കടലാസിന്റെ മണമില്ലാത്ത വായനകള്‍

കടലാസിന്റെ മണമില്ലാത്ത വായനകള്‍

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ചെന്നൈയിലെ അണ്ണാ സെന്റിനറി എട്ടു നില സമുച്ചയം സന്ദര്‍ശിച്ചത് ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു. വിവിധ വിജ്ഞാനശാഖകളെ പ്രതിനിധീകരിക്കുന്ന പുസ്തകങ്ങളുടെ സമൃദ്ധിയാലും നിര്‍മാണ വൈദഗ്ധ്യം കൊണ്ടും ഒട്ടു വളരെ ശ്രദ്ധേയമാണ് ഈ ലൈബ്രറി. എന്നാല്‍ സാങ്കേതിക വിദ്യയുടെ വികാസം സമ്മാനിച്ച വൈജ്ഞാനിക വിനിമയത്തിന്റെ പുതിയ തുറസ്സുകള്‍/ഓപണ്‍ സ്‌പേസുകള്‍ സജീവമാവുന്ന ഇക്കാലത്ത് ഇ-പുസ്തകങ്ങളുടെ ആത്മാവും ശരീരവുമൊക്കെ ഏതു വിധത്തില്‍ പുതുതലുറ വായനാസമൂഹവുമായി സന്ധിക്കുന്നു എന്നതിനെപ്പറ്റി പര്യാലോചിക്കേണ്ടതുണ്ട്.
ഇന്റര്‍നെറ്റിന്റെ സഹായത്തോട് കൂടിയോ അല്ലാതെയോ ഇലക്ട്രോണിക് ഇടങ്ങളില്‍ (e-spaces) നോക്കി വായിക്കുന്നതിനെയാണ് പൊതുവില്‍ ഇ- റീഡിംഗ് എന്ന് വിളിച്ചുപോരുന്നത്. കോടിക്കണക്കിനു വരുന്ന വെബ് പേജുകള്‍, ഇ-ബുക്കുകള്‍, പി ഡി എഫ് / ഡോക് ഫയലുകള്‍, റീഡിംഗ് & റിസര്‍ചിംഗ് ആപ്പുകള്‍ തുടങ്ങിയവക്കു പുറമെ ഏറെ സജീവമാവുന്ന സോഷ്യല്‍ മീഡിയാ പ്രതലങ്ങള്‍ വരെ മേല്‍ നിര്‍വചനപ്രകാരം ഇ-റീഡിംഗ് സ്‌പേസുകളുടെ പരിധിയില്‍ വരും. 1983ല്‍ ആര്‍പാനെറ്റ് (ARPANET)വന്നതു മുതലോ ഇന്റര്‍നെറ്റിന്റെ ആധുനിക രൂപമായ വേള്‍ഡ് വൈഡ് വെബ് (www) പ്രാചാരം നേടിയ 1990 മുതല്‍ക്കോ വായനക്കും വിവരശേഖരണത്തിനുമായി വിദ്യാര്‍ത്ഥികളും ഗവേഷകരുമൊക്കെ വ്യത്യസ്ത നെറ്റ് വര്‍ക്കുകളെ ആശ്രയിച്ചുപോന്നിരുന്നു. എന്നിരുന്നാലും കൂടുതല്‍ വായനാസൗഹൃദമായ ഇ-ബുക്കുകളും ഡിജിറ്റല്‍ ഫോര്‍മാറ്റുകളുമൊക്കെ വിപുലമായതോടെയാണ് ഇ-വായനയും കൂടുതല്‍ വ്യാപകമാവാന്‍ തുടങ്ങിയത്. തങ്ങളുടെ പുതിയ തലമുറ വായനക്കാരെ ലക്ഷ്യമാക്കി, പേപ്പര്‍ പാക്, ഹാര്‍ഡ് പാക് ബൈന്റുകള്‍ക്കൊപ്പം ഇ-ബുക്കുകളും പ്രസാധകര്‍ വ്യാപകമായി പുറത്തിറക്കാറുണ്ട്. ഓരോ നൂറ് ഹാര്‍ഡ് ബൈന്റ് പുസ്തക വില്‍പനക്കിടയിലും 242 ഇ-ബുക്കുകള്‍ വിപണിയിലറക്കാറുണ്ടെന്ന് ആമസോണ്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. അച്ചടി പുസ്തകങ്ങളുടെ നൂറിലൊരംശം പോലുമില്ലാത്ത ഇവ സെക്കന്റുകള്‍ക്കുള്ളില്‍ ഡൗണ്‍ലോഡ് ചെയ്തു വായിക്കാം എന്നതു തന്നെയാ ണ് ഇവയെ പ്രിയങ്കരമാക്കുന്നത്.

സാങ്കേതികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന രാഷ്ട്രങ്ങളില്‍ പഴയ തലമുറയടക്കമുള്ള വായനക്കാര്‍ ആശ്രയിക്കുന്നത് ഏറിയ പങ്കും കംപ്യൂട്ടറടക്കമുള്ള ഉപകരണങ്ങളെയാണ്. ജപ്പാനിലെ 86% വിദ്യാര്‍ത്ഥികളും സ്‌കൂള്‍ പാഠപുസ്തകങ്ങളും മറ്റും വായിക്കുന്നത് മൊബൈല്‍ ഫോണിലൂടെയും ടാബിലൂടെയുമത്രെ! വായനക്കാരെക്കാളേറെ, സ്വന്തം സൃഷ്ടികള്‍ പ്രസിദ്ധപ്പെടുത്താന്‍ ഇലക്ട്രോണിക് ടെക്‌സ്ച്വാലിറ്റി പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണവും വിരളമല്ല. തങ്ങള്‍ക്ക് ഒട്ടനവധി വായനക്കാരും അനുവാചകരുമുണ്ടെന്ന ബോധ്യത്തോടെ, പ്രസാധകരെ കാത്തുനില്‍ക്കാതെ രചനകള്‍ ഓണ്‍ലൈന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവരുടെ എണ്ണവും ഏറെ. പോസ്റ്റിയതിന്/പ്രസിദ്ധീകരിച്ചതിനു ശേഷവും എഡിറ്റ് ചെയ്യാനുള്ള സൗകര്യം, വായനക്കാരുടെ പ്രതികരണമറിഞ്ഞ് തദനുസരണം ഇടപെടാനും അവരുടെ സന്ദേഹങ്ങള്‍ ദൂരീകരിക്കാനുമുള്ള അവസരം കൂടുതല്‍ പേരിലേക്ക് എത്തിക്കാനും അവരുടെ ഇഷ്ടവും അനിഷ്ടവും അറിയാനുള്ള മാര്‍ഗം, എഴുത്തുകള്‍ വര്‍ഷങ്ങളോളം സൂക്ഷിച്ചുവെക്കുന്നതിനും ഇഷ്ടാനുസരണം വീണ്ടുംപ്രസിദ്ധീകരിക്കാനുമുള്ള എളുപ്പം എന്നിവ ഇ-എഴുത്തുകളെ/വായനകളെ സാമ്പ്രദായിക അച്ചടി മാധ്യമങ്ങളില്‍ നിന്നും വ്യതിരിക്തമാക്കുന്നു. നിങ്ങളുള്‍ക്കൊള്ളുന്ന, ഇഷ്ടപ്പെടുന്ന ആശയങ്ങള്‍/ആദര്‍ശങ്ങള്‍/അഭിപ്രായങ്ങള്‍ ഏതുമാവട്ടെ, അവയെ വ്യത്യസ്ത തലങ്ങളില്‍ നിന്നും നോക്കിക്കാണുന്നതിനും സ്വന്തമായി അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചാ ഇടങ്ങള്‍ വ്യത്യസ്ത സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ യഥേഷ്ടമുണ്ട്.

ഇ-റീഡിംഗിന്റെ രാഷ്ട്രീയം
പുതിയ ലോകത്തിന്റെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളില്‍ മുഖ്യധാര ശ്രേണികളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട ന്യൂനപക്ഷ ദളിത് കീഴാള സമുദായങ്ങളുടെ വ്യവഹാരങ്ങളില്‍ ഏറിയ പങ്കും നടക്കുന്നത് പുത്തന്‍ സാങ്കേതിക വിദ്യ ഒരുക്കിവെച്ച ഇലക്ട്രോണിക് ടെക്‌സ്ച്വാലിറ്റിയുടെ സാധ്യതകളിലാണ്. അതുകൊണ്ടു തന്നെ, ഗവേഷകര്‍ക്കും വിവരശേഖരണം നടത്തുന്നവര്‍ക്കും പക്ഷംചേരാത്ത അപഗ്രഥനങ്ങള്‍ക്കായി ഇത്തരം ഇടങ്ങളുടെ സഹായം കൂടാതെ കഴിയില്ല എന്ന സ്ഥിതി വിശേഷം നിലനില്‍ക്കുന്നുണ്ട്. അറബ് മുല്ലപ്പൂ വിപ്ലവങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നതു മുതല്‍, പരിണതിയായി ഭവിച്ച അഭയാര്‍ത്ഥി പ്രവാഹത്തിന്റെ ദൈന്യതകള്‍ സചിത്ര സ്റ്റോറികളോടെ ലോക ശ്രദ്ധയില്‍ കൊണ്ടുവന്നതടക്കം സാമൂഹിക മാധ്യമങ്ങളും നെറ്റ് വര്‍ക്കുകളും പുതിയ ആലോചനകള്‍ രൂപപ്പെടുത്തുന്നതില്‍ വഹിക്കുന്ന പങ്ക് ഗവേഷണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇത്തരത്തില്‍ സബാള്‍ട്ടണ്‍ സമുദായങ്ങളുടെ പുത്തന്‍ സാങ്കേതിക സ്വരൂപങ്ങളിലൂടെയുള്ള ഇടപെടലുകള്‍, ഭൂരിപക്ഷ അധീശ്വത വ്യവസ്ഥിതികള്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പുകള്‍ക്കും സമരങ്ങള്‍ക്കും ഒരു പുതിയ ഭാഷ്യം നല്‍കുന്നുണ്ടെന്നതു തീര്‍ച്ച.

വായനക്കാരുടെ ബാഹുല്യമേറിയതിനാല്‍ വെബ് പബ്ലിഷിംഗ് മാത്രം ലക്ഷ്യം വെച്ചുള്ള മാഗസിനുകള്‍ അനേകം ഇന്ന് പ്രചാരത്തിലുണ്ട്. കൂടാതെ, നിരവധി പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ ദിനപത്രങ്ങളും പ്രിന്റ് മാഗസിനുകളും അവരുടെ ഓണ്‍ലൈന്‍ വേര്‍ഷനുകള്‍ ആരംഭിച്ചിട്ടുണ്ട്. ലോകത്തിന്റെ ഏതു കോണിലിരിക്കുന്ന മലയാളിക്കും ഇപ്പോള്‍ പ്രാദേശിക വാര്‍ത്തകള്‍ പോലും സ്വകാര്യ മുറിയിലിരുന്ന് വായിക്കാനാവും. വാര്‍ത്താവിനിമയത്തിനു വേണ്ടി മാത്രം പുറത്തിറക്കിയ ആപ്പുകള്‍, ഇ-ബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും സേവ് ചെയ്യുന്നതിനുമുള്ള റീഡര്‍ ഫ്രണ്ട്‌ലി കിന്റ്ല്‍ ഡിവൈസുകള്‍/ആപ്ലികേഷനുകള്‍/സോഫ്റ്റ് വെയറുകള്‍ എന്നിവ ആമസോണ്‍, ആപ്പിള്‍, സാംസങ് തുടങ്ങിയ പത്തിലധികം കമ്പനികളുടേതായി വിപണിയിലുണ്ട്. നിരന്തരം നവീകരിക്കപ്പെടുകയും ‘വായന’ എന്ന പ്രക്രിയയെ കൂടുതല്‍ ഫലപ്രദവും എളുപ്പവുമാക്കാന്‍ പുതുപുത്തന്‍ സംവിധാനങ്ങള്‍ മാത്രം ഏര്‍പ്പെടുത്തുകയും ചെയ്ത ഇത്തരം ഉപകരണങ്ങള്‍ പുസ്തകങ്ങളുടെ ഭാവിയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് കണ്ടറിയേണ്ടതുണ്ട്.

ഇസ്‌ലാം ഇ-വായനകള്‍
വായിക്കപ്പെടാനായി അവതരിച്ച വിശുദ്ധ ഖുര്‍ആനുള്‍പ്പെടെ, നിരവധി പൗരാണിക ഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ഇപ്പോള്‍ സുലഭമാണ്. ഓത്തിനും വായനക്കും മതപരവും അധ്യാത്മികവുമായ മാനങ്ങള്‍ കല്പിക്കുന്ന ഒരു മതമെന്ന നിലയില്‍ മുന്‍കരുതലോടെ വേണം ഇസ്‌ലാമിലെ ഇ-വായനയെ സമീപിക്കാന്‍. വ്യത്യസ്ത സൗകര്യങ്ങളോട് കൂടിയ ഖുര്‍ആന്‍ ആപ്പുകള്‍ ധാരാളമുണ്ടായിരിക്കെ, പാരായണത്തില്‍ അതാതു സമൂഹങ്ങള്‍ സ്വീകരിച്ചുപോരുന്ന ധാരയിലുള്ള ഇ-മുസ്ഹഫാണോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഉദാഹരണമായി, കേരളീയ മുസ്‌ലിംകള്‍ പൊതുവെ ഓതാറുള്ള മുസ്ഹഫുകള്‍, എഴു പ്രമുഖ ഓത്തുകാരില്‍ അബൂബക്ര്‍ ആസ്വിമുബ്‌നു അബുന്നുജൂദ്(റ)ന്റെ ഖിറാഅതും ഹഫ്‌സ്(റ)ന്റെ രിവായതുമാണ്. ഡിജിറ്റല്‍ ഖുര്‍ആന്‍ പ്രതലത്തില്‍ വുളൂഅ് കൂടാതെ സ്പര്‍ശിക്കുന്നുണ്ടെങ്കിലും അത് അച്ചടി രൂപത്തിലുള്ളത് സ്പര്‍ശിക്കുന്നതിന് തുല്യമാണെന്ന് പ്രമുഖരായ ചില പണ്ഡിതര്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇലക്ടോണിക് സ്‌ക്രീനില്‍ തെളിഞ്ഞ് കാണുന്നത് നിഴലു മാത്രമാണെന്നതിനാല്‍ ഖുര്‍ആന്‍ നോക്കുന്ന പ്രതിഫലം ലഭിക്കുമോ എന്ന കാര്യത്തിലും പണ്ഡിതര്‍ ഭിന്നാഭിപ്രായക്കാരാണ്. ഏറ്റവും അഭികാമ്യം പ്രിന്റ് വേര്‍ഷനില്‍ ഓതുന്നത് തന്നെ.
നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതും പുതിയതും പൗരാണികവുമായ ഗ്രന്ഥങ്ങളുടെ വന്‍ശേഖരമുള്ള മക്തബതുശ്ശാമില, സ്വഹീഹുല്‍ ബുഖാരിയടക്കമുള്ള ദീനീ വിജ്ഞാനീയങ്ങളില്‍ ഏറെ പ്രാധാന്യമേറിയതും ആധികാരികവുമായ കിതാബുകളുടെ ആപ്ലികേഷനുകള്‍, ദിക്‌റുകള്‍, പ്രാര്‍ത്ഥനകള്‍ തുടങ്ങിയവയുടെ ഒട്ടനേകം ഇ- കിതാബുകള്‍ തുടങ്ങിയവ മതകീയ, വൈജ്ഞാനിക പരിസരങ്ങളെ കൂടുതല്‍ സജീവവും ലളിതവുമാക്കായിട്ടുണ്ട്. ഖുര്‍ആന്‍, ഹദീസ് തുടങ്ങിയ മതപ്രമാണങ്ങളുടെ ആഴങ്ങളും വിഭിന്ന മാനങ്ങളും തേടിയുള്ള പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും വെബ് സൈറ്റുകളും നിരവധിയുണ്ട്. എന്നാല്‍, വെര്‍ച്വല്‍ ഇടങ്ങളില്‍ കൈകടത്താനും കൂട്ടിച്ചേര്‍ക്കാനുമുള്ള സൗകര്യം ഇവയുടെ ആധികാരികതയെയും അതുവഴി വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. നിര്‍ണായകമായ വിഷയങ്ങളില്‍ ഇ -ടെക്സ്റ്റുകളെ അവസാന വാക്കായി കാണാതെ പണ്ഡിതരുമായി ചര്‍ച്ച ചെയ്ത് അതാതു വിഷയങ്ങളുടെ ആധികാരികത ഉറപ്പാക്കണം. വിശ്വാസപരവും കര്‍മശാസ്ത്രപരവുമായ വിഷയങ്ങളില്‍ ഫത്‌വകള്‍ക്കായി തുറന്നുവെച്ച വെബ് ഇടങ്ങള്‍ നിയന്ത്രിക്കുന്നവരില്‍ ഏറെയും ഇസ്‌ലാം അവാന്തര വിഭാഗങ്ങളും ഫണ്ടമെന്റലിസ്റ്റുകളുമാണ്. മതത്തിന്റെ ആത്മീയ സത്തയും വിധി വിലക്കുകളുടെ മൗലിക ലക്ഷ്യവും അവഗണിച്ചുകൊണ്ടുള്ള ഫത്‌വകള്‍ മുസ്‌ലിംകള്‍ക്ക് വരുത്തിവെച്ചത് ചില്ലറ പ്രശ്‌നങ്ങളല്ല.

Islam in Digital Age എന്ന തന്റെ ഗവേഷണ പ്രബന്ധത്തിലൂടെ, കഴിഞ്ഞ പത്തിരുപത് വര്‍ഷക്കാലത്തിനിടക്ക് രൂപമെടുത്ത സൈബര്‍ ഇസ്‌ലാമിക് പരിതസ്ഥിതി (Cyber Islamic Environment) യെപ്പറ്റി പ്രൊഫ. ഗാരി ആര്‍ ബണ്ട് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ആഗോളവത്കരണാനന്തരം സൈബര്‍ ലോകത്തെ സാധ്യതകള്‍ ഏറ്റവുമധികം പ്രയോജനപ്പെടുത്തിയ മത വിഭാഗങ്ങളിലൊന്ന് ഇസ്‌ലാമാണെന്നും അന്തര്‍ദേശീയ/ദേശീയ/പ്രാദേശിക മുസ്‌ലിം സംഘടനകളും സ്ഥാപനങ്ങളും ഇതില്‍ മത്സരിക്കുകയാണെന്നും ബണ്ട് തുറന്നെഴുതിയിട്ടുണ്ട്. നാട്ടിന്‍ പുറങ്ങളിലെ ഇന്‍ഡോര്‍ വേദികളിലോ മറ്റോ നടക്കുന്ന സംവാദങ്ങളെക്കാളേറെ ഇക്കാലത്ത് മതാന്തര വാദപ്രതിവാദങ്ങളും ചര്‍ച്ചകളുമൊക്കെ കൊഴുക്കുന്നത് ഓണ്‍ലൈന്‍ ഇടങ്ങളിലാണ്. ഇസ്‌ലാമികാശയങ്ങള്‍ പഠിക്കാനുതകുന്ന ഇ-ബുക്കുകള്‍, സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ സമാനമനസ്‌കരായവരുടെ കൂട്ടായ്മകള്‍ അവര്‍ക്കിടയിലുള്ള സിസ്‌കോഴ്‌സുകള്‍, മുസ്‌ലിം എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും ബ്ലോഗുകള്‍, വെബ് സൈറ്റുകള്‍, യുട്യൂബിലെ എണ്ണമറ്റ വീഡിയോകള്‍ തുടങ്ങിയവ സൈബര്‍ ലോകത്ത് ശക്തമായ മുസ്‌ലിം സാന്നിധ്യം അടയാളപ്പെടുത്തുന്നു. വായനയെ വിശാലാര്‍ത്ഥത്തില്‍ കാണുകയാണെങ്കില്‍, ഇ-റീഡിംഗ് കമ്യൂണിറ്റികളുടെ ബൗദ്ധിക ബലം എങ്ങനെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താം എന്ന് പുനരാലോചിക്കേണ്ടതുണ്ട്.

ഇ-റീഡിംഗ്; പ്രതികൂല വാദങ്ങള്‍
വാമൊഴി വഴക്കത്തോട് വിട പറഞ്ഞ് താളിയോലകളിലും മറ്റും എഴുതി വെച്ചവയെ വിജ്ഞാന വിനിമയത്തിനായി ആശ്രയിക്കുമ്പോള്‍ ‘ഓര്‍മ’ മനുഷ്യകുലത്തിന് പതിയെ അന്യമാവുമോ എന്നായിരുന്നു പൗരാണിക ഗ്രീക്ക് തത്വചിന്തകരുടെ ആശങ്കകളിലൊന്ന്. പുസ്തകങ്ങള്‍ വരച്ചിട്ട ചിത്രങ്ങളാണെന്നും ജീവനുണ്ടെന്ന് തോന്നാമെങ്കിലും ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ലെന്നുമായിരുന്നു പ്ലാറ്റോ പുസ്തകങ്ങള്‍ക്ക് എതിരെ ആരോപണമുന്നയിച്ചത്. പറച്ചിലുകളുടെയും ഭാഷണങ്ങളുടെയും അവസ്ഥയില്‍ നിന്ന് മാറി ചുണ്ടനക്കാതെ പതിയെ മനസില്‍ വായിച്ചെടുക്കുന്ന രീതിയിലേക്ക് മാറിയതോടൊപ്പം അച്ചടിയന്ത്രത്തിന്റെ ആവിര്‍ഭാവവും പുസ്തകങ്ങളുടെ വസന്തം വിരിയുന്നതിന് കാരണമായി. ഷെല്‍ഫുകളില്‍ അട്ടിയട്ടിയായി സൂക്ഷിക്കുന്നതും വലിയ ഗമയില്‍ കൊണ്ടു നടക്കുന്നതും പരസ്പരം കൈമാറാതിരിക്കുന്നതുമൊക്കെ പുസ്തക പ്രേമികള്‍ക്ക് ആത്മസുഖമുള്ള കാര്യമായിരുന്നു. എന്നാല്‍, പുതിയ കാലത്തെ ഇ- റീഡിംഗ്, വായനയുടെ തനതു സംസ്‌കാരം തകര്‍ക്കുമെന്നും കടലാസിന്റെ മണവും പേജുകള്‍ മറിക്കുമ്പോഴുള്ള രസവുമൊക്കെ ഇല്ലാതാക്കുമെന്നുള്ള പ്രതിവാദങ്ങള്‍ ഇന്നു നിലനില്‍ക്കുന്നുണ്ട്. വൈകാരികമായ അത്തരം അനുഭൂതികളെ പുതിയ കാലഘട്ടത്തിന്റെ ഉത്പന്നങ്ങളിലൂടെ നവനിര്‍മാണം നടത്തുമ്പോഴാണ്, വായന കാലാതിവര്‍ത്തിയാകുന്നത്. പുസ്തകങ്ങളെ കൂടുതല്‍ പൊടി ഉത്പാദിപ്പിക്കുന്നതും പ്രാണികള്‍ മരിച്ചുവീഴുന്നതുമായ ഇടങ്ങളായി കണ്ട ജോര്‍ജ് ഓര്‍വലിനെപ്പോലുള്ള ഭ്രാന്തന്‍ വായനക്കാര്‍ പോലും, ഇന്നു ജീവിച്ചിരിക്കുകയാണെങ്കില്‍ ഈ അവസ്ഥാന്തരങ്ങളെ ഉള്‍ക്കൊള്ളുമെന്നാണ് കരുതുന്നത്.

ഇ- റീഡിംഗ്‌ / മുഹമ്മദ് മുഹ്‌സിന്‍ എളാട്

You must be logged in to post a comment Login