ജീവിതം ഒരനശ്വര സ്മാരകമാവുന്നത്

ജീവിതം ഒരനശ്വര സ്മാരകമാവുന്നത്

നിബ്രാസുല്‍ ഉലമ എ.കെ. അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍. അല്‍പകാലമായി രോഗിയായി വീട്ടിലായിരുന്നു. പ്രഭാഷണ വേദികളിലെ മുഖപരിചയത്തിന്റെ പേരിലല്ല ഉസ്താദിനെ ചരിത്രമോര്‍ക്കുക. അന്വേഷണ കുതുകികളായ ആയിരങ്ങളെ അറിവിന്റെ ആഴങ്ങളിലേക്ക് നയിച്ച ധിഷണാശാലിയായ മാതൃകാ പണ്ഡിതനാണ് ഉസ്താദ്.

1942 ആഗസ്റ്റ് 21 വെള്ളി, 1361 ശഅ്ബാന്‍ 8, 1117 ചിങ്ങം 5ന് രാവിലെ 5.51നാണ് ഉസ്താദിന്റെ ജനനമെന്ന് കൃത്യമായി എഴുതിവെച്ച ഡയറി ഞാന്‍ കണ്ടിട്ടുണ്ട്. ഫാറൂഖ് കോളജിന്റെ അടുത്ത് അണ്ടിക്കാടന്‍കുഴിയാണ് ഉസ്താദിന്റെ ദേശം. പേരിനൊപ്പമുള്ള എ.കെ അണ്ടിക്കാടന്‍കുഴിയുടെ ചുരുക്കമാണ്. ഉസ്താദിന്റെ തറവാട് വീടുള്ള പറമ്പിന്റെ പേരും അത് തന്നെയാണ്. പില്‍ക്കാലത്ത് ആ പ്രദേശമാകെ ആ പറമ്പിന്റെ പേരിലറിയപ്പെട്ടു. ഒരു നാടിന്ന് അഭിമാനിക്കാന്‍ മാത്രം പണ്ഡിത പ്രതിഭകളെ കൊടുത്ത പറമ്പ് തന്നെയായിരുന്നു അത്.

ഉസ്താദിന്റെ വംശാവലിയുടെ വേരുകള്‍ കോഴിക്കോട് എലത്തൂരിനടുത്ത കോരപ്പുഴ ഭാഗത്താണ്. അവിടെയുള്ള അമ്പലത്തിങ്ങല്‍ തറവാട്ടിലെ എറമു ആണ് അണ്ടിക്കാടന്‍കുഴിയില്‍ വന്നു താമസമാക്കിയ ഉസ്താദിന്റെ പിതൃപരമ്പരയിലെ ആദ്യത്തെ ആള്‍. കോഴിക്കോട് പൊറ്റമ്മല്‍ സ്വദേശി മാമുവിന്റെ മകള്‍ ആച്ചുമ്മയെ എറമു വിവാഹം ചെയ്തു. ആ ദമ്പതികള്‍ക്ക് ഒമ്പത് മക്കളുണ്ടായിരുന്നു.

തലയെടുപ്പുള്ള പണ്ഡിതമാരുടെ മുറിയാത്ത സാന്നിധ്യം നിലനില്‍ക്കുന്ന ഒരു കുടുംബമായി അമ്പലത്തിങ്ങല്‍ തറവാട് മാറിയതിനു പിന്നില്‍ ഒരു കഥയുണ്ട്. എറമു-ആച്ചുമ്മ ദമ്പതികളുടെ മക്കളില്‍ ഏറ്റവും മുതിര്‍ന്ന രണ്ടുപേരാണ് അബ്ദുര്‍റഹ്മാനും രായിനും. അവര്‍ രണ്ടാളും കൂടി ഒരു ചരക്കുതോണിയില്‍ കോഴിക്കോട് നിന്ന് വരികയായിരുന്നു. തോണി കോടമ്പുഴ എത്തിയപ്പോള്‍ പള്ളിയില്‍നിന്ന് അകംതൊടുന്ന വഅള് കേള്‍ക്കുന്നു. അവര്‍ തോണി കരയ്ക്കടുപ്പിച്ച് വഅള് കേള്‍ക്കാന്‍ പള്ളിയിലേക്ക് കയറിച്ചെന്നു.

സ്വയം മറന്ന് അവരിരുന്നു. സമയം പോയത് അവര്‍ അറിഞ്ഞതേയില്ല. പ്രഭാഷണം കഴിഞ്ഞ് യാത്ര തുടരാനായി അബ്ദുര്‍റഹ്മാന്‍ എഴുന്നേറ്റു. നോക്കുമ്പോള്‍ രായിനെ കാണാനില്ല. പള്ളിയിലും പരിസരത്തും ഒരുപാട് തിരഞ്ഞു. കാണാനില്ല. പിന്നെ അബ്ദുര്‍റഹ്മാന്‍ തനിച്ച് വീട്ടില്‍ ചെന്ന് വിവരം പറഞ്ഞു. എല്ലാവരും ചേര്‍ന്ന് തിരഞ്ഞു. പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ബന്ധപ്പെട്ടു. പക്ഷേ ഒരു വിവരവുമില്ല.

മൂന്നു മാസങ്ങള്‍ക്കുശേഷം രായിനെ പൊന്നാനിയില്‍ കണ്ടെന്ന് ആരോ പറഞ്ഞു. പിതാവ് എറമു പൊന്നാനിയില്‍ ചെന്നു. ശരിയായിരുന്നു. രായിന്‍ അവിടെയുണ്ട്. കോടമ്പുഴ പള്ളിയില്‍നിന്ന് കേട്ട വഅളില്‍ മതപഠനത്തിന്റെ മഹത്വം പറഞ്ഞത് രായിനെ വല്ലാതെ അലട്ടി. മറ്റൊന്നും ആലോചിക്കാതെ രായിന്‍ ഇറങ്ങിത്തിരിച്ചതാണ്. ഉപ്പ വീട്ടിലേക്ക് വിളിച്ചു. വന്നില്ല. എനിക്കിവിടെ പഠിക്കണം എന്നായിരുന്നു ഉറച്ചവാക്ക്. നീണ്ട പത്തുവര്‍ഷം എങ്ങും പോകാതെ പൊന്നാനിയിലെ ദര്‍സിലിരുന്ന് പഠിച്ചു. രായിന്‍ മുസ്ലിയാര്‍ അറിവും അനുഭവവുമുള്ള മഹാപണ്ഡിതനായിട്ടാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. അദ്ദേഹമാണ് ആ കുടുംബത്തില്‍ അറിവിന്റെ വിളക്ക് കൊളുത്തിവെച്ചത്. അദ്ദേഹത്തിന്റെ ശ്രമഫലമായി അനിയന്‍ മുഹ്യിദ്ദീന്‍കുട്ടിയും മതപഠനത്തിന്റെ വഴി തിരഞ്ഞെടുത്തു. മുഹ്യിദ്ദീന്‍കുട്ടി മൊല്ലാക്ക എന്ന് പില്‍ക്കാലത്ത് പ്രസിദ്ധനായി. മൊല്ലാക്കയുടെയും ഉമയ്യയുടെയും മൂത്തമകനാണ് കുഞ്ഞഹമ്മദ് മുസ്ലിയാര്‍. സമസ്ത കേന്ദ്ര മുശാവറ മെമ്പറായിരുന്ന കുഞ്ഞറമുട്ടി മുസ്ലിയാര്‍, സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ സെക്രട്ടറി പ്രൊഫസര്‍ എ.കെ. അബ്ദുല്‍ ഹമീദ് സാഹിബിന്റെ പിതാവ് മാമുക്കുട്ടി മുസ്ലിയാര്‍ എന്നിവരെല്ലാം അദ്ദേഹത്തിന്റെ അനുജന്‍മാരാണ്. മാവൂരിലെ കുടുക്കാഞ്ചേരി മഠത്തിലാന്‍ തൊടിക അഹമ്മദ് എന്നവരുടെ മകള്‍ ആഇശയാണ് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ ഭാര്യ. അവരുടെ മൂത്തമകനാണ് എ.കെ ഉസ്താദ്.

ഓത്തുപള്ളിയില്‍ നിന്നാണ് പഠനം തുടങ്ങിയത്. ഒരു വീട് കേന്ദ്രീകരിച്ചായിരുന്നു ആ ഓത്തുപള്ളി. ഉസ്താദ് മുഹമ്മദ് മൊല്ലാക്ക. ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ ബന്ധുവായിരുന്നു അദ്ദേഹം. ചില സമയങ്ങളിലെല്ലാം മൊല്ലാക്കയുടെ പത്നി ഫാത്തിമയും ക്ലാസെടുക്കും. അക്ഷരങ്ങളെഴുതാനും മൊഴിയാനും പഠിച്ചതും ഖുര്‍ആന്‍ പാരായണം ശീലിച്ചതും ഈ ഓത്തുപള്ളിയില്‍നിന്നാണ്.

ഒമ്പതാം വയസുവരെ ഈ ഓത്തുപള്ളിയിലായിരുന്നു. പിന്നീട് തലശ്ശേരിയ്ക്കടുത്ത് മട്ടാമ്പുറം പള്ളിയിലെ ദര്‍സില്‍ ചേര്‍ന്നു. പിതാവിന്റെ സഹോദരനും സമസ്ത കേന്ദ്ര മുശാവറ മെമ്പറുമായിരുന്ന കുഞ്ഞറമുട്ടി മുസ്ലിയാരായിരുന്നു ഉസ്താദ്. ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ ശിഷ്യനായിരുന്ന അദ്ദേഹം ഒരു ഹജ്ജിനിടയില്‍ മരണപ്പെടുകയായിരുന്നു. മാട്ടാമ്പുറം പള്ളിയിലെ ദര്‍സിനൊപ്പം പള്ളിയുടെ പരിസരത്തു തന്നെയുള്ള ടൗണ്‍ മാപ്പിള ഹയര്‍ എലിമെന്ററി സ്‌കൂളിലും ചേര്‍ന്നു. ഒന്നുമുതല്‍ മൂന്നുവരെ ഈ സ്‌കൂളിലാണ് പഠിച്ചത്. 4,5 ക്ലാസുകള്‍ തഅ്ലീമുല്‍ അവാം സ്‌കൂള്‍ എന്ന പേരിലറിയപ്പെട്ട അവിടെ തന്നെയുള്ള മറ്റൊരു വിദ്യാലയത്തില്‍ പഠിച്ചു. ഈ കാലയളവില്‍ കുഞ്ഞറമുട്ടി മുസ്ലിയാരുടെ സഹായിയായി അദ്ദേഹത്തിന്റെ അനുജന്‍ ഇബ്റാഹീം കുട്ടി മുസ്ലിയാരും അവിടെ മുദരിസായുണ്ടായിരുന്നു. അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം മാട്ടാമ്പുറത്ത് നിന്ന് കുഞ്ഞറമുട്ടി മുസ്ലിയാര്‍ക്കൊപ്പം ചപ്പാരപ്പടവിലേക്ക് മാറി. പിന്നീട് കോഴിക്കോട് മുദാക്കര പള്ളിയിലേക്കു മാറിയപ്പോഴും ഉസ്താദിനെ വിട്ടില്ല. മുദാക്കര സമസ്തയുടെ അക്കാലത്തെ മീറ്റിംഗുകള്‍ നടക്കുന്ന സ്ഥലമായതിനാല്‍ മുതിര്‍ന്ന പണ്ഡിതന്മാരെയെല്ലാം പലപ്പോഴായി കാണാനും അവര്‍ക്ക് സേവനം ചെയ്യാനും അവരുടെ പ്രാര്‍ത്ഥനകള്‍ ലഭിക്കാനും അവസരമുണ്ടായി. അല്‍ഫിയ, മഹല്ലി ഒന്നാംവാള്യം, മുഖ്ത്വസര്‍ തുടങ്ങിയ പ്രധാന കിതാബുകളെല്ലാം കുഞ്ഞറമുട്ടി ഉസ്താദില്‍നിന്ന് പഠിക്കാനായി. സമസ്തയുടെ ഖാരിഉം കൂടിയായിരുന്നു ഉസ്താദ്. അതിനാല്‍ ഖുര്‍ആന്‍ പാരായണവും നിയമങ്ങളും നന്നായി പഠിച്ചു.

അത് കഴിഞ്ഞ് കൈപറ്റ ഉസ്താദിന്റെ ഇരുമ്പുചോലയിലെ ദര്‍സില്‍ ചേര്‍ന്നു. ആ സമയത്തുതന്നെയാണ് റഈസുല്‍ഉലമ സുലൈമാന്‍ ഉസ്താദും അവിടെയെത്തുന്നത്. അന്നുമുതല്‍ ഏറ്റവും അടുത്ത കൂട്ടുകാരായി അവരിരുവരും. സുലൈമാന്‍ ഉസ്താദ് അണ്ടിക്കാടന്‍ കുഴിയിലെ വീട്ടില്‍ വന്നു താമസിച്ചതും എ കെ ഉസ്താദ് ചെങ്ങാനിയില്‍ ചെന്നതുമൊക്കെ പൂത്തുനില്‍ക്കുന്ന ഓര്‍മകളാണ്. ആ ചങ്ങാതിമാരോട് ചരിത്രം നീതി പുലര്‍ത്തി; ഒരാള്‍ സമസ്തയുടെ പ്രസിഡന്റും മറ്റെയാള്‍ വൈസ് പ്രസിഡന്റുമായി. കൈപറ്റ ഉസ്താദിന്റെ ദര്‍സില്‍ നിന്ന് അവരിരുവരും ഒ.കെ. ഉസ്താദിന്റെ ചാലിയം ദര്‍സിലെത്തി. പള്ളിയുടെ അടുത്തുതന്നെയുള്ള ശാലിയാത്തിയുടെ ഖുതുബ്ഖാനയിലും അവര്‍ ഒട്ടേറെ സമയം ചെലവഴിച്ചു.

‘ഫലകില്‍’ എ.കെ. ഉസ്താദിന് ഒരു കിതാബുണ്ട്. ജാമിഅതുല്‍ ഹിന്ദ് സിലബസില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ‘മദ്ഖലുന്‍ ഇലാ ഇല്‍മില്‍ ഫലക്.’

‘ഫലകി’ലുള്ള കിതാബുകള്‍ ഓതിയപ്പോള്‍ അതിന്റെ നാനാവശങ്ങള്‍ പലയിടങ്ങളിലും നോക്കി മനസിലാക്കി. അപ്പോള്‍ മനസില്‍ ഒരാഗ്രഹം, സ്‌കൂളുകളിലും പൊതുകലാലയങ്ങളിലും ഈ വിഷയസംബന്ധിയായി പലതും പഠിപ്പിക്കുന്നുണ്ടല്ലോ? അതില്‍ ദര്‍സീ കിതാബുകള്‍ക്കപ്പുറത്തുള്ള വിഷയങ്ങള്‍ ഉണ്ടെങ്കില്‍ അതു കൂടി ഉള്‍പ്പെടുത്തണം. അക്കാര്യം നിവര്‍ത്തിക്കാന്‍ ഒരാളെ കണ്ടെത്തി. ഫാറൂഖ് കോളജിലെ അധ്യാപകന്‍ ബീരാന്‍ സാര്‍. അങ്ങനെ അവര്‍ പലപ്പോഴായി ഒരുമിച്ചിരുന്ന് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അങ്ങനെ സാധാരണയില്‍ കവിഞ്ഞ പല കാര്യങ്ങളും ഈ വിഷയത്തില്‍ ഉസ്താദ് സ്വായത്തമാക്കി. ഈ കാര്യം കോടമ്പുഴ ബാവ ഉസ്താദിനറിയാമായിരുന്നു. അദ്ദേഹം ഇടപെട്ടാണ് ഈ ഗ്രന്ഥം ജാമിഅതുല്‍ ഹിന്ദിന് വേണ്ടി ക്രോഡീകരിച്ചത്.

ചാലിയത്ത് നിന്ന് പട്ടിക്കാട്ടേക്കാണ് എ.കെ. ഉസ്താദ് പോയത്. ശംസുല്‍ ഉലമ ഇ.കെ. ഉസ്താദ്, കോട്ടുമല ഉസ്താദ്, കെ.സി. ജമാലുദ്ദീന്‍ ഉസ്താദ് എന്നിവരാണ് അന്ന് പട്ടിക്കാട്ടെ പ്രധാനികള്‍. ഫൈസി ബിരുദത്തോടെ ഔപചാരിക പഠനം പൂര്‍ത്തിയാക്കി. 1968ല്‍ പുറത്തിറങ്ങി. ഉപരിപഠനത്തിനായി പോകുന്നതിനുമുമ്പ് ഒരുവര്‍ഷം കടമേരി മുഹമ്മദ് മുസ്ലിയാരുടെ ദര്‍സില്‍ കോഴിക്കോട് വെള്ളിപറമ്പിലും പഠിച്ചിട്ടുണ്ട്. ഇത് കൈപറ്റ ഉസ്താദിന്റെ ദര്‍സില്‍ ചേരുന്നതിനു മുമ്പാകാനാണ് സാധ്യത.

ഒളവട്ടൂരിലാണ് ദര്‍സ് ആരംഭിക്കുന്നത്. പിന്നീട് ഐക്കരപ്പടിക്കടുത്ത് പുത്തൂപാടത്തേക്ക് മാറി. ഇ.കെ. ഹസന്‍ മുസ്ലിയാരാണ് അദ്ദേഹം അന്ന് താമസിച്ചിരുന്ന പുത്തൂപാടത്തേക്ക് ഉസ്താദിനെ ക്ഷണിച്ചത്. പിന്നെ കുറച്ചു കാലം കടമേരി റഹ്മാനിയ്യയിലായിരുന്നു. പിന്നീട് രാമനാട്ടുകര ചെമ്മല പള്ളിയിലും തിരൂരിലെ നടുവിലങ്ങാടിയിലും സേവനം ചെയ്തു. അതിനുശേഷമാണ് ജാമിഅ സഅദിയ്യയിലെത്തുന്നത്.

മികച്ച ഒരു മുദരിസിനെ തേടി ഒ.കെ. ഉസ്താദിനെ കണ്ട എം.എ. ഉസ്താദിന് ഉസ്താദുല്‍ അസാതീദ് നിര്‍ദ്ദേശിച്ചതായിരുന്നു ഇഷ്ടശിഷ്യനെ. മുദരിസുമാരില്‍ ഒരാളായി 1985 ലാണ് നിയമിതനായത്. പിന്നീട് 1996 മുതല്‍ പ്രിന്‍സിപ്പല്‍ സ്ഥാനം ഏറ്റെടുത്തു. ഉത്തര കേരളത്തിലും കര്‍ണാടകയിലും ഉപരിപഠനത്തിന് പ്രഥമ പരിഗണന സഅദിയ്യക്ക് ലഭിച്ചപ്പോള്‍ എം.എ. ഉസ്താദിനൊപ്പം സ്ഥാപനത്തിന്റെ മേല്‍വിലാസമായി എ.കെ. ഉസ്താദ് ദീര്‍ഘകാലം നിലകൊണ്ടു. അധ്യാപനത്തില്‍ ‘ഒ.കെ. ഉസ്താദി’ന്റെ വഴിയാണ് തന്റേതെന്ന് ഉസ്താദ് തന്നെ പലപ്പോഴും പറയാറുണ്ടായിരുന്നു. പഠനം ലക്ഷ്യം വെക്കുന്നവര്‍ക്ക് വേണ്ടതെല്ലാം നല്‍കുന്ന രീതിയാണ് ഉസ്താദിന്റേത്. ക്ലാസുകള്‍ കഴിഞ്ഞുള്ള ഇടവേളകളില്‍ സംശയം തീര്‍ക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ എപ്പോഴും ഉസ്താദിന് ചുറ്റുമുണ്ടാകുമായിരുന്നു.

ആക്കോട് കുറുന്തോട്ടത്തില്‍ മൂസയുടെ മകള്‍ ആഇശയാണ് ഉസ്താദിന്റെ ആദ്യഭാര്യ. റാബിയ, അബ്ദുല്‍വഹാബ്, അബ്ദുല്‍ വാഹിദ് സഅദി(കുറ്റ്യാടി സിറാജുല്‍ ഹുദാ മുദരിസ്), ജാബിര്‍, റാഫിദ എന്നീ അഞ്ചു സന്താനങ്ങളാണ് ആ ബന്ധത്തിലുണ്ടായത്. ആറു വര്‍ഷം മുമ്പ് കിഡ്നിക്ക് രോഗം ബാധിച്ച് സഹധര്‍മിണി ആഇശ മരണപ്പെട്ടു. പിന്നീട് വണ്ടൂര്‍ നിരന്നപറമ്പ് സ്വദേശിനി ഫാത്വിമത്തു സുഹ്റയെ വിവാഹം ചെയ്തു. വാര്‍ധക്യ സഹജമായ പ്രയാസങ്ങള്‍ക്കിടയില്‍ അവരുടെ സാന്നിധ്യം ഉസ്താദിന് വലിയ ആശ്വാസമായിരുന്നു.

അടുത്ത പ്രദേശങ്ങളിലെല്ലാം ജോലിചെയ്ത സമയത്ത് ആഴ്ചതോറും വീട്ടിലെത്തും. ഉസ്താദ് തന്നെയാണ് കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങിക്കൊടുത്തിരുന്നത്. സഅദിയ്യയിലേക്ക് മാറിയപ്പോള്‍ വീട്ടിലേക്കുള്ള വരവ് മാസത്തില്‍ ഒന്ന് അല്ലെങ്കില്‍ രണ്ട് എന്നായി ചുരുങ്ങി. അപ്പോള്‍ കാശ് ഭാര്യയെ ഏല്‍പിക്കും, അവര്‍ മക്കളുടെ സഹായത്തോടെ വീട്ടുകാര്യങ്ങള്‍ നോക്കും.

വീട്ടില്‍വന്നാല്‍ ഒന്നിച്ചാണ് ഭക്ഷണം കഴിക്കുക. ദീര്‍ഘമായി സംസാരിച്ചിരിക്കും. ഉസ്താദിന്റെ മകന്‍ ജാബിര്‍ വലിയ തമാശക്കാരനാണ്. ആ തമാശകളില്‍ പങ്കുചേരാനും ചിരിക്കാനും ഉസ്താദുമുണ്ടാകും. നാട്ടില്‍ വരുമ്പോള്‍ ബന്ധുവീടുകളിലെല്ലാം കയറിയിറങ്ങും, സുഖവിവരങ്ങള്‍ അന്വേഷിക്കും. വീട്ടില്‍ ഒരു കാര്യവും ഉസ്താദ് സ്വന്തമായി തീരുമാനിക്കില്ല. മക്കളും ഭാര്യയുമായി ചര്‍ച്ച ചെയ്തേ അന്തിമമാക്കുകയുള്ളൂ.

സമസ്തയുടെ യോഗങ്ങള്‍ക്കെല്ലാം ആതിഥ്യം വഹിക്കാറുള്ള മുദാക്കര പള്ളിയില്‍ മുതഅല്ലിമായിരുന്നതിനാല്‍ പ്രസ്ഥാനവുമായുള്ള ഹൃദയബന്ധം നന്നേ ചെറുപ്പത്തിലേയുണ്ട്.
നാട്ടില്‍ ഉണ്ടാകുമ്പോള്‍ സംഘടനാ പരിപാടികളിലെല്ലാം സജീവമാകും. ശാരീരികമായി പ്രയാസപ്പെട്ട അവസാന കാലത്തും ആരാധനാ കാര്യങ്ങളില്‍ മുടക്കം വരുത്തിയില്ല. പുലര്‍ച്ചെ 2.30ന് എഴുന്നേല്‍ക്കും. സുന്നത്ത് നിസ്‌കാരങ്ങളിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകും. രണ്ടു വര്‍ഷത്തിലധികമായി സഅദിയ്യയിലേക്ക് പോകാനാകാത്ത വിധം ക്ഷീണിതനായിരുന്നു. അതിനിടക്ക് കാണാന്‍ ചെന്നപ്പോള്‍ ഉസ്താദിന്റെ മേശപ്പുറത്ത് ഒരു പഴയ ഡയറി കാണാനിടയായി. പല ഗുരുനാഥന്മാരില്‍നിന്നായി അനുവാദം വാങ്ങി പതിവാക്കുന്ന ദിക്റുകളാണ് അതില്‍ നിറയെ. അഞ്ചുനേരത്തെ നിസ്‌കാരത്തിനു ശേഷമുള്ളതടക്കം നിരവധി ദിക്റുകള്‍ അതിലുണ്ട്. അതില്‍ കണ്ണുംനട്ടിരിക്കുന്ന ഉസ്താദിനെയാണ് അന്ന് കാണാനായത്. ഒട്ടും വയ്യാതാകുന്നത് വരെ ഇതു തന്നെയായിരുന്നു പതിവ്. 2018 ഒക്ടോബര്‍ 14, 1440 സഫര്‍ 6ന് രാത്രിയായിരുന്നു അന്ത്യം. ഹിജ്‌റ വര്‍ഷ പ്രകാരം 79ഉം ക്രിസ്തു വര്‍ഷമനുസരിച്ച് 76ഉം വയസുണ്ടായിരുന്നു മരണപ്പെടുമ്പോള്‍.

എം ടി ശിഹാബുദ്ദീന്‍ സഖാഫി

You must be logged in to post a comment Login