സലഫിസം കുമ്പസരിക്കുന്നു ഇസ്തിഗാസയും ശിര്‍ക്കല്ല

സലഫിസം കുമ്പസരിക്കുന്നു ഇസ്തിഗാസയും ശിര്‍ക്കല്ല

ഉമറിന്റെ(റ) കാലത്താണ്. മനുഷ്യരാകെ വറുതി കൊണ്ട് കഷ്ടപ്പെടുന്നു. അപ്പോഴാണ് ബിലാലുബ്ന്‍ ഹാരിസ് അല്‍മുസ്‌നി എന്ന സ്വഹാബിവര്യന്‍ തിരുനബിയുടെ ഖബര്‍ ശരീഫിന് അടുത്ത് വരുന്നത്.
‘യാ റസൂലല്ലാഹ്! ഇസ്തസ്ഖി ലി ഉമ്മതിക…’
‘അല്ലഹുവിന്റെ ദൂതരേ, അങ്ങയുടെ സമുദായത്തിന് വേണ്ടി അല്ലാഹുവിനോട് മഴ തേടൂ..അവരാകെ പ്രയാസത്തിലാണ്..’

വഫാതായ തിരുനബിയെ നേരിട്ട് വിളിച്ച് സങ്കടം ബോധിപ്പിക്കുകയാണ് സ്വഹാബിവര്യന്‍. ഉടന്‍ പരിഹാരമുണ്ടായി. ബിലാല്‍(റ) തിരുനബിയെ സ്വപ്‌നം കണ്ടു. പെട്ടെന്ന് ഉമറിനെ(റ) കാണണമെന്നും ഭരണത്തില്‍ ചില പരിഷ്‌കരണങ്ങള്‍ വരുത്താന്‍ ആവശ്യപ്പടണമെന്നും മഴ ലഭിക്കുന്ന സുവാര്‍ത്ത അറിയിക്കണമെന്നും നബി(സ) പറഞ്ഞു. ഈ സംഭവം നിരവധി ഹദീസ് ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പലരും സ്വഹീഹാക്കിയിട്ടുമുണ്ട്.

ഇത് സംബന്ധിയായി ഒരു ചോദ്യം കാഞ്ഞങ്ങാട് മുജാഹിദ്(വിസ്ഡം) മുഖാമുഖ വേദിയില്‍ ഒരാള്‍ ചോദിച്ചു. ആ ചോദ്യത്തിന്റെ മറുപടിയും തുടര്‍ന്നുണ്ടായ സംഗതികളും അവ തൗഹീദ് സംബന്ധിയായ വഹാബി അസ്വസ്ഥകളെയും അതിന്റെ അപ്‌ഡേഷന്‍ ശ്രമങ്ങളെയും എങ്ങനെ പ്രകാശിപ്പിക്കുന്നു എന്ന് നീരീക്ഷിക്കുകയാണ് ഈ ലേഖനം. ഈ സംഭവത്തില്‍ സ്വഹാബി ചെയതത് ഇസ്തിഗാസ(സഹായതേട്ടം) ആണല്ലോ. ഇസ്തഗാസ ശിര്‍ക്കാണെങ്കില്‍ ഈ സ്വഹാബി മുശ്‌രിക് ആണെന്ന് പറയേണ്ടി വരില്ലേ? ഇത് ഉദ്ധരിച്ചവരും പ്രബലപ്പെടുത്തിയവരുമൊക്കെ ശിര്‍ക്ക് പ്രചാരകരാണ് എന്ന് വരില്ലേ? എന്നൊക്കെയാണ് ചോദ്യത്തിന്റെ ആത്മാവ്.
മറുപടി പറയുന്ന മുജാഹിദ് യുവ പണ്ഡിതന്‍ ഇതുവരെ വഹാബി സ്റ്റേജുകളില്‍ നിന്ന് കേള്‍ക്കാത്ത ഒരു കാര്യം പറഞ്ഞു കളഞ്ഞു. പ്രസ്തുത സംഭവത്തില്‍ ഇസ്തിഗാസ ഇല്ല എന്നായിരുന്നു അത്! പ്രത്യുത തവസ്സുല്‍(ഇടതേട്ടം) മാത്രമേയുള്ളൂ. തവസ്സുല്‍ ശിര്‍ക്കല്ല താനും!
മൗലവി തുടര്‍ന്നു. ‘അത് മുജാഹിദുകള്‍ എല്ലാകാലത്തും പഠിപ്പിച്ചിട്ടുണ്ട്. 25 കൊല്ലം മുജാഹിദ് പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറി ആയ പണ്ഡിതന്‍ കെ.പി മുഹമ്മദ് മൗലവി അദ്ദേഹത്തിന്റെ ‘അത്തവസ്സുല്‍’ എന്ന ഗ്രന്ഥത്തിലാണ് ‘അല്‍ ഇസതിഗാസ’ എന്ന ഗ്രന്ഥത്തിലല്ല ഈ സംഭവം ഉദ്ധരിക്കുന്നത്. ലോകത്ത് ഈ വിഷയം ചര്‍ച്ച ചെയ്ത പണ്ഡിതന്മാരെല്ലാം ഇത് തവസ്സുല്‍ ആണെന്നാണ് മനസിലാക്കിയത്.’ ഈ മറുപടി പ്രകാരം അപ്പോള്‍ എന്തായി? നബിയേ, മഴക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് ഞങ്ങളെയൊന്ന് ഈ വറുതിയില്‍ നിന്ന് രക്ഷപ്പെടുത്തണേ എന്ന് തേടിയാല്‍ പോലും (അതാണല്ലോ ഹദീസിലെ തേട്ടത്തിന്റെ പൊരുള്‍ അതിനെ ഇസ്തിഗാസ എന്ന് വിളിച്ചാലും തവസ്സുല്‍ എന്ന് വിളിച്ചാലും) ആ തേട്ടം ശിര്‍ക്കല്ല!

അണികളും നേതാക്കളും ഇത് കേട്ട് അന്തം വിട്ടു. ഇതുവരെ ഇസ്തിഗാസക്കതിരെ പൊരുതിപ്പൊരുതി അവസാനം നാറാണത്തു ഭ്രാന്തന്റെ പണിയെടുത്തത് പോലെയായില്ലേ എന്ന് തൗഹീദ് പോരാളികള്‍ ചോദിച്ചിരിക്കണം. നിരന്തരമായ പരിണാമങ്ങള്‍ക്ക് ഒടുവില്‍ ജിന്ന് വിളിയും സിഹ്‌റ് വിശ്വാസവും ബര്‍കത്തെടുക്കലും സംസം വെള്ളം കുടിക്കലും കണ്ണേറും എല്ലാം തൗഹീദിന് പരിധിയില്‍ വന്നു കഴിഞ്ഞല്ലോ. ഇനി ആകപ്പാടെ ഒരു കട്ട ശിര്‍ക്ക് ഇസ്തിഗാസ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതും ഇപ്പോള്‍ പിടുത്തംവിട്ട മാതിരിയായി; കഷ്ടം! നിരന്തരമായ ഈ കുശുകുശുപ്പുകള്‍ക്കും ചോദ്യം ചെയ്യലുകള്‍ക്കും ഒടുവില്‍ അദ്ദേഹത്തിന് തന്നെ തന്റെ പ്രസ്താവന പിന്‍വലിക്കേണ്ടിവന്നു. പ്രസ്തുത തേട്ടം ശിര്‍ക്ക് തന്നെയാണത്രെ!
ഒരാള്‍ നേരത്തെ പറഞ്ഞ ഒരാശയം പിന്‍വലിക്കുമ്പോള്‍ സ്വാഭാവികമായും ചെയ്യേണ്ട ഒരു കാര്യമുണ്ട്. തനിക്കു പറ്റിയ അബദ്ധം എന്താണെന്ന് ശ്രോതാക്കള്‍ക്ക് വിശദീകരിച്ചുകൊടുക്കുക എന്നതാണത്. ഇപ്പോള്‍ പറയുന്നത് ശരിയാവാനുള്ള കാരണവും വിശദീകരിക്കണം. എന്നാല്‍ ഒന്നും സംഭവിച്ചില്ല. എല്ലാം ഒരു കുമ്പസാരത്തില്‍ ഒതുങ്ങുകയായിരുന്നു.
പ്രഭാഷകന് ഒരു നാക്കബദ്ധം പറ്റിയതാവാനുള്ള സാധ്യത അതിവിദൂരമാണ്. അങ്ങനെയാണെങ്കില്‍ ഇതൊരു ലേഖനത്തിന് വിഷയീഭവിക്കേണ്ട കാര്യവുമില്ല. തെളിവുകള്‍ ഒന്നൊന്നായി ബോധപൂര്‍വം തന്നെയാണ് പറഞ്ഞത്. പച്ചയായ ഹറാമുകളെക്കുറിച്ച് ഇസ്‌ലാമിന്റെ പ്രാഥമിക ധാരണയുള്ളവര്‍ പോലും നാക്കബദ്ധത്തില്‍ അത് ഹലാലാണ് എന്ന് പറയില്ല. വ്യഭിചാരം ഹലാലാണ് എന്ന് തെളിവുകള്‍ നിരത്തി ഒരു മുസ്‌ലിം നാക്കബദ്ധത്താല്‍ പറഞ്ഞുപോകുമോ? എന്നിട്ടാണിപ്പോ തൗഹീദ് പ്രഭാഷകന് ഏറ്റവും വലിയ കൊടുംപാപമായ ശിര്‍ക്ക് തൗഹീദിന്റെ ലിസ്റ്റില്‍ വരുന്നത്!

രണ്ട് കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ഒന്ന്. വിഷയം തൗഹീദാണ്; ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം എല്ലാമെല്ലാമാണ് തൗഹീദ്. തൗഹീദീ വചനത്തെ തായ്‌വേരുകള്‍ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങി ബലിഷ്ടമായി നിലകൊള്ളുന്ന ഉത്കൃഷ്ട വൃക്ഷത്തോടാണ് അല്ലാഹു ഉപമിച്ചിട്ടുള്ളത്. എന്നാല്‍ തൗഹീദിന് വിരുദ്ധമായ വാദങ്ങളൊക്കെ എപ്പോഴും ചഞ്ചലം ആയേക്കാവുന്ന ക്ഷുദ്ര വൃക്ഷത്തോടാണ് ഖുര്‍ആന്‍ ഉപമിച്ചിട്ടുള്ളത്. തൗഹീദ് വിശദീകരണങ്ങളില്‍ നിരന്തരമായ മാറ്റങ്ങള്‍ ചിലര്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഈ ഖുര്‍ആനിക വചനം ഓര്‍മവരിക സ്വാഭാവികം മാത്രം. തൗഹീദിന്റെ കാര്യത്തില്‍ ഒരു സ്ഥായിഭാവത്തിലേക്ക് ഇവര്‍ ഇനിയും ഉയര്‍ന്നിട്ടില്ല എന്നാണ് ഈ മറുപടിയും തുടര്‍ന്നുള്ള കുമ്പസാരവും അര്‍ത്ഥമാക്കുന്നത്. പണ്ടൊക്കെ ഒരു തൗഹീദ് അപ്‌ഡേഷന് നാലഞ്ച് വര്‍ഷമൊക്കെ എടുത്തിരുന്നു(2007 ഏപ്രിലിലെ തൗഹീദ് അപ്‌ഡേറ്റ് ചെയ്തത് 2012 ലായിരുന്നല്ലോ). എന്നാല്‍ എല്ലാ കാലത്തെയും വാദം എന്ന് പറഞ്ഞ് സമര്‍ത്ഥിച്ച കാര്യം വെറും അഞ്ച് ദിവസം കൊണ്ട് മാറുന്ന ഗിമ്മിക്ക് ലോകത്ത് കേരള വഹാബികളില്‍ മാത്രമായിരിക്കും നമുക്ക് ആസ്വദിക്കാന്‍ കഴിയുക എന്ന് തോന്നുന്നു.

രണ്ടാമതായി ഇതൊരു സാധാരണക്കാരന്റെ വിലയിരുത്തലല്ല എന്നതാണ്; പ്രത്യുത ഈ വിഷയം നിരന്തരമായി ചര്‍ച്ചചെയ്യുകയും പ്രഭാഷണങ്ങളും സംവാദങ്ങളും നടത്തുകയും ചെയ്യുന്ന ഒരാളില്‍നിന്നും അടിസ്ഥാനപരമായ വിഷയത്തില്‍ ഒരു ഓര്‍മത്തെറ്റ് സംഭവിക്കുകയില്ല. മാത്രമല്ല കെ.പി അഹമ്മദ് ബിന്‍ മുഹമ്മദ് എന്ന പഴയകാല പണ്ഡിതന്റെ പുസ്തകം ഉദ്ധരിച്ചാണ് സംവാദകന്‍ തന്റെ വാദം സമര്‍ത്ഥിക്കുന്നത്. തന്റേതായി പുറത്തുവന്ന ഫേസ്ബുക് കുമ്പസാരത്തില്‍ ആ പുസ്തകത്തെക്കുറിച്ചോ അതിലദ്ദേഹം ഉന്നയിച്ച ന്യായങ്ങളെ കുറിച്ചോ ഒന്നും പറയുന്നില്ല.

ഇതൊക്കെയും അര്‍ത്ഥമാക്കുന്നത് ഉള്ളില്‍ തനിക്ക് ബോധ്യപ്പെട്ട ഒരു മാറ്റത്തിന്റെ ബോധപൂര്‍വമായ ഏറ്റുപറച്ചിലാണ് അതെന്നാണ്. അല്ലെങ്കില്‍ ഒരു അപ്‌ഡേഷന്‍ ശ്രമം. ബോധ്യങ്ങളുടെ കുത്തുകള്‍ സഹിക്കുന്നതിനുമുണ്ടല്ലോ അതിര്. മുമ്പും ഇദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്റെ സുഹൃത്ത് ഒരിക്കല്‍ ഇതുപോലൊരു സംവാദവേദിയില്‍ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചു; അതിങ്ങനെയായിരുന്നു: തങ്ങളുടെ ഖബറിനരികില്‍ ചെന്ന് ഒരാള്‍ ‘നബിയേ, ഞാന്‍ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്, തെറ്റുകള്‍ പൊറുക്കാന്‍ അല്ലാഹുവിനോട് അങ്ങ് ദുആ ചെയ്യണം’ എന്ന് ആവശ്യപ്പെട്ടാല്‍ അത് ശിര്‍ക്കാകുമോ എന്നായിരുന്നു ചോദ്യം. ഇബ്‌നുകസീറിന്റെ തഫ്‌സീറില്‍നിന്ന് ഒരു ഉദ്ധരണിയും ചോദ്യകര്‍ത്താവ് വായിച്ചു. അതിനോട് അദ്ദേഹം പ്രതികരിച്ചത് അത്തരം തേട്ടങ്ങള്‍ ആവാമെന്നായിരുന്നു. പക്ഷേ; അതിന്റെ ക്ലിപ്പ് യൂട്യൂബില്‍ വരാത്തതുകൊണ്ട് അദ്ദേഹം രക്ഷപ്പെട്ടു.

ഈ അടുത്ത് മറ്റൊരു സലഫിയുടെ മറുപടിയും സാമൂഹിക മാധ്യമങ്ങളില്‍ കേട്ടു. മരിച്ചവര്‍ കേള്‍ക്കുമെങ്കില്‍, അറിയുമെങ്കില്‍, അവര്‍ക്ക് സഹായിക്കാന്‍ കഴിയുമെങ്കില്‍ സഹായിക്കട്ടെ എന്നുകരുതിയാണ് മഹാന്മാരെ വിളിക്കുന്നതെങ്കില്‍ അത് ശിര്‍ക്കല്ല എന്നായിരുന്നു അത്! തൗഹീദ് പ്രചാരണരംഗത്ത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ ഫലം കാണുന്നു എന്നാണ് ഇതൊക്കെയും അര്‍ത്ഥമാക്കുന്നത്.

എന്താണ് പ്രാര്‍ത്ഥന എന്നതിനെ ചൊല്ലിയുണ്ടായ വിവാദം ആണല്ലോ വഹാബികള്‍ക്കിടയില്‍ ഉണ്ടായ ആദര്‍ശപരമായ പിളര്‍പ്പിന് കാരണമായി ഭവിച്ചത്. സൃഷ്ടികളുടെ കഴിവിന് അതീതമായ കാര്യങ്ങളില്‍ സഹായം തേടുന്നതാണ് പ്രാര്‍ത്ഥന എന്നുപറഞ്ഞാണ് വിമതസംഘം പൊട്ടിപ്പുറപ്പെട്ടത്. അതുകൊണ്ട് ജിന്നുകളോട് അവരുടെ കഴിവില്‍പെട്ട കാര്യങ്ങള്‍ ചോദിക്കുന്നത് പ്രാര്‍ത്ഥനയല്ല എന്ന് വിമതവിഭാഗം സിദ്ധാന്തിച്ചു. ജിന്നിനെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ ഞങ്ങള്‍ ഇല്ല എന്ന് പറഞ്ഞു ഔദ്യോഗിക വിഭാഗം വിമതരെ പുറത്താക്കി. നേരത്തെ പറഞ്ഞ നിര്‍വചനത്തില്‍ വിശ്വസിച്ച് ഗിരിപ്രഭാഷണങ്ങള്‍ നടത്തിയ പ്രഭാഷകര്‍ സംഘടന കണ്ണുരുട്ടിയപ്പോള്‍ പരസ്യമായി തൗബചെയ്തു സംഘടനയില്‍ തങ്ങളുടെ നില ഭദ്രമാക്കി.

അതിനു കൂട്ടാക്കാതെ മാറിനിന്ന് വേറിട്ട പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് ഇപ്പോള്‍ മരിച്ചുപോയ മഹാനായ തിരുനബിയോട് ചോദിക്കുന്നതും ശിര്‍ക്കല്ല എന്ന് പഠിപ്പിച്ചിരിക്കുന്നത്. ഇവിടെയും നിര്‍വചനം തന്നെയാണ് വില്ലന്‍. അഥവാ സൃഷ്ടികളുടെ കഴിവിന് അപ്പുറത്തുള്ളത് ഒന്നും ബിലാലുബ്‌നു ഹാരിസ് എന്ന സ്വഹാബി ചോദിച്ചില്ലല്ലോ. അമ്പിയാക്കള്‍ അവരുടെ ഖബ്‌റില്‍ ജീവിച്ചിരിക്കുകയാണെന്നാണ് മുസ്‌ലിം ലോകത്തിന്റെ ഇജ്മാഅ്. ഒരു വിസ്ഡം പ്രഭാഷകന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അമ്പിയാക്കള്‍ അവരുടെ ഖബ്‌റില്‍ ജീവിച്ചിരിക്കുകയാണ് എന്നു സമര്‍ത്ഥിക്കുന്ന ഒരു ഗ്രന്ഥം തന്നെ ഇമാം ബൈഹഖിക്ക് ഉണ്ട്.

തിരുനബിക്ക് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു എന്നും നന്മ കാണുമ്പോള്‍ അവിടുന്ന് സന്തോഷിക്കുകയും തിന്മ കാണുമ്പോള്‍ നമുക്കുവേണ്ടി പൊറുക്കലിനെ തേടുന്നുവെന്നും ഹദീസില്‍ കാണാം. ബര്‍സഖീ ലോകത്ത് തിരുനബിക്ക് ശഫാഅത് ഉണ്ട് എന്ന സ്വഹീഹായ ഹദീസില്‍ നിന്ന് തന്നെവ്യക്തമാണ്. അപ്പോള്‍ വഫാത്തായ നബിയോട് ശുപാര്‍ശ ചെയ്യാന്‍ വേണ്ടി ആവശ്യപ്പെടുന്നത് സൃഷ്ടികളുടെ കഴിവിന് അതീതമായ കാര്യം ആവശ്യപ്പെടലല്ല; പ്രത്യുത സൃഷ്ടികള്‍ക്ക് അല്ലാഹു നല്‍കുന്ന കഴിവില്‍ നിന്നും ആവശ്യപ്പെടല്‍ തന്നെയാണ്. അപ്പോള്‍ അതില്‍ ശിര്‍ക് വരുന്നുമില്ല.

നടേ പറഞ്ഞ നിര്‍വചനത്തിന്റെ ബലത്തില്‍ മനസില്‍ താലോലിച്ച നടക്കുന്ന ഒരു കിടിലന്‍ ആശയമാണ് മൗലവി പ്രഖ്യാപിച്ചുകളഞ്ഞത്. ഇവിടെയും കണ്ണുരുട്ടാന്‍ സംഘടന ഉണ്ടായിരുന്നു. കുമ്പസരിക്കാന്‍ മൗലവിയും. ഇനി നേരത്തെ വിമതസംഘം രൂപപ്പെട്ടതുപോലെ ഒരു സംഘത്തെ കൂടി പ്രതീക്ഷിക്കാം. ഒറ്റയായി ചിലരൊക്കെ അത് പറഞ്ഞു തുടങ്ങിയിട്ടുണ്ട്. നേരത്തെ പറഞ്ഞ ഹദീസുകള്‍ സ്വഹീഹായി സ്ഥിരപ്പെട്ടിട്ടില്ല എന്ന് തന്നെ സങ്കല്‍പിക്കുക. അല്ലാഹു അങ്ങനെ കഴിവ് നല്‍കിയിട്ടുണ്ടെങ്കില്‍, അത് കാരണമായി എന്നെ സഹായിക്കണേ എന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അപ്പോഴും നിര്‍വചനത്തിനു പുറത്ത് ആവുകയില്ല. അപ്പോള്‍ പിന്നെ ശിര്‍കാവുന്ന കാര്യങ്ങള്‍ നന്നേ ചുരുങ്ങും. സൃഷ്ടികള്‍ക്ക് ഒരിക്കലും പ്രാപ്യമാവാത്ത കാര്യങ്ങളാണ് പ്രാര്‍ത്ഥനയുടെ പരിധിയില്‍ വരിക. അഥവാ അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങള്‍ സൃഷ്ടികള്‍ക്ക് ഉണ്ട് എന്ന് വിശ്വസിക്കുമ്പോഴാണ് ശിര്‍ക് വരിക എന്ന് വരും. അതിലിപ്പോ ആര്‍ക്കും തര്‍ക്കവുമില്ലല്ലോ. മരിച്ചു പോയവരില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നവരും രോഗശമനം തേടുന്നവരും പരലോകരക്ഷ ആവശ്യപ്പെടുന്നവരുമൊക്കെ നേരിട്ട് ഈ കാര്യങ്ങള്‍ നിവൃത്തിയാക്കിത്തരേണമേ എന്നല്ലല്ലോ ഉദ്ദേശിക്കുന്നത്; പ്രത്യത, അവര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍(ഉദാ: ദുആ/ ശഫാഅത്ത്/ ആഗ്രഹം) ചെയ്തുതരാനും അത് കാരണമായി അല്ലാഹു അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് തരാനുമാണ് തേടുന്നത്. ചുരുക്കത്തില്‍ കുമ്പസരിച്ചത് കൊണ്ട് മാത്രം തൗഹീദ് ശിര്‍ക്കാവില്ല; സൃഷ്ടികളുടെ കഴിവിനതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥന എന്ന പുതിയ വിസ്ഡം നിര്‍വചന പ്രകാരം ജിന്ന് വിളി മാത്രമല്ല ഇസ്തിശ്ഫാഅ് മാത്രമല്ല പ്രത്യക്ഷത്തിലുള്ള ഇസ്തിഗാസയും ശിര്‍ക്കാവില്ല.

ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി

You must be logged in to post a comment Login