പ്രകൃതി പ്രതിയോഗിയായി വരുന്നു

പ്രകൃതി പ്രതിയോഗിയായി വരുന്നു

അരുന്ധതി റോയ് അഭിപ്രായപ്പെട്ടതുപോലെ, മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യക്ഷ ശത്രുക്കളായി മണ്ണ്, ജലം, വായു, കാറ്റ്, ആകാശം എന്നിവ മാറിയിട്ടുണ്ട്. ഇത്രയും കാലം പരോക്ഷ ശത്രുക്കളായിരുന്ന ഇവയിന്ന് പൂര്‍ണമായും മനുഷ്യന്റെ ശത്രുക്കളായി, എതിരാളികളോട് പോരടിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ യുദ്ധപ്രഖ്യാപനത്തിന്റെ ഭാഗമായി കാണാവുന്നതാണ് ഈയടുത്തനുഭവപ്പെട്ട മഴക്കെടുതി, ജലപ്രളയം, കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുഭവപ്പെട്ട ഓഖി ചുഴലിക്കാറ്റ്, സുനാമി പ്രളയം എന്നിവ. പ്രാപഞ്ചിക യാഥാര്‍ത്ഥത്തില്‍ നിന്ന് ഒരിക്കലും മാറ്റി നിറുത്താന്‍ പറ്റാത്ത മണ്ണ്, ജലം, വായു, കാറ്റ്, ആകാശം എന്നിവ ക്ഷുഭിതസ്വഭാവത്തോടെയാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്. മണ്ണില്‍ വസിക്കുന്നവര്‍ നിരന്തരമായി ഭൂമിയുടെ വ്യതിചലനങ്ങളില്‍ ഇളിഭ്യരാവുകയാണ്. ജലം പ്രളയമായി ഭൂവാസിയായ മനുഷ്യനെ വെള്ളം കുടിപ്പിച്ചും വെള്ളത്തില്‍ മുക്കിയും കൊന്നുകളയുന്നു. മലിന വായു ശ്വാസം മുട്ടിക്കുന്നു. കാറ്റ് ആഞ്ഞുവീശി വീടും കെട്ടിടവും നശിപ്പിക്കുന്നു. അരുന്ധതി റോയിയുടെ അഭിമതം യാഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്തുന്നുണ്ട്.

കേരളം കാലവര്‍ഷക്കെടുതിയില്‍ വീര്‍പ്പുമുട്ടിയെന്നത് നഗ്‌നസത്യമാണ്. ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ കാലവര്‍ഷക്കെടുതി മുമ്പൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഓഖി ചുഴലിക്കാറ്റില്‍ പെട്ട് ദുരിതം പേറിയ സംസ്ഥാനം രക്ഷപ്പെട്ടുവരുമ്പോഴാണ് കനത്ത മഴ കേരളത്തിനുമീതെ കോരിച്ചൊരിഞ്ഞത്. പ്രാഥമിക വിലയിരുത്തലനുസരിച്ച് ഏകദേശം ഇരുപത്തയ്യായിരത്തിലധികം കോടിയുടെ നഷ്ടം കാലവര്‍ഷക്കെടുതിയിലൂടെ കേരളത്തിനുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടി വന്നു. അയ്യായിരത്തിലധികം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വന്നു. ഏഴു ലക്ഷത്തിലധികം പേര്‍ക്ക് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയേണ്ടിവന്നു. പതിനായിരത്തിലധികം കിലോമീറ്റര്‍ വരുന്ന പൊതുമരാമത്ത് റോഡുകള്‍ തകര്‍ന്നടിഞ്ഞു. പാലങ്ങള്‍ പൊട്ടിയൊലിച്ചു. സംസ്ഥാനത്തെ 39 ഡാമുകളില്‍ 35 ഉം തുറന്നുവിട്ടു. 44 നദികളില്‍ 41 ഉം അപകട സ്വഭാവത്തോടെ കുത്തിയൊഴുകി. ഇരുന്നൂറിലധികം പേര്‍ മരണത്തിനു കീഴടങ്ങി. ആയിരത്തിലധികം പേരെ കാണാതായി. ഇരുപതിനായിരത്തിലധികം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. തോരാതെ പെയ്ത മഴക്കെടുതിയുടെ ബാക്കിപത്രങ്ങള്‍ ഇനിയും നീളുകയാണ്.

ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് നല്‍കിയ മുന്നറിയിപ്പനുസരിച്ച് കേരള തീരദേശങ്ങളില്‍ ഭീമന്‍ തിരമാലകള്‍ക്ക് സാധ്യത കൂടുതലാണ്. പടുകൂറ്റന്‍ തിരമാലകളും ശക്തിയേറിയ ചുഴലിക്കാറ്റുകളും കാലാവസ്ഥയില്‍ പ്രതികൂലാവസ്ഥകള്‍ സൃഷ്ടിക്കുന്നതിലൂടെ ജനജീവിതം ദുസ്സഹമാവുകയാണ്.
പ്രകൃതിക്ഷോഭങ്ങളില്‍ കേരളം നിരന്തരമായി ഇരകളാകാനുള്ള സാധ്യതകളേറെയാണ്. ദേശീയ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 382 ആണെങ്കില്‍ കേരളത്തിലത് ഇരട്ടിയിലധികം വരും. ജനസാന്ദ്രതയുടെ പത്ത് ശതമാനത്തോളം വരുന്ന പ്രദേശങ്ങള്‍ സമുദ്രനിരപ്പിന് താഴെയാണുള്ളത്. പ്രകൃതി ദുരന്തങ്ങളിലേക്കാണ് നാം വഴി നടക്കുന്നതെന്നറിയിക്കുന്ന വാര്‍ത്തകളും സന്ദേശങ്ങളും നിരന്തരമായി നമ്മെ അലോസരപ്പെടുത്തുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ ഒന്‍പതു വരുന്ന, പത്ത് കോടി ജനങ്ങളുടെ ജീവന്‍ കവരാന്‍ മാത്രം ശക്തിയുള്ള വന്‍ഭൂകമ്പം ഇന്ത്യയെ തേടിയെത്തുന്നുണ്ടെന്ന ശാസ്ത്രീയ പ്രവചനം ആശങ്ക വര്‍ധിപ്പിക്കുകയാണ്.

ആരാണ് വഞ്ചിക്കപ്പെട്ടത്?
കാലവര്‍ഷം കനത്തു പെയ്തപ്പോള്‍ പ്രളയമായി. പ്രളയം മനുഷ്യര്‍ക്കു പുറമെ ഭൂമിയിലെ ജന്തുജാലങ്ങളെയടക്കം ദുരിതത്തിലാക്കി. യഥാര്‍ത്ഥത്തില്‍ ദുരിതം കൂടുതല്‍ പേറേണ്ടി വന്നത് മനുഷ്യര്‍ തന്നെയാണ്. മനുഷ്യര്‍ ഒരുക്കിവച്ച ആഴമേറിയ കുഴികളില്‍ അവര്‍ തന്നെ മുഖം കുത്തിവീണു എന്നും പറയാം. അടിസ്ഥാന ആവശ്യങ്ങള്‍ക്കുപരി ആര്‍ഭാടങ്ങളിലേക്ക് മനുഷ്യന്‍ ശ്രദ്ധ തിരിക്കുമ്പോഴാണ് പ്രകൃതി കെടുതിയുടെ കെട്ടഴിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്താനവന്‍ പ്രകൃതിയെ ചൂഷണം ചെയ്തു. ചൂഷണം ഒരര്‍ത്ഥത്തില്‍ മോഷണമായി മാറി. 4000 ദശലക്ഷം പഴക്കമുള്ള ഭൂമിയെ ചൂഷണം ചെയ്യാന്‍ ഭൂവാസി ഒരുമ്പെട്ടാല്‍ പ്രത്യുത്തരം പെട്ടെന്നുണ്ടാകും. ആവാസവ്യവസ്ഥയുടെ സന്തുലിതത്വം നഷ്ടപ്പെടുത്തിയതിന്റെ ആദ്യ പ്രതി നമ്മള്‍ തന്നെ. തെറ്റായ വികസന സങ്കല്‍പം നമ്മെ തെറ്റായ തീരുമാനങ്ങളെടുപ്പിച്ചു. ആ തെറ്റിന് പ്രായശ്ചിത്തം ചെയ്യാനുള്ള അവസരങ്ങള്‍ നമ്മള്‍ ഉപയോഗപ്പെടുത്തിയതുമില്ല.

ജലപ്രളയം, ഉരുള്‍പൊട്ടല്‍ എന്നിവയാണ് ഈ കാലവര്‍ഷക്കെടുതിയില്‍ നമ്മെ വേട്ടയാടിയ പ്രധാന വില്ലന്മാര്‍. ജലപ്രളയം എങ്ങനെയുണ്ടായി? ഉരുള്‍പൊട്ടല്‍ എങ്ങനെയാണ് ഭീതിദമായത്? അവയൊന്ന് അന്വേഷണവിധേയമാക്കണം. 2018 ഓഗസ്റ്റ് ഏഴിനും പതിമൂന്നിനും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട രണ്ട് ന്യൂനമര്‍ദങ്ങളും അതിനോടനുബന്ധിച്ചുണ്ടായ ചുഴലിക്കാറ്റുമാണ് കേരളത്തില്‍ പേമാരി ശക്തിയില്‍ പെയ്യിപ്പിച്ചതെന്ന് അനുമാനിക്കുന്നു. പേമാരി മൂലമുണ്ടായ വെള്ളത്തിന്റെ അനായാസകരമായ ഒഴുക്കിന് തടസ്സം നേരിട്ടതിനാല്‍ ജലനിരപ്പുയരുന്നതിനും നഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലാകുന്നതിനും കാരണമായി. വെള്ളത്തിന്റെ അനായാസകരമായ ഒഴുക്കിന് തടസമായത് അശാസ്ത്രീയമായ മനുഷ്യനിര്‍മിതികളാണ്. മഴവെള്ളം ഊര്‍ന്നിറങ്ങേണ്ടയിടങ്ങളെല്ലാം കോണ്‍ക്രീറ്റ്‌വത്കരിച്ചു. ചതുപ്പ് നിലങ്ങളും വയലുകളും മണ്ണിട്ട് മൂടി. വെള്ളം ഒലിച്ചു പോകേണ്ട തോടുകളും നീര്‍ച്ചാലുകളും പുഴകളും മനുഷ്യകയ്യേറ്റങ്ങളില്‍ ശുഷ്‌കിച്ചു. വെള്ളം ഒലിച്ചുപോകുന്നതിന് തടയിടുന്ന വൃക്ഷങ്ങള്‍ വെട്ടിവെളുപ്പിച്ചു.

മഴവെള്ളം സംഭരിക്കാനുള്ള മണ്ണിന്റെ ശക്തി നഷ്ടമായപ്പോഴാണ് ഹൈറേഞ്ചില്‍ നിന്നും വെള്ളം കുത്തിയൊലിച്ചത്. ഈ പ്രളയകാലത്ത് സംസ്ഥാനത്ത് 220 ഇടങ്ങളില്‍ ഉരുള്‍പൊട്ടി. ഉരുള്‍പൊട്ടലിനുള്ള പ്രധാന കാരണമായി പരിസ്ഥിതി നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചത് പാറമടകളുടെ ആധിക്യമാണ്. മലമുകളിലെ കമ്പനങ്ങളും വിറയലും മൂലം രൂപപ്പെട്ട വിള്ളലുകള്‍ കാരണം മലകള്‍ക്കുമീതെ പെയ്ത മഴ ഭൂഗര്‍ഭ ജലാശയങ്ങള്‍ രൂപപ്പെടുത്തുകയും ഹൈറേഞ്ചില്‍ ഉരുള്‍പൊട്ടുന്നതിനും കാരണമായി. കുന്നുകളും മലകളും ഇടിച്ചു നിരപ്പാക്കിയതു മൂലവും കാടുകളും വനങ്ങളും നശിപ്പിച്ചത് മൂലവും ഉരുള്‍പൊട്ടലിന് വേഗത കൂടി. 2020 ആകുമ്പോഴേക്കും 780 കോടി പുതിയ വൃക്ഷങ്ങള്‍ ഭൂമിയില്‍ നട്ടുപിടിപ്പിക്കാനാണ് കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്. അനുദിനം അപ്രത്യക്ഷമാകുന്ന ഹരിതമേടുകളെ തിരിച്ചുപിടിക്കാനുള്ള യത്‌നത്തിലാണ് ഓരോ അതോറിറ്റിയും.
കേരളത്തില്‍ കനത്തു പെയ്ത കാലവര്‍ഷം മൂലം ലക്ഷങ്ങളാണ് നാടും വീടും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയത്. സ്വഭൂമിയില്‍ നിര്‍ഭയത്വം നഷ്ടമായപ്പോള്‍ അവര്‍ക്ക് മറ്റു വഴികളില്ലാതായി. നിര്‍ഭയത്വം നഷ്ടമാകുന്നത് പല വിധേനയാകാം. സ്വസ്ഥമായി ജീവിക്കാന്‍ കാലാവസ്ഥാവ്യതിചലനങ്ങളനുവദിക്കാത്തത് മൂലവും അഭയാര്‍ത്ഥികളാകേണ്ടിവരികയാണ്. കാലാവസ്ഥയില്‍ വരുന്ന വ്യതിയാനങ്ങള്‍ മൂലം ജീവരക്ഷ തേടി അലയുന്നവരുടെ എണ്ണം അധികരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

കാലാവസ്ഥാ വ്യതിയാനം നിത്യജീവിതത്തെ ബാധിക്കും വിധം അനുദിനം രൂക്ഷമാവുകയാണ്. കഴിഞ്ഞ ഓസോണ്‍ ദിനത്തില്‍ പുറത്തുവന്ന വാര്‍ത്ത നടക്കമുണ്ടാക്കുന്നു. ഓസോണ്‍ പാളിക്ക് സംഭവിക്കുന്ന ക്ഷയം ഏറ്റവുമധികം ബാധിക്കുന്നത് ലോകത്ത് നാലു ശതമാനം മാത്രം വെള്ളം ലഭിക്കുന്ന, ലോകജന സംഖ്യയുടെ 18 ശതമാനവും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയെയായിരിക്കുമെന്നാണ് അശുഭ വാര്‍ത്ത. 2050 ആകുമ്പോഴേക്കും രാജ്യത്തെ ശുദ്ധജല സ്രോതസ്സുകള്‍ വറ്റിവരളുമെന്നാണ് പ്രബലമായ നിഗമനം. ഓസോണ്‍ പാളിയിലെ സുഷിരം കുറഞ്ഞു വരുന്നുണ്ടെന്ന ആശാവഹ റിപ്പോര്‍ട്ടുകളെ തകിടം മറിക്കുന്നതാണ് പുതിയ പഠനങ്ങള്‍. കല്‍ക്കരിയധിഷ്ടിത വ്യവസായശാലകള്‍ അന്തരീക്ഷത്തിലേക്കു പുറം തള്ളുന്ന ഹരിത ഗൃഹ വാതകങ്ങളുടെ വന്‍തോതിലുള്ള വര്‍ധന കാലാവസ്ഥാ വ്യതിയാനത്തിന് മുഖ്യ കാരണമാകുന്നു. ഓസോണിന് ഭംഗം വരുത്തുന്നതെന്തും ഇന്ത്യയെ കുടുതല്‍ ക്ഷീണത്തിലാഴ്ത്തും. 2050 ആകുമ്പോഴേക്കും ജല ലഭ്യത മാത്രമല്ല കുറയുന്നത്. സ്വസ്ഥമായി ജീവിക്കാവുന്ന ഇടങ്ങളെല്ലാം തകിടം മറിയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ നാടും വീടും വിട്ടെറിഞ്ഞ് പലായനത്തിന് ജനം നിര്‍ബന്ധിതരാകും.
അന്തരീക്ഷത്തിലെ ജീവജാലങ്ങള്‍ക്ക് ജീവന്റെ തുടിപ്പു നല്‍കുന്ന ഓരോ കണികയും വിഷലിപ്തമായിരിക്കുകയാണ്. എന്‍വയോണ്‍മെന്റല്‍ മാനേജ്‌മെന്റ് ആന്‍ഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഈയടുത്ത് പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് വല്ലാതെ ഭയപ്പെടുത്തുന്നതാണ്. രാജ്യത്തെ ശുദ്ധജല സംഭരണികളെല്ലാം വിഷലിപ്തമായി മാറുന്നതോടൊപ്പം അന്തരീക്ഷത്തിലെ വായു പോലും വിഷലിപ്തമാവുകയാണ്. ഡല്‍ഹിയിലനുഭവപ്പെട്ട അന്തരീക്ഷത്തിലെ വിഷപ്പുക എത്രമാത്രം ഭീതി പരത്തിയെന്ന് അനുഭവസ്ഥരോട് ചോദിച്ചാല്‍ മനസിലാകും. ജലസമൃദ്ധിയുള്ള എണ്ണൂറോളം തടാകങ്ങളുണ്ടായിരുന്ന ബംഗളൂരുവിലിപ്പോഴത് 70 എണ്ണം മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. അവശേഷിക്കുന്നത് തന്നെ മാലിന്യം നിറഞ്ഞ് രോഗം പരത്തുന്ന സങ്കേതങ്ങളായാണ് നിലകൊള്ളുന്നത്.

ഇനിയൊരിക്കലും വഞ്ചിതരാകാതിരിക്കാന്‍
പ്രകൃതി ദുരന്തങ്ങളിലകപ്പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ ഭാഷാവ്യത്യാസം മറന്നും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അതിരുകള്‍ കടന്നും ഭരണകൂടങ്ങളും ജനങ്ങളും പരസ്പരം കൈകോര്‍ത്തു. മാനുഷിക ബന്ധത്തിനുമേല്‍ അവര്‍ ദുരിതബാധിതര്‍ക്കു വേണ്ടതെല്ലാം ചെയ്തു കൊടുക്കാന്‍ തയാറായി. പ്രകൃതി ദുരന്തങ്ങളിലകപ്പെട്ടവരെ രക്ഷിക്കാന്‍ വേണ്ടി കേരളം കൈകൊണ്ട അതേ മനസോടുകൂടെ പ്രയത്‌നിച്ചാല്‍ പ്രകൃതിയെ അതിന്റെ പരിശുദ്ധിയില്‍ തിരിച്ചുപിടിക്കാനാകും. പ്രകൃതി ചൂഷകര്‍ക്കെതിരെ ശക്തമായ നിയമനിര്‍മാണം നടത്തണം. അവര്‍ ഒരിക്കലും രക്ഷപ്പെട്ടുകൂടാ. ഒരു സമൂഹത്തിന്റെ മൊത്തമായ സൈ്വര്യ ജീവിതത്തിനെതിരെയാണവര്‍ പ്രവര്‍ത്തിക്കുന്നത്.

കെ എം എ റഊഫ്

You must be logged in to post a comment Login