ഭയാനകമായ ഒരു കൊടുങ്കാറ്റ് ഇടവിടാതെ വീശി

ഭയാനകമായ ഒരു കൊടുങ്കാറ്റ് ഇടവിടാതെ വീശി

ബഷീര്‍, സാഹിത്യരചയിതാക്കളില്‍ അപൂര്‍വമായി മാത്രം കാണുന്ന പ്രത്യേക മനോനിലയുടെ അവകാശിയാണ്. എഴുത്തിലും ജീവിതത്തിലും ഒരുപോലുള്ള കര്‍തൃത്വ സാന്നിധ്യം വിരളമാണ്. കഥകള്‍ എഴുതിയ വ്യക്തിത്വവും മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ ഇരുന്ന ശക്തിയും രണ്ടായിരുന്നില്ല. ബഷീറിന്റെ രചനകളില്‍ കാണുന്ന സംഘര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതം അഭിമുഖീകരിച്ച സംഘര്‍ഷങ്ങള്‍ തന്നെയാണ്. പാത്തുമ്മയുടെ ആടിന് എഴുതിയ മുഖവുരയില്‍ (1-3-1959) ബഷീര്‍ സ്വന്തം ഭ്രാന്തിനെക്കുറിച്ച് ഹാസ്യാത്മകമായി പറയുന്നുണ്ട്: ”ബഷീറിന് ഭ്രാന്തുവന്നു! ഞങ്ങള്‍ക്കെന്താണ് വരാത്തത്?’ ചില സാഹിത്യകാരന്മാര്‍ വിലപിക്കുന്നതായി കേട്ടു. ദുഃഖിച്ചതുകൊണ്ട് വല്ല ഫലവുമുണ്ടോ? യോഗ്യന്മാര്‍ക്ക് ചിലതൊക്കെ വരും.”(ബഷീര്‍ സമ്പൂര്‍ണ കൃതികള്‍. (വാള്യം 2, പുറം 2204).

ബഷീറിന്റെ രചനകളില്‍ വായനക്കാര്‍ക്ക് കാണാന്‍ കഴിയുന്ന കര്‍തൃത്വം അഭിമുഖീകരിക്കുന്ന സന്ദിഗ്ധത യഥാര്‍ത്ഥ ജീവിതത്തില്‍ രചയിതാവ് അനുഭവിക്കേണ്ടിവന്ന സന്ദിഗ്ധത തന്നെയാണ്. കുട്ടിക്കാലം മുതല്‍ കണക്കുകള്‍ക്കപ്പുറം ജീവിക്കുന്ന ഒരു സഞ്ചാരിയുടെയും അന്വേഷകന്റെയും മനസ്സായിരുന്നു ബഷീറിനുണ്ടായിരുന്നത്. ‘ശബ്ദങ്ങള്‍’ രചിച്ച ബഷീര്‍ തന്നെയാണ് ‘ചെവിയോര്‍ക്കുക, അന്തിമകാഹളം’ എന്ന ജീവിത സായാഹ്നത്തിലെ പ്രഭാഷണവും നടത്തിയത്. ശബ്ദങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വിധേയമായ കൃതിയാണ്. 1947ലാണ് ശബ്ദങ്ങള്‍ പ്രസിദ്ധീകരിച്ചത്. മുഖ്യധാരാ ജീവിതം മാത്രമല്ല, ജീവിതത്തിന്റെ ഓരങ്ങളിലെ ശബ്ദങ്ങള്‍ക്കും രചനയില്‍ പ്രബലമായ ഇടം ലഭിക്കുന്നു. ശബ്ദങ്ങള്‍ പ്രകാശിപ്പിച്ച ലൈംഗിക ജീവിതവും സ്വവര്‍ഗരതിയുമെല്ലാം അസ്വീകാര്യമായ ശുദ്ധാത്മാക്കളായിരുന്നു അന്നത്തെ വായനക്കാരില്‍ പ്രത്യേകിച്ച് നിരൂപകരില്‍ ഭൂരിഭാഗവും. എങ്കിലും കേസരി ബാലകൃഷ്ണ പിള്ളയെ പോലെ അപൂര്‍വം ചില ‘പടിഞ്ഞാറു നോക്കികള്‍’ ഉണ്ടായതുകൊണ്ട് ബഷീറിനെയും അദ്ദേഹത്തിന്റെ സര്‍ഗ പ്രപഞ്ചത്തെയും തിരിച്ചറിയാന്‍ കഴിഞ്ഞു.

ബഷീര്‍ കാലത്തിന് മുമ്പ് നടന്നുപോയ എഴുത്തുകാരനായതിനാല്‍ അനുഭവിക്കേണ്ടിവന്ന വ്യഥ വളരെ വലുതായിരുന്നു. കേരളം വെറും നാട്ടുരാജ്യങ്ങളായി നാട്ടുരാജാക്കന്മാരാലും ബ്രിട്ടീഷുകാരാലും ഭരിച്ചുകൊണ്ടിരുന്ന കാലത്താണ് പ്രേമലേഖനവും, ബാല്യകാലസഖിയും, ശബ്ദങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടത്. ശബ്ദങ്ങള്‍ക്ക് ആമുഖമെഴുതിയ കേസരി ബാലകൃഷ്ണപിള്ള പറയുന്നത് കാണുക: ”മാന്യതയോടുള്ള പരമമായ വെല്ലുവിളി, കലാമാഹാത്മ്യം, എന്നിവയ്ക്കുപുറമെ പ്രകൃത കൃതിക്ക് മറ്റ് ചില വൈശിഷ്ട്യങ്ങളും പ്രത്യേകതകളും ഉള്ളതായിക്കാണാം…

രണ്ടാമതായി, ആധുനിക ഭാഷാ സാഹിത്യത്തില്‍ ഇന്നുവരെ ആരും തുറന്നുവര്‍ണിച്ചിട്ടില്ലാത്ത സ്വവര്‍ഗ സംഭോഗം പ്രകൃതകൃതിയില്‍ തുറന്നുവര്‍ണിച്ചിരിക്കുന്നു.”(വാള്യം 2, പു. 2235).
യഥാര്‍ത്ഥത്തില്‍ ശബ്ദങ്ങളില്‍ ബഷീറിന്റെ ആന്തരിക സംഘര്‍ഷങ്ങള്‍ ഏതാണ്ട് പൂര്‍ണമായി വെളിവാക്കപ്പെടുന്നുണ്ട്. കേസരി നിരീക്ഷിച്ചതുപോലെ സ്വന്തം കഥ സ്വയം പറയുന്നതിന് പകരം ഒരു പട്ടാളക്കാരനെ കഥപറയാന്‍ ഉപയോഗിക്കുന്നതിലൂടെ കഥയുടെ സൗന്ദര്യാംശത്തെ തകരാതെ നോക്കുകയാണ്. മറ്റൊരാള്‍ പറഞ്ഞുകേള്‍ക്കുമ്പോഴുള്ള സുഖമാണ് വായനക്കാരന്റെ അഭിരുചിയെ തൃപ്തിപ്പെടുത്തുകയെന്ന കഥാരചനയുടെ മര്‍മം ബഷീറിനറിയാമായിരുന്നു. സദാശിവനും കേശവന്‍ നായരും താങ്കള്‍ തന്നെയല്ലേ എന്ന ചോദ്യം സരസ്വതീദേവിയെക്കൊണ്ട് ചോദിപ്പിക്കുന്ന സന്ദര്‍ഭം അനുരാഗത്തിന്റെ ദിനങ്ങളില്‍ ഉണ്ടല്ലോ. ‘ഗൂഗിള്‍’ നോക്കി കഥകള്‍ രചിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ചോരയും വിയര്‍പ്പുമുപയോഗിച്ച്, വേദനകളും രോഷങ്ങളും അനാവരണം ചെയ്യുന്ന രചനകള്‍ വായിക്കപ്പെടേണ്ടത് നമ്മുടെ ചരിത്രത്തെയും സര്‍ഗാത്മകതയുടെ ചരിത്രത്തെയും തിരിച്ചറിയാന്‍ അനിവാര്യമാണ്.

”ഞാന്‍ പറഞ്ഞില്ലേ, എന്റെ ജീവിതത്തിന് ഒരു തത്വശാസ്ത്രവുമില്ല. ഞാനെന്തു കാര്യപരിപാടി രൂപീകരിക്കാനാണ്? ഞാനാകുന്ന വീട് തകര്‍ന്നുകഴിഞ്ഞിരിക്കുന്നു. അമ്മയില്ല, അച്ഛനില്ല, ആരുമില്ല. ഞാനീ ലോകത്തില്‍ തനിച്ച്, ഞാന്‍ പറഞ്ഞില്ലേ, എന്നെ സ്‌നേഹിക്കാനോ വെറുക്കാനോ ഒരു ജീവിപോലുമില്ല. അതുകൊണ്ടാണ് ഞാന്‍ നിങ്ങളോട് ആത്മഹത്യയെപ്പറ്റി ചോദിച്ചത്.”(ശബ്ദങ്ങള്‍ സമ്പൂര്‍ണ വാള്യം 1 പുറം 461).

വാങ്‌മൊഴി ചരിത്രകാരനായി പ്രസിദ്ധി നേടിയ ബ്രിട്ടീഷ് ചിന്തകനായ റൊനാള്‍ഡ് ഫ്രെയിസര്‍ അദ്ദേഹത്തിന്റെ സ്വന്തം ചരിത്രത്തെ അഥവാ ജീവിതകഥയെ മനശാസ്ത്രപരവും വര്‍ഗപരവുമായ വിശകലനത്തില്‍ വിധേയമാക്കുന്നുണ്ട്. ‘ഒരു ഭൂതകാലത്തിന്റെ അന്വേഷണത്തില്‍’ എന്ന ഫ്രെയിസറുടെ കൃതി സ്വയം അനുഭവിച്ച സുഖങ്ങളെയും ദുഃഖങ്ങളെയും അക്കാലത്ത് സ്വന്തം വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരുടെ വാക്കുകളിലൂടെ അനാവരണം ചെയ്യുകയാണ്. മജീദ് സ്വന്തം ബാപ്പയെയും സുഹറയുടെ ബാപ്പയെയും തുലനം ചെയ്യുന്ന പോലെ ജനിച്ചുവളര്‍ന്ന പ്രഭു കുടുംബത്തില്‍ ജോലിക്കാര്‍ക്കും തനിക്കുമിടയില്‍ നിലനിന്ന അകലവും രക്ഷിതാക്കളുടെ പരിചരണവും ഫ്രെയിസര്‍ വിശകലനം ചെയ്യുന്നുണ്ട്. ഒരു ചരിത്രകാരനായ ഫ്രെയിസറില്‍നിന്നും വ്യത്യസ്തമായ ആഖ്യാനമാണ് ബഷീറിന്റെ രചനകള്‍.

അതേസമയം സ്വയം കടന്നുപോയ വഴികളും ആ വഴികളില്‍ സ്വന്തമായി അനുഭവിക്കേണ്ടിവന്ന മുറിവുകളും മറ്റുപലരിലൂടെയും ആവിഷ്‌കരിക്കുന്ന രചനാതന്ത്രമാണ് ബഷീര്‍ സ്വീകരിക്കുന്നത്. ആത്മകഥ, ചരിത്രം, സാഹിത്യം എന്നീ വേര്‍തിരിവുകളെ തകര്‍ക്കുകയും ഉല്ലംഘിക്കുകയും ചെയ്തുകൊണ്ടാണ് ഫ്രെയിസര്‍ സ്വന്തം ഭൂതകാലത്തിലൂടെ ഒരു ചരിത്രസന്ദര്‍ഭത്തിലന്തര്‍ഭവിച്ച മനുഷ്യത്വവിരുദ്ധതകള്‍ ആവിഷ്‌കരിച്ചത്. ഏതാണ്ട് ബഷീറും അങ്ങനെ വേറിട്ട ഒരു സാഹിത്യ രചയിതാവാണ്. അനുഭവങ്ങളുടെ ഒരു ഭൂഖണ്ഡം തന്നെ തലച്ചോറില്‍ സൂക്ഷിച്ചുകൊണ്ടാണ് ബഷീര്‍ സമരോത്സുകയാത്രകള്‍ നടത്തിയത്. എപ്പോഴും ഒരു ചരിത്രകാരനാണെന്നും ചരിത്രമാണ് പറയുന്നതെന്നും തന്റെ കഥാപാത്രങ്ങളെല്ലാം ചരിത്രപുരുഷന്മാരാണെന്നും ബഷീര്‍ ഓര്‍മിപ്പിക്കുന്നു.

ബഷീറിന്റെ ആദ്യദശകങ്ങളിലെ യാത്രകളും ജീവിതവും അറിയാന്‍ ബഷീറിന്റെ ഓര്‍മകള്‍ മാത്രമാണ് അവലംബമായിട്ടുള്ളത്. അതുകൊണ്ട് സ്വാഭാവികമായും ബഷീറിന്റെ ജീവിതചരിത്രത്തില്‍ അവ്യക്തതകളുണ്ടാകും. എങ്കിലും കേസരി ബാലകൃഷ്ണപിള്ള നിരീക്ഷിച്ചതുപോലെ പിതാവുമായുള്ള സംഘര്‍ഷത്തോടെയാണ് ജീവിതയാത്രയുടെ ആരംഭം. പിതാവുമായുണ്ടാവുന്ന സംഘര്‍ഷങ്ങള്‍ക്ക് വിഭിന്നങ്ങളായ മാനങ്ങളുണ്ട്. ഫ്യൂഡല്‍ ജീവിതാവസ്ഥയില്‍ ഗൃഹനാഥന്മാരായി വീട് ഭരിക്കുന്നവരാണ് പിതാക്കന്മാര്‍. അവിടെ കുട്ടികളുടെയും സ്ത്രീകളുടെയും സ്ഥാനം ഇന്നത്തെപ്പോലെ വീടിന്റെ മുന്‍വശത്തോ ടെലിവിഷന്‍ കാഴ്ചകളുടെ മുന്നിലോ ആയിരുന്നില്ല. സാധാരണക്കാരായ തൊഴിലാളികളുടെ കുടിലില്‍ മാത്രമാണ് അമ്മയും അച്ഛനും കുട്ടികളും ഒന്നിച്ചുകഴിയുന്നത്. അവിടങ്ങളില്‍ പോലും ശൗര്യം പ്രകടിപ്പിക്കുന്ന പുരുഷനാണ് അച്ഛന്‍. ഞാനീ ലോകത്തില്‍ തനിച്ചാണ് എന്ന തോന്നല്‍ മനസ്സില്‍ അങ്കുരിച്ച ശേഷം വീടുവിട്ട് ഇറങ്ങിപ്പോയ ഒരു ബാലന് ജീവിതത്തോട് നിഷേധാത്മകവും നിരാശാഭരിതവുമായ സമീപനം ഉണ്ടാവേണ്ടതാണ്. ബഷീറില്‍ നിരാശയുടെയും നിഷേധത്തിന്റെയും പരിസരം ഉല്ലംഘിക്കപ്പെടുന്നതാണ് അത്ഭുതകരമായ പ്രതിഭാസം. ‘ഒറ്റക്കാണെന്ന’ മനസിലെ മുറിവിനെ സമൂഹത്തിലേക്ക് ലയിച്ചുകൊണ്ട് അതിനെക്കാള്‍ വലിയ മുറിവുകള്‍ ഏറ്റുവാങ്ങി സ്വയം മറികടക്കുകയാണ് വീട്ടില്‍നിന്നും ഇറങ്ങിപ്പോയ ഒരു ബാലന്‍. സ്‌നേഹിക്കുന്ന മനുഷ്യരെ കാണുമ്പോള്‍ റൊനാള്‍ഡ് ഫ്രെയിസര്‍ക്ക് സ്വന്തം വീട്ടിലെ (പ്രഭുകുടുംബം) തൊഴിലാളികളായ വേലക്കാരോട് തോന്നുന്ന അടുപ്പം രൂപപ്പെടുന്നു. അവരുടെ സ്‌നേഹവും യാതനയും ഒപ്പത്തിനൊപ്പം കാണാന്‍ കഴിയുന്നു. പാടത്ത് ജോലി ചെയ്യുന്ന ചാത്തനെപ്പോലെ അവന്‍ അങ്ങ് വെണ്മനാടങ്ങളില്‍ വിശ്രമിക്കുന്ന ദേവിമാരെ- അന്തര്‍ജനത്തെ സ്വപ്‌നം കാണുന്നു.

ബഷീര്‍ എപ്പോഴും ഒരു കത്തി സ്വകാര്യമായി കയ്യില്‍ കരുതിയിരുന്നു. അഹിംസാവാദിയും ഗാന്ധി ഭക്തനുമായിരുന്ന ബഷീറിന് ഒരു ജീവിയെപ്പോലും കൊല്ലാന്‍ കഴിയുമായിരുന്നില്ല. അങ്ങനെ ഹിംസിക്കാന്‍ പാടില്ലെന്ന് ആവര്‍ത്തിച്ച് പറയുകയും ചെയ്തിട്ടുണ്ട്. എങ്കിലും ബഷീര്‍ ഒരു കത്തിയെക്കുറിച്ച് പറയുക മാത്രമല്ല കരുതുകയും ചെയ്തിരുന്നു എന്നതാണ് ഒരു പ്രത്യേകത. ഭയമാണ് ഇങ്ങനെ ഒരു കത്തി കയ്യില്‍ കരുതാന്‍ ബഷീറിനെ പ്രേരിപ്പിച്ചത്. ഈ ഭയം ബോധതലത്തിലുള്ളതായിരുന്നില്ല. ഒറ്റക്ക് അപരിചിതമായ നിരവധി ഭൂപ്രദേശങ്ങളില്‍ സഞ്ചരിക്കുകയും പലരോടുമൊപ്പം താമസിക്കുകയും ചെയ്ത ബഷീറിന് ബോധതലത്തില്‍ ഭയമുണ്ടാവാന്‍ യാതൊരു സാധ്യതയുമില്ല.

”ക്ഷോഭിക്കാതിരിക്കൂ! ഞാന്‍ എന്തെങ്കിലും പറയാം. എന്നെ ആരും കൊല്ലുന്നത് എനിക്കിഷ്ടമല്ല. സാധാരണ ഞാന്‍ ചെയ്യാറുള്ളത്… എന്നെ കൊല്ലാന്‍ വരുന്നവര്‍ക്ക് എന്നെക്കാള്‍ ശക്തിയുണ്ടോ എന്ന് നോക്കും. ശക്തിയില്ലെങ്കില്‍ ഞാന്‍ ധീരതയോടെ നിന്ന് പൊരുതും. ശക്തിയുണ്ടെങ്കില്‍ കഴിയുന്നതും വേഗത്തില്‍ ദൂരെ ഓടിപ്പോകും.”(ശബ്ദങ്ങള്‍, പുറം 419, വാള്യം 1).
ഒരുതരം ഭയാനകമായ ഏകാന്തത രചയിതാവിനെ എപ്പോഴും പിന്തുടരുന്നു. ഭാര്‍ഗവിനിലയത്തില്‍ പറയുന്നപോലെ ഈ ഭയാനകമായ നിശബ്ദതയെ ശബ്ദങ്ങള്‍കൊണ്ട് തന്നെയാണ് രചയിതാവ് നേരിടുന്നത്. സംഗീതത്തിന്റെ ശബ്ദങ്ങള്‍ മാത്രമല്ല, നിസ്വരും ഉപേക്ഷിക്കപ്പെട്ടവരും ആലംബഹീനരുമായ മനുഷ്യരുടെ ശബ്ദങ്ങളും ഏകാന്തതയെ മറികടക്കാന്‍ രചയിതാവിനൊപ്പമുണ്ട്. കുഞ്ഞുങ്ങളുടെ, സ്ത്രീകളുടെ, ലൈംഗിക തൊഴിലാളികളുടെ, കിടന്നുറങ്ങാന്‍ വീടില്ലാത്തവരുടെ ശബ്ദങ്ങള്‍, ബഹളങ്ങള്‍ കേട്ടുകൊണ്ടാണ് അയാള്‍ അവരുടെ ജീവിതം ഒപ്പിയെടുക്കുന്നത്.
”അതില്‍ തെളിയുന്ന മുഖങ്ങള്‍, അളുങ്ങിക്കൂടിയ ശരീരങ്ങള്‍, അവര്‍ക്ക് വിശേഷ പരിപാടിയൊന്നുമില്ല. നാടില്ല, വീടില്ല. എങ്കിലും മനുഷ്യര്‍ക്കുവേണ്ടതെല്ലാം ഉണ്ടുതാനും. ഭൂമിയിലെ മനുഷ്യര്‍ ആ സമൂഹത്തില്‍ പരസ്യമായി ജനിക്കുന്നു. ജനിപ്പിക്കുന്നു, വളരുന്നു.”(പുറം 454).

”ഒരു ബഹളമാണവിടെ, ആഹാരം കഴിക്കുന്നു. വര്‍ത്തമാനം പറയുന്നു. പുകവലിക്കുന്നു. പ്രാര്‍ത്ഥന നടത്തുന്നു. കളിക്കുന്നു. ചിരിക്കുന്നു. കരയുന്നു. ചീത്ത പറയുന്നു. ആലിംഗനം ചെയ്യുന്നു. രതിക്രീഢകളും.”(പുറം 454).

എല്ലാ മാന്യവും പ്രച്ഛന്നവുമായ അവസ്ഥകളെയും പ്രകടമായി ചോദ്യം ചെയ്യുന്ന ജീവിതത്തിന്റെ മറുവശമാണ് ബഷീര്‍ കാണുന്നത്. വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട ലൈംഗികതൊഴിലാളികളായ ലക്ഷക്കണക്കിന് സ്ത്രീകളെ ഇരകള്‍ (ഢശരശോ)െ എന്നാണ് കാള്‍മാര്‍ക്‌സ് വിശേഷിപ്പിച്ചത്. ഒരു സമൂഹത്തില്‍ അനീതിക്കെതിരായി പ്രതിരോധ ശേഷിയില്ലാതെ ചൂഷണത്തിനോ പീഡനത്തിനോ വിധേയമാവുന്നവരാണ് ഇരകള്‍. ലൈംഗികത്തൊഴിലാളി(ടലഃ ണീൃസലൃ) എന്ന സംബോധന പോലും രൂപപ്പെട്ടിട്ടില്ലാത്ത കാലം. പുരുഷന്റെ താല്‍പര്യങ്ങള്‍ക്ക് വിധേയമായി ജീവിക്കുകയും പിന്നീട് മുഖ്യധാരയിലോ കുടുംബത്തിലോ പ്രവേശനം ലഭിക്കാതെ വരികയും ചെയ്യുന്ന ഒരു വിഭാഗം. അത്തരം ജീവിതം നയിക്കുന്ന സ്ത്രീകളെ മാത്രമല്ല പുരുഷനെയും ബഷീര്‍ കണ്ടുമുട്ടുന്നു.

ശബ്ദങ്ങളിലെ കര്‍ത്താവ് എല്ലാം കേള്‍ക്കുകയാണ് ചെയ്യുന്നത്. കാഴ്ചയെക്കാള്‍ കേള്‍വിക്കാണ് പ്രാമുഖ്യം നല്‍കുന്നത്. ശബ്ദങ്ങളാണ് എവിടെയും. പാത്തുമ്മയുടെ ആടില്‍ സ്ത്രീകളുടെ ബഹളമുണ്ട്. അവിടെ കലപില ശബ്ദങ്ങള്‍. ”എന്താ കാണാനൊള്ളത് ഈ ലോകത്തില്‍? ഞാന്‍ എല്ലാം കേക്കണൊണ്ടല്ലോ!”(പുറം 450).

”ശബ്ദങ്ങള്‍! മില്ലുകളുടെ ചൂളം വിളി. കപ്പലുകളില്‍നിന്നുള്ള പൊള്ളയായ കുഴല്‍ വിളികളും. വേലക്കാരെ വിളിക്കുകയാണ്. ഭൂമിയിലെ വേലക്കാരെ.”(പുറം 459). നിരന്തരം ശബ്ദങ്ങളാല്‍ പിന്തുടരപ്പെടുന്ന ഒരു കര്‍തൃത്വം. ആ ശബ്ദങ്ങളില്‍ ജീവിതത്തിന്റെയും മരണത്തിന്റെയും കാലൊച്ചകള്‍ പതിയിരിക്കുന്നു.

ഭയം പലവിധമുണ്ട്. യഥാര്‍ത്ഥ ഭയവും മനോരോഗപരമായ ഭയവും വ്യത്യസ്തമാണ്. യഥാര്‍ത്ഥ ഭയം വസ്തുനിഷ്ഠമായ കാരണങ്ങള്‍കൊണ്ട് ഉണ്ടാവുന്നതാണ്. വ്യക്തികളും സമൂഹവും ഇത്തരം ഭയത്തില്‍ അകപ്പെടാറുണ്ട്. അടുത്തകാലത്ത് കേരളീയര്‍ നിപ രോഗത്തെയും പ്രളയത്തെയും ഭയപ്പെടുകയുണ്ടായി. യഥാര്‍ത്ഥമായ വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ ഉല്‍പാദിപ്പിച്ച ഭയമായിരുന്നു നമ്മെ ബാധിച്ച ആ ഭയം. എന്നാല്‍ കൃത്യവും വ്യക്തവുമായ കാരണങ്ങളില്ലാതെയും ഭയം വേട്ടയാടുന്ന സന്ദര്‍ഭങ്ങളുണ്ടാവാറുണ്ട്. അത്തരം ഭയത്തെയാണ് ഫ്രോയിഡ് മനോരോഗപരമായ ഭയമായി അടയാളപ്പെടുത്തുന്നത്. അങ്ങനെ ഉന്മാദാവസ്ഥ ബാധിച്ചവര്‍ക്ക് മഹാവിപത്തുകളെക്കുറിച്ച് എപ്പോഴും ഉത്കണ്ഠയുണ്ടാവും. എല്ലാം അവസാനിക്കുകയാണെന്ന് തോന്നും. സര്‍വനാശത്തെ സങ്കല്‍പിക്കും. എപ്പോഴും ഏകാന്തതയെക്കുറിച്ചും ഇരുട്ടിനെക്കുറിച്ചും വേവലാതി പ്രകടിപ്പിക്കും. അനര്‍ഘനിമിഷത്തില്‍ പറയുന്ന ഒരു സന്ദര്‍ഭം: ”നിബിഢമായ ഇരുളിന്റെ നിശിതമായ ശീത നിശ്വാസം പോലെ ഒരു ആവി എന്റെ ഹൃദയത്തെ പൊതിഞ്ഞു. ഭയാനകമായ ഒരു കൊടുങ്കാറ്റ് ഇടവിടാതെ വീശി. ഭൂമി വിറച്ചു. പര്‍വതങ്ങള്‍ കുലുങ്ങിച്ചിതറി. ആകാശം മുട്ടെ തീ ആളിയാളിപ്പടര്‍ന്നു. സര്‍വവും കത്തിക്കരിഞ്ഞ് ചാമ്പലായി മഹാന്ധകാരത്തില്‍ ഹിമകണം പോലെ ഒരു പ്രകാശബിന്ദു… ഒടുവില്‍ അതു മംഗളമായ ഒരു മഹാതേജസ്സായി എങ്ങും നിറഞ്ഞു.”(പുറം 400).

ബഷീറിന്റെ രചനകളിലെല്ലാം ഹതാശവും ഭയാനകവുമായ ഒരു സന്ദര്‍ഭത്തെ പ്രതീക്ഷയുടെ മറ്റൊരു ബിന്ദുവിന്റെ സാന്നിധ്യം കൊണ്ട് സന്തുലിതമാക്കുന്ന മാസ്മരിക വിദ്യ കാണാന്‍ കഴിയും. മരണത്തിന്റെ നിഴലിലും ജീവിതത്തിന്റെ ഉജ്വലമായ നൃത്ത സങ്കല്‍പങ്ങള്‍ ആനയിക്കുകയും ഭാഷകൊണ്ട് ജീവിതത്തിലെ ഏത് ഇരുട്ടിനെയും പ്രസാദാത്മകമാക്കുകയും ചെയ്യുന്ന ആവിഷ്‌കാരരീതി മറ്റെവിടെയും കാണാന്‍ കഴിയുന്നതല്ല. ബഷീര്‍ സാഹിത്യത്തിന്റെ പ്രത്യേകതയും അതുതന്നെയാണ്; മറ്റാര്‍ക്കും അനുകരിക്കാന്‍ കഴിയാത്ത മാതൃകകളില്ലാത്ത മാതൃകയാണ് ബഷീറിന്റെ മിക്കവാറും രചനകള്‍.

ഡോ. പി കെ പോക്കര്‍

You must be logged in to post a comment Login