ന്യൂസ് ഡസ്‌കുകളിലെ കമല്‍റാമിന്റെ ഭൂതങ്ങള്‍

ന്യൂസ് ഡസ്‌കുകളിലെ കമല്‍റാമിന്റെ ഭൂതങ്ങള്‍

ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും മലയാളത്തിലെ ഏറ്റവും മികച്ച മാധ്യമ-സാമൂഹ്യ പഠനമാണ്. ആ പുസ്തകം എഴുതുമ്പോള്‍ കമല്‍റാം സജീവ് മാതൃഭൂമി വാരികയുടെ സമ്പൂര്‍ണ ചുമതലയുള്ള അസിസ്റ്റന്റ് എഡിറ്ററാണ്. ആമുഖത്തില്‍ കമല്‍റാം എഴുതുന്നു:
”നവോത്ഥാന മൂല്യങ്ങള്‍ക്ക് ഊന്നല്‍കൊടുത്തുകൊണ്ട് വിമോചനത്തിന്റെയും സമത്വത്തിന്റെയും ബഹുസ്വരമായ രീതികളോടെ വളര്‍ന്നതാണ് മലയാളത്തിലെ മാധ്യമ പ്രവര്‍ത്തനത്തിന്റെ ചരിത്രം. അത് അടിമത്തത്തോട് കലഹിച്ചതും അയിത്തത്തിനെതിരെ പ്രക്ഷോഭം ചെയ്തതും അതതുകാലത്തെ അനാചാരങ്ങള്‍ക്കെതിരെ എഴുതിയെഴുതി വെളിച്ചമുണ്ടാക്കിയതും എഴുതപ്പെട്ട ചരിത്രത്തില്‍ തന്നെയുണ്ട്. എന്നാല്‍ അസുഖകരമായ, ആശങ്കാജനകമായ പിന്തിരിഞ്ഞു നടത്തം അതിവേഗം സംഭവിക്കുന്ന ഒരു മേഖലയായിട്ടാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തനത്തിന്റെ സാമൂഹികതലം ഇന്ന് പരിണമിച്ചുകൊണ്ടിരിക്കുന്നത്. അത് സാങ്കേതിക വിദ്യകള്‍കൊണ്ട് അതിശയിപ്പിക്കുന്നു. എന്നാല്‍ പണ്ട് പോരാടിത്തോല്‍പിച്ച സകലതിനേയും തിരിച്ചുപിടിച്ച് പൊതുസമൂഹത്തിലേക്ക് നിര്‍ബന്ധപൂര്‍വം ആനയിക്കുന്നു. ബഹുസ്വരമായ ജനാധിപത്യത്തിന്റെ സാധ്യതകള്‍ക്ക് വിപണനത്തിന്റെ താല്‍ക്കാലിക ലാഭംകൊണ്ട് തുരങ്കം തീര്‍ക്കുന്നു.

സമുദായങ്ങള്‍ക്കകത്തുനിന്ന് തന്നെ ഉയര്‍ന്ന ചെറുത്തുനില്‍പുകള്‍ കൊണ്ട് സമൂഹത്തില്‍ നിന്ന് തിരോഭവിച്ച ശക്തികള്‍, അനാചാരങ്ങള്‍ വ്യാവസായികമായി ഉത്പാദിപ്പിച്ചുകൊണ്ട് വമ്പന്‍ തിരിച്ചുവരവ് നടത്തുമ്പോള്‍ വിശാലമായ സമൂഹ താല്‍പര്യങ്ങള്‍ മറന്നും ബലികഴിച്ചുംകൊണ്ട് ഇത്തരം ശക്തികളോട് പ്രത്യക്ഷമായിത്തന്നെ കൈകോര്‍ക്കുന്നു. മതവിശ്വാസികള്‍ക്കിടയില്‍ ആസൂത്രിതമായി ചൂഷണം നടത്തുന്ന ഏറ്റവും വലിയ പ്രതിലോമശക്തിയായി കേരളത്തിലെ മാധ്യമ പ്രവര്‍ത്തനം മാറിയിരിക്കുന്നു. സമൂഹത്തിന്റെ ഔപചാരിക മുഖ്യധാരയില്‍ നിന്ന് പുറന്തള്ളപ്പെട്ടവരെ വീണ്ടും വീണ്ടും പുറന്തള്ളിയും വാങ്ങാന്‍ കഴിവുള്ള മധ്യവര്‍ഗത്തിന്റെ മാത്രം താല്‍പര്യങ്ങള്‍ക്ക് അനര്‍ഹമായ പ്രാതിനിധ്യം നല്‍കിയും അപകടകരമായ ബോധവും സംസ്‌കാരവും അവര്‍ പൊതുസമൂഹത്തില്‍ വാര്‍ത്തെടുക്കുന്നു.”
ഇനി പത്ത് വര്‍ഷം മുന്‍പ്, 2008-ല്‍ എഴുതിയ ശീര്‍ഷകലേഖനം കമല്‍റാം ഉപസംഹരിക്കുന്നത് വായിക്കുക;

”പ്രാദേശിക ക്ഷേത്രോത്സവങ്ങള്‍ക്കും അനന്തകോടി ആള്‍ദൈവങ്ങള്‍ക്കും വിശ്വാസ്യത തീര്‍ത്ത ഹിന്ദുത്വജേണലിസം യാതൊരു മൂല്യബോധവുമില്ലാതെ കേരള കമ്പോളം കീഴടക്കുന്ന കാഴ്ചയാണ് തൊണ്ണൂറുകളില്‍ കണ്ടുതുടങ്ങിയത്. ഇതിന്റെ മൂര്‍ധന്യത്തിലാണ് സി.പി.എം എന്ന ഏകതിന്മാ സിദ്ധാന്തം അവര്‍ വ്യാപകമായി പ്രയോഗിച്ചുതുടങ്ങുന്നത്. ഈ അധിനിവേശത്തിന്റെ ദുരവസ്ഥ ദുരൂഹമായ ഉള്‍പ്പിരിവുകളോടെ മലയാളത്തിലെ പത്രപ്രവര്‍ത്തന രംഗത്ത് ഒരു തിരിച്ചുപോക്കിന് തുടക്കമിട്ടിരിക്കുകയാണ്. ന്യൂസ് ഡസ്‌കുകളില്‍ പെരുകിവരുന്ന ഹിന്ദുത്വ മനസുകളുടെ സ്വാധീനവും അവര്‍ രൂപപ്പെടുത്തുന്ന രാഷ്ട്രീയവും ഭയാനകമാണ്.”

പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച, അക്കാലത്ത് വന്‍ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയ ഈ ലേഖനത്തിന്റെ പത്താം വര്‍ഷത്തില്‍ അതേ ഹിന്ദുത്വശക്തികളും അവരോട് വിധേയപ്പെട്ട മാധ്യമ മൂലധനവും ന്യൂസ്ഡസ്‌കുകളില്‍ പടര്‍ന്ന് ബാധിച്ച കാവിഭൂരിപക്ഷവും ചേര്‍ന്ന് നടത്തിയ സംഘടിതവും ഭീകരാക്രമണം പോലെ ഭീതിതവുമായ ഗൂഡാലോചനയോട് വിധേയപ്പെടാനാവാതെ കമല്‍റാം സജീവ് മാതൃഭൂമിയില്‍ നിന്ന് പുറത്തേക്ക് പോവുകയാണ്. പരണ്‍ ജോയ് തക്കൂര്‍ത്തയോട് അദാനിയുടെ പണക്കൊഴുപ്പും സംഘപരിവാറിന്റെ അധികാരമേദസ്സും ചേര്‍ന്ന് നടത്തിയ ഗൂഡാലോചന നിങ്ങള്‍ മറക്കരുത്. ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി എന്ന വേറിട്ട് നടത്തത്തിന്റെ പത്രാധിപരായിരുന്നല്ലോ പരണ്‍ജോയ്. അദാനിയുടെ ഭീഷണിക്ക് മുന്നില്‍ ആദര്‍ശം മാത്രം കൈമുതലുള്ള സമീക്ഷ ട്രസ്റ്റിന് കീഴടങ്ങേണ്ടി വന്നു. പരണ്‍ ജോയ് തക്കൂര്‍ത്തയെ പത്രാധിപ സ്ഥാനത്ത് നിന്ന് നീക്കി. കഴിഞ്ഞവര്‍ഷം ജൂലായിലായിരുന്നു അത്. സമീക്ഷ ട്രസ്റ്റിനെക്കാള്‍ നൂറ്മടങ്ങ് സാമ്പത്തിക-അധികാര-രാഷ്ട്രീയ മൂലധനമുള്ള, കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പത്രവും അതേ ഭീഷണികളോട് മുട്ടുകുത്തി എന്നതാണ് കമല്‍റാമിന്റെ പുറത്താകല്‍ നല്‍കുന്ന ഭീഷണമായ പാഠം. ‘ന്യൂസ് ഡസ്‌കുകളില്‍ പെരുകിവരുന്ന ഹിന്ദുത്വമനസുകളുടെ സ്വാധീന’മെന്ന് ഒരു ദശാബ്ദം മുന്‍പ് കമല്‍ മുന്നറിയിപ്പ് തന്ന അതേ ശക്തികളാണ് അദ്ദേഹത്തിന്റെ പുറത്താക്കലില്‍ നിര്‍ണായക പങ്കുവഹിച്ചത് എന്നുകൂടിയറിയുമ്പോള്‍ എത്രമേല്‍ ദാരുണമാണ് വരുംകാലത്തെ സ്വതന്ത്രചിന്ത എന്നോര്‍ത്ത് ഭയക്കേണ്ടതുണ്ട്. അതിനേക്കാള്‍ അപകടകരമാണ് ആ പുറത്താകലിന്റെ രാഷ്ട്രീയത്തെ സൂക്ഷ്മമായി വായിക്കുന്നതില്‍ സംഭവിച്ചുകഴിഞ്ഞ വീഴ്ചയും. കമല്‍റാം സജീവിനെ നീക്കിയ മാതൃഭൂമി നടപടിയെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന നിരവധിയായ ചര്‍ച്ചകളില്‍ പലതും പാരമ്പര്യവും ആധുനികതയും തമ്മിലെ ഭാവുകത്വപരമായ ഏറ്റുമുട്ടല്‍ എന്ന നിലയില്‍ അതിനെ ന്യൂനീകരിക്കുന്നത് ഉദാഹരണമാണ്. കൂടുതല്‍ വിപണി സാധ്യതയുള്ള ഭാവുകത്വത്തിന്റെ തിരിച്ചുപിടിക്കല്‍ എന്ന നിലയില്‍ ആ നടപടിയെ ന്യായീകരിക്കാന്‍ കമല്‍റാമിനെതിരെ നിലപാടെടുത്ത പലതട്ടില്‍ പ്രവര്‍ത്തിക്കുന്ന ബലങ്ങള്‍ക്ക് എളുപ്പത്തില്‍ കഴിയും.

വിപണി എന്ന യാഥാര്‍ത്ഥ്യത്തെ തൃണവത്ഗണിച്ച്, രാക്ഷസാകാരം പൂണ്ട വിപണിവ്യവ്യവസ്ഥയോട് നിരായുധനായി പോരിനിറങ്ങിയ ഒരു മാധ്യമ ഗൊറില്ലയൊന്നുമായിരുന്നില്ല രണ്ട് പതിറ്റാണ്ടിലേറെ മാധ്യമത്തിലും മാതൃഭൂമിയിലും നീണ്ട പത്രാധിപ ജീവിതത്തിലൊരിക്കലും കമല്‍റാം സജീവ് എന്നോര്‍ക്കണം. ഉത്തരമുതലാളിത്തത്തിന്റെ കാലത്ത് മാറിമാറി വരുന്ന വായനാഭാവുകത്വങ്ങളെ അയാള്‍ ഒരിക്കലും അപ്പാടെ അവഗണിച്ചിട്ടുമില്ല. അരികുകള്‍ക്ക് കറുപ്പ്, മുഖ്യധാരക്ക് വെളുപ്പ് എന്ന ഇടത് സെക്‌ടേറിയന്‍ ഭാവനകളെ കമല്‍റാം മാനിച്ചതേയില്ല. സി.കെ ജാനു എന്ന ആദിവാസി നേതാവ് പലതവണ കവര്‍ ചിത്രമായി വരുമ്പോഴും ശീതള്‍ ശ്യാം എന്ന ട്രാന്‍സ്‌ജെന്‍ഡറെ അവതരിപ്പിക്കുമ്പോഴും എണ്ണമറ്റ പാരിസ്ഥിതിക മുന്നേറ്റങ്ങളെയും ചിന്തകളെയും അണിനിരത്തുമ്പോഴും എന്തിനധികം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ കവറില്‍ നിറയുമ്പോഴും കമല്‍റാമിന്റെ ആഴ്ചപ്പതിപ്പുകള്‍; മാതൃഭൂമിയും മാധ്യമവും ഒരു സബാള്‍ട്ടേണ്‍ ലഘുലേഖയായിരുന്നില്ല. വിപണിയെ പരിഗണിച്ചും പുതുകാല യുക്തികളെ ബഹുമാനിച്ചും അരികുജീവിതങ്ങളെ, അരിക് പ്രശ്‌നങ്ങളെ ‘മുഖ്യധാരയിലേക്ക്’ അതിവിദഗ്ധമായി സന്നിവേശിപ്പിക്കുകയായിരുന്നു കമല്‍റാം. പുതിയ പുതിയ വായനാ ഗ്രൂപ്പുകളിലേക്ക് തന്റെ വാരികയെ എത്തിക്കുന്നതില്‍ കമല്‍റാം കാണിച്ച ജാഗ്രതയാണ് അദ്ദേഹം തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ വൈവിധ്യം തെളിയിക്കുന്നത്. എന്നാല്‍ ആ വിഷയങ്ങളെ വിപണി ഉത്പന്നമായല്ല, മറിച്ച് നവസാമൂഹിക നിര്‍മിതിയുടെ അവബോധ രൂപീകരണത്തിനായുള്ള അടിസ്ഥാന ധാരകളായി കമല്‍റാം പരിവര്‍ത്തിപ്പിച്ചു. അരികുകളെ രാഷ്ട്രീയ ബോധ്യത്തോടെ ആഘോഷിച്ച ആ മാധ്യമരീതിക്ക് കമല്‍റാമിന് മുന്‍ഗാമികളില്ല. അത് തന്നെയാണ് ഒരു പത്രാധിപര്‍ എന്ന നിലയില്‍ കമല്‍റാം സജീവിന്റെ വ്യതിരിക്തതയും.

നിശ്ചയമായും ആ വ്യതിരിക്തത ആദ്യം അലോസരപ്പെടുത്തുന്നത് വലതുപക്ഷത്തെയും തീവ്രവലതുപക്ഷത്തെയുമാണ്. പാരമ്പര്യമെന്ന് വിശ്വസിക്കപ്പെടുന്ന ഒന്നിനെയും ലംഘിക്കുന്നത്, അത്തരം ലംഘനങ്ങള്‍ക്ക് ഊര്‍ജം പകരുന്നത് തീവ്രവലതിന് സ്വീകാര്യമാവില്ല. ആണ്‍-പെണ്‍ ദ്വന്ദങ്ങളില്‍, പാട്രിയാര്‍ക്കിയില്‍ അഭിരമിക്കുന്ന, ഭദ്രകുടുംബത്തിനായി ലിംഗ അനീതിയെ ആചാരമായി സ്വീകരിക്കുന്ന വര്‍ഗമാണവര്‍. തെരുവുകളില്‍ ഇപ്പോള്‍ മുഴങ്ങുന്ന നാമജപങ്ങളിലേക്ക് കാതോര്‍ത്താല്‍ ഇപ്പറഞ്ഞത് തിരിയും. അവര്‍ക്കിടയിലേക്കാണ് ആദിവാസികളെ മുഖചിത്രമായും ട്രാന്‍സ്ജന്‍ഡറുകളെ മുഖലേഖനമായും കമല്‍റാം സജീവ് എടുത്തുവെച്ചത്. അതാകട്ടെ ഈ വലത് ബോധ്യങ്ങളുടെ ്രബഹ്മാവെന്ന് അവര്‍ വിശ്വസിക്കുന്ന മാതൃഭൂമിയിലും! പക്ഷേ, പാരമ്പര്യത്തെ ലംഘിക്കുക എന്ന നവോത്ഥാനകാല പ്രവണതയുടെ പരിമിത വൃത്തത്തിലല്ല ഈ ലംഘനത്തെ കാണേണ്ടത്. മറിച്ച് രാജ്യാധികാരം ആര്‍ജിച്ചുകഴിഞ്ഞ ഫാഷിസത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങിയ തീവ്രവലതുപക്ഷത്തിനെതിരായ മാധ്യമപ്രതിരോധം എന്ന നിലയിലാണ്. കാരണം തീവ്രവലതുപക്ഷത്തിന്റെ അസംസ്‌കൃത വിഭവങ്ങളില്‍ അതിശക്തമായ ഒന്ന് പാരമ്പര്യവും ആചാരവും മേല്‍ക്കൈബോധവുമാണ്.
കലയും സാഹിത്യവുമാണ് മേല്‍ക്കൈ ബോധത്തെ, പാരമ്പര്യവാദത്തെ, വംശശുദ്ധി മഹിമയെ ഉറപ്പിക്കാന്‍ പരമ്പരാഗതമായി ഉപയോഗിക്കപ്പെടുന്ന ഒരു മാധ്യമം. മലയാള സാഹിത്യത്തിലാകട്ടെ മാതൃഭൂമിക്ക് വലിയ തോതില്‍ അധീശത്വം ഉണ്ടായിരുന്നുതാനും. സാഹിത്യലോകത്തെ ഏറ്റവും ഭദ്രമായ മൂലധന നിക്ഷേപങ്ങളില്‍ ഒന്ന് മാതൃഭൂമിയിലൂടെ പ്രകാശിതമാവുക എന്നതായിരുന്നു. എന്‍.വി കൃഷ്ണവാര്യര്‍ മുതല്‍ എം.ടി വാസുദേവന്‍ നായര്‍ വരെ ഇപ്പോള്‍ പ്രഘോഷിക്കപ്പെടുന്ന പത്രാധിപന്മാരുടെ ലെഗസിയാണ് ഈ അധീശാധികാരത്തിന്റെ കൈമുതല്‍. എന്നാല്‍ അവരുടെ കാലത്തെ മാതൃഭൂമി സാഹിത്യത്തിന്റെ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ഒരു കണക്കെടുപ്പ് എങ്ങും നടന്നിട്ടില്ല. പ്രത്യേകിച്ച് എം.ടി. വലിയ വായനക്കാരനായിരുന്ന എം.ടി സാഹിത്യത്തിലെ ആധുനികതയെ മനസിലാക്കാനും അവതരിപ്പിക്കാനും തയാറായി എങ്കിലും ആധുനികതയുടെ ബഹുസ്വര പ്രാതിനിധ്യത്തെ അനുവദിച്ചില്ല. കേരളത്തിലങ്ങോളം ശക്തമായിരുന്ന അരികനുഭവങ്ങളെ കണ്ടെത്താനും അവതരിപ്പിക്കാനും എം.ടി പരിശ്രമിച്ചില്ല. സാഹിത്യം എന്നത് ഉന്നതമായ ഒരു മാനസിക-ബൗദ്ധിക വ്യവഹാരമാണെന്ന മേല്‍ജാതി ബോധത്തിന് എം.ടിയും വിധേയപ്പെട്ടിരുന്നു എന്നര്‍ത്ഥം. എഴുത്തിന്റെ പുറംപോക്കുകളിലേക്ക് അദ്ദേഹത്തിന്റെ പത്രാധിപത്യം കണ്ണെത്തിച്ചില്ല. വിരലിലെണ്ണാവുന്ന ഏതാനും എഴുത്തുകാരുടെ കുത്തകയായി ആധുനിക സാഹിത്യം മാതൃഭൂമിയില്‍ നിറഞ്ഞാടി. ടി.കെ.സി വടുതല ഉള്‍പ്പടെയുള്ള ദളിത് എഴുത്തുകള്‍ മാതൃഭൂമിയില്‍ എത്രകണ്ട് ഇടം നേടിയിരുന്നു എന്ന് ആലോചിക്കണം. എം.ടി അവഗണിച്ച ആ കാഴ്ചകള്‍ മാതൃഭൂമി വാരികയുടെ പരിഗണനയില്‍ ഇടം പിടിച്ചത് കമല്‍റാമിന്റെ കാലത്താണ്. പേരാമ്പ്രയിലെ ചെരുപ്പുകുത്തിയായ സ്ത്രീ പറഞ്ഞ ജീവിതത്തോളം പൊള്ളുന്ന ഒരു ആഖ്യാനം മലയാളി ഓര്‍മയില്‍ മറ്റെവിടെയുണ്ടാവും? ജീവിതത്തിന്റെ സര്‍വ അരികുകളില്‍ നിന്നും പലതരം പലജാതി മനുഷ്യര്‍ മാതൃഭൂമി വാരികയിലേക്ക് കയറിവന്നു എന്നത് ചെറിയ കാര്യമല്ല. ജാതിയും പാരമ്പര്യവും മാമാങ്കം നടത്തുന്ന ഒരിടത്ത് ഈ കറുത്ത, മുഷിഞ്ഞ സാന്നിധ്യങ്ങള്‍ അലോസരമുണ്ടാക്കും.
വാസ്തവത്തില്‍ സാഹിത്യത്തിലെ ഈ വരേണ്യ-പാരമ്പര്യ നിലയെ ഒറ്റയടിക്ക് പൊട്ടിച്ചു കളയുകയായിരുന്നില്ല കമല്‍റാം സജീവ്. മറിച്ച് സാഹിത്യം എന്നത് വിവിധങ്ങളായ മനുഷ്യാവിഷ്‌കാരങ്ങളില്‍പ്പെട്ട ഒന്ന് മാത്രമാണ് എന്ന് ബോധ്യപ്പെടുത്തും വിധം അതിനെ പരിചരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി മാത്രം സാഹിത്യവും എഴുത്തുകാരും ആഘോഷിക്കപ്പെട്ടു. സാഹിത്യമില്ലാതെ മാതൃഭൂമി പല ലക്കങ്ങളില്‍ ഇറക്കി. മാതൃഭൂമിയില്‍ നിന്ന് സാഹിത്യത്തെ ഒരാഴ്ച മാറ്റി നിര്‍ത്തുക എന്ന കാര്യം ബഹളം വെക്കാതെയുള്ള ഒരു പാരമ്പര്യ ലംഘനമായിരുന്നു. ജാതി ഹിന്ദുവിന്റെ ഒഴിവ് സമയ വിനോദങ്ങള്‍ മാതൃഭൂമിയുടെ പരിഗണനയില്‍ വരാതെയായി. തെരുവുകളില്‍ മാതൃഭൂമിക്ക് വായനക്കാരുണ്ടായി.
ഇതേ സമയം സമാന്തരമായി മറ്റൊന്ന് മാതൃഭൂമി ദിനപത്രത്തില്‍ സംഭവിക്കുന്നുണ്ടായിരുന്നു. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ ഉദ്ധരിച്ച ആമുഖം നോക്കുക. അതിലെ മുഴുവന്‍ വിമര്‍ശനങ്ങളും ഏറ്റവും യോജിക്കുന്ന ഒരിടമായി മാതൃഭൂമി ദിനപ്പത്രം മാറി. വരേണ്യ ഹിന്ദുവിന്റെ അഭയാരണ്യം! ന്യൂസ് ഡസ്‌കുകള്‍ സവര്‍ണരുടെ ഊട്ടുപുരയായി മാറി. മുസ്‌ലിംകള്‍ അപരരായി. ദളിതര്‍ അസ്പൃശ്യരായി. 2014-ലെ തിരഞ്ഞെടുപ്പോടെ ഇന്ത്യയില്‍ ജാതി ഹിന്ദുത്വത്തിനുണ്ടായ രാഷ്ട്രീയ മേല്‍ക്കൈയുടെ കേരളത്തിലെ പതാകവാഹകരായി മാതൃഭൂമി. ചെറിയ ചെറുത്തുനില്‍പുകള്‍ പോലും അടിച്ചമര്‍ത്തപ്പെട്ടു. സവര്‍ണ പൊതുബോധത്തിന്റെ അക്ഷരാവിഷ്‌കാരമായി അത് മാറി. അതോടെ പത്രം, വാരികയുടെ വിപരീത പദമായി. ഇങ്ങനെ പത്രം സൃഷ്ടിച്ച ഭക്തി പ്രസ്ഥാനവും ജാതി ഹിന്ദുത്വവുമാണ് എസ്. ഹരീഷിന്റെ നോവലിനെ തെരുവില്‍ നേരിട്ടത്. മാതൃഭൂമിയുടെ ഭൂതങ്ങള്‍ മാതൃഭൂമിയെ തിരിഞ്ഞു കൊത്തി. ഒത്തുതീര്‍പ്പിന് മാതൃഭൂമി വഴങ്ങി.

കേന്ദ്രത്തില്‍ പരാജയം മണത്തുതുടങ്ങിയ സംഘപരിവാര്‍ തലങ്ങും വിലങ്ങും പായുന്ന കാലമാണെന്ന് ഓര്‍ക്കണം. ജാതി രൂഢമൂലമായ കേരളം പോലെ ഒരിടത്ത് തങ്ങള്‍ എന്തുകൊണ്ട് പച്ച തൊടുന്നില്ല എന്ന ചിന്ത അവരെ ചകിതരാക്കി. കേരളത്തിലെ ജാതി ഹിന്ദുത്വത്തിന്റെയും രാഷ്ട്രീയ ഹിന്ദുത്വയുടെയും മുഖ്യ ്രപതിബന്ധം കേരളത്തിന്റെ ബൗദ്ധിക രംഗത്തെ ഇടത് മേല്‍ക്കൈയും സംഘവിരുദ്ധതയുമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ചാനലുകളില്‍ അവതാരകര്‍ എത്ര സഹായിച്ചിട്ടും, അവരുടെ വാദങ്ങളെ നിലം തൊടാതെ പറത്തുന്ന ആശയങ്ങളുടെ ഫാക്ടറികളിലൊന്ന് മാതൃഭൂമി വാരികയാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. ഭൂരിപക്ഷ ഹിന്ദുവിന് സുപരിചിതമായ ഒരു ്രബാന്‍ഡിന്റെ, മാതൃഭൂമിയുടെ പ്രസിദ്ധീകരണം തങ്ങളെ പ്രതിസന്ധിയിലാക്കുന്നത് അവരെ കുപിതരാക്കി. വാരികയുടെ താളുകളില്‍ ഇടം കിട്ടാത്തത് അവരെ ചൊടിപ്പിച്ചു. ജാതി ഹിന്ദുക്കളുടെ തെരുവ് സമരം ഭീതിയിലാക്കിയ മാതൃഭൂമിയെ അവര്‍ക്ക് വരുതിയിലാക്കാന്‍ കഴിഞ്ഞു എന്ന് വേണം മനസിലാക്കാന്‍. ആ വരുതിയിലാക്കലാണ് കമല്‍ റാമിനെ പുറത്തേക്ക് നയിച്ചതെന്നും കരുതാം.

എന്നാല്‍ മറ്റൊന്നുണ്ട്. മാധ്യമ ചരിത്രത്തെയും മാധ്യമ പ്രവര്‍ത്തനത്തിന്റെ ചരിത്രത്തെയും സംബന്ധിച്ച് അഭിമാനകരമായ പലതും ഈ പുറത്താവലില്‍ ഉണ്ട്. നിലപാടിന്റെ പേരില്‍ നീക്കപ്പെടുക എന്നതിനെക്കാള്‍ വിപ്ലവകരമായി മറ്റെന്തുണ്ട് മാധ്യമ ജീവിതത്തില്‍? രണ്ട് പതിറ്റാണ്ടിനിടെ കമല്‍റാം സജീവ് വെട്ടിയെടുത്ത വഴികള്‍ പല മാധ്യമങ്ങളിലായി പ്രകാശിതമാകുന്നത് കാണാതിരിക്കുകയും ചെയ്യരുത്. അരിക് ജീവിതങ്ങളെ അവഗണിക്കാന്‍ ഒരു മാഗസിനും ഇന്ന് കഴിയുന്നില്ല എന്നോര്‍ക്കണം; ഭാഷാപോഷിണിക്ക് വരെ!
സ്‌പെക്‌ടേഴ്‌സ് ഓഫ് മാര്‍ക്‌സില്‍ ദെറിദ അവതരിപ്പിക്കുന്ന ആശയം ഓര്‍ക്കുക. യൂറോപ്പിനെ പിടികൂടിയ കമ്യൂണിസമെന്ന ഭൂതത്തെക്കുറിച്ചുള്ള ആ പ്രഖ്യാത വരികളില്‍ നിന്ന് ദെറിദ പറഞ്ഞ മാര്‍ക്‌സിന്റെ ഭൂതങ്ങളെ ഓര്‍ക്കുക. സമൂഹ ചലനത്തിന്റെ ഓരോ തിരിവിലും കമ്പനം ചെയ്യുന്ന മാര്‍ക്‌സ്. വിപണിയില്‍, പരസ്യങ്ങളില്‍, ജീവിതത്തില്‍ മുഴുവന്‍ മാര്‍ക്‌സിന്റെ ഭൂതങ്ങള്‍ പടര്‍ന്നിരിക്കുന്നു. ഒരാള്‍ ഉറച്ച ബോധ്യത്തോടെ ആവിഷ്‌കരിച്ചു നടപ്പാക്കിയ മുഴുവന്‍ ആശയങ്ങളും അതുപോലെ കമ്പനങ്ങള്‍ തുടരും.

ബിനോജ് സുകുമാരന്‍

You must be logged in to post a comment Login