ഹദ്‌റമികളുടെ താവഴി

ഹദ്‌റമികളുടെ താവഴി

മുസ്‌ലിം സമൂഹത്തില്‍ ഏറെ സ്വാധീനം പുലര്‍ത്തുന്നവരാണ് സയ്യിദ് കുടുംബം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ പുത്രി ഫാതിമയുടെ താവഴിയില്‍ വന്ന വംശമാണ് സയ്യിദുമാര്‍. അതിനാല്‍ നബി കുടുംബക്കാര്‍ എന്ന നിലയില്‍ ഇവര്‍ക്ക് സമൂഹം ഉന്നതമായ സ്ഥാനം നല്‍കിപ്പോരുന്നു. മദീനയായിരുന്നു അവരുടെ കേന്ദ്രം. ഉമവി ഖലീഫമാരുടെ കാലത്ത് (661-750) ഇവര്‍ അവഗണനക്ക് വിധേയമായതിനാല്‍ സ്വദേശം വിട്ട് പല ഭാഗങ്ങളിലേക്കും കുടിയേറി. കുറേകാലം അബ്ബാസി ഖിലാഫതിന്റെ (751- 1258)തലസ്ഥാനമായ ബഗ്ദാദിലാണ് താമസമാക്കിയത്. അബ്ബാസികള്‍ അവര്‍ക്ക് സ്ഥാനമാനങ്ങളും സംരക്ഷണവും നല്‍കിപ്പോന്നു. ബസറ കര്‍മാത്തി തീവ്രവാദികള്‍ അക്രമിച്ചതിനെ (900 എ.ഡി) തുടര്‍ന്ന് അവിടെയുള്ള സയ്യിദുമാര്‍ കൂട്ടത്തോടെ യമനിലെ ഹദര്‍മൗതിലെത്തി. ഈ സയ്യിദ് വിഭാഗങ്ങളാണ് ഹദ്‌റമികള്‍ എന്നറിയപ്പെട്ടത്. തെക്കനറേബ്യയിലാണ് ഹദര്‍മൗത്. അറേബ്യന്‍ സംസ്‌കാരത്തിന്റെ കളിത്തൊട്ടിലാണ് ഈ പ്രദേശമെന്ന് ചരിത്രകാരന്‍മാര്‍. അംറു ബിന്‍ ഖഹ്താന്‍ എന്നയാളുടെ പടയോട്ടത്തെ അനുസ്മിച്ചാണ് മരണസാന്നിധ്യം എന്നര്‍ത്ഥമുള്ള ഹദര്‍മൗത് എന്ന് ഈ പ്രദേശത്തിന് പേര് വന്നത്. ഹദര്‍ മവേത് എന്നാണ് ബൈബിളിലെ പേര് (ജെനസിസ്,10:26). തലസ്ഥാനമായ തരീം ഒരു മതവിജ്ഞാന കേന്ദ്രം കൂടിയാണ്. ഇവിടെയാണ് ഹദ്‌റമി സയ്യിദുമാര്‍ തങ്ങളുടെ ആസ്ഥാനമാക്കിയത്. ഇവിടത്തെ ജനങ്ങളില്‍ ഇപ്പോള്‍ വലിയൊരു വിഭാഗം സയ്യിദുമാരാണ്.

ഹദ്‌റമികള്‍ ജനസേവനത്തില്‍ മുഴുകിയതോടൊപ്പം ആത്മീയമായ നേതൃത്വം നല്‍കിപ്പോരുകയും ചെയ്തു. പലരും ആത്മീയ ചികിത്സയിലൂടെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയപ്പോള്‍ മറ്റുപലരും വ്യാപാരത്തില്‍ മുഴുകി. ചിലര്‍ വ്യാപാരവും ആത്മീയനേതൃത്വവും ഒരുമിച്ചു നിര്‍വഹിച്ചു പോന്നു. ഹദ്‌റമികള്‍ പിന്നീട് ലോകത്തിന്റെ പല ഭാഗത്തേക്കും കുടിയേറി. കിഴക്കന്‍ ആഫ്രിക്ക, ഇന്തോനേഷ്യ, മലയ, ചൈന, ഇന്ത്യ, അറബ് രാജ്യങ്ങള്‍, ഈജിപ്ത്, ഖുറാസാന്‍, ട്രാന്‍സോക്‌സിയാന തുടങ്ങി ലോകത്തിന്റെ നാനാഭാഗത്തുമെത്തി. ചെന്നിടത്തൊക്കെ ഇവരെ ജനങ്ങള്‍ ആദരിക്കുകയും മത നേതൃത്വം ഇവര്‍ ഏറ്റെടുക്കുകയും ചെയ്തു. ശാഫീ കര്‍മമാര്‍ഗവും തങ്ങള്‍ തന്നെ സ്ഥാപിച്ച ബാ അലവി സൂഫീ മാര്‍ഗവുമാണ് ഇവര്‍ പ്രചരിപ്പിച്ചത്. ഇന്ത്യന്‍ മഹാസമുദ്ര തീരപ്രദേശങ്ങളില്‍ ഇവരുടെ പ്രവര്‍ത്തനം വിപുലമായിരുന്നു. പലരും ഭരണനേതൃത്വം വരെ വഹിച്ചു. രാഷ്ട്രീയത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. പലപ്പോഴും യൂറോപ്യന്‍ കൊളോണിയലിസത്തിനെതിരായ സമരങ്ങളിലും സയ്യിദുമാര്‍ മുഖ്യ പങ്കുവഹിച്ചു.

സയ്യിദ് എന്ന പദത്തിന് നേതാവ് എന്നര്‍ത്ഥം. മൊറോക്കന്‍ ഭാഗങ്ങളില്‍ സീതി എന്നാണ് പ്രയോഗം. ഹദര്‍മൗതിലെ സയ്യിദുമാര്‍ അലവി എന്ന സയ്യിദ് വംശജന്റെ പരമ്പരയില്‍ വരുന്നതിനാല്‍ ബാ അലവികള്‍ എന്നറിയപ്പെടുന്നു. തെക്കന്‍ അറേബ്യയില്‍ സന്താനങ്ങള്‍ (ബനൂ) എന്നതിന് പകരം ‘ബാ’ എന്നാണ് ഉപയോഗിക്കുന്നത്. അതിനാല്‍ അലവികള്‍ ബാ അലവികള്‍ (അലവിയുടെ സന്താനങ്ങള്‍) എന്നറിയപ്പെട്ടു. സയ്യിദുമാര്‍ അമീര്‍, മീര്‍, ഹബീബ് എന്നൊക്കെയും അറിയപ്പെട്ടു. മുഹമ്മദ് നബി പൗത്രന്‍ ഹസനെ ഉദ്ദേശിച്ചാണ് ആദ്യം സയ്യിദ് എന്ന് പ്രയോഗിച്ചത് എന്ന് ഹദീസ് പണ്ഡിതന്‍മാരായ ബുഖാരി, തിര്‍മിദി എന്നിവര്‍ രേഖപ്പെടുത്തുന്നുണ്ട്. മറ്റൊരിടത്ത് ഹസന്‍, ഹുസൈന്‍ എന്നീ പേരമക്കള്‍ സ്വര്‍ഗത്തിലെ യുവാക്കളുടെ നേതാക്ക(സയ്യിദ്)ളായിരിക്കുമെന്ന് മുഹമ്മദ് നബി പറഞ്ഞുവത്രേ (ഫളാഇലുല്‍ അസ്ഹാബ്, 22; തിര്‍മിദി, മനാഖിബ്, 31).

എ.ഡി തൊള്ളായിരത്തി അമ്പത്തിഒന്നിലാണ് യമനിലേക്കുള്ള ആദ്യത്തെ സയ്യിദ് കുടിയേറ്റം നടക്കുന്നത്. ഇവര്‍ ആദ്യം യമനിലെ അല്‍ഹജറെയ്‌നിലും പിന്നീട് ഹദര്‍മൗതിലെ ഹുസൈസയിലും താമസമാക്കി. ഹദര്‍മൗത് സമുദ്രവ്യാപാരത്തിന്റെ കേന്ദ്രമായത് കൊണ്ട് അവിടെനിന്ന് ലോകത്തിന്റെ നാനാഭാഗത്തേക്കും സഞ്ചരിക്കാനും എളുപ്പമായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരങ്ങളില്‍ ഹദ്‌റമികള്‍ എത്തിപ്പെടാന്‍ ഇത് സഹായകമായി. ഹദ്‌റമികളുടെ സഞ്ചാരത്തെ മൂന്ന് ഘട്ടമായി തിരിയ്ക്കാം: 1. യൂറോപ്യന്‍ അധിനിവേശത്തിന് മുമ്പ്, 2. അധിനിവേശ കാലത്ത്, 3. അധിനിവേശത്തിന് ശേഷം. ഒമ്പതാം നൂറ്റാണ്ട് മുതല്‍ പത്തൊമ്പത് വരെ ഇത് നീണ്ടു നില്‍ക്കുന്നു. ഈ സഞ്ചാരം കൂടിക്കൂടി വരികയായിരുന്നു. വ്യാപാരികളും, കപ്പല്‍ മുതലാളിമാരും, മിഷനറിമാരും, പണ്ഡിതന്‍മാരും തൊട്ട് പ്രദേശിക രാഷ്ട്രീയത്തില്‍ ഇടപെടുന്നവര്‍ വരെ ഇവരില്‍ പെടുന്നു. 1869ല്‍ സൂയസ് കനാല്‍ തുറക്കുകയും ആവിക്കപ്പലുകള്‍ ഉപയാഗപ്പെടുത്തുകയും ചെയ്തതോടെ ഇന്ത്യാസമുദ്ര തീരങ്ങളിലേക്കുള്ള ഇവരുടെ സഞ്ചാരം വര്‍ധിച്ചത് കാണാം. ഹദര്‍ മൗതിലെ രാഷ്ട്രീയ അസ്ഥിരതയും, സാമ്പത്തിക ഞെരുക്കങ്ങളുമാണ് ഹദ്‌റമികളുടെ സഞ്ചാരത്തിന് കാരണമായി പറയാറ്. എന്നാല്‍ ചരിത്രാതീതകാലം തൊട്ടേ സഞ്ചാരം അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതായിരുന്നു. അവര്‍ പൊതുവേ, സാഹസപ്രിയരുമായിരുന്നു. തീരദേശങ്ങളില്‍ മാത്രമല്ല; ആഫ്രിക്കയുടെ അന്തര്‍ഭാഗങ്ങളിലേക്കും, മധ്യപൗരസ്ത്യ ദേശത്തേക്കും, മധ്യേഷ്യയിലേക്കുമൊക്കെ അവര്‍ സഞ്ചരിച്ചു. അതോടൊപ്പം അതിര്‍ത്തിയില്ലാത്ത ലോകത്തെക്കുറിച്ചുള്ള അവരുടെ ഭാവനകളും അതിരുകടന്ന് സഞ്ചരിക്കാന്‍ അവരെ പ്രേരിപ്പിച്ചു. പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായ പകര്‍ച്ചവ്യാധി മൂലവും വളരെപേര്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്തിരുന്നു. പതിനേഴാം നൂറ്റാണ്ട് തൊട്ടാണ് ഹദ്‌റമികള്‍ ഇന്ത്യയെയും തെക്കു കിഴക്കനേഷ്യയെയും ലക്ഷ്യമാക്കി പ്രയാണം തുടങ്ങുന്നത് എന്നതില്‍ ചരിത്രകാരന്‍മാര്‍ക്ക് ഭിന്നാഭിപ്രായമില്ല. ഇത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതിന്റെ ആദ്യത്തിലും അതിന്റെ പാരമ്യത്തിലെത്തി. നാട്ടിലെ രാഷ്ട്രീയ അസ്ഥിരതയും അരാജകത്വമവുമാണ് അവരെ കപ്പല്‍ കയറാന്‍ പ്രേരിപ്പിച്ചത്. അതതുകൊണ്ടുതന്നെ ചെന്ന സ്ഥലങ്ങളിലെ ഭരണത്തിലോ രാഷ്ട്രീയത്തിലോ അവര്‍ക്ക് താല്പര്യമുണ്ടായില്ല. അതേസമയം അനിവാര്യ ഘട്ടങ്ങളില്‍ അവര്‍ രാഷ്ട്രീയം കൈയിലെടുക്കുകയും ചെയ്തു. മതപ്രബോധകരെന്ന നിലക്ക് ശരീഅതിന്റെ സുരക്ഷിതത്വമാണ് അവര്‍ ശ്രദ്ധിച്ചത്. അക്കാര്യത്തിന് വേണ്ടി അവര്‍ ജനങ്ങളെ ഉദ്ബുദ്ധരാക്കിക്കൊണ്ടിരുന്നു.
ഹദര്‍മൗതിലെ തരീമാണ് ഹദ്‌റമികള്‍ കേന്ദ്രമാക്കിയത്. അവിടെ നിരന്തരമായ ഗോത്രസംഘട്ടനങ്ങള്‍ മൂലം ജീവിതം അസാധ്യമായിരുന്നു. യാഫിഈ ബ്‌നു ലബൂസിന്റെ മൂന്ന് ശാഖകള്‍ തമ്മിലായിരുന്നു മുഖ്യമായും സംഘട്ടനങ്ങള്‍. 1830കളില്‍ സമാധാനപരമായി സമൂഹനിസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ വരെ വയ്യാതായി. ഇതിന് പുറമേ 1806ലെയും 1810ലെയും വഹാബി ആക്രമണങ്ങളും ജനജീവിതത്തെ സാരമായി ബാധിച്ചു. തരീമിലെ വിശുദ്ധന്‍മാരുടെ പല ഖബറിടങ്ങളും വഹാബിസൈന്യം നിലം പരിശാക്കി. ദര്‍ഗകളും, ലൈബ്രറികളും നശിപ്പിച്ചു. സൂഫിസമൂഹ സദസുകള്‍ വിലക്കി. തദ്ദേശീയരായ ജനങ്ങള്‍ ഭാരിച്ച നികുതിയും ഒടുക്കേണ്ടി വന്നു. ഇടയ്ക്കിടെയുണ്ടാവുന്ന വരള്‍ച്ചയും ഹദ്‌റമികളെ നാടുവിടാന്‍ നിര്‍ബന്ധിച്ചു. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യത്തിലും പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഉണ്ടായ കടുത്ത വരള്‍ച്ചയെ ചരിത്രകാരന്‍മാര്‍ വരച്ചിടുന്നുണ്ട്. ഇക്കാലത്ത് വളരേയേറെ ഹദ്‌റമികള്‍ നാടുവിട്ടുവത്രേ. പതിമൂന്നാം നൂറ്റാണ്ടിന് ശേഷം ഇന്ത്യന്‍ മഹാസമുദ്രതീരങ്ങളില്‍ അറബികള്‍ വ്യാപാരരംഗത്ത് വിളങ്ങിയിരുന്നു. പതിനേഴാം നൂറ്റാണ്ട് വരെ അറബികള്‍ ഈ മേധാവിത്തം നില നിറുത്തി. ഇക്കാലത്ത് ഇസ്‌ലാം, വ്യാപാരത്തിന് ആത്മീയവും നിയമപരവുമായ നേതൃത്വം നല്‍കി. എല്ലാ രാജ്യക്കാരുമായ വ്യാപാരികള്‍ ഇസ്‌ലാമിലേക്ക് വരികയോ ഇസ്‌ലാം മാര്‍ഗത്തെ വ്യാപാരത്തിന് മാധ്യമമാക്കുകയോ ചെയ്തു. ഇതല്ലാത്തൊരു മാര്‍ഗം പിന്തുടരുക വിഷമമായിരുന്നു. ഇങ്ങനെയുള്ള ഇസ്‌ലാമിക വ്യാപാര സംസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ ഹദ്‌റമികള്‍ക്ക് സാധിച്ചു. ഇവരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളില്‍ വലിയ തോതിലുള്ള മതപരിവര്‍ത്തനങ്ങള്‍ നടന്നു. ജനം കൂട്ടത്തോടെ ഇസ്‌ലാം സ്വീകരിച്ചു. മതം മാറിയവര്‍ പലപ്പോഴും പഴയ സാംസ്‌കാരിക ജീവിതം തന്നെ തുടര്‍ന്നെങ്കിലും അക്കാര്യത്തില്‍ കര്‍ക്കശമായ നിലപാടൊന്നും ഹദ്‌റമികള്‍ സ്വീകരിച്ചില്ല. അതേ സമയം മതപരമായ ജീവിതം പുലര്‍ത്തുന്നതില്‍ അവര്‍ സ്വയം നിഷ്‌കര്‍ഷ പുലര്‍ത്തി. സാധാരണ ജനങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ അവര്‍ നാട്ടുകാരുടെ സംസാരഭാഷയ്ക്ക് അറബി ലിപി നല്‍കുന്ന ഏര്‍പാടും വ്യാപകമാക്കി. ഇത് പ്രബോധനത്തിനും വ്യവഹാരത്തിനും ഏറെ സഹായകമായി. അക്കാലത്ത് നാട്ടുഭാഷകള്‍ മിക്കതിനും ലിപിയുണ്ടായിരുന്നില്ല എന്ന് കൂടി ഓര്‍ക്കണം. സ്വാഹിലി, ജാവി, മലയ്, മലബാരി (അറബി മലയാളം), അര്‍വി തുടങ്ങിയ ഭാഷാരൂപങ്ങള്‍ ഉദാഹരണം. ഹദ്‌റമികള്‍ ചെന്നെത്തിയ നാടുകളില്‍ പലതിലും ഇതര മതസ്ഥരാണ് ഭരണം നടത്തിയിരുന്നത്. ചിലയിടങ്ങളില്‍ മാത്രം ഹദ്‌റമികള്‍ തന്നെയോ, മതം മാറിയ രാജവംശങ്ങളോ ഭരിച്ചു. ഇന്ത്യയുടെ തീരങ്ങളില്‍ ഹിന്ദുരാജാക്കന്‍മാരാണ് ഭരിച്ചത്. എന്നാല്‍ ആരു ഭരിച്ചാലും തങ്ങളുടെ സ്വാതന്ത്ര്യം നിലനിറുത്താനായത് കൊണ്ടും മതപ്രബോധനം സാധ്യമായത് കൊണ്ടും ഹദ്‌റമികള്‍ ഈ ഭരണകൂടങ്ങളെ ഇസ്‌ലാമിക രാജ്യങ്ങളായോ (ദാറുല്‍ ഇസ്‌ലാം) സമാധാന രാജ്യങ്ങളായോ തന്നെ പരിഗണിച്ചു. വ്യാപാരത്തിന്റെ പുരോഗതിയ്ക്ക് ഈ സഹവര്‍ത്തിത്വം അനിവാര്യമാണ് താനും.

യമനില്‍ നൂറ്റിഅറുപത് ഹദ്‌റമി വംശജരെങ്കിലും ഉണ്ടായിരുന്നു. ഈ കുടുംബങ്ങളില്‍ നിന്നുള്ളവര്‍ പല രാജ്യങ്ങളിലേക്കും കുടിയേറിയത് കാണാം. പലരും അവരുടെ വംശാവലി (നസ്ബ്) സൂക്ഷിക്കുന്നത് കൊണ്ട് കുടുംബവേരുകള്‍ കെണ്ടത്താന്‍ പ്രയാസമില്ല. ചെന്ന രാജ്യങ്ങളിലൊക്കെ അവര്‍ തദ്ദേശീയരുമായി കലരാതെ അവരുടെ രക്തശുദ്ധി നില നിറുത്തുകയും അതേസമയം ജനങ്ങളുമായി ഇടപഴകുകയും ചെയ്തു. തദ്ദേശീയരെ അപൂര്‍വമായി വിവാഹം ചെയ്യുമെങ്കിലും തദ്ദേശീയര്‍ക്ക് സയ്യിദ് വനിതകളെ വിവാഹം ചെയ്ത് കൊടുത്തിരുന്നില്ല. ആദ്യകാലങ്ങളില്‍ കുടിയേറിയവര്‍ ഹദര്‍മൗതിലുള്ള കുടുംബവുമായി നിരന്തരം ബന്ധം നില നിറുത്തിപ്പോന്നു. പിന്നീടത് തീരെ ഇല്ലാതായി എന്ന് പറയാം. ഇവര്‍ വേറിട്ട വ്യക്തിത്വം പുലര്‍ത്തിയെങ്കിലും അതാത് നാട്ടിലുള്ള ഭാഷയും സംസ്‌കാരവും ഒരു പരിധിവരെ സ്വീകരിച്ചുപോന്നു. നാട്ടുഭാഷകളെ ഇസ്‌ലാമുമായി ബന്ധിപ്പിക്കുന്നതില്‍ ഇവര്‍ വലിയ സംഭാവനകള്‍ ചെയ്തു. നാട്ടാചാരങ്ങളെ ഇസ്‌ലാമുമായി ബന്ധപ്പെടുത്താനും ശ്രമിച്ചു. അതേസമയം തദ്ദേശീയ സംസ്‌കാരത്തില്‍ പൂര്‍ണമായി ലയിച്ച ഹദ്‌റമി കുടുംബങ്ങളും ഉണ്ടായിരുന്നു. അവര്‍ തദ്ദേശീയരെ വിവാഹം ചെയ്ത് അവരെപ്പോലെ ജീവിക്കുകയും നാടന്‍ സംസ്‌കാരവുമായി സമരസപ്പെട്ടുപോവുകയും ചെയ്തു. ഇവരുടെ എണ്ണം തുലോം കുറവായിരുന്നു. കിഴക്കന്‍ ആഫ്രിക്കന്‍ തീരങ്ങളിലാണ് ഈ മനോഭാവം കൂടുതല്‍ കാണുന്നത്.
ഹുസൈന്‍ രണ്ടത്താണി

You must be logged in to post a comment Login