മറക്കരുത്, ജയ്പാല്‍ സിംഗ് മുണ്ടയെയും അദ്ദേഹത്തിന്റെ ജനതയെയും

മറക്കരുത്, ജയ്പാല്‍ സിംഗ് മുണ്ടയെയും അദ്ദേഹത്തിന്റെ ജനതയെയും

സ്വതന്ത്ര പരമാധികാര ഇന്ത്യയുടെ അറുപത്തി ഒമ്പതാം പിറന്നാളായിരുന്നു 2019 ജനുവരി 26. റിപ്പബ്ലിക് ദിനം. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെ ഓര്‍മദിനം. നിങ്ങള്‍ക്ക് അറിയുന്നതുപോലെ വിശാല ഇന്ത്യയിലെ നാനാതരം സവിശേഷതകളെ പ്രതിനിധാനം ചെയ്ത് 299 മനുഷ്യര്‍ രണ്ടുവര്‍ഷം ഒരുമിച്ചിരുന്ന് അതിദീര്‍ഘമായ സംവാദങ്ങളും വാദങ്ങളും പ്രതിവാദങ്ങളും നടത്തി രൂപപ്പെടുത്തിയ ഒന്നാണ് ഇന്ത്യയുടെ ഭരണഘടന. ആ ഒരുമിച്ചിരിക്കലിന്റെ സ്ഥാപനപരമായ പേരാണ് ഭരണഘടനാ നിര്‍മാണ സഭ. ആ സഭയിലെ പല അംഗങ്ങളെയും ഇന്ത്യാചരിത്രം അര്‍ഹിക്കുന്ന ആദരത്തോടെ രേഖപ്പെടുത്തിയതായി നമുക്കറിയാം. അധ്യക്ഷന്‍ രാജേന്ദ്ര പ്രസാദ്, ഡ്രാഫ്റ്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ അഥവാ ഭരണഘടനയുടെ രചനാശില്‍പി ബി.ആര്‍. അംബേദ്കര്‍, ജഹവര്‍ലാല്‍ നെഹ്‌റു, വല്ലഭായ് പട്ടേല്‍, സരോജിനി നായിഡു, കൃഷ്ണമാചാരി അങ്ങനെ നരിവധി മഹാബിംബങ്ങള്‍. എന്നാല്‍ ആ സഭയില്‍ ഇപ്പോള്‍ നിങ്ങള്‍ ഓര്‍മിക്കാത്ത, എഴുതി ആഘോഷിക്കപ്പെട്ട ചരിത്രം തമസ്‌കരിച്ചുകളഞ്ഞ ഒരു മനുഷ്യനുണ്ടായിരുന്നു. ജയ്പാല്‍ സിംഗ് മുണ്ട. ഇന്ത്യന്‍ ആദിവാസി സമൂഹത്തിന്റെ പ്രതിനിധി. ഭരണഘടനാനിര്‍മാണ സഭയെ; ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ആദ്യരൂപത്തെ പ്രകമ്പനം കൊള്ളിച്ച പ്രഭാഷണങ്ങളില്‍ പലതും ജയ്പാല്‍ മുണ്ടയുടേതാണ്. 1946 ഡിസംബര്‍ 16 നായിരുന്നു ഇന്ത്യന്‍ ആദിവാസിയുടെ ശബ്ദം ജയ്പാല്‍ മുണ്ടയിലൂടെ സഭയില്‍ ആദ്യമായി മുഴങ്ങിയത്:
”I rise to speak on behalf of millions of unknown hordes – yet very important – of unrecognised warriors of freedom, the original people of India who have variously been known as backward tribes, primitive tribes, criminal tribes and everything else, Sir, I am proud to be a Jungli, that is the name by which we are known in my part of the country. As a jungli, as an Adibasi, I am not expected to understand the legal intricacies of the Resolution. You cannot teach democracy to the tribal people; you have to learn democratic ways from them. They are the most democratic people on earth.” ഇതായിരുന്നു ആ വാക്കുകള്‍. അറിയപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യാത്ത ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമരപ്പോരാളികളുടെ, പോരാട്ടത്തില്‍ മൃതിയടഞ്ഞവരുടെ പ്രതിനിധിയായാണ് മുണ്ട സ്വയം സ്ഥാനപ്പെടുത്തുന്നത്. ‘ആദിവാസികളെ നിങ്ങള്‍ ജനാധിപത്യം പഠിപ്പിക്കരുത്; ഭൂമിയിലെ ഏറ്റവും വലിയ ജനാധിപത്യ മനുഷ്യരാണ് ഞങ്ങള്‍ ആദിവാസികള്‍’ എന്ന താക്കീതായിരുന്നു ആ തുടക്കം. ഭരണഘടനാ നിര്‍മാണ സഭയുടെ നിര്‍ണായകസംവാദങ്ങളിലെല്ലാം ജയ്പാല്‍ സിംഗ് മുണ്ടെയുടെ ചരിത്രപരമായ ഇടപെടലുകള്‍ കാണാം. വനജാതി എന്ന് ആദിവാസികളെ രേഖപ്പെടുത്തിയ സഭയെ വനജാതിയല്ല, ആദിവാസി എന്ന് തന്നെ രേഖപ്പെടുത്തണം എന്ന് ജയ്പാല്‍ തിരുത്തി. സഭ ഒന്നടങ്കം ആ വാദം അംഗീകരിച്ചു. വനജാതി എന്നത് അപമാനകരമായ വാക്കാണെന്ന് ജയ്പാല്‍ ആവര്‍ത്തിച്ചു. ഭരണഘടനാ നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും അംബേദ്കര്‍ അധ:സ്ഥിതര്‍ക്കെന്ന പോലെ ജയ്പാല്‍ ആദിവാസികള്‍ക്ക് വേണ്ടി സംസാരിച്ചു. ഉഗ്രമായ വാദമുഖങ്ങളാല്‍ ആദിവാസി അവകാശങ്ങളെ ഭരണഘടനാപരമാക്കി. ആദിവാസി സ്വയംഭരണമെന്ന ആര്‍ട്ടിക്ക്ള്‍ 244 ന് നിര്‍ണായക സംഭാവന ചെയ്തു. ആദിവാസി ആചാരങ്ങളെ റദ്ദാക്കിയേക്കാവുന്ന മുഴുവന്‍ നീക്കങ്ങളെയും, സമ്പൂര്‍ണ മദ്യനിരോധനമുള്‍പ്പടെയുള്ളവയെ ഒറ്റയ്ക്ക് ചെറുത്തത് ജയ്പാല്‍ സിംഗ് മുണ്ടേയാണ്. 1928-ലെ ആംസ്റ്റര്‍ ഒളിംപിക്‌സില്‍ ഇന്ത്യക്ക് വേണ്ടി ഹോക്കി സ്റ്റിക്കേന്തിയിട്ടുള്ള ആ പ്രതിഭാശാലി ഒരു കളിമൈതാനത്തെന്നപോലെ എതിര്‍വാദങ്ങളെ നിഷ്പ്രഭമാക്കി. ഇന്ത്യന്‍ ഭരണഘടന ഇന്ത്യന്‍ ആദിവാസിക്ക് നല്‍കിയ എല്ലാ അവകാശങ്ങള്‍ക്കും ആദിവാസിസമുഹം കടപ്പെട്ടിരിക്കുന്നത് ജയ്പാല്‍ സിംഗ് മുണ്ടയോടാണ്.
ജയ്പാല്‍ സിംഗ് മുണ്ടയോട് ചരിത്രം നീതികാട്ടിയില്ല. മുണ്ടയുടെ ജനതയോട്; ഇന്ത്യന്‍ ആദിവാസികളോട് രാജ്യവും. അനീതികളുടെ ബൃഹദ്പരമ്പരയില്‍ ഒടുവിലത്തേതാണ്; മാരക പ്രഹരശഷിയുള്ള ഒന്നാണ് റിപബ്ലിക്കിന്റെ അറുപത്തിയൊമ്പതാം പിറന്നാളിന് മൂന്നാഴ്ചക്ക് ശേഷം, ഫെബ്രുവരി 20-ന് പുറത്തുവന്ന സുപ്രീംകോടതി വിധി. തെളിവുകള്‍ എന്ന തികച്ചും നാഗരികവും ആധുനികവും ഭരണകൂടപരവുമായ കടമ്പയില്‍ കുരുക്കി 1127446 ആദിവാസി കുടുംബങ്ങളെ, അമ്പത് ലക്ഷത്തിലധികം ആദിവാസി മനുഷ്യരെ അവരുടെ ആവാസത്തില്‍ നിന്ന്, വനത്തില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. 2019 ജൂലായ് 12-നകം ഇവരെ പുറത്താക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്. കേരളത്തിലെ 894 ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പടെയാണ് പുറത്താക്കപ്പെടുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ തുടച്ചുനീക്കലിനാണ് കളമൊരുങ്ങുന്നത്. എങ്ങനെയാണ് ഇത് സംഭവിച്ചത്? നിലവിലുള്ള നിയമത്തെ അക്ഷരം പ്രതി വ്യാഖ്യാനിക്കുകയാണ് സുപ്രീംകോടതി ചെയ്തത്. അങ്ങനെ വ്യാഖ്യാനിക്കാമോ എന്ന ചോദ്യം ന്യായമാണ്. പക്ഷേ, അങ്ങനെ വ്യാഖ്യാനിക്കുന്നത് നിയമപരമായി അന്യായമല്ല.

1927-ല്‍ ബ്രിട്ടണ്‍ കൊണ്ടുവന്ന വനനിയമത്തിലാണ് ഈ പുറത്താക്കലിന്റെ വേരുകളുള്ളത്. ബ്രിട്ടന്‍ ആദിവാസി സമൂഹത്തെ മനുഷ്യരായി പരിഗണിച്ചിരുന്നില്ല. നീഗ്രോകളെന്ന് അപഹസിക്കപ്പെട്ടിരുന്ന കറുത്ത വര്‍ഗക്കാരെ മനുഷ്യരായി പരിഗണിക്കാതിരുന്ന ഇമ്മാനുവല്‍ കാന്റിന്റെ വംശാവലിയാണ് ബ്രിട്ടീഷുകാര്‍. അവരെ നയിച്ചിരുന്ന യൂറോപ്യന്‍ മനുഷ്യസങ്കല്‍പത്തിന്റെ പരിധിയില്‍ ആദിവാസികള്‍ ഉള്‍പ്പെട്ടിരുന്നില്ല. ആദ്യകാലത്ത് സ്ത്രീകള്‍ പോലും പെട്ടിരുന്നില്ല എന്നും ഓര്‍ക്കാവുന്നതാണ്. ആദിവാസികളെ മനുഷ്യരായി പരിഗണിക്കാതിരുന്നതിനാലാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ആദിവാസികള്‍ ഇന്ത്യന്‍ മണ്ണില്‍ നടത്തിയ അനവധിയായ ഐതിഹാസിക പോരാട്ടങ്ങളെ അവര്‍ രേഖപ്പെടുത്താതിരുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം 1857-ല്‍ തുടങ്ങുന്നതല്ല എന്ന് നമ്മള്‍ മനസിലാക്കാന്‍ തുടങ്ങിയത് സ്വാതന്ത്ര്യത്തിന് അരനൂറ്റാണ്ട് പ്രായം കഴിഞ്ഞതിന് ശേഷമാണെന്നും നിങ്ങള്‍ക്കറിയാം. ബ്രിട്ടീഷുകാരാല്‍ ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടതാണല്ലോ ഇന്ത്യന്‍ ചരിത്രമെഴുത്ത്. അതിനാല്‍ നമ്മുടെ ഔദ്യോഗിക ചരിത്രമെഴുത്തുകള്‍ ആദിവാസികളെ, ജയ്പാല്‍ മുണ്ടയുടെ ജനങ്ങളെ ചരിത്രത്തില്‍ കൂട്ടിയില്ല. അവര്‍ കൂട്ടിയില്ല എന്നതുകൊണ്ട് ചരിത്രം മാഞ്ഞുപോകില്ല. അതിനാല്‍ നാമിന്ന് ധീരരായ ആദിവാസി പോരാളികളെ ചരിത്രത്തില്‍ നിന്ന് തെളിച്ചെടുക്കുന്നുണ്ട്. ആ വെളിച്ചത്തില്‍ നമ്മള്‍ 1770 മുതല്‍ 1802 -വരെ നീണ്ട സന്യാസി വിപ്ലവമെന്ന് ‘ആനന്ദമഠ’ത്തില്‍ ബങ്കിംഗ് ചന്ദ്ര ചാറ്റര്‍ജി വിളിച്ച സാമ്രാജ്യത്വവിരുദ്ധ ആദിവാസി പോരാട്ടത്തെ കാണുന്നുണ്ട്. 1789 -ല്‍ ബ്രിട്ടണെതിരെ ആയുധമെടുത്ത, ബ്രിട്ടീഷ് പട്ടാളം തൂക്കിക്കൊന്ന ബാബാ തില്‍കാ മഞ്ചിയെ അറിയുന്നുണ്ട്. വീര സുരേന്ദ്ര സായിയെയും സംബല്‍പുര്‍ വിപ്ലവത്തെയും പഠിക്കുന്നുണ്ട്. ഭഗീരഥ് മഞ്ചി, മുര്‍മു സഹോദരങ്ങളുടെ സാന്താള്‍ വിപ്ലവം, ബിര്‍സാ മുണ്ട തുടങ്ങിയ പേരുകളെ പൂര്‍വകാല പ്രാബല്യത്തോടെ പുനരാനയിക്കുന്നുണ്ട്. ഇങ്ങനെ അതിസമ്പന്നമായ ചരിത്രവും അത്യാഴമുള്ള ദേശീയതയും ഉണ്ടായിരുന്ന ആദിവാസികളെ മനുഷ്യാവസ്ഥയില്‍ നിന്ന് റദ്ദാക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടണ്‍ അവതരിപ്പിച്ച ഒന്നാണ് വനനിയമം.

1927-ലെ ഈ നിയമപ്രകാരം ആദിവാസികള്‍ വനത്തിലെ അനധികൃത താമസക്കാരായി; കയ്യേറ്റക്കാരായി പരിഗണിക്കപ്പെട്ടു. വനവിഭവങ്ങള്‍ യഥേഷ്ടം ഉപയോഗിക്കാന്‍ സാമ്രാജ്യത്വ ഭരണകൂടത്തിന് വഴിയൊരുക്കുക എന്നതായിരുന്നു ആ നിയമത്തിന്റെ പ്രകടമായ ഉദ്ദേശം. കാട്ടില്‍ മരക്കൃഷി എന്നത് ബ്രിട്ടന്റെ പ്രധാന കച്ചവടമായിരുന്നു. മനുഷ്യരായി പരിഗണിക്കാത്തതിനാല്‍ ആദിവാസികളെ വനത്തില്‍ നിന്ന് ഇറക്കി വിടാനൊന്നും ബ്രിട്ടന്‍ ശ്രമിച്ചില്ല. പക്ഷേ, സ്വന്തം ആവാസ സ്ഥലത്ത് യാതൊരുവിധ പൗരാവകാശങ്ങളുമില്ലാത്ത ജനതയായി അവര്‍ മാറി.
ഭരണഘടന നിലവില്‍ വന്നിട്ടും, ആ ഭരണഘടനക്ക് മേല്‍ ആദിവാസി നേതാവ് ജയ്പാല്‍ സിംഗ് മുണ്ടയുടെ കൂടി കയ്യൊപ്പുണ്ടായിട്ടും വനനിയമത്തിലെ കൊടുംചതികള്‍ ഗൗനിക്കപ്പെട്ടില്ല. ആദിവാസികളോടുള്ള പൊതുസമീപനം ഇക്കാലത്ത് എന്നതുപോലെ അക്കാലത്തും അവഗണനാപരമായിരുന്നു എന്നര്‍ഥം.
തൊണ്ണൂറുകള്‍ നിങ്ങള്‍ നന്നായി മനസിലാക്കിയിട്ടുള്ളതുപോലെ ഉദാരീകരണത്തിന്റെ കാലമാണ്. ചങ്ങാത്ത മുതലാളിത്തം ഒരു വ്യവസ്ഥയായി മാറുന്നു. വനഭൂമിയെന്നത് സമ്പത്തിന്റെ വറ്റാത്ത കലവറയാണെന്ന് തിരിച്ചറിയപ്പെടുന്നു. വന്‍കിട കമ്പനികള്‍ കാട് കേറുന്നു. അവരുടെ ചങ്ങാതിമാരായി അധപ്പതിച്ച സര്‍ക്കാറുകള്‍ ഈ കയ്യേറ്റത്തിന് ചൂട്ട് കാട്ടുന്നു. വനം കുഴിച്ച് കമ്പനികള്‍ കോടികള്‍ വാരുന്നു. സ്വാഭാവികമായും ആദിവാസികള്‍ ചെറുത്തുനില്‍ക്കാന്‍ തുടങ്ങി. തീവ്ര ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അരങ്ങായി വനഭൂമിയും അണികളായി ആദിവാസികളും മാറുന്നു. സര്‍ക്കാരും ആദിവാസികളും മുഖാമുഖം വന്ന ആദ്യസന്ദര്‍ഭം. അപ്പോഴാണ് വനനിയമം ചര്‍ച്ചയാവുന്നത്. അന്നത്തെ യു.പി.എ സര്‍ക്കാര്‍ ഗത്യന്തരമില്ലാതെ വനാവകാശനിയമം പാസാക്കുന്നു. സന്ദര്‍ഭം എന്തായിരുന്നു എങ്കിലും, സന്ദര്‍ഭത്തിന്റെ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ ഏത് വിധമായിരുന്നാലും ചരിത്രപരമായ ഒന്നായിരുന്നു 2006ലെ വനാവകാശനിയമം. പരമ്പരാഗതമായി വനത്തില്‍ താമസിക്കുന്നവര്‍ക്ക്, രണ്ട് തലമുറയായി തങ്ങള്‍ വനവാസികളാണെന്ന തെളിവുകളും ആവശ്യമായ രേഖകളും നല്‍കിയാല്‍ വനത്തില്‍ തുടരാന്‍ നിയമം അനുവാദം നല്‍കി. അതായത് 1927-ലെ വനനിയമം വെറും അനധികൃത കയ്യേറ്റക്കാരായി പരിഗണിച്ചിരുന്ന മനുഷ്യര്‍ക്ക് രേഖകളും തെളിവുകളും ഹാജരാക്കിയാല്‍ അവകാശത്തോടെ വനത്തില്‍ കഴിയാം. ആദിവാസിയോട് നീതി ചെയ്ത നിയമമെന്ന് പുകഴ്ത്തപ്പെട്ടു വനാവകാശ നിയമം.

ഇനിയാണ് അട്ടിമറിയുടെ കഥ. രേഖകളും തെളിവുകളും ഒരു ഭരണകൂട ഉപാധിയാണ്. അത് ആധുനികവും പാശ്ചാത്യവുമായ ഒരു ഭരണകൂട ഉപകരണമാണ്. അതിന്റെ നൂലാമാലകള്‍ നാഗരികമാണ്. ആദിവാസികള്‍ ആ നാഗരികതയുടെ പരിധിയിലല്ല. ജയ്പാല്‍ സിംഗ് മുണ്ട പറഞ്ഞത് മറക്കരുത്. നിങ്ങള്‍ ഞങ്ങളെ ജനാധിപത്യം പഠിപ്പിക്കരുത് എന്ന്. ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നേ ജനാധിപത്യം ആര്‍ജിച്ചവരാണെന്ന്. നാഗരികാധുനികതയുടെ മാത്രം നിര്‍മിതിയായ ഭരണകൂടം ആവശ്യപ്പെടുന്ന തെളിവുകള്‍ ആദിവാസിയുടെ വെളിവുകള്‍ക്ക് വഴങ്ങുന്നതല്ലായിരുന്നു. നിങ്ങളിപ്പോള്‍ റോഹിംഗ്യകളെ ഓര്‍ത്തുവല്ലേ? ബര്‍മയില്‍ സംഭവിച്ചത് അതാണ്. ബര്‍മീസ് ഭരണകൂടം ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ കഴിയാതിരുന്നവര്‍, അങ്ങനെ ആവശ്യപ്പെട്ട കാര്യം അറിഞ്ഞതുപോലുമില്ലാത്തവര്‍, അവരാണല്ലോ റോഹിംഗ്യകള്‍. അവരല്ലേ കാലുവെന്ത് ലോകമാകെ അലയുന്നത്? പതിനൊന്ന് ലക്ഷത്തിലധികം ആദിവാസി കുടുംബങ്ങള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. തങ്ങളുടെ മണ്ണില്‍ തങ്ങളാര്‍ക്ക് തെളിവ് നല്‍കണം? സമയപരിധി കഴിഞ്ഞതും അവരറിഞ്ഞില്ല. നിങ്ങള്‍ നിശ്ചയിക്കുന്ന നിങ്ങളുടെ സമയക്രമത്തിനകത്ത് കുടുങ്ങിവീണവരല്ല ആദിമ ജനത എന്നും അര്‍ഥം.
നിയമം കുരുക്കാകുന്ന സന്ദര്‍ഭം ഇതാണ്. നിയമം പാലിച്ചില്ലെങ്കില്‍ കുറ്റമാവുമല്ലോ? തെളിവ് നല്‍കാത്ത ആദിവാസികളെ വനത്തില്‍ നിന്ന് പുറത്താക്കി നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജികള്‍ വന്നു. ആദിവാസികളെ വനഭൂമിയില്‍ നിന്ന് പുറത്താക്കാന്‍ ആഗ്രഹിക്കുന്നത് ആരാണ്? അവര്‍ വനം നശിപ്പിക്കുമെന്ന് പറയുന്നത് ആരാണ്? ചില പരിസ്ഥിതി സംഘടനകള്‍. ആരാണവര്‍? അന്വേഷിക്കാം. പക്ഷേ, ആര്‍ക്കാണ് ആദിവാസികളെ ഒഴിപ്പിച്ച് വനഭൂമിയെ സ്വന്തം ഇഷ്ടത്തിന് ലഭിേക്കണ്ടത്? വനത്തില്‍ തമ്പടിച്ച കോര്‍പറേറ്റുകള്‍ക്ക്. കേസ് നടത്തിപ്പിന് പാവം പരിസ്ഥിതി സംഘടനകള്‍ക്ക് കോടികള്‍ മൂല്യമുള്ള മുന്തിയ അഭിഭാഷകരെ ലഭ്യമാക്കിയത് ആരായിരിക്കണം? ഉത്തരം വ്യക്തം. ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ആരാണ് വാദിക്കേണ്ടത്? നിശ്ചയമായും കേന്ദ്ര സര്‍ക്കാരാണ്. ആദിവാസി ജനതയുടെ ജീവിതസാഹചര്യങ്ങളും അവരുടെ അവകാശങ്ങളും നിരത്തി ലളിതമായി നടത്തുന്ന വാദം പോലും ആദിവാസിക്ക് അനുകൂലമാവുന്ന സാഹചര്യം ഉണ്ടായിരുന്നു. അത്ര ദുര്‍ബലമായിരുന്നു ‘പരിസ്ഥിതി പ്രേമി’കളുടെ വാദങ്ങള്‍. പക്ഷേ, ആദിവാസികള്‍ക്ക് വേണ്ടി സംസാരിക്കേണ്ട കേന്ദ്ര സര്‍ക്കാറിന്റെ, ബി.ജെ.പി സര്‍ക്കാറിന്റെ അഭിഭാഷകന്‍ ഹാജരായില്ല. ഏകപക്ഷീയമായി ‘പരിസ്ഥിതി പ്രേമി’കള്‍ വിധി സമ്പാദിച്ചു. കുത്തക കോര്‍പറേറ്റുകളുടെ, ഖനി ലോബികളുടെ പിണിയാളുകളായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി പ്രേമികളുടെ അയ്യര്കളിയുണ്ട് ഇന്ത്യയില്‍. വനത്തില്‍ നിന്ന് അതിന്റെ അവകാശികളെ കുടിയിറക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് ഒത്താശ ചെയ്യുന്നവര്‍. വനാവകാശക്കേസിലും ആ ഒത്താശകളുടെ പെരുങ്കളിയാട്ടമാണ് നടന്നത്. കൂട്ട് നിന്നതോ കേന്ദ്ര സര്‍ക്കാറും. ചങ്ങാത്ത മുതലാളിത്തത്തിന്റെ കൊടുമ്പിരിക്കാലത്ത് എന്ത് ആദിവാസി? എന്ത് വനഭൂമി?

അമ്പത് ലക്ഷം ആദിവാസികളെ തുടച്ചുനീക്കുന്ന മഹാപരാധം സര്‍ക്കാര്‍ കാര്‍മികത്വത്തില്‍ നടന്നിട്ടും മുഖ്യധാരാമാധ്യമങ്ങളും പൊതു രാഷ്ട്രീയകക്ഷികളും തുടരുന്ന മൗനം ശ്രദ്ധിച്ചുവോ? ഏഴുപതിറ്റാണ്ടായി തുടര്‍ന്നുപോന്ന ആദിവാസി വഞ്ചനകളോട് അവര്‍ പുലര്‍ത്തിപ്പോന്ന മൗനത്തിന്റെ തുടര്‍ച്ച മാത്രമാണത്. ആദിവാസികളുടെ ഭാഗം പറയാന്‍ ചുമതലപ്പെട്ട കേന്ദ്ര സര്‍ക്കാറിന്റെ അഭിഭാഷകന്‍ ഹാജരാകാതിരുന്നതിന് പിന്നിലെ താല്‍പര്യം ഒരിക്കലും പുറത്തുവരില്ല. ആദിവാസികളെ പുറത്താക്കാന്‍ മുന്തിയ അഭിഭാഷകരെ വെച്ച് കേസ് നടത്തിയ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ആ വനസ്‌നേഹികളുടെ യഥാര്‍ത്ഥ താല്‍പര്യമെന്ത് എന്നതും പുറത്ത് വരാനിടയില്ല. ആദിവാസികള്‍ ഒഴിഞ്ഞുപോകുന്ന കാട് എന്തായിത്തീരുമെന്നതും ആരും തിരക്കില്ല. പക്ഷേ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഈ രാജ്യത്ത് ആദ്യമുയര്‍ന്ന ആ ചൂണ്ടുവിരലുകള്‍, ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യപഥികര്‍, ഈ രാജ്യത്തിന്റെ അവകാശികള്‍ നമ്മെ വിചാരണ ചെയ്യുന്ന നാള്‍ വരും. ഇന്ന് നാം പുലര്‍ത്തുന്ന മൗനത്തിന് അന്ന് കണക്ക് പറയേണ്ടി വരും.

കെ കെ ജോഷി

You must be logged in to post a comment Login