരണമാറ്റങ്ങളൊന്നും ഉപകരിച്ചിട്ടില്ല. മെച്ചപ്പെട്ടത് കൊണ്ടുവരില്ലെന്ന് ഉറപ്പുള്ള ഒന്നിനെ എന്തിന് പിന്തുണക്കണമെന്ന ചിന്ത ജനങ്ങളില്‍ ഉണ്ടാകുന്നത് സ്വാഭാവികം. ആ ചിന്തക്കാണ് പ്രസിഡന്റ് കാവലിരുന്നത്. മാത്രവുമല്ല കൃത്യമായ തുടര്‍നടപടികളിലൂടെ യഥാര്‍ത്ഥ ‘അതാതുര്‍ക്ക്’താനാണെന്ന് തെളിയിക്കാന്‍ ഉര്‍ദുഗാന് സാധിച്ചു. (മുസ്തഫാ കമാല്‍പാഷ സ്വയം എടുത്തണിഞ്ഞ വിശേഷണമായിരുന്നു അതാതുര്‍ക്ക്- തുര്‍ക്കിയുടെ പിതാവ്). അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് തുര്‍ക്കിയില്‍ വന്‍സ്വാധീനമുള്ള, ഇപ്പോള്‍ അമേരിക്കയില്‍ കഴിയുന്ന ഫത്ഹുല്ലാ ഗുലനാണെന്ന ധാരണ അരക്കിട്ട് ഉറപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ഗുലനുമായി ബന്ധം ആരോപിക്കപ്പെടുന്ന ഉന്നത സൈനികോദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, അധ്യാപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി സര്‍വ മേഖലയില്‍ നിന്നുള്ളവരും നടപടിക്ക് വിധേയമായി. ചിലര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ മറ്റു ചിലരെ അറസ്റ്റ് ചെയ്ത് ജയിലലടച്ചു. നിരവധി പേര്‍ നിരീക്ഷണത്തിലാണ്. ഒന്നര ലക്ഷത്തിലധികം പേര്‍ ഇതിനകം നടപടി നേരിട്ടുവെന്നാണ് കണക്ക്. ഫത്ഹുല്ലാ ഗുലനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 2341 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ ഉര്‍ദുഗാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതില്‍ സ്‌കൂളുകളും ജീവകാരുണ്യ സ്ഥാപനങ്ങളും വൈദ്യകേന്ദ്രങ്ങളും ഉള്‍പ്പെടും. അന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അപ്പടി തുടരുകയാണ്.

ഉലയാത്ത സര്‍ക്കാര്‍
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഉലയാത്ത സര്‍ക്കാര്‍ വേണമെന്നാണ് ജനങ്ങളോട് ഉര്‍ദുഗാന്‍ പറഞ്ഞത്. അതിന് പ്രസിഡന്റിന് കൂടുതല്‍ അധികാരം വേണം. ഹിതപരിശോധനാ വിജയത്തിന് ശേഷം കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി പാര്‍ലിമെന്ററി സമ്പ്രദായത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് തുര്‍ക്കിയെ പറിച്ചു നടുകയായിരുന്നു. പ്രധാനമന്ത്രി പദം അവസാനിക്കും. മന്ത്രിസഭയെയും വൈസ് പ്രസിഡന്റിനെയും പ്രസിഡന്റ് തീരുമാനിക്കും. ജുഡീഷ്യറി പൂര്‍ണമായി പ്രസിഡന്റിന്റെ അധികാര പരിധിയില്‍ വരും. ഭരണകൂടത്തിന്റെ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ നിയന്ത്രിക്കാന്‍ കോടതികള്‍ക്കുള്ള അധികാരം പൂര്‍ണമായി അവസാനിക്കും. ജഡ്ജിമാരെ അടക്കം സര്‍വ മേഖലയിലെയും ഉന്നത വ്യക്തിത്വങ്ങളെ നിയമിക്കുന്നത് പ്രസിഡന്റായിരിക്കും. സൈന്യത്തിന് മേലും പ്രസിഡന്റിന് ആധിപത്യമുണ്ടാകും. ഒരു വ്യക്തിക്ക് അഞ്ച് വര്‍ഷത്തെ രണ്ട് ഊഴം പ്രസിഡന്റ് പദവിയിലിരിക്കാമെന്നാണ് ഭരണഘടനാ ഭേദഗതി ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഉര്‍ദുഗാന് വേണമെങ്കില്‍ 2029 വരെ അധികാരത്തില്‍ തുടരാം.
മതം തന്നെയാണ് ഉര്‍ദുഗാന്റെ ഏറ്റവും ശക്തമായ ആയുധമെന്ന് അംഗീകരിച്ചേ തീരൂ. അത്യന്തം സ്വാഭാവികമായും ചരിത്ര ബോധത്തോടെയും അദ്ദേഹം അത് ഉപയോഗിക്കുന്നു. 1924 മാര്‍ച്ച് മൂന്നിനാണ് തുര്‍ക്കി ഖിലാഫത്തിന് സാങ്കേതികമായി അന്ത്യം കുറിച്ചത്. ഒന്നാം ലോകമഹായുദ്ധത്തോട് കൂടി വഹാബികളും ബ്രിട്ടീഷ് സാമ്രാജ്യത്വവും കൈകോര്‍ത്തപ്പോള്‍ തന്നെ അതിന്റെ പതനം സംഭവിച്ചു കഴിഞ്ഞിരുന്നുവെങ്കിലും ഖലീഫാ പദവി അവിടെയുണ്ടായിരുന്നു. യുക്തിരഹിതവും കൃത്രിമവും ചരിത്രവിരുദ്ധവുമായ പാശ്ചാത്യ മതേതരത്വം തുര്‍ക്കി ജനതക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ മുസ്തഫ കമാല്‍ പാഷ തീരുമാനിക്കുകയും ഖലീഫ എന്ന സ്ഥാനപ്പേര് അവസാനിപ്പിച്ച് കൊണ്ട് നാഷനല്‍ അസംബ്ലിയില്‍ നിയമം പാസ്സാക്കുകയും ചെയ്തതോടെയാണ് തുര്‍ക്കി ഖിലാഫത്ത് സമ്പൂര്‍ണമായി അസ്തമിച്ചത്. മഹത്തായ പാരമ്പര്യമുള്ള ഒരു രാജ്യത്തിന്റെ പൊതു മണ്ഡലത്തില്‍ നിന്ന് മതത്തെ പൂര്‍ണമായി നിഷ്‌കാസനം ചെയ്യുകയെന്ന പാതകമാണ് യൂറോപ്പ്‌വത്കരണം തലക്ക് പിടിച്ച കമാല്‍ പാഷ ചെയ്തത്. തീവ്ര മതേതരത്വത്തിന്റെ അഥവാ മതനിരാസത്തിന്റെതായിരുന്നു അത്താ തുര്‍ക്ക് കാലം. മതത്തെ പൊതുജീവിതത്തില്‍ നിന്ന് ആട്ടിയോടിച്ച കാലം. ഇസ്‌ലാമിക ശരീഅത്ത് എല്ലാ അര്‍ത്ഥത്തിലും മരവിപ്പിക്കപ്പെട്ടു. ആയിരക്കണക്കായ പണ്ഡിതരെ വകവരുത്തി. പള്ളികള്‍ അടച്ചു പൂട്ടി. മതചിഹ്നങ്ങള്‍ മുഴുവന്‍ തുടച്ചുനീക്കി. രാജ്യത്തിന്റെ തനതായ പാരമ്പര്യത്തെ കീഴ്‌മേല്‍ മറിക്കാന്‍ ഒരു ഭരണാധികാരിക്ക് സാധിക്കുമെന്ന തിരിച്ചറിവാണ് തുര്‍ക്കി ജനതക്ക് അത്താ തുര്‍ക്ക് തേര്‍വാഴ്ച നല്‍കിയത്. ആ ഇരുണ്ട കാലത്തെ പിന്നിലാക്കി മതത്തിന്റെ മൗലികതയെ തിരിച്ചു കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. യൂറോപ്യന്‍ സ്വാധീനം കൊണ്ടുവന്ന ആധുനികത നിലനില്‍ക്കുമ്പോള്‍ തന്നെ മതപരമായ സ്വത്വം ഉയര്‍ത്തിപ്പിടിക്കാനുള്ള രാഷ്ട്രീയ സാഹചര്യമാണ് ഉര്‍ദുഗാന്റെ അക് പാര്‍ട്ടി സൃഷ്ടിച്ചത്. ഈ പാര്‍ട്ടി 2002 മുതല്‍ അധികാരത്തില്‍ തുടരുന്നത് തുര്‍ക്കിയുടെ മതപരമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നത് കൊണ്ട് മാത്രമാണ്. നാഷനല്‍ സാല്‍വേഷന്‍ പാര്‍ട്ടി നേതാവായ നജ്മുദ്ദീന്‍ അര്‍ബകാന്റെ അനുയായിയായ ഉര്‍ദുഗാന് ‘മതമൗലികവാദി’യാകാന്‍ പ്രത്യേക തയാറെടുപ്പിന്റെ ഒരു ആവശ്യവും ഉണ്ടായിരുന്നില്ല. സാല്‍വേഷനില്‍ നിന്ന് അക് പാര്‍ട്ടി രൂപമെടുക്കുമ്പോള്‍ ലിബറലസിത്തിന്റെ ചില പാഠഭാഗങ്ങള്‍ മാത്രമാണ് അദ്ദേഹം തുന്നിച്ചേര്‍ത്തത്. അകക്കാമ്പ് മതത്തിന്റെ അപ്രമാദിത്വത്തെ തന്നെയാണ് ഉദ്‌ഘോഷിച്ചത്. 1994ല്‍ ഇസ്താംബൂള്‍ മേയറായത് മുതല്‍ അദ്ദേഹം ഈ അടിത്തറയില്‍ നില്‍ക്കുകയാണെന്ന് കാണാനാകും.

അന്താരാഷ്ട്ര വിജയം
സാമ്രാജ്യത്വ അജന്‍ഡ നടപ്പിലാക്കുന്നതിന് അമേരിക്ക ഇറാഖിലും സിറിയയിലും പയറ്റിയ അതേ അടവുകളാണ് തുര്‍ക്കിക്ക് നേരെ പ്രയോഗിക്കുന്നത്. ഇറാഖ്, സിറിയ, ലിബിയ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, യമന്‍. പരാജിത രാഷ്ട്രങ്ങള്‍ എന്ന് മുദ്ര കുത്തി ഇടപെട്ട് രസിക്കാന്‍ പാകത്തില്‍ കൂടുതല്‍ ജനപഥങ്ങള്‍ അസ്ഥിരമായിക്കൊണ്ടിരിക്കുന്നു. ഈ ശിഥിലീകരണ ദൗത്യത്തില്‍ പാരമ്പര്യ നിഷേധികളും മതരാഷ്ട്രവാദികളുമായ ഭീകരവാദികള്‍ സാമ്രാജ്യത്വവുമായും സയണിസവുമായും കൈകോര്‍ക്കുന്നു. സാഹചര്യങ്ങളില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഈ രാജ്യങ്ങളിലെല്ലാം അരാജകത്വമായിരുന്നു ആത്യന്തിക ഫലം. ഒരു വശത്ത് ഇസില്‍വിരുദ്ധ സൈനിക ദൗത്യം വിജയിക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും കൂടുതല്‍ ഇടങ്ങളിലേക്ക് അവര്‍ക്ക് പരക്കാന്‍ സാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തുര്‍ക്കി ശക്തമായ രാഷ്ട്രമായി നിലനില്‍ക്കേണ്ടത് മുസ്‌ലിം ലോകത്തിന്റെ അനിവാര്യതയായിരുന്നു. ഖത്വറിലായാലും ഫലസ്തീനിലായാലും മ്യാന്‍മറിലെ റോഹിംഗ്യന്‍ മുസ്‌ലിംകളുടെ കാര്യത്തിലായാലും ഉര്‍ദുഗാന്റെ ഇടപെടല്‍ അദ്ദേഹത്തെ അന്താരാഷ്ട്ര പ്രസക്തനാക്കി. സഹായ കപ്പല്‍ വ്യൂഹ വിഷയത്തില്‍ ഇസ്‌റാഈലുമായി ഉര്‍ദുഗാന്‍ ഭരണകൂടം നടത്തിയ കൊമ്പു കോര്‍ക്കല്‍ സമീപ കാലത്തെ ഏറ്റവും നിര്‍ണായകമായ സയണിസ്റ്റ് വിരുദ്ധ പോരാട്ടമായാണ് വിലയിരുത്തപ്പെട്ടത്. ഖത്വറിന് അദ്ദേഹം നല്‍കിയ പിന്തുണ പക്ഷം പിടിക്കലല്ലേ എന്ന് സംശയിക്കുന്നവരുണ്ട്. സത്യത്തില്‍ ഗള്‍ഫിലാകെ പടരുമായിരുന്ന ഒരു തുറന്ന യുദ്ധം ഒഴിവാക്കുകയാണ് ഖത്വറിനെ സൈനികമായി പിന്തുണക്കുക വഴി ഉര്‍ദുഗാന്‍ ചെയ്തത്. സിറിയയിലും അദ്ദേഹം ശക്തമായി ഇടപെട്ടു.

ഉയരുന്ന ചോദ്യങ്ങള്‍
ഫ്രഡറിക് നീഷേ മുന്നോട്ടുവെക്കുന്ന റെസ്സിന്റിമെന്റ് തന്നെയല്ലേ ഉര്‍ദുഗാന്‍ പ്രയോഗിക്കുന്നത് എന്ന ചോദ്യമുയരാം. ഇസ്‌ലാമോഫോബിയ സൃഷ്ടിക്കുന്ന അമര്‍ഷവും ഒറ്റപ്പെടലും അരക്ഷിതാവസ്ഥയും സമാഹരിക്കുകയും അതിനെ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്യുന്ന രാഷ്ട്രീയ കൗശലത്തിനപ്പുറേേത്തക്ക് എന്താണ് ഉര്‍ദുഗാനിലുള്ളത്? ഇസ്‌ലാമിസ്റ്റുകള്‍ ആഘോഷിക്കുന്നതിനൊപ്പം കോറസ് പാടേണ്ട കാര്യമുണ്ടോയെന്ന ചോദ്യവുമുയരാം. ഹൈവോള്‍ട്ടേജ് ദേശീയത, അതിശക്തനായ നേതാവ്, ഉയര്‍ന്ന മതാഭിമാനം, അന്താരാഷ്ട്ര പ്രതിച്ഛായാ നിര്‍മിതി, വിമതസ്വരങ്ങളോടുള്ള അസഹ്യത തുടങ്ങിയ ഘടകങ്ങള്‍ ട്രംപിലോ മോഡിയിലോ ആണെങ്കില്‍ തീവ്രവലതുപക്ഷ യുക്തികളും ഉര്‍ദുഗാനിലാകുമ്പോള്‍ സുസ്ഥിര ജനാധിപത്യവുമാകുന്നതെങ്ങനെയെന്ന ചോദ്യവുമുണ്ട്. ഭ്രാന്തമായ അപദാനങ്ങള്‍ക്ക് മുതിരുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് മൂര്‍ച്ച കൂടും. അതുകൊണ്ട് യൂറോപ്പിന്റെ രോഗിയെന്ന അധിക്ഷേപത്തില്‍ നിന്ന് തുര്‍ക്കിയെ അഭിമാനകരമായ അസ്തിത്വത്തിലേക്ക് നയിക്കാന്‍ ഉപയുക്തമാകുവോളം ഉര്‍ദുഗാന്റെ അധികാര കേന്ദ്രീകരണത്തെ പിന്തുണക്കാം. തീവ്രവാദികളായ കുര്‍ദ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായി ബന്ധമുള്ള എച്ച് ഡി പിക്ക് 12 ശതമാനം വോട്ടോടെ പാര്‍ലിമന്റിലെത്താന്‍ അവസരം കിട്ടുന്നുണ്ടല്ലോ. രാജ്യത്തിന്റെ ആദ്യത്തെ എക്‌സിക്യൂട്ടീവ് പ്രസിഡന്റായി ഉര്‍ദുഗാന്‍ വാഴുമ്പോഴും ഇത്തരം മഴവില്‍ സൗന്ദര്യം തുര്‍ക്കിയില്‍ നിലനില്‍ക്കുമോ? അതോ മറ്റൊരു മുഹമ്മദ് മുര്‍സിയായി ജനതയുടെയാകെ രോഷം ഏറ്റുവാങ്ങേണ്ടി വരുമോ? അടിയന്തരാവസ്ഥ പിന്‍വലിക്കുമ്പോള്‍, അടിഞ്ഞു കൂടിയ അതൃപ്തികള്‍ മുഴുവന്‍ പാശ്ചാത്യ ചാരന്‍മാരുടെ പിന്തുണയോടെ കുത്തിയൊലിച്ച് വരുമോ?
ജനങ്ങള്‍ അദ്ദേഹത്തില്‍ ഇറക്കി വെച്ചിട്ടുള്ള പ്രതീക്ഷകള്‍ക്ക് താങ്ങാനാകുന്നതിലപ്പുറം ഭാരമുണ്ട്. സാമ്പത്തികം തന്നെയാണ് പ്രശ്‌നം. തുറന്ന വിപണി നയങ്ങളോട് അദ്ദേഹം കൂടുതല്‍ രാജിയാകേണ്ടി വരും. ഉര്‍ദുഗാന്‍ തോല്‍ക്കാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചവര്‍ ഭരണത്തിലിരിക്കുന്ന യൂറോപ്പിനെ അനുനയിപ്പിച്ച് ഇ യുവില്‍ സമ്പൂര്‍ണ അംഗത്വം കിട്ടണം. അതിന് കുറേ നീക്കുപോക്കുകള്‍ക്ക് അദ്ദേഹം തയാറാകേണ്ടി വരും. അന്താരാഷ്ട്ര പ്രശ്‌നങ്ങളില്‍ സൂക്ഷിച്ച് പ്രതികരിക്കുന്ന നേതാവായി അദ്ദേഹം മാറിയേക്കാം.

മുസ്തഫ പി എറയ്ക്കല്‍

You must be logged in to post a comment Login