ഇബ്‌നുബത്തൂത്ത എഴുതിയ കാഴ്ചകള്‍

ഇബ്‌നുബത്തൂത്ത എഴുതിയ കാഴ്ചകള്‍

ഇബ്‌നു ബത്തൂത്തയാണ് കോഴിക്കോടിന്റെയും മലബാറിന്റെയും വ്യാപാര പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു തരുന്നത്. അറേബ്യ, സിലോണ്‍, ജാവ, മഹല്‍ ദ്വീപ്, യമന്‍, പേര്‍ഷ്യ എന്നിവിടങ്ങളിലുള്ള ജനങ്ങളെ അദ്ദേഹം കോഴിക്കോട്ട് കണ്ടുമുട്ടി. കോഴിക്കോട്ടെ തുറമുഖം ലോകത്തെ ഏറ്റവും വലിപ്പമുള്ളതാണ്. കോഴിക്കോട്ടെ തുറമുഖാധിപന്‍ ബഹ്‌റൈന്‍കാരന്‍ ഇബ്‌റാഹിമാണ്. ഷാ ബന്ദര്‍ (തുറമുഖാധിപന്‍ )എന്നതാണ് ഇദ്ദേഹത്തിന്റെ സ്ഥാനപ്പേര്. ഖാളിയുടെ പേര് ഫഖ്‌റുദ്ദീന്‍ ഉസ്മാന്‍. ശിഹാബുദ്ദീന്‍ ഗാസറൂനി എന്ന പുണ്യവാളനും ഇവിടെ താമസിക്കുന്നു. ഇദ്ദേഹം അബൂ ഇസ്ഹാഖ് ഗാസറൂനിയുടെ പ്രതിനിധിയാണ്. ഗാസറൂനി എന്ന പേരിലുള്ള സൂഫീ മാര്‍ഗമാണ് ഇവരുടേത്. കപ്പലുടമ (നാഖൂദാ) മിസ്ഖാല്‍ മഹാ പ്രഭുവാണ്. അദ്ദേഹത്തിന് പേര്‍ഷ്യ, ചൈന, യമന്‍ തുടങ്ങി മിക്ക രാജ്യങ്ങളുമായും വ്യാപാര ബന്ധമുണ്ട്. പതിമൂന്ന് ചൈനീസ് കപ്പലുകള്‍ കോഴിക്കോട് തുറമുഖത്ത് നങ്കൂരമിട്ടത് ഇബ്‌നു ബത്തൂത്ത നേരില്‍ കണ്ടു. ചൈനാ കപ്പലുകള്‍ വളരെ വലുതാണ്. അതാണ് ജങ്ക് (ഖൗിസ). അതില്‍ ആയിരം പേര്‍ക്കെങ്കിലും യാത്ര ചെയ്യാം. കോഴിക്കോട്ടെ സാമൂതിരി ലോകത്തെ ഏറ്റവും സത്യസന്ധനായ രാജാവാണെന്നും കോഴിക്കോടിനെപ്പോലെ നിര്‍ഭയം ജീവിക്കാന്‍ കഴിയുന്ന മറ്റൊരു നാട് ലോകത്തെവിടെയുമില്ലെന്നും ഇബ്‌നു ബത്തൂത്ത നിരീക്ഷിക്കുന്നു. കോഴിക്കോട് തീരത്ത് ഏത് കപ്പലടിഞ്ഞാലും അതിലെ ചരക്കുകള്‍ ഉടമസ്ഥര്‍ക്ക് തിരിച്ചു കൊടുക്കും. മറ്റ് രാജ്യങ്ങളിലാവട്ടെ അവ ആ രാജ്യത്തിന്റെ പൊതുഖജനാവിലേക്കുള്ളതാണ്. കോഴിക്കോടിനെപ്പോലെ കൊല്ലത്തെ (കൂലം)ക്കുറിച്ചും ബത്തൂത്ത പറയുന്നുണ്ട്. സ്വൂലീ എന്നാണത്രേ കൊല്ലത്തെ മുസ്‌ലിം കച്ചവടക്കാരെ വിളിക്കുന്നത്. കൊല്ലത്ത് ഒരു മുസ്‌ലിം കോളനിയുണ്ട്. അവിടത്തെ മേധാവി വന്‍ വര്‍ത്തകനായ അലാവുദ്ദീന്‍ അവാജിയാണ്. അദ്ദേഹം ഇറാഖില്‍ നിന്നുള്ള ശിയാ വിശ്വാസിയാണ്. അദ്ദേഹത്തിന് കുറേയേറെ ശിയാ കൂട്ടുകാരുമുണ്ട്. എല്ലാവരും വലിയ വ്യാപാരികള്‍. കൊല്ലത്തെ തുറമുഖാധിപന്റെ പേര് മുഹമ്മദ്. ഇവിടത്തെ പള്ളി നിര്‍മിച്ചത് ഖാജാ മുഹദ്ദബാണ്. കോഴിക്കോടിനെ പോലെ കൊല്ലത്തും ജനങ്ങള്‍ രാജാക്കന്‍മാരുടെ കീഴില്‍ സുരക്ഷിതരാണ്. എല്ലാ രാജ്യക്കാരെയും അവര്‍ സ്‌നേഹിക്കുകയും ചെയ്യുന്നു. ഇബ്‌നുബത്തൂത്തയടക്കമുള്ള സഞ്ചാരികളുടെ കുറിപ്പുകളില്‍ നിന്ന് നാടിന്റെ പുരോഗതിക്ക് മതപരമോ ജാതിപരമോ ആയ വൈജാത്യങ്ങള്‍ പ്രതിബന്ധമായില്ല എന്ന് വ്യക്തമാവുന്നു. സാമ്പത്തിക-രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മലബാറിലെ നാട്ടു രാജ്യങ്ങള്‍ തമ്മില്‍ യുദ്ധങ്ങള്‍ നടക്കുമെങ്കിലും അതാത് രാജ്യങ്ങളില്‍ മതപരമായ കൂട്ടായ്മകള്‍ ദൃശ്യമായിരുന്നു. സാമൂതിരിയുടെ കീഴില്‍ നായരും മുസല്‍മാനും ഒന്നിച്ചു നീങ്ങിയപ്പോള്‍ വള്ളുവനാട്ടിലെ ഹിന്ദു മുസ്‌ലിം കൂട്ടായ്മ സാമൂതിരിയുടെ ശത്രുവായ വള്ളുവക്കോനാതിരിക്കൊപ്പമായിരുന്നു. 1442ല്‍ കോഴിക്കോട്ടെത്തിയ പേര്‍ഷ്യന്‍ രാജാവിന്റെ പ്രതിനിധി അബ്ദുറസാഖിനും പറയാനുള്ളത് മലബാറില്‍ നിലനിന്ന മത നിരപേക്ഷ സാഹചര്യത്തെക്കുറിച്ചാണ്. മതപരമായ വൈജാത്യങ്ങള്‍ നിലനിറുത്തിക്കൊണ്ടു തന്നെ മതനിരപേക്ഷമായ സംസ്‌കാരം നിലനിറുത്തിയതിന് വ്യാപാര സംസ്‌കാരം ഏറെ സഹായകമായി എന്ന് വ്യക്തം. സാമൂതിരിയുടെ നാടിനെ ഒരു ഇസ്‌ലാമിക രാജ്യമായി കരുതാന്‍ മഖ്ദൂമിനെ പ്രേരിപ്പിച്ചതും ഇവിടത്തെ സാമുദായികമായ സഹിഷ്ണുതാ പാരമ്പര്യമാണ്.

കോഴിക്കോട്ടേക്ക് എത്തും മുമ്പ് ചാലിയവും ബേപ്പൂരും ചരിത്രത്തിലിടം നേടിയിട്ടുണ്ട്. ചാലിയം വലിയ തുണി നെയ്ത്തു കേന്ദ്രമായിരുന്നു. പേര്‍ഷ്യയില്‍ നിന്ന് കുടിയേറിയ യഹൂദരാണ് ഈ നാടിനെ വ്യവസായ കേന്ദ്രമാക്കിയത്. കോഴിക്കോടിന്റെ ആദ്യ വികസനവും ഇവിടന്നാണ് തുടങ്ങുന്നത്. ചേരമാന്‍ പെരുമാളോടൊപ്പം മക്കത്തേക്ക് പുറപ്പെട്ടവരില്‍ ചാലിയത്തുകാരുമുണ്ടായിരുന്നു. മുസ്താ മുദുക്കാദ്, നീലി നിഷാദ്, നീലി ഷിനാദ്, ശാരീപാദ് എന്നിവരാണിവര്‍. ഇവര്‍ പെരുമാളുടെ മന്ത്രി കൃഷ്ണ മുന്‍ജാദിന്റെ ബന്ധുക്കളാണെന്ന് പറയപ്പെടുന്നു. കൃഷ്ണമുന്‍ജാദ് മതം മാറി ഹുെൈസന്‍ ഖാജ എന്ന പേര് സ്വീകരിച്ചിരുന്നു (ഉമര്‍ സുഹ്‌റവര്‍ദി, റിഹ്‌ലതുല്‍ മുലൂക്, മലയാളം വിവര്‍ത്തനം, 1958). മാലിക് ദീനാറും സംഘവും ചാലിയത്ത് വന്ന് ചാലിയത്തെ എട്ടുവീട്ടുകാരെയും ഇല്ലക്കാരെയും കണ്ടുവെന്നും ചാലിയത്ത് പള്ളി നിര്‍മിച്ചുവെന്നും അവിടെ ഖാളിയായി ജഅ്ഫര്‍ ബിന്‍ സുലൈമാനെ നിശ്ചയിച്ചുവെന്നും പതിനാറാം നൂറ്റാണ്ടില്‍ ഉമര്‍ സുഹ്‌റവര്‍ദി കുറിക്കുന്നു. കോഴിക്കോട് ഖാളിമാരുടെ പരമ്പര തുടങ്ങുന്നത് ചാലിയത്ത് നിന്നാണ്. ചാലിയത്ത് നിന്ന് പിന്നീട് ആസ്ഥാനം കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ഖാളി പരമ്പരയിലെ ആദ്യത്തെയാള്‍ സൈനുദ്ദീന്‍ ഇബ്‌നു മുഹമ്മദാണ്.
ചാലിയത്തിന്റെ തുറമുഖ പ്രാധാന്യം മനസിലാക്കിയാണ് പറങ്കികള്‍ അവിടെ കോട്ട കെട്ടിയത്. അറബികള്‍ കുരുമുളക് കപ്പലില്‍ കയറ്റിയിരുന്നതും ഇവിടന്നാണ്. കോഴിക്കോട്ട് കോട്ട സാമൂതിരി നശിപ്പിച്ചപ്പോഴാണ് പറങ്കികള്‍ ചാലിയം രാജാവിനെ സമീപിച്ചത്. അതിന് മാധ്യസ്ഥം വഹിച്ചത് താനൂരിലെ രാജാവായിരുന്നു. ‘സാമൂതിരിയുടെ കഴുത്തിന് നേരെ പിടിച്ച കത്തി’ എന്നാണ് ചാലിയം കോട്ട വിശേഷിപ്പിക്കപ്പെട്ടത്. 1571ല്‍ മുസ്‌ലിംകളും നായര്‍പടയാളികളും സാമൂതിരിയുടെ കീഴില്‍ ഒന്നിച്ചുകൊണ്ട് കോട്ട തകര്‍ത്തു. വേദങ്ങളും സഞ്ചാരികളും ഓഫിര്‍ എന്ന് രേഖപ്പെടുത്തിയ തുറമുഖം ബേപ്പൂരാണെന്ന് നമ്മള്‍ മലയാളികള്‍ പറഞ്ഞുവരുന്നുണ്ട്. എന്നാല്‍ ഓഫിര്‍ ചെങ്കടല്‍ തീരത്താണെന്നാണ് യൂറോപ്യന്‍മാര്‍ പറയുന്നത്. ദക്ഷിണ അറേബ്യയിലെ ഷീബാ രാജ്ഞിക്ക് ഓഫിര്‍ എന്ന പേരില്‍ ഒരു മകന്‍ തന്നെ ഉണ്ടായിരുന്നത്രേ. സ്വര്‍ണം ധാരാളമുണ്ടായിരുന്ന സ്ഥലമാണത്രേ ഓഫിര്‍. നമ്മുടെ ബേപ്പൂരില്‍ സ്വര്‍ണ അയിര് നല്ലോണം ഉണ്ടായിരുന്നുവെന്ന നിഗമനത്തില്‍ ഓഫിര്‍ ബേപ്പൂരാണെന്ന് കണ്ടെത്തിയതാവാം. പക്ഷേ ഓഫിര്‍ ബേപ്പൂരാണെന്നതിന് ചരിത്രത്തിന്റെ പിന്‍ബലമൊന്നുമില്ല. ഇന്നത്തെ പാകിസ്ഥാനിലെ സിന്ധുവിന്റെ തീരത്തുള്ള അഭിരയാണ് ഓഫിര്‍ എന്ന് മാക്‌സ് മുള്ളര്‍ ഊഹിക്കുന്നു. ചിലര്‍ തമിഴകത്തെ പൂവാറാണ് ഓഫിര്‍ എന്ന് സ്ഥാപിക്കുന്നുണ്ട്. മലയാളികള്‍ക്ക് ഓഫിര്‍ ബേപ്പൂര്‍ തന്നെ ആവട്ടെ. ബേപ്പൂരില്‍ നിന്നാണ് ലോകത്തിന്റെ നാനാ ഭാഗത്തേക്കും തടി കയറ്റി അയച്ചിരുന്നത്. മെസൊപൊട്ടേമിയയില്‍ ക്രിസ്തുവിന് മുമ്പ് തന്നെയുള്ള പല ദേവാലയങ്ങളും തടി കൊണ്ട് നിര്‍മിച്ചവയാന്നെന്നും ആ തടി ബേപ്പൂരില്‍ നിന്ന് കൊണ്ടുപോയതാവാമെന്നും കോഴിക്കോടിന്റെ ചരിത്രകാരന്‍ പരപ്പില്‍ മുഹമ്മദ് കോയ നിരീക്ഷിക്കുന്നു. മലബാറിലെ ആദ്യത്തെ കപ്പല്‍ നിര്‍മാണ ശാലയാണ് ബേപ്പൂര്‍ എന്ന് പറയാം. ഇവിടത്തെ കപ്പല്‍ നിര്‍മാണത്തിന്റെ ഖ്യാതി കേട്ട് പല സഞ്ചാരികളും ഇന്നും ബേപ്പൂരിലെത്തുന്നു. ബേപ്പൂരിന്റെ കപ്പല്‍ നിര്‍മാണ പാടവം അറിഞ്ഞ് ബ്രിട്ടീഷുകാര്‍ ഈ തുറമുഖം കൂടുതല്‍ വികസിപ്പിച്ചു.

അറബി സ്വാധീനം
അറബി സ്വാധീനം മലബാറിനെ നാനാ വിധേന മാറ്റിമറിച്ചു. പ്രധാനമായും ഇസ്‌ലാം മതം തന്നെ. ജാതീയത നിറഞ്ഞ സാമൂഹിക വ്യവസ്ഥിതിയില്‍ ഇസ്‌ലാമിന്റെ സമഭാവനക്ക് വലിയ സ്വാധീനമുണ്ടായി. നിരവധി പേര്‍ ഇസ്‌ലാം വിശ്വസിച്ചു. ലിപികളില്ലാതെ നാട്ടുഭാഷയായി നില നിന്നിരുന്ന മലബാറിലെ വായ്‌മൊഴിക്ക് ആദ്യം ലിപി നല്കിയതും അറബികള്‍ തന്നെ. ഈ രീതി പിന്നീട് അറബി മലയാളം എന്നറിയപ്പെട്ടു. മലയാള ലിപി രൂപപ്പെടുന്നതിന് മുമ്പാണിത് എന്നു കൂടി ഓര്‍ക്കണം. അറബി ഭക്ഷണ രീതികളും, വേഷങ്ങളും, ആചാരങ്ങളും മലബാറിനെ മനോഹരിയാക്കി. അറബിയില്ലാതെ മലയാളമില്ല. അത്രക്കും പദസമ്പത്ത് അറബികള്‍ മലയാളത്തിന് സംഭാവന ചെയ്തു. പേര്‍ഷ്യന്‍ അറബി രീതികള്‍ മലബാറിലെ പ്രാദേശികതയുമായി സംബന്ധമായപ്പോള്‍ കേരളീയ മുസ്‌ലിം സമൂഹം മാപ്പിളമാരായി മാറി. അറബികള്‍ തദ്ദേശ സ്ത്രീകളെ വിവാഹം ചെയ്യുന്നതിലൂടെ വന്ന സന്തതികളും മതം മാറി വന്ന കേരളീയരുമാണ് മാപ്പിള സംസ്‌കാരത്തെ സമ്പന്നമാക്കിയത്. കേരളത്തില്‍ താമസമാക്കിയ അറബികള്‍ പോലും മാപ്പിള രീതികളും ശൈലികളും സ്വീകരിച്ചു പോന്നു. മാപ്പിള കലാരൂപങ്ങള്‍ പലതും അറബി ഉല്‍പന്നങ്ങളാണ്. ഒപ്പന എന്ന രീതി ഇസ്‌ലാമിന് മുമ്പേതന്നെ മലബാറിലെത്തിയിരിക്കണം. ക്ഷേത്രങ്ങളിലെ ഒപ്പന വയ്ക്കല്‍ തന്നെ ഇതിന് ഉദാഹരണം. അറബി നാമങ്ങള്‍ പലതും കാലക്രമേണ മലയാളീകരിച്ചു. തുറമുഖത്തിനുപയോഗിക്കുന്ന ഖല്‍ആഅ് എന്ന അറബി പദം കല്ലായിയായി. മലബാറിലെ താംബൂലം അതേ പടി അറബികളും സ്വീകരിച്ചു. സുപ്ര, ശിര്‍വ, കഹ്‌വ, ഉറുമാല്‍ തുടങ്ങി ബലാലും, മുസീബത്തും, പഹയനും, ഹംക്കും, ഹുക്മും വരെ നൂറുകണക്കിന് അറബി പദങ്ങളാണ് മലയാളപ്പട്ടുടുത്തത്. വറകതും വകീലുമില്ലാത്ത മലയാളമില്ല. താലൂക്കും, ജില്ലയുമില്ലാത്ത കേരളമുണ്ടോ? ഹാജറും, ബാക്കിയും, ഹര്‍ജിയും, കാപ്പിയും ചപ്പാത്തിയും എല്ലാം അറബിയും പേര്‍ഷ്യനും കൂടി മലയാളത്തിന് തന്നതാണ്.

പതിനഞ്ചാം നൂറ്റാണ്ടില്‍ സയ്യിദ് കുടുംബങ്ങള്‍ ഹദര്‍മൗതില്‍ നിന്നും ബുഖാറയില്‍ നിന്നും മലബാറിലെത്തിയതോടെ മലബാറിലെ മുസ്‌ലിം മതജീവിതത്തിലും മാറ്റങ്ങള്‍ വന്നു. സൂഫീ മാര്‍ഗങ്ങള്‍ കേരളത്തില്‍ വ്യാപകമായി. ദര്‍ഗകളും, മാലകളും മൗലിദുകളും മുസ്‌ലിം ജീവിതത്തിന്റെ ഭാഗമായി. അധ്യാത്മിക ജീവിതം കൂടുതല്‍ കരുപ്പിടിച്ചു വന്നു. സയ്യിദന്‍മാര്‍(നബി കുടുംബം) മലബാറിലെ മുസ്‌ലിം ജീവിതത്തില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും വ്യാപാരത്തിലും വലിയ സ്വാധീനം ചെലുത്തി. മലബാറില്‍ നടന്ന അധിനിവേശ വിരുദ്ധ സമരങ്ങള്‍ക്കും സാമൂഹിക മാറ്റങ്ങള്‍ക്കും ഈ അറബ് വംശജരാണ് നേതൃത്വം നല്‍കിയത്. അധഃസ്ഥിത വിഭാഗങ്ങളുടെ മോചനത്തിനും അവര്‍ തന്നെ മുന്നോട്ടു വന്നു.

ഹുസൈന്‍ രണ്ടത്താണി

You must be logged in to post a comment Login