അതുല്യ പ്രളയത്തിന്‍റെ അനുഭവങ്ങള്‍

അബ്ദുല്‍ ബാരി കടുങ്ങപുരം

ഭൌതികതയുടെയും പൈശാചികതയുടെയും മുഴുവന്‍ പ്രലോഭനങ്ങളെയും മറികടന്നു കൊണ്ട് മാത്രമേ യഥാര്‍ത്ഥ സ്നേഹം സാധ്യമാവുകയുള്ളൂ

   വിശ്വാസം കൊണ്ടും സല്‍കര്‍മങ്ങള്‍ കൊണ്ടും ഹൃദയത്തിലെ അഴുക്കുകള്‍ കഴുകിക്കളഞ്ഞ് അല്ലാഹുവിന്റെ ഇഷ്ടം നേടിയെടുക്കലാണ് മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം. അസൂയ, പക, ആര്‍ത്തി, അഹങ്കാരം തുടങ്ങിയ ഹൃദയ രോഗങ്ങളില്‍ നിന്ന് കഠിനമായ ആത്മീയ പരിശീലനത്തിലൂടെ ആത്മാവിനെ മോചിപ്പിച്ചും മനുഷ്യകുലത്തിന്റെ കഠിനശത്രുവായ പിശാചിനെതിരെ വിശ്വാസത്തിന്റെ കരുത്തുകൊണ്ട് പോരാട്ടം നടത്തിയുമാണ് അല്ലാഹുവിന്റെ ഇഷ്ടത്തിലേക്ക് നടക്കേണ്ടതെന്ന് ആത്മീയ പണ്ഡിതരൊക്കെയും പറഞ്ഞിട്ടുണ്ട്. പാപങ്ങളെച്ചൊല്ലിയുള്ള പശ്ചാത്താപം (തൌബ), പ്രതിസന്ധികളോടുള്ള ക്ഷമ(സ്വബ്ര്‍), പ്രപഞ്ച പരിത്യാഗം(സുഹ്ദ്) തുടങ്ങിയ ആത്മീയ പരിശീലനങ്ങള്‍ അതിലേക്കുള്ള ദുര്‍ഘട വഴികളാണെന്ന് ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടുണ്ട്.

     അല്ലാഹുവിനെ ആരാധിക്കുക എന്നതിനെക്കാള്‍ അല്ലാഹുവിനെ സ്നേഹിക്കുക എന്ന പ്രയോഗത്തിന് ഇസ്ലാമിക അധ്യാത്മിക ശാസ്ത്രത്തില്‍ സവിശേഷ പ്രാധാന്യമുണ്ട്. അല്ലാഹുവിനെ സ്നേഹിക്കാന്‍ താത്പര്യപ്പെടുന്ന വ്യക്തിക്ക് ഭൌതികതയുടെയും പൈശാചികതയുടെയും മുഴുവന്‍ തടസ്സങ്ങളും മറികടക്കാനുള്ള കരുത്തുണ്ടാവും. മാത്രമല്ല, ജീവിതം മുഴുവനും തന്റെ സ്നേഹനാഥനായ അല്ലാഹുവിന് സമര്‍പ്പിക്കാന്‍ അത്തരക്കാര്‍ ഉത്സുകരായിരിക്കും. ഇസ്ലാമിക അധ്യാത്മിക ചരിത്രത്തിലെ സൂഫി പണ്ഡിതരെല്ലാം ഈ ദര്‍ശനം മുന്നോട്ട് വച്ചവരായിരുന്നു. ഇക്കൂട്ടത്തില്‍ ഇമാം ഗസ്സാലി(റ)യുടെ ‘സ്നേഹത്തിന്റെ ആത്മീയ ദര്‍ശനങ്ങള്‍’ മനോഹാര്യവും പ്രസക്തവുമാണ്. അല്ലാഹുവിനെയും തിരുനബി(സ)യെയും സ്നേഹിക്കുന്നത് മുഴുവന്‍ മനുഷ്യര്‍ക്കും നിര്‍ബന്ധമാണെന്നും അവര്‍ക്ക് വഴങ്ങുന്നത് സ്നേഹത്തിന്റെ ഫലമാണെന്നുമാണ് ഇമാം അഭിപ്രായപ്പെടുന്നത്. അല്ലാഹുവിനോടുള്ള സ്നേഹമെന്നത് അവനെ ആരാധിക്കലാണെന്ന വാദത്തെ ഇമാം വിമര്‍ശിക്കുന്നുമുണ്ട്. ‘വിശ്വാസികള്‍ അല്ലാഹുവിനോട് ഏറ്റവും സ്നേഹമുള്ളവരായിരിക്കുമെ’ന്ന ഖുര്‍ആന്‍ വചനം ഉദ്ധരിച്ചുകൊണ്ട് ഇക്കാര്യം സമര്‍ത്ഥിക്കുന്നുമുണ്ട്.

     അല്ലാഹുവിനെയും പുണ്യനബി(സ)യെയും സ്നേഹിക്കല്‍ വിശ്വാസത്തിന്റെ പ്രധാന ഭാഗമാണ്. അബൂറസീനുല്‍ അഖീലി(റ) തിരുനബി(സ)യോട് ചോദിച്ചു:
“വിശ്വാസം എന്താണ് നബിയേ?”
നബി(സ) പറഞ്ഞു: “അല്ലാഹുവിനെയും റസൂലിനെയും മറ്റുള്ള വസ്തുക്കളേക്കാള്‍ സ്നേഹിക്കലാണ് വിശ്വാസം (അഹ്മദ് വിശ്വാസത്തിന്റെ മാധുര്യം ആസ്വദിക്കണമെങ്കില്‍ ഈ സ്നേഹം അനിവാര്യമാണെന്ന് ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസിലുണ്ട്.” അല്ലാഹുവിനെയും തിരുനബി(സ)യെയും ഏറ്റവും കൂടുതല്‍ സ്നേഹിക്കാതെ ഒരാളും യഥാര്‍ത്ഥ വിശ്വാസിയാവുകയില്ല” എന്ന് തിരുനബി(സ) ഓര്‍മിപ്പിച്ചിട്ടുണ്ട്. (കിതാബുല്‍ ഖൂത്).
അല്ലാഹു നമുക്ക് ചെയ്തു തന്ന അനുഗ്രഹങ്ങള്‍ക്ക് പകരം നിങ്ങള്‍ അല്ലാഹുവിനെയും അല്ലാഹു എന്നെ സ്നേഹിക്കുന്നു എന്ന കാരണം കൊണ്ട് നിങ്ങള്‍ എന്നെയും സ്നേഹിക്കണ’മെന്ന് തിരുനബി(സ)യുടെ കല്‍പനയുണ്ട്. (തിര്‍മുദി, ത്വബ്റാനി, ബൈഹിഖി).
തിരുസ്നേഹത്തിന്‍റെ അടയാളങ്ങള്‍

       അല്ലാഹുവിനെയും മുത്ത്നബി(സ)യെയുംഹൃദയമറിഞ്ഞ് സ്നേഹിക്കുന്നവരുടെ ജീവിതത്തില്‍ ചില അടയാളങ്ങള്‍ കാണുമെന്ന് ഇമാം ഖാളി ഇയാള്(റ) കിതാബുശ്ശാഫിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെനിര്‍ദേശങ്ങള്‍ക്ക് വഴങ്ങല്‍, മതത്തെ ശാരീരികമായും സാമ്പത്തികമായും സഹായിക്കല്‍, ആദരവ്, പ്രതിസന്ധികളില്‍ ക്ഷമിക്കല്‍, അവരെ പ്രകീര്‍ത്തിക്കല്‍, കാണാന്‍ അതിയായ കൊതിയുണ്ടാവല്‍ തുടങ്ങിയവ തിരുസ്നേഹത്തിന്റെ അടയാളങ്ങളാണ്. ഒരു സ്വഹാബി വര്യന്‍ തിരുനബി(സ)യുടെ അടുത്തു വന്ന് പറഞ്ഞു:
“നബിയേ ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു.”
അപ്പോള്‍ നബി(സ) പറഞ്ഞു:
“എങ്കില്‍ ദരിദ്രനാവാന്‍ തയ്യാറാവുക.”
അയാള്‍ വീണ്ടും പറഞ്ഞു:
“ഞാന്‍ അല്ലാഹുവിനെ സ്നേഹിക്കുന്നു.”
അപ്പോള്‍ തിരുനബി(സ) പറഞ്ഞു:
“എങ്കില്‍ പരീക്ഷണങ്ങള്‍ നേരിടാന്‍ സന്നദ്ധനാവുക.” (കിതാബുല്‍ ഖൂത്.)
അല്ലാഹുവിനോടും റസൂലിനോടുമുള്ള സ്നേഹം കാരണമായി ഭൌതികാഢംബരങ്ങളെയും സുഖസൌകര്യങ്ങളെയുമെല്ലാം വലിച്ചെറിഞ്ഞ മിസ്അബ് ബ്നു ഉമൈര്‍(റ)വിനെചൂണ്ടി നബി(സ) പറഞ്ഞത് ‘ഇദ്ദേഹത്തിന്റെ ഹൃദയം അല്ലാഹു പ്രകാശിപ്പിച്ചിരിക്കുന്നു’വെന്നാണ്. (ഹില്‍യത്തുല്‍ ഔലിയാഅ്). ഭൌതികതയുടെയും പൈശാചികതയുടെയും മുഴുവന്‍ പ്രലോഭനങ്ങളെയും മറികടന്നു കൊണ്ട് മാത്രമേ യഥാര്‍ത്ഥ സ്നേഹം സാധ്യമാവുകയുള്ളൂ എന്നു ചുരുക്കം. അല്ലാഹുവിനോടുള്ള യഥാര്‍ത്ഥ സ്നേഹത്തിന്റെ മാധുര്യം നുണഞ്ഞവര്‍ ഭൌതിക ലോകത്തെ തിരിഞ്ഞു നോക്കുക പോലുമില്ലെന്ന് അബൂബകര്‍സിദ്ദീഖ്(റ)പറയാറുണ്ടായിരുന്നു. അനുഭവസ്ഥരുടെ വിലയിരുത്തലാണിത്; നോക്കി നില്‍ക്കുന്നവരുടെതല്ല.

          അല്ലാഹുവിനോടും മുത്ത്നബി(സ)യോടുമുള്ള ആത്മീയാനുരാഗത്തിന്റെ മാധുര്യം ആസ്വദിച്ചവര്‍ക്ക് ഒരു നിമിഷംപോലും അതില്‍നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ല. ‘ജീവിതത്തില്‍ ഏതെങ്കിലുമൊരു നിമിഷത്തില്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ നഷ്ടപ്പെട്ടാല്‍ ആ നിമിഷം മുതല്‍ ഞാന്‍ സത്യനിഷേധിയായി തരംതാഴട്ടെ’ എന്ന് ഇബ്റാഹീമുബ്നു അദ്ഹം(റ) പറയാറുണ്ടായിരുന്നു. അത്രക്ക് അരോചകമായിരുന്നു അവര്‍ക്ക് അത്തരമൊരവസ്ഥ. തിരുസ്നേഹത്തില്‍ കുളിച്ച ആത്മീയാനുരാഗികള്‍ സ്വര്‍ഗം കിട്ടാനോ നരകത്തില്‍നിന്നും രക്ഷപ്പെടാനോ അല്ല അല്ലാഹുവിനെ വണങ്ങുന്നത്, മറിച്ച് സ്നേഹഭാജനമായ അല്ലാഹുവിലേക്ക് കൂടുതല്‍അടുക്കാനാണ്; അവന്റെ തൃപ്തിയും സ്നേഹവും ഏറ്റ മേറ്റം കിട്ടാനും. ഇമാം യാഫിഈ(റ) ഇര്‍ശാദില്‍ ഇക്കാര്യം പറയുന്നുണ്ട്. ഈസാനബി(അ) ഒരുവഴി പോവുമ്പോള്‍ മെലിഞ്ഞ ഏതാനും സൂഫികളെ കണ്ടു. എന്താണിങ്ങനെ ക്ഷീണിച്ചിരിക്കുന്നതെന്ന് അന്വേഷിച്ചപ്പോള്‍ ‘നരകത്തെക്കുറിച്ചുള്ള ഭയം കൊണ്ടാണെ’ന്ന് അവര്‍ പറഞ്ഞു. സ്വര്‍ഗത്തില്‍ കടക്കാനുള്ള കൊതി മൂത്താണ് ഞങ്ങള്‍ മെലിഞ്ഞതെന്ന് മറ്റു ചിലര്‍ പറഞ്ഞപ്പോള്‍ മൂന്നാമത്തെ വിഭാഗം സൂഫികള്‍ അല്ലാഹുവിനോടുള്ള സ്നേഹമാണ് ഞങ്ങളെ ഈ രൂപത്തില്‍ മെലിയിച്ചതും ക്ഷീണിപ്പിച്ചതുമെന്നു പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ഈസാ നബി(അ) പറഞ്ഞു: നിങ്ങളാണ് യഥാര്‍ത്ഥ വിശ്വാസികള്‍. നിങ്ങളാണ് അല്ലാഹുവിനോട് ഏറ്റവും അടുത്തവര്‍.” (കിതാബുല്‍ ഖൂത്).

          പ്രമുഖ സൂഫി പണ്ഡിതനായ ഫുളൈലുബ്നു ഇയാള്(റ) പറയുന്നു: “അല്ലാഹു ഒരാളെ സ്നേഹിച്ചാല്‍ അയാളെ എപ്പോഴും അല്ലാഹുവിനെ ക്കുറിച്ചുള്ള സ്മരണയിലാക്കും, എന്നാല്‍ ഒരാളെവെറുത്താല്‍ ഭൌതികാഢംബരങ്ങള്‍ അയാള്‍ക്ക് തുറന്നിട്ടു കൊടുക്കും.” (രിസാലത്തുല്‍ ഖുശൈരിയ്യ). സിരിയ്യുസഖ്തി(റ) പറയുന്നു: “അന്ത്യനാളില്‍ ഓരോ ജനവിഭാഗങ്ങളെയും അവരുടെ നേതാക്കളോടൊപ്പമാണ് മഹ്ശറയിലേക്ക് വിളിക്കുക. എന്നാല്‍ അല്ലാഹുവിനോടുള്ള സ്നേഹത്തിലായിട്ട് ജീവിച്ച മഹാത്മാക്കളെ ‘എന്റെ സ്നേഹിത•ാരേ വരൂ’ എന്ന് അല്ലാഹു നേരിട്ട് സ്വാഗതം ചെയ്യും. അപ്പോള്‍ അവരുടെ ഹൃദയങ്ങള്‍ ആഹ്ളാദങ്ങള്‍ കൊണ്ട് നിറയും. (ഇഹ്യ).

          സ്രഷ്ടാവായ അല്ലാഹുവിനോടുള്ള സ്നേഹം ഹൃദയത്തില്‍ നിറഞ്ഞവര്‍ ഭൌതികാലങ്കാരങ്ങളെ മുഴുവന്‍ വലിച്ചെറിയുകയും പൈശാചിക പ്രലോഭനങ്ങളെ എതിര്‍ത്തുതോല്‍പ്പിക്കുകയും ചെയ്യും. ഹറമുബ്നു ഹയ്യാന്‍ എന്ന സൂഫിപണ്ഡിതന്‍ നിരീക്ഷിക്കുന്നു: “വിശ്വാസി അല്ലാഹുവിനെ മനസ്സിലാക്കിയാല്‍ അവനെ സ്നേഹിക്കും. അവനെ സ്നേഹിച്ചാല്‍ അവനിലേക്കായി ശ്രദ്ധ മുഴുവന്‍ തിരിയും. തിരുസ്നേഹത്തിന്റെ മധുരം കിട്ടിയാല്‍ ഒരിക്കലും ഭൌതികാഢംബരങ്ങളിലേക്ക് തിരിഞ്ഞു നോക്കുക പോലുമില്ല.”

            സ്നേഹത്തെ സംബന്ധിച്ച് മക്കയില്‍ നടന്ന സൂഫീ ചര്‍ച്ചയില്‍ അവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ശൈഖ് ജുനൈദുല്‍ ബഗ്ദാദി(റ)യോട് അഭിപ്രായം പറയാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം കരയാന്‍ തുടങ്ങി. കണ്ണില്‍ നിന്നു ചോത്തുള്ളികള്‍ ഒഴുകി. ശേഷം പരഞ്ഞു: “ശരീരേച്ഛകളില്‍ നിന്നും ഭൌതികാലങ്കാരങ്ങളില്‍നിന്നും സ്വന്തത്തെ ഒനിവാക്കിയവനും നിരന്തരം അല്ലാഹുവിന്റെ സ്മരണയില്‍ മുഴുകിയവനും ബാധ്യതകളെല്ലാം നിര്‍വഹിച്ചവനും ചലന നിശ്ചലനങ്ങളെല്ലാം അല്ലാഹുവില്‍ വിലയിച്ചവനുമാണ് യഥാര്‍ത്ഥ സ്നേഹമുള്ളവന്‍.” ഇതുകേട്ട് അവിടെ സമ്മേളിച്ച അധ്യാത്മിക പണ്ഡിതരെല്ലാം പൊട്ടിക്കരഞ്ഞു. ആത്മീയ വിജ്ഞാനത്തില്‍ ജുനൈദ്(റ)വിന്റെ പാണ്ഡിത്യം കണ്ട് ‘ജ്ഞാനികളുടെ കിരീടം’ (താജുല്‍ ആരിഫീന്‍) എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ശാരീരികാവയവങ്ങളെ ഭൌതികാലങ്കാരങ്ങളില്‍ നിന്നു തടഞ്ഞു നിര്‍ത്തലാണ് യഥാര്‍ത്ഥ സ്നേഹമെന്ന് സൂഫി ജ്ഞാനിയായ യഹ്യബ്നു മുആദ്(റ) പറയാറുണ്ടായിരുന്നു. ഇമാം ബൂസ്വീരി(റ) ഈ ആശയം മനോഹരമായി വര്‍ണിച്ചിട്ടുണ്ട്.
അല്ലാഹുവിനോടുള്ള സ്നേഹത്തില്‍ മുഴുകിയ ത്യാഗി എന്തുംസഹിക്കും.എല്ലാം ത്യജിക്കും. അല്ലാഹുവിന്റെ തിരുദര്‍ശനമല്ലാതെ മറ്റൊരു ചിന്തയും അവര്‍ക്കുണ്ടാവില്ല. ശരീരം ഭൌതിക ലോകത്താണെങ്കിലും അവരുടെ ആത്മാക്കള്‍ അധ്യാത്മിക ലോകത്തായിരിക്കും. തിരുസ്നേഹത്തിന്റെ മാധുര്യം ആസ്വദിച്ചവര്‍ക്ക് ഭൌതിക ലോകം വൃത്തികെട്ട ശാപമായിട്ടാണ് അനുഭവപ്പെടുക. മഹാനായ നുസൈനുബ്നുല്‍ അന്‍സ്വാരി(റ) പറയുന്നു:
“അന്ത്യനാള്‍ സംഭവിച്ചതായി ഞാന്‍ സ്വപ്നം കണ്ടു. അന്ന് അര്‍ശിന്റെ താഴെ ഒരാള്‍ നില്‍ക്കുന്നു. മലക്കുകളോട് ഇയാളെ സംബന്ധിച്ച് അല്ലാഹു പറയുന്നു: ഇത് മഅ്റൂഫുല്‍ ഖര്‍ഖി(റ)യാണ്. എന്നോടുള്ള സ്നേഹത്തിന്റെ ലഹരിയില്‍ എല്ലാം മറന്ന് നില്‍ക്കുകയാണ്. എന്റെതിരുദര്‍ശനം കൊണ്ടല്ലാതെ അവരുടെസ്വബോധം തെളിയില്ല.” (രിസാലത്തുല്‍ ഖുശൈരിയ്യ).
തിരുസ്നേഹത്തിലേക്കുള്ള വഴികള്‍

             അല്ലാഹുവിന്റെ സ്നേഹം സമ്പാദിക്കാനുള്ള വഴികള്‍ ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടുണ്ട്. ഒന്ന്; ഭൌതിക മോഹങ്ങളെ വലിച്ചെറിയുക. നമ്മുടെ കഠിന ശത്രുവായ പിശാചിനോടും ദേഹേച്ഛയോടും കടുത്ത പോരാട്ടം നടത്തി അല്ലാഹു അല്ലാത്തവരോടുള്ള സ്നേഹം ഹൃദയത്തില്‍ നിന്നൊഴിവാക്കുക. കാരണം അല്ലാഹു അല്ലാത്ത മറ്റുള്ളവയോട് ഹൃദയം ബന്ധിക്കുന്നതിനനുസരിച്ച് അല്ലാഹുവിനോടുള്ള സ്നേഹം കുറഞ്ഞു കുറഞ്ഞു വരും. അല്ലാഹു അല്ലാത്ത മുഴുവന്‍ ചിന്തകളെയും പറിച്ചെറിയുക എന്ന തൌഹീദിന്റെ ഏറ്റവും ഉന്നതമായ ആത്മീയ ദര്‍ശനമാണിത്. ലാഇലാഹ ഇല്ലാഹിയുടെ പൊരുള്‍ ഈ സ്നേഹ ദര്‍ശനമാണ്. ഈ തൌഹീദില്‍ നിന്നു മാറി ഭൌതികതയെയും ദേഹേച്ഛകളെയും പൂജിക്കുന്ന കൊതിയ•ാരെ വിശുദ്ധ ഖുര്‍ആന്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. “ദേഹേച്ഛകളെ ദൈവമാക്കി പൂജിക്കുന്നവരെ നീ കണ്ടില്ലേ” എന്ന ചോദ്യം എത്ര കഠിനമാണ്. അല്ലാഹുവിനോടുള്ള ആത്മീയ സ്നേഹം ബലഹീനമാവാന്‍ കാരണം ദുന്‍യാവിനോടും സമ്പത്തിനോടും കുടുംബത്തോടുമുള്ള പരിധിവിട്ട ആര്‍ത്തിയാണെന്ന് ഇമാം ഗസ്സാലി(റ) നമ്മെ ഓര്‍മിപ്പിക്കുന്നു.

     രണ്ട്; ഹൃദയത്തെ മാലിന്യങ്ങളില്‍നിന്നു വൃത്തിയാക്കി അല്ലാഹുവിനെ അടുത്തറിയുക. അല്ലാഹുവിന്റെ വിശുദ്ധ സ്നേഹം നിറയണമെങ്കില്‍ സ്ഥലം പവിത്രമായിരിക്കണം. അഹങ്കാരം, അസൂയ, പക, ആര്‍ത്തിതുടങ്ങിയ പൈശാചിക സ്വഭാവങ്ങള്‍ കൊണ്ട് കറുത്തു പോയ ഒരു ഹൃദയത്തില്‍ എങ്ങനെയാണ് തിരുസ്നേഹം നിറയുക? എപ്പോഴുംഅല്ലാഹുവിന്റെ വിശേഷങ്ങളളെക്കുറിച്ചും പരലോകത്തെക്കുറിച്ചും മരണത്തിന്റെ ഭയാനതകളെക്കുറിച്ചും നരകത്തിന്റെ ഭീകരതയെക്കുറിച്ചുമുള്ള ചിന്തകള്‍ ഹൃദയത്തില്‍ കൊണ്ടു നടന്നാലേ ഇത്തരം വൃത്തികെട്ട സ്വഭാവങ്ങള്‍ നീങ്ങിപ്പോവുകയുള്ളൂ. മരണചിന്ത എപ്പോഴുമുണ്ടാവണമെന്ന് ഇസ്ലാം നമ്മെ പഠിപ്പിക്കുന്നത്ഇക്കാരണത്താലാണ്. നാവ് വെറുതെയിരിക്കുമ്പോഴെല്ലാം ദിക്റുകളും സ്വലാത്തുകളും വര്‍ധിപ്പിക്കുക. ഹൃദയസാന്നിധ്യം തുടക്കത്തിലില്ലെങ്കില്‍ നിരന്തരംദിക്റുകളും സ്വലാത്തുകളും വര്‍ധിപ്പിച്ചാല്‍ നാമറിയാതെ ഇഖ്ലാസും ഹൃദയസാന്നിധ്യവും ഉണ്ടാവുമെന്ന് ഇമാംഇബ്നു അത്വാഇല്ലാഹിസ്സിക്കന്ദരി(റ)ഹികമില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തിരുസ്നേഹം സമ്പാദിക്കാനുള്ള ഏറ്റവും നല്ല വഴിയാണിത്.

      മൂന്ന്: തി•കളില്‍നിന്നു പൂര്‍ണമായി ഒഴിഞ്ഞു നില്‍ക്കുക. അല്ലാഹുവിന്റെ തിരുസ്നേഹം ആഗ്രഹിക്കുന്നവരെല്ലാം തി•കളില്‍നിന്നു പൂര്‍ണമായും അകന്നു നില്‍ക്കേണ്ടതാണെന്ന് ഇമാംഗസ്സാലി(റ) അല്‍ ബിദായതു വന്നിഹായയില്‍ ഉണര്‍ത്തിയിട്ടുണ്ട്. ന•കള്‍ ചെയ്യുന്നതിനെക്കാള്‍ വളരെ പ്രയാസമുള്ളതാണ് തി•കളില്‍ നിന്നു വിട്ടുനില്‍ക്കുക എന്നത്. പിശാചിനോടുള്ള കടുത്ത പോരാട്ടത്തിലൂടെ മാത്രമേ ഇതു സാധ്യമാവുകയുള്ളൂ. കറാഹതുകളില്‍ നിന്നു പോലും അകന്നു നിന്ന് ഹൃദയം പടച്ചതമ്പുരാനില്‍ വിലയം പ്രാപിച്ച്, പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ സംബന്ധിച്ചു ചിന്തിച്ച് തിരുസ്നേഹം സമ്പാദിച്ച് ഹൃദയം പ്രകാശിച്ച മഹാ•ാരുടെ ആത്മീയ ചിത്രങ്ങള്‍ നമ്മെ ഉണര്‍ത്തേണ്ടതുണ്ട്.

You must be logged in to post a comment Login