പിന്നോട്ടു നടക്കുന്ന കാലം

പിന്നോട്ടു നടക്കുന്ന കാലം

വൈസ്രോയിയുടെ ഒപ്പു വാങ്ങാന്‍ ഡല്‍ഹിയില്‍നിന്ന് പൂനെയിലേക്ക് പ്രത്യേക വിമാനത്തിലാണ് ആ ഓര്‍ഡിനന്‍സ് പറന്നത്. വിവരം ചോര്‍ന്നാലോ എന്ന് ഭയന്ന് ഉത്തരവിന്റെ കാര്‍ബണ്‍ പകര്‍പ്പുപോലുമെടുത്തിരുന്നില്ല. എന്നിട്ടും 1946ലെ നോട്ടു നിരോധനം പരാജയപ്പെട്ടു. ഇന്ത്യ സ്വതന്ത്രമാവുന്നതിന് ഒരു വര്‍ഷം മുമ്പ്, 1946 ജനുവരി 12നാണ് അന്നു പ്രചാരത്തിലുണ്ടായിരുന്ന 1,000 രൂപയുടെയും 5,000 രൂപയുടെയും 10,000 രൂപയുടെയും കറന്‍സികള്‍ നിരോധിച്ചത്. കള്ളപ്പണം തടയുകയെന്നതായിരുന്നു അന്നും പ്രഖ്യാപിത ലക്ഷ്യം. രണ്ടാം ലോകയുദ്ധകാലത്ത് സഖ്യകക്ഷികള്‍ക്ക് സാധനസാമഗ്രികള്‍ എത്തിച്ചുകൊടുക്കുന്നതിനുള്ള കരാര്‍ നേടിയ പലരും വന്‍ തുക സമ്പാദിച്ചിരുന്നു. മിക്കവരും നികുതിവെട്ടിക്കാനായി ഈ പണം കണക്കില്‍ കാണിക്കാതെ മറച്ചുവെച്ചു. അവരെ പിടികൂടാനാണ് അന്നത്തെ സര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ നിരോധിച്ചത്.

അങ്ങേയറ്റം രഹസ്യമായിരുന്നു കാര്യങ്ങള്‍. അസാധുനോട്ട് മാറ്റിവാങ്ങാന്‍ കേവലം പത്തുദിവസമാണ് അനുവദിച്ചിരുന്നത്. പിന്നീടത് 16 ദിവസം കൂടി നീട്ടി. വരുമാന സ്രോതസ്സ് തൃപ്തികരമായി വെളിപ്പെടുത്തുന്നവര്‍ക്കു മാത്രമായിരുന്നു നോട്ട് മാറ്റാനുള്ള അനുമതി.
അന്നത്തെ ഇന്ത്യന്‍ കറന്‍സിയുടെ 60 ശതമാനവും നാട്ടുരാജ്യങ്ങള്‍ വഴിയാണ് ചെലവിട്ടിരുന്നത്. നാട്ടുരാജാക്കന്മാരുടെ സഹകരണമില്ലാതെ നോട്ടുനിരോധം ഫലപ്രദമാവുമായിരുന്നില്ല. അവര്‍ക്ക് കറന്‍സി മാറ്റിവാങ്ങാന്‍ പ്രത്യേകം സൗകര്യങ്ങള്‍ അനുവദിക്കേണ്ടിവന്നു.
അന്നത്തെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ കറന്‍സി സ്വീകാര്യമായിരുന്നു. കുവൈത്ത്, ബഹറൈന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകള്‍ ഇന്ത്യന്‍ രൂപ സ്വീകരിച്ചിരുന്നു. സ്വാഭാവികമായും ഇവിടത്തെ ബാങ്കുകളിലെ രൂപ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് മാറ്റിക്കൊടുക്കേണ്ടിവന്നു. ഇന്ത്യയിലെ കള്ളപ്പണം ഗള്‍ഫു വഴി വെള്ളപ്പണമായി തിരിച്ചെത്തി.
അന്നത്തെ നോട്ടു നിരോധനവേളയില്‍ ഇന്ത്യയില്‍ മൊത്തം 1,235 കോടി രൂപയാണ് ക്രയവിക്രയത്തിലുണ്ടായിരുന്നത്. നിരോധിക്കപ്പെട്ട ആയിരത്തിന്റെയും അയ്യായിരത്തിന്റെയും പതിനായിരത്തിന്റെയും നോട്ടുകളുടെ മൊത്തം മൂല്യം 143.97 കോടി രൂപ മാത്രയായിരുന്നു. അതില്‍ 134.9 കോടി രൂപ മാറ്റിയെടുക്കപ്പെട്ടു. കേവലം 9.07 കോടി രൂപയാണ് തിരിച്ചെത്താതെ പോയത്.

അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ചിന്താമന്‍ ദേശ്മുഖ് നോട്ട് നിരോധനത്തിന് എതിരായിരുന്നുവെന്ന കാര്യം പിന്നീട് വെളിപ്പെട്ടു. നോട്ടുനിരോധനം പരാജയമായിരുന്നെന്ന് 1957ല്‍ അദ്ദേഹം തുറന്നുസമ്മതിക്കുകയും ചെയ്തു. അതിനു മുമ്പ് 1954ല്‍ ആയിരത്തിന്റെയും അയ്യായിരത്തിന്റെയും പതിനായിരത്തിന്റെയും കറന്‍സികള്‍ സ്വതന്ത്ര ഇന്ത്യയിലെ സര്‍ക്കാര്‍ തിരിച്ചുകൊണ്ടുവരികയും ചെയ്തു.

എഴുപതു വര്‍ഷത്തിനു ശേഷം ചരിത്രം ആവര്‍ത്തിച്ചത് ദുരന്തമായിട്ടാണെന്ന് സമര്‍ത്ഥിക്കാനാണ് മീരാ എച്ച്. സന്യാല്‍ തന്റെ പുസ്തകത്തില്‍ ഈ പഴംകഥ വിശദമായി പറയുന്നത്. 1946ല്‍ നിരോധിക്കപ്പെട്ട നോട്ടുകള്‍ കൈവശം വെച്ചിരുന്നത് കേവലം മൂന്നു ശതമാനമാളുകളാണ്. സാധാരണക്കാരും ഇടത്തരക്കാരുമൊന്നും അന്ന് ആയിരത്തിന്റെയും പതിനായിരത്തിന്റെയും നോട്ടുകള്‍ കണ്ടിട്ടുകൂടിയില്ലായിരുന്നു. ചില സമ്പന്നഗൃഹങ്ങളില്‍ കല്യാണം പോലുള്ള ചടങ്ങുകള്‍ മുടങ്ങിയെന്നല്ലാതെ അന്നത്തെ നോട്ടുനിരോധനം കാരണം സാധാരണക്കാര്‍ക്ക് വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല.

എന്നാല്‍, 2016 നവംബര്‍ എട്ടിന് രാത്രി എട്ടുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രഖ്യാപനത്തിലൂടെ അന്ന് പ്രചാരത്തിലുണ്ടായിരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചപ്പോള്‍ അതിന്റെ ദുരിതമനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതും സാധാരണക്കരാണ്. 17.97 ലക്ഷം കോടി രൂപയാണ് നോട്ടുനിരോധനം പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ക്രയവിക്രയം ചെയ്യപ്പെട്ടിരുന്നത് അതിന്റെ 86.4% വരുന്ന 15.41 ലക്ഷം കോടി രൂപയാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കപ്പെട്ടപ്പോള്‍ ഒറ്റയടിക്ക് അപ്രത്യക്ഷമായത്.
കയ്യിലുള്ള അസാധുവാക്കപ്പെട്ട നോട്ടുകള്‍ കൈമാറ്റം ചെയ്യാന്‍ ജനങ്ങള്‍ക്ക് മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടി വന്നു. രാജ്യത്തെ പകുതിയിലേറെ എ.ടി.എമ്മുകളും ആഴ്ചകളോളം പ്രവര്‍ത്തനരഹിതമായി. പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ക്യൂവില്‍ നിന്ന അറുപതോളംപേര്‍ കുഴഞ്ഞുവീണു മരിച്ചു. വേറെ നോട്ടുകള്‍ കൈയിലില്ലാത്ത രോഗികള്‍ക്ക് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു, ചില രോഗികള്‍ മരണമടഞ്ഞു. ഉത്പന്നങ്ങള്‍ക്ക് വിലയിടിഞ്ഞതോടെ കര്‍ഷകര്‍ വിത്തിറക്കാന്‍പോലുമാകാതെ വലഞ്ഞു. അസംഘടിത മേഖലയിലെ വരുമാനത്തില്‍ 60% കുറവാണ് നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായത്. 71% വഴിവാണിഭക്കാരും കച്ചവടം പകുതിയില്‍ താഴെയായതായി അറിയിച്ചു.

കള്ളപ്പണം ഇല്ലാതാക്കുക, കള്ളനോട്ട് ഇല്ലാതാക്കുക, ഭീകരപ്രവര്‍ത്തനത്തിന്റെ വേരറുക്കുക, അഴിമതി മുക്ത ഭാരതം സൃഷ്ടിക്കുക എന്നിവയായിരുന്നു നോട്ടുനിരോധത്തിന്റെ ലക്ഷ്യങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. അസാധുവാക്കപ്പെട്ട നോട്ടില്‍ പത്തോ പതിനൊന്നോ ലക്ഷം കോടി രൂപ മാത്രമേ ബാങ്കിലെത്തൂ എന്നും കള്ളപ്പണവും കള്ളനോട്ടുമായി പ്രചാരത്തിലുള്ള നാലഞ്ച് ലക്ഷം കോടി രൂപ തിരിച്ചെത്താതെ പോകും എന്നുമായിരുന്നു സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ അസാധുനോട്ടിന്റെ 99.3 ശതമാനവും തിരിച്ചെത്തിയതായി ഏറെ വൈകി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സമ്മതിച്ചു. വെറും 10,720 കോടിയുടെ അസാധു നോട്ടുകള്‍ മാത്രമാണ് ബാങ്കുകളില്‍ തിരിച്ചെത്താനുള്ളത്. നേപ്പാളിലെയും ഭൂട്ടാനിലെയും ബാങ്കുകളിലെത്തിയ നോട്ടുകള്‍ ഈ കണക്കില്‍ പെടുത്തിയിട്ടുമില്ല.

ലോകത്ത് ഒരിടത്തും നോട്ടുനിരോധം വഴി കള്ളപ്പണം തടയാന്‍ കഴിഞ്ഞിട്ടില്ലെന്ന് നോട്ടു നിരോധത്തിന്റെ ചരിത്രം പരിശോധിച്ച് മീരാ സന്യാല്‍ വ്യക്തമാക്കുന്നു. സ്വതന്ത്ര ഇന്ത്യയില്‍ 1978 ജനുവരി 16ന് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കൂട്ടുമുന്നണി സര്‍ക്കാര്‍ 1000 രൂപയുടെയും 5000 രൂപയുടെയും 10000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയിരുന്നു. 2012 ല്‍ നോട്ടുകള്‍ പിന്‍വലിക്കാനുള്ള നീക്കമുണ്ടായെങ്കിലും, കേന്ദ്ര നികുതി ബോര്‍ഡിന്റെ ശുപാര്‍ശയെത്തുടര്‍ന്ന് അത് നടപ്പാക്കാതെ പോവുകയായിരുന്നു. കള്ളപ്പണം, നോട്ടുകളായി സൂക്ഷിക്കുന്നതിനു പകരം ഭൂസ്വത്തായും സ്വര്‍ണമായും ആയിരിക്കാം കള്ളപ്പണക്കാര്‍ സൂക്ഷിച്ചിരിക്കുന്നത് എന്നായിരുന്നു നികുതി ബോര്‍ഡിന്റെ കണ്ടെത്തല്‍. അതിരൂക്ഷമായ പണപ്പെരുപ്പമുണ്ടാകുമ്പോള്‍, പുതിയ കറന്‍സികള്‍ അടിച്ചിറക്കേണ്ടി വരുമ്പോള്‍ മാത്രമാണ് നോട്ടു നിരോധനം ഫലപ്രദമാകുന്നത്. ഭരണാധികാരികള്‍ ചരിത്രത്തില്‍ നിന്ന് ഒരു പാഠവും പഠിക്കുന്നില്ലെന്ന് വന്‍ വിപര്യയം (The Big Reverse: How Demonetization Knocked India Out‑)എന്നു പേരിട്ട പുസ്തകത്തില്‍ ബാങ്കിംഗ് രംഗത്ത് മൂന്നു പതിറ്റാണ്ടിന്റെ പരിചയമുള്ള മീര വ്യക്തമാക്കുന്നു. സാമ്പത്തിക നടപടിയെന്നതിലുപരി രാഷ്ട്രീയ തീരുമാനമായാണ് പലപ്പോഴും നോട്ടുനിരോധം വരുന്നത്. നോട്ടുനിരോധം ഇന്ത്യയെ എങ്ങനെ തകര്‍ത്തു എന്നു വിശദീകരിക്കുന്ന പുസ്തകം കഴിഞ്ഞയാഴ്ചയാണ് പുറത്തിറങ്ങിയത്.

പ്രഖ്യാപിത ലക്ഷ്യങ്ങളിലെല്ലാം പരാജയപ്പെട്ട നോട്ടുനിരോധം കാരണം മൂന്നേമൂന്നു നേട്ടങ്ങള്‍ മാത്രമാണുണ്ടായതെന്നാണ് മീരയുടെ അഭിപ്രായം. ഡിജിറ്റല്‍ പണമിടപാട് വര്‍ധിച്ചു എന്നതാണ് പ്രധാന കാര്യം. മ്യൂച്വല്‍ ഫണ്ടുകളിലും ഇന്‍ഷുറന്‍സ് പദ്ധതികളിലും നിക്ഷേപം വര്‍ധിച്ചു. ഓഹരിവിപണി ഇടിയുമ്പോള്‍ നിക്ഷേപകരുടെ കൈ പൊള്ളുമെങ്കിലും സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും ഇത്. സമ്പാദ്യത്തെപ്പറ്റി ആദായനികുതി വകുപ്പിന് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയെന്നതാണ് മൂന്നാമത്തെ നേട്ടം. എന്നാല്‍, രാജ്യത്തെ പരമോന്നത സ്ഥാപനങ്ങളിലൊന്നായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിശ്വാസ്യത ഇടിഞ്ഞു എന്ന വന്‍ദുരന്തത്തിനും അത് വഴിവെച്ചു.

റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലന്‍ഡിന്റെ(ആര്‍.ബി.എസ്) മേധാവിയായിരിക്കേ ജോലി വിട്ട് പൊതുപ്രവര്‍ത്തന രംഗത്തേക്കിറങ്ങിയയാളാണ് മീരാ സന്യാല്‍. ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മീര രാഷ്ട്രീയക്കാരിയായി അല്ല, പഴയ ബാങ്കുദ്യോഗസ്ഥയെന്ന നിലയിലാണ് ഈ പുസ്തകം എഴുതിയതെന്ന് പറയുന്നു.

വി ടി സന്തോഷ്‌

You must be logged in to post a comment Login