എല്ലാം പടച്ചവന്‍ നേരത്തെ കണക്കാക്കിയതല്ലേ?

എല്ലാം പടച്ചവന്‍ നേരത്തെ കണക്കാക്കിയതല്ലേ?

ലിബറല്‍ ബുജികളും നിരീശ്വരവാദികളും സ്വന്തം വൈകല്യങ്ങള്‍ ദൈവത്തില്‍ ചാരാന്‍ എടുത്തുവെക്കുന്ന ഇമ്മിണി ബല്യ ചോദ്യമാണ് മുകളില്‍.

ഇസ്‌ലാമിക സമൂഹത്തില്‍ ഇത് പുതിയൊരു ചോദ്യമൊന്നുമല്ല. ഖുര്‍ആനില്‍ ഈ ചോദ്യം വന്നിട്ടുണ്ട്. പാവങ്ങളെ സഹായിക്കാന്‍ പറഞ്ഞപ്പോള്‍ മക്കയിലെ ബഹുദൈവ വിശ്വാസികള്‍ ഒരു മറുചോദ്യം ഉന്നയിച്ചു:

‘അല്ലാഹു ഉദ്ദേശിച്ചതല്ലേ ലോകത്ത് നടക്കുകയുള്ളൂ. പാവങ്ങള്‍ക്ക് അന്നം ലഭിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ക്ക് ലഭിക്കുമായിരുന്നല്ലോ. അവന്‍ ഉദ്ദേശിച്ചില്ലെങ്കില്‍ നമുക്ക് കൊടുക്കാന്‍ കഴിയില്ലല്ലോ. അത് കൊടുക്കാന്‍ പറയുന്ന നിങ്ങളുടെ ഉപദേശം വ്യര്‍ത്ഥമാണ്, ഇതാണ് നിഷേധികള്‍ പറഞ്ഞത്.

ദാനത്തിന്റെ കാര്യത്തില്‍ മാത്രമല്ല; വിശ്വാസത്തിന്റെ കാര്യത്തിലും ചില കാര്യങ്ങള്‍ സ്വയമേവ നിഷിദ്ധമാക്കുന്ന കാര്യത്തിലും അവര്‍ ഇത്തരം ദുര്‍ന്യായങ്ങള്‍ പറഞ്ഞിരുന്നു. സൂറ: അല്‍അന്‍ആം 148ാം സൂക്തത്തില്‍ ഇതുകാണാം.

ബഹുദൈവ വിശ്വാസികള്‍ പറയുന്നു:
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കളോ ബഹുദൈവവിശ്വാസികളാകുമായിരുന്നില്ല. ഒന്നും നിഷിദ്ധമാക്കുമായിരുന്നില്ല!
അല്ലാഹു തീരുമാനിച്ചത് എന്തായാലും നടക്കുമല്ലോ. ഞങ്ങളൊക്കെ വെടക്കാവാനാണ് ദൈവം തീരുമാനിച്ചത്. അതുകൊണ്ട് ഇനി ഒരു രക്ഷയുമില്ല. വെടക്കാവുക തന്നെ. ഇതാണ് ഈ വാദത്തിന്റെ കാതല്‍. കേട്ടാല്‍ തോന്നും അല്ലാഹുവിന്റെ വിധി പുസ്തകം ഇവരുടെ കയ്യിലാണെന്ന്! കാരണം പടച്ചവന്‍ എന്ത് തീരുമാനിച്ചു എന്ന് നേരത്തെ അറിഞ്ഞതുകൊണ്ടാണല്ലോ അവര്‍ തെമ്മാടികളാകാന്‍ തീരുമാനിച്ചത്. നേരത്തെ നന്നാകാന്‍ തീരുമാനിച്ച് നന്നായിരുന്നെങ്കില്‍ ദൈവവിധി അങ്ങനെ ആണെന്ന് അവര്‍ അറിയുമായിരുന്നു. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ നമ്മള്‍ നമ്മുടെ സ്വാതന്ത്ര്യം ഉപയോഗിച്ച് എന്താണോ ചെയ്യുന്നത് അതാണ് ദൈവ വിധി.

രസകരമായ കാര്യം പടച്ചവനോട് കയര്‍ക്കുന്ന വിഷയത്തില്‍ മാത്രമേ ഇവര്‍ക്ക് ഈ വിധി ജാഗ്രതയുള്ളൂ. ഭൗതിക ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും ഈ ചിന്ത വരുന്നില്ല.
ഒരാള്‍ പറയുന്നു: ദൈവം എനിക്ക് അന്നം നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ജോലി ചെയ്താലും ചെയ്തില്ലെങ്കിലും ഭക്ഷണം കിട്ടുമല്ലോ. ഉദ്ദേശിച്ചിട്ടില്ലെങ്കിലോ ജോലി ചെയ്താലും ഇല്ലെങ്കിലും കിട്ടുകയുമില്ലല്ലോ. പിന്നെ എന്തിന് ഞാന്‍ ജോലിചെയ്യണം?
എന്നാല്‍ കാര്യം അങ്ങനെയല്ല, ജോലി ചെയ്താലേ ഭക്ഷണം കിട്ടൂ എന്ന് മനസിലാക്കി അവന്‍ ജോലി ചെയ്യുന്നു. പണം കിട്ടുന്നു. ഭക്ഷണം കിട്ടുന്നു. അപ്പോള്‍ അതായിരുന്നു ദൈവവിധി എന്നവന്‍ മനസിലാക്കുന്നു. അവിടെ കുതര്‍ക്കമൊന്നുമില്ല!
അപ്പോള്‍ ആ ചോദ്യം ആത്മാര്‍ത്ഥമല്ല എന്ന് വരുന്നു. അല്ലാഹുവിന്റെ വിധിയെ കുറിച്ച് ഒന്നും അറിയാതെയാണവര്‍ പറഞ്ഞത്. അത് കൊണ്ടാണ് ഖുര്‍ആന്‍ ഇങ്ങനെ മറുപടി പറഞ്ഞത്: അതേ കുറിച്ച് നിങ്ങളുടെ കയ്യില്‍ വല്ല വിവരവുമുണ്ടെങ്കില്‍ ഒന്ന് കാണിച്ചാട്ടേ! നിങ്ങള്‍ കേവലം ധാരണകളെ പിന്തുടരുക മാത്രമാണ്.

അല്ലാഹു നമ്മുടെ ഭാവിയും സാമ്പത്തികാഭിവൃദ്ധിയും അപചയവും വയസ്സും രോഗാരോഗ്യങ്ങളും മരണവും മരണാനന്തര ജീവിതവുമാക്കെ കണക്കാക്കിയിട്ടുണ്ടെങ്കിലും അത് എങ്ങനെയായിരിക്കും എന്ന് നമ്മെ അറിയിച്ചിട്ടില്ലല്ലോ. അത് കൊണ്ട് തന്നെ ഏതെങ്കിലും ഒന്ന് നമ്മള്‍ തന്നെ തീരുമാനിച്ച് പടച്ചവനെ പഴി പറയുന്നതിലര്‍ത്ഥമില്ല. നമ്മള്‍ തിരഞ്ഞെടുക്കുന്നത് ചെയ്യാന്‍ സ്വതന്ത്ര്യമുള്ളപ്പോള്‍ വിശേഷിച്ചും; മാത്രവുമല്ല എന്താണ് ചെയ്യേണ്ടതെന്ന് അവന്‍ നിര്‍ദേശിക്കുകയും ചെയ്തു.

എല്ലാം വിധിയല്ലേ അതുകൊണ്ടുതന്നെ നാം എല്ലാം അല്ലാഹുവിന്റെ വിധിയില്‍ ഏല്‍പിച്ച് നിഷ്‌ക്രിയരായി ഇരുന്നാല്‍ പോരെ എന്ന് തിരുനബിയുടെ സ്വഹാബികള്‍ അവിടുത്തോട് ചോദിച്ചപ്പോള്‍, നിങ്ങള്‍ പ്രവര്‍ത്തന ഗോദയില്‍ സജീവമാകുക എന്നായിരുന്നു പ്രതികരണം. നമ്മള്‍ നമ്മെ ഏല്‍പിച്ച ബാധ്യതകള്‍ ഭംഗിയായി നിര്‍വഹിക്കണം. പ്രതിഫലം നല്‍കുന്നവന്‍ അല്ലാഹുവാണ്. അണുമണിത്തൂക്കം നന്മ ചെയ്തവന് അതിന്റെ പ്രതിഫലവും അണുമണിത്തൂക്കം തിന്മ ചെയ്തവന് അതിന്റെ പ്രതിഫലവും കാണുക തന്നെ ചെയ്യുമെന്ന് വിശുദ്ധ ഖുര്‍ആന്‍ സൂറ: സല്‍സലയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മറ്റു പല സൂക്തങ്ങളിലൂടെയും ഖുര്‍ആന്‍ ഇക്കാര്യം പേര്‍ത്തും പേര്‍ത്തും പറഞ്ഞിട്ടുണ്ട്. അല്ലാഹു കരാര്‍ ലംഘിക്കുന്നവനല്ല എന്നും വിശുദ്ധ ഖുര്‍ആന്‍ കട്ടായം പറഞ്ഞിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ചോദ്യം നമുക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടോ എന്നതാണ്. ഉണ്ട് എന്നത് സുവ്യക്തവുമാണ്.

എല്ലാം നേരത്തെ തീരുമാനിച്ചിട്ടുണ്ട് എന്ന് പറഞ്ഞല്ലോ. ഇവിടെ നേരത്തെ എന്നുപറഞ്ഞത് നമ്മിലേക്ക് – സൃഷ്ടികളിലേക്ക് – ചേര്‍ത്തി മാത്രമാണ്. കാരണം അല്ലാഹു കാലാതീതനാണ്. അവന് ഭൂതവും ഭാവിയും വര്‍ത്തമാനവും ഇല്ല. നേരത്തെ എന്നത് അവന്റെ കാര്യത്തില്‍ പ്രസക്തമല്ല. നമ്മുടെ നന്മ തിന്മകള്‍, മരണം, സ്വര്‍ഗനരകങ്ങള്‍ എന്നിവ അവന് ഭാവിയല്ല. അപ്പോള്‍ എല്ലാം നേരത്തെ കണക്കാക്കിയതല്ലേ എന്ന ആക്ഷേപത്തിന് പ്രസക്തിയില്ല.
വ്യത്യസ്ത കാലങ്ങളില്‍ ജീവിക്കുന്നവരെ കുറിച്ച് ആപേക്ഷികതാ സിദ്ധാന്ത പ്രകാരം പല അത്ഭുതങ്ങളും നമുക്കറിയാം. 803 ദിവസം ബഹിരാകാശ നിലയത്തില്‍ താമസിച്ചയാളാണ് സെര്‍ജി ക്രികലേവ്. അത്രയും നാള്‍ അദ്ദേഹം സെക്കന്റില്‍ 7.5 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിച്ചു. അപ്പോള്‍ 53 കോടി കിലോമീറ്റര്‍, സെക്കന്റില്‍ 7.66 കിലോമീറ്റര്‍ വേഗത്തില്‍ അദ്ദേഹം സഞ്ചരിച്ചു, ഒരു ലോക റെക്കോഡാണിത്. യാത്ര കഴിഞ്ഞു തിരികെ അദ്ദേഹം ഭൂമിയില്‍ ഇറങ്ങിയപ്പോള്‍ 0.02 സെക്കന്റിന്റെ പ്രായക്കുറവ് ഉണ്ടായി. എന്ന് വച്ചാല്‍ അദ്ദേഹം ഭൂമിയില്‍ കഴിഞ്ഞിരുന്നുവെങ്കില്‍, അദ്ദേഹത്തിന് ഒരു ഇരട്ട സഹോദരന്‍ ഉണ്ടായിരുന്നു എങ്കില്‍ ആ സഹോദരനെക്കാള്‍ 0.02 സെക്കന്റിന്റെ പ്രായക്കുറവ് ഉണ്ടായി എന്ന്. അത് നമുക്ക് മനസിലാക്കാന്‍ പറ്റുന്നതിനേക്കാള്‍ വളരെ കുറവാണ്. പക്ഷേ കൃത്യത ഉള്ള ഒരു ക്ലോക്കില്‍ അത് വലിയൊരു സമയ വ്യത്യാസം ആണ്. സെക്കന്റില്‍ 7.66 കിലോമീറ്ററിന് പകരം സെക്കന്റില്‍ ഒന്നര ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ അദ്ദേഹം സഞ്ചരിച്ചിരുന്നു എങ്കില്‍ 803 ദിവസം യാത്ര കഴിഞ്ഞു തിരികെ ഭൂമിയില്‍ ഇറങ്ങുമ്പോള്‍ അദ്ദേഹത്തിന് 4 മാസത്തേ പ്രായക്കുറവ് (സമയക്കുറവ് ) ഉണ്ടാവുമായിരുന്നു. ഇനി സെക്കന്റില്‍ 2.7 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ ആയിരുന്നു സെര്‍ജി സഞ്ചരിച്ചിരുന്നത് എങ്കില്‍ 803 ദിവസത്തെ യാത്ര കഴിഞ്ഞു തിരികെ ഭൂമിയില്‍ ഇറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ഇരട്ട സഹോദരനെക്കാള്‍ ഒരു വര്‍ഷത്തിലേറെ ( 13 മാസം ) പ്രായക്കുറവ് വരുമായിരുന്നു. ഇനി അദ്ദേഹം പ്രകാശ വേഗത്തില്‍ ആയിരുന്നു സഞ്ചരിച്ചിരുന്നത് എങ്കില്‍ 803 ദിവസം യാത്ര കഴിഞ്ഞു തിരികെ വരുമ്പോള്‍ അദ്ദേഹം പറയും.. ‘ എന്താ ഈ സ്പേസ്ഷിപ്പ് ഇവിടന്നു പോകാത്തത്’ എന്ന്. കാരണം, പ്രകാശ വേഗത്തില്‍ അദ്ദേഹം എത്രനാള്‍ സഞ്ചരിച്ചാലും അദ്ദേഹത്തിന്റെ ക്ലോക്ക് ചലിക്കില്ല. അല്ലെങ്കില്‍ സമയം മാറില്ല. നമ്മുടെ 803 ദിവസം അദ്ദേഹത്തിന് 0 സെക്കന്റിനു തുല്യം ആയിരിക്കും. പ്രകാശ വേഗത്തില്‍ യാത്ര ചെയ്യുക എന്നത് ഒരു ചിന്തയ്ക്കു വേണ്ടി പറഞ്ഞതാണ്. അത് നമുക്ക് സാധ്യമല്ല. എന്നാല്‍ മുകളില്‍ പറഞ്ഞിരിക്കുന്ന സമയത്തിന്റെ കണക്കുകള്‍ വളരെ കൃത്യമാണ്. ഇതിനെ ശാസ്ത്രീയമായി ടൈം ഡയലേഷന്‍ എന്നാണ് പറയുന്നത്. അങ്ങനെ 100 വര്‍ഷം മുന്നേ ഐന്‍സ്റ്റീന്‍ ഉണ്ടാക്കിയ ആപേക്ഷികതാ സിദ്ധാന്തം ഇപ്പോള്‍ നമ്മള്‍ ഒട്ടനവധി പരീക്ഷണങ്ങളിലൂടെ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.

പ്രകാശവേഗതയില്‍ സഞ്ചരിക്കുന്ന അദ്ദേഹം ഭൂമിയിലുള്ള തന്റെ ഇരട്ടസഹോദരനെ നിരീക്ഷിക്കുകയാണെന്ന് സങ്കല്‍പിക്കുക. നേരത്തെ സൂചിപ്പിച്ചതുപോലെ, ആ നിരീക്ഷണം ഒരു സാങ്കല്‍പികം മാത്രമാണ്. സംഭവ്യമല്ല. അങ്ങനെ നിരീക്ഷിക്കുമ്പോള്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇരട്ടസഹോദരന്റെ ഭാവിയും ഭൂതവും വര്‍ത്തമാനവും ഒക്കെ ഒരുപോലെയായിരിക്കും.

അപ്പോള്‍ അദ്ദേഹം നേരത്തെ ചെയ്തു എന്ന് പറയാന്‍ സാധിക്കുകയില്ല. എന്നാല്‍ ദൈവം സര്‍വശക്തനും സര്‍വജ്ഞാനിയും ആയതുകൊണ്ട് അവന്റെ കാര്യത്തില്‍ ഇത്തരം കാര്യങ്ങള്‍ സാധ്യമാണ്. സംഭവ്യമാണ്. അത് എങ്ങനെയാണെന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല എന്നത് ദൈവത്തിന്റെ കുഴപ്പമല്ല, നമ്മുടെ പരിമിതിയാണ്. ശാസ്ത്രീയമായി ബോധ്യപ്പെട്ട സംഗതി തന്നെ എങ്ങനെയാണ് നടക്കുന്നതെന്ന് സങ്കല്‍പിക്കാന്‍ സാധിക്കാത്ത നമുക്ക് ദൈവത്തിന്റെ കാര്യങ്ങള്‍ എങ്ങനെയാണ് നടക്കുന്നതെന്ന് സങ്കല്‍പിക്കാന്‍ സാധിക്കാതിരിക്കുന്നത് അതിശയോക്തിപരമല്ല. സ്രഷ്ടാവ് സൃഷ്ടികളുടെ ചിന്തകള്‍ക്കും കഴിവുകള്‍ക്കും ഉള്ളില്‍ ഒതുങ്ങി നില്‍ക്കേണ്ടവന്‍ അല്ലല്ലോ.

ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി

You must be logged in to post a comment Login