ബിസിനസ് അനലിറ്റിക്‌സില്‍ പി.ജി. ഡിപ്ലോമ

ബിസിനസ് അനലിറ്റിക്‌സില്‍ പി.ജി. ഡിപ്ലോമ

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ഖരഗ്പുരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ മൂന്ന് മുന്‍നിര സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ് അനലിറ്റിക്‌സ് പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

വലിയ അളവിലുള്ള വിവരങ്ങള്‍ ശേഖരിച്ച് സാംഖ്യക തത്വങ്ങള്‍ ഉപയോഗിച്ച് അവ വിശകലനംചെയ്ത്, ഒരു സംവിധാനത്തിന്റെ രീതി മനസിലാക്കുക, ഭാവിസൂചനകള്‍ കണ്ടെത്തുക തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ബിസിനസ് അനലിറ്റിക്‌സ്. മള്‍ട്ടിനാഷണല്‍ കമ്പനികളിലും പ്രാദേശിക കമ്പനികളിലും തൊഴില്‍സാധ്യതയുള്ള ഈ പ്രോഗ്രാമിന്റെ ദൈര്‍ഘ്യം രണ്ടുവര്‍ഷമാണ്.

അപേക്ഷകര്‍ക്ക്, ബിരുദം/പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം ഉണ്ടായിരിക്കണം. (ബി.ടെക്/ബി.ഇ./എം.എസ്‌സി./എം.കോം. തുടങ്ങിയ ബിരുദങ്ങളാകാം). കുറഞ്ഞത് 60 ശതമാനം മാര്‍ക്ക്/10 പോയിന്റ് സ്‌കെയിലില്‍ 6.5 സി.ജി.പി.എ. നേടിയിരിക്കണം. പട്ടികവിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക്/10 പോയിന്റ് സ്‌കെയില്‍ 6.0 എന്ന സി.ജി.പി.എ. മതി. യോഗ്യതാപരീക്ഷയുടെ അന്തിമവര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
യോഗ്യതാപരീക്ഷയുടെ അന്തിമപരീക്ഷ അഭിമുഖീകരിക്കാനും ബിരുദം ലഭിക്കാനുള്ള ആവശ്യകതകള്‍ പൂര്‍ത്തിയാക്കാനും 2019 മേയ് 31 വരെ അവര്‍ക്ക് സമയം അനുവദിക്കും. അന്തിമ മാര്‍ക്‌ലിസ്റ്റ് അവര്‍ 2019 ഒക്ടോബര്‍ 31നകം നല്‍കണം. അത് കഴിഞ്ഞേ പ്രവേശനം സ്ഥിരമാവുകയുള്ളൂ.

തിരഞ്ഞെടുപ്പ്: യോഗ്യത തൃപ്തിപ്പെടുത്തുന്നവരെ, 2019 ഫെബ്രുവരി 17ന് നടത്തുന്ന എഴുത്തുപരീക്ഷയ്ക്ക് ക്ഷണിക്കും. പരീക്ഷയ്ക്ക് രണ്ട് ഭാഗങ്ങളുണ്ടാകും. ഭാഗം ‘എ’യില്‍ വെര്‍ബല്‍ എബിലിറ്റി, ലോജിക്കല്‍ റീസണിംഗ് എന്നീ മേഖലയില്‍നിന്നും ചോദ്യങ്ങളുണ്ടാകും. ഭാഗം ‘ബി’യില്‍ ഡാറ്റാ ഇന്റര്‍പ്രിറ്റേഷന്‍, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് എന്നീ വിഷയങ്ങളില്‍നിന്നുമായിരിക്കും ചോദ്യങ്ങള്‍. വിശദമായ സിലബസ് വെബ്‌സൈറ്റിലുണ്ട്. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് അഭിമുഖമുണ്ടാകും. അത് മാര്‍ച്ച് 30, 31 തീയതികളിലായിരിക്കും. എഴുത്തുപരീക്ഷയും മുഖാമുഖവും ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നീ കേന്ദ്രങ്ങളില്‍വെച്ച് നടത്തും. അന്തിമ മെറിറ്റ് ലിസ്റ്റില്‍ വിവിധഘട്ടങ്ങള്‍ക്ക് നല്‍കുന്ന വെയിറ്റേജ് ഇപ്രകാരമായിരിക്കും: വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
അപേക്ഷ, ഓണ്‍ലൈനായി ജനുവരി 3നകം www.pgdba.iitkgp.ac.in എന്ന വെബ്‌സൈറ്റിലെ ബന്ധപ്പെട്ട ലിങ്ക് വഴി നല്‍കാം. ആവശ്യപ്പെടുന്ന രേഖകളുടെയെല്ലാം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷാ സമര്‍പ്പണത്തിന്റെ ഭാഗമായി അപ്‌ലോഡ് ചെയ്യണം. അപേക്ഷാഫീസ് 2000 രൂപയാണ്. പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 1000 രൂപയും. കോഴ്‌സ് ഫീസ് 20 ലക്ഷം രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയില്‍ ബിരുദാനന്തര കോഴ്‌സുകള്‍
കേന്ദ്ര ഗവണ്‍മെന്റിനു കീഴില്‍ റാഞ്ചിയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയില്‍ വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി., എം.ഫില്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.ഫില്‍, സൈക്യാട്രിക് നഴ്‌സിംഗില്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്കാണ് അപേക്ഷിക്കാവുന്നത്.
ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി.: സൈക്കോളജിയില്‍ എം.എയോ എം.എസ്‌സിയോ ഉള്ളവര്‍ക്ക് മൂന്നു വര്‍ഷവും എം.ഫില്‍ ഉള്ളവര്‍ക്കു രണ്ടു വര്‍ഷവുമാണു കോഴ്‌സിന്റെ കാലാവധി. സൈക്കോളജിയില്‍ ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്‌സ് ബിരുദം അല്ലെങ്കില്‍ എംഫില്‍ ആണ് അപേക്ഷിക്കാനുള്ള യോഗ്യത. സീറ്റുകളുടെ എണ്ണം നാല്.

ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍: രണ്ടു വര്‍ഷത്തെ കോഴ്‌സിനു സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. സീറ്റുകളുടെ എണ്ണം 12.
എം.ഫില്‍ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്: 50 ശതമാനം മാര്‍ക്കോടെ എം.എ. സോഷ്യോളജിയോ എം.എസ്.ഡബ്ല്യുവോ പാസായവര്‍ക്ക് അപേക്ഷിക്കാം. രണ്ടു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. സീറ്റുകളുടെ എണ്ണം 12.

മൂന്നു കോഴ്‌സുകള്‍ക്കും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരില്‍ നിന്ന് എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യ രണ്ടു കോഴ്‌സുകള്‍ക്ക് പ്രതിമാസം 8000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കും.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് 100 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാകും ഉണ്ടാകുക. ബിരുദാനന്തര ബിരുദ നിലവാരത്തിലുള്ളതായിരിക്കും ചോദ്യങ്ങള്‍. ഫെബ്രുവരി 17 മുതല്‍ 22 വരെ എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ, പ്രാക്ടിക്കല്‍ ടെസ്റ്റ് എന്നിവ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും.
ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ്: നഴ്‌സിംഗില്‍ എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റോ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറിയില്‍ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സ്റ്റാഫ് നഴ്‌സായി രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. ഒരു വര്‍ഷമാണു കോഴ്‌സിന്റെ കാലാവധി. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്.
പ്രതിമാസം 2500 രൂപ സ്‌റ്റൈപന്‍ഡ് ലഭിക്കും. സീറ്റുകളുടെ എണ്ണം 18.
ജനറല്‍ വിഭാഗത്തിനു 400 രൂപയും സംവരണ വിഭാഗങ്ങള്‍ക്ക് 300 രൂപയുമാണ് അപേക്ഷാ ഫീസ്. ഡിസംബര്‍ 28 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. മെയ് 31ന് ക്ലാസുകള്‍ ആരംഭിക്കും. വിവരങ്ങള്‍ക്ക്  www.cipranchi.nic.in വെബ്‌സൈറ്റ് കാണുക.

ഗാന്ധിനഗര്‍  ഐ.ഐ.ടിയില്‍ എം.എ., എം.എസ്‌സി.
ഗാന്ധിനഗര്‍ ഐ.ഐ.ടി. രണ്ടു വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്ക് അവസരമൊരുക്കുന്നു. കൊഗ്‌നിറ്റീവ് സയന്‍സില്‍ എം.എസ്‌സി., സൊസൈറ്റി ആന്‍ഡ് കള്‍ച്ചറില്‍ എം.എ. കോഴ്‌സുകള്‍ക്കാണ് അവസരം ഒരുക്കുന്നത്. ജനുവരി 11 നകം അപേക്ഷിക്കണം. ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍.
ഗാന്ധിനഗറില്‍ നടത്തുന്ന എഴുത്തു പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. യോഗ്യതാപരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട് ലിസ്റ്റ് ചെയ്യുന്നവരെ ഫെബ്രുവരി 9,10 തീയതികളില്‍ ഗാന്ധിനഗറില്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും.
മനസിന്റെയും മാനസിക വ്യാപാരങ്ങളുടെയും ശാസ്ത്രീയ പഠന ശാഖയാണ് കൊഗ്‌നിറ്റീവ് സയന്‍സ്. ഫിലോസഫി, സൈക്കോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ന്യൂറോസയന്‍സ്, ലിംഗ്വിസ്റ്റിക്‌സ്, അന്ത്രപ്പോളജി എന്നീ വിഷയങ്ങളുമായി ബന്ധപ്പെടുത്തിയുള്ള പഠനമാണ് ഇവിടെ വിഭാവന ചെയ്യുന്നത്. നാലു സെമസ്റ്ററുള്ള രണ്ടു വര്‍ഷമാണു കോഴ്‌സിന്റെ കാലാവധി.
55 ശതമാനം മാര്‍ക്കോടെ ബിഎ, ബിഎസ്‌സി, ബിടെക് പൂര്‍ത്തിയാക്കിയവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
ഇതില്‍ പങ്കെടുക്കുന്നതിന് 750 രൂപയില്‍ കൂടാത്ത സെക്കന്‍ഡ് ക്ലാസ് ട്രെയിന്‍ ടിക്കറ്റ് അനുവദിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. കൂടാതെ ദേശീയ, അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നവര്‍ക്ക് അതിനുള്ള ചെലവിലേക്കായി പ്രതിവര്‍ഷം 60,000 രൂപ ട്രാവല്‍ സ്‌കോളര്‍ഷിപ്പും ലഭിക്കും.
സമൂഹത്തെയും സംസ്‌കാരത്തെയും വിശകലനം ചെയ്യുന്നതിനു സഹായിക്കുന്ന തരത്തിലുള്ള സൊസൈറ്റി ആന്‍ഡ് കള്‍ച്ചര്‍ കോഴ്‌സിന് കൊഗ്‌നിറ്റീവ് സയന്‍സ്, ലിറ്റററി സ്റ്റഡീസ്, ട്രാന്‍സിലേഷന്‍ തിയറി ആന്‍ഡ് പ്രാക്ടീസ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, പോപ്പുലേഷന്‍ സ്റ്റഡീസ്, പബ്ലിക് ഹെല്‍ത്ത്, അന്ത്രപ്പോളജി എന്നിവയെല്ലാം പാഠ്യവിഷയങ്ങളാണ്. നാലു സെമസ്റ്ററായുള്ള കോഴ്‌സിനു കോഴ്‌സ് വര്‍ക്കിനും റിസര്‍ച്ചിനും ഏറെ പ്രാധാന്യമുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

മാതൃകാ ചോദ്യപേപ്പര്‍ admissions.iitgn.ac .in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

റസല്‍

You must be logged in to post a comment Login