അവര്‍ കടലോളം സ്‌നേഹം വിളമ്പുന്നു

അവര്‍ കടലോളം സ്‌നേഹം വിളമ്പുന്നു

ഡിഗ്രി പരീക്ഷാക്കാലം… ഇടവിട്ട് വരുന്ന പരീക്ഷകളെ സമയബന്ധിതമായി വരവേല്‍ക്കാന്‍ ഒരു ഇടത്താവളം അനിവാര്യമാണെന്ന തിരിച്ചറിവാണ് ഞങ്ങളെ ‘ചക്യത്തുമുക്ക് ‘ പ്രദേശത്തെ ത്തിച്ചത്. തലശ്ശേരിയില്‍ നിന്നല്‍പം മാറിസ്ഥിതി ചെയ്യുന്ന കടലോരദേശം. കടല്‍ തീരത്തെ ഒരു പള്ളിയിലായിരുന്നു താമസം. അല്‍പം കൊതുകുശല്യമുണ്ടായിരുന്നതൊഴിച്ചാല്‍ താമസിക്കാന്‍ പറ്റിയ ഇടമായിരുന്നു. ശാന്തമായ പ്രകൃതിയും ഇടയ്ക്കിടെ അരിച്ചെത്തുന്ന കടല്‍ കാറ്റും, അണമുറിയാത്ത തിരമാലകളുടെ സംഗീതവും ആസ്വാദി ച്ച നാളുകള്‍. തിരകളുടെ കാതടപ്പിക്കുന്ന ശബ്ദത്തില്‍ പല രാത്രികളും നിദ്രാവിഹീനമായിട്ടുണ്ട്. അതിലുപരി അന്നാട്ടുകാരുടെ പെരുമാറ്റവും, സ്‌നേഹവും, വാത്സല്യവും. വെള്ളവസ്ത്രവും തലപ്പാവും ധരിച്ചെത്തിയതുകൊണ്ടാവണം അവര്‍ക്ക് ഞങ്ങള്‍ മാലാഖ സമാനരായിരുന്നു. സ്‌നേഹം കൊണ്ടവര്‍ പൊതിഞ്ഞു.

രാത്രി ഭക്ഷണം ഓരോ വീടുകളിലായിട്ടാണ് ഉസ്താദ് ശരിപ്പെടുത്തിയത്. ആദ്യ ദിവസം തികച്ചും രസകരമായിരുന്നു. അപരിചിതരായ ഞങ്ങളെയും കൂട്ടി നാസറുസ്താദ് നടന്നു. ഞങ്ങള്‍ ആറു പേരായിരുന്നു. ആറു വീടുകളിലേക്ക്… ഇരുളിനെ മൊബൈല്‍ വെളിച്ചം കൊണ്ട് മറികടന്നു. ആദ്യവീടെത്തി. ആഢംബരങ്ങള്‍ ഒന്നുമില്ലെന്ന് കോലായിത്തലക്കല്‍ കൈ കഴുകാന്‍ വെച്ച പ്ലാസ്റ്റിക് കിണ്ടി പറയുന്നുണ്ടായിരുന്നു. ഈ വരവ് അവരൊട്ടും പ്രതീക്ഷിച്ചിരിക്കില്ല. ഉസ്താദ് വിഷയമവതരിപ്പിച്ചു. ‘ഉമ്മാ… ഇത് സിറാജുല്‍ഹുദയിലെ കുട്ടികളാണ്. പരീക്ഷയ്ക്ക് വന്നവരാണ്. നമ്മുടെ പള്ളിയിലാണ് താമസം. ഇന്ന് ഒരാള്‍ക്ക് നിങ്ങളുടെ വീട്ടില്‍നിന്ന് ഭക്ഷണം നല്‍കണം.’ എന്ത് മറുപടി പറയുമെന്ന് ഞങ്ങള്‍ക്ക് നിശ്ചയമില്ലായിരുന്നു. ‘ഉസ്താ… ഇവിടെ സ്‌പെഷലായിട്ട് ഒന്നൂല്ലല്ലോ, സാരമില്ല ഉള്ളതുകൊടുക്കാം. വേറെവിടെയും ഇല്ലെങ്കില്‍ രണ്ടാള്‍ പോന്നോട്ടെ…’ ഉള്ളതുകൊണ്ട് ഓണം പോലെയാവണമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു ആ വാക്കുകളില്‍… ‘വേണ്ട, ഒരാള്‍ മതി. വേറെയും ആളുകളുണ്ടല്ലോ. അവര്‍ക്കും വേണ്ടേ അവസരം.’ ഉസ്താദ് ചിരിച്ചു.
സമുദ്രത്തോളം വിശാലമനസ്‌കനായിരുന്നു ആ ഗൃഹനാഥനെന്ന് ആ മറുപടിയില്‍ തന്നെ വ്യക്തമായിരുന്നു. എനിക്കേറെ ഇഷ്ടമായത് ആര്‍ദ്രമായ ആ സംസാരമായിരുന്നു. ഞാന്‍ അവിടെ കയറി.

ഒരു മുക്കുവ കുടുംബമായിരുന്നുഅത്. അല്‍പം കഴിഞ്ഞ് വീട്ടിലെ കാരണവര്‍ വന്നു. ഞങ്ങളൊത്തിരി നേരം സംസാരിച്ചിരുന്നു. മത്സ്യഗന്ധമുള്ള ഓര്‍മകളില്‍, കടല്‍ മണമുള്ള അനുഭവങ്ങളില്‍ ഞാന്‍ ലയിച്ചിരുന്നു. സമുദ്രത്തെക്കുറിച്ചുള്ള എന്റെ ആധികള്‍ വലയിലെ കുരുക്കഴിക്കുന്ന ലാഘവത്തോടെയാണദ്ദേഹം തീര്‍ത്തുതന്നത്. ചോദ്യങ്ങള്‍ക്കെല്ലാം മറുപടി സമാനമായിരുന്നു. ‘കടല്‍ പടച്ചത് അല്ലാഹുവാണ്. നമ്മെയും പടച്ചത് അവന്‍ തന്നെ. പിന്നെയാരെയാ ഭയക്കേണ്ടത്. കുടുംബത്തെ പോറ്റുവാനാണ് പോകുന്നത്. അത് അവനോടുള്ള ബാധ്യതയാണ്. എന്തായാലും മരിക്കണം. കടലിലായാല്‍ അത് വെള്ളം കുടിച്ച് മരിക്കാലോ?’ നര്‍മം കലര്‍ന്ന ഗൗരവമുള്ള ആ വാക്കുകള്‍ പറയുമ്പോള്‍ അദ്ദേഹം പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ആ പുഞ്ചിരിയില്‍ ഉരുക്കുബലമുള്ള ഹൃദയത്തിന്റെ ദൃഢത പ്രകടമാകുന്നുണ്ടായിരുന്നു.
ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങള്‍ അകത്ത് ഒച്ചയിടുന്നത് കേള്‍ക്കാം. കോലായില്‍ വെച്ച വെള്ളത്തില്‍ കൈ കഴുകി. ഞാനിരുന്നു. കറി വെച്ച മത്സ്യം തുള്ളിപ്പോകാതിരിക്കാനാണോന്നറിയില്ല എല്ലാ പാത്രങ്ങളും അടപ്പിട്ടുവെച്ചിരിക്കുന്നു. ഹാരപ്പന്‍ സംസ്‌കാരത്തിന്റെ ബാക്കിപത്രമായി ശേഷിച്ച അടച്ചിട്ട ഓവുചാലുകള്‍ അവരുടെ സൂക്ഷ്മതയെ സൂചിപ്പിക്കുന്നു എന്നൊക്കെയുള്ള പഴയ പാഠങ്ങള്‍ മനസില്‍ തികട്ടിവന്നു. പാത്രങ്ങള്‍ അവര്‍ തന്നെയാണ് തുറന്നത്. ദോശകള്‍ അട്ടിയിട്ട് കിടക്കുന്നു. പിന്നെ വെള്ളപ്പവും. രണ്ട് തരം കറി. കല്ലുമ്മക്കായ ചൂടുള്ളത് വേറെ. ഇതൊന്നും മതിയാവാഞ്ഞിട്ട് ചെമ്മീന്‍ ഫ്രൈയും. എല്ലാത്തിനും പുറമെ പുത്രവാത്സല്യത്തോടെ അദ്ദേഹം പറഞ്ഞു. ‘നിങ്ങള്‍ വരുന്നതൊന്ന് അറിയിക്കാമായിരുന്നു. അറിയാത്തതുകൊണ്ട് ഭക്ഷണം അത്ര നന്നായിട്ടില്ല. ഞങ്ങളുടെ രാത്രി ഭക്ഷണമേ ആയിട്ടുള്ളൂ. നിങ്ങള്‍ പൊരുത്തപ്പെടണം.’ അതൊരു പരിഹാസമായിട്ടാണ് തോന്നിയത്. സദ്യവിളമ്പിയിട്ട് കുടിക്കാന്‍ വെള്ളമെടുക്കാന്‍ മറന്നതില്‍ ക്ഷമചോദിക്കും പോലെ. പക്ഷേ ആ ഹൃദയ വിശുദ്ധി തിരിച്ചറിഞ്ഞിരുന്നു; ആത്മാര്‍ത്ഥതയും. ആ ഭക്ഷണത്തില്‍ സ്‌നേഹത്തിന്റെ സ്വാദ് അലിഞ്ഞു ചേര്‍ന്നിരുന്നു. ഭക്ഷണത്തിന് കൂട്ടാന്‍ നിസഹായത കലര്‍ന്ന വാക്കുകളും ഉണ്ടായിരുന്നു. പലതും ആവര്‍ത്തനമായിരുന്നു. ഉസ്താദിന് ഒന്നും തോന്നരുത്. ഇനി വല്ലതും വേണോ, പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്… എന്നിങ്ങനെ.

ഭക്ഷണം കഴിച്ച് കുറേ നേരം ഞങ്ങള്‍ സംസാരിച്ചു. കടല്‍ തൊഴിലാളികളുടെ നൊമ്പരങ്ങളും സങ്കടങ്ങളും അടുത്തറിഞ്ഞ നിമിഷം. മത്സ്യമാര്‍ക്കറ്റിലൂടെ മൂക്കും പൊത്തി നടന്നതില്‍ എനിക്ക് ആത്മനിന്ദ തോന്നി. അതിനിടയില്‍ ഞാന്‍ അവരെ നന്നായി പരിചയപ്പെട്ടു. മക്കള്‍, മക്കളെ മക്കളടക്കം സകലരെയും. ഭര്‍ത്താക്കന്മാര്‍, ജോലി… എല്ലാം ആ സഹൃദയന്‍ എനിക്ക് മുന്നില്‍ തുറന്നുവെച്ചു. അതിനിടയില്‍ ഒരു കൊച്ചുപൈതല്‍ ഓടിവന്ന് മടിയില്‍ കയറി. പണ്ട് ഉപ്പാപ്പക്കൊപ്പം മീന്‍പിടിക്കാന്‍ പോയ കഥകള്‍ അവന്‍ ചാരിതാര്‍ത്ഥ്യത്തോടെ വിശദീകരിച്ചു. ഞാനാ കുഞ്ഞുമനസിനെ ചേര്‍ത്തുപിടിച്ച് ചോദിച്ചു: ‘വലുതായാല്‍ മോനെന്താവാനാ ആഗ്രഹം?’ ഉപ്പാപ്പയെപ്പോലെയെന്നാ കുരുന്ന് പറഞ്ഞു. ആഴങ്ങൡലേക്ക് വള്ളമിറക്കുന്ന സാഹസികതയില്‍ അവനും ആസ്വാദനം കണ്ടെത്തിയിരിക്കണം.

ബഹുനില നിരാശകള്‍ പണിത് ജീവിതം തുലക്കുന്ന വരണ്ട ഭാവിയെക്കാള്‍ എത്രയോ രസകരമായിരിക്കും നിസ്വാര്‍ത്ഥമായ കടല്‍ ജീവിതമെന്ന് ആ കുരുന്നിനെ ദൈവം പഠിപ്പിച്ചിരിക്കണം. സമയം ഏറെ വൈകിയിരുന്നു… ഞാന്‍ സംതൃപ്തിയോടെ അവിടെ നിന്ന് ഇറങ്ങാനൊരുങ്ങി. വീട്ടുകാര്‍ പറഞ്ഞു. ‘ദുആ ചെയ്യണം. ഒരു മോള്‍ കൂടെ കല്യാണം കഴിക്കാനുണ്ട്.’ ‘വല്ലതും ശരിയായോ?’ ഔപചാരികതക്ക് ഞാന്‍ ചോദിച്ചു.
‘ഇതുവരെയൊക്കെ റബ്ബ് സരിയാക്കിയതാ… പേടിയൊന്നുമില്ല… എന്നാലും…’ കൊടുത്ത പൊന്നിന്റെയും പണ്ടത്തിന്റെയും കണക്ക് പറഞ്ഞ് അയാളുടെ ആത്മവിശ്വാസം പങ്കുവെച്ചു. സലാം പറഞ്ഞ്, ദുആ ചെയ്ത് പിരിഞ്ഞു.

തിരിച്ചുള്ള നടത്തത്തില്‍ പള്ളി വരാന്തവരെ അയാളെക്കുറിച്ചായിരുന്നു ചിന്തകളത്രയും. അവിടെയെത്തിയപ്പോള്‍ കൂട്ടുകാരുടെ ചര്‍ച്ചകളത്രയും എന്റേതിന് സമാനമായിരുന്നു. സംതൃപ്തിയുടെ വാക്കുകള്‍… സ്‌നേഹത്തിന്റെ കഥകള്‍.

അത്തര്‍ മണക്കുന്ന മീന്‍കാരന്റെ ആത്മവിശ്വാസത്തെക്കുറിച്ചും. അറിയാതെ കയറിച്ചെന്നിട്ടും മടുപ്പില്ലാതെ സ്വീകരിച്ചിരുത്തിയതിനെപ്പറ്റിയും ഓരോരുത്തരും കഥകള്‍ കെട്ടഴിച്ചു.
അന്ന് ഉറങ്ങാനൊത്തിരി വൈകിയിരുന്നു. മുക്കുവരുടെ ഓര്‍മകളെ നെഞ്ചോട് ചേര്‍ത്തി ഞങ്ങള്‍ കിടന്നു. നമ്മള്‍ കണ്ടതും കേട്ടതുമല്ല മുക്കവന്മാര്‍. അറിഞ്ഞതും വായിച്ചതുമല്ല… ഒ ഹെന്റിയുടെ അവസാനത്തെ ഇലയില്‍ ഇലകളത്രയും കൊഴിഞ്ഞുപോയ ഒരു ഉണക്കമരത്തെ പറയുന്നുണ്ട്. അതില്‍ ചിത്രകാരന്‍ വരച്ചുചേര്‍ത്ത പച്ചിലകളെ ആശുപത്രി ജനാലയിലൂടെ കണ്ട് രോഗാതുരതയെ അതിജീവിച്ച കഥാപാത്രത്തെയാണ് ഹെന്റി വരച്ചിടുന്നത്. നമ്മള്‍ ഭയത്തോടെ കാണുന്ന സമുദ്രം കണ്ട് പ്രാരാബ്ധങ്ങളെ അതിജീവിക്കുന്ന മുക്കുവന്മാര്‍ തവക്കുലിന്റെ മഹാപ്രതീകങ്ങളായിരുന്നു. പിറ്റേന്ന് സുബഹിക്ക് ഞങ്ങളെഴുന്നേറ്റത് ഒരു പാത്രത്തിന്റെ കിലുക്കം കേട്ടാണ്. അടുത്തുള്ള വീട്ടിലെ നല്ല ചൂടുള്ള ചായയും, അതിനൊത്ത എണ്ണക്കടിയും കയ്യിലുണ്ട്. ഞങ്ങള്‍ക്കായി ആ കുടുംബം നേരത്തെ ഉണര്‍ന്നിട്ടുണ്ടാവണം. ആ എണ്ണ ചൂടാവാനുള്ള സമയമെങ്കിലും.

പാവങ്ങള്‍, എത്ര നിഷ്‌കളങ്കര്‍. തഹജ്ജുദിന് പള്ളിയില്‍ ധാരാളം പേരുണ്ടായിരുന്നു. പടച്ചവന്റെ മുന്നില്‍ കുമ്പിട്ട് അവര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടാവണം.

നാട്ടിന്‍ പുറത്തെ സുബ്ഹികള്‍ പോലെ ശുഷ്‌കിച്ചാവില്ല അവിടെ. സജീവമായിരിക്കും. മൂന്നാല് സ്വഫ്ഫ് നീണ്ടുകിടക്കും. നിസ്‌കാരവും കൂട്ടുപ്രാര്‍ത്ഥനയും കഴിഞ്ഞ് അവര്‍ സമുദ്രത്തിലിറങ്ങും. ഒറ്റയായും, കൂട്ടമായും… പ്രത്യാശയുടെ ആഴങ്ങളിലേക്ക് മുങ്ങിത്താഴും.
ബോട്ടുകള്‍ അകന്ന ശബ്ദം നേര്‍ത്തില്ലാതാവുന്നത്, കാതുകൂര്‍പ്പിച്ചുവെച്ചാല്‍ കേള്‍ക്കാം. പിന്നെ മിന്നിമറയുന്ന ഒരു ചുവന്ന ഇത്തിരി വെട്ടം ദൂരെ കാണാം. അവര്‍ സമുദ്രത്തില്‍ ലയിക്കുന്നതുവരെ അത് നോക്കിയിരിക്കാം. പോയവര്‍ ആരും തന്നെ തിരിച്ചുവരുമെന്ന് തീര്‍ച്ച നല്‍കിയവരല്ല. ചില യാത്ര ദിവസങ്ങളുടെ ദൈര്‍ഘ്യം കാണും. മറ്റു ചിലത് മാസങ്ങള്‍ നീളും… അപൂര്‍വം ചിലപ്പോള്‍ പത്ത് പതിനൊന്നാവുമ്പോഴേക്ക് തിരിച്ചുവരും. മനസുനിറച്ച് വരുന്ന ആ സുമനസുകളുടെ വരവ് രസകരമാണ്. അന്നത്തെ അരിവക മാത്രം. അത്രയേ ഉണ്ടാവൂ. അതുകൊണ്ട് സംതൃപ്തരാണവര്‍.

സത്യത്തില്‍ ഇതൊക്കെ ഇലാഹിലുള്ള തവക്കുലിന്റെ ശക്തിയായിട്ടാണ് എനിക്ക് തോന്നിയത്. സര്‍വരും അന്നത്തെ ജീവിത വിഭവം തേടിപ്പിടിക്കുന്നു. ഉരിയരിച്ചോറിനുള്ള വക സമുദ്രത്തില്‍ തിരഞ്ഞുകൊണ്ടെത്തുന്നു. ഒന്നും നാളത്തേക്കില്ല. അവ്യക്തമായിടത്ത്, അതിരുകളില്ലാത്തിടത്ത് ആഴത്തില്‍ തപ്പണം… ദൈവമൊളിപ്പിച്ചുവെച്ചത് കണ്ടെത്തണം… ഒരു പരാതിയും പരിഭവവുമില്ലാതെ അവര്‍ പിറ്റേന്നും സാഹസത്തിനിറങ്ങും. എല്ലാം റബ്ബിലേല്‍പിച്ച് തോണി തുഴയും.

ജീവന്റെ ഭാരം പോലും പുറത്തേറ്റാനുള്ള കഴിവ് മുക്കുവന്‍മാര്‍ ആര്‍ജിച്ചെടുത്തത് ഇവിടെ നിന്നായിരിക്കണം. കിതപ്പു മാറ്റാന്‍ പോലും നില്‍ക്കാതെ പലരെയും ജീവിപ്പിക്കാനായി അവര്‍ മരിക്കാന്‍ തുനിഞ്ഞു. ആ നിഷ്‌കളങ്കതയെ തിരിച്ചറിയാവാനാവാതെ കുനിഞ്ഞ് നിന്ന ആ പുറത്ത് നമ്മളറിയാതെ ചെരുപ്പിട്ട് കയറിപ്പോയി…

ഉത്തരവുകിട്ടാതെ തന്നെ രക്ഷകരായി ഒഴുകിയെത്തിയ ഈ കടലിന്റെ മക്കള്‍ക്ക് എവിടുന്നാണീ മനക്കരുത്തെന്ന് ചോദിച്ചാല്‍ തിരകളടങ്ങാത്ത കടലില്‍ നിന്നെന്ന് അവരുറക്കെ പറയും.
‘തുള്ളിയായിരിക്കുമ്പോഴുള്ള അവഗണനയില്‍ നിന്നാണ് ഒഴുകാന്‍ ലഭിച്ച ഊക്കെന്ന്’ വീരാന്‍ കുട്ടി പറഞ്ഞപോലെ ഓരോ മുക്കുവനും പറയാനുണ്ടാവണം.

മുബശിര്‍ കൈപ്പുറം

You must be logged in to post a comment Login