പ്രളയം ഒടുങ്ങി;ഇനി വയനാട്ടിലേക്ക് പോകാം

പ്രളയം ഒടുങ്ങി;ഇനി വയനാട്ടിലേക്ക് പോകാം

‘ലോകാവസാന നിലവറ’ എന്നൊന്നുണ്ട്. ഡൂംസ് ഡേ ബാങ്ക്. നോര്‍വെയിലാണ്. സ്വാള്‍ബാള്‍ഡ് ദ്വീപ് സമൂഹത്തില്‍ ഉള്‍പ്പെട്ട സ്പിറ്റ്‌സ് ബെര്‍ഗന്‍ ദ്വീപിലാണ്. പ്രപഞ്ചത്തിന്റെ അനാദിയായ വിസ്മയങ്ങള്‍ക്കും പ്രതിഭാസങ്ങള്‍ക്കും മുന്നില്‍ മനുഷ്യന്‍ എന്നത് എത്ര നിസാരമായ പദമാണ് എന്ന ആത്യന്തിക സത്യത്തെ അഭിസംബോധന ചെയ്യുന്ന ഒരു ആശയത്തില്‍ നിന്നാണ് 2008-ല്‍ അതിന്റെ പിറവി. ഉത്തരധ്രുവത്തില്‍ നിന്ന് ആയിരത്തോളം മൈലുകള്‍ അകലെ. മഹാപ്രളയങ്ങളും കൊടുംവ്യാധികളും മഹായുദ്ധങ്ങളും ക്ഷാമങ്ങളും വന്ന് ഭൂമിയിലെ മനുഷ്യവാസത്തെ തകര്‍ത്തുകളയുന്ന ഒരു നാളെയെ ആ ആശയം പ്രതീക്ഷിക്കുന്നു. മനുഷ്യരെ ജീവനത്തിനും അതിജീവനത്തിനും പ്രാപ്തമാക്കിയ വിത്തിനങ്ങളെ പ്രളയാനന്തരകാലത്തേക്ക് കരുതിവെക്കുകയാണവിടെ. പത്ത് ലക്ഷത്തിലേറെ വിത്തിനങ്ങളാണ് കലവറയിലുള്ളത്. ഇരുള്‍മൂടിയേക്കാവുന്ന ഒരു കാലത്തേക്ക് കരുതി വെക്കുന്ന തരി വെളിച്ചം. നിസാരനെങ്കിലും അതിജീവിക്കുന്നവനാണ് മനുഷ്യന്‍ എന്ന ദര്‍ശനമാണ് വിത്തിന്റെ ആ കലവറയുടെ ജീവന്‍. നാളെ എന്ന പ്രഹേളികയോടുള്ള നിസ്സഹായരുടെ കരുതല്‍. അതേക്കുറിച്ച് ഒടുവില്‍ സംസാരിക്കാം.

പ്രളയാനന്തര കേരളത്തിലാണ് നമ്മളിപ്പോള്‍. മരണവീടുപോലെ മൂകമാണ് നമ്മുടെ നാട്. നിലവിളികള്‍ അടങ്ങിയെങ്കിലും നെടുവീര്‍പ്പുകള്‍ അവസാനിക്കുന്നില്ല. എന്തെല്ലാമായിരുന്നു ഈ പ്രളയത്തിന് മുന്‍പ് നമ്മുടെ സംഭാഷണങ്ങള്‍ എന്ന് ഓര്‍ക്കുന്നുണ്ടോ? എന്തിനോടെല്ലാമാണ് നമ്മള്‍ തര്‍ക്കിച്ചത്? എന്തെല്ലാം അനീതികളോടാണ് നമ്മള്‍ അരുത് എന്ന് പറഞ്ഞത്? എന്തെല്ലാം സംഘര്‍ഷങ്ങള്‍? ഒന്നരമീറ്റര്‍ തികച്ചില്ലാത്ത ഒരു മതിലിടത്തിന് വേണ്ടി ഒരു ചെറുപ്പക്കാരന്റെ നെഞ്ചു പിളര്‍ന്നു; അഭിമന്യുവിന്റെ. ഒരു വാക്കിനാല്‍ തീര്‍ക്കാമായിരുന്ന, ഒരു പുഞ്ചിരിയാല്‍ പരിഹരിക്കാമായിരുന്ന, മനുഷ്യരാണ് എന്ന ഒറ്റ പരിഗണനയില്‍ ഒഴിവാക്കാമായിരുന്ന നിസാരമായ ഒരു വാക്കുതര്‍ക്കത്തെ ക്രൂരമായ വെട്ടുകള്‍ കൊണ്ട് പരിഹരിക്കാന്‍ നോക്കി. കണ്ണൂരിലെ ഷുഹൈബിന്റെ നിറഞ്ഞ ചിരി വെട്ടിമാറ്റി. ശരീരത്തിന്റെ ദുര്‍നടപ്പുകള്‍ക്കായി ഉറ്റവരെ കൊന്നുതള്ളിയ മനുഷ്യരെ കണ്ടു. പണം അതിന്റെ സര്‍വ പ്രലോഭനങ്ങളോടെയും നിറഞ്ഞാടിയപ്പോള്‍ മനുഷ്യര്‍ മഴുവെടുക്കുന്നത് കണ്ടു. മരങ്ങള്‍ക്കും മലകള്‍ക്കും പുഴകള്‍ക്കും മീതെ, എന്റെ എന്റെ എന്ന സ്വര്‍ത്ഥങ്ങള്‍ അരങ്ങുവാണു. അരുത് എന്ന വാക്കാണ് ഇന്ത്യയുടെ ആദ്യകാവ്യം. മാനിഷാദ. വെളിച്ചമുള്ള മനുഷ്യര്‍ സര്‍വ ഭാഷകളിലും അത് ആവര്‍ത്തിക്കുന്നത് നമ്മള്‍ കണ്ടു. ഇതേ താളുകളിലൂടെ പലവട്ടം നമ്മളത് ഏറ്റുപറഞ്ഞു.

മലബാറിലെ ദുര്‍ബലമായ ഒരു കുന്നിന്റെ നെറുകയില്‍ കൂറ്റന്‍ ജലസംഭരണി പണിതത് വിളകളെ നനക്കായിരുന്നില്ല. ശരീരങ്ങള്‍ക്ക് കളിക്കാനായിരുന്നു. കുന്നുകള്‍ ലോറിയില്‍ കേറാന്‍ വരിനില്‍ക്കുന്ന കാഴ്ചകള്‍ പലവുരു കണ്ടു. കുന്നുകളെ താങ്ങിനിന്നിരുന്ന പാറകള്‍ നഗരങ്ങളിലെ കെട്ടിടങ്ങള്‍ക്ക് വേണ്ടി പൊടിച്ചുകളഞ്ഞു. ശരീരത്തിന്റെ ആനന്ദങ്ങള്‍ക്കായി മനുഷ്യര്‍ കുന്നുകള്‍ കയറി. മഞ്ഞും മഴയും കാറ്റും പച്ചപ്പും സമൃദ്ധമായ മൂന്നാറിന് ആ സൗന്ദര്യം കൊടിയ ശാപമായി മാറി. തണുപ്പും കാഴ്ചയും തേടി മാത്രം മലകയറി വന്ന സുഖിയര്‍ക്ക് വേണ്ടി താങ്ങാനാവാത്ത കരിങ്കല്‍ഭാരങ്ങള്‍ ശിരസിലേറ്റി മൂന്നാര്‍ വിയര്‍ത്തു. കേരള ചരിത്രത്തിലെ മനുഷ്യാതിജീവനത്തിന്റെ മഹാമാതൃകയായ കുടിയേറ്റം കയ്യേറ്റമെന്ന പാതകത്തിന്റെ പര്യായമാക്കി മാറ്റി. പുഴ എന്ന ജൈവികസാന്നിധ്യം മനുഷ്യരാശിയുടെ നിര്‍മാണത്തില്‍ വഹിച്ച പങ്ക് ഇളം ക്ലാസുകളില്‍ മുതല്‍ നമ്മള്‍ പഠിച്ചതാണ്. നൈലിന്റെ വരദാനമെന്ന് നമ്മള്‍ ഈജിപ്റ്റിനെ വിളിച്ചില്ലേ? അതേ നദികള്‍ ഒരു കെട്ടിടനിര്‍മാണ സാമഗ്രിയുടെ ഉറവിടം എന്ന നിലയില്‍ മാത്രം;, മണല്‍ തരുന്ന സൂപ്പര്‍ മാര്‍ക്കറ്റ് എന്ന നിലയില്‍ മാത്രം പരിഗണിക്കപ്പെട്ടതും നമ്മള്‍ കണ്ടു. നദിയോരങ്ങള്‍ ഒരു ടൂറിസം വിഭവമായി മാറ്റിയതും നമ്മള്‍ കണ്ടു. അരുത് എന്ന് വിവേകികള്‍ പറഞ്ഞുകൊണ്ടിരുന്നു. ആരും കേട്ടില്ല. പ്രളയങ്ങളെ നനച്ചൊതുക്കാന്‍ ത്രാണിയുള്ള പാടങ്ങള്‍ക്ക് നിയമസഭയില്‍ ചരമഗീതമെഴുതിയപ്പോള്‍, തണ്ണീര്‍ത്തടങ്ങളെ കൊല്ലാനുള്ള നിയമം സൃഷ്ടിച്ചപ്പോള്‍ നമ്മള്‍ പറഞ്ഞു: അരുത്. ആരും കേട്ടില്ല. അനന്തരം പക്ഷേ, പ്രളയമുണ്ടായി. മരണവീടിനെക്കുറിച്ച് പറഞ്ഞു. മരണവീട്ടില്‍ മര്യാദകളുണ്ടാവണം. മൗനമാണ് ഒരു മര്യാദ. അതിനാല്‍ നമുക്ക് നിശബ്ദരാവാം. പക്ഷേ, ഒരു മരണവും ഓര്‍മകളെ ഇല്ലാതാക്കുന്നില്ല.

ഒരു കാര്യം കൂടി ഓര്‍മയില്‍ വെക്കാം. 2018 ആഗസ്തിനെ പാരിസ്ഥിതിക ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടത് മധ്യകേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തിന്റെ മാസം മാത്രമായിട്ടായിരിക്കരുത്. രണ്ട് ദുരന്തങ്ങള്‍ ഒരേ സമയം സംഭവിച്ചു. മധ്യകേരളം മഴയില്‍ മുങ്ങി. വയനാടും ഹൈറേഞ്ചും മലയിടിഞ്ഞ് തകര്‍ന്നു. രണ്ടും രണ്ടു രീതിയില്‍ സംബോധന ചെയ്യാന്‍ നമ്മള്‍ ഒരുക്കമല്ലെങ്കില്‍ ഈ ദുരന്തകാലം നമ്മെ ഒന്നും പഠിപ്പിക്കില്ല.
സര്‍വനദികളും കരകവിഞ്ഞ നാളുകളാണ് കടന്നുപോയത്. പെരുമഴപ്പെയ്ത്ത്. മഴയാണ് മധ്യകേരളത്തെ മുക്കിയത്. ഡാം ദുരന്തം എന്നൊക്കെ പറയുന്നത് ഒരു രാഷ്ട്രീയ ഓളം സൃഷ്ടിക്കുമെന്നല്ലാതെ വസ്തുതയല്ല. ഒഴുകിയെത്തിയ വെള്ളത്തിന്റെ കണക്ക് ഏറെക്കുറെ ലഭ്യമാണ്. അത് ഡാമില്‍ നിന്ന് മാത്രമല്ല. മഴയുടെ സൃഷ്ടിയാണ്. വയനാടിനെയും ഇടുക്കിയെയും മാറ്റി നിര്‍ത്തി ആദ്യം സംസാരിക്കാം. അതാണ് വിവേകപരം. മൂന്നിരട്ടി മഴയാണ് ഇടനാട്ടില്‍ പെയ്തത്. ആഗസ്ത് പതിനഞ്ച് വരെ നിര്‍ത്താതെ പെയ്തു. ഇടനാട്ടില്‍ പെയ്യുന്ന മഴ കടലില്‍ ചേരും മുന്‍പേ എവിടേക്കാണ് അവസാനമായി ഒഴുകിയെത്തുന്നത്? വേമ്പനാട്ട് കായലിലേക്ക്. പെരിയാറും പമ്പയും ഉള്‍പ്പടെയുള്ള മഹാനദികള്‍ സ്വീകരിക്കുന്ന വെള്ളം വേമ്പനാട്ടിലൂടെയാണ് കടലില്‍ തൊടുന്നത്. വേമ്പനാട് കടലില്‍ തൊടുന്ന അഴിമുഖങ്ങള്‍ വൈപ്പിനിലെ മുനമ്പവും ഫോര്‍ട്ട് കൊച്ചിയും ആലപ്പുഴയിലെ അന്ധകാരനഴിയും തോട്ടപ്പള്ളിയും വലിയഴീക്കലുമാണ്. അപ്പോള്‍ വേമ്പനാട്ട് കായലിന്റെ വാഹകശേഷിയാണ് നമ്മുടെ തീരങ്ങളെ സംരക്ഷിക്കുന്നത്. ആ വാഹകശേഷിയില്‍ വന്ന കുറവിന്റെ കാരണങ്ങള്‍ നമുക്ക് അറിയാം. പറയേണ്ട സമയം ഇതല്ലെങ്കിലും. വേമ്പനാട്ട് കായല്‍ വന്‍തോതില്‍ കയ്യേറപ്പെട്ടു. ആ കയ്യേറ്റങ്ങളും പ്രളയത്തിലെ പ്രതിയാണ്.

സാരമില്ല. വീണു വീണാണ് നമ്മള്‍ നടക്കാന്‍ പഠിച്ചത്. ഉഗ്രമായ വീഴ്ച ഇടനാട് അനുഭവിച്ചു. ചെങ്ങന്നൂര്‍ മധ്യകേരളത്തിന്റെ ദു:ഖമായി. ചെറുചെറു ജലവാഹിനികളുടെ ജലകേന്ദ്രങ്ങളുടെ നാടാണ് ചെങ്ങന്നൂര്‍. നദീസാന്ദ്രമാണ് ചെങ്ങന്നൂര്‍. ജലകേന്ദ്രങ്ങള്‍ ഇല്ലാതായത് ചെങ്ങന്നൂരിന്റെ വീഴ്ചയെ വലുതാക്കി. പ്രളയത്തെക്കുറിച്ച്, അതിന്റെ ഭീകരമുഖത്തെക്കുറിച്ച്, അത് വിതച്ച വിലാപങ്ങളെക്കുറിച്ച് അധികം പറയുന്നില്ല. പോയനാളുകളില്‍ നിങ്ങള്‍ ശ്വസിച്ചത് പോലും ഈ വിലാപങ്ങളെയാണ്.

പ്രളയാനന്തരം
പറഞ്ഞുകഴിഞ്ഞതാണ് നമ്മള്‍ പരസ്പരം, പലതവണ. ലോകമാകെ മാതൃകയാക്കേണ്ട ഒന്നായി മാറി പ്രളയത്തിനെതിരായുള്ള നമ്മുടെ അതിജീവന ശ്രമങ്ങള്‍. എത്രമേല്‍ വിഭാഗീയമായിരുന്നു നമ്മുടെ ലോകം ആ പ്രളയത്തിന് മുന്‍പ്? ഓഖിയെ ഓര്‍ക്കുന്നുവോ? അനൗചിത്യമാണെങ്കിലും വെറുതേ ഓര്‍ക്കാം. തെക്കന്‍ തീരജീവിതത്തെ കശക്കിയെറിഞ്ഞ കാറ്റിനെ. ഇടനാടും മലനാടും അന്ന് തീരനാടിനോട് ചെയ്തത് എന്താണ്? അവര്‍ക്കൊപ്പം നിന്നില്ല. വിഭാഗീയമായിരുന്നു ഈ നാട് എന്ന് ഓര്‍മിപ്പിച്ചു എന്നേയുള്ളൂ. അവരോട്, തീരവാസികളോട്, കടലില്‍ മരിച്ചവരോട് അവരല്ലാത്തവര്‍ ഐക്യപ്പെട്ടിരുന്നോ? ഇല്ല. പക്ഷേ, മലനാടും ഇടനാടും ഒന്നാകെ ഇളകിയ ഈ ദുരന്തത്തോട്; തീരം താരതമ്യേന സുരക്ഷിതമായിരുന്നിട്ടും അവര്‍ ഐക്യപ്പെട്ടു. കടല്‍മക്കളുടെ തുഴക്കരുത്തിലാണ് കേരളം മരിക്കാതിരുന്നത്. കേരളം അതിന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ എഴുതിയ ഏറ്റവും വലിയ വാക്ക് ‘പ്രളയകാലത്തെ മത്സ്യത്തൊഴിലാളി’ എന്നതായി മാറി. എഴുതപ്പെട്ട എല്ലാ സാഹിത്യവും എല്ലാ വീരേതിഹാസങ്ങളും പ്രളയജലത്തെ ചായക്കോപ്പയെന്നോണം കയ്യിലെടുത്ത മത്സ്യത്തൊഴിലാളിയുടെ ചരിതത്താല്‍ നിഷ്പ്രഭമായി. മനുഷ്യര്‍ മനുഷ്യരാല്‍ ആദരിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും സാന്ത്വനിപ്പിക്കപ്പെടുകയും ചെയ്യുന്ന കാഴ്ചകളാല്‍ കേരളം സമൃദ്ധമായി.
നിരുത്തരവാദിത്തം, അമിതമായ വ്യാപാര താല്‍പര്യം, അനാവശ്യ മല്‍സരം അല്‍പത്തത്തോളം തരം താഴ്ന്ന ആത്മ പ്രശംസ തുടങ്ങി നൂറ് കുറ്റങ്ങള്‍ ചാര്‍ത്തിക്കിട്ടിയ ഒന്നാണ് കേരളത്തിലെ ദൃശ്യമാധ്യമ രംഗം. ഒട്ടൊക്കെ ആ കുറ്റപ്പെടുത്തലില്‍ കഴമ്പുമുണ്ടായിരുന്നു. എത്രപെട്ടെന്നാണ് കേരളത്തിലേക്ക് ഒരു പുതിയ, ആേരാഗ്യകരമായ ഒരു ദൃശ്യമാധ്യമ സംസ്‌കാരം ഒഴുകിയെത്തിയത്. ഉത്തരവാദിത്തത്തോടെയും കരുണയോടെയും അവ ഉറങ്ങാതിരുന്നു. ഓരോ ജീവിതങ്ങളെയും കൈപിടിച്ച് കയറ്റുന്നത് കാണിച്ചുതന്നു. ഓരോ മനുഷ്യരെയും പേരെടുത്ത് വിളിച്ച് അവരെ രക്ഷിക്കൂ എന്ന് വിലപിച്ചു. സര്‍വം നഷ്ടമായ മനുഷ്യരുടെ കണ്ണീരൊപ്പാന്‍ അവര്‍ മത്സരിച്ചു. ഏഷ്യാനെറ്റ് ന്യൂസിെല വിനു വി. ജോണ്‍ അപവാദമായിരുന്നെങ്കിലും നമ്മുടെ മാധ്യമമുഖങ്ങള്‍ ചരിത്രപരമായ ഒരു ദൗത്യം നിറവേറ്റുകയായിരുന്നു. അത് ആവശ്യപ്പെടുന്ന ശരീര ശബ്ദഭാഷയോടെ.

നവമാധ്യമങ്ങള്‍, പ്രത്യേകിച്ച് ഫേസ്ബുക്ക് അതിന്റെ കേരളപ്രവേശനത്തിന് ശേഷം നിര്‍വഹിച്ച ഏറ്റവും വലിയ ചരിത്രദൗത്യത്തിനും പ്രളയം സാക്ഷിയായി. മനുഷ്യസഹജമായ വീഴ്ചകള്‍ സംഭവിച്ചില്ല എന്നല്ല. പക്ഷേ, മനുഷ്യത്വത്തിന് വേണ്ടിയുള്ള ഒരു യുദ്ധമുഖത്താണ് തങ്ങളെന്ന് യുവതയെ ഓര്‍മിപ്പിക്കാന്‍, അവരെ കണ്ണിമ ചിമ്മാതെ കേരളത്തിന് കാവല്‍ നിര്‍ത്താന്‍ ഫേസ്ബുക്ക് ഒരു ചാലകമായി.

സംഘടനകളോ? പ്രത്യേകിച്ച് യുവസംഘടനകള്‍? മുഴുവന്‍ യുവാക്കളും ആത്മപ്രചോദിതരായി ഉണര്‍ന്നുവന്നു. അവനവന്‍ അനുഭവിക്കാത്തതെല്ലാം കെട്ടുകഥയായി കരുതുന്നവരാണ് യുവതയെന്ന പഴികള്‍ ഇനി മറമാടാം. യുദ്ധമോ കെടുതിയോ പരിചിതമല്ലാത്ത ഈ ചെറിയ നാടിനെ ഇവിടത്തെ ചെറുപ്പക്കാര്‍ എത്ര ആര്‍ദ്രമായാണ് വീണ്ടെടുത്തുകൊണ്ടിരിക്കുന്നത്. ഈ കുറിപ്പ് എഴുതുമ്പോള്‍ സംസ്ഥാനത്തുനിന്ന് എമ്പാടുമായി അറുപതിനായിരം യുവാക്കളാണ് കുട്ടനാടിനെ കഴുകിയെടുക്കുന്ന യജ്ഞം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ലോകചരിത്രത്തില്‍ തന്നെ അത്ഭുതകരമായ ദുരിതാശ്വാസ കൂട്ടായ്മ. എത്രപെട്ടെന്നാണ് ഈ നാട് മറ്റൊന്നാകുന്നത്. എത്രമേല്‍ നന്മയാണ് ഇത് ഒളിപ്പിച്ച് വെച്ചിരുന്നത്?

ഒരു ദുരന്തമുഖത്ത് ഏറ്റവുമേറെ പഴിക്കപ്പെടുന്നത് ഭരണാധികാരി ആയിരിക്കും. അതാണ് ചരിത്രം. ഭരണാധികാരി ഒറ്റ മനുഷ്യനാണ്. വീഴ്ചകള്‍, നാക്കുപിഴകള്‍ ഒക്കെയും സ്വാഭാവികം. കേരളത്തില്‍ പക്ഷേ, എന്താണ് സംഭവിച്ചത്? മാധ്യമങ്ങള്‍ കാര്യത്തിനും കാര്യമില്ലാതെയും എതിര്‍പക്ഷത്ത് നിര്‍ത്തിയ, ഒട്ടും മാധ്യമ സൗഹൃദനല്ലാത്ത ഒരു മനുഷ്യനാണ് ഇപ്പോള്‍ അധികാരമാളുന്നത്. പിണറായി വിജയന്‍. എത്ര പെട്ടെന്നാണ് ആ മനുഷ്യന്‍ സര്‍വാദരങ്ങളുടെയും കേന്ദ്രമായത്? എത്ര ചിട്ടയോടെയാണ്, എത്ര സമചിത്തതയോടെയാണ് അദ്ദേഹം ഈ മഹാദുരന്തത്തെ നേരിട്ടത്. എത്ര സൂക്ഷ്മമായാണ് വാക്കുകള്‍ പ്രയോഗിച്ചത്? പ്രളയം പിണറായിയെ അല്ല പിണറായിയോടുള്ള മുന്‍വിധികളെക്കൂടി കഴുകിയെടുത്തു.

നവകേരളം നവനിര്‍മിതി
നമ്മള്‍ പറഞ്ഞതൊന്നും പുതിയ കാര്യമല്ല. എഴുതപ്പെടുന്ന ഓരോ വരിയും ചരിത്രത്തിനുള്ള ഡോക്യുമെന്റുകളാണ് എന്നതിനാല്‍ വീണ്ടും പറഞ്ഞു എന്നേയുള്ളൂ. ഇടനാടിനെ പ്രളയം മുക്കി എന്നത് വസ്തുതയാണ്. സാമ്പത്തിക ജീവിതം തകര്‍ന്നു. വീണ്ടെടുപ്പ് അനിവാര്യമാണ്. ഇടനാട്ടില്‍ നിന്ന് വേറിട്ട ജലനാടാണ് കുട്ടനാട്. എങ്കിലും പ്രളയമാണ് മുക്കിയത്. പുനരുത്ഥാനം അനിവാര്യമാണ്. എങ്ങനെ എന്നതാണ് ചോദ്യം. ആ ചോദ്യവും അതിനുള്ള ഉത്തരങ്ങളുമാണ് ഇനി നിറയേണ്ടത്. കാരണം പ്രളയമുഖത്തെ ചരിത്രം കുറിച്ച ഒരുമക്ക് അങ്ങിനെയാണ് തുടര്‍ച്ച ഉണ്ടാവേണ്ടത്. നിശ്ചയമായും തകര്‍ന്ന വീടുകള്‍ പുനര്‍ നിര്‍മിക്കണം. ജീവിതക്കയത്തില്‍ വീണുപോയ മനുഷ്യര്‍ക്ക് താങ്ങാകണം.

പ്രളയം കടപുഴക്കിയ അടുപ്പുകളെയും നിര്‍മിതികളെയും അതേ മട്ടില്‍ പുനസ്ഥാപിച്ചുകൊണ്ടാണോ അത് ചെയ്യേണ്ടത് എന്ന ചോദ്യം നിസ്സഹായരായ ആ മനുഷ്യരെ തള്ളിപ്പറയുന്ന ഒന്നല്ല. വരും കാലത്തിനും ആ കാലം കാത്തുവെച്ചേക്കാവുന്ന പെരും പെയ്ത്തിനും പ്രളയത്തിനും അവരെ ഒറ്റുകൊടുക്കാതിരിക്കലാണ്. കായലും പുഴയും കയ്യേറിയതാണ് ദുരന്തത്തിന്റെ ആഴം കൂട്ടിയത്. 1924-ല്‍ മഹാപ്രളയം ഉണ്ടായത് നമുക്കറിയാം. അന്ന് പുഴ വന്ന വഴികളിലൂടെയാണ് ഇന്നും പുഴ വന്നത്. ജനവാസകേന്ദ്രങ്ങള്‍ വ്യാപിക്കാന്‍ തുടങ്ങിയ കാലത്താണല്ലോ ആ പ്രളയവും വന്നത്.

ആ കയ്യേറ്റങ്ങള്‍ തിരിച്ച് പിടിക്കാന്‍ ്രപളയം കാരണമാകണം. കുട്ടനാടിനെ വെള്ളത്തില്‍ മുക്കുന്ന തണ്ണീര്‍മുക്കം ബണ്ടില്‍ ഇടപെടണം. പുഴയുടെ അടഞ്ഞുപോയ കൈവഴികളെ തിരിച്ച് പിടിക്കണം. ഒരു നിസ്സഹായതയുടെ പേരിലും കയ്യേറ്റങ്ങള്‍ പൊറുക്കപ്പെടരുത്. കേരളവും ലോകവും ഇപ്പോള്‍ കയ്യയച്ച് തരുന്ന സ്‌നേഹം, ഉറുമ്പുകള്‍ അരിമണിയെന്നവണ്ണം കൂട്ടിവെച്ച സമ്പാദ്യങ്ങള്‍ മൊത്തമായി തരുന്ന കാരുണ്യം ഒന്നും വെറുതെ ആയിക്കൂടാ. പുനര്‍നിര്‍മാണം സംബന്ധിച്ച രേഖ സര്‍ക്കാര്‍ പരസ്യപ്പെടുത്തണം. ഒരു കുഞ്ഞു കല്ല് എടുത്ത് വെക്കും മുമ്പ് സമ്പൂര്‍ണ പാരിസ്ഥിതിക പഠനവും ഇക്കോ മാപ്പിംഗും നടക്കണം. പുഴ അതിന്റെ പൂര്‍വിടങ്ങളിലേക്ക് ഇനിയും വരും. മഴ കൊണ്ടുവരും. ഉള്ള ഡാമുകളുടെ സംഭരണം കുറക്കലാണ് മറ്റൊന്ന്. ജീവനാണ് വലുത്. ജലവൈദ്യുതിയല്ല. വൈദ്യുതിക്ക് ബദല്‍ പദ്ധതികള്‍, ചെറുകിട ജലവൈദ്യുത പദ്ധതികള്‍ വരട്ടെ. ഇടുക്കി ഡാമും ശാശ്വതമല്ല. സൂക്ഷിക്കണം. ജലബോംബാണ് ഏത് ഡാമും. ഇത്രയും ഇടനാട്ടിലെ പ്രളയത്തെക്കുറിച്ചാണ്. അതിന്റെ പുനര്‍ നിര്‍മാണത്തെക്കുറിച്ചാണ്.

ഇതൊന്നുമല്ല ആഗസ്തിലെ രണ്ടാം ദുരന്തത്തിന്റെ കഥ. അത് പ്രളയമല്ല. സര്‍വനാശമാണ്. വയനാടും ഇടുക്കിയും. കേരളത്തിന്റെ ഉയര്‍ന്ന ശിരസ്സും അമര്‍ന്ന പാദവും. രണ്ട് മലനാടുകളെയും തകര്‍ത്തത് മഴ മാത്രമല്ല. മഴ പെയ്തിരുന്നു. ഇടുക്കിയില്‍ അഞ്ചിരട്ടി പെയ്തു. 12.6 സെന്റി മീറ്റര്‍ മഴ പെയ്യുമെന്ന് കരുതിയിടത്ത് പെയ്തത് 67.9 സെന്റി മീറ്റര്‍. ഇടുക്കിയിലെ ജലത്തെ സ്വീകരിക്കാനും നദികളുണ്ട്. അണക്കെട്ടുണ്ട്. വയനാട്ടിലോ? കേരളത്തില്‍ നിന്ന് തെറിച്ച് നില്‍ക്കുന്ന നാടാണ്. എല്ലാ അത്ഥത്തിലും. കേരളത്തിലെ അതിനിസ്സഹായരായ ആദിവാസികള്‍ ഏറെയുള്ള നാട്. ഇടുക്കി പോലെ പര്‍വതസാന്ദ്രതയുള്ള ഹൈറേഞ്ചല്ല വയനാട്. മല ഇവിടെ ആര്‍ദ്രസാന്നിധ്യമാണ്. മണ്ണ് തരളമാണ്. മഞ്ഞ് ചിണുങ്ങിപ്പെയ്യുന്ന നാടാണ്. ആ ദേശം ആഗസ്തില്‍ വിറങ്ങലിച്ചത് മഴപ്പെയ്ത്തിന്റെ രൗദ്രത കണ്ടല്ല. മറിച്ച് ഇടിഞ്ഞു തൂങ്ങി വന്ന മണ്ണും മലയും മരങ്ങളും കണ്ടാണ്. ഒറ്റ വേരില്ല വയനാടിന്റെ മണ്ണില്‍. ജലത്തെ പിടിച്ച് നിര്‍ത്തിയിരുന്ന ജൈവകാര്‍ബണിന്റെ സങ്കേതമായ മരങ്ങളില്ല. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഒരു പാരിസ്ഥിതിക അട്ടിമറിയുടെ കഥയാണ് വയനാടിന്റേത്. ആ അട്ടിമറിയുടെ ദുരന്തഫലമാണ് ഇപ്പോഴത്തെ തകര്‍ച്ച. ഇടുക്കിയിലെ മൂന്നാര്‍ പാരിസ്ഥിതികമായി വയനാടിന്റെ കൂടെപ്പിറപ്പാണ്. വയനാടിനോട് നാട് ചെയ്ത തെറ്റാണ് മൂന്നാറിനോടും ചെയ്തത്. തകര്‍ച്ചയുടെ രേഖാചിത്രം നോക്കിയാല്‍ ഈ സാമ്യത കാണാം.

ആ തെറ്റിനെ തിരുത്തുന്ന പുനര്‍നിര്‍മാണവുമായേ നാട് ചുരം കയറാവൂ. ഇടുക്കിയെയും വയനാടിനെയും പ്രത്യേകമായി പരിഗണിച്ച് പുര്‍ണമായും മാറ്റിയെഴുതിയ നിര്‍മാണസങ്കല്‍പവുമായി വേണം ഈ നാടുകളുടെ മുറിവുണക്കല്‍. അതല്ലാതെ നാടിന്റെ യുക്തികളെ വയനാട്ടില്‍ ഇറക്കുമതി ചെയ്താല്‍ നാട് വയനാടിന് മേല്‍ പ്രളയമായിത്തീരും എന്നതാണ് സംഭവിക്കുക.

നോര്‍വേയിലെ ഡൂംസ് ഡേ ബാങ്കിനെക്കുറിച്ചാണ് തുടക്കത്തില്‍ പറഞ്ഞത്. അതിജീവനം എന്ന ആശയത്തിന്റെ വലിയ സാക്ഷാത്കാരമാണത്. ലോകം മുഴുവന്‍ തകര്‍ന്നാലും നാളേക്ക് കാത്തുവെക്കുന്ന ഒരു ചെറുവിത്ത്. കേരളമേ കേള്‍ക്കൂ എന്ന് ഒരു വിളി ഉയരുന്നുണ്ട്. കേരളത്തിന്റെ ലോകാവസാന നിലവറയാണ് വയനാടെന്നാണ് ആ വിളി പറയുന്നത്. വയനാട്ടില്‍ കൊണ്ടുവന്ന് ഈ സംഭാഷണം അവസാനിപ്പിക്കാന്‍ കാരണവും അതാണ്. വയനാടിനെക്കുറിച്ച്, മൂന്നാറിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല.

കെ.കെ. ജോഷി

You must be logged in to post a comment Login