പ്രതിരോധിക്കാനറിയില്ലെങ്കിൽ അവർ മിടുക്കോടെ ആക്രമിക്കും

പ്രതിരോധിക്കാനറിയില്ലെങ്കിൽ അവർ മിടുക്കോടെ ആക്രമിക്കും

Hence that general is skilful in attack whose opponent does not know what to defend; and he is skilful in defence whose opponent does not know what to attack.

ദീപക് ശങ്കരനാരായണൻ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ ഉദ്ധരിച്ച വാചകമാണ്. ടൗി ഠ്വൗ എന്ന ചൈനീസ് ദാർശനികന്റെ യുദ്ധതന്ത്ര വാചകങ്ങളിലൊന്ന്. മറ്റൊരു സന്ദർഭത്തിൽ, മറ്റൊരു സാഹചര്യത്തെ വിമർശിച്ച പോസ്റ്റിൽ ആണ് ഈ ഉദ്ധരണി എങ്കിലും 2014-ൽ നടന്ന ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിന്റെ അന്തിമവാചകമായി കണക്കാക്കാവുന്ന ഒന്നാണ് പഴമൊഴിയായി മാറിയ ഈ വാക്കുകൾ. എതിരാളിക്ക് എന്തിനെ പ്രതിരോധിക്കണം എന്ന് അറിയില്ലെങ്കിൽ ജനറൽ, ആക്രമണത്തിലും എതിരാളിക്ക് എന്തിനെ അക്രമിക്കണം എന്നറിയില്ലെങ്കിൽ ജനറൽ, പ്രതിരോധത്തിലും മിടുക്കനാവും എന്നാണ് അർഥം. ലോകമാധ്യമങ്ങൾ, ബി.ബി.സിയും ഗാർഡിയനുമടക്കം അന്തംവിട്ട 2014-ലെ തിരഞ്ഞെടുപ്പ് ഫലവും മോഡിയുടെ വൻവിജയവും പലപാട് പഠിച്ച വിദഗ്ധരുണ്ട്. സാമൂഹികവും സാമ്പത്തികവും മതപരവും ജാതീയവും മാധ്യമപരവുമായ വിശകലനങ്ങൾ നിരവധിയായി പുറത്തുവന്നിട്ടുമുണ്ട്.

ഇനിയും തെളിയാൻ കിടക്കുന്ന; നിലവിലെ സാമാന്യ ബുദ്ധിവെച്ച് അംഗീകരിക്കാൻ പ്രയാസമുള്ള ഇ.വി.എം അട്ടിമറി എന്ന പ്രചാരണത്തെ അട്ടത്ത് വെച്ചശേഷം വസ്തുതകളെ പരിശോധിച്ചാൽ നിങ്ങൾക്ക് നിഷ്പ്രയാസം എത്തിച്ചേരാവുന്ന നിഗമനത്തിന്റെ തലവാചകം സൺ സുവിന്റെ ഈ മൊഴിയിലുണ്ട്. ഇനി അൽപം ചരിത്രം പറയാം.

പതിനാറാം ലോക്‌സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പാണ് 2014 ഏപ്രിൽ ഏഴ് മുതൽ മെയ് 12 വരെ ഒമ്പത് ഘട്ടങ്ങളിലായി നടന്നത്. 543 സീറ്റുകളിലേക്കായി 8251 സ്ഥാനാർഥികൾ മൽസരിച്ചെന്ന് കണക്ക്. ഭരണകക്ഷിയായിരുന്ന കോൺഗ്രസ് നയിച്ച യു.പി.എ, അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി, (അതേ, അവർ അദ്ഭുതം പ്രസവിക്കുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നത് നമ്മൾ മറക്കരുത്.), നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ബി.ജെ.പി നയിച്ച എൻ.ഡി.എ എന്നിങ്ങനെയായിരുന്നു പാനൽ. 336 എന്ന മാജിക്കൽ സംഖ്യ സ്വന്തമാക്കി എൻ.ഡി.എ വിജയിച്ചു. 282 സീറ്റ് ബി.ജെ.പി തനിച്ച് നേടി. 1984-നു ശേഷം ഇന്ത്യയിൽ ഒരു രാഷ്ട്രീയപാർട്ടി തനിച്ച് കേവല ഭൂരിപക്ഷം നേടി. 1984-ൽ ഇന്ദിരാഗാന്ധിയുടെ വധം സൃഷ്ടിച്ച സഹതാപതരംഗത്തിൽ കോൺഗ്രസ് നേടിയ വിജയത്തിന് ശേഷം പതിറ്റാണ്ടുകൾക്കിപ്പുറം ഒരു ഒറ്റക്കുതിപ്പ്. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ നാളിതുവരെയുള്ള ചരിത്രത്തിൽ ഒരു കോൺഗ്രസിതര രാഷ്ട്രീയ കക്ഷി ഒറ്റക്ക് കേവല ഭൂരിപക്ഷം നേടുന്നതും നടാടെ. ചരിത്രത്തിൽ വേറൊന്നുകൂടിയുണ്ട്. ആദ്യമായാണ് പ്രതിപക്ഷം രൂപീകരിക്കാൻ ഇന്ത്യയിൽ ഒരു സഖ്യം ആവശ്യമായി വന്നത്. അത്ര ഗുരുതരമായിരുന്നു കോൺഗ്രസിന്റെ വീഴ്ച. ചർവിത ചർവണമായ ഈ ചരിത്രം പറച്ചിൽ എന്തിനെന്ന ഒരു ചോദ്യം ഉയർന്നേക്കാം. അതും രാജ്യം മറ്റൊരു പൊതുതിരഞ്ഞെടുപ്പിനെ, അതും ൈവകാരികമായി അമ്പേ ഉലഞ്ഞ ഒരു രാഷ്ട്രീയ സാഹചര്യത്തിൽ, നേരിടാൻ ഒരുങ്ങുന്ന ഘട്ടത്തിൽ നാലര വർഷം മുൻപ് തികച്ചും വ്യത്യസ്തമായ സാഹചര്യത്തിൽ നടന്ന ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ച് നിസംഗമായി പറയുന്നത് എന്തിനെന്ന ചോദ്യം. കാര്യമുണ്ട്. ചരിത്രത്തെ, അതിപ്പോൾ ലബ്ധപ്രതിഷ്ഠമാണെങ്കിലും അല്ലെങ്കിലും ഇടക്കിടെ ഓർമിപ്പിക്കുന്നത് അതിവെളിച്ചത്താൽ മറയുന്ന കാഴ്ചകൾക്ക് ഒരു തടയാണ്. അന്ന് സംഭവിച്ചത് ഇതാണ് എന്ന് ഓർമിച്ചാൽ ഇന്ന് സംഭവിക്കുന്നത് എന്താണെന്ന് തിരിഞ്ഞുകിട്ടും.

അപ്പോൾ തുടരാം. എന്തെല്ലാമായിരുന്നു 2014-ലെ തിരഞ്ഞെടുപ്പ് വിഷയങ്ങൾ? നിശ്ചയമായും അത് കൊടും അഴിമതി തന്നെയായിരുന്നു. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലെ രണ്ടാം യു.പി.എ സർക്കാർ അഴിമതിയിൽ മുച്ചൂടും മുങ്ങിയിരുന്നു. അതീവ ദുർബലമായിരുന്ന കോൺഗ്രസ് നേതൃത്വം ആ അഴിമതിയിൽ പങ്കാളിയാവുകയോ ചൂട്ട് കാട്ടുകയോ ചെയ്തു. കേന്ദ്രഭരണം എന്ന ഒറ്റ അജണ്ടയിൽ സെറ്റ് ചെയ്ത കോൺഗ്രസ് പ്രാദേശികമായി അവരുടെ അടിത്തറകൾ ഒലിച്ചുതീരുന്നത് കണ്ടില്ല. കേരളത്തിൽ ഉൾപ്പടെ അവരുടെ സംഘടനാ സംവിധാനങ്ങൾ തരിപ്പണമായി. മൻമോഹനോമിക്‌സിന്റെ കാലമാണ്. സാമ്പത്തിക പരിഷ്‌കാരങ്ങൾ അതിന്റെ ഊതിവീർപ്പിച്ച കുതിപ്പുകൾ അവസാനിപ്പിച്ചു. സാമ്പത്തികനില വഷളായി. സ്വാഭാവികമായും വിലക്കയറ്റമുണ്ടായി. ഐ.ടി സെക്ടറിൽ ഉൾപ്പടെ തൊഴിലില്ലായ്മ രൂക്ഷമായി. സ്വത്വരാഷ്ട്രീയത്തിലും പിളർപ്പിലെ നേട്ടങ്ങളിലും കണ്ണൂന്നിയിരുന്ന ബി.ജെ.പി, കോൺഗ്രസ് സർക്കാരിനെതിരെ ഒരു പ്രക്ഷോഭവും സംഘടിപ്പിച്ചില്ല. ഒരു വലിയ റാലി പോലും നടത്തിയില്ല. നിഷ്‌ക്രിയ പ്രതിപക്ഷമായി വിരാജിച്ചു. സംഘപരിവാർ രാഷ്ട്രീയത്തിന്റെ അകക്കാമ്പിൽ ഈ പ്രവണതയുണ്ട്. അവരുടെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്ന് വരെ അവർ ഭരണത്തിലില്ലാത്ത ഒരിടത്തും അവർ ദേശത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചിട്ടില്ല. ദേശം ഒരിക്കലും സംഘപരിവാറിന്റെ പ്രതിപക്ഷകാല താൽപര്യമല്ല. നിങ്ങളനുഭവിക്ക് എന്ന ഗ്രാമക്കുശുമ്പിന്റെ മറ്റൊരു രൂപമാണ് പലപ്പോഴുമത്. കേരളത്തിലെ പ്രളയകാലം ഓർമിക്കാവുന്നതാണ്. പ്രക്ഷോഭങ്ങൾ, എതിർപ്പുകൾ തുടങ്ങിയവയൊന്നും സംഭവിക്കാതിരിക്കുന്തോറും യു.പി.എ വഷളാകൽ രൂക്ഷമാക്കി. അസംതൃപ്തികൾ പുകയാൻ തുടങ്ങി. അസംതൃപ്തരെ വർഗീയമായി പിളർത്തൽ എളുപ്പമാണല്ലോ?
രാജ്യമെങ്ങും പടർന്ന ഭീകരാക്രമണങ്ങൾ യു.പി.എ. കാലത്തെ മറ്റൊരു വിഷയമായിരുന്നു. സർക്കാർ സംവിധാനങ്ങളുടെ അപര്യാപ്തതകളെ പരിഹസിച്ചുകൊണ്ട് അക്രമണങ്ങൾ നടന്നു. ചിലയിടങ്ങളിൽ സംഘപരിവാർ കാർമികത്വം അക്രമങ്ങൾക്കുണ്ടായിരുന്നതായി പിൽക്കാലത്ത് തെളിഞ്ഞു. രാജ്യം അരക്ഷിതമാകുന്നു എന്ന തോന്നൽ വളർന്നു. പേരിൽ മുസ്‌ലിം ഉള്ള, പിൽക്കാല എൻ.ഡി.എ ഭരണത്തിൽ തീരെ കേൾക്കാതായ നിരവധി സംഘങ്ങൾ ഈ ആക്രമണങ്ങളിൽ പ്രതിചേർക്കപ്പെട്ടു. ഹിസ്ബുൽ മുജാഹിദീൻ മുതൽ കുറെയേറെ പേരുകൾ. ജനതയെ പിളർത്താനും മതപരമായി ധ്രുവീകരിക്കാനും ഭീകരാക്രമണങ്ങൾപോലെ ശക്തമായ ആയുധങ്ങൾ വേറെയില്ല തന്നെ.
വർഗീയ വിഭജനങ്ങളും സംഘ് പരിവാറിന്റെ നേട്ടമുണ്ടാക്കലും ഒരു വശത്തുണ്ടായിരിക്കുമ്പോൾ തന്നെ അഴിമതി ആയിരുന്നു 2014- ലെ തിരഞ്ഞെടുപ്പിൽ പ്രധാന വിഷയം. തൊഴിൽ സൃഷ്ടിക്കുന്നതിൽ യു.പി.എ പരാജയപ്പെട്ടു. കാർഷിക മേഖലയിൽ വൻ തകർച്ച ഉണ്ടായി. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ യു.പി.എ പ്രത്യേകിച്ച് അന്ന് അപക്വതകൊണ്ട് പേരുദോഷം കേൾപ്പിച്ച രാഹുൽ ഗാന്ധി അപര്യാപ്തനാണ് എന്ന പ്രചാരണം ശക്തമായിരുന്നു. പകരമാവട്ടെ സമർത്ഥമായി നരേന്ദ്രമോഡി എന്ന പേര് ഉയർത്തിക്കാട്ടപ്പെട്ടു. കരുത്തനായ ഒരു ഭരണാധികാരിക്ക് മാത്രമേ ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയൂ എന്ന പ്രചാരണമാണ് ഉയർന്നത്.
ബി.ജെ.പി അവരുടെ തിരഞ്ഞെടുപ്പ് ചരി്രതത്തിൽ ആദ്യമായി വികസനം എന്ന പദം മുന്നോട്ടുവെച്ചു. തീവ്രഹിന്ദു ദേശീയത എന്ന അവരുടെ അജണ്ടയെ സമർത്ഥമായി ഒളിപ്പിച്ചു. യൂറോപ്യൻ രാഷ്ട്രീയചിന്തയിൽ മോഡറേഷൻ തിയറി എന്ന് വിളിക്കപ്പെടുന്ന രാഷ്ട്രീയ പ്രതിഭാസമായിരുന്നു അത്. തീവ്രവലതുപക്ഷ കക്ഷികൾ തനിസ്വഭാവം ഒളിപ്പിച്ചുവെച്ച് വികസനോൻമുഖത സംസാരിക്കുന്ന പരിപാടിയാണ് മോഡറേഷൻ തിയറി. വികസനം സംവാദവിഷയമാക്കുക. അതുവഴി കക്ഷികളുടെ വലത് തീവ്രത പൊതിഞ്ഞുവെക്കുക. ഇതാണ് ബി.ജെ.പിയും പ്രയോഗിച്ചത്. ബി.ജെ.പിയിലേക്കുള്ള മധ്യവർഗത്തിന്റെയും യുവാക്കളുടെയും ഒഴുക്കിനെ അത് ഗുണപരമായി സ്വാധീനിച്ചു. 2004-ലെയും 2009-ലെയും അവരുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളും 2014-ലെ പ്രചാരണവും പരിശോധിച്ചാൽ ഇക്കാര്യം തീർച്ചയാക്കാം. 2004-ലും 2009-ലും അക്കാലമാവുമ്പോഴേക്കും ഏറെക്കുറെ മൃതാവസ്ഥയിലായിരുന്ന രാമജന്മഭൂമി പ്രശ്‌നത്തെ ഉയർത്തിക്കാട്ടാനാണ് ബി.ജെ.പി ശ്രമിച്ചത്. മുസ്‌ലിം വിരുദ്ധത, പ്രാദേശികമായ വർഗീയതകൾ തുടങ്ങിയവയായിരുന്നു പ്രചാരണായുധം. ഇപ്പോഴത്തെ അമിത് ഷാ-മോഡി സഖ്യത്തെ അപേക്ഷിച്ച് നന്നേ വീര്യംകുറഞ്ഞ ഹിന്ദുത്വവാദികളായിരുന്നു അവരുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നത് എന്നോർക്കണം. എന്നിട്ടുപോലും പ്രകടഹിന്ദുത്വത്തെ മാത്രമാണ് അവർ തിരഞ്ഞെടുപ്പ് രംഗത്തേക്ക് കൊണ്ടുവന്നത്. തിരിച്ചടി ലഭിക്കുകയും ചെയ്തു. 2014 പക്ഷേ, സ്ഥിതി അതല്ല. ബി.ജെ.പി തീവ്രഹിന്ദുത്വത്താൽ വിജൃംഭിച്ച് നിൽക്കുന്ന കാലമാണ്. ഗുജറാത്ത് വംശഹത്യയുടെ ചോര മാഞ്ഞിട്ടില്ല. പക്ഷേ, അവർ 2014-ൽ രാഷ്ട്രീയമാണ് പറഞ്ഞത്. ആർട്ടിക്കിൾ 370 നെക്കുറിച്ച് മിണ്ടിയില്ല. രാമജന്മഭൂമി ഉയർത്തിയില്ല. ഏകീകൃത സിവിൽ കോഡ് കാര്യമായി ചർച്ചയാക്കിയില്ല. പകരം, ഈ രാജ്യം തരിപ്പണമായെന്നും അതിശക്തിമാനായ ഒരാൾ രക്ഷകനായി വരണം എന്നുമാണ് പറഞ്ഞത്. ആ രക്ഷകബിംബമായി അവർ നരേന്ദ്രമോഡിയെ ഉയർത്തിക്കാട്ടി. ഏത് വിധത്തിലാണെന്നുകൂടി പറയാം. പലവട്ടം നമ്മൾ ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. ഒരിക്കൽ കൂടി ഓർമിപ്പിക്കാം. സംഘടിതവും ആസൂത്രിതവുമായിരുന്നു ആ ഉയർത്തിക്കാട്ടൽ.

2014-ലെ മാധ്യമാന്തരീക്ഷം ശ്രദ്ധിക്കണം. 2000ത്തിന് ശേഷം ആഗോളതലത്തിൽ മാധ്യമങ്ങൾക്ക് ചില ശോഷണങ്ങൾ ഉണ്ടാകുന്നുണ്ട്. പലയിടത്തും അവ നിഷ്‌ക്രമിക്കപ്പെട്ടു. ഉള്ളയിടത്താകട്ടെ അത്രയൊന്നും ശക്തമല്ല എന്ന നിലയും. അമേരിക്കയിലും ഇംഗ്ലണ്ടിലും നടന്ന പഠനങ്ങൾ പരമ്പരാഗത മാധ്യമങ്ങൾക്ക് രാഷ്ട്രീയ അഭിപ്രായ സ്വരൂപണത്തിൽ ഉണ്ടായിരുന്ന പങ്ക് ഗണ്യമായി കുറഞ്ഞതിനെ അടിവരയിട്ടു. ഈ പഠനങ്ങൾ മാധ്യമ മേഖലയിലെ മുതലിറക്കിനെ വലിയ തോതിൽ സ്വാധീനിക്കുകയും ചെയ്തു. അങ്ങനെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നിടുമ്പോൾ ശുഷ്‌കിച്ച ഒരു മാധ്യമാന്തരീക്ഷമാണ് നിലനിന്നിരുന്നത് എന്ന് കാണാം. ഇന്ത്യയിലാകട്ടെ സ്ഥിതി തികച്ചും വ്യത്യസ്തമായിരുന്നു. മാധ്യമങ്ങൾ അവയുടെ അതിശക്തമായ നിലതുടരുന്ന കാലമായിരുന്നു അത്. ചാനൽ-പത്ര വിശ്വാസ്യതകൾ അതിൽ പ്രവർത്തിക്കുന്ന മുൻനിര ജേണലിസ്റ്റുകളുടെ ആർജവം കൊണ്ട് ഉജ്വലിച്ച് നിന്ന കാലം. വാർത്താ-വാർത്താധിഷ്ഠിത ചാനലുകൾ മാത്രം 410 എണ്ണമുണ്ട്. 250 സ്വകാര്യ എഫ.്എം. സ്‌റ്റേഷനുകളും. 12500 ദിനപത്രങ്ങൾ, 81500 ആനുകാലികങ്ങൾ എന്നിങ്ങനെ അതിശക്ത സാന്നിധ്യം. 213 മില്യൺ ഇന്റർനെറ്റ് കണക്ഷനുണ്ട് അന്ന് ഇന്ത്യയിൽ. 875 മില്യൺ ആളുകൾക്ക് സജീവമായ ഫോൺ കണക്ഷനുണ്ട്. കണക്കുകൾ പറഞ്ഞത് എത്രമേൽ മാധ്യമ സമ്പന്നമായ കാലത്താണ് കഴിഞ്ഞ ബി.ജെ.പി സർക്കാർ അധികാരത്തിലേറിയത് എന്ന് സൂചിപ്പിക്കാനാണ്. ഈ മാധ്യമങ്ങൾ യു.പി.എക്കെതിരെ തിരിഞ്ഞിരുന്നു. ചില കുഴലൂത്ത് മാധ്യമങ്ങൾ ഒഴിച്ചാൽ വിശ്വാസ്യതയുള്ള മുഴുവൻ മാധ്യമങ്ങളും കോൺഗ്രസിനെയും യു.പി.എ ഭരണത്തെയും വലിച്ചുകീറി. അഴിമതികൾ അവർ പൊതുചർച്ചക്ക് വെച്ചു.

അത് മാത്രമാണോ സംഭവിച്ചത്? നിശ്ചയമായും അല്ല. ഒരറ്റത്ത് ഈ മാധ്യമബാഹുല്യം യു.പി.എ സർക്കാറിനെയും കോൺഗ്രസിനെയും വിചാരണ ചെയ്യുന്ന അതേ അളവിൽ മോഡി എന്ന ബിംബനിർമിതിക്ക് സഹായിക്കുകയും ചെയ്തു. അത് ആസൂത്രിതമായ ഒരു പ്രതിച്ഛായാനിർമിതി ആയിരുന്നു. മുൻനിരക്കാരായ ചില മാധ്യമങ്ങളും സൈബർ ലോകവും ചേർന്ന് നടത്തിയ ഗെയിം. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ നരേന്ദ്രമോഡി തിരഞ്ഞെടുപ്പിനെ നേരിട്ടു. രാജ്യത്തുടനീളം മോഡി മൽസരിക്കുന്നു എന്ന പ്രതീതി ഉണർത്താൻ കഴിഞ്ഞു. 66.4 ശതമാനം വരെ വോട്ടിംഗ് എത്താൻ ഈ പ്രചാരണം തെല്ലൊന്നുമല്ല സഹായിച്ചത്. അങ്ങനെയാണ് മോഡിയും ബി.ജെ.പിയും ജയിച്ചുകയറിയത്.

ചരിത്രം കഴിഞ്ഞു. ഇതിപ്പോൾ ഇങ്ങനെ പറയാൻ കാരണം മുകളിൽ ഉദ്ധരിച്ച സൻ-സുവിന്റെ വാചകമാണ്. Hence that general is skilful in attack whose opponent does not know what to defend; and he is skilful in defence whose opponent does not know what to attack. നിങ്ങൾക്ക് പ്രതിരോധിക്കാൻ അറിയില്ലെങ്കിൽ അവർ മിടുക്കോടെ ആക്രമിക്കുമെന്നാണല്ലോ? എങ്ങനെ ബി.ജെ.പി ജയിച്ചു എന്ന ചോദ്യത്തിന് വോട്ടിംഗ് മെഷീൻ ഹാക്കിംഗ്, തീവ്രഹിന്ദുത്വം, അട്ടിമറി തുടങ്ങിയ പല്ലവികളിൽ (അവയെല്ലാം തള്ളിക്കളയണമെന്ന് ഈ ലേഖകൻ കണ്ണടച്ച് പറയുകയല്ല; മറിച്ച് അവക്കൊന്നും ഇപ്പോൾ വലിയ തെളിവുകളില്ല; നമ്മൾ ഇപ്പോൾ പറഞ്ഞവയാവട്ടെ സാമൂഹിക പഠിതാക്കൾ പൂർണമായി ശരിവെച്ച കാര്യങ്ങളുമാണ്.) അഭിരമിച്ചാൽ എങ്ങനെ അക്രമിക്കണമെന്നും എങ്ങനെ പ്രതിരോധിക്കണമെന്നും നമുക്കറിയാതാവും.
ചരിത്രം കഴിഞ്ഞു. ഇനി ചരിത്രം കുറിച്ച ഒരു വർത്തമാനത്തിലേക്ക് വരാം. ജനുവരി പത്തൊൻപതിന് കൊൽക്കത്തയിലാണ് അത് സംഭവിച്ചത്. പൊതുതിരഞ്ഞെടുപ്പിലേക്ക് നാളുകൾ മാത്രം അവശേഷിക്കേ ഇന്ത്യയിലെ 22 പ്രതിപക്ഷ കക്ഷികളുടെ സംയുക്തറാലിക്ക് കൊൽകത്ത നഗരം വേദിയായി.
യുണൈറ്റഡ് ഇന്ത്യ റാലിയെന്ന് പേരിട്ട മഹാറാലിക്ക് നേതൃത്വം നൽകിയത് മമതാ ബാനർജി. ചന്ദ്രബാബു നായിഡു, അരവിന്ദ് കെജ്‌രിവാൾ, എച്ച്.ഡി കുമാരസ്വാമി, അഖിലേഷ് യാദവ്, എം.കെ. സ്റ്റാലിൻ, തേജസ്വിനി യാദവ്, ഫറൂഖ് അബ്ദുള്ള, ശരദ് പവാർ, അഭിഷേക് സിങ്‌വി, അരുൺ ഷൂരി, യശ്വന്ത് സിൻഹ, ജിഗ്‌നേഷ് മേവാനി തുടങ്ങി രാജ്യത്തിന്റെ ശബ്ദമായി മാറാൻ കെൽപുള്ള എണ്ണം പറഞ്ഞ കക്ഷികളും നേതാക്കളുമാണ് റാലിക്കെത്തിയത്. ‘Delhi mein sarkar badal do’ (change the government at the Centre), എന്ന മുദ്രാവാക്യം കൊൽക്കത്തയെ പ്രകമ്പനം കൊള്ളിച്ചു. ലോകമാധ്യമങ്ങൾ കൊൽകത്തയിലേക്ക് കണ്ണ് നട്ടു. ബി.ജെ.പി ഭരണം അവസാനിപ്പിക്കാൻ, മോഡിയെ താഴെയിറക്കാൻ എല്ലാ കക്ഷികളുമായും യോജിക്കുമെന്ന് മമത പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പിന്തുണ യോഗത്തിൽ വായിച്ചു. പെങ്കടുത്ത മുഴുവൻ നേതാക്കളും മോഡിക്കെതിരെ രൂക്ഷവിമർശനമാണ് രേഖപ്പെടുത്തിയത്.

എങ്ങനെയാണ് ഈ റാലി ചരിത്രം കുറിക്കുക? ഉത്തരം ലളിതമാണ്. ആ റാലിയിൽ പങ്കെടുത്ത ഭൂരിപക്ഷം നേതാക്കളും പ്രാദേശിക തലത്തിൽ അടിത്തറയുള്ളവരാണ്. പ്രാദേശികത പ്രതിപക്ഷമായി വന്നാൽ മാത്രമാണ് തീവ്രദേശീയത രാഷ്ട്രീയ ആയുധമായ ഒരു കക്ഷിയെ വെല്ലുവിളിക്കുക സാധ്യമാകുക. ആ വെല്ലുവിളിക്കലാണ് കൊൽക്കത്തയിൽ സംഭവിച്ചത്. അതായത്, എതിർപക്ഷം അഥവാ ഭരണപക്ഷം അതിശക്തമാണെന്ന് പ്രതിപക്ഷം തിരിച്ചറിഞ്ഞിരിക്കുന്നു. ഒറ്റക്ക് അവരോടെതിരിടുക അസാധ്യമാണെന്നും തിരിച്ചറിഞ്ഞിരിക്കുന്നു. കൂട്ടുചേരാൻ അവർ വിട്ടുവീഴ്ചക്ക് സന്നദ്ധമായിരിക്കുന്നു.

ഇതാണ് പ്രതിരോധം. ആരാണ് പ്രധാനമന്ത്രി എന്ന ചോദ്യച്ചൂണ്ടകളിൽ കുരുങ്ങാതെ, ചെറിയ താൽപര്യങ്ങളിൽ പരുങ്ങാതെ കൊൽകത്തക്ക് തുടർച്ചയുണ്ടാക്കാൻ കഴിഞ്ഞാൽ രാജ്യം പുതിയ ചരിത്രമെഴുതും. വെന്തകാലുകൾ ആഞ്ഞുവീശി മഹാനഗരത്തിലേക്ക് വന്ന കർഷകരോടുള്ള നീതിയാവും അത്. ജനാധിപത്യത്തിന് നീതി എന്നും അർത്ഥമുണ്ട്.

2014ൽ യു പി എ ഗവൺമെന്റിന്റെ കഥകഴിക്കുകയും എൻ ഡി എയെ അവരോധിക്കുകയും ചെയ്തതിൽ അന്നത്തെ ഇന്ത്യയിലെ സുശക്തമായ മാധ്യമങ്ങൾക്കുള്ള പങ്കിനെക്കുറിച്ച് നമ്മൾ സംസാരിച്ചുകഴിഞ്ഞു. അതേ സുശക്തമായ മാധ്യമങ്ങൾ അതിലേറെ ശക്തമായി നിലനിൽക്കുന്ന ഒരു മാധ്യമാന്തരീക്ഷമാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. എന്നാൽ 2014ൽ യു പി എയുടെ തൊലിയുരിച്ച ഉജ്വലരായ മാധ്യമപ്രവർത്തകർ മാധ്യമ സ്ഥാപനങ്ങളിലെ ക്യാപിറ്റലിസത്തിന്റെ മൂലധനത്തിന്റെ പിടിമുറുക്കത്തിൽ സഹികെട്ട് സ്വതന്ത്ര മാധ്യമങ്ങളുമായി രംഗത്തുണ്ട്. രാജ്ദീപ് സർദേശായി ഉൾെപടെയുള്ളവർ. ഈ സ്വതന്ത്ര മാധ്യമ സംരംഭകരുമായി പുറത്തുള്ള ഇവരാകട്ടെ, എൻ ഡി എ സർക്കാറിന്റെയും നരേന്ദ്രമോഡിയുടെയും കടുത്ത വിമർശകരാണ്. ഈ വിമർശക മാധ്യമങ്ങൾ പുറത്തുള്ളിടത്തോളം കാലം എൻ ഡി എക്ക് ഈ തിരഞ്ഞെടുപ്പ് ഒട്ടും എളുപ്പമാവില്ല. പറഞ്ഞുവന്നതെന്തെന്നാൽ, 2014ൽ യു പി എയെ പുറന്തള്ളി എൻ ഡി എയെ അധികാരത്തിലെത്തിക്കുവാൻ എന്തെല്ലാം ബലങ്ങളാണോ പ്രവർത്തിച്ചിരുന്നത്, ആ ബലങ്ങളെല്ലാം അതേപടി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ആ ബലങ്ങളെ എൻ ഡി എ വിരുദ്ധതയിലേക്ക് ചാലകം ചെയ്യാൻ, ആ ബലങ്ങളെ എൻ ഡി എ വിരുദ്ധമാക്കി മാറ്റാൻ പ്രതിപക്ഷ ഐക്യത്തിന് കഴിഞ്ഞാൽ ഇന്ത്യ ചരിത്രം കുറിക്കുമെന്നതിൽ സംശയമില്ല.

കെ കെ ജോഷി

You must be logged in to post a comment Login