എത്രമേല്‍ ഭീതിയിലാണ് ഭരണകൂടം

എത്രമേല്‍ ഭീതിയിലാണ് ഭരണകൂടം

2014 തിരഞ്ഞെടുപ്പു കാലഘട്ടത്തില്‍ മുഴങ്ങിക്കേട്ട പേരാണ് അണ്ണാഹസാരെയും ലോക്പാലും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടി പ്രധാനമന്ത്രി ആയതിനുശേഷം അടുത്ത തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ ലോക്പാലിനെ നിയമിക്കുന്നത്. ഇന്ത്യയുടെ ആദ്യ ലോക്പാലായി ജസ്റ്റിസ് പി.സി ഘോഷ് നിയമിതനായി. ഇന്ത്യയിലെ പ്രധാന ആഭ്യന്തര പ്രതിസന്ധിയായ അഴിമതിയെ പ്രതിരോധിക്കുക എന്നതാണ് ലോക്പാല്‍ സമിതിയുടെ ഉദ്ദേശ്യം. പൊതുജന താല്‍പര്യാര്‍ത്ഥം രാഷ്ട്രീയ നേതാക്കളിലും മറ്റു ഭരണസംവിധാനത്തിലും സുതാര്യത ഉറപ്പു വരുത്തുക എന്നതാണു ലക്ഷ്യം. ഏകദേശം 6 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലോക്പാല്‍, ലോകായുക്ത ബില്ലുകള്‍ പാസാക്കപ്പെട്ടത്. തുടര്‍ന്ന് ഭരണത്തിന്റെ അവസാന നാളുകളിലാണ് ഭരണകൂടം അത് നടപ്പില്‍ വരുത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. പക്ഷേ ലോക്പാലിന്റെ നിയമനം വൈകാനിടയാക്കിയ സാഹചര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. branchbench.com എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് പ്രകാരം സുപ്രീംകോടതിയുടെ നിരന്തരമായ ഇടപെടലുകളാണ് ലോക്പാല്‍ നിയമനം സാധ്യമാക്കിയതെന്ന് വ്യക്തമാക്കുന്നു. അന്നത്തെ സോളിസിറ്റര്‍ ജനറല്‍ ആയിരുന്ന മുകുള്‍ റോത്തഗി നിരത്തിയ പ്രധാനവാദം ലോക്പാല്‍ നിയമന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവിന്റെ അഭാവത്തെ കുറിച്ചാണ്. പക്ഷേ 2014 ല്‍ തന്നെ അദ്ദേഹം നടത്തിയ മറ്റൊരു പ്രസ്താവനയില്‍ ലോക്പാലിന് വേണ്ടിയുള്ള സമിതിയെയും അംഗങ്ങളെയും നിയമിക്കാന്‍ പ്രതിപക്ഷത്തിന്റെ ആവശ്യമുള്ളതായി വരുന്നില്ല എന്ന് പറയുന്നു. ഇതില്‍ നിന്നും വ്യക്തമാവുന്നത് ലോക്പാലിന്റെ നിയമനത്തില്‍ കൃത്യമായി നടക്കേണ്ടിയിരുന്ന നടപടിക്രമങ്ങളൊക്കെ കേന്ദ്ര ഭരണകൂടം മനപ്പൂര്‍വം വൈകിപ്പിച്ചുവെന്നാണ്. ലോക്പാല്‍ നിയമനത്തിന്റെ കൈവഴികള്‍ പരിശോധിക്കുകയാണെങ്കില്‍ സുപ്രീംകോടതിയുടെ ഇടപെടലുകളുടെ പങ്ക് വ്യക്തമാണ്. 2016 നവംബര്‍ 24 ന് സുപ്രീംകോടതിയില്‍ വാദം നടക്കവെ പ്രതിപക്ഷ നേതാവ് ഇല്ലാത്തതുകൊണ്ട് ലോക്പാലിനെ നിയോഗിക്കാനായില്ല എന്ന വാദം കേന്ദ്രം ഉന്നയിച്ചു. 2018 ജൂലൈ 17ന് കോടതിയില്‍ അന്വേഷണ കമ്മീഷന്‍ ഉടന്‍ രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോടതി കേന്ദ്രത്തെ അറിയിച്ചു. 2018 ജൂലായ് 24ന് ലോക്പാല്‍ സത്യവാങ്മൂലത്തില്‍ കേന്ദ്രത്തോടുള്ള അതൃപ്തി കോടതി വെളിപ്പെടുത്തി. 2019 ജനുവരി 17ന് നടന്ന വാദത്തില്‍ ഫെബ്രുവരി അവസാനത്തിലേക്ക് സമിതിയിലേക്കുള്ള അംഗങ്ങളുടെ അവസാന പട്ടിക തയാറാക്കാന്‍ കോടതി ആവശ്യപ്പെടുകയുണ്ടായി. 2019 മാര്‍ച്ച് 7ന് സുപ്രീംകോടതി തിരഞ്ഞെടുക്കപ്പെട്ട സമിതിയുമായുള്ള കൂടിക്കാഴ്ച്ചക്ക് വേണ്ടി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അങ്ങനെ 2019 മാര്‍ച്ച് 19ന് ജസ്റ്റിസ് പി.സി ഘോഷ് നിയമിക്കപ്പെടുകയുണ്ടായി. ലോക്പാല്‍ നിയമനത്തിനു കാലദൈര്‍ഘ്യമെടുത്തതിന് കാരണമായി പറയുന്ന, സമിതിയിലെ അംഗങ്ങളുടെ ഒഴിവ് യഥാര്‍ത്ഥത്തില്‍ ലോക്പാലിനെ നിയമിക്കുന്നതിനു തടസ്സമാവുന്നില്ല എന്ന് വിവരാവകാശ പ്രവര്‍ത്തകയായ അഞ്ജലി ഭരദ്വാജിനെ പോലുള്ളവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ അംഗങ്ങളുടെ നിയമനം സുതാര്യമാക്കണമെന്നും തിരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം തള്ളി. പ്രതിപക്ഷ നേതാവില്ലാതെ ലോക്പാല്‍ പ്രായോഗികതലത്തില്‍ രൂപീകരിക്കാന്‍ കഴിയില്ല എന്ന് വാദിച്ച മുകുള്‍ റോത്തഗിയെ പോലൊരു നിയമജ്ഞനെ ലോക്പാല്‍ സമിതിയുടെ പ്രധാന ഭാഗമാക്കി എന്നത് സമിതിയുടെ നൈതികമായ ഘടനയെ വെല്ലുവിളിക്കുന്നതാണ്. കോടികളുടെ അഴിമതി ആരോപണവും മേഹുല്‍ ചോസ്‌കി, നീരവ് മോഡി തുടങ്ങിയ കേസുകളും നിലനില്‍ക്കുമ്പോഴാണ് ലോക്പാല്‍ നിയമനം വൈകിയതെന്നതും പ്രസക്തമാണ്. താന്‍ ‘ചൗക്കീദാര്‍’ ആണെന്ന് അവകാശപ്പെടുന്ന നരേന്ദ്രമോഡി എന്തിനാണ് ലോക്പാലിനെ ഭയക്കുന്നത്? യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷനേതാവിനെ ലോക്പാലില്‍ ഉള്‍പ്പെടുത്തുന്നതില്‍ സൃഷ്ടിച്ച കുഴപ്പങ്ങള്‍ തികച്ചും അനാവശ്യമായിരുന്നു. നിലവില്‍ ഏറ്റവും വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ നിന്നും ഒരു നേതാവിനെ ലോക്പാലില്‍ ഉള്‍പ്പെടുത്താമായിരുന്നു. പ്രത്യേക ക്ഷണിതാവ് എന്ന പേരിലാണ് ഇപ്പോള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പക്ഷേ, അദ്ദേഹത്തിന് നിയമനിര്‍മാണത്തിലൂടെ യാതൊരു അധികാരവും നല്‍കിയിട്ടില്ല. പ്രതിരോധിക്കാന്‍ ശേഷിയുള്ള ഒരു അംഗത്വം പ്രതിപക്ഷത്തുനിന്നുള്ളവര്‍ക്ക് നല്‍കാന്‍ ഭരണകൂടം തയാറല്ല എന്നാണ് സൂചിപ്പിക്കുന്നത്. അതോടൊപ്പം തന്നെ ലോക്പാല്‍ എന്ന സംവിധാനത്തെ ആര് നയിക്കണം എന്നതില്‍ ഭരണകൂടം അളവില്‍ കവിഞ്ഞ കൈകടത്തലുകള്‍ നടത്തുന്നതും ഗൗരവമുള്ള പ്രശ്‌നമാണ്.

ചിന്തയെ പേടിച്ച്; ചരിത്രത്തെയും
ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നടത്തുന്ന ഗവേഷണങ്ങളൊക്കെ തന്നെയും ദേശീയ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനം ഇന്ത്യയുടെ സ്വതന്ത്രമായ അക്കാദമിക് സംസ്‌കാരത്തെ തകര്‍ത്തേക്കും. ഗവേഷണങ്ങള്‍ നൂതനമായ ആശയങ്ങളും ചിന്തകളുമാണ് രൂപപ്പെടുത്തേണ്ടത്. കേരളത്തിലെ ഒരേയൊരു കേന്ദ്ര സര്‍വകലാശാലയെ പ്രത്യേക രാഷ്ട്രീയ ആദര്‍ശങ്ങളുടെ അജണ്ടയ്ക്ക് വിധേയമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇവിടെ ദേശീയ താല്‍പര്യങ്ങള്‍ക്ക് അനുകൂലമായ ഗവേഷണം എന്നതുകൊണ്ട് എന്താണ് പ്രകാശ് ജാവേദ്ക്കറും അദ്ദേഹത്തിന്റെ വകുപ്പും ഉദ്ദേശിക്കുന്നത്? ഇന്ത്യയിലെ ദേശീയ താല്‍പര്യങ്ങള്‍ ആര്‍.എസ്.എസിന്റെ താല്‍പര്യങ്ങളാണോ? കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ ഇംഗ്ലീഷ് സാഹിത്യ വിഭാഗത്തിലെ ഉപദേശക സമിതിയില്‍ നിന്ന് രാജിവെച്ച പ്രൊഫസര്‍ മീന ടി പിള്ളയെ പോലുള്ളവര്‍ പങ്കുവയ്ക്കുന്ന ആശങ്കകള്‍ മാധ്യമങ്ങള്‍ തുറന്നു കാണിക്കേണ്ടതുണ്ട്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ ഗുരുതര സ്വഭാവമുള്ളതായിരുന്നു. വിഖ്യാതമായ ജെ.എന്‍.യു വിഷയം മുതല്‍ ഗജേന്ദ്ര ചൗഹാനെ എഫ്.ടി.ഐ.ഐ ചെയര്‍മാനായി നിയോഗിച്ചതുവരെയുള്ള വിഷയങ്ങളൊക്കെയും ഈ സര്‍ക്കാര്‍ കാലത്ത് തന്നെയാണ്. അതുകൊണ്ടുതന്നെ ദേശീയ താല്‍പര്യങ്ങള്‍ എന്നത് ബി.ജെ.പിയുടെ പത്രികയായിരിക്കുകയാണ്. എയര്‍ ഇന്ത്യയുടെ ബോര്‍ഡിംഗ് പാസുകളില്‍ മോഡിയുടെ ചിത്രങ്ങള്‍ അച്ചടിക്കുന്നത് പോലെയല്ല, മാനവിക ശാസ്ത്ര വിഷയങ്ങളെ ആഴത്തില്‍ സമീപിക്കുന്ന ഗവേഷകരുടെ താല്‍പര്യങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റങ്ങള്‍. കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി നല്‍കിയ നിര്‍ദേശമനുസരിച്ച് ഗവേഷണം ചെയ്യണമെന്ന് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്നതിലുള്ള യുക്തി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഇനി പരിശോധിക്കേണ്ട മറ്റൊരു പ്രധാന കാര്യം ആരാണ് ദേശീയ താല്‍പര്യങ്ങളെ കുറിച്ചുള്ള വിഷയങ്ങളുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത് എന്നാണ്. ഇങ്ങനെയൊരു നീക്കം നടത്താന്‍ ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നടക്കുന്ന ഗവേഷണങ്ങളിലെ അപാകത എന്താണ്? ‘ദേശീയ താല്‍പര്യങ്ങള്‍’ എന്ന പരിധി നിശ്ചയിക്കുന്നതിലൂടെ ഗവേഷണങ്ങളെ പ്രത്യേക ചട്ടക്കൂടുകളിലേക്ക് ചുരുക്കുകയാണ് ചെയ്യുന്നത്. അത്തരമൊരു നിയന്ത്രണം ഗവേഷകരുടെ അടിസ്ഥാനപരമായ അവകാശത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. ബി.ജെ.പി ഭരണകൂടം ചരിത്രത്തെയും വര്‍ത്തമാനത്തെയുമൊക്കെ വളച്ചൊടിക്കാന്‍ നടത്തുന്ന പ്രയാണം തുടരുകയാണ്. ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പ്രകാരം സി.ബി.എസ്.ഇയുടെ ഒമ്പതാം ക്ലാസ് ചരിത്ര പാഠപുസ്തകത്തില്‍ നിന്നും എഴുപതോളം പേജുകള്‍ എടുത്തു മാറ്റുകയുണ്ടായി. ഒഴിവാക്കിയ പാഠഭാഗങ്ങള്‍ ഇന്ത്യയുടെ ജാതിവ്യവസ്ഥയെയും പ്രസിദ്ധമായ മാറുമറക്കല്‍ സമരത്തെയുമൊക്കെ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഭാഗങ്ങളാണ്. വ്യക്തമായ കാരണങ്ങള്‍ നിരത്താതെയുള്ള ഇത്തരം ഒഴിവാക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും ആരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമാണ്. അതുകൂടാതെ പാഠപുസ്തകത്തില്‍ വാജ്‌പേയിയുടെ രാജ്യ ധര്‍മത്തെ കുറിച്ചുള്ള ഉദ്ധരണികള്‍ ചേര്‍ത്തതിലും ഹിന്ദുത്വ അജണ്ടകള്‍ വിദ്യാലയങ്ങളിലേക്ക് കടത്തുക എന്ന ഉദ്ദേശ്യമാണുള്ളത്. ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങള്‍ ശക്തമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടതുണ്ട്. വളരെ ലാഘവത്തോടെ ചെയ്യുന്ന ഇത്തരം തിരുത്തലുകള്‍ ക്രമേണ സങ്കീര്‍ണതയുള്ളതാവും.

ശിരോവസ്ത്രം കൊണ്ടൊരു തിരിച്ചടി
ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിനുശേഷം ലോകമാധ്യമങ്ങളില്‍ ഉരുത്തിരിഞ്ഞുവന്ന ചര്‍ച്ചകള്‍ നിരവധിയാണ്. മറ്റൊരാളെയും പിന്തുടരാതെ, സ്വയമേ മാറ്റത്തിന്റെ തുടക്കക്കാരിയായ ജസീന്ത ആര്‍ഡേന്‍ എന്ന പ്രധാനമന്ത്രിയാണ് ഇതിനു കാരണം. ആക്രമണത്തിനുശേഷം ഇന്ത്യയിലെ പ്രമുഖ പത്രമായ ദ ടെലഗ്രാഫ് എങ്ങനെയാണ് രണ്ടു രാജ്യങ്ങളില്‍ നടന്ന ഭീകരാക്രമണത്തോട് രാജ്യത്തിന്റെ പ്രതിനിധികള്‍ പ്രതികരിച്ചത് എന്നതിനെ കുറിച്ച് ഒരു ലേഖനം തയാറാക്കിയിരുന്നു. പുല്‍വാമയില്‍ ഭീകരാക്രമണം നടന്നപ്പോള്‍ നരേന്ദ്ര മോഡി നടത്തിയ പ്രതികരണവും, ക്രൈസ്റ്റ് ചര്‍ച്ച് തീവ്രവാദി ആക്രമണത്തില്‍ ജസീന്ത നടത്തിയ പ്രതികരണവും എത്രത്തോളം വ്യത്യസ്തമായിരുന്നു എന്നതാണത്. മുന്‍വിധികളുടെ വാര്‍പ്പുമാതൃകകളെ തച്ചുടക്കുന്നതായിരുന്നു ജസീന്ത എന്ന പ്രതിഭാശാലിയായ ഭരണാധികാരി ചെയ്തത്. അക്രമണത്തില്‍ ഇരകളായവരോട് ഐക്യം പ്രകടിപ്പിക്കുന്നതിന് ജസീന്ത ശിരോ വസ്ത്രം ധരിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ലോകത്താകമാനം മുസ്‌ലിം വിഭാഗത്തിനു നേരെ നടന്ന മുന്‍വിധികളോടും അക്രമങ്ങളോടുമുള്ള മറുപടിയായിരുന്നു ജസീന്തയുടെ നിലപാട്. ശിരോവസ്ത്രം എന്നതിന് എത്രത്തോളം ഭീകരമുഖം നല്‍കിയിട്ടുണ്ടെന്ന് നമുക്ക് ദൈനംദിനജീവിതത്തില്‍ മാധ്യമങ്ങളിലൂടെ വായിച്ചറിയാന്‍ കഴിയുന്നതാണ്. ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ മെട്രോ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും അധികനേരം സുരക്ഷാസേനയോട് സഹകരി വേണ്ടിവരികയും ചെയ്യുന്നു. പക്ഷേ ശിരോവസ്ത്രത്തെ നോര്‍മലൈസ് ചെയ്യുക എന്നത് ഒരിക്കലും എളുപ്പമായിരുന്നില്ല, അതെപ്പോഴും സ്വാതന്ത്ര്യമില്ലായ്മയുടെയും ഭീതിയുടെയും ചിഹ്നമായാണ് ലോകം കണ്ടത്. എന്നാല്‍ തലമറച്ചുകൊണ്ട് ദുഃഖത്തില്‍ പങ്കുചേര്‍ന്ന ഒരു വെളുത്ത പ്രധാനമന്ത്രി ഡൊണാള്‍ഡ് ട്രംപിനെയും ഓസ്‌ട്രേലിയയിലെ വെളുത്ത നേതാക്കളെയും അലോസരപ്പെടുത്തിയിട്ടുണ്ടാവണം.
ജസീന്ത തിരഞ്ഞെടുത്ത വഴി വളരെ മനോഹരമായിരുന്നു. ലോകത്താകമാനം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന ഇസ്‌ലാം മതത്തോടുള്ള സ്പര്‍ദ്ധയില്‍ ചെറുതല്ലാത്ത മാറ്റം വരുത്താന്‍ അത് ഉപകരിക്കും എന്ന് പ്രത്യാശിക്കാം. ജസീന്തയെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ലോകരാജ്യങ്ങള്‍ക്കൊരു ഉദാഹരണമായാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ശിരോവസ്ത്രത്തിന് രാഷ്ട്രീയ പ്രാധാന്യവും അതിനെക്കുറിച്ചുള്ള വ്യവഹാരങ്ങള്‍ക്കും ഇതൊരു വഴിത്തിരിവായിരിക്കും. ജസീന്ത സാമൂഹിക മാധ്യമങ്ങളില്‍ സൃഷ്ടിച്ച തരംഗവും ചെറുതല്ല. സാഹോദര്യവും ഐക്യവും ശിരോവസ്ത്രം ധരിച്ചും ധരിക്കാതെയും പ്രകടിപ്പിക്കാം. പക്ഷേ, ശിരോവസ്ത്രത്തെ മലീമസമാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ജസീന്തയുടെ പ്രവര്‍ത്തിക്ക് കാലികപ്രസക്തി ഏറെയുണ്ട്.

നബീല പാനിയത്ത്

You must be logged in to post a comment Login