കോര്‍പറേറ്റുകള്‍ക്ക് എഴുതിക്കൊടുത്ത രാജ്യം

കോര്‍പറേറ്റുകള്‍ക്ക് എഴുതിക്കൊടുത്ത രാജ്യം

നമ്മുടെ രാജ്യം എത്രമാത്രം പ്രതിസന്ധിയിലാണ് എന്ന് മനസിലാക്കാന്‍ രാജ്യം നേരിടുന്ന വെല്ലുവിളികളെ വേര്‍തിരിച്ചു പറയലായിരിക്കും നല്ലതെന്ന് തോന്നുന്നു. അങ്ങനെയെങ്കില്‍ പ്രധാനമായും നാല് പ്രശ്‌നങ്ങളാണ് എനിക്ക് ഉയര്‍ത്തിക്കാണിക്കാനുള്ളത്. അതിലൊന്നാമത്തേത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം തന്നെയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലെന്നാണെങ്കില്‍ ഞാനെങ്ങനെ നിങ്ങളുടെ മുമ്പില്‍ വന്നു സംസാരിക്കും എന്നത് ഒരു വൈരുധ്യമായി തോന്നിയേക്കും. എന്നാല്‍ നമുക്ക് വിയോജിക്കാനും മനസ്സു തുറക്കാനുമുള്ള നമ്മുടെ മൗലികാവകാശത്തെ ഇല്ലാതാക്കുന്ന ശക്തികളെ പ്രതിരോധിക്കാനുള്ള നമ്മുടെ പോരാട്ടത്തിന്റെ ഫലമാണ് ഇത്തരം വേദികളും ചര്‍ച്ചകളുമെല്ലാം.

ഈ രാജ്യത്ത് എത്രമേല്‍ സങ്കീര്‍ണമാണ് ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് വളരെ വ്യക്തതയോടെ നമുക്ക് മനസിലാകുന്ന കാര്യമാണ്. വ്യത്യസ്ത വൃത്തങ്ങളും പ്രസ്ഥാനങ്ങളുമെല്ലാം അവരവരുടെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യാനും സംവദിക്കാനും പ്രയാസപ്പെടുന്നതും സ്വതന്ത്ര ചിന്താഗതികള്‍ നിഷ്ഠൂരമായി ആക്രമിക്കപ്പെടുന്നതും അനാരോഗ്യകരമായ രീതിയില്‍ നല്ല സംവാദങ്ങളെയും വ്യവഹാരങ്ങളെയും ഇല്ലായ്മ ചെയ്യുന്നതുമാണ് നിലവിലെ അവസ്ഥ.

കഴിഞ്ഞ ദിവസം തന്നെ ഒരു സംഭവമുണ്ടായല്ലോ. വിഖ്യാത നടനും സംവിധായകനും കലാകാരനുമൊക്കെയായ അമുല്‍ പലേക്കറിന്റെ പ്രസംഗം മുംബൈയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ വെച്ച് കുറച്ച് സര്‍ക്കാരുദ്യോഗസ്ഥന്മാര്‍ തടസ്സപ്പെടുത്തി. മണിപ്പൂര്‍ മുഖ്യമന്ത്രി മോഡിയുടെ പാവയാണെന്ന് പറഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ ചന്ദ്ര വാങ്കേമിനെ ദേശദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടച്ചിരിക്കുന്നു. ഇവിടെ വാഴുന്നത് ഏകാധിപത്യമാണെന്നത് അതിശയോക്തിയൊന്നുമല്ല.

പ്രമുഖ ഗ്രന്ഥകാരന്‍ ആനന്ദ് തെല്‍തുംബ്‌ഡെയെ സംഘപരിവാര്‍ നേരിടുന്ന രീതി എന്തുമാത്രം അപലപനീയമാണ്! നമ്മുടെ രാജ്യത്തെ കാമ്പസുകളില്‍ സ്റ്റേറ്റ് ഇടപെടുന്ന രീതി നോക്കൂ. ഗുജറാത്തില്‍ അവിടുത്തെ എം എല്‍ എ ആയ ജിഗ്‌നേഷ് മേവാനിക്ക് അയാള്‍ പഠിച്ച കാമ്പസില്‍ പ്രസംഗിക്കാന്‍ അനുവാദം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായി. സര്‍ക്കാരിനെ വിമര്‍ശിക്കുന്നു എന്നതാണ് സ്വതന്ത്ര എം എല്‍ എയായ മേവാനിയെ തടയാന്‍ ട്രസ്റ്റിനുമേല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നത്. ഇവിടെ ഏറ്റവും ശ്രദ്ധേയമായ കാര്യം, മേവാനിയെ പ്രസംഗിപ്പിക്കേണ്ട എന്ന് തീരുമാനമെടുത്ത ട്രസ്റ്റിനോട് പ്രധിഷേധിച്ചുകൊണ്ട് ആ കോളേജിന്റെ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും രാജിവെച്ചതാണ്. നിങ്ങള്‍ക്കിഷ്ടമുള്ളത് പറഞ്ഞാല്‍ നിങ്ങളെ കാത്തിരിക്കുന്നത് രാജ്യദ്രോഹക്കുറ്റമായിരിക്കും, വെടിയുണ്ടകളും, കരാഗ്രഹവുമായിരിക്കും. നിങ്ങള്‍ക്ക് മതിയായ പ്രിവിലേജില്ലെങ്കില്‍ നിങ്ങള്‍ ക്രൂരമായി, കൂട്ടമായി ആക്രമിക്കപ്പെടും. ഈ രാജ്യം മാധ്യമ പ്രവര്‍ത്തകരോട് കാണിക്കുന്ന നയം തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണെന്ന് ഓര്‍ക്കണം. നമ്മുടെ സംസാരിക്കാനും ആശയം പ്രകടിപ്പിക്കാനുമുള്ള മൗലികാവകാശങ്ങള്‍ ഹനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
മറ്റൊരു വലിയ പ്രതിസന്ധി ഭരണഘടനാ സ്ഥാപനങ്ങളുടെയും സ്വതന്ത്ര അധികാരമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു എന്നതാണ്. റിസര്‍വ് ബാങ്ക് എത്ര അപകടകരമായ രീതിയിലാണ് കൈകാര്യം ചെയ്യപ്പെടുന്നത്. രാജ്യം നേരിടാനിരിക്കുന്ന കടുത്ത സാമ്പത്തികവും അല്ലാത്തതുമായ പ്രതിസന്ധികളെ മുന്‍കൂട്ടി പ്രവചിക്കുന്നതാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍. സി ബി ഐ എന്നത് തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന നേതാക്കള്‍ക്കെതിരെ ഏതെങ്കിലും കേസുകള്‍ കുത്തിപ്പൊക്കുന്ന രാഷ്ട്രീയ ആയുധമായി തരംതാഴ്ന്നിരിക്കുകയാണ്. സി ബി ഐയുടെ ഡയറക്ടറെ ഒഴിവാക്കിയതും നിയമിച്ചതുമൊക്കെയായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ മുഴുവന്‍ വിശ്വാസ്യതയെയും കളഞ്ഞുകുളിക്കുന്നതാണ്.
2014ല്‍ മോഡി അധികാരത്തിലേറുന്നത് തന്നെ അഴിമതിക്കെതിരെ ശക്തമായ പൊതുജന വികാരം ഉയര്‍ത്തിക്കൊണ്ടാണ്. ലോക്പാല്‍ എന്നൊരു സംഗതി കൊണ്ടുവരുമെന്ന തരത്തിലുള്ള മുന്നേറ്റങ്ങള്‍ ഒടുക്കം എന്തായി? മറ്റനേകം വാഗ്ദാനങ്ങളെ പോലെ അതും വെറുംവാക്കായി. രാജ്യത്തിന്റെ ചൗക്കിദാര്‍ ആണെന്ന് പറയുന്ന താന്‍ തിന്നുകയുമില്ല തീറ്റിക്കുകയുമില്ലെന്ന് പറയുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് ലോക്പാലിനെ കുറിച്ചു സംസാരിക്കാത്തത്?
ഇലക്ഷന്‍ കമ്മീഷനെ അവര്‍ അട്ടിമറിക്കുന്നത് എങ്ങനെയെന്ന് നിങ്ങള്‍ കാണുന്നില്ലേ? അതേ പറ്റി എത്ര മീഡിയ സംസാരിക്കുന്നുണ്ട്? ഇലക്ഷന്‍ കമ്മീഷന്‍ എന്നത് മൂന്ന് കമ്മീഷണര്‍മാര്‍ അടങ്ങുന്നതാണ്. അതില്‍ ഒരാള്‍ കഴിഞ്ഞ ഡിസംബറില്‍ രാജിവെച്ചു. ഇതിപ്പോള്‍ ഫെബ്രുവരിയായി. ഇതുവരെ പുതിയൊരാളെ കേന്ദ്രം കണ്ടെത്തിയിട്ടില്ല. ഇത്രയും പ്രധാനപ്പെട്ട ഒരു ഭരണഘടനാസ്ഥാപനത്തിന്റെ അവസ്ഥയാണ് ഇപ്പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒഴിവുനികത്താന്‍ മോഡി മടിക്കുന്നത് എന്തുകൊണ്ടാണ്? അതും ലോകസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍.

കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ അവസ്ഥ നോക്കൂ, റാഫേല്‍ കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ഇത്ര താമസമെന്തിനാണ്? മുന്‍ ധനകാര്യമന്ത്രിയും ധനകാര്യ വകുപ്പിലെ മുന്‍ ഡെപ്യൂട്ടി സെക്രട്ടറിയുമൊക്കെ റിപ്പോര്‍ട്ട് വൈകുന്നതിലെ ദുരൂഹത ചൂണ്ടിക്കാണിച്ചിട്ടും റിപ്പോര്‍ട്ടുമില്ല, മറുപടിയുമില്ല, ആര്‍ ടി ഐയുടെ കാര്യവും ഇങ്ങനെയൊക്കെ തന്നെ. എല്ലാ ആര്‍ ടി ഐ അന്വേഷണങ്ങളും മന്ത്രാലയങ്ങള്‍ പൂഴ്ത്തിവെക്കുന്നതാണ് ഇപ്പോള്‍ നടക്കുന്ന കാര്യം. ആര്‍ ടി ഐ അടച്ചുപൂട്ടാന്‍ ഏറ്റവും നല്ല വഴി ആര്‍ ടി ഐ അപേക്ഷകളോട് സഹകരിക്കേണ്ടതില്ലെന്ന് ആജ്ഞ കൊടുക്കലാണെന്ന് മോഡി കണ്ടുപിടിച്ചിട്ടുണ്ട്! മതിയായ ആര്‍ ടി ഐ ഓഫീസര്‍മാരില്ലാത്ത അവസ്ഥയായിരുന്നു ആദ്യം. സുപ്രീം കോടതിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കുറച്ചുപേരെ നിയമിച്ചപ്പോഴും ദുരൂഹതകള്‍ ബാക്കി. എല്ലാ ഉദ്യോഗസ്ഥരും മോഡി ഭക്തികൊണ്ട് കഴിവ് കാണിച്ചവര്‍.
ഇതുപോലെ എത്രയെത്ര ഉദാഹരണങ്ങള്‍! യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്റെ കാര്യമെടുക്കുക. ഓരോ സര്‍വകലാശാലകളിലും വൈസ്ചാന്‍സലര്‍മാരായി നിയമിക്കപ്പെട്ടവരുടെ കാര്യം മാത്രം നോക്കിയാല്‍ മതിയാകും. ഇങ്ങനെ കയ്യേറ്റം ചെയ്യാത്ത ഒറ്റ സ്ഥാപനങ്ങളും ഇല്ല. എല്ലാം അട്ടിമറിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ കാരണമെന്താണെന്ന് ആലോചിച്ചിട്ടുണ്ടോ?
ഇരുനൂറ്റി എണ്‍പത്തി മൂന്ന് സീറ്റുകളുടെ വമ്പിച്ച കണക്കുമായി അധികാരം കയ്യാളാന്‍ തുടങ്ങിയവര്‍ക്ക് പറയത്തക്ക തലവേദന ഉണ്ടാക്കുന്നത് പണിയെടുക്കുന്ന ഇത്തരം സ്വതന്ത്ര അധികാര സ്ഥാപനങ്ങളാണ്. അത് തകര്‍ക്കുകയല്ലാതെ തോന്നിയതുപോലെ ഭരിക്കാന്‍ വേറെ നിര്‍വാഹമില്ലല്ലോ. കാരണം, നമ്മുടെ ഭരണഘടന ഇത്തരം സ്ഥാപനങ്ങളെ സംവിധാനിച്ചിരിക്കുന്നത് വളരെ ശ്രദ്ധയോടെയാണ്. ജുഡീഷ്യറിയും മറ്റു ഭരണഘടനാ സ്ഥാപനങ്ങളും ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളില്ലാതെ പ്രവര്‍ത്തിക്കണമെന്നത് ഈ രാഷ്ട്രത്തിന്റെ അഖണ്ഡതയാണെന്ന് സാരം. ഭരണഘടനയുടെ ആ സൂക്ഷ്മപദ്ധതി അധികാരത്തിലേറിയ ഒന്നാം ദിവസം മുതല്‍ ഇവര്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഒരിക്കലും ഒരു സര്‍ക്കാരില്‍നിന്നുണ്ടാകാന്‍ പാടില്ലാത്ത അധാര്‍മ്മികമായ, നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഒരു സ്ഥാപനവും അവരെ തടയുന്നില്ല എന്ന് അവര്‍ക്ക് ഉറപ്പുവരുത്തണമായിരിക്കും.
അധികാരത്തിലേറി ആറുമാസം തികയും മുമ്പ്, സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്ന രീതി മാറ്റി പ്രതിസന്ധിയുണ്ടാക്കിയവരാണിവര്‍. കഴിഞ്ഞ വര്‍ഷം ഈ രാജ്യം അമ്പരന്നുപോയ ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചു. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ ആ വാര്‍ത്താ സമ്മേളനം. നമ്മുടെ രാഷ്ട്രത്തിന്റെ നിയമവാഴ്ചയും നീതിപീഠവും എത്രമേല്‍ അപകടകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്നവര്‍ വിശദീകരിച്ചു. രാജ്യത്തെ ജനങ്ങളോട് നീതിക്കുവേണ്ടി അപേക്ഷിച്ചത് രാജ്യം നീതിക്കുവേണ്ടി സമീപിക്കുന്ന ന്യായാധിപരാണ്. രാഷ്ട്രീയം നീതിപീഠത്തെ കയ്യടക്കാന്‍ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പ് ഒട്ടും നിസാരമല്ലല്ലോ. ഒരുവര്‍ഷത്തിനപ്പുറം, അന്ന് ആ ന്യായാധിപര്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടോ? ഇല്ല.

മൂന്നാമത്തെ കാര്യം വര്‍ഗീയതയാണ്. ഈ സര്‍ക്കാരിന്റെ വരവോടെ വര്‍ഗീയത എന്തായിരിക്കുന്നു എന്ന് നമ്മള്‍ ഭീതിയോടെ മനസിലാക്കുന്നു. കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടക്ക് വര്‍ഗീയത പ്രൊപ്പഗണ്ടയായും ഹിംസയായും നമ്മുടെ ഇടയില്‍ കനത്തിലാഴ്ന്നിട്ടുണ്ട്. ഒരുപാട് ബീഭത്സമായ കൂട്ടക്കൊലകള്‍ക്ക് നമ്മളങ്ങനെ സാക്ഷ്യം വഹിച്ചു. എണ്‍പത്തിനാലിലെ സിഖ് കൂട്ടക്കൊല. ഡല്‍ഹിയിലെ കോണ്‍ഗ്രസുകാരുടെ ആശീര്‍വാദത്തോടെ നടന്നതാണ് അത്. 2002ല്‍ ഗുജറാത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയുടെ അറിവോടെ നടന്ന കലാപങ്ങള്‍. കശ്മീര്‍ താഴ്‌വരയില്‍നിന്ന് പണ്ഡിറ്റുകളുടെ നിര്‍ബന്ധിത കുടിയിറക്കങ്ങളും കലാപങ്ങളും. ഈ ആളുകളെല്ലാം വര്‍ഗീയതയുടെ ഇരകളാണ്. പക്ഷെ അപ്പോഴൊന്നും വര്‍ഗീയതയെ അതാത് സര്‍ക്കാരുകള്‍ നിയമപരമായി ന്യായീകരിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നുപറയാം.

എന്നാല്‍ ഈ സര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്‍ ഉണ്ടാക്കുന്നത് വര്‍ഗീയതയുടെ അടിസ്ഥാനത്തിലാണ്. ആര്‍ക്കാണ് ഒരു ഇന്ത്യക്കാരനാകാനാവുക? ഏത് മതത്തില്‍ വിശ്വസിച്ചാലാണ് ഇന്ത്യയുടെ പൗരത്വം ലഭിക്കുക? ആസാമിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ഈ ബില്‍ അംഗീകരിക്കാനാവില്ലെന്ന് തറപ്പിച്ചുപറയാന്‍ ആര്‍ജ്ജവം കാണിച്ചത് പ്രതീക്ഷയാണ്. അല്ലെങ്കിലും ബംഗ്ലാദേശ് കുടിയേറ്റത്തിന്റെ വിഷയത്തില്‍ ആസാമിലെ ജനങ്ങള്‍ക്ക് അവരുടേതായ കാഴ്ചപ്പാടുണ്ട്. അതുപക്ഷെ ഒരിക്കലും വര്‍ഗീയമായ ഒരു കാഴ്ചപ്പാടല്ല. അത് അവരുടെ സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും മറ്റാരും നിയന്ത്രിക്കരുത് എന്ന ഒരു കരുതലാണ്. അല്ലാതെ അതിവര്‍ പറയുംപോലെ വര്‍ഗീയമായ സങ്കുചിത ചിന്തയേയല്ല. ഈ സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ബില്‍ അനുസരിച്ച് ബംഗ്ലാദേശില്‍നിന്നും വന്ന മുസ്‌ലിമല്ലാത്ത ആളുകള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാം എന്നതാണ്. പ്രധാനമന്ത്രി തന്നെ അത് വിശദീകരിക്കുന്നത് വിഭജന കാലത്ത് അവിടെ പെട്ടുപോയ സഹോദരങ്ങളെ തിരികെ കൊണ്ടുവരാനാണ് എന്ന നിലക്കാണ്. അദ്ദേഹം അഫ്ഗാനിസ്ഥാനെയും കൂട്ടത്തില്‍ എണ്ണുന്നത് വിഭജനകാലത്ത് ഇന്ത്യയുടെ ഭൂപ്രകൃതി എങ്ങനെയായിരുന്നു എന്ന കേവല ധാരണ പോലുമില്ലാത്തതിനാലാണ്.

മതന്യൂനപക്ഷമായതിന്റെ പേരില്‍ പീഡിതരായ ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍ എന്നിങ്ങനെയുള്ളവര്‍ പാകിസ്ഥാനില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ വന്നാല്‍ നമ്മള്‍ അവരെ സ്വീകരിക്കണം. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധകാലത്ത് അവിടെനിന്ന് വന്ന തമിഴ് അഭയാര്‍ത്ഥികളെ അവരുടെ മതമേതാണെന്നു നോക്കാതെ ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. അതുപോലെ പാകിസ്ഥാനില്‍ നിന്ന് അഹമ്മദിയാക്കള്‍ വന്നാലും, മ്യാന്‍മറില്‍നിന്ന് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ വന്നാലും ഇന്ത്യ അവരെ സ്വീകരിക്കണം. അവര്‍ക്ക് നേരെ പുറംതിരിഞ്ഞു നില്‍ക്കുന്നത് മനുഷ്യത്വവിരുദ്ധവും അതേസമയം കുറ്റകൃത്യവും കൂടിയാണ്. എന്നാല്‍ ഒരു ചുവട് കൂടി കടന്ന് അതിനെ അസ്സലായി വര്‍ഗീയവത്കരിക്കുകയാണ് ഇവര്‍ ചെയ്തത്.

കഴിഞ്ഞ എഴുപത് വര്‍ഷം സ്വതന്ത്രഇന്ത്യ പുലര്‍ത്തിക്കൊണ്ടുവന്ന സങ്കീര്‍ണമെങ്കിലും ആശാവഹമായ മതനിരപേക്ഷ പാരമ്പര്യത്തെയും നൂറ്റാണ്ടുകള്‍കൊണ്ട് നമ്മള്‍ ഉണ്ടാക്കിയ സഹിഷ്ണുതയെയും തകര്‍ത്ത തരിപ്പണമാക്കിയിരിക്കുകയാണ് ഇവര്‍. വേറെ ഒരുതരത്തില്‍ പറഞ്ഞാല്‍ കഴിഞ്ഞ എഴുപത് വര്‍ഷം ഇവിടെ നടമാടിയ വര്‍ഗീയ ധ്രുവീകരണതിന്റെ ഏറ്റവും മികച്ച അവതാരം കൂടിയാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു, ഇക്കൂട്ടര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് രണ്ടു തരത്തിലാണ്. ഭരണഘടന കൊണ്ടും പിന്നെ അവരുടെ വിചാരധാര കൊണ്ടും. ആര്‍ എസ് എസിനെ പറ്റിയാണ് ഇത് പറഞ്ഞത്. അവരുടെ ആശയം നടപ്പിലാക്കാനുള്ള വ്യഗ്രതയിലാണവര്‍.

ആര്‍ എസ് എസിനെ പ്രതിരോധിക്കുന്നവര്‍ക്കും ഭരണഘടനയെന്ന സങ്കല്പമുണ്ടായിരിക്കണം. തസ്‌ലീമ നസ്‌റിന്‍ ഇന്ത്യയില്‍ സംസാരിക്കേണ്ട എന്ന് പറയുന്നവര്‍ എങ്ങനെ ആര്‍ എസ് എസിനെ പ്രതിരോധിക്കും? ഞാനീയടുത്ത് വായിച്ചു, കേരളത്തില്‍ ഖമറുന്നിസ എന്ന ഒരു രാഷ്ട്രീയ നേതാവ് അവര്‍ ഒരു സ്ത്രീയാണെന്ന കാരണത്താല്‍ സംസാരിക്കേണ്ട എന്ന് വിലക്ക് നേരിട്ടു എന്ന ഒരു സംഭവം. നമ്മളെങ്ങനെയാണ് ഭരണഘടനാ മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുക?
നാലാമത്തെ കാര്യം, ഹിന്ദുരാഷ്ട്രത്തിന്റെ ഉപജ്ഞാതാക്കളുടെ തന്നെ ഏറ്റവും വലിയ അജണ്ടയായ കോര്‍പ്പറേറ്റുകളാണ്. ബഡാ ബിസിനസ് രാഷ്ട്ര എന്നതാണ് ഈ വര്‍ഗീയവാദികളുടെ ഉള്ളിലിരിപ്പ്. ഇവരുടെ പോളിസികള്‍ തന്നെ നോക്കിയാല്‍ അത് വ്യക്തമാകും. ഈ രാജ്യത്തെ വന്‍കിടമുതലാളിമാര്‍ക്ക് ലാഭമുണ്ടാക്കി കൊടുക്കുകയാണ് ഈ സര്‍ക്കാരിന്റെ പദ്ധതികളുടെയെല്ലാം ലക്ഷ്യം. ഗോത്രസമൂഹങ്ങളുടെ ഭൂമി കയ്യേറാനും, നമ്മുടെ പരിസ്ഥിതി നശിപ്പിക്കാനും, ഈ രാജ്യത്തെ ജലസ്രോതസ്സുകള്‍ മലിനമാക്കാനും ഇല്ലാതാക്കാനും ക്രോണി കാപിറ്റലിസ്റ്റുകള്‍ക്ക് ഒത്താശ ചെയ്യുക എന്നതാണ് ഏറ്റവും വലിയ അജണ്ട. വര്‍ഗീയത അത് നടപ്പിലാക്കാനുള്ള ഒരു ഉപാധിയോ ഉപകരണമോ മാത്രമാണ്. ഭരണഘടനാ സ്ഥാപനങ്ങള്‍ അട്ടിമറിക്കുന്നത് അതിനുവേണ്ടിയാണ്. സുപ്രീം കോടതിയെ കയ്യേറാന്‍ ശ്രമിക്കുന്നതും ഗ്രീന്‍ ട്രൈബ്യൂണലിനെ തുരങ്കം വെക്കുന്നതുമെല്ലാം ബിസിനസുകാരായ ഇവരുടെ കൂട്ടുകാര്‍ക്ക് ലാഭമുണ്ടാക്കാനാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതും അവര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കാനാണ്.

ഞങ്ങളുടെ ‘ദ വയര്‍’ പതിനൊന്നായിരത്തി അഞ്ഞൂറ് കോടിയുടെ മനഷ്ടക്കേസ് നേരിടുന്നുണ്ട്. കോര്‍പ്പറേറ്റുകളുടെ കൊള്ളരുതായ്മകള്‍ എഴുതിയതിനു അവര്‍ മാനനഷ്ടക്കേസ് കൊടുത്തതാണ്. ഗൗതം അദാനിയും, അനില്‍ അംബാനിയുമൊക്കെ മാനം പോയെന്നു പറഞ്ഞ് കേസിനു പോവുകയാണ് ഞങ്ങള്‍ക്കെതിരില്‍. ഇതൊക്കെ സമാനമായ കേസുകളാണ്. ഞങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ്. പണവും കൈക്കരുത്തും ഉപയോഗിച്ച് ഞങ്ങളെ തടയാമെന്നാണ് അവര്‍ കരുതുന്നത്. സത്യം പറയുന്ന മാധ്യമങ്ങളെ നിശബ്ദമാകാനുള്ള വ്യാമോഹം! പക്ഷെ, ഞങ്ങളെ തടയാന്‍ പറ്റില്ല. ഞങ്ങള്‍ നിശബ്ദരാകില്ല. ഞങ്ങള്‍ മിണ്ടാതിരുന്നാല്‍ വരുംതലമുറ പിന്നെ എന്തുചെയ്യും എന്ന ആശങ്ക ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ സത്യം പറഞ്ഞുകൊണ്ടേയിരിക്കും. അതിനുവേണ്ടി എന്തുവിലനല്‍കേണ്ടി വന്നാലും ശരി.

(ഡല്‍ഹിയില്‍ ഇ അഹമദ് അനുസ്മരണത്തില്‍ നടത്തിയ പ്രസംഗം)
സിദ്ധാര്‍ത്ഥ് വരദരാജന്‍

You must be logged in to post a comment Login