പട്ടേല്‍ ഒരു കാലത്തും അവരുടെ സുഹൃത്തായിരുന്നില്ല

പട്ടേല്‍ ഒരു കാലത്തും അവരുടെ സുഹൃത്തായിരുന്നില്ല

സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ അനാഛാദനവുമായി ബന്ധപ്പെട്ട് 1310 ലക്കം രിസാല വളരെ താല്‍പര്യപൂര്‍വം വായിച്ചു. മുഖ്യധാരാ മാധ്യമങ്ങള്‍ പൊതുവെ വിസ്മരിച്ചുകളഞ്ഞ ഒരു പ്രധാനപ്പെട്ട സംഭവമായിരുന്നു പട്ടേലിന്റെ പ്രതിമ അനാഛാദനം. പത്രങ്ങളിലൊക്കെ അതിന് അനുകൂലമായിട്ടും പ്രതികൂലമായിട്ടും ഒരുപാട് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍ പൊതുവെ അധികം കണ്ടില്ല. രിസാല പോലെ ഒരു പ്രസിദ്ധീകരണം അതിന് മുന്‍കൈയെടുത്തത് ഏതുനിലക്കും വളരെ സ്വാഗതാര്‍ഹമാണ് എന്നാണ് എന്റെ അഭിപ്രായം.

പ്രാതിനിധ്യ സ്വഭാവമുള്ള ലേഖനങ്ങളാണ് ഇതില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്നതും ഇതില്‍ പ്രധാനപ്പെട്ട കാര്യമാണ്; മേധാ പട്കര്‍, കാഞ്ച ഇളയ്യ, കെ കെ ജോഷി എന്നിവര്‍. ജോഷിയുടെ ലേഖനമാണ് എന്തുകൊണ്ടും വളരെ ശ്രദ്ധേയമായത്. പറഞ്ഞകാര്യങ്ങള്‍ വളരെ പ്രസക്തമാണ്, പ്രധാനമാണ്. ഒരു കോണ്‍ഗ്രസുകാരനായിട്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ആളാണ് സര്‍ദാര്‍ പട്ടേല്‍.

ഇവിടെ ആര്‍ എസ് എസുകാരും ഹിന്ദുത്വവാദികളും പ്രചരിപ്പിക്കുന്നരീതിയില്‍ അല്ലെങ്കില്‍ അവകാശപ്പെടുന്ന രീതിയില്‍ സര്‍ദാര്‍ പട്ടേല്‍ ഏതെങ്കിലും കാലത്ത് ഹിന്ദുത്വത്തോട് മൃദുസമീപനം പുലര്‍ത്തിയ ആളോ അല്ലെങ്കില്‍ മുസ്‌ലിം സമുദായത്തില്‍ പെട്ട ആളുകളോട് വിദ്വേഷം വെച്ചുപുലര്‍ത്തിയിരുന്ന ആളോ ആയിരുന്നില്ല. അദ്ദേഹം ആദ്യാവസാനം കോണ്‍ഗ്രസുകാരനായിരുന്നു. ആദ്യാവസാനം ഗാന്ധിയനായിരുന്നു. ഗാന്ധിജിയെ അന്ധമായി പിന്തുടര്‍ന്ന ആള്‍ എന്നുവേണമെങ്കില്‍ പറയാം. അദ്ദേഹം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവോളം മതേതര വാദിയായിരുന്നില്ല. അല്ലെങ്കില്‍ മുസ്‌ലിംകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണം, മുസ്‌ലിംകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണം എന്ന് വാദിച്ച ആളായിരുന്നില്ല. ഹിന്ദുക്കള്‍ക്ക് നല്‍കുന്ന അത്രയും അവകാശങ്ങള്‍ മുസ്‌ലിംകള്‍ക്കും നല്‍കണം എന്ന അഭിപ്രായക്കാരനായിരുന്നു. സര്‍ദാര്‍ പട്ടേലിനെക്കുറിച്ച് വളരെ ശ്രദ്ധേയമായ ഒരു പുസ്തകം, സര്‍ദാര്‍ പട്ടേലും ഇന്ത്യന്‍ മുസ്‌ലിംകളും എന്ന വിഷയത്തെക്കുറിച്ച് ഏറ്റവും പ്രസക്തമായ ഒരു പുസ്തകം ഡോ. റഫീഖ് സക്കറിയ എഴുതിയിട്ടുണ്ട്. അത് വായിച്ചാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വ്യക്തതയുണ്ടാകും എന്ന് ഞാന്‍ വിചാരിക്കുന്നു.

രണ്ടാമത്തെ കാര്യം, ഹിന്ദുമഹാസഭയോട് ഒരു കാലത്തും ഒരു അടുപ്പവുമുണ്ടായിരുന്ന ആളല്ല സര്‍ദാര്‍ പട്ടേല്‍. നേരത്തെ പറഞ്ഞപോലെ അദ്ദേഹം മുസ്‌ലിം ലീഗിനോട് വെച്ചുപുലര്‍ത്തിയ അതേ സമീപനം തന്നെയാണ് ഹിന്ദുമഹാസഭയോടും പുലര്‍ത്തിയിരുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതി, മഹാത്മാഗാന്ധിയുടെ കൊലപാതകം നടന്ന സമയത്ത് അദ്ദേഹം രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയാണ്. ഹിന്ദുമഹാസഭയുടെ പ്രതിനിധിയായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി അതേ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയാണ്; നെഹ്‌റുവിന്റെ ഇടക്കാല മന്ത്രിസഭയില്‍. അതില്‍ നിയമ മന്ത്രിയായിരുന്നു ഡോ. അംബേദ്കര്‍. ആ സമയത്താണ് ഗാന്ധിജിയുടെ കൊലപാതകം ഉണ്ടാകുന്നത്. അന്ന് ശ്യാമപ്രസാദ് മുഖര്‍ജി മന്ത്രിസഭാ സഹപ്രവര്‍ത്തകനായ സര്‍ദാര്‍ പട്ടേലിനെ സമീപിച്ചു. ഒരു സ്വാതന്ത്ര്യസമര സേനാനിയും മറ്റുമൊക്കെയായിട്ടുള്ള വയോധികനായിട്ടുള്ള സവര്‍ക്കറെ ഈ കേസില്‍ പെടുത്തരുത്, അദ്ദേഹത്തിന്റെ പേരില്‍ പറയത്തക്ക തെളിവുകളൊന്നുമില്ല, അതുകൊണ്ട് കേസില്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ടു. സര്‍ദാര്‍ പട്ടേല്‍ ആ കേസിന്റെ മുഴുവന്‍ രേഖകളും പരിശോധിച്ചു. നല്ലൊരു ക്രിമിനല്‍ അഭിഭാഷകനായ സര്‍ദാര്‍ പട്ടേല്‍, കേസ് ഫയല്‍ വായിച്ചപ്പോള്‍ അദ്ദേഹത്തിന് മനസിലായി സവര്‍ക്കര്‍ക്ക് ഇതില്‍ ബന്ധമുണ്ട്. എന്ന് മാത്രമല്ല, അദ്ദേഹത്തിനെതിരെ പ്രബലവും അനിഷേധ്യവുമായ തെളിവുകള്‍ അന്വേഷണോദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുമുണ്ടെന്ന്. അതേതുടര്‍ന്ന് പട്ടേല്‍ സവര്‍ക്കറെ പ്രതിപ്പട്ടികയില്‍ നിലനിര്‍ത്താനായി നിര്‍ദേശിക്കുകയും ആ വിവരം ശ്യാമപ്രസാദ് മുഖര്‍ജിയെ അപ്പോള്‍ തന്നെ കത്തെഴുതി അറിയിക്കുകയും ചെയ്തു. അങ്ങനെയാണ് സവര്‍ക്കര്‍ ഗാന്ധി കൊലക്കേസില്‍ പ്രതിയായിട്ട് വിചാരണ നേരിട്ടത്. കോടതിയില്‍ വിസ്തരിച്ചപ്പോള്‍ ചില സാക്ഷികള്‍ കൂറുമാറുകയും മറ്റും ചെയ്തതുകൊണ്ടും മാപ്പുസാക്ഷിയുടെ മൊഴി മുഖവിലക്കെടുക്കാന്‍ കോടതി വിസമ്മതിച്ചതുകൊണ്ടും സംശയത്തിന്റെ ആനുകൂല്യത്തില്‍ സവര്‍ക്കര്‍ രക്ഷപ്പെട്ടു എന്നതാണ് ചരിത്രം.

ഇവിടെ ഹിന്ദുത്വവാദികള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്. സര്‍ദാര്‍ പട്ടേലായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്കില്‍ അദ്ദേഹം കാശ്മീര്‍ പൂര്‍ണമായും പിടിച്ചെടുക്കുമായിരുന്നു. കാശ്മീര്‍ മുഴുവനും പിടിച്ചെടുത്തതിന് ശേഷമേ യുദ്ധം തീരുമായിരുന്നുള്ളൂ എന്നാണ്. അത് വസ്തുതാപരമായിട്ട് ശരിയാണെന്ന് തോന്നുന്നില്ല. കാരണം, കാശ്മീരിനെ അങ്ങനെ ബലം പ്രയോഗിച്ച് ഇന്ത്യയോട് ചേര്‍ക്കണം എന്ന നിര്‍ബന്ധബുദ്ധിയുള്ള ആളായിരുന്നില്ല പട്ടേല്‍. പട്ടേല്‍ പറഞ്ഞത് ‘നമ്മള്‍ സിന്ധ് പൂര്‍ണമായിട്ടും അതിര്‍ത്തി പ്രദേശങ്ങളും ബലൂചിസ്താനും പൂര്‍ണമായിട്ടും മുസ്‌ലിം ലീഗുകാര്‍ക്ക് കൊടുത്തു, പാകിസ്താനാക്കി. പഞ്ചാബിന്റെയും ബംഗാളിന്റെയും വലിയ ഭാഗം നമ്മള്‍ അവര്‍ക്ക് വിട്ടുകൊടുത്തു. ഇത്രവലിയൊരു ഭൂപ്രദേശം അവര്‍ക്ക് കൊടുത്തതിന് ശേഷം ഈ ഒരു താഴ്‌വരക്കുവേണ്ടി യുദ്ധം ചെയ്യേണ്ട ആവശ്യമുണ്ടോ’ എന്നാണ്. അദ്ദേഹം പ്രായോഗികമതിയായ രാഷ്ട്രീയക്കാരനായിരുന്നു. അല്ലാതെ ഒരു സ്വപ്‌നജീവിയോ അല്ലെങ്കില്‍ ഒരു ചിന്തകനോ ഒന്നുമായിരുന്നില്ല. പ്രായോഗികരാഷ്ട്രീയക്കാരനായിരുന്നു. അതുകൊണ്ട് അദ്ദേഹം ആ രീതിയിലുള്ള ഒരു നിലപാട് സ്വീകരിച്ചു. കാശ്മീര്‍ വിഷയത്തില്‍ പട്ടേലിന്റെ നിലപാട് അതായിരുന്നു. പട്ടേലിനെ പില്‍ക്കാലത്ത് കോണ്‍ഗ്രസുകാര്‍ അവഗണിച്ചു എന്നുള്ളത് ശരിയാണ്. ജോഷിയുടെ ലേഖനത്തില്‍ പറയുന്ന അഭിപ്രായത്തോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. പട്ടേല്‍ മരിച്ചതിനു ശേഷം അദ്ദേഹം വല്ലാതെ വിസ്മരിക്കപ്പെട്ടു. നെഹ്‌റു പോലും അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനോ മറ്റുമുള്ള യാതൊരുതരത്തിലുള്ള ശ്രമവും നടത്തിയില്ല എന്നത് വളരെ ഖേദകരമാണ്. പിന്നീട് നെഹ്‌റു, ഗാന്ധി കുടുംബക്കാരുടെ ഒരു തറവാട്ട് മുതലുപോലെയായി കോണ്‍ഗ്രസ്. അപ്പോള്‍ സ്വാഭാവികമായും അന്നത്തെ മറ്റ് എല്ലാ നേതാക്കന്മാരും അവഗണിക്കപ്പെട്ടതുപോലെയായി. പട്ടേല്‍ മാത്രമല്ല, മൗലാനാ ആസാദിന്റെ സ്മരണ മാഞ്ഞുപോയി. ഡോ. രാജേന്ദ്ര പ്രസാദിനെ പോലുള്ള ആളുകള്‍; അതുപോലെ ഒരുപാട് വലിയ വലിയ നേതാക്കന്മാരുണ്ടായിരുന്നു. അവരുടെയെല്ലാം സ്മരണകള്‍ മാഞ്ഞുപോവുകയും നെഹ്‌റു, ഗാന്ധി കുടുംബം മാത്രം കോണ്‍ഗ്രസുകാരുടെ ആരാധനാമൂര്‍ത്തികളായിമാറുകയും ചെയ്തു. അതില്‍ ജോഷി പറഞ്ഞ അഭിപ്രായത്തോട് ഞാന്‍ പരിപൂര്‍ണമായിട്ട് യോജിക്കുന്നു.
കാഞ്ച ഇളയ്യയുടെ ലേഖനം ഒരുതരത്തില്‍ പ്രസക്തമാണ്. കാരണം ഒരു ശൂദ്ര കുടുംബത്തില്‍ പെട്ട അല്ലെങ്കില്‍ കര്‍ഷക വിഭാഗത്തില്‍ നിന്ന് വരുന്ന പട്ടേല്‍ എന്തുകൊണ്ട് ദേശീയരാഷ്ട്രീയത്തില്‍ ഒരു പരിധിക്കപ്പുറം ഉയര്‍ന്നുപോയില്ല, എന്തുകൊണ്ട് അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായില്ല എന്നുള്ള വളരെ പ്രസക്തമായിട്ടുള്ള ചോദ്യമുണ്ട്. ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രി എന്തുകൊണ്ട് ഒരു ശൂദ്ര വംശജനായ പട്ടേല്‍ ആയില്ല എന്ന ചോദ്യം വളരെ പ്രസ്‌കതമായത് തന്നെയാണ്. മാത്രവുമല്ല, ഇതുവരെ ആരും ഉന്നയിക്കാത്ത ഒരുപാട് കാര്യങ്ങള്‍ കാഞ്ച ഇളയ്യയുടെ ലേഖനത്തില്‍ അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. വളരെ സമര്‍ത്ഥമായിട്ടുള്ള പ്രതിപാദന രീതിയാണ് അദ്ദേഹത്തിന്റേത്. അതില്‍ അദ്ദേഹം ഉന്നയിക്കുന്ന ഒരു പ്രധാന പ്രശ്‌നം ഒരു വൈശ്യനായ ഗാന്ധിജി എന്തുകൊണ്ട് ശൂദ്രനായ പട്ടേലിനെ അവഗണിച്ച് ബ്രാഹ്മണനായ നെഹ്‌റുവിനെ സ്വീകരിച്ചു എന്നുള്ളതാണ്. അതിന് പല കാരണങ്ങളുമുണ്ട്. അദ്ദേഹം പറയുന്നപോലെ ജാതീയമായ കാരണം മാത്രമാവണമെന്നില്ല. പക്ഷേ ഒരു കാര്യം വ്യക്തമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പട്ടേലിനായിരുന്നു ഭൂരിപക്ഷം. രാജ്യത്തെ പി സി സി പ്രസിഡന്റുമാരില്‍ ഒരാളൊഴിച്ച് ബാക്കിയെല്ലാവരും തന്നെ പട്ടേലിനെ പിന്തുണയ്ക്കുന്നവരായിരുന്നു. ജനാധിപത്യ രീതിയില്‍ ഒരു തിരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കില്‍ തീര്‍ച്ചയായും നെഹ്‌റുവായിരിക്കില്ല, ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി സര്‍ദാര്‍ പട്ടേല്‍ ആകുമായിരുന്നു. പക്ഷേ, നമ്മള്‍ മറക്കാന്‍ പാടില്ലാത്ത ഒരു കാര്യമുണ്ട്. സര്‍ദാര്‍ പട്ടേലിനെക്കാളും വളരെ ജനപ്രിയ നേതാവായിരുന്നു, ജനങ്ങളുടെ പിന്തുണ തീര്‍ച്ചയായും നെഹ്‌റുവിനായിരുന്നു. സര്‍ദാര്‍ പട്ടേലിനെക്കാളും ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിക്കാന്‍ നെഹ്‌റുവിന് സാധിക്കുമായിരുന്നു. അതിന് മറ്റ് പല കാരണങ്ങളുമുണ്ട്. നെഹ്‌റുവിന്റെ ഉന്നതകുല ജനനം മാത്രമല്ല, വൈദേശികമായിട്ടുള്ള ചിന്താ പശ്ചാതലവും വൈദേശികമായിട്ടുള്ള ആശയപരമായ അന്തരീക്ഷവും അദ്ദേഹത്തിനുണ്ടായിരുന്നു. ഗാന്ധിജി തന്നെ പുറമേക്ക് പറഞ്ഞ കാരണം നെഹ്‌റുവിനെപ്പോലെ കാംബ്രിഡ്ജിലും ഹാരോ പബ്ലിക് സ്‌കൂളിലും പഠിച്ച, വൈദേശികാശയങ്ങളുമായി കൂടുതല്‍ പരിചയമുള്ള, പരിഷ്‌കൃതാശയനായിട്ടുള്ള ഒരാള്‍ക്ക് മാത്രമേ ഇന്ത്യയെ പുതിയ കാലത്ത് നയിക്കാന്‍ കഴിയുകയുള്ളൂ എന്നാണ്. ആ കാരണം പ്രസക്തമാണ്. ഇന്ന് നമ്മള്‍ കാണുന്ന ഇന്ത്യ തീര്‍ച്ചയായിട്ടും നെഹ്‌റുവിന്റെ സൃഷ്ടിയാണ്. അതിനെന്തൊക്കെ പോരായ്മകള്‍ ഉണ്ടെങ്കിലും അതിനെന്തൊക്കെ നേട്ടങ്ങളുണ്ടെങ്കിലും ഇന്ത്യന്‍ ഭരണഘടനയുടെ ആധാരശില പോലും ഉറപ്പിച്ചിരിക്കുന്നത് നെഹ്‌റുവിസത്തിലാണ്, നെഹ്‌റുവിന്റെ വീക്ഷണങ്ങളിലാണ്. ഡോ. അംബേദ്കറും മറ്റാളുകളും ചെയ്ത സേവനങ്ങളൊന്നും വിസ്മരിക്കുകയല്ല. എന്നാലും നെഹ്‌റു വളരെ വലിയ ഒരു നേതാവായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. സര്‍ദാര്‍ പട്ടേലിനെ അനുസ്മരിക്കുമ്പോള്‍ നെഹ്‌റുവിനെ താഴ്ത്തിക്കെട്ടേണ്ട ആവശ്യമില്ല.
ഇനി എന്തുകൊണ്ട് സംഘപരിവാര്‍ പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചു എന്ന് ചോദിച്ചാല്‍ ലളിതമായിട്ട് പെട്ടെന്ന് പറയാവുന്ന ഒരു കാരണം: 1980കള്‍ മുതല്‍ക്ക് ഗുജറാത്തില്‍ നിലനിന്നിരുന്ന ഒരു സാമുദായിക ധ്രുവീകരണം ഉണ്ടായിരുന്നു. പ്രത്യേകിച്ച് മാധവ് സിംഗ് സോളങ്കി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത്. അദ്ദേഹത്തിന്റെ പ്രത്യേക സാമുദായിക/ രാഷ്ട്രീയ താല്‍പര്യങ്ങള്‍ വെച്ചുകൊണ്ട് അദ്ദേഹം ഗുജറാത്തില്‍ ക്ഷത്രിയരുടെയും ആദിവാസികളുടെയും ദളിതരുടെയും മുസ്‌ലിംകളുടെയും ഒരു ഐക്യമുന്നണി കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് കെട്ടിപ്പടുക്കുകയും അവിടുത്തെ പ്രബലരായ, സാമ്പത്തികമായും രാഷ്ട്രീയമായും മുന്നിട്ടുനില്‍ക്കുന്ന പട്ടേല്‍മാരെ അദ്ദേഹം ഒതുക്കുകയും ചെയ്തു. അതേത്തുടര്‍ന്ന് പട്ടേല്‍മാരെല്ലാവരും കോപാകുലരാവുകയും അവര്‍ ബി ജെ പിയില്‍ ചേരുകയും ചെയ്തു. ഇന്ത്യയില്‍ ആദ്യമായിട്ട് ബി ജെ പിക്ക് ഒരു സീറ്റ് കിട്ടിയ സംസ്ഥാനമാണ് ഗുജറാത്ത്. ഗുജറാത്ത് ഒരു കാലത്തും ബി ജെ പിയുടെ അല്ലെങ്കില്‍ പഴയ ജനസംഘത്തിന്റെയോ ആര്‍ എസ് എസിന്റെയോ ശക്തി കേന്ദ്രമായിരുന്നില്ല. 1984ല്‍ ബി ജെ പിക്ക് കിട്ടിയ രണ്ട് സീറ്റുകളില്‍ ഒന്ന് ഗുജറാത്തിലാണ്. അത് നരേന്ദ്രമോഡിയുടെ വീടിരിക്കുന്ന മെഹ്‌സാനയാണ് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അവിടുന്ന് ജയിച്ചത് എ കെ പട്ടേല്‍ എന്ന് പറഞ്ഞ ഒരു പട്ടേല്‍ സമുദായക്കാരനാണ്. രണ്ടാമത്തെ സീറ്റ് കിട്ടിയത് ഹനംകോണ്ടയാണ്. ആന്ധ്രപ്രദേശിലെ ഹനംകോണ്ട സീറ്റില്‍ ബി ജെ പി ജയിച്ചത് സത്യത്തില്‍ തെലുങ്ക് ദേശത്തിന്റെ പിന്തുണയുള്ളതുകൊണ്ടും എന്‍ ടി രാമറാവുവിന്റെ ശക്തമായ പിന്തുണ ബി ജെ പി സ്ഥാനാര്‍ത്ഥിക്കുണ്ടായിരുന്നതുകൊണ്ടുമാണ്. ബി ജെ പി സ്വന്തം ശക്തിയില്‍ ജയിച്ച ഏക മണ്ഡലം മെഹ്‌സാനയായിരുന്നു എന്നത് വളരെ പ്രധനമാണ്. കാരണം പട്ടേല്‍ സമുദായത്തിന്റെ പിന്തുണ ബി ജെ പിക്ക് കിട്ടി. അങ്ങനെയാണ് കേശുഭായ് പട്ടേല്‍ ബി ജെ പിയുടെയും പട്ടേല്‍മാരുടെയും അനിഷേധ്യ നേതാവായി മാറിയത്.
പട്ടേല്‍ സമുദായം പിന്നീട് പല കാരണങ്ങള്‍കൊണ്ടും നമുക്കറിയാവുന്നതുപോലെ നരേന്ദ്രമോഡിക്ക് എതിരായിരുന്നു. കാരണം നരേന്ദ്രമോഡി പട്ടേല്‍ സമുദായക്കാരനല്ല, അദ്ദേഹം പിന്നോക്ക സമുദായക്കാരനാണ്. മോഡ് ഗാഞ്ജി എന്ന എണ്ണയാട്ടുന്ന സമുദായക്കാരനാണ്. അതുകൊണ്ട് ഈ പട്ടേല്‍മാരുടെ പിന്തുണ ഒരുപരിധിവരെയെങ്കിലും ഉറപ്പിച്ചുകിട്ടുന്നതിനുവേണ്ടിയാണ് സര്‍ദാര്‍ പട്ടേലിനെ പൊക്കിക്കൊണ്ടുവന്നത്.
ബി ജെ പിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതൊന്നുമല്ല. അവര്‍ നെഹ്‌റുവിന്റെ ആശയങ്ങളോട് വളരെ എതിര്‍പ്പുള്ളവരാണ്. നെഹ്‌റു എന്ന് പറഞ്ഞ ഒരു വലിയ ബിംബത്തെ തകര്‍ക്കേണ്ടത് അല്ലെങ്കില്‍ വളരെ ചെറുതാക്കേണ്ടത് ബി ജെ പിയുടെ ആവശ്യമാണ്. കാരണം നെഹ്‌റുവിയന്‍ ആശയങ്ങള്‍ ബി ജെ പിയുടെ ആശയങ്ങള്‍ക്ക് നേര്‍വിപരീതമാണ്. ഗാന്ധിജിയോടല്ല ബി ജെ പിക്കാര്‍ക്ക് കൂടുതല്‍ വിരോധമുള്ളത്. മതേതരത്വം അടക്കമുള്ള പരിഷ്‌കൃതാശയങ്ങളെല്ലാം ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍ചേര്‍ക്കുന്നതിന് പ്രധാന പങ്കുവഹിച്ച പണ്ഡിറ്റ് നെഹ്‌റുവിനോടാണ്. നെഹ്‌റു എന്ന വലിയ ബിംബത്തെ ചെറുതാക്കുന്നതിന് വേണ്ടിയാണ് പട്ടേലിന്റെ വളരെ വലിയ, പടുകൂറ്റന്‍ പ്രതിമ ഉണ്ടാക്കിവെച്ചിട്ടുള്ളത്. പോകുന്നിടത്തും വരുന്നിടത്തും സ്ഥാനത്തും അസ്ഥാനത്തുമൊക്കെ പട്ടേലിനെ പ്രകീര്‍ത്തിക്കുന്നത്. അതാണ് നമ്മള്‍ അതിനകത്തുനിന്ന് മനസിലാക്കേണ്ട ഒരു രാഷ്ട്രീയ പാഠം എന്ന് ഞാന്‍ കരുതുന്നു.

അതോടൊപ്പം തന്നെ, കാഞ്ച ഇളയ്യയുടെ ലേഖനത്തില്‍ വളരെ സമര്‍ത്ഥമായി, ബുദ്ധിപൂര്‍വം വാദഗതികളൊക്കെ അവതരിപ്പിക്കുന്നുണ്ടെങ്കിലും അതില്‍ വസ്തുതാപരമായ പല പിശകുകളും വന്നിട്ടുണ്ട്. ഒരുദാഹരണം. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ഒരു ബ്രാഹ്മണനാകണമെന്ന് ഗാന്ധി തീരുമാനിച്ചപ്പോള്‍ പട്ടേല്‍ അനുസരണയോടെ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് പദവിയില്‍നിന്ന് രാജിവെക്കുകയും അത് നെഹ്‌റുവിന് കൈമാറുകയും ചെയ്തു എന്നുള്ളത് വസ്തുതാപരമായിട്ട് തെറ്റാണ്. 1945ല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച നേതാവ് മൗലാനാ അബുല്‍കലാം ആസാദായിരുന്നു. അബുല്‍കലാം ആസാദ് രാജിവെച്ചിട്ടാണ് നെഹ്‌റു കോണ്‍ഗ്രസ് പ്രസിഡന്റായതും പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയായതും. രണ്ടാമത്തെ പ്രധാനപ്പെട്ട തെറ്റ്, നെഹ്‌റുവിന്റെയും ഗാന്ധിയുടെയും പിന്മുറക്കാരില്‍നിന്ന് വ്യത്യസ്തമായി പട്ടേല്‍ പിന്മുറക്കാര്‍ ആരും തന്നെ എഴുത്തുകാരോ രാഷ്ട്രീയക്കാരോ ആയില്ല എന്നതാണ്. അത് തെറ്റാണ്. പട്ടേലിന്റെ മകളും മകനും രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നു. ഒരുപക്ഷേ നെഹ്‌റു കുടുംബക്കാരെ പോലെ അത്രയും വിജയിച്ചില്ല എന്ന് മാത്രമേയുള്ളൂ. പട്ടേലിന്റെ മകന്‍ രാജ്യസഭാംഗമായിരുന്നു. മകള്‍ വളരെ കാലം ലോക്‌സഭാംഗവുമായിരുന്നു. പിന്നെ മറ്റൊരു തെറ്റ് ഹിന്ദുമഹാസഭയുടെ അടുത്ത മിത്രം എന്ന നിലയില്‍ ആര്‍ എസ് എസ് വളരെ നേരത്തെ തന്നെ പട്ടേലിന്റെ മേല്‍ അവകാശവാദമുന്നയിച്ചു. അത് തെറ്റാണ്. അദ്ദേഹം ഒരുകാലത്തും ഹിന്ദുമഹാസഭയുടെ സുഹൃത്തായിരുന്നില്ല. അതിനോട് യാതൊരുവിധ താല്‍പര്യവും പുലര്‍ത്തിയിരുന്നില്ല എന്നുമാത്രമല്ല, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ആദ്യമായിട്ട് ആര്‍ എസ് എസിനെ നിരോധിച്ച ഭരണാധികാരിയും സര്‍ദാര്‍ പട്ടേലായിരുന്നു. അത് ഗാന്ധിജിയുടെ കൊലപാതകത്തെത്തുടര്‍ന്ന് 1948 ഫെബ്രുവരി മാസത്തിലായിരുന്നു.

അവസാനത്തേതും ഏറ്റവും ഭയങ്കരവുമായ ഒരു തെറ്റ്, ആര്‍ എസ് എസിന്റെ സര്‍സംഘ് ചാലകും ബ്രാഹ്മണനുമായ മോഹന്‍ഭാഗവതില്‍നിന്ന് ആജ്ഞകള്‍ സ്വീകരിക്കുന്ന ബനിയ ആയ മോഡി സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ അനാഛാദനം ചെയ്തു എന്നുള്ളതാണ്. അത് തെറ്റാണ്. നരേന്ദ്രമോഡി ബനിയ അല്ല, അദ്ദേഹം ശൂദ്ര വംശജന്‍ തന്നെയാണ്. മോഡ് ഗാഞ്ജി എന്ന ഒരു സമുദായക്കാരനാണ്. ബനിയ നേതാവ് അദ്ദേഹത്തിന്റെ വലംകയ്യായിട്ടുള്ള അമിത്ഷായാണ്.

അഡ്വ. എ ജയശങ്കര്‍

You must be logged in to post a comment Login