വിദേശി’ അസമില്‍ ബി ജെ പി നാടുകടത്തിത്തുടങ്ങി

വിദേശി’ അസമില്‍ ബി ജെ പി നാടുകടത്തിത്തുടങ്ങി

‘നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണിനെ’ (എന്‍ ആര്‍ സി) ചൊല്ലി രൂക്ഷമായ രാഷ്ട്രീയ യുദ്ധത്തിനാണ് ദേശീയതലസ്ഥാനം അടുത്ത ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചത്. ജൂലൈ 30ന് എന്‍ ആര്‍ സിയുടെ അന്തിമമായ കരട് പ്രസിദ്ധീകരിച്ചതോടെ ബിജെപി ‘ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍’ എന്നു വിളിക്കുന്ന, അസമിലെ നാല്പതു ലക്ഷത്തോളം വരുന്ന ജനവിഭാഗം ഭരണപാര്‍ട്ടിക്കും പ്രതിപക്ഷത്തിനുമിടയില്‍ ചര്‍ച്ചാവിഷയമായി.

”യു.പി.എക്ക് ചെയ്യാന്‍ കഴിയാത്തത് എന്‍ഡിഎക്ക് ചെയ്യാന്‍ കഴിഞ്ഞു” എന്ന അമിത് ഷായുടെ പ്രസ്താവവന പ്രതിപക്ഷത്തെ വല്ലാതെ പ്രകോപിപ്പിച്ചു. അസമിലെ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തിരഞ്ഞെടുപ്പു തന്ത്രമാക്കി വില കുറച്ചു കണ്ടതിന് പ്രതിപക്ഷനേതാക്കളായ മമത ബാനര്‍ജിയും ആനന്ദ് ശര്‍മയും മാറി മാറി ബിജെപിയെ ആക്രമിച്ചു.

കോണ്‍ഗ്രസ് ‘എന്‍ ആര്‍ സി’ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പാര്‍ട്ടിക്കതു നടപ്പിലാക്കാന്‍ ധൈര്യമുണ്ടായില്ലെന്നു കാണിക്കാന്‍ ഷാ 1985 ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ഒപ്പിട്ട ‘അസം ഒത്തുതീര്‍പ്പ്’പരാമര്‍ശിച്ചു. പകരം എന്‍ഡിഎ ആ ഒത്തുതീര്‍പ്പിന്റെ ”ആത്മാവ്” നടപ്പിലാക്കാന്‍ സന്നദ്ധമായി. ഷായുടെ അഭിപ്രായത്തില്‍ അത് എന്‍ ആര്‍ സിയാണ്. ബംഗ്ലാദേശികളായ ‘അനധികൃത നുഴഞ്ഞുകയറ്റക്കാരെ’ തുരത്തിയോടിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട നിബന്ധനയാണത്.

പിന്നീട് പത്രസമ്മേളനത്തില്‍, നുഴഞ്ഞു കയറ്റക്കാരെ തുരത്താന്‍ മുന്നോട്ടുള്ള ഒരു ചുവടാണ് എന്‍ ആര്‍സിയെന്നും പ്രതിപക്ഷം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ഷാ ആവശ്യപ്പെട്ടു. എന്‍.ആര്‍. സി നടപ്പിലാക്കുന്നതിനെ എതിര്‍ത്ത കോണ്‍ഗ്രസിനോട് പ്രതികരിച്ചും ബിജെപി രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ചും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാവുമായ മമത ബാനര്‍ജി ദേശീയശ്രദ്ധയാകര്‍ഷിച്ചു. എന്‍.ആര്‍.സി മൂലം തഴയപ്പെടുന്ന ജനങ്ങള്‍ക്ക് അവര്‍ പശ്ചിമബാംഗാളില്‍ അഭയവും പ്രഖ്യാപിച്ചു. ”പ്രതിപക്ഷത്തിന് വോട്ടു ബാങ്കാണു മുഖ്യം. പക്ഷേ, ഞങ്ങള്‍ക്കാകട്ടെ എന്‍ ആര്‍ സി ദേശീയസുരക്ഷയുടെയും നുഴഞ്ഞുകയറ്റക്കാരെ ഇല്ലാതാക്കുന്നതിന്റെയും കാര്യമാണ്,” അമിത് ഷാ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ‘ന്യൂനപക്ഷ പ്രീണന’ നയത്തെ നേരിട്ട് ആക്രമിച്ചു കൊണ്ട് ബിജെപിയുടെ പ്രസിഡന്റ് നുഴഞ്ഞുകയറ്റക്കാരെ ഒരിക്കലും അഭയാര്‍ത്ഥികളുമായി തുലനം ചെയ്യാനാകില്ലെന്നു പറഞ്ഞു. ബി ജെ പിയാകട്ടെ ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികളെ പിന്തുണക്കുന്നുമുണ്ട്. ”ഒരു രാജ്യത്ത് സ്വത്വം നഷ്ടപ്പെട്ടവരും അടിച്ചമര്‍ത്തപ്പെടുന്നവരും അതുകൊണ്ട് മറ്റൊരു രാജ്യത്ത് അഭയം തേടുന്നവരുമാണ് അഭയാര്‍ത്ഥികളെന്ന് ” ഷാ വിശദീകരിച്ചു. എന്നാല്‍ മ്യാന്‍മാറില്‍ അടിച്ചമര്‍ത്തപ്പെടുന്ന മുസ്‌ലിം ന്യൂനപക്ഷവിഭാഗമായ റോഹിംഗ്യകള്‍ ഇന്ത്യയില്‍ അഭയം തേടിയപ്പോള്‍ ബിജെപി എതിര്‍ത്തതെന്തെന്ന ചോദ്യം ഷാ അഭിമുഖീകരിക്കുന്നതേയില്ല.

കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലുണ്ടായിരുന്നപ്പോള്‍ ഇന്ദിരാ ഗാന്ധിയും പിന്നീട് ആഭ്യന്തരമന്ത്രി പി ചിദംബരവും ‘അനധികൃത കുടിയേറ്റത്തെ’ എതിര്‍ക്കുകയും എന്നാല്‍ പ്രതിപക്ഷമായപ്പോള്‍ ആ നിലപാട് മാറ്റുകയും ചെയ്‌തെന്ന് ഷാ കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. ”ഇക്കാര്യത്തില്‍ ഞങ്ങളുടെ നിലപാട് എല്ലായ്‌പ്പോഴും ഒന്നു തന്നെയാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ പോലും ഞങ്ങള്‍ അസമിലെ അനധികൃത കുടിയേറ്റത്തെ എതിര്‍ത്തു. ഇന്നും ആ എതിര്‍പ്പ് ഞങ്ങള്‍ തുടരുന്നു. ആ ലക്ഷ്യത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയാണ് എന്‍ ആര്‍ സി.”

എന്‍ ആര്‍ സി മനുഷ്യാവകാശലംഘനങ്ങളിലേക്ക് നീളുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. നുഴഞ്ഞുകയറ്റക്കാരാല്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഇന്ത്യക്കാരോടല്ല, അനധികൃത കുടിയേറ്റക്കാരോടാണ് കോണ്‍ഗ്രസിന്റെ സഹതാപമെന്ന് ഷാ കുറ്റപ്പെടുത്തി.
കാത്തോലിക്ക ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ സിംപോസിയത്തില്‍ പങ്കെടുത്തു കൊണ്ട് മമത ബാനര്‍ജി വളരെ രൂക്ഷമായി ബിജെപിയെ വിമര്‍ശിച്ചു. അവര്‍ പറഞ്ഞു, ”ഈ പരിപാടിയുടെ വിഷയം ‘നിങ്ങളുടെ അയല്‍ക്കാരനെ സ്‌നേഹിക്കുക’ എന്നാണ്. നമുക്ക് അയല്‍ക്കാരെ സ്‌നേഹിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്. ഇന്ന് അസമിലെ നാല്‍പതു ലക്ഷത്തിലധികം വരുന്നവരോട് നിങ്ങള്‍ ഇന്ത്യയിലെ പൗരന്മാരോ വോട്ടര്‍മാരോ അല്ല എന്നു പറഞ്ഞിരിക്കുകയാണ്. ഇന്ത്യക്കാര്‍ സ്വന്തം മണ്ണില്‍ അന്യരായതു കണ്ട് ഞെട്ടിയിരിക്കുകയാണ് ഞാന്‍. മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് ഫഖ്‌റുദ്ദീന്‍ അലി അഹ്മദിന്റെ കുടുംബാംഗങ്ങള്‍ പോലും എന്‍ ആര്‍ സിയുടെ പട്ടികയിലില്ല.” ബിജെപിയുടെ ‘ഭിന്നിപ്പിച്ചു ഭരിക്കല്‍ നയം’ ‘ആഭ്യന്തരയുദ്ധ’ മുണ്ടാക്കുമെന്നും മമത ബാനര്‍ജി മുന്നറിയിപ്പു നല്‍കി.

”പലയിടത്തും രക്തപ്പുഴകളൊഴുകും. ആഭ്യന്തരയുദ്ധം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അസമിലെ എല്ലാ ജില്ലകളിലും 144-ാം വകുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മുടെ സ്വന്തം ജനങ്ങളെ ഇങ്ങനെ മരിക്കാന്‍ അനുവദിക്കുന്നതെങ്ങിനെയാണ്? തലമുറകളായി ഇന്ത്യയില്‍ താമസിക്കുന്ന എണ്ണമറ്റ ദരിദ്രരോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ ഈ രാഷ്ട്രത്തിന്റെ വിധിയെന്താകും?” അവര്‍ ചോദിച്ചു.

അസമില്‍ തുടങ്ങിവെച്ചത് പശ്ചിമബംഗാളിലേക്കും വ്യാപിപ്പിക്കും എന്നു പറയാന്‍ ബിജെപി കാണിച്ച അഹന്തയെയും മമത ബാനര്‍ജി രൂക്ഷമായി വിമര്‍ശിച്ചു. ”ആരെല്ലാം ബംഗാളില്‍ താമസിക്കണമെന്നും ആരെല്ലാം താമസിക്കേണ്ടതില്ലെന്നും അവര്‍ തീരുമാനിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ത്യ നമ്മുടെ മാതൃരാജ്യമാണ്. ഇതു സംഭവിക്കാന്‍ അനുവദിച്ചൂകൂടാ.” അവര്‍ പറഞ്ഞു.

”ദളിതുകളും ക്രൈസ്തവരും മുസ്‌ലിംകളും ഒറ്റപ്പെടുത്തപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുകയാണ്. നിങ്ങള്‍ എന്തു കഴിക്കണമെന്നും എന്തു പറയണമെന്നും എന്തു ധരിക്കണമെന്നും എങ്ങോട്ടു പോകണമെന്നും എന്തു ചെയ്യണമെന്നും ഒരു കൂട്ടമാളുകള്‍ ആജ്ഞാപിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ വ്യാപകമാണ്. അത് ജാര്‍ഖണ്ഡില്‍ സംഭവിച്ചു. ചത്തീസ്ഗഢില്‍ സംഭവിക്കാം, ഉത്തര്‍പ്രദേശിലും. നമുക്ക് കയ്യും കെട്ടി ഇതെല്ലാം നോക്കിയിരിക്കാനാകില്ല,” മമത ബാനര്‍ജി പറഞ്ഞു.

ജാര്‍ഖണ്ഡില്‍ ക്രൈസ്തവ മതപ്രചാരകര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പു ജയിക്കാനായി പാവപ്പെട്ടവരെ ഇരകളാക്കാനുള്ള തന്ത്രമാണ് ബിജെപി പയറ്റുന്നതെന്ന് മമത ബാനര്‍ജി കുറ്റപ്പെടുത്തി. ”ഈ അക്രമത്തെ തുടരാന്‍ അനുവദിച്ചു കൂടാ. ഇത് സഹിച്ചുകൂടാ. ഇന്ത്യ മാറ്റമാഗ്രഹിക്കുന്നു. ആ മാറ്റം 2019 ല്‍ സംഭവിക്കണം.”

”എന്‍ആര്‍സിയുടെ ആവശ്യകതയെക്കുറിച്ച് കോണ്‍ഗ്രസിന് ബിജെപിയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ട്. എങ്കിലും തത്വത്തില്‍ ഞങ്ങള്‍ അതിനോട് വിയോജിക്കുന്നില്ല. പക്ഷേ, അതു നടപ്പിലാക്കുന്ന രീതി ഞങ്ങള്‍ അംഗീകരിക്കുന്നില്ല,” കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പ്രതികരിച്ചു. എന്‍ആര്‍സി അതിലോലമായ വിഷയമാണെന്നും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ അതുണ്ടാക്കുമെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്. ”ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ അസമില്‍ താമസിക്കുന്നുണ്ട്. അത്രയും വലിയൊരു വിഭാഗം ജനങ്ങളെ പുറന്തള്ളുമ്പോള്‍, ഇന്ത്യന്‍ പൗരന്മാര്‍ക്ക് അഭയാര്‍ത്ഥികളെപ്പോലെ ജീവിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാകും,” ശര്‍മ പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തേണ്ടതുണ്ട്.

എന്‍ ആര്‍ സിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ ബിജെപി രാഷ്ട്രീയവല്‍കരിക്കുന്നുവെന്ന് ശര്‍മ കുറ്റപ്പെടുത്തി. ”ബിജെപിയുടെ യഥാര്‍ത്ഥ ലക്ഷ്യം ജനങ്ങളെ വിഭജിക്കുകയും സമൂഹത്തില്‍ അവിശ്വാസത്തിന്റെ പരിതസ്ഥിതി സൃഷ്ടിക്കുകയുമാണ്. 2019 ലെ തിരഞ്ഞെടുപ്പിനു മുമ്പ് വോട്ടര്‍മാരെ ധ്രുവീകരിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.”

2019ലെ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട പ്രചരണവിഷയങ്ങളിലൊന്ന് എന്‍ ആര്‍ സിയായിരിക്കുമെന്ന് ഉറപ്പാണ്. ബിജെപി അതിനെ ദേശീയ സുരക്ഷാപ്രശ്‌നമായും തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ആയുധമായും അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷം അതിനെ ഹിന്ദുക്കളും മുസ്‌ലിംകള്‍ക്കുമിടയില്‍ വിഭാഗീയത പ്രചരിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമമായി ഉയര്‍ത്തിക്കാട്ടും.

പ്രതിപക്ഷവും പ്രാദേശികപാര്‍ട്ടികളും ഒത്തുചേര്‍ന്ന് ബിജെപിക്കെതിരെ ഇക്കാര്യത്തില്‍ സംയുക്തക്യാമ്പയിന്‍ നടത്തുമെന്നും വ്യക്തമാണ്. 2019 ലെ തിരഞ്ഞെടുപ്പ് ‘കൂട്ടായ നേതൃത്വത്തില്‍’ നടത്തുമെന്നും ‘തിരഞ്ഞെടുപ്പിനു ശേഷം ജനങ്ങള്‍ നേതാവിനെ തിരഞ്ഞെടുക്കുമെന്നും’ മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടിരുന്നു. ”നാമെന്തു ചെയ്യണമെന്നു പറയാന്‍ അമിത് ഷാ ആരാണ്? ഒരാള്‍ വിദേശിയാണെന്നും അല്ലെന്നും തീരുമാനിക്കുന്നത് മോഡിയും ഷായുമാണോ?” ആന്ധ്രപ്രദേശിലെ മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവും ഇക്കാര്യത്തില്‍ ഇതേ നിലപാടു തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്.

ഈ വര്‍ഷം ആദ്യം മുതല്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കാട്ടുന്ന ”സ്‌നേഹവും മനുഷ്യത്വവും” ബിജെപിയുടെ വിദ്വേഷരാഷ്ട്രീയത്തെ ലക്ഷ്യം വെച്ചുള്ളതാണ്. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തന്നെ ഈ വിഷയമാണ് പിന്തുടരുന്നത്. എന്‍ആര്‍സി ബിജെപിയുടെ വിദ്വേഷരാഷ്ട്രീയത്തിന്റെ പ്രതിഫലനമാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇക്കാര്യത്തില്‍ രാഷ്ട്രീയപോരാട്ടങ്ങള്‍ രൂക്ഷമാകുന്നത് വരും ദിവസങ്ങളില്‍ കാണാവുന്നതാണ്.

അജയ് ആശീര്‍വാദ് മഹാപാത്ര

കടപ്പാട്: thewire.in

You must be logged in to post a comment Login