ഹര്‍ഷോന്മാദം നിലച്ചെങ്കിലും ലോകം ആവേശത്തിലാണ്

  ഇന്നത്തെ അമേരിക്കയില്‍ മാറ്റം അസാധ്യമാണെന്നും ഒബാമയുടെ ചിന്താഗതിക്കും ആശയപ്രപഞ്ചത്തിനും കാരിരുമ്പ് കൊണ്ട് പണിത അതിരുകളുണ്ടെന്നും തിരിച്ചറിഞ്ഞതോടെ ഹര്‍ഷോന്മാദം നിരാശക്ക് വഴിമാറി. ശാഹിദ്

          നാലുവര്‍ഷം മുമ്പ്, 2008ല്‍, ഇതുപോലൊരു നവംബര്‍ മാസം ലോകമൊന്നടങ്കം കാതുകൂര്‍പ്പിച്ചു നില്‍ക്കവെ ഷിക്കാഗോ നഗരമധ്യത്തില്‍ നിന്ന് പാതിരാ നേരത്ത് ദിഗന്തങ്ങളെ കോള്‍മയിര്‍ കൊള്ളിച്ചുകൊണ്ട് ആ വാക്ധോരണി പരന്നൊഴുകി : “നല്ല നാളെയെക്കുറിച്ച നമ്മുടെ പ്രതീക്ഷകളനുസരിച്ച് ചരിത്രത്തെ മാറ്റാനാകുമോ എന്ന് സംശയിച്ചവര്‍ക്ക് ഇപ്പോള്‍ മറുപടി ലഭിച്ചിരിക്കുന്നു. ഈ രാത്രിയില്‍, ഈ നിമിഷത്തില്‍ മാറ്റം അമേരിക്കയില്‍ ആഗതമായിരിക്കുന്നു… ഈ രാത്രിയില്‍ നാം ആഘോഷങ്ങളില്‍ മുങ്ങുമ്പോഴും നാളെയുടെ പ്രതിസന്ധികളെക്കുറിച്ച് നാം ബോധവാ•ാരാണ്. രണ്ടു യുദ്ധങ്ങള്‍, അപകടത്തിലായ ഭൂമിയും പ്രകൃതിയും, ചരിത്രത്തിലെ രൂക്ഷമായ ധനപ്രതിസന്ധി. ഇത് നമ്മുടെ ജീവിത കാലത്തെ കടുത്ത പ്രതിസന്ധിയാണ്. നമ്മള്‍ സ്വസ്ഥരായി നില്‍ക്കുന്ന ഈ നിമിഷത്തിലും ധീരരായ അമേരിക്കന്‍ സൈനികര്‍ ഇറാഖിലും അഫ്ഗാനിസ്ഥാനിലും ജീവന്‍ പണയപ്പെടുത്തി പോരാടുകയാണ്.”

     അമേരിക്കയുടെ നാല്‍പ്പത്തിനാലാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കറുത്ത വര്‍ഗക്കാരന്‍ ബറാക് ഹുസൈന്‍ ഒബാമയുടേതായിരുന്നു ആ വാക്കുകള്‍. ആ നിമിഷം ലോകം കോരിത്തരിച്ചതും ചരിത്രം ആവേശഭരിതമായതും പല കാരണങ്ങളാലായിരുന്നു. നൂറ്റാണ്ടുകള്‍ നീണ്ട വംശവെറിയുടെയും അടിച്ചമര്‍ത്തലിന്റെയും ഉച്ചക്കൊടുംചൂടിന് അറുതി വരുത്തി, ഏതോ വിദൂര നക്ഷത്രത്തിന്റെ വെളിച്ചവുമായി ഒരു യുവാവ് കയറിവരുന്നതിന്റെ പ്രകര്‍ഷമാണ് അന്ന് അമേരിക്കന്‍ ജനതയില്‍ കണ്ടത്. ‘മാറ്റം നമുക്ക് സാധ്യമാണ്’ എന്ന മുദ്രാവാക്യം കേള്‍പ്പിച്ച് വിജയപീഠം ചൂടിയ ഒബാമ തന്റെ മുന്‍ഗാമികള്‍ ചെയ്തുകൂട്ടിയ അരുതായ്മകള്‍ക്ക് വിരാമമിടുമെന്നും പുതിയൊരു ലോകസൃഷ്ടിയെക്കുറിച്ച് പ്രതീക്ഷകള്‍ അര്‍പ്പിക്കുമെന്നും ഇങ്ങ് കേരളക്കരയിലിരുന്ന് നാം പോലും വിശ്വസിച്ചു. ഇറാക്കിന്റെ മരുഭൂമിയിലും അഫ്ഗാന്റെ മലമേടകളിലും കത്തിയെരിഞ്ഞ മനുഷ്യമാംസത്തിന്റെ രൂക്ഷഗന്ധം പരത്തിയ രണ്ടു യുദ്ധങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരിദേവനം മോഹഭഗ്നരായ അന്നാട്ടുകാര്‍ക്കും ആന്തരവിക്ഷോഭം കൊണ്ട് നെഞ്ചുകത്തിയ ലോക സമൂഹത്തിനും ആനന്ദഗീതമായി അനുഭവപ്പെട്ടത് ഒബാമയുടെ ആഗമം ഒരു ഋതുപ്പകര്‍ച്ചയുടെ തുടക്കമാവുമെന്ന പ്രതീക്ഷയിലായിരുന്നു. നാലുവര്‍ഷം കൊണ്ട് എല്ലാം വെറും തോന്നലാണെന്നും ഇന്നത്തെ അമേരിക്കയില്‍ മാറ്റം അസാധ്യമാണെന്നും ഒബാമയുടെ ചിന്താഗതിക്കും ആശയപ്രപഞ്ചത്തിനും കാരിരുമ്പു കൊണ്ട് പണിത അതിരുകളുണ്ടെന്നും തിരിച്ചറിഞ്ഞതോടെ ഹര്‍ഷോ•ാദം നിരാശക്ക് വഴിമാറി. അതുകൊണ്ടാവണം നവംബര്‍ ഏഴിന് ബുധനാഴ്ച രാവിലെ ഒബാമ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത കേട്ടിട്ടും മനസ്സ് പഴയതുപോലെ തുള്ളിച്ചാടാതിരുന്നത്. പഠിച്ചുറച്ച ഒരു നിസ്സംഗത. സത്യം പറയുമ്പോള്‍ എല്ലാം പറയണമല്ലോ; അപ്പോഴും അന്തരാളത്തിലെവിടെയോ ആശ്വാസത്തിന്റെ ഒരു കൊച്ചു ചെരാത് മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു. വംശവെറിയുടെ പ്രതീകമായ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥി മിത്ത് റോംനിയല്ല ജയിച്ചു കയറിയത് എന്ന ആശ്വാസത്തിലാവണം അത്.

         അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലോകമൊന്നടങ്കം കൊണ്ടാടുന്ന ഒരു ചൂതുകളിയാണ്. ആറു ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് അസത്യങ്ങളും അര്‍ധസത്യങ്ങളും സങ്കുചിത ആശയങ്ങളും കുനുട്ട് ചിന്തകളും പ്രചരിപ്പിച്ച് അധികാരം പിടിച്ചെടുക്കുന്ന ഉപരിവര്‍ഗം ആഘോഷപൂര്‍വം കൊണ്ടാടുന്ന ഒരു മഹാമാമാങ്കം. നമുക്ക് സുപരിചിതമായ വോട്ടെടുപ്പ് സമ്പ്രദായം വച്ചു നോക്കുമ്പോള്‍ സങ്കീര്‍ണവും യുക്തിസഹമല്ലാത്തതുമായ ഇലക്ടറല്‍ വോട്ട് രീതിയാണ് അവിടുത്തേത്. ഒബാമ 303 വോട്ട് നേടിയപ്പോള്‍ റോംനിക്ക് 206 ലഭിച്ചത്രെ. സെനറ്റില്‍ ഒബാമയുടെ ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ഉറപ്പിക്കാനായെങ്കിലും ജനപ്രതിനിധി സഭയില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാണ് വ്യക്തമായ മേധാവിത്വം. രണ്ടാമൂഴത്തില്‍ ഒബാമയുടെ ഗമനം ദുഷ്കരമാവുമെന്ന് ചുരുക്കം. പ്രചാരണത്തിന്റെ തുടക്കത്തില്‍ ഒബാമ തിരിച്ചുവരവിന്റെ ശക്തമായ ഭൂമികയിലായിരുന്നുവെങ്കിലും പ്രചാരണം മുറുകിയതോടെ ചരിത്രത്തില്‍ ഏറ്റവും വീറും വാശിയും നിറഞ്ഞ പ്രവചനാതീതമായ തിരഞ്ഞെടുപ്പായി മാറിയത് വിവിധ കാരണങ്ങളാലാണ്. വ്യക്തിഹത്യയും വംശീയ പരാമര്‍ശങ്ങളും കൊണ്ട് മലീമസമായ പ്രൊപ്പഗണ്ടയിലൂടെ വിജയം ഉറപ്പിക്കാമെന്ന് കരുതിയ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാര്‍ എതിരാളിയുടെ ഊരും വേരും വരെ പുറത്തെടുത്ത് സമ്മതിദായകരില്‍ വിഭാഗീയചിന്ത വളര്‍ത്താന്‍ മെനക്കെട്ടു. : Obama does’nt understand the United Stats. (ഒബാമക്ക് ഐക്യനാടുകളെ മനസ്സിലാവില്ല) എന്ന പ്രസ്താവനയിലൂടെ റോംനി ഭംഗ്യന്തരേണ കൈമാറിയ സന്ദേശം ഈ തൊലിവെളുപ്പില്ലാത്ത മനുഷ്യന്‍ നമ്മുടെ നാട്ടുകരനല്ല എന്നാണ്. കെനിയയില്‍ ഒരു മുസ്ലിം പിതാവിനാണല്ലോ ബറാക് ഹുസൈന്‍ ഒബാമ ജനിക്കുന്നത്. ഡമോക്രാറ്റുകളാകട്ടെ, റിപ്പബ്ളിക്കന്‍ ചേരിയാവട്ടെ യാഥാര്‍ത്ഥ്യബോധം തൊട്ടറിഞ്ഞു ജനങ്ങളോട് വോട്ടു ചോദിച്ചില്ല. യാങ്കി സാമ്രാജ്യത്വത്തിന്റെ അധിനിവേശ ത്വരമൂലം സ്വാസ്ഥ്യം നഷ്ടപ്പെട്ട ഭൂമുഖത്ത് സമാധാനം തിരിച്ചുകൊണ്ടുവരുന്നതിന് സൈനിക വിന്യാസം പുനഃപരിശോധിക്കുമെന്നോ പ്രതിരോധ ച്ചെലവ് വെട്ടിച്ചുരുക്കുമെന്നോ അമേരിക്കയുടെ അനുഗ്രഹാശിസ്സുകളോടെ അനവരതം തുടരുന്ന കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് അറുതിവരുത്തുമെന്നോ ആരും പറഞ്ഞില്ല. നിലവിലെ വ്യവസ്ഥയില്‍ അമേരിക്കക്കാര്‍ ഒട്ടും സംതൃപ്തരല്ല എന്ന് ഇവരുടെ ധ്വനികളില്‍ നിന്ന് ഏത് മന്ദബുദ്ധിക്കും വായിച്ചെടുക്കാവുന്നതേയുള്ളൂ.വോട്ടെടുപ്പിന്റെ തലേന്നാളിലെ ഉത്രാടം പാച്ചിലിനിടയില്‍ റോംനിക്ക് ജനത്തോട് പറയാനുണ്ടായിരുന്നത് ഇതാണ് : ‘നാളെ പുതിയൊരു സമാരംഭമാണ്. നാളെ പുതിയൊരു നാളേക്ക് തുടക്കം കുറിക്കാന്‍ പോവുകയാണ്.’ എന്താണ് നാളെയെ പുതിയ നാളെയാക്കുന്നതെന്ന് വിശദീകരിക്കാന്‍ ത്രാണിയുണ്ടായിരുന്നില്ല മസാചുസെറ്റ്സ് ഗവര്‍ണര്‍ക്ക്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേട്ടപ്പോള്‍ ജനം മനസ്സിലാക്കിയത് അമേരിക്ക ഇന്ന് നേരിടുന്ന ഏക ഭീഷണി ഇറാന്റെ ആണവായുധ പരീക്ഷണങ്ങളാണെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ അഭിപ്രായപ്പെടുകയുണ്ടായി. ആ വിധത്തില്‍ ഇറാനെ രാക്ഷസീയവത്കരിച്ചു കൊണ്ടുള്ള പ്രചാരണമാണ് തീവ്രവലതുപക്ഷവും ജൂത ലോബിയും നടത്തിയത്.

             ഇവിടെയാണ് ബറാക് ഒബാമയുടെ അവശേഷിക്കുന്ന പ്രസക്തി. ഏകതയെയും ഐക്യത്തെയും കുറിച്ച് എത്ര വാചാലമായാലും ശരി അമേരിക്ക ഇന്ന് തൊലിയുടെയും മതത്തിന്റെയും വിശ്വാസത്തിന്റെയും സമ്പത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിക്കപ്പെടുകയും ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ജനപദമാണ്. വംശീയമായാണ് എല്ലാവരും ചിന്തിക്കുന്നത്. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ തിണ്ണബലം വെളുത്ത വര്‍ഗക്കാരാണ്. ഒബാമയെ ജയിപ്പിക്കുന്നത് ഹിസ്പാനികളും ആഫ്രിക്കന്‍ വംശജരും സ്ത്രീകളും മറ്റു ദുര്‍ബല അധഃസ്ഥിത വിഭാഗങ്ങളുമാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിനും സംസ്കാരത്തിനും മാത്രമേ വൈവിധ്യങ്ങളെ ഉള്‍കൊള്ളാന്‍ കരുത്തുള്ളൂ. എന്നിട്ടുപോലും എണ്ണമറ്റ കുടിയേറ്റക്കാര്‍ക്ക് കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ അമേരിക്ക വിടേണ്ടി വന്നു. മാറ്റം സാധ്യമാണെന്ന ശപഥവുമായി വന്ന ഒബാമ ആ നിലയില്‍ പരാജയമായിരുന്നു. ജോര്‍ജ് ഡബ്ള്യു ബുഷ് നടപ്പാക്കിയ അരുതായ്മകളും കൊള്ളരുതായ്മകളും വിപാടനം ചെയ്തില്ല എന്നു മാത്രമല്ല, ശക്തിയുക്തം അവയുമായി മുന്നോട്ടു പോവുകയും ചെയ്തു. യുഎസ് കോണ്‍ഗ്രസില്‍ സീനിയര്‍ ഫോറിന്‍ പോളിസി എയ്ഡായും ആംനസ്റി ഇന്റര്‍നാഷണലിന്റെ അഡ്വക്കസി ഡയറക്ടറായും പ്രവര്‍ത്തിച്ച സാഹിര്‍ ജന്‍മുഹമ്മദ് എന്ന ഹൈദരാബാദ് സ്വദേശി ഒബാമയുടെ രണ്ടാം വിജയം പ്രഖ്യാപിച്ച ദിവസം ഠവല ഹീ മൌറമരശ്യ ീള വീുല എന്ന ശീര്‍ഷകത്തില്‍ ദി ഹിന്ദുവില്‍ എഴുതിയ ചിന്തോദ്ദീപകമായ ഒരു കുറിപ്പില്‍ കഴിഞ്ഞ നാലുവര്‍ഷത്തെ അദ്ദേഹത്തിന്റെ ഭരണത്തെ വിലയിരുത്തുന്നതിങ്ങനെ : ‘”I wonder what has changed. We have a president who boasts about drone strikes in Pakistan (Which have largely targeted civilians ), a president who has deported more people than Bush, and a president who is yet to roll back legislation that curtails basic civil rights.This is, after all a president who did not show up when seven Sikhs were gunned down this past August in Oak Creek, Wisconsin, but decided to appear at movie theatre when a gunman fired at moviegoers.’ എന്തുമാറ്റങ്ങളാണുണ്ടായത്? പാക്കിസ്ഥാനില്‍ ആളില്ലാ വിമാനങ്ങളയച്ച് അക്രമണം നടത്തുന്നതില്‍ (മിക്കവാറും ഉന്നംവെക്കുന്നതാവട്ടെ സിവിലിയന്മാരെയും) അഭിമാനം കൊള്ളുന്ന ഒരു പ്രസിഡന്റാണ് നമുക്കുള്ളത്. ബുഷിനെക്കാള്‍ കൂടുതല്‍ കുടിയേറ്റക്കാരെ നാടുകടത്തിയ ഒരു പ്രസിഡന്റ്. പൌരാവകാശങ്ങള്‍ക്ക് കടിഞ്ഞാണിടുന്ന നിയമനിര്‍മാണങ്ങള്‍ ഇതുവരെയും പിന്‍വലിക്കാത്ത പ്രസിഡന്റ്. ഇക്കഴിഞ്ഞ ആഗസ്റില്‍ വിസ്കോണ്‍സിലെ ഓക് ക്രീക്കില്‍ ഏഴു സിക്കുകാരെ വെടിവച്ചിട്ടപ്പോള്‍ തിരിഞ്ഞുനോക്കാതിരുന്ന ഇതേ പ്രസിഡന്റാണ് സിനിമ തിയറ്ററില്‍ ഒരക്രമി വെടിയുതിര്‍ത്തപ്പോള്‍ പ്രത്യക്ഷപ്പെട്ടത്.” സ്വവര്‍ഗരതിക്കാരുടെ വിവാഹത്തിന് നിയമ സാധുത നല്‍കുകയും ഗര്‍ഭഛിദ്രമല്ല വ്യഭിചാരമാണ് അഭികാമ്യമെന്ന് വാദിക്കുകയും ചെയ്ത ‘പുരോഗമന വാദിയായ’ ഒബാമയെ എന്നിട്ടും നിഷ്പക്ഷമതികള്‍ ഇഷ്ടപ്പെടുന്നതും വോട്ടുചെയ്തു ജയിപ്പിച്ചതും എന്തുകൊണ്ടെന്നാല്‍, തമ്മില്‍ ഭേദം തൊമ്മനാണ് എന്ന ചിന്താഗതി മൂലം തന്നെ. സൈനിക മുഷ്ക്കിലൂടെ അങ്കിള്‍സാമിന്റെ അജയ്യതയും മെയ്കരുത്തും ലോകത്തിന് കാട്ടിക്കൊടുക്കണമെന്ന് വാദിക്കുന്ന റിപ്പബ്ളിക്കന്‍ തീവ്രവാദികളെക്കാള്‍ ഭേദം പതിതരുടെ വേദന കണ്ടാല്‍ മനസ്സിലാവുന്ന, ഇതര സംസ്കാരങ്ങളോട് സംവദിക്കുന്നതില്‍ അപാകത ദര്‍ശിക്കാത്ത ഒരാള്‍ വൈറ്റ് ഹൌസിലിരിക്കുന്നതാണെന്നതില്‍ രണ്ടഭിപ്രായമുണ്ടാവണമെന്നില്ല.

       ബറാക് ഒബാമയുടെ ഒന്നാമൂഴം സമാധാനകാംക്ഷികള്‍ക്കും മൂന്നാം ലോകത്തിനും മോഹഭംഗം സമ്മാനിച്ചത് പല കാരണങ്ങളാലാണ്. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഫലസ്തീന്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനും ഒബാമ ആത്മാര്‍ത്ഥമായ ഒരു ശ്രമവും നടത്തിയില്ല എന്നത് അമേരിക്കയുടെ രാഷ്ട്രീയത്തിന്റെ അന്തര്‍ധാരയെ ക്കുറിച്ച് ധാരണയുള്ളവര്‍ വലിയ അപരാധമായി കാണുമെന്ന് തോന്നുന്നില്ല. ഒബാമ അത്തരമൊരു നീക്കം നടത്തിയിരുന്നുവെങ്കില്‍ രണ്ടാം വരവിനുള്ള സാധ്യതപോലും ചിലപ്പോള്‍ ഇല്ലാതായേനെ. 2008 ഒബാമയുടെ വിജയത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ പശ്ചിമേഷ്യയിലെ പ്രഗല്‍ഭനായ മാധ്യമപ്രവര്‍ത്തകന്‍ ഖാലിദ് അല്‍മഈന ഈ ലേഖകനോട് പറഞ്ഞ ഒരഭിപ്രായമുണ്ട്: വരുന്ന നാലുവര്‍ഷം അദ്ദേഹം വലിയ അത്ഭുതമൊന്നും കാട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ട, വല്ലതും ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അതു രണ്ടാമൂഴത്തിലേ ഉണ്ടാവൂ. ഒബാമ തന്നെ പരോക്ഷമായി അത് സമ്മതിച്ച സന്ദര്‍ഭം ഓര്‍ത്തു പോകുന്നു. ആദ്യമായി തുര്‍ക്കി സന്ദര്‍ശിച്ച വേളയില്‍ ഇസ്താംബൂളില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു: ഒരു രാജ്യം എന്നത് സ്പീഡ് ബോട്ടല്ല, കപ്പലാണ്. നമ്മള്‍ വിചാരിച്ചതു പോലെ ഞൊടിയിട കൊണ്ട് പുതിയ ദിശയിലേക്ക് തിരിക്കാന്‍ കഴിയണമെന്നില്ല”. നാലുകൊല്ലം സാവകാശം കൊടുത്തിട്ടും ഫലസ്തീന്റെ കാര്യത്തില്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല എന്നു മാത്രല്ല, ജൂതഭരണകൂടം കൂടുതല്‍ ഔദ്ധത്യത്തോടെ അധിനിവിഷ്ട ഭൂമിയില്‍ കുടിയേറ്റം തുടരുകയും വിശാല ഇസ്രായേല്‍ എന്ന ലക്ഷ്യത്തിലേക്കു കുതിക്കുകയുമാണ്. കെയ്റോ വരെ വന്ന് മുസ്ലിം ലോകവുമായി അമേരിക്കന്‍ പ്രസിഡന്റ് സംവദിച്ചപ്പോഴേക്കും താടിനീട്ടി, തലപ്പാവ് ധരിച്ച ബിന്‍ലാദനായി തെല്‍അവീവിന്റെ ചുമരുകളില്‍ ഒബാമയുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത് വലിയൊരു താക്കീതായാണ്. യുഎസ് പ്രസിഡന്റ് ഞെട്ടിയിരിക്കണം. പിന്നീട് പശ്ചിമേഷ്യന്‍ പ്രശ്നങ്ങള്‍ പരാമര്‍ശിക്കപ്പെട്ടപ്പോഴെല്ലാം ഇസ്രയേലിന്റെ സുരക്ഷയായിരുന്നു മുഖ്യമായും പരിഗണിക്കപ്പെട്ടത്. അറബ് വസന്തം വിരിഞ്ഞ രാജ്യങ്ങളില്‍ ജനഹിതം പ്രതിഫലിക്കുന്ന ജനാധിപത്യം പുലരരുത് എന്ന ദുശ്ശാഠ്യം വിലപ്പോവാതെ വന്നപ്പോള്‍ ഐഎംഎഫ് വായ്പയും ലോകബാങ്ക് സഹായവും കാണിച്ചു കൊണ്ട് കടുത്ത സാമ്രാജ്യത്വ വിരുദ്ധര്‍ എന്ന് നാമിതുവരെ തെറ്റിദ്ധരിച്ച ഈജിപ്തിലെ ഇഖ്വാനികളെപ്പോലും തങ്ങള്‍ വരച്ച വരയില്‍ കൊണ്ടെത്തിച്ചു. സദ്ദാമിനു ശേഷം അറബ് ഇസ്ലാമിക ലോകത്ത് ബാക്കിയായ മുഅമ്മര്‍ ഖദ്ദാഫി എന്ന ഏക സാമ്രാജ്യത്വവിരുദ്ധനെ വ്യാജ വിപ്ളവത്തിന്റെ പുകമറയില്‍ സൈനികാക്രമണം നടത്തി നിഷ്ഠൂരം കൊന്നതും ഉസാമ ബിന്‍ ലാദിനെ മൃഗീയമായി കൊന്ന് മയ്യിത്ത് കടലില്‍ താഴ്ത്തിയതുമെല്ലാം ഒബാമയുടെ കാലത്താണ് എന്നത് നാളത്തെ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമുണ്ടായേക്കാം.

      ഇതെല്ലാമായിട്ടും ഒബാമയുടെ രണ്ടാം വരവു കണ്ട് ലോകം ആശ്വാസത്തിന്റെ നെടുവീര്‍പ്പിടുന്നുണ്ടെങ്കില്‍ അതിനു കാരണം ജോര്‍ജ് ഡബ്ള്യു ബുഷിന്റെ പിന്‍ഗാമിയായി പ്രസിഡന്റ് പദത്തിലിരിക്കാന്‍ അദ്ദേഹത്തിന് സൌഭാഗ്യമുണ്ടായി എന്നതു കൊണ്ടാണ്. ഒബാമ എന്ന വ്യക്തിയോട് ആര്‍ക്കും വെറുപ്പ് തോന്നണമെന്നില്ല. ആ മുഖത്തെ പ്രസരിപ്പില്‍ ലോകത്തിന് ഇന്നും പ്രതീക്ഷയുണ്ട്. വെറുക്കപ്പെടുന്നത് അദ്ദേഹത്തിന്റെ പല നിയമങ്ങളെയുമാണ്. കെനിയയില്‍ ജനിച്ച്, ഇന്ത്യോനേഷ്യയില്‍ ബാല്യകാലം ചെലവഴിച്ച്, യൌവ്വനത്തില്‍ ഐക്യനാടുകളില്‍ കുടിയേറിയ ഈ അമ്പത്തൊന്നുകാരന്റെ ജീവിതനിയോഗം നിസ്സാരമായിരുന്നില്ല. പക്ഷേ, മദം പൊട്ടിയ മുതലാളിത്തത്തിന്റെ കാല്‍ചുവട്ടിലിരുന്ന്, ചൂഷണ പ്രവണമായ ഒരു ലോകക്രമത്തിന് താരാട്ടുപാടുന്ന ഒരു ഭരണാധികാരിക്ക് അസുരപ്പട നയിച്ച് രുധിരക്കളത്തില്‍ നൃത്തമാടാനല്ലാതെ, സ്വന്തമായി ഒരാദര്‍ശ പ്രപഞ്ചം തീര്‍ത്ത് ഒരു ബദല്‍ ചിന്താപദ്ധതി അവതരിപ്പിക്കാന്‍ ത്രാണിയില്ലാതെ പോയത് അദ്ദേഹത്തിന്റെ മാത്രം കുറ്റമല്ല; കടല്‍ കൊള്ളക്കാരുടെയും അടിമക്കച്ചവടക്കാരുടെയും പിന്‍തലമുറക്കാര്‍ കെട്ടിപ്പൊക്കിയ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അമരത്തിരിക്കാന്‍ വിധിക്കപ്പെട്ടതു കൊണ്ടു കൂടിയാണ്.

You must be logged in to post a comment Login