കൈ തോറ്റിടത്ത് കയ്യേറ്റം വിജയിക്കുകയാണ്

കൈ തോറ്റിടത്ത് കയ്യേറ്റം വിജയിക്കുകയാണ്

അലിഗഡില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് സതീഷ്‌കുമാര്‍ ഗൗതം. ബി.ജെ.പിയുടെ ഒരു സാദാ എം.പി. ബി.എസ്.പിയില്‍ നിന്ന് മണ്ഡലം പിടിച്ചെടുത്തു എന്നത് മാത്രമാണ് കേമത്തം. കോണ്‍ഗ്രസും ബി.എസ്. പിയും ഷീലാ ഗൗതമിന്റെ കാലത്ത് ബി.ജെ.പിയും ജയിച്ചിട്ടുള്ള മണ്ഡലമാണ്. വലിയ ബഹളങ്ങളൊന്നുമില്ലാതെ എം.പി പണിയുമായി മുന്നോട്ട് പോയ സതീഷ് ശ്രദ്ധാകേന്ദ്രമായത് ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ്. അതും ഒരു കത്തിന്റെ രൂപത്തില്‍.
അലിഗഡ് നിങ്ങളറിയുന്നത് അന്നും ഇന്നും രാജ്യത്തെ ഏറ്റവും മുന്തിയ ഒരു സര്‍വകലാശാലയുടെ ആസ്ഥാനം എന്ന നിലയിലാണ്. അലിഗഡ് മുസ്‌ലിം സര്‍വകലാശാല. വലിയ ധിഷണാശാലികളെ പൊതുമണ്ഡലത്തിന് സംഭാവന ചെയ്തിട്ടുള്ള മഹത്തായ സ്ഥാപനം. സംഘപരിവാറിന് വേരോട്ടമില്ലാത്ത കാമ്പസ്. പൊതുവേ ജനാധിപത്യത്തോടും സര്‍ഗാത്മകതയോടും ഗുണപരമായി സംവദിക്കുന്ന കാമ്പസ് അന്തരീക്ഷം. ഈ വര്‍ഷം ഏപ്രില്‍ 29 നാണ് അലിഗഡ് വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറിന് ഒരു കത്ത് ലഭിക്കുന്നത്. സതീഷ് ഗൗതം എഴുതിയ ഔദ്യോഗിക കത്ത്. സര്‍വകലാശാലയില്‍ മുഹമ്മദലി ജിന്നയുടെ ഒരു ചിത്രം ഉണ്ടെന്നും അത് നീക്കം ചെയ്യണം എന്നുമായിരുന്നു ആവശ്യം. അലിഗഡ് സര്‍വകലാശാലയുടെ ഉന്നത ഭരണസമിതിയില്‍ അംഗമാണ് എം.പി ആയ സതീഷ്. 1930കളില്‍ ജിന്ന ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നപ്പോള്‍, ദ്വിരാഷ്ട്ര വാദം ഒരു ആശയമായി പോലും അന്തരീക്ഷത്തില്‍ ഇല്ലാതിരുന്ന കാലത്ത് അന്നത്തെ ദേശീയ നേതാക്കളുടെ ചിത്രങ്ങളോടൊപ്പം സ്ഥാപിക്കപ്പെട്ട ഒരു ജിന്ന ചിത്രമാണ് സര്‍വകലാശാലയില്‍ ഉള്ളത്. ദേശീയ പ്രസ്ഥാനത്തിലെ അക്കാല നേതാക്കളില്‍ മിക്കവരും ചിത്രമായി ആ ചുമരുകളിലുണ്ട്. എന്ത്? ഒരിന്ത്യന്‍ സര്‍വകലാശാലയില്‍ പാകിസ്ഥാന്‍ സ്ഥാപകന്റെ ചിത്രമോ എന്ന് അദ്ഭുതപ്പെടാന്‍ വരട്ടെ, ഡല്‍ഹിയിലെ തീന്‍മൂര്‍ത്തി ലൈബ്രറിയിലും ഷിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലും എല്ലാം ജിന്നയുടെ ചിത്രമുണ്ട്. പാര്‍ലമെന്റിലുമുണ്ട്. അപ്പോള്‍ അതല്ല പ്രശ്‌നം.

സതീഷ് ഗൗതമിന്റെ കത്തിന് തൊട്ടുപിന്നാലെയാണ് അലിഗഡ് കാമ്പസ് ആക്രമിക്കപ്പെട്ടത്. ഹിന്ദു ജാഗരണ്‍ മഞ്ച് അടുത്ത ദിവസം ഒരു പ്രകടനവുമായി കാമ്പസിലെത്തി. ജിന്നയുടെ കോലം കത്തിച്ചു. കാമ്പസിനെ സംഘര്‍ഷഭരിതമാക്കുക എന്ന അജണ്ട നടപ്പായിത്തുടങ്ങി. മെയ് ആദ്യം സുബ്രഹ്മണ്യ സ്വാമിയുടെ പ്രസ്താവന വന്നു; അലിഗഡിനെ ഒരു പാഠം പഠിപ്പിക്കണമെന്ന്. മുന്‍ വൈസ് ചാന്‍സലര്‍ കൂടിയായ ഹാമിദ് അന്‍സാരിയെ സര്‍വകലാശാല ആദരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സ്വാമിയുടെ ഈ നീക്കം. എരിതീക്ക് ആവശ്യത്തിന് എണ്ണയായി. മെയ് രണ്ടിന് ഉച്ചയോടെ ഹിന്ദു യുവവാഹിനിയുടെ പ്രവര്‍ത്തകര്‍ തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങളുമായി സര്‍വകലാശാല കാമ്പസ് കയ്യേറി. മുന്‍ ഉപരാഷ്ട്രപതി കൂടിയായ ഹാമിദ് അന്‍സാരി പങ്കെടുക്കുന്ന ചടങ്ങിന്റെ വേദിക്ക് മുന്നില്‍ ആയുധങ്ങളുമായി എത്തി. പൊലീസ് അനങ്ങിയില്ല. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ അടിച്ചൊതുക്കി. പിന്നാലെ വന്ന കൈരാന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സുന്ദരമായി തോറ്റു.

അലിഗഡിന്റെ കഥ ഓര്‍മിപ്പിച്ചത് മറ്റൊരു കാര്യം പറയാനാണ്. യു.ജി.സി എന്ന സ്വയം ഭരണാധികാരമുള്ള സമിതി ഇല്ലാതായിരിക്കുന്നു. രാജ്യത്തെ സര്‍വകലാശാലകളിലെ അക്കാദമികവും ആസൂത്രണപരവും സാമ്പത്തികവുമായ കാര്യങ്ങളില്‍ അവസാന വാക്കായിരുന്നുവല്ലോ യു.ജി.സി. 1956 മുതല്‍-അതായത് നെഹ്‌റുവിയന്‍ ദേശനിര്‍മാണം അതിന്റെ സര്‍ഗാത്മകതയാല്‍ ലോകത്തെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരുന്ന കാലം- മുതല്‍ യു.ജി.സി ഉണ്ട്. ചില്ലറ വീഴ്ചകളും ഭരണാധികാരികളുടെ താല്‍പര്യം മൂലമുള്ള അല്ലറ വിട്ടുവീഴ്ചകളും മാറ്റിനിര്‍ത്തിയാല്‍ ലോകത്തിലെ തന്നെ സുശക്തവും സംഘടിതവുമായ ഉന്നത വിദ്യാഭ്യാസ സമിതി ആയിരുന്നു യു.ജി.സി. അക്കാദമിക്കുകള്‍ക്ക് പ്രാമുഖ്യമുള്ളതാണ് അതിന്റെ ഘടന. രാജ്യവ്യാപകമായി സര്‍വകലാശാലകളില്‍ നടക്കുന്ന ഗവേഷണങ്ങളുടെ ദിശ നിര്‍ണയിക്കുന്നത് യു.ജി.സി ആണ്. ഭരണത്തിന്റെ അവസാന ലാപ്പില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ സ്വയം ഭരണാധികാരവും ബഹുസ്വര വ്യക്തിത്വവുമുള്ള യു.ജി.സിയെ ഇല്ലാതാക്കിയിരിക്കുന്നു. പകരം ഇനി ഹയര്‍ എജ്യുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ എന്ന സംവിധാനം രാജ്യത്തെ സര്‍വകലാശാലകളെയും ഉന്നത വിദ്യാഭ്യാസത്തെയും നിയന്ത്രിക്കും. കുട്ടികള്‍ എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം, എന്തില്‍ ഗവേഷണം ചെയ്യണം എന്നെല്ലാം ഈ കമ്മീഷന്‍ തീരുമാനിക്കും. കേന്ദ്രസര്‍ക്കാരിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലേക്ക് വീഴും മുഴുവന്‍ സര്‍വകലാശാലകളും എന്നതാണ് ഫലശ്രുതി.

വിദ്യാഭ്യാസ കമ്മീഷനുകള്‍ ഇന്ത്യയില്‍ ആദ്യമല്ല. രാധാകൃഷ്ണന്‍ കമ്മീഷനെ ഓര്‍ക്കാം. 1948-ല്‍ വന്ന കമ്മീഷന്‍. രാധാകൃഷ്ണെനയും ഓര്‍ക്കാം. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ഡോ. സര്‍വേപ്പിള്ളി രാധാകൃഷ്ണന്‍. യു.ജി.സിയുടെ രൂപീകരണത്തിലേക്ക് നയിച്ചത് ഡോ. എസ് രാധാകൃഷ്ണന്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ കൂടിയാണ്. പിന്നീട് വന്നത് കോത്താരി കമ്മീഷനാണ്. 1966-ല്‍. യു.ജി.സി അക്കാദമിക് സ്വാതന്ത്ര്യം അനുഭവിച്ച് പോന്നതിന്റെ പിന്നിലെ ഒരു ശക്തി കോത്താരിയാണ്. സര്‍വകലാശാലകള്‍ സര്‍ക്കാരില്‍ നിന്ന് സമ്പൂര്‍ണമായി മുക്തി നേടണമെന്നും സര്‍ക്കാരിന്റെ നിഴല്‍ അക്കാദമിക് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയത് കോത്താരിയാണ്. യുജി.സിയില്‍ പാതിയിലേറെ അംഗങ്ങള്‍ സര്‍ക്കാരിന് പുറത്തുള്ളവരാകാന്‍; പ്രത്യേകിച്ച് അക്കാദമിക്കുകളാവാന്‍ ഒരു കാരണം കോത്താരിയുടെ ദീര്‍ഘവീക്ഷണമാണ്. എസ്. രാധാകൃഷ്ണന്റെ ദാര്‍ശനിക ഉള്‍കാഴ്ചകളും കോത്താരിയുടെ പ്രയോഗിക സമീപനങ്ങളും ഉന്നത വിദ്യാഭ്യാസത്തെ മുന്നോട്ടുനയിക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. അക്കാദമികം ആയിരുന്നു ആ സമീപനങ്ങളുടെ അടിവേര്.
രാജ്യത്തിന്റെ ജീവിതത്തെ അടിമുടി മാറ്റിയ നവലിബറലിസത്തിന്റെ കാലത്തും അക്കാദമിക് അതിജീവനം സാധ്യമായി എന്നത് ചില്ലറക്കാര്യമല്ല എന്നുകൂടി ഓര്‍ക്കണം. നവലിബറലിസം സാമൂഹികതയുടെ സ്ഥാനത്ത് സാമ്പത്തികതയെ പ്രതിഷ്ഠിച്ച ഇടപാടായിരുന്നുവല്ലോ? വിദ്യാഭ്യാസത്തിന്റെ മൂല്യത്തിലും സാമ്പത്തികതക്ക് മേല്‍ക്കൈ വരികയും ചെയ്തു. എന്തിന് വേണ്ടി പഠിക്കുന്നു എന്ന ചോദ്യത്തിന് അഭിവൃദ്ധിക്ക് വേണ്ടി എന്നതായിരുന്നു നവലിബറലിസത്തിന്റെ ഉത്തരം. ആ അഭിവൃദ്ധിയാകട്ടെ സാമ്പത്തികത്തിന് മേല്‍െൈക്ക ഉള്ള ഭൗതിക സമൃദ്ധിയും. അപ്പോഴും സാമൂഹികതയില്‍ ഊന്നിയുള്ള എണ്ണമറ്റ ഗവേഷണങ്ങള്‍ക്ക് യു.ജി.സി മുന്‍കൈ എടുത്തു. സാമൂഹിക പഠന സ്ഥാപനങ്ങള്‍ വ്യാപകമായി. അടിസ്ഥാന ജനങ്ങളുടെ ദൈനംദിന ജീവിതത്തെ താങ്ങിനിര്‍ത്തുന്ന നിരവധി അന്വേഷണങ്ങള്‍ക്ക് നമ്മുടെ സര്‍വകലാശാലകള്‍ വേദിയായി. ജെ.എന്‍.യു മുതല്‍ അലിഗഡ് വരെയുള്ള സ്ഥാപനങ്ങളും പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും പോറലുകള്‍ അധികമില്ലാതെ അതിജീവിച്ചു. ഒരുള്‍കാഴ്ചയുടെ പിന്‍ബലമായിരുന്നു ഈ അതിജീവനത്തിന്റെ രഹസ്യം.

വീണ്ടും അലിഗഡിലേക്ക് പോകാം. എന്തിനായിരുന്നു സതീഷ് ഗൗതമിന്റെ നേതൃത്വത്തില്‍ അലിഗഡിനെതിരെ അക്രമോല്‍സുകമായ ഗൂഡാലോചന നടന്നത്? എന്തിനായിരുന്നു അലിഗഡിലെ കുട്ടികളുടെ ചോര നിരത്തിലൊഴുക്കിയത്? യാദൃച്ഛികമെന്നോ സ്വാഭാവികമെന്നോ നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഓര്‍മയെ 2016 മാര്‍ച്ചിലേക്ക് ക്ഷണിക്കാം. ആ ജെ.എന്‍.യു രാത്രിയിലേക്ക്. അക്ഷരാര്‍ഥത്തില്‍ മൃഗീയമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി ഭരണം തുടങ്ങിയ കാലമാണല്ലോ അത്. അഴുക്കുനിറഞ്ഞ ഭൂതകാലത്തെ മാധ്യമ മാനേജിംഗിലൂടെ നിഷ്പ്രയാസം മായ്ച്ചുകളഞ്ഞ് നരേന്ദ്രമോഡി അതി പ്രതാപവാനായി വിരാജിക്കുന്ന കാലം. മാധ്യമപ്പടയാളികള്‍ മോഡിക്ക് ചാര്‍ത്താന്‍ വിശേഷണങ്ങള്‍ തപ്പി പായുന്ന കാലം. സത്യാനന്തരത എന്നത് അതിന്റെ ഏറ്റവും വലിയ ശക്തിയോടെ ഇന്ത്യന്‍ മാധ്യമ ലോകത്തെ ഭരിക്കുന്ന കാലം. ഛിന്നഭിന്നമായ, നാഥനില്ലാത്ത പ്രതിപക്ഷം. നേതാവില്ലാത്ത കോണ്‍ഗ്രസ്. അപക്വതയില്‍ അര്‍മാദിക്കുന്ന രാഹുല്‍ ഗാന്ധി. കശ്മീര്‍ മുതല്‍ കര്‍ണാടക വരെ നീളുന്ന താമര രാജ്യം. ചോദ്യങ്ങള്‍ ഉയരാത്ത കാലം. പാര്‍ലെമന്റ് നോക്കുകുത്തി. ഇനിയൊരു തിരിച്ചുവരവില്ലാത്ത വിധം തകര്‍ന്ന് മൂന്നാം ബദലുകള്‍. ബംഗാളില്‍ നിന്ന് ഉന്മൂലനം ചെയ്യപ്പെട്ട സി.പി.എം. രാജ്യം എതിര്‍ശബ്ദങ്ങളില്ലാതെ മോഡിക്ക് കീഴടങ്ങിയ കാലം. കണക്കുകള്‍ ശരിവെച്ചുകൊണ്ടുള്ള ഉപതിരഞ്ഞെടുപ്പ് വിജയങ്ങള്‍. ഗുജറാത്ത് കലാപക്കേസുകള്‍ ഒന്നൊഴിയാതെ ബി.ജെ.പിക്ക് അനുകൂലമാകുന്നു. ഭരണഘടനാ സ്ഥാപനങ്ങള്‍ വിനീത വിധേയരായി കേന്ദ്രസര്‍ക്കാരിന്റെ കാല്‍ക്കീഴില്‍. രണ്ട് പതിറ്റാണ്ടിലേക്ക് മോഡി യുഗം പ്രവചിച്ച് തിരഞ്ഞെടുപ്പ് വിശാരദന്‍മാര്‍. കനപ്പെട്ട ഒരു ശബ്ദവും എങ്ങുമില്ല. ബദലന്വേഷികള്‍ നിരാശയുടെ പടുകുഴിയില്‍. സമഗ്രാധിപത്യം ചിറക് വിരിക്കാന്‍ തുടങ്ങി. ആ ചിറകടികള്‍ വിതറിയ ഇരുട്ട് ഇന്ത്യന്‍ ജനാധിപത്യത്തെ പൊതിഞ്ഞ കാലം. എതിര്‍ശബ്ദത്തെക്കുറിച്ചുള്ള ആലോചനകള്‍ ഭീതികൊണ്ട് വിറച്ച കാലം.

മുരടനക്കിയവരെപ്പോലും കൊന്നു തള്ളിയ കാലം. ആ ഇരുട്ടിലാണ് തരിവെളിച്ചം പോലെ ഒരു ശബ്ദം ഉയര്‍ന്നത്. ആസാദി എന്ന സാന്ദ്രവും ഗഹനവുമായ മുദ്രാവാക്യം. കനയ്യകുമാറിന്റെ ശബ്ദം. രാജ്യത്തെ ഏറ്റവും വലിയ സര്‍വകലാശാലയുടെ വിദ്യാര്‍ത്ഥി പ്രസിഡന്റായിരുന്നു അയാള്‍. രാജ്യത്തെ ഏറ്റവും വൈബ്രന്റായ തലച്ചോറുകളുടെ നേതാവ്. കനയ്യ ആ രാത്രിയില്‍ പ്രജാപതിയെ, നരേന്ദ്രമോഡിയെ വെല്ലുവിളിച്ചു. ലോകം അമ്പരന്നു. ഉറങ്ങാതെ ആ യുവാവിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു. ജനാധിപത്യത്തിന്റെ തമ്പേറുകള്‍ മുഴങ്ങി. ശുഭപ്രതീക്ഷയുടെ തരിവെളിച്ചം പടര്‍ന്നു. രാജ്യത്ത് പ്രതിപക്ഷം ജനിച്ചു. കനയ്യയും ആ ചെറുപ്പക്കാരും കൊളുത്തിയ തിരിയാണ് ഇന്ന് ഇന്ത്യയില്‍ കാണുന്ന പ്രതിപക്ഷ ചലനങ്ങളുടെ ഒരു വെളിച്ചം.
നടുങ്ങിപ്പോയി ഭരണകൂടം. അറുപതുകളിലെ ഫ്രാന്‍സിനെ, എണ്‍പതുകളിലെ ടിയാന്‍മെന്‍ സ്‌ക്വയറിനെ അവര്‍ ഓര്‍ത്തു. ലോകത്തെ പിടിച്ചുകുലുക്കിയ അഞ്ച് വിദ്യാര്‍ഥി മുന്നേറ്റങ്ങളുടെ പട്ടികയില്‍ മൂന്നാമതായി ചരിത്രം രേഖപ്പെടുത്തി ആ രാത്രിയെ. സര്‍വകലാശാലകളെ സര്‍ക്കാര്‍ ഭയന്നുതുടങ്ങി.

രോഹിത് വെമുലയുടെ ആത്മഹത്യയില്‍ നിന്ന് പടരാന്‍ തുടങ്ങിയ തീയാണ് ജെ.എന്‍.യു വില്‍ ആളിക്കത്തിയത്. പൂനെയിലെ സിനിമക്കുട്ടികള്‍ പടര്‍ത്തിയ രോഷമാണ് ജെ.എന്‍.യുവില്‍ ജ്വലിച്ചത്. രാജ്യത്തെ സര്‍വകലാശാലകള്‍ പ്രതിപക്ഷമാവുന്നു എന്ന നില വന്നു. അവയെ തകര്‍ക്കാന്‍ സര്‍വ അടവുകളും പ്രയോഗിക്കപ്പെട്ടു. അക്കാദമിക കാര്യങ്ങളിലെ ഇടപെടലുകളെ അധ്യാപകരും കുട്ടികളും ചെറുത്തുതോല്‍പിച്ചു. രാജ്യം പ്രൊഫസര്‍മാരുടെ വാക്കുകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തു. വൈസ്‌മെന്‍സ് വേള്‍ഡ് വിപ്ലവം സൃഷ്ടിക്കുമെന്നത് ഫ്രഞ്ച് അനുഭവമാണ്. ആ ഭയത്തിന്റെ സൃഷ്ടിയാണ് യു.ജി.സിയുടെ മരണവും ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ പിറവിയും.

ആസൂത്രണകമ്മീഷന്‍ പോലെ ദേശീയതയുടെയും നെഹ്‌റുവിയന്‍ രാഷ്്രട നിര്‍മാണഘട്ടത്തിന്റെയും ഓര്‍മകള്‍ യു.ജി.സിക്കുണ്ട്. ഒറ്റയടിക്ക് ആ ഓര്‍മയെ ഇല്ലാതാക്കാന്‍ കഴിഞ്ഞു എന്നതും ഭരണകൂടത്തിന്റെ ലക്ഷ്യ പ്രാപ്തിയായി കാണാം. ആസൂത്രണ കമ്മീഷനെ നീതി ആയോഗ് ആക്കിയപ്പോള്‍ ചുക്കാന്‍ പിടിച്ച അതേ അരവിന്ദ് പനഗിരിയ തന്നെയാണ് ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ എന്ന ഈ പുതിയ മൂക്കുകയറിന്റെയും പിന്നിലെന്നതും കൂട്ടി വായിക്കണം.

മൂക്കുകയറിന്റെ ബലമറിയണമെങ്കില്‍ പൊതുചര്‍ച്ചക്ക് വേണ്ടി പ്രസിദ്ധപ്പെടുത്തിയ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ നിയമാവലിയിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതി. വിദ്യാര്‍ഥികളുടെ തിരഞ്ഞെടുപ്പിലും സിലബസിലും കോഴ്‌സ് നിര്‍ണയത്തിലും ഫാക്കല്‍ട്ടി നിയമനത്തിലുമെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലുകളുടെ ജനാലകള്‍ ധാരാളം കാണാം. യു.ജി.സിയുടെ കടിഞ്ഞാണ്‍ അക്കാദമിക് മികവുള്ളവരിലായിരുന്നുവെങ്കില്‍ പുതിയ കമ്മീഷന്റെ കടിഞ്ഞാണ്‍ ബിസിനസ് പ്രമുഖര്‍ക്കായിരിക്കുമെന്നും കാണാം. രാജ്യത്തെ ആറ് മികവിന്റെ കേന്ദ്രങ്ങളെ സര്‍ക്കാര്‍ തിരഞ്ഞെടുത്തത് മറക്കരുത്. ബംഗളുരുവിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആണ് ആദ്യം. ഡല്‍ഹി, മുംബൈ ഐ.ഐ.ടികള്‍ പിന്നാലെ. ബിറ്റ്‌സ് പിലാനിയും മണിപ്പാല്‍ അക്കാദമിയും ഉണ്ട്. ആറാമനെ അറിയുമോ? ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട്. മുകേഷ് അംബാനി തുടങ്ങാന്‍ പോകുന്ന, കടലാസ് പണികള്‍ പോലും തുടങ്ങിയിട്ടില്ലാത്ത ഭാവനയില്‍ മാത്രമുള്ള സ്ഥാപനം. എന്തും ചെയ്യുന്ന സര്‍ക്കാരാണ് ഇതെന്നതിന് ഇതില്‍പരം തെളിവെന്തിന്?
അതിനാല്‍ അലിഗഡിലെ കയ്യേറ്റം കായികമായ ഒരു ശ്രമമായിരുന്നു. അതും വിദ്യാര്‍ഥികള്‍ ചെറുത്ത് തോല്‍പിച്ചല്ലോ? അപ്പോള്‍ പിന്നെ കയ്യിലുള്ളത് ഭരണമാണ്. നിയമം നിര്‍മിക്കാനുള്ള അവകാശമാണ്. കൈ തോറ്റിടത്ത് കയ്യേറ്റം വിജയിക്കുകയാണ്. സര്‍വകലാശാലകള്‍ കൂടി മാറിത്തീര്‍ന്നാല്‍ എന്ത് എന്ന ചോദ്യമുണ്ട്. കൈരാനയില്‍ അതിന് ഉത്തരം കിട്ടിയിട്ടുമുണ്ട്. രാജ്യത്തെ ഓരോ പാര്‍ലമെന്റ് മണ്ഡലവും കൈരാനയാവുക എന്നതാണ് കാലം കാത്തുവെക്കേണ്ട മറുപടി.

കെ കെ ജോഷി

You must be logged in to post a comment Login