ഇതാ ഓര്‍വേലിയന്‍ കാലം: ഭയപ്പെടുത്തി ഭരണമുറപ്പിക്കലാണ് ലക്ഷ്യം

ഇതാ ഓര്‍വേലിയന്‍ കാലം: ഭയപ്പെടുത്തി ഭരണമുറപ്പിക്കലാണ് ലക്ഷ്യം

‘Power is not a means; it is an end. One does not establish a dictatorship in order to safeguard a revolution; one makes the revolution in order to establish the dictatorship.’
-ജോര്‍ജ് ഓര്‍വെല്‍. 1984

1949ലാണ് ജോര്‍ജ് ഓര്‍വല്‍ മൂന്നരപ്പതിറ്റാണ്ട് അപ്പുറത്തുള്ള ഒരു കാലത്തെ പ്രവചിച്ച് നോവലെഴുതിയതും 1984- എന്ന് പേരിട്ടതും. ലോകം യുദ്ധം ചെയ്തുകൊണ്ടിരിക്കുകയും പരമാധികാരങ്ങള്‍ കൂടുതല്‍ ഹിംസാത്മകമാവുകയും ചെയ്തുകൊണ്ടിരുന്ന കാലമാണ് നാല്‍പതുകളെന്ന് നിങ്ങള്‍ക്കറിയാം . ലോകമത് അറിഞ്ഞിരുന്നില്ല. വാര്‍ത്തകള്‍ പുറത്തേക്ക് വരാത്തവിധം അടച്ചുകളഞ്ഞിരുന്നു അന്ന്. അടിത്തട്ട് വരെ ഹിംസയില്‍ ആറാടിയിരുന്ന റഷ്യ, സമഗ്രാധിപതിയുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞിരുന്ന റഷ്യ, സമത്വ സുന്ദര വാഗ്ദത്ത ഭൂമിയെന്ന് വാഴ്ത്തപ്പെട്ടിരുന്നു. റഷ്യന്‍ വിപ്ലവ ഭൂമികയുടെ അടിവേരുകളില്‍ കട്ടപിടിച്ച മനുഷ്യരക്തം പുറത്തേക്കൊഴുകിയത് നിങ്ങള്‍ക്കറിയാവുന്നതുപോലെ തൊണ്ണൂറുകളില്‍ മാത്രമാണ്. നാസി ജര്‍മനിയുടെ അരുംകൊലകള്‍ മനുഷ്യചരിത്രത്തിലെ എക്കാലത്തെയും വലിയ വംശഹത്യയാണെന്നും പ്രപഞ്ചത്തിന്റെ ചരിത്രത്തിലെ ആസൂത്രിത തുടച്ചുനീക്കലാണെന്നും നമ്മളറിഞ്ഞത് എണ്‍പതുകളുടെ ഒടുവില്‍ മാത്രമാണ്. ഫാഷിസ്റ്റ് ഇറ്റലി ജനതയോട് ചെയ്തതെന്ത് എന്നും അക്കാലങ്ങളില്‍ മാത്രമാണ് ചോരയും കണ്ണീരും നിറഞ്ഞ സാക്ഷിമൊഴികളിലൂടെ പുറം ലോകം കണ്ടത്. അടച്ചുപൂട്ടിയ സമഗ്രാധിപത്യ ലോകങ്ങള്‍ അതിക്രൂരതയുടെ കശാപ്പുമുറികളാണെന്ന് പക്ഷേ, ഓര്‍വല്‍ വിളിച്ചു പറഞ്ഞു. ബിഗ് ബ്രദര്‍ ഈസ് വാച്ചിംഗ് എന്ന് അടിവരയിട്ടു. തൊണ്ണൂറുകളിലിരുന്ന് 1984 വായിച്ച ഈ ലേഖകന്റെ തലമുറ അയ്യോ ഇത് എന്റെ കാലത്തിന്റെ ആത്മകഥയാണല്ലോ എന്ന് അമ്പരന്നു. ആ നോവല്‍ എഴുതപ്പെട്ട വര്‍ഷം ഏതെന്ന് കൂടെക്കൂടെ തിരഞ്ഞ് ചെന്നു. 1949 എന്ന് കണ്ട് അദ്ഭുതം കൂറി. ഓര്‍വേലിയന്‍ കാലമെന്ന് തൊണ്ണൂറുകളെ വിളിക്കാന്‍ തുടങ്ങി. അധികാരം മാര്‍ഗമല്ല; ലക്ഷ്യമാണെന്ന നടുക്കുന്ന അറിവാണ് ആ പുസ്തകം. വിപ്ലവത്തെ, മാറ്റത്തെ സംരക്ഷിക്കാനല്ല അധികാരം നിലനില്‍ക്കുന്നത്. അധികാരത്തെ നിലനിര്‍ത്താനാണ് വിപ്ലവം നടത്തുന്നത് എന്ന അറിവ് ലോകത്തിന്റെ സഞ്ചാരത്തെക്കുറിച്ചുണ്ടാക്കുന്ന അഗാധമായ നിരാശകളിലേക്കാണ് ഓര്‍വല്‍ വായനക്കാരെ കൊണ്ടുപോകുന്നത്. എന്തൊരു പ്രവചനം എന്ന് അമ്പരപ്പിച്ചുകൊണ്ട് എല്ലാ സമഗ്രാധിപത്യങ്ങളും കൂടുതല്‍ കൂടുതല്‍ മനുഷ്യവിരുദ്ധവും പ്രകൃതിവിരുദ്ധവുമാവുന്നു. നിങ്ങള്‍ നിരീക്ഷണത്തിലാണ് എന്ന ഓര്‍വേലിയന്‍ വാചകം നമ്മെ ഇപ്പോള്‍ നടുക്കുന്നില്ല. നടുക്കമില്ലാത്ത നെടുവീര്‍പ്പുകള്‍ മാത്രമാണ് ചുറ്റും.

നാനാവിധമായ വ്യവഹാരങ്ങളുടെ സമുച്ഛയമായാണ് മനുഷ്യനെ നാമിന്ന് വിഭാവനം ചെയ്യുന്നത്. എത്രയോ പ്രകാശനങ്ങളാണ് അവന്‍ നടത്തുന്നത്. ജീവിതത്തെ കൂടുതല്‍ ജീവസുറ്റതാക്കാനുള്ള അവന്റെ പരിശ്രമങ്ങളില്‍ ഒന്നുമാത്രമാണ് രാഷ്ട്രീയം. ഒരു വ്യവസ്ഥയുണ്ടാവുക എന്നേ അതിന് അര്‍ത്ഥമുള്ളൂ. വിഭവങ്ങളുടെ നീതിപൂര്‍വകമായ വിതരണത്തിനുള്ള ഒരു വ്യവസ്ഥ. പെറുക്കിത്തീനികളില്‍ നിന്ന് കൂട്ടുജീവിതത്തിലേക്ക് പ്രവേശിച്ച ഘട്ടം മുതല്‍ ഇത്തരം വ്യവസ്ഥകളുണ്ട്. പെറുക്കിത്തീനികളായിരുന്ന ഘട്ടത്തില്‍ കരുതല്‍ ശേഖരങ്ങളില്ലല്ലോ? കൂട്ടുജീവിതത്തില്‍ കരുതല്‍ ശേഖരവും പങ്കുവെക്കലുമുണ്ട്. പങ്കുവെക്കുക എന്ന് പറയുമ്പോള്‍ അതിന് ഒരു വ്യവസ്ഥ അനിവാര്യമാവും. ആ വ്യവസ്ഥയാണ് അധികാരത്തിന്റെ പ്രാഗ് രൂപമെന്ന് നമുക്കറിയാം. മോര്‍ഗന്റെ നരവംശ പഠനങ്ങള്‍ അത് പറഞ്ഞുതരുന്നുണ്ട്. അങ്ങനെ രൂപപ്പെട്ട അധികാരമാണ് മനുഷ്യകുലത്തെ മുഴുവന്‍ ചൂഴ്ന്ന് നില്‍ക്കുന്ന ബൃഹദാകാരമായ ഒന്നായി മാറിയത് എന്നും നമ്മള്‍ മനസിലാക്കിയിട്ടുണ്ട്. മനുഷ്യന്‍ സൃഷ്ടിച്ച രാഷ്ട്രീയം എന്ന ആശയം, അധികാരമെന്ന് വിവര്‍ത്തനം ചെയ്യപ്പെടുകയും ആ അധികാരം അതിന്റെ സ്രഷ്ടാവായ മനുഷ്യനെ വിഴുങ്ങുകയും ചെയ്യുന്ന ദയനീയമായ ഒരു പരിണാമത്തെ നാമിന്ന് കാണുന്നുണ്ട്.
സ്വകാര്യതകള്‍ അപഹരിക്കപ്പെടുന്ന കാലത്തെയാണ് നമ്മളിന്ന് ഓര്‍വേലിയന്‍ കാലമെന്ന് വിളിക്കുന്നത്. വ്യക്തിയുടെ സ്വകാര്യത സ്വാതന്ത്ര്യത്തെ സംബന്ധിച്ച ഏറ്റവും വലിയ ആശയമാണ്.

ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരില്‍ എന്ന് കവി.

എത്രമനോഹരമായ സ്വര്‍ണക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയാണെന്ന്! നമ്മളില്‍ പലരും ഓര്‍മിക്കുന്ന ആ വളരെ പഴയ കവിത ഓര്‍വേലിയന്‍ കാലത്തോടുള്ള കാവ്യപ്രതികരണമാണ്. നോക്കൂ, നിങ്ങള്‍ സദാസമയം നിരീക്ഷിക്കപ്പെടുന്നു എങ്കില്‍, നിങ്ങള്‍ക്ക് അപരിചിതരായവരാണ് എങ്കിലും മറ്റ് ചില മനുഷ്യര്‍ നിങ്ങളെ സദാ നോക്കിക്കൊണ്ടിരിക്കുന്നു എങ്കില്‍ നിങ്ങള്‍ക്ക് സ്വാഭാവികമായി ജീവിക്കാന്‍ കഴിയുമോ? ഇല്ല. നിങ്ങള്‍ അഭിനയിക്കുക മാത്രം ചെയ്യും. സ്വാഭാവികമായി ജീവിക്കാന്‍ കഴിയില്ല എങ്കില്‍ നിങ്ങള്‍ മരിച്ചു എന്നല്ലേ അര്‍ത്ഥം? തടവറയിലാണ് എന്നല്ലേ അര്‍ത്ഥം? മനുഷ്യര്‍ മരിച്ചുപോകുന്ന കാലത്തെക്കൂടിയാണ് നാം ഓര്‍വേലിയന്‍ കാലം എന്ന് വിളിക്കുന്നത്. ഇതൊക്കെ ഇപ്പോള്‍ പറയാന്‍ എന്താണ് പ്രകോപനം എന്നോ? നമ്മെ മരിച്ച മനുഷ്യരാക്കാനുള്ള അധികാരപ്രയോഗങ്ങള്‍ ഇന്ത്യയിലും അതിശക്തമായിരിക്കുന്നു. പ്രതിരോധിക്കേണ്ടവര്‍, അതിന് കരുത്തുള്ളവര്‍ നിശബ്ദരായിരിക്കുന്നു. ചെറുത്തുതോല്‍പിക്കാന്‍ കഴിയില്ലെങ്കിലും കൊല്ലുന്നത് ഞങ്ങളറിയുന്നുണ്ട് എന്ന് നമുക്ക് പറയുകയെങ്കിലും വേണ്ടേ?
കാര്യത്തിലേക്ക് വരാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2018 ഡിസംബര്‍ 20-ന് ഒരുത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ശ്രദ്ധ മുഴുവന്‍ ആര്‍ത്തവത്തിലും ശബരിമലയിലും പെട്ടുപോയതിനാല്‍ ഒട്ടും ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഒരു യെമണ്ടന്‍ ഉത്തരവ്. ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗഡ പുറപ്പെടുവിച്ചത്. ഇന്ത്യയിലെ ഏത് പൗരന്റെയും കമ്പ്യുട്ടറിലുള്ള ഏത് വിവരങ്ങളും കണ്ടെടുക്കാനും ഡീകോഡ് ചെയ്യാനും പത്ത് കേന്ദ്ര ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്നതാണ് ആ ഉത്തരവ്. ഇന്റലിജന്‍സ് ബ്യൂറോ, നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ തുടങ്ങിയവയാണ് ഏജന്‍സികള്‍. ചില്ലറ കാര്യമല്ല. നിങ്ങളുടെ ഏത് സ്വകാര്യതകള്‍ക്കും മീതെ കേന്ദ്രസര്‍ക്കാരിന് അപരിമിതമായ അധികാരം നല്‍കുകയാണ്.
സ്വാഭാവികമായും പ്രതിഷേധം ഉയര്‍ന്നു. ഇപ്പോള്‍ ജ്വലിച്ചുനില്‍ക്കുന്ന രാഹുല്‍ ഗാന്ധി ആദ്യം തന്നെ രംഗത്തെത്തി. ‘Converting India into a police state isn’t going to solve your problems, Modi Ji. It’s only going to prove to over one billion Indians what an insecure dictator you really are.’ എന്നായിരുന്നു രാഹുലിന്റെ പ്രതിഷേധം. ഭയചകിതനായ ഏകാധിപതിയുടെ ചെയ്തികളാണിതെല്ലാം എന്ന്. ഇതുകൊണ്ടൊന്നും മോഡിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല എന്ന്. മറുവാദവുമായി സര്‍ക്കാരുമെത്തി. രാഹുല്‍ ഉള്‍പ്പടെയുള്ളവര്‍ രാജ്യത്തിന്റെ സുരക്ഷയെ വെച്ച് കളിക്കരുതെന്ന് അരുണ്‍ ജെയ്റ്റ്‌ലി. ഭരണഘടന ദേശസുരക്ഷക്കായി ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നുണ്ടെന്നും ജെയ്റ്റ്‌ലി. എന്നുവെച്ചാല്‍ സര്‍ക്കാര്‍ ചെയ്തത് അപ്പീലവകാശമില്ലാത്ത ശരിയാണെന്ന്.

ആണോ? അല്ല. എന്തുകൊണ്ടെന്നോ? ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമായതുകൊണ്ട്. വിശദീകരിക്കാം. ജനാധിപത്യമെന്നത് സാങ്കേതികമായ ഒരു ഭരണരൂപം മാത്രമല്ല. അത് മാത്രമായി അതിന് നിലനില്‍ക്കാനും കഴിയില്ല. അത് വ്യക്തിയുടെ പരമമായ അധികാരത്തെ ആദരിക്കുന്ന ഭരണരൂപമാണ്. വ്യക്തിയെ ഭരണകൂടത്തിന് അടിപ്പെടുത്തി ലോകത്തെവിടെയും ജനാധിപത്യം നിലനിന്നിട്ടില്ല. മാത്രവുമല്ല ന്ിയമപുസ്തകത്തില്‍ എഴുതിവെച്ച വരികള്‍ അതേപോലെ ആവര്‍ത്തിച്ചല്ല ലോകത്തെവിടേയും ജനാധിപത്യം പ്രവര്‍ത്തിക്കുന്നത്.
സര്‍ക്കാര്‍ പറയുന്ന ന്യായം വിവര സാങ്കേതിക നിയമത്തിലെ വകുപ്പ് 69 (1) ചട്ടം നാല് ആണ്.
ഇപ്പറയുന്ന ചട്ടം രഹസ്യമൊന്നുമല്ല. ഇങ്ങനെയാണ്:

”Where the Central Government or a State Government or any of its officers specially authorised by the Central Government or the State Government, as the case may be, in this behalf may, if satisfied that it is necessary or expedient to do in the interest of the sovereignty or integrity of India, defence of India, security of the State, friendly relations with foreign States or public order or for preventing incitement to the commission of any cognizable offence relating to above or for investigation of any offence, it may, subject to the provisions of sub-section (2), for reasons to be recorded in writing, by order, direct any agency of the appropriate Government to intercept, monitor or decrypt or cause to be intercepted or monitored or decrypted any information generated, transmitted, received or stored in any computer resource.”

ഇതാണ് വരികള്‍. രാജ്യസുരക്ഷക്ക് ഭീഷണിയായ സാഹചര്യം ഉണ്ടെന്ന് തോന്നിയാല്‍ എന്ന വരികള്‍ അടിവരയിടണം. എന്നിട്ട് രാജ്യസഭയില്‍ വന്ന് ഇക്കാര്യം പറഞ്ഞ ജെയ്റ്റ്‌ലിയോട് ചോദിക്കാം: ”എന്താണ് സര്‍, ആ സാഹചര്യം?”. ഉത്തരമുണ്ടാവില്ല. പക്ഷേ, മറ്റൊരുത്തരം വാതില്‍ തുറന്നിട്ടിട്ടുണ്ട്. അതിങ്ങനെ വായിക്കാം.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ബി.ജെ.പിക്കുണ്ടാക്കിയ ചില അടിയന്തിര സാഹചര്യങ്ങളിലേക്ക് നമുക്ക് പോകേണ്ടതുണ്ട്. ചെറിയ കാര്യമല്ല അത്. മുപ്പത് വര്‍ഷത്തേക്ക് ഇളകില്ല എന്ന് ഉറപ്പിച്ച അധികാരമാണ് ഇളകിമറിയുന്നത്. അരക്ഷിതമാണ് മോഡിയുടെ നില. അപ്രമാദിതനായിരുന്ന മോഡി ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. മോഡിയില്‍ ആര്‍.എസ്.എസ് അവിശ്വാസം പുലര്‍ത്തുന്നു എന്ന മട്ടിലാണ് വാര്‍ത്തകള്‍. നിധിന്‍ ഗഡ്കരിയുടെ പേര് മോഡിക്ക് ബദലായി ഉയര്‍ന്നിട്ടുണ്ട്. ആര്‍.എസ്.എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മാധ്യമങ്ങള്‍ ഗഡ്കരിക്ക് വലിയ പ്രാമുഖ്യം നല്‍കുന്നു. മോഡിയെ വിമര്‍ശിക്കുന്നു. വിശാല പ്രതിപക്ഷ ഐക്യനിരക്ക് സാഹചര്യങ്ങള്‍ ഒരുങ്ങുന്നു. രാഹുല്‍ ഗാന്ധി ്രപബലനാകുന്നു. അടുത്ത തിരഞ്ഞെടുപ്പ് അതിജീവിക്കില്ല എന്ന ഭയം അമിത് ഷായെ പൊതിയുന്നു.

തിരഞ്ഞെടുപ്പിലെ കണക്കുകള്‍ അറിയാത്തവരല്ല സംഘപരിവാര്‍. നേരിട്ടുള്ള സെറ്റില്‍ തങ്ങളെ തോല്‍പിക്കാനുള്ള കോപ്പ് കോണ്‍ഗ്രസിന്റെയോ മറ്റ് പ്രതിപക്ഷ കക്ഷികളുടേയോ കയ്യില്‍ ഇപ്പോഴില്ല എന്നും അവര്‍ക്കറിയാം. പക്ഷേ, ഉണ്ടാവും. സ്വതന്ത്ര ബുദ്ധികളുടെ വിശാലമായ ഒരു പ്രതിപക്ഷം രാജ്യത്ത് പലയിടങ്ങളില്‍ ഉരുണ്ടുകൂടുന്നുണ്ട്. അവര്‍ തമ്മില്‍ വിനിമയങ്ങള്‍ ഉണ്ടാകുന്നുണ്ട്. അത് പ്രതിപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തും. അതുണ്ടാകരുത്. തങ്ങള്‍ നിരീക്ഷിക്കപ്പെടുന്നു എന്ന തോന്നല്‍ സ്വതന്ത്രബുദ്ധിയുടെ ഒഴുക്ക് തടയും. അത്രയേ ഉള്ളൂ. ഭയപ്പെടുത്തി ഭരണമുറപ്പിക്കാനാണ് ലക്ഷ്യം.

കെ കെ ജോഷി

You must be logged in to post a comment Login