അവര്‍ പഠനം പാതിയില്‍ ഉപേക്ഷിക്കുന്നതെന്തിനാണ്?

അവര്‍ പഠനം പാതിയില്‍ ഉപേക്ഷിക്കുന്നതെന്തിനാണ്?

നമ്മുടെ വിദ്യാഭ്യാസരംഗത്ത് ഏറെ പരീക്ഷണങ്ങള്‍ നടന്ന കാലമാണ് കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങള്‍. സ്‌കൂള്‍, കോളജ് പാഠ്യപദ്ധതിയില്‍, പരീക്ഷാ നടത്തിപ്പില്‍ സമൂല പരിഷ്‌കരണം ലക്ഷ്യം വെച്ചുകൊണ്ടുള്ള പുതിയ പഠനങ്ങളും പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവില്‍ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ. എം.എ. ഖാദറിന്റെ നേതൃത്വത്തിലുളള സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. പ്ലസ് ടു തലം വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം സമഗ്രമായി പുനഃസംവിധാനം ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. തരീന്‍ കമ്മിറ്റി, ഹൃദയകുമാരി കമ്മിറ്റി തുടങ്ങിയ സമിതികളുടെ ശുപാര്‍ശകളും നിര്‍ദേശങ്ങളുമെല്ലാം ഭാഗികമായിട്ട് ഇക്കാലയളവില്‍ നടപ്പിലാക്കിയതുമാണ്. ഈ റിപ്പോര്‍ട്ടുകളിലൊന്നും വിദ്യാര്‍ഥികളുടെ സ്വഭാവരൂപീകരണം, കാമ്പസ് സംസ്‌കാരം തുടങ്ങി യുവതലമുറയുടെ മനോഘടനയും ജീവിതശൈലിയും സംബന്ധിച്ചുള്ള ഗൗരവമായ ആലോചനകളോ നിര്‍ദേശങ്ങളോ ഒന്നും കാണുന്നില്ല.

2016 ജൂണ്‍ മുതല്‍ 2017 ഏപ്രില്‍ വരെയുള്ള കാലയളവില്‍ കേരളത്തിലെ മയക്കുമരുന്ന് കേസുകളില്‍ നാലിരട്ടി വര്‍ധനവുണ്ടായി. നല്ലൊരുപങ്കും സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണ് ഉത്തരവാദികള്‍ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഇതില്‍ പൊതുസമൂഹം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആഹ്വാനം ചെയ്തതുമാണ്. പാഠ്യപദ്ധതിയും ഘടനയും പുനഃസംവിധാനം ചെയ്യാന്‍ ശ്രമിക്കുന്ന നമ്മുടെ വിദ്യാഭ്യാസ വിദഗ്ധര്‍ ഇനിയെങ്കിലും ഗൗരവത്തോടെ ആലോചിക്കേണ്ട വിഷയമാണിത്. മയക്കുമരുന്നുകളും ലഹരിവസ്തുക്കളും കാമ്പസുകളില്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകളും പ്രശ്‌നങ്ങളും പോലെതന്നെ നമ്മുടെ ശ്രദ്ധ തിരിയേണ്ട കാര്യമാണ് യുവതയുടെ ജീവിതശൈലികളും വിശ്വാസാചാരങ്ങളുമെല്ലാം.

പഠിപ്പില്‍ മിടുക്കു തെളിയിച്ച, നല്ല സ്ഥാപനങ്ങളില്‍ മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ച പല വിദ്യാര്‍ത്ഥികളും വഴിമധ്യേ പഠനം നിര്‍ത്തിപ്പോകുന്ന നിരവധി സംഭവങ്ങള്‍ ഈ ലേഖകന് നേരിട്ടറിയാം. വിദ്യാര്‍ഥികളുടെയോ സ്ഥാപനത്തിന്റെ പേരുകള്‍ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ല. സംസ്ഥാന എന്‍ട്രന്‍സില്‍ നല്ല റാങ്ക് നേടി പ്രമുഖ സ്ഥാപനങ്ങളില്‍ എന്‍ജിനീയറിംഗിനും മറ്റു പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും അഡ്മിഷന്‍ നേടിയ ചില വിദ്യാര്‍ത്ഥികള്‍ പഠനം രണ്ടും മൂന്നും വര്‍ഷമായപ്പോള്‍ അത് നിര്‍ത്തിപ്പോകുന്ന നിരവധി സംഭവങ്ങള്‍ ഉണ്ട്. സ്വഭാവത്തില്‍ അങ്ങേയറ്റത്തെ മര്യാദയും അനുസരണയും ജീവിതത്തില്‍ സൂക്ഷ്മതയും ഒക്കെ ഉള്ളവരാണ് ഇവര്‍. പക്ഷേ അവരുടെ ലോകവീക്ഷണവും മത കാഴ്ചപ്പാടുകളും പൂര്‍ണമായി മാറിപ്പോയിരിക്കുന്നു. ഏതെങ്കിലും മതപാഠശാലകളില്‍ പഠിച്ചതുകൊണ്ടോ ഗുരുക്കന്‍മാരെ ശിഷ്യപ്പെട്ടതുകൊണ്ടോ ഉണ്ടായതല്ല, മറിച്ച് വിശ്വാസവഴികള്‍ സ്വയം തിരഞ്ഞെടുക്കാനുള്ള ഓണ്‍ലൈന്‍ പഠനങ്ങളാണ് ഇവരില്‍ അധികം പേരെയും വിദ്യാഭ്യാസം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. തങ്ങളുടെ സാങ്കല്‍പിക വിശ്വാസത്തെ മുന്‍നിര്‍ത്തിയുള്ള ഒരു സ്വപ്‌നലോകത്ത് വിഹരിക്കുന്നവര്‍; ഭൂമിയില്‍ ജീവിച്ചുകൊണ്ട് തന്നെ മറ്റൊരു ലോകത്തിലൂടെ യാത്ര ചെയ്യുന്നവരാണിവരെന്ന് പ്രഥമ സംസാരത്തില്‍ തന്നെ ബോധ്യപ്പെടും.
രാമായണ കഥകളില്‍ ഏറെ പ്രശസ്തമാണ് വിഭാണ്ഡകന്റെ പുത്രനായ ഋഷ്യശൃംഗന്‍ എന്ന മുനികുമാരന്റെ കഥ. കശ്യപ മഹര്‍ഷിയുടെ പുത്രനായ വിഭാണ്ഡകന്‍ ദേവസുന്ദരിയായ ഉര്‍വശിയെ കണ്ടമാത്രയില്‍ അനുരക്തനായി താപസ ജീവിതത്തിന്റെ ഏകാഗ്രതയ്ക്ക് ഭംഗം വന്നു എന്ന കാരണത്താല്‍ പുത്രനായ ഋഷ്യശൃംഗനെ സ്ത്രീദര്‍ശനം പോലുമുണ്ടാകാതെ കാനന ആശ്രമത്തിലാണ് അച്ഛന്‍ വളര്‍ത്തിയത്. പക്ഷേ ജീവിതത്തിലാദ്യമായി ഒരു കന്യകയെ ദര്‍ശിച്ച മാത്രയില്‍ തന്നെ മുനികുമാരന്റെ മനസിന് ഇളക്കം തട്ടുന്നതാണ് കഥ. ഇങ്ങനെ ജീവിതവിശുദ്ധി നിലനിര്‍ത്താന്‍ ഋഷ്യശൃംഗന്‍ ജീവിച്ച പോലുള്ള സാഹചര്യത്തില്‍ കഴിഞ്ഞുകൂടിയാല്‍ മാത്രമേ ആത്യന്തിക വിജയം സാധ്യമാവുകയുള്ളൂ എന്ന സമീപനം പുലര്‍ത്തുന്ന ചിലരെങ്കിലും നമുക്കിടയിലുമുണ്ട്. അങ്ങനെ ജീവിക്കുന്ന സാഹചര്യത്തെ സമ്പൂര്‍ണമായി മതവല്‍കരിക്കുന്നതിനായി ഭൗതികലോകത്തിലെ എല്ലാ വര്‍ണപ്പൊലിമകളും ശബ്ദഘോഷങ്ങളും ഉപേക്ഷിച്ച് ജീവിക്കാന്‍ ഇവര്‍ തീരുമാനിക്കുന്നു. തന്റെ ജീവിതത്തിന് കോളജിലെ അന്തരീക്ഷം തടസമാകുന്നു എന്ന കാഴ്ചപ്പാടിലാണ് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ഈ കുട്ടികള്‍ തീരുമാനിക്കുന്നത്. ഇത് വികലമായ മതസമീപനമാണ് എന്ന് അവരെ ധരിപ്പിക്കാന്‍ പ്രയാസവുമാണ്. കാരണം പരാശ്രയമില്ലാതെയുള്ള അവരുടെ മതാന്വേഷണം ഏറെ മുന്നോട്ടുപോയിട്ടുണ്ടാകും. ഓണ്‍ലൈന്‍ ഗുരുക്കന്മാര്‍ തങ്ങളുടെതില്‍നിന്നും തികച്ചും ഭിന്നമായ ഒരു ലോകത്ത് ഇരുന്നുകൊണ്ട് ഉരുവിടുന്ന സാരോപദേശങ്ങളും ക്ലാസുകളുമാണ് ഇവരുടെ ഏക ആശ്രയം. ഇങ്ങനെ കേട്ടുപഠിച്ച മതമാണ് അവരിലെ ലോകവീക്ഷണം നിര്‍മിച്ചത്. എണ്ണത്തില്‍ പരിമിതമാണെങ്കിലും ഇവരാണ് സിറിയയിലേക്കും അഫ്ഗാനിസ്താനിലേക്കുമെല്ലാം ഹിജ്‌റ പോയത്.
അഭിമന്യു എന്ന ദരിദ്ര വിദ്യാര്‍ഥിയെ കുത്തിമലര്‍ത്തുന്നതിനുള്ള മനോഭാവം സൃഷ്ടിക്കുന്ന വികലമായ രാഷ്ട്രീയ പാഠശാലയും ശുദ്ധ ഇസ്‌ലാം തേടി വെടിയൊച്ചകള്‍ നിലയ്ക്കാത്ത സംഘര്‍ഷ ഭൂമിയിലേക്ക് പലായനം ചെയ്യുന്ന മനസുകളും രൂപപ്പെടുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കൂടി താളപ്പിഴയെ ആണ് സൂചിപ്പിക്കുന്നത്. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ കൂടി ഉള്‍കൊള്ളുന്നതാവണം നമ്മുടെ കലാശാലകളും വിദ്യാഭ്യാസ സംവിധാനവുമെല്ലാം.

അഷ്‌റഫ് കടയ്ക്കല്‍

You must be logged in to post a comment Login