ഇദ്ദ വേദനാജനകമാണോ?

ഇദ്ദ വേദനാജനകമാണോ?

ഒട്ടും വികാസക്ഷമമല്ലാത്ത മതമാണ് ഇസ്‌ലാമെന്നാണ് പൊതുവെ ആരോപിക്കപ്പെടാറുള്ളത്. ആറാം നൂറ്റാണ്ടില്‍ രൂപം കൊടുത്ത ആചാരങ്ങള്‍ ഇളക്കം തട്ടാതെ ആധുനിക കാലത്തും തുടര്‍ന്നുകൊണ്ട് പോകുന്നുവെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല യാഥാസ്ഥിതികതയും പരിഷ്‌കരണ വിരുദ്ധതയുമാണ് പാരമ്പര്യ മുസ്‌ലിംകളുടെ മുഖമുദ്രയെന്ന് കൊട്ടിഘോഷിക്കുകയും ചെയ്യുന്നു.
ഇസ്‌ലാമിലെ സ്ത്രീനിയമങ്ങളുടെ ചുവടുപിടിച്ചാണ് പ്രധാനമായും ഇത്തരം വിമര്‍ശനങ്ങള്‍ വരുന്നത്.

അത്തരക്കാര്‍ ഇസ്‌ലാമിക നിയമങ്ങളെ ആധുനികതയുടെ ചട്ടക്കൂടില്‍ നിര്‍ത്തിയാണ് പ്രശ്‌നവല്‍കരിക്കുന്നത് ഒരര്‍ത്ഥത്തില്‍ പാഴ് വേലയാണ്. അത് മനുഷ്യ നിര്‍മിതമല്ല എന്നതാണ് കാരണം. ഭൗതിക സാധ്യതയുടെയും അസാധ്യതയുടെയും അളവുകോലുകളുപയോഗിച്ച് മതാചാരങ്ങളുടെ ശരി -തെറ്റുകള്‍ വിലയിരുത്തുന്നതും കാണാം.

എന്നാല്‍ നിഷ്പക്ഷബുദ്ധ്യാ പരിശോധിച്ചാല്‍ സാമൂഹികവും പൗരോന്മുഖവുമായ കുലീനമായ ആശയങ്ങളാണ് ഇസ്‌ലാമിക നിയമവ്യവസ്ഥയിലുള്ളത് എന്ന് ബോധ്യമാകും. അത് സ്ത്രീപുരുഷ ഭേദമന്യേ വ്യവസ്ഥാപിതമാണ് താനും.
ഇദ്ദ നിയമത്തെ ചൊല്ലിയുള്ള വിവാദങ്ങളുടെ നിജസ്ഥിതിയും അത് തന്നെയാണ്. ബുദ്ധിജീവികളും( !) യുക്തിവാദികളും ഇദ്ദയെ പ്രാകൃതമെന്ന് മുദ്രകുത്തിയത് അതുള്‍വഹിക്കുന്ന അര്‍ത്ഥതലങ്ങളെക്കുറിച്ച് അജ്ഞരായതുകൊണ്ടാണ്. ഇദ്ദ ഗര്‍ഭധാരണം സ്ഥിരീകരിക്കാനാണെങ്കില്‍ ആധുനിക -ശാസ്ത്ര സാങ്കേതിക ലോകത്ത് അതിന്റെ ആവശ്യകതയുണ്ടോയെന്നാണവര്‍ക്ക് ചോദിക്കാനുള്ളത്. യൂറിന്‍ ടെസ്റ്റ് വഴി കണ്ടെത്താവുന്നൊരു കാരണത്തെ മുന്‍നിര്‍ത്തി സ്ത്രീകളെ ഇദ്ദയിരുത്തുന്നതിലെ അപ്രായോഗികതയെക്കുറിച്ചവര്‍ വാചാലരാകുന്നു.
വിമര്‍ശകര്‍ പ്രശ്‌നത്തിന്റെ മര്‍മബിന്ദുവായിക്കാണുന്നത് പ്രസ്തുത നിയമത്തിന് മതമീമാംസകര്‍ പറഞ്ഞ കാരണത്തെയാണ്. അതിന്റെ പുറത്താണ് ചോദ്യങ്ങള്‍ ചൂടുപിടിക്കുന്നത് .നിയമത്തിന് സാധുത നല്‍കാന്‍ പണ്ഡിതന്മാര്‍ പറഞ്ഞ ചില കാരണങ്ങള്‍ മാത്രമാണത്. ആത്യന്തികമായി നിയമങ്ങള്‍ ദൈവനിര്‍ദേശങ്ങളാണ്. അവയ്ക്ക് നാം നല്‍കുന്ന കാരണങ്ങള്‍ ഇല്ലാതായാലും ദൈവനിര്‍ദേശങ്ങല്‍ ഇല്ലാതാവുന്നില്ല. അക്കാരണം നിലനില്‍ക്കുന്ന കാലത്തേക്ക് മാത്രമല്ല, ദൈവനിശ്ചയങ്ങള്‍ എന്ന് പ്രഥമമായി മനസിലാക്കുക.

മാത്രവുമല്ല ഇസ്‌ലാമിക കാഴ്ചപ്പാടില്‍ അല്ലാഹുവാണ് സ്രഷ്ടാവും നിയന്താവും വിധികര്‍ത്താവുമെന്ന അടിസ്ഥാന യാഥാര്‍ത്ഥ്യത്തിലാണ് മതശാസനകള്‍ ഊന്നുന്നത്. വിശ്വാസപരവും അനുഷ്ഠാനപരവുമായ സകലതും ഈയൊരു യാഥാര്‍ത്ഥ്യത്തെ അരക്കിട്ടുറപ്പിക്കാനും ജീവിതാവിഷ്‌കാരങ്ങളുടെ മുഴു തലങ്ങളിലും അതിനെ പ്രയോഗിക്കാനുള്ളതുമാണ്. ഏത് നിയമം പറയുമ്പോഴും അതോട് ചേര്‍ത്ത് ‘തഅബ്ബുദിയ്യ്’ എന്ന് പരാമര്‍ശിക്കുന്നത് അതുകൊണ്ടാണ്. ആരാധനയോ അല്ലാത്തതോ ആയ പൊരുള്‍ ഗ്രാഹ്യമല്ലാത്ത കാര്യങ്ങളെന്നാണ് ‘തഅബ്ബുദിയ്യ് ‘ കൊണ്ടുള്ള വിവക്ഷ. അങ്ങനെ വരുമ്പോള്‍ ആരാധനയെന്ന നിഷ്‌കര്‍ഷയാണ് ഇദ്ദയിലുള്ളത്.

സത്യത്തില്‍ മതവും റാഷണലിസവും തമ്മിലുള്ള മൗലികമായ അന്തരം കൂടിയാണ് ഇവിടെ തെളിയുന്നത്. റാഷണലിസത്തിന്റെ പ്രകടഭാവം നിഷേധാത്മകതയാണ്. വ്യക്തിയനുഭവങ്ങളുടെയും ചിന്തയുടെയും തലത്തില്‍ നിന്നുല്‍ഭവിക്കുന്നതായാണ് ആധുനിക റാഷണലിസ്റ്റുകള്‍ മതത്തെ മനസിലാക്കുന്നത്. അതിനാല്‍ അവരെ സംബന്ധിച്ചിടത്തോളം മതാനുഷ്ഠാനങ്ങള്‍ വ്യക്തി ചോദനകള്‍ക്കും സാഹചര്യങ്ങള്‍ക്കും വിധേയമാണ്, അല്ലെങ്കില്‍ ആപേക്ഷികമാണ്. ഈ ആപേക്ഷികവല്‍കരണത്തിലൂടെ മതത്തിന്റെ അന്തഃസത്ത തന്നെയാണ് നിരാകരിക്കപ്പെടുന്നത്.

ഇദ്ദ വിഷയത്തില്‍ ദര്‍ശനപരമായ ഈയൊരു വശം മാത്രമല്ല, സാമൂഹികവും വൈകാരികവുമായ തലങ്ങളെക്കൂടി പരിഗണിക്കുന്നുണ്ട്. സ്ത്രീ മനസ്സ് നിര്‍മലവും നിഷ്‌കളങ്കവുമാണ്. പ്രയാസങ്ങളും പരീക്ഷണങ്ങളും വരുമ്പോള്‍ വിഭ്രാന്തിയും അക്ഷമയും സ്ത്രീപ്രകൃതമാണ്. വിവാഹിതരായ സ്ത്രീയെ സംബന്ധിച്ചിടത്തോളം ഭര്‍ത്താവിന്റെ മരണം, വിവാഹമോചനം തുടങ്ങിയവ അവരില്‍ വലിയ മാനസികാഘാതമാണ് സൃഷ്ടിക്കുക. തന്നിമിത്തം ദു:ഖിതയാകരുതെന്ന് പെണ്ണിനോട് പറയുന്നതിലര്‍ത്ഥമില്ല. അവളുടെ ഒപ്പം നിന്ന് നിശ്ചിതകാലം വിഷമം വിട്ടുമാറാന്‍ അനുവദിക്കുകയാണ് പ്രായോഗിക യുക്തി. ആ പ്രായോഗികതയാണ് ഇസ്‌ലാമും നടപ്പിലാക്കിയത്.

ഏറ്റവും കെട്ടുറപ്പുള്ള ബന്ധമായാണ് ഇസ്ലാം വിവാഹത്തെ കണ്ടത് (സൂറ:നിസാഅ 21). അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും സമാന പ്രാധാന്യം കല്‍പിച്ചിട്ടുണ്ട്. വേര്‍പാടിലൂടെ വിവാഹബന്ധം പെട്ടെന്ന് പൊട്ടിച്ചെറിയാനുള്ള നടപടിക്രമങ്ങളല്ല ഇസ്‌ലാമിലുള്ളത്. അവധാനതയോടെയാണത് കാര്യങ്ങളെ സമീപിക്കുന്നത്. ജീവിതപങ്കാളിയുടെ പരലോകമോക്ഷാര്‍ത്ഥുള്ള കര്‍മങ്ങളില്‍ നിരതയാവുക വഴി വലിയ കടമയാണ് സ്ത്രീ നിര്‍വഹിക്കുന്നത്.

ഭാര്യ – ഭര്‍ത്താക്കന്മാര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിച്ച് ദാമ്പത്യജീവിതം തുടരാന്‍ അവസരമൊരുക്കുകയാണ് ഇദ്ദയുടെ മറ്റൊരു താല്‍പര്യം.ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലി വിവാഹമോചിതയായ സ്ത്രീക്ക് പക്വമായ തീരുമാനമെടുക്കാനുള്ള സുവര്‍ണാവസരമാണിത്. മടക്കിയെടുക്കാനാവാത്ത വിധം മൂന്ന് ത്വലാഖും ചൊല്ലപ്പെട്ടവളാണെങ്കില്‍ മറ്റൊരു വിവാഹത്തിന് വേണ്ടി മാനസികമായി തയാറെടുക്കാന്‍ വഴിയൊരുക്കുന്നു. മാത്രവുമല്ല മറ്റൊരാള്‍ക്ക് വിധവയെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ കൈവരുന്നത് ആദ്യത്തേതിന്റെ എല്ലാ വിചാര -വികാരങ്ങളില്‍ നിന്നും അവള്‍ മുക്തയാവുമ്പോഴാണ്.

മറയിലിരിക്കുന്ന പെണ്ണിനെ തളച്ചിടേണ്ടതുണ്ടോ? പാടില്ലെന്നാണ് ഇസ്‌ലാമിക പക്ഷം. ഇസ്‌ലാമിക ദൃഷ്ട്യാ ഇദ്ദയിലിരിക്കുന്ന പെണ്ണിന് പതിവിന് വിപരീതമായി ഒന്നും ആചരിക്കേണ്ടതില്ല. അലങ്കാരങ്ങളും ആര്‍ഭാടങ്ങളുമൊക്കെ ഒഴിവാക്കി സാധാരണ ജീവിതരീതിയില്‍ തന്നെ ഭര്‍തൃമരണ സമയത്തുണ്ടായിരുന്ന വീട്ടില്‍ താമസിക്കാനാണ് ആകെക്കൂടെ കര്‍മശാസ്ത്രം നിര്‍ദേശിക്കുന്നത്. അതുതന്നെ വല്ല ബുദ്ധിമുട്ടുമുണ്ടായാല്‍ അവള്‍ക്ക് സുരക്ഷിതത്വം കിട്ടുന്ന വീട്ടിലേക്ക് മാറാവുന്നതാണ്.

അന്യപുരുഷ ദര്‍ശനത്തിനും പൊതുവേദി പങ്കിടലിനുമുള്ള വിലക്കാണ് ഇദ്ദ കാലത്തെ പ്രധാന നടപടി.അതാണെങ്കില്‍ ജീവിത കാലം മുഴുക്കെയും സ്ത്രീ പാലിക്കേണ്ട മര്യാദയാണ് താനും. മറയിലിരിക്കുന്ന കാലയളവില്‍ വിവാഹാലോചനയെ മതം ശക്തമായി അപലപിക്കുന്നുണ്ട്. സ്ത്രീയുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുകയാണ് അതിന്റെ യുക്തി. വിവാഹമോചനം കഴിഞ്ഞ് നിശ്ചിത ഇടവേളയില്ലാതെ മറ്റൊരു വിവാഹത്തിലേക്ക് കടക്കുക വഴി സ്ത്രീയുടെ അഭിമാനത്തിന് മങ്ങലേല്‍ക്കുന്ന അവസ്ഥാവിശേഷമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലാണിത്.

ഇസ്‌ലാം പൂര്‍വകാലത്ത് ഭര്‍തൃമരണാനന്തരം സ്ത്രീകള്‍ അനുഭവിക്കേണ്ട വന്ന പീഡനങ്ങള്‍ വിവരണാതീതമാണ്. അതറിയുമ്പോള്‍ ഇദ്ദയുടെ പ്രായോഗികതയും മധ്യമനിലപാടും കൂടുതല്‍ വ്യക്തമാവും.
സൈനബ് (റ) പറഞ്ഞ ഒരു തിക്താനുഭവം ഇങ്ങനെ വായിക്കാം. ”ഒരു സ്ത്രീയുടെ ഭര്‍ത്താവ് മരണപ്പെട്ടാല്‍ ഒരു വര്‍ഷം വരെ അവള്‍ ഒരു ചെറിയ കുടിലില്‍ പ്രവേശിക്കുകയും അവളുടെ വസ്ത്രത്തില്‍ നിന്ന് ഏറ്റവും മോശമായത് ധരിക്കുകയും സുഗന്ധം പ്രയോഗിക്കാതിരിക്കുകയും ചെയ്യുമായിരുന്നു. ശേഷം ഒരു കഴുതയെയോ ആടിനെയോ പക്ഷിയെയോ കൊണ്ടുവരപ്പെടും. അതിനെ അവളുടെ ശരീരത്തില്‍ ഉരസും. ഏതൊന്നു കൊണ്ടാണോ അവളെ ഉരക്കുന്നത് അത് നാശമടയാതിരിക്കില്ല. ശേഷം അവള്‍ പുറപ്പെടും. അപ്പോള്‍ ചാണകം അവള്‍ക്ക് നല്‍കപ്പെടുകയും അതുകൊണ്ടവള്‍ എറിയുകയും ചെയ്യും. പിന്നീട് അവള്‍ പഴയ അവസ്ഥയിലേക്ക് മടങ്ങുകയും സുഗന്ധങ്ങളും മറ്റും ഉപയോഗിച്ച് തുടങ്ങുകയും ചെയ്യുന്നു. (ബുഖാരി)

ഉത്തരേന്ത്യയിലും മറ്റും ഹൈന്ദവര്‍ക്കിടയില്‍ നിലനിന്ന സതിയും സമാന ‘സ്ത്രീ പീഡനമുറ’യാണ്. ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ഭാര്യയും ആത്മഹത്യ ചെയ്യുന്ന സതി സ്ത്രീയുടെ ജീവിക്കാനുള്ള അവകാശം ഹനിക്കുകയായിരുന്നു. ഇതുകൂടാതെ ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്കുള്ള മറ്റു ചില നിയമങ്ങളെ കുറിച്ച്പുരാണ ഹൈന്ദവ ഗ്രന്ഥങ്ങളില്‍ വായിക്കാനാവും. മനുസ്മൃതി കാണുക.
‘ഭര്‍ത്താവ് മരിച്ച ശേഷം പരിശുദ്ധമായ കിഴങ്ങ്, ഫലം, പുഷ്പം മുതലായ ആഹാരങ്ങള്‍ കൊണ്ട് ദേഹത്തിന് ക്ഷതം വരുത്തി കാലം കഴിക്കേണ്ടതാണ്. കാമവികാരോദ്ദേശ്യത്തിന്മേല്‍ മറ്റൊരു പുരുഷന്റെ പേരു പറയരുത്. ഭര്‍ത്താവ് മരിച്ച ശേഷം നശീലയായി പരിശുദ്ധയായി ബ്രഹ്മധന്യമുള്ളവളായും മധു മാംസം കഴിക്കാത്തവളായും ഉല്‍കൃഷ്ടമായ പവിത്രതയുടെ ധര്‍മത്തെ ആഗ്രഹിക്കുന്നവളായും ഇരിക്കേണ്ടതാകുന്നു”(മനുസ്മൃതി 5:157,158).
ഇതൊക്കെ മുന്‍നിര്‍ത്തി നോക്കുമ്പോള്‍ ഇസ്‌ലാം സ്ത്രീയെയും അവളുടെ വൈധവ്യത്തെയും ഗൗനിച്ചതിന്റെ ഔന്നിത്യം സ്പഷ്ടമാകും. ഇസ്‌ലാമിക കാഴ്ചപ്പാടില്‍ വൈധവ്യം ദൈവികപരീക്ഷണം മാത്രമാണ്. ശാപത്തിന്റെയോ ശിക്ഷയുടെയോ ആയ ഒരു മാനവും അതിനില്ല. വിധവാ പരിചരണത്തെ മഹത്തായ കര്‍മ്മമായി നബി(സ) എണ്ണുകയും ചെയ്യുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവന് തുല്യമായി വിധവാ പരിചരണത്തെ കാണുന്നു. നബി(സ) ബഹുഭാര്യത്വം പ്രോത്സാഹിപ്പിച്ചതിന്റെ പിന്നിലെ ലക്ഷ്യവും വിധവകള്‍ക്ക് സാന്ത്വനം നല്‍കുകയായിരുന്നുവെന്ന് കാണാം.

സ്ത്രീയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം കര്‍തൃത്വം / ഉത്തരവാദിത്തം അല്ലാഹു പുരുഷന്മാരില്‍ ചുമത്തിയത് അവരോടുള്ള പ്രത്യേക പരിഗണന മൂലമാണ്. ബാല്യത്തില്‍ പിതാവും വിവാഹാനന്തരം ഭര്‍ത്താവും വാര്‍ധക്യകാലത്ത് മക്കളും സ്ത്രീയെ സംരക്ഷിക്കണം. ഈയര്‍ത്ഥത്തിലാണ് മോചിതയായ സ്ത്രീക്ക് ദീക്ഷ കാലത്ത് ചെലവ് കൊടുക്കല്‍ ഭര്‍ത്താവിന് കടമയാക്കിയത്. വിവാഹമോചന വിഷയത്തില്‍ ഭര്‍ത്താവിനുള്ള ഉത്തരവാദിത്തമാണിത്.

ചുരുക്കത്തില്‍, നിയമങ്ങള്‍ക്കൊരു പൊതുപ്ലാറ്റ്‌ഫോമാണ് ഇസ്‌ലാമിനുള്ളത്. അത് കാല-ദേശാന്തരത്തിനനുസരിച്ച് പരിഷ്‌കരിക്കേണ്ടാത്ത വിധം സമ്പൂര്‍ണമാണ്. ചിലര്‍ നിരീക്ഷിക്കുന്നത് പോലെ നവീകരിക്കാത്തത് സങ്കുചിതത്വത്തിന്റെയോ മുരടിപ്പിന്റെയോ ഭാഗമായല്ല. അതുകൊണ്ട് തന്നെ ആധുനികതയുടെ പ്രഹേളികകളില്‍ കുടുങ്ങി ശാസ്ത്രബാഹ്യമാണെന്നതിനാല്‍ നിയമങ്ങളെ വിശ്വാസി ഒഴിച്ചുനിര്‍ത്തേണ്ടതില്ല. അത് അനുവദനീയമല്ല താനും. ഇസ്‌ലാമിന്റെ നിയമങ്ങള്‍ ആധുനിക ബോധ വ്യവസ്ഥയില്‍ നിന്ന് തികച്ചും ഭിന്നമായൊരു പ്രപഞ്ച വീക്ഷണത്തിലാണ് വേരാഴ്ത്തിയിരിക്കുന്നത്. അതിന് അതിന്റേതായ ശാസ്ത്രീയതയും യുക്തിഭദ്രതയും പ്രാപഞ്ചികതയുമുണ്ട്. അത് ഗ്രഹിക്കാതെയുള്ള വിമര്‍ശനങ്ങള്‍ സദുദ്ദേശ്യപരമല്ല.

ആശിഖ് കൂരാച്ചുണ്ട്‌

You must be logged in to post a comment Login