ബിസിനസ് എത്തിക്‌സ്: എന്താണ് ഇസ്‌ലാമിന്റെ അഭിപ്രായം ?

ബിസിനസ് എത്തിക്‌സ്: എന്താണ് ഇസ്‌ലാമിന്റെ അഭിപ്രായം ?

ബിസിനസ് ലോകത്ത് എക്കാലത്തും പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ് ബിസിനസ് എത്തിക്‌സ്. ബിസിനസ് രംഗത്ത് പുലര്‍ത്തേണ്ട സദാചാര നിഷ്‌കര്‍ഷകളും സമൂഹത്തോട് അനുവര്‍ത്തിക്കേണ്ട മര്യാദകളുമാണ് ഇതിന്റെ ഉള്ളടക്കം. 1974ല്‍ നോര്‍മന്‍ബോവി തന്റെ പുസ്തകത്തിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയ ബിസിനസ് എത്തിക്‌സ് ബിസിനസ് ലോകത്ത് തന്നെ പല വിപ്ലവങ്ങള്‍ക്കും ഹേതുവാകുകയായിരുന്നു. മാനസിക നിയന്ത്രണങ്ങള്‍ക്ക് മാത്രം വിധേയമാക്കപ്പെട്ടിരുന്ന സദാചാര നിഷ്‌കര്‍ഷകളെ ഒരു ക്രോഡീകരണ സ്വഭാവത്തിലേക്ക് കൊണ്ടുവരികയായിരുന്നു ബോവി. പക്ഷേ ബിസിനസ് ലോകത്ത് എത്രത്തോളം ഈ തത്വങ്ങള്‍ക്ക് സ്വീകാര്യത ലഭിച്ചു എന്ന് പരിശോധിക്കുന്നിടത്താണ് ഇസ്‌ലാമിക സദാചാര മൂല്യങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നത്.

ഏതൊരു പ്രവൃത്തിയുടെയും നന്മയെയും തിന്മയെയും കുറിച്ചുള്ള സാമൂഹിക അവബോധത്തെയാണ് എത്തിക്‌സ് എന്ന പദം കൊണ്ട് നിര്‍വചിക്കപ്പെടുന്നത്. ബിസിനസ് മേഖലകളിലേക്ക് ഇത് ചേര്‍ത്തുവായിക്കുമ്പോള്‍, സമൂഹത്തോട് പുലര്‍ത്തേണ്ട ബിസിനസ് സംരംഭങ്ങളുടെ ഉത്തരവാദിത്വ ബോധത്തെയാണ് അര്‍ത്ഥമാക്കുന്നത്. ലാഭേഛ എല്ലാ തടയണകളും തകര്‍ത്തൊഴുകുന്ന ആധുനിക കാലഘട്ടത്തില്‍ ധാര്‍മികത ദൂരെ കളയുന്ന രൂപത്തിലാണ് ബിസിനസ് സംരംഭകരുടെ പ്രവര്‍ത്തനങ്ങള്‍. ലാഭം നേടുക എന്ന ഉദ്ദേശത്തിലേക്ക് മാത്രമായി ലക്ഷ്യങ്ങള്‍ ചുരുങ്ങുമ്പോള്‍ സമൂഹത്തിന് ലഭിക്കേണ്ട നീതി യുക്തമായ അവകാശങ്ങളാണ് നിഷേധിക്കപ്പെടുന്നത്. ഉപഭോക്തൃ സമൂഹത്തെ വഞ്ചിച്ചും കൊള്ള നടത്തിയും സൃഷ്ടിച്ചെടുക്കുന്ന ലാഭത്തിന് മുകളിലാണ് ഇന്ന് പല സംരംഭങ്ങളും ദൈനംദിന പുരോഗതി കെട്ടിപ്പൊക്കുന്നത്. ബിസിനസുകാരില്‍ സിംഹഭാഗവും സദാചാര ബോധം പുലര്‍ത്തുന്നിടത്തോളം കാലം ബിസിനസ് ലാഭം നേടിത്തരുകയില്ല എന്ന് വിശ്വസിക്കുന്നവരും കൂടിയാണ്. സത്യന്ധത, സുതാര്യത, വിശ്വാസ്യത എന്നിവയെ ബിസിനസ് എത്തിക്‌സിന്റെ അടിസ്ഥാന തത്വങ്ങളായി പരിഗണിക്കപ്പെടുമ്പോഴും അഴിമതിയുടെയും അരുതായ്മയുടെയും പുതിയ പുതിയ വാര്‍ത്തകളാണ് ബിസിനസ് ലോകത്ത് നിന്നും ഉയര്‍ന്നുവരുന്നത്.
ബിസിനസ് എത്തിക്‌സിനെ മതാശയങ്ങളില്‍ നിന്ന് പൂര്‍ണമായും വേര്‍തിരിച്ച് നിര്‍ത്താനുള്ള ശ്രമം ശക്തമാണ്. സത്യത്തില്‍ മതത്തിന്റെ യാതൊരു വിധ ഇടപെടലുകളും കൂടാതെ ഒരിക്കലും സദാചാര മൂല്യങ്ങളെ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ അനുവര്‍ത്തിക്കാന്‍ കഴിയില്ല. കാരണം ഏതൊരു വ്യക്തിക്കും തന്റെ ചാപല്യങ്ങളെ നിയന്ത്രണവിധേയമാക്കണമെങ്കില്‍ മതത്തിന്റെ ആശയാടിത്തറ അനിവാര്യമാണ്. ഇങ്ങനെയാണ് ഇസ്‌ലാം, അതിന്റെ ചട്ടക്കൂടുകള്‍ക്ക് അകത്തുവെച്ചുതന്നെ ബിസിനസ് സദാചാരങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. കച്ചവടം ജീവിതോപാധിഎന്നതിലപ്പുറം സ്രഷ്ടാവിനുള്ള ആരാധാനയായിട്ടാണ് ഇസ്‌ലാം കാണുന്നത്. അല്ലാഹുവിന് തൃപ്തികരമായ കച്ചവടം നടത്തുന്നവനുള്ള പാരത്രിക മോക്ഷത്തെയും അനിഷ്ടകരമായ വിധത്തില്‍ കച്ചവടം ചെയ്യുന്നവര്‍ക്കുള്ള ഭയാനകാവസ്ഥകളെയും ഇസ്‌ലാം കൃത്യമായി ഓര്‍മിപ്പിക്കുന്നുണ്ട്. നബി(സ) പറയുകയുണ്ടായി: ‘സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരന്‍ അന്ത്യദിനത്തില്‍ രക്തസാക്ഷികളോടൊപ്പമായിരിക്കും.’ നന്മതിന്മകള്‍ തൂക്കുന്ന നാളില്‍ വലിയ പദവിയിലിരിക്കുന്നവരാണ് രക്തസാക്ഷികള്‍-ശുഹദാക്കള്‍. അവരോടൊപ്പം കച്ചവടക്കാരനെ കൂടി ചേര്‍ക്കുന്നതോടെ ഇസ്‌ലാം കച്ചവടത്തിന് നല്‍കുന്ന പ്രാധാന്യമാണ് ബോധ്യപ്പെടുന്നത്. ഈ അവസരത്തില്‍ തന്നെ ‘മുത്വഫിഫീന്‍’ എന്ന ഖുര്‍ആന്‍ അധ്യായത്തിലെ ആദ്യ ആറ് സൂക്തങ്ങളിലൂടെ ഇടപാടുകളിലെ ഇരട്ടത്താപ്പുകാര്‍ക്കുള്ള ശിക്ഷയെ കുറിച്ചും ഇസ്‌ലാം വിശദീകരിക്കുന്നു.

നോര്‍മന്‍ ബോവി തന്റെ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചത് ഇമ്മാനുവല്‍ കാന്റിന്റെ സദാചാര തത്വസംഹിതകളെയാണ്. കാന്റിന്റെ തത്വങ്ങളില്‍ അദ്ദേഹം പ്രധാനമായും ഉയര്‍ത്തിപ്പിടിക്കുന്നത് കാറ്റഗറിക്കല്‍ ഇമ്പറേറ്റീവ് എന്ന ആശയത്തെയാണ്. ഈ തത്വത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്‍ ഏതൊരു പ്രവൃത്തിക്ക് മുതിരുമ്പോഴും അതിന്റെ പ്രാപഞ്ചികമായ സ്വീകാര്യതയെ വിശകലനം ചെയ്യാന്‍ അദ്ദേഹം കല്‍പിക്കുന്നു. ഇതിനെ ഇസ്‌ലാമിക ദര്‍ശനത്തിലേക്ക് കൂട്ടിച്ചേര്‍ക്കുമ്പോള്‍ പ്രാപഞ്ചിക സ്വീകാര്യത എന്നതിന് പകരം പ്രപഞ്ച സ്രഷ്ടാവിന്റെ സ്വീകാര്യതയെയാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. ഇസ്‌ലാമിക ദര്‍ശനത്തില്‍ എല്ലാത്തിന്റെയും അടിസ്ഥാനം ഈ തത്വം തന്നെയാണ്. ബിസിനസിലും ഇസ്‌ലാമിന് മറ്റൊരു മാനദണ്ഡമില്ല.

ബിസിനസ് എത്തിക്‌സിന്റെ അടിസ്ഥാന തത്വങ്ങളായ വിശ്വാസ്യത, സത്യസന്ധത, സുതാര്യത എന്നിവ തന്നെയാണ് ഇസ്‌ലാമിക വിജയത്തിന്റെ കാതല്‍. ഉപഭോക്ത സമൂഹത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് ഇസ്‌ലാമിക സമീപനം. വസ്തുവിനെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഉപഭോക്താവിന് നല്‍കണമെന്ന നിബന്ധനയിലൂടെ ഈ ഒരു ആശയത്തെയാണ് ഇസ്‌ലാം മുന്നോട്ടുവെക്കാന്‍ ശ്രമിക്കുന്നത്. വാങ്ങുന്നവര്‍ക്ക് അല്‍പം അധികരിപ്പിച്ച് നല്‍കണമെന്ന തിരുനബിയുടെ(സ) ആജ്ഞകൂടി ഇതിനോട് ചേര്‍ത്തുവായിക്കുമ്പോഴാണ് ഉപഭോക്തൃ സമൂഹത്തിലേക്ക് എത്രത്തോളം ഇറങ്ങിച്ചെല്ലണമെന്നുള്ള സത്യം നമുക്ക് ബോധ്യപ്പെടുന്നത്. കച്ചവട സ്ഥലത്തുനിന്ന് വേര്‍പിരിയും മുമ്പ് ഇടപാടുകാര്‍ തമ്മില്‍ പറഞ്ഞുറപ്പിക്കണമെന്ന ആജ്ഞയിലൂടെ സുതാര്യതയുടെ മൂര്‍ത്ത രൂപത്തെയാണ് ഇസ്‌ലാം അവതരിപ്പിക്കുന്നത്. വസ്തുക്കള്‍ തമ്മില്‍ കൂട്ടിക്കലര്‍ത്തിയുള്ള വില്‍പ്പനയും വസ്തുക്കളുടെ പൂഴ്ത്തിവെപ്പും തടയുന്നതിലൂടെ വഞ്ചിക്കപ്പെടുന്നതിനുള്ള ചെറിയ സാധ്യതകളെ പോലും ഇല്ലാതാക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. ഇതുവഴി ബിസിനസിന് കൂടുതല്‍ വിശ്വാസ്യത നേടിയെടുക്കാനും ഉയരങ്ങളിലേക്ക് കടന്നുകയറാനും സാധിക്കുന്നു.

സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്നതില്‍ ബിസിനസ് സംരംഭങ്ങള്‍ ഒട്ടും പിറകിലല്ല. ഇവിടെയും ഇസ്‌ലാം നേര്‍പാത വരച്ചുകാട്ടുന്നുണ്ട്. ‘എല്ലാറ്റിന്റെയും ജീവിതോപാധികളുടെ പത്തായം നമ്മുടെ വശമാണ്, നീതി പൂര്‍വം നാം അതിനെ ഇറക്കിക്കൊടുക്കുന്നു'(അല്‍ഹിജ്ര്‍ 21) എന്ന് ഖുര്‍ആനില്‍ കാണാം. പ്രകൃതി വിഭവങ്ങളെല്ലാം അല്ലാഹുവിന്റെ ഉടമസ്ഥതയിലാണെന്നും തനിക്കതില്‍ യാതൊരുവിധ അവകാശവുമില്ലെന്നും അവ ഭാവിതലമുറക്കുകൂടി അവകാശപ്പെട്ടതാണെന്നുമുള്ള ബോധം സൃഷ്ടിച്ചെടുക്കുന്നതാണ് ഈ സൂക്തം. സുസ്ഥിര വികസനം എന്നതുകൊണ്ട് നാം നിര്‍വചിക്കുന്ന പ്രകൃതി വിഭവങ്ങളുടെ യുക്തിപൂര്‍വമായ ഉപയോഗത്തിനുള്ള പ്രേരണയാണ് ഇവിടെ കാണുന്നത്. അല്ലാഹു വിശ്വസിച്ചേല്‍പിച്ച സൂക്ഷിപ്പ് മുതലാണെന്ന ബോധത്തോടുകൂടി പ്രകൃതിയോട് പെരുമാറാനും പ്രകൃതിക്ക് എതിരെ തിരിയുമ്പോള്‍ അത് ജഗന്നിയന്താവിനോടുള്ള നിന്ദയാണെന്നുമുള്ള ബോധം ഇസ്‌ലാം നല്‍കുന്നു.

ബിസിനസ് രംഗത്തെ മറ്റൊരു പ്രശ്‌നം തൊഴിലാളികളുടേതാണ്. അധികജോലിഭാരവും ജോലിക്കനുസരിച്ചുള്ള വേതനത്തിന്റെ അപര്യാപ്തതയുമാണ് ഇവയില്‍ ഏറ്റവും മുഖ്യമായത്. തൊഴിലിന്റെ തോതനുസരിച്ച് കൂലി കൊടുക്കണമെന്നും തൊഴിലാളികളുടെ വിയര്‍പ്പ് വറ്റുനന്നതിനു മുമ്പ് അവന് പ്രതിഫലം നല്‍കണമെന്നുള്ളനബി വചനങ്ങള്‍ തൊഴിലാളികളോട് പ്രതിബദ്ധത പുലര്‍ത്തുന്നു. തൊഴിലാളിക്ക് ലഭിക്കേണ്ടവ അതാത് സമയങ്ങളില്‍ ലഭ്യമാക്കുന്നതിലൂടെ ബിസിനസിന്റെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും ബിസിനസിന് മികച്ച നേട്ടങ്ങള്‍ കൈവരിക്കുവാനും കാരണമാകുന്നു. ഷെയര്‍ ബിസിനസില്‍ വീതിക്കപ്പെട്ടിട്ടില്ലാത്ത സ്വത്തുക്കളിലും ‘ഷുഫ്അത്ത്’ അനുവദിക്കുകയുണ്ടായി. ഇതിലൂടെ ഉടമസ്ഥരുടെ മറ്റു പങ്കാളികള്‍ അറിയാതെയുള്ള മുഴുവന്‍ ഇടപാടുകള്‍ക്കും തടയിടാന്‍ ഇസ്‌ലാമിന് സാധിച്ചു.
ഇത്തരത്തില്‍ ബിസിനസ് വ്യവഹാരങ്ങളുടെ സകല മേഖലകളിലും ഇസ്‌ലാം വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതായി കാണാന്‍ സാധിക്കും. ഏതൊരു ബിസിനസിന്റെയും വിജയം അത് സമൂഹത്തില്‍ നേടിയെടുത്ത വിശ്വാസത്തിലാണ്. ഈ ഒരു ആശയത്തിലൂന്നിയാണ് ഇസ്‌ലാമിന്റെ മുഴുവന്‍ കാഴ്ചപ്പാടുകളും. ലാഭം മാത്രം മുന്നില്‍ കാണാതെ സാമൂഹ്യ സേവനത്തിലൂടെ വിജയം കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ ഇസ്‌ലാം പ്രേരിപ്പിക്കുന്നു. ‘തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരന് ഇഷ്ടപ്പെടുന്നത് വരെ നിങ്ങളാരും യഥാര്‍ത്ഥ വിശ്വാസിയാവുകയില്ലെന്ന’ പ്രവാചകാധ്യാപനത്തില്‍നിന്ന് വെളിച്ചം ഉള്‍കൊണ്ട മേരി ബേക്കര്‍ എ ഡി 1885ല്‍ തന്റെ സയന്‍സ് ആന്റ് ഹെല്‍ത്ത് എന്ന ഗ്രന്ഥത്തിലൂടെ പരിചയപ്പെടുത്തിയ യൂണിവേഴ്‌സല്‍ ഗോള്‍ഡന്‍ റൂളിലൂടെയാണ് ഇനി നമ്മുടെ ലോകം സഞ്ചരിക്കേണ്ടത്. സകല വിജയങ്ങളുടെയും ഉറവിടം അവിടെയാണ്.

ഫിര്‍ദൗസ്‌

You must be logged in to post a comment Login