ഈ പ്രഛന്ന വേഷം തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമുള്ളതല്ല

ഈ പ്രഛന്ന വേഷം തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമുള്ളതല്ല

ചില കാര്യങ്ങള്‍ പറഞ്ഞുതുടങ്ങാന്‍ ഉദ്ധരണികളും ഉപമകളും അനുചിതമാണ്. അസ്വസ്ഥമാകും വിധം വിധ്വംസകമായ വസ്തുതകള്‍ മുഖത്ത് വന്ന് മുട്ടുമ്പോള്‍ രൂപകങ്ങളിലൂടെയും ഉദാഹരണങ്ങളിലൂടെയും നിങ്ങള്‍ വിഷയത്തിലേക്ക് പ്രവേശിച്ചുകൂടാ. കാരണം രൂപകങ്ങളും ബിംബങ്ങളും വ്യാജപദാവലികളും സൃഷ്ടിച്ച് അരനൂറ്റാണ്ടായി നിലനില്‍ക്കുന്ന ഒരു സംഘടന അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമവിചാരണയെ അഭിമുഖീകരിക്കുന്ന ഘട്ടമാണിത്. ജമാഅത്തെ ഇസ്‌ലാമിയാണ് ആ സംഘടന. പുരോഗമന നാട്യങ്ങള്‍ അണിഞ്ഞ്, ന്യൂനപക്ഷങ്ങളുടെ ൈസദ്ധാന്തിക മേലങ്കിയണിഞ്ഞ്, ഇന്ത്യന്‍ രാഷ്ട്രീയത്തെ നഖശിഖാന്തം വിശകലനം ചെയ്ത് ഇവിടെയുണ്ടായിരുന്ന ആ സംഘടന, പൊതുതിരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തില്‍ മേലങ്കികളെല്ലാം ഊരിപ്പോയി നാട്ടുപെരുവഴിയില്‍ നഗ്‌നരായി തീര്‍ന്നിരിക്കുന്നു. ഏഴ് പതിറ്റാണ്ടായി തങ്ങള്‍ പറഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയത്തെ അപ്പാടെ റദ്ദാക്കി, പുറന്തള്ളിയതും ഭക്ഷിച്ച് അവരിതാ നില്‍ക്കുന്നു. നമുക്ക് കാര്യങ്ങള്‍ പറഞ്ഞ് തന്നെ തുടങ്ങാം. ഒരു സമൂഹവും ഒരു നീലക്കുറുക്കനെയും ഏറെ നാള്‍ മറഞ്ഞിരിക്കാന്‍ വിടില്ലല്ലോ?

ചരിത്രം തന്നെ പറയാം. ഇഷ്ടമുള്ള ചരിത്രം ഓര്‍മിപ്പിച്ചും ഇഷ്ടപ്പെടാത്തതിനെ തമസ്‌കരിച്ചും നിലനില്‍ക്കുന്നവരെക്കുറിച്ച് പറഞ്ഞുതുടങ്ങാന്‍ ചരിത്രമാണ് പിടിവള്ളി. 1948-ല്‍ പുനഃസംഘടിക്കപ്പെട്ട മതരാഷ്ട്രീയ പ്രസ്ഥാനമാണല്ലോ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി. പലരൂപത്തിലുള്ള സംഘാടനങ്ങള്‍ ഇന്ത്യന്‍ മുസ്‌ലിമിന് നൂറ്റാണ്ടുകളായുണ്ട്. അവ തമ്മിലെ കര്‍മശാസ്്രതപരമായ വിയോജിപ്പുകള്‍ സംബന്ധിച്ച നിരന്തര സംവാദങ്ങള്‍ തുടരുന്നുമുണ്ട്. അത് മുസ്‌ലിം വിശ്വാസി സമൂഹത്തിന്റെ വിശ്വാസപരമായ പ്രശ്‌നമാണ്. വിശ്വാസികളല്ലാത്തവര്‍ക്ക് ആ സംവാദത്തില്‍ ഇടം വേണമെന്ന് വാശി പിടിക്കേണ്ടതില്ല. അതിനാല്‍ അത്തരം സംഘടനാപരമായ വിഷയങ്ങള്‍ ഈ ലേഖനത്തിന്റെ വിവക്ഷയല്ല. പക്ഷേ, അങ്ങനെ പല സംഘടനകളില്‍ ഒന്നായല്ല ജമാഅത്തെ ഇസ്‌ലാമി തങ്ങളെ നൂറ് കണക്കിന് സാഹിത്യങ്ങളില്‍ സ്വയം സ്ഥാനപ്പെടുത്തിയിട്ടുള്ളത്. മറിച്ച് രാഷ്ട്രം, രാഷ്ട്രീയം, ദേശം, ജനാധിപത്യം തുടങ്ങിയ ആധുനികമായ സാമൂഹിക സ്ഥാപനങ്ങളെ പ്രശ്‌നവല്‍കരിക്കുകയും അവയെ എല്ലാം ഇസ്‌ലാമിന്റെ സിദ്ധാന്തങ്ങളുമായി കൂട്ടിക്കെട്ടുകയും വിശ്വാസത്തെയും മതത്തെയും രാഷ്ട്രീയമായി പരിവര്‍ത്തിപ്പിക്കുകയും ചെയ്ത ഒന്നാണ് ജമാഅത്തെ ഇസ്‌ലാമി. അത് മതത്തെയും രാഷ്ട്രീയത്തെയും ഒന്നായി പരിഗണിക്കുന്നു. സര്‍വവിധ ദൈനംദിന വ്യവഹാരങ്ങളെയും മതദര്‍ശനത്തെ സ്വന്തം നിലയില്‍ വായിച്ചു വ്യാഖ്യാനിച്ചു സൃഷ്ടിക്കുന്ന മാനകങ്ങളാല്‍ നിര്‍ണയിക്കുന്നു. അതിനാല്‍ ഇന്ത്യന്‍ സാമൂഹികതയിലെ ജമാഅത്തെ ഇസ്‌ലാമിയുടെ സാന്നിധ്യം ഇസ്‌ലാമിന് പുറത്തേക്ക് വ്യാപിക്കുകയും ബാധിക്കുകയും ചെയ്യുന്ന ഒന്നാണ്. അതുകൊണ്ടാണ് ഒരു പൊതുതിരഞ്ഞെടുപ്പില്‍ അവര്‍ സ്വീകരിക്കുന്ന നിലപാട്, അഥവാ അവരുടെ മുന്‍ൈകയാല്‍ സ്ഥാപിതമായ രാഷ്ട്രീയ പാര്‍ട്ടി സ്വീകരിക്കുന്ന നിലപാട് ഒരു ഇസ്‌ലാമിക പ്രശ്‌നമാവാതിരിക്കുകയും പൊതുപ്രശ്‌നമായി മാറിത്തീരുകയും ചെയ്യുന്നത്.

ബൈനറികള്‍ സൃഷ്ടിച്ച് പ്രശ്‌നങ്ങളെ സമീപിക്കുന്നത് അപക്വമാണ് എന്നിരിക്കിലും ഹിന്ദു എന്ന പേരില്‍ ഇന്ന് മനസിലാക്കുന്ന സമൂഹത്തില്‍ രാഷ്ട്രീയ സ്വയം സേവക് സംഘം എങ്ങനെ ഹിന്ദു ഇതര സമൂഹത്തിന്റെ സംവാദവിഷയമാകുന്നു എന്നതിന് സമാനമാണ് ഇസ്‌ലാമിക സംഘടനയെന്ന് ഇസ്‌ലാമിതരര്‍ വ്യാപകമായി കരുതിപ്പോരുന്ന ജമാഅത്തെ ഇസ്‌ലാമിയും ഇസ്‌ലാമും തമ്മിലെ വ്യവഹാരം. കാരണം ആര്‍.എസ്.എസ് ഹിന്ദുവിശ്വാസങ്ങള്‍ സംബന്ധിച്ച സംഘാടനമായല്ല നിലവില്‍ വന്നതും നിലനില്‍ക്കുന്നതും. മറിച്ച് ഹിന്ദു മൂല്യമെന്ന് അവര്‍ വ്യാഖ്യാനിച്ച് സൃഷ്ടിച്ച ഒരു വ്യവസ്ഥയെ രാഷ്ട്രരൂപത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനാണ് നിലവില്‍ വന്നതും നിലനില്‍ക്കുന്നതും. അതായത് ഹിന്ദുരാഷ്ട്രത്തെ സൃഷ്ടിക്കുക. നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥയെ ആര്‍.എസ്.എസ് ഒരിക്കലും പൂര്‍ണാര്‍ത്ഥത്തില്‍ അംഗീകരിക്കുന്നില്ല. സമാനമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടും. വിശ്വാസത്തെ ഒരു രാഷ്ട്രീയ പദ്ധതിയായി കാണുകയും മതരാഷ്ട്ര നിര്‍മാണം ലക്ഷ്യമായി സ്വീകരിക്കുകയും ചെയ്യുന്ന രണ്ട് പ്രസ്ഥാനങ്ങള്‍ എന്ന നിലയിലാണ് ഇവയെ ഈ ലേഖനത്തില്‍ പരിഗണിക്കുന്നത് എന്ന് ചുരുക്കം. അവ തമ്മിലെ സമാനതകളൊ വൈജാത്യങ്ങളൊ നമ്മുടെ ഈ സംവാദത്തിന്റെ താല്‍പര്യമല്ലാത്തതിനാല്‍ മാത്രം വിശദീകരിക്കുന്നില്ല.
ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ പൂര്‍ണമായ പുറംതിരിഞ്ഞ് നില്‍പിന്റെ പ്രധാന പ്രത്യക്ഷീകരണമായിരുന്നു അവര്‍ പതിറ്റാണ്ടുകള്‍ തുടര്‍ന്ന തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം. മറ്റു മുസ്‌ലിം സംഘടനകളും ബഹിഷ്‌കരിച്ചിട്ടില്ലേ എന്ന വാദം വരാം. അതിനാലാണ് മറ്റു മുസ്‌ലിം സംഘാടനങ്ങളൊന്നും (വിധ്വംസകമെന്ന് മുസ്‌ലിം വിശ്വാസി സമൂഹം തിരിച്ചറിയുകയും ചെറുക്കുകയും ചെയ്യുന്ന ചെറുഗ്രൂപ്പുകള്‍ ഒഴികെ) മതരാഷ്ട്രവാദത്തെ പിന്‍പറ്റുന്നില്ല. അതിനാല്‍ ജമാഅത്തെ ഇസ്‌ലാമിയെ സവിശേഷമായി കാണണം എന്നും നൂറുകണക്കിന് ഹിന്ദു സംഘാടനങ്ങളില്‍ ഒന്നല്ല ആര്‍.എസ്.എസ് എന്നും പറഞ്ഞത്. പില്‍ക്കാലത്ത് ലഭിച്ച രാഷ്ട്രീയധികാരം മറ്റ് സംഘടനകളെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ആര്‍.എസ്.എസിനെ സഹായിച്ചു എന്നത് വസ്തുതയാണ്. സംഘപരിവാരം എന്ന കൂട്ടത്തിന്റെ പിറവി അങ്ങനെ ഉണ്ടായതാണ്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ അമീര്‍ അബുല്ലൈസ് ഇസ്‌ലാഹി നദ്‌വി മുസ്‌ലിംകളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പും, എന്ന തലക്കെട്ടില്‍ അമ്പതുകളുടെ തുടക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖന പരമ്പര ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയും ഇന്ത്യന്‍ ജനാധിപത്യവും എന്ന പ്രമേയത്തിലെ അടിസ്ഥാന രേഖയാണ്. നദ്‌വി അവതരിപ്പിച്ച ആശയങ്ങളുടെ കാമ്പിനെ റദ്ദാക്കുന്ന നിലപാട് പില്‍ക്കാലത്ത് അവര്‍ ഒരിക്കലും സ്വീകരിച്ചിട്ടുമില്ല.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രസക്തി ഇനി വിശദീകരിക്കേണ്ടതില്ല. അടിയന്തിരാവസ്ഥ പിന്‍വലിച്ചതിന് ശേഷം 1977 -ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പാണ് ഇതിനു മുന്‍പ് ഇന്ത്യന്‍ ജനതയെ ശക്തമായ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ച മറ്റൊരു തിരഞ്ഞെടുപ്പ്. ജനാധിപത്യം നിലനില്‍ക്കണോ വേണ്ടയോ എന്ന നിര്‍ണായക ചോദ്യത്തിനാണ് അന്ന് ഇന്ത്യന്‍ ജനത ഉത്തരമെഴുതിയത്. തിരഞ്ഞെടുപ്പുകളോടും ജനാധിപത്യത്തോടും മുഖംതിരിച്ചു നിന്നിരുന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി വോട്ട് ചെയ്യാന്‍ തീരുമാനമെടുത്ത തിരഞ്ഞെടുപ്പായിരുന്നു അത്.

ആര്‍.എസ്.എസിനൊപ്പം അന്ന് ജമാഅത്തെ ഇസ്‌ലാമിയും നിരോധിക്കപ്പെട്ടിരുന്നു എന്ന് നിങ്ങള്‍ക്കറിയാം. നിരോധിച്ചത് ഇന്ദിരാഗാന്ധിയാണ്, കോണ്‍ഗ്രസാണ്. മുഴുവന്‍ പ്രതിപക്ഷവും ഒറ്റക്കെട്ടായി എതിര്‍ചേരിയിലുണ്ട്. ജനാധിപത്യ ധ്വംസകരെ പുറത്താക്കും എന്നതായിരുന്നു ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം. പ്രതിപക്ഷത്തില്‍ വിള്ളലുകള്‍ ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസിന്റെ ഏക വിപരീതപദമായിരുന്നു ജനതാ പാര്‍ട്ടിയും പ്രതിപക്ഷവും. കേന്ദ്ര സര്‍ക്കാറിന്റെ അമിതാധികാരം എടുത്തുകളയുമെന്നും സംഘടനകള്‍ക്കുമേലുള്ള നിരോധനം നീക്കുമെന്നുമായിരുന്നു ജനതാ പാര്‍ട്ടിയുടെ മുഖ്യ വാഗ്ദാനം. ഇന്ദിര തോറ്റു. ജനതാ സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചു. നിരോധനം നീങ്ങിയ അന്നുമുതല്‍ വീണ്ടും ജമാഅത്തെ ഇസ്‌ലാമി ഇന്ത്യന്‍ ജനാധിപത്യത്തെ തള്ളിക്കളഞ്ഞതും ചരിത്രത്തിലുണ്ട്. 1980-ല്‍ ജനതാ സര്‍ക്കാര്‍ വീണതിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ അവര്‍ പങ്കെടുത്തില്ല. വോട്ട് ചെയ്തില്ല. 1978-ല്‍ ഭോപാലില്‍ അവര്‍ യോഗം ചേരുകയും ഇന്ത്യന്‍ വ്യവസ്ഥ അനിസ്‌ലാമികവും സത്യവിരുദ്ധവുമാണെന്ന മുന്‍നിലപാട് ഉറപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിനോട് മുഖം തിരിക്കുക എന്ന നിലപാട് പുനഃസ്ഥാപിച്ചു.

നിങ്ങള്‍ ഇപ്പോള്‍ അത്ഭുതപ്പെടുന്നുണ്ട്. ഇന്ത്യന്‍ മുസ്‌ലിം ജനതക്കിടയില്‍ ന്യൂനാല്‍ ന്യൂനപക്ഷമായ, ഇന്ത്യന്‍ ഇസ്‌ലാമിനെ സംബന്ധിച്ച് വലിയ സ്വാധീന ശക്തിയല്ലാത്ത ഒരു സംഘടനയെക്കുറിച്ച്, ആ ശക്തിയില്ലായ്മ ഇസ്‌ലാം സമൂഹത്തിന് അറിയാമെന്നിരിക്കെ ഇത്ര ദീര്‍ഘമായി ചരിത്രം പറയുന്നത് എന്തിന് എന്നാണ് ആ അത്ഭുതമെന്നും മനസിലാക്കുന്നു. അത്ഭുതത്തില്‍ ന്യായമുണ്ട്, പക്ഷേ, പറച്ചിലില്‍ ചില കാര്യങ്ങളുമുണ്ട്.

തൊള്ളായിരത്തി എഴുപത്തിയേഴുമായി പ്രത്യക്ഷത്തില്‍ സമാനതകള്‍ ഇല്ലെങ്കിലും ജനാധിപത്യത്തിന്റെ ഭാവി എന്ന പ്രമേയമാണ് ഇപ്പോള്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെയും കേന്ദ്ര പ്രമേയം. നാട്ടിലെ മുഴുവന്‍ മനുഷ്യരും രാഷ്ട്രീയ മനുഷ്യരായി പരിവര്‍ത്തിക്കേണ്ട സവിശേഷ സന്ദര്‍ഭവുമാണിത്. 77-ലേതുപോലെ ഭരണകക്ഷിയും പ്രതിപക്ഷവും മുഖാമുഖം നില്‍ക്കുകയല്ല. 58 മാസത്തെ രാജ്യഭരണമാണ് മുന്നില്‍. അതിനെതിരില്‍ രാജ്യത്തെമ്പാടും ഉയര്‍ന്ന ഇനിയും ഏകീകരിക്കപ്പെട്ടിട്ടില്ലാത്ത പ്രതിഷേധങ്ങളുമാണ് മുഖാമുഖം. അതിനാല്‍തന്നെ അതിസങ്കീര്‍ണമാണ് നിലപാടെടുക്കല്‍. രാജ്യം എങ്ങനെ ഭരിച്ചു എന്നതുപോലെ ആ ഭരണത്തോട് എങ്ങനെ പ്രതികരിച്ചു എന്നതുമാണ് അഭിമുഖം നില്‍ക്കുന്ന ശക്തികളുടെ കണക്കെടുപ്പില്‍ ഉയരേണ്ട മാനകം. രാജ്യം ഭരിക്കുന്ന ബി.ജെ.പിക്കെതിരില്‍ ഒറ്റക്കക്ഷിയായി നില്‍ക്കാനുള്ള ഒറ്റ സംഘടനയും ഇല്ല എന്നതാണ് ഈ തിരഞ്ഞെടുപ്പ് സന്ദര്‍ഭത്തെ സങ്കീര്‍ണമാക്കുന്നത്. അപ്പോള്‍ എന്താവും ബദല്‍? അത് നിശ്ചയമായും ഭരണകക്ഷിയെ തോല്‍പിക്കുകയും ബഹുസ്വരമായ കൂട്ടായ്മകള്‍ക്ക് ബലം പകരുകയും ചെയ്യുക എന്നതാണ്. എങ്ങെനയാവണം ആ ബലംപകരല്‍? അത് പ്രതിപക്ഷമെന്ന് നാം വായിച്ചെടുക്കുന്ന കക്ഷികളുടെ 58 മാസത്തെ നിലപാടുകളെ ആശ്രയിച്ചാവണം. ആ നിലപാടെടുക്കുമ്പോഴാണ് നിങ്ങളിലെ സത്യസന്ധതയും രാജ്യതാല്‍പര്യവും സംഘടനാ താല്‍പര്യവും വെളിച്ചപ്പെടുക.

കേരളത്തില്‍ ആള്‍ബലം കുറവെങ്കിലും ലിബറല്‍ ബുദ്ധിജീവികളുടെയും തീവ്ര ഇടതുപക്ഷത്തിന്റെയും നാനാവിധ ദളിത് സംഘടനകളുടെയും പലമട്ടിലുള്ള പിന്തുണ ആവോളമുള്ള ഒരു പാര്‍ട്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി. നിശ്ചയമായും നിങ്ങള്‍ക്കറിയാം അത് ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു പ്രച്ഛന്നരൂപമാണ്. സോളിഡാരിറ്റി എന്ന പരീക്ഷണത്തിന്റെ അവസാനം ജമാഅത്ത് കണ്ടെത്തിയ മറ്റൊരു വേഷം. മാധ്യമം ദിനപത്രവും വാരികയും ചേര്‍ന്ന് നിര്‍മിച്ച ദളിത്-പാരിസ്ഥിതിക-ആക്ടിവിസ്റ്റ് മണ്ഡലത്തിന്റെ ഗുണഭോക്തൃ വിഹിതം. എട്ടുവര്‍ഷം മുന്നേ മാധ്യമം ദിനപത്രം ഏറെ ഘോഷിച്ച് പിന്തുണച്ച രാഷ്ട്രീയ സംഘടന. ജമാഅത്തെ ഇസ്‌ലാമി തന്നെ അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയ സംഘടനയായിരിക്കേ എന്തിന് ഇത്തരമൊരുപാര്‍ട്ടി എന്നാണോ?. അതിനാലാണ് പ്രച്ഛന്ന വേഷമെന്ന നിര്‍ഭാഗ്യകരമായ പ്രയോഗം തുടക്കത്തിലേ നടത്തിയത്. പരിസ്ഥിതി-ദളിത് സമരങ്ങളില്‍ ഓടിക്കയറി ജമാഅത്തെ ഇസ്‌ലാമി ഉണ്ടാക്കിയ സമര മൂലധനത്തിന്റെ ലാഭവിഹിതമാണ് ആ പാര്‍ട്ടി. ഒരു രാഷ്ട്രീയ സംഘാടനത്തിനും ജനാധിപത്യത്തെ ആഴത്തില്‍ സ്വാംശീകരിക്കാതെ ഒരു ജനാധിപത്യ സമൂഹത്തില്‍ വേരാഴ്ത്താന്‍ കഴിയില്ല. ജനാധിപത്യം എന്ന ആശയം ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പടെയുള്ള മൗദൂദിസ്റ്റുകള്‍ക്ക് അനിസ്‌ലാമികമായ ഒന്നാണ്. അതിനാല്‍ മാത്രം മുളയിലേ മുരടിച്ചുവെങ്കിലും മാധ്യമ-സ്ഥാപന-ബൗദ്ധിക പരിലാളനകള്‍ ധാരാളമായി നേടി അവരിവിടെയുണ്ട്. പോകെപ്പോകെ മുസ്‌ലിം എന്നാല്‍ ജമാഅത്തെ ഇസ്‌ലാമി എന്ന് പൊതുബുദ്ധിജീവിതങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വിജയിച്ച ജമാഅത്തെ ഇസ്‌ലാമിയുടെ സാമൂഹിക വിപണന തന്ത്രം പയറ്റിക്കൊണ്ട് ഒരു മുസ്‌ലിം-ദളിത് രാഷ്ട്രീയ സംഘടന എന്ന മേല്‍വിലാസത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടി എന്നും അറിയുക. തൊണ്ണൂറുകളില്‍ ഉയര്‍ന്നു വന്ന ദളിത്-ഭൂ സമരങ്ങളുടെ മുഖമായ നിരവധിയാളുകള്‍ വെല്‍ഫെയര്‍ വേദികളില്‍ സാന്നിധ്യമാകുന്നതും അറിയുക.

അങ്ങനെ നിര്‍മിച്ചെടുത്ത ഒരു വേദിയെ മുന്നില്‍ നിര്‍ത്തി കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി ഈ തിരഞ്ഞെടുപ്പിലെടുത്ത നിലപാടിലേക്ക് വരാം. ഇരുപത് മണ്ഡലങ്ങളിലും യു.ഡി.എഫിനെ പിന്തുണക്കുക എന്നതാണ് ആ നിലപാട്? സി.പി.എം നേതൃത്വത്തില്‍, കിസാന്‍ സഭ നേരിട്ട് നടത്തിയ കര്‍ഷക ലോങ്മാര്‍ച്ചിന്റെ പ്രതീകമായി ദേശീയ-അന്തര്‍ ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച, ചോരവാര്‍ന്ന, വിണ്ടുകീറിയ പാദം അടയാളമാക്കിയും ഭൂരിപക്ഷ മത തീവ്രവാദത്തിന്റെ അസഹിഷ്ണുതയോട് ഏറ്റുമുട്ടി കൊല്ലപ്പെട്ട സി.പി.ഐ സംസ്ഥാന സെക്രട്ടറി ഗോവിന്ദ് പന്‍സാര, ആജന്മ കോണ്‍ഗ്രസ് വിരുദ്ധയും നിരീശ്വര വാദിയുമായ ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി എന്നിവരുടെ മുഖങ്ങള്‍ പ്രദര്‍ശിപ്പിച്ചും യു.ഡി.എഫിനെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളുമായാണ് വെല്‍ഫയര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയത്. മറ്റുള്ളവരുടെ മഹാസമരങ്ങളെ അപഹരിച്ച് സ്വന്തമാക്കുന്ന നെറികേടിനെതിരില്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വ്യാപക പ്രതിഷേധത്തെ ജമാഅത്തെ ഇസ്‌ലാമിയുടെ ഔദ്യോഗിക പ്രവര്‍ത്തകരും ബുദ്ധിജീവികളും കൂട്ടമായ് വന്ന് ്രപതിരോധിക്കുന്നതിന്റെ പൊടിപടലങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എമ്പാടും. പതിറ്റാണ്ടുകളായി ഇസ്‌ലാമിന്റെ പേരില്‍ ജമാഅത്തെഇസ്‌ലാമി നടത്തുന്ന ഈ പൊതുബിംബാപഹരണം കയ്യോടെ പിടിക്കപ്പെട്ടതിന്റെ അങ്കലാപ്പുകളാണ് ജമാ അത്ത് അനുകൂല സൈബറിടങ്ങളില്‍ നിറഞ്ഞു കവിയുന്നത്. വിമര്‍ശനങ്ങളെ പതിവുപോലെ ഇസ്‌ലാമിന്റെ ചിലവില്‍ ഇരവല്‍കരിക്കാനുള്ള അതിഹീന ശ്രമങ്ങളും കുറവല്ല. ജമാഅത്തെ ഇസ്‌ലാമി, മുഴുവന്‍ മുസ്‌ലിമിന്റെയും ഏജന്‍സി അവകാശപ്പെട്ട് ഉയര്‍ത്തിയ ബഹുവിധമായ ഇരവാദങ്ങളും കസര്‍ത്തുകളും ഇസ്‌ലാമിന്റെ പേരില്‍ വരവുവെച്ചുകൊണ്ടാണ് ആനന്ദ് ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ജൈവബുദ്ധിജീവികള്‍ ഇസ്‌ലാം വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത് എന്ന് മറന്നുകൂടാ.

അതവിടെ നില്‍ക്കട്ടെ. അടിയന്തിരാവസ്ഥാനന്തര തിരഞ്ഞെടുപ്പില്‍ സ്വന്തം നിരോധനം നീക്കല്‍ എന്ന ൈവയക്തിക താല്‍പര്യമായിരുന്നു ജമാഅത്തെ ഇസ്‌ലാമിക്ക് എന്ന് 1978 മെയ് 26 മുതല്‍ 30 വരെ ഭോപ്പാലില്‍ നടന്ന ജമാഅത്ത് അംഗങ്ങളുടെ അഖിലേന്ത്യാ കമ്മീഷന്‍ തീരുമാനങ്ങളില്‍ നിന്ന് മനസിലാക്കാം. അതില്‍ ന്യായവുമുണ്ട്. ഭൂരിപക്ഷ മതാധികാരം ഒരു പ്രത്യക്ഷ രാഷ്ട്രീയ ശക്തിയായി കുതിക്കാന്‍ തുടങ്ങിയിട്ടില്ല അക്കാലത്ത്. മതപരമായ അസഹിഷ്ണുത എന്നത് ഒരു ഭരണകൂട പ്രയോഗമായി മാറിയിട്ടുമില്ല. അതിനാല്‍ വിശാല ദേശീയ താല്‍പര്യത്തെക്കാള്‍ സങ്കുചിത സംഘടനാ താല്‍പര്യം മുന്‍നിര്‍ത്തിയാണെങ്കിലും അന്ന് ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ച നിലപാടിനെ അന്നത്തെ ചരിത്രസന്ദര്‍ഭത്തെ മാത്രം മുന്‍നിര്‍ത്തി ന്യായീകരിക്കാന്‍ കഴിയും.

എന്നാല്‍ ഇന്നോ? മുസ്‌ലിം വിരുദ്ധവും വിശാലമായി ജനവിരുദ്ധവുമാണ് നിലവിലെ ഭരണകൂടം എന്നതിന് ഇനി വിശദീകരണങ്ങള്‍ വേണ്ട. അടിസ്ഥാന ജീവിതം അട്ടിമറിക്കപ്പെട്ടു. കാര്‍ഷിക സമ്പദ്‌വ്യവസ്ഥ മുച്ചൂടും തകര്‍ന്നു. ചങ്ങാത്ത മുതലാളിത്തം അതിന്റെ സര്‍വ പ്രതാപത്തില്‍ വിരാജിക്കുന്നു. അക്കാദമിക് സമൂഹത്തെ അടിമവല്‍കരിക്കുന്നതില്‍ ഭരണകൂടം ബഹുദൂരം മുന്നോട്ടു പോയ്ക്കഴിഞ്ഞു. സാമൂഹികതയുടെ നാനാവിധമായ അടരുകളില്‍ നിന്ന് ബഹുസ്വരതയെ പുറത്താക്കുന്നു. നിശ്ചയമായും ജനാധിപത്യത്തെയും പൗര ജീവിതാവകാശത്തെയും പ്രധാനമായി കാണുന്ന മുഴുവന്‍ മനുഷ്യരും ഭരണകൂടത്തിനെതിരെ നിലപാടെടുക്കും. എന്നാല്‍ ന്യൂനപക്ഷ രാഷ്ട്രീയത്തെ ഉയര്‍ത്തുന്ന, മുസ്‌ലിം ഏജന്‍സി അവകാശപ്പെടുന്ന ഒരു സംഘടന ആ സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് എങ്ങനെയാണ് നിരുപാധികമായ പിന്തുണ നല്‍കുക? എന്തായിരിക്കാം അതിന് എത്തിച്ചേര്‍ന്ന മാനദണ്ഡം?
തീവ്ര ഹിന്ദുത്വത്തിനെതിരായ സമരം ആരു നടത്തുന്നോ, ന്യൂനപക്ഷ സംരക്ഷണത്തിന് ആര് നിലപാടെടുക്കുന്നോ അവരെ പിന്തുണക്കുക എന്ന നിലപാടില്‍ നിശ്ചയമായും കഴമ്പുണ്ട്. കോണ്‍ഗ്രസിന് നിരുപാധികമായ പിന്തുണ പ്രഖ്യാപിക്കുന്നതിലൂടെ തീവ്രഹിന്ദുത്വത്തിനെതിരായും ന്യൂനപക്ഷ സംരക്ഷണത്തിനും കോണ്‍ഗ്രസ് എടുത്ത നിലപാടുകളെ നിരുപാധികം ശരിവയ്ക്കുകയാണ്. ആ നിരുപാധികമായ ശരിവയ്ക്കലിനെ മുസ്‌ലിംകളുടെ പേരില്‍ വരവുവെക്കുകയാണ് ജമാഅത്തെഇസ്‌ലാമി. പക്ഷേ, വസ്തുതയും യാഥാര്‍ത്ഥ്യവും എന്താണ്? ഹിന്ദുത്വ എന്ന പ്രയോഗത്തോടുള്ള കോണ്‍ഗ്രസിന്റെ പുറത്തുവന്നിട്ടുള്ള സമീപനംഎന്താണ്? മധ്യപ്രദേശിലും രാജസ്ഥാനിലും വെളിപ്പെട്ട പ്രകടനങ്ങള്‍ മൃദുഹൈന്ദവതയുടെ ആഖ്യാനങ്ങളല്ലാതെ മറ്റെന്താണ്? മാത്രവുമല്ല, ചെറുചെറു ബദലുകളുടെ വലിയ ആകാശങ്ങള്‍ രൂപപ്പെടുമ്പോള്‍ വലിയ കക്ഷിക്ക് ഉപാധികളില്ലാതെ നല്‍കുന്ന ഈ പിന്തുണ ജമാഅത്തെ ഇസ്‌ലാമി പിന്തുടരുന്നു എന്ന് അവകാശപ്പെടുന്ന സൂക്ഷ്മ ബോധ്യങ്ങളെ എത്ര പെട്ടെന്നാണ് റദ്ദാക്കുന്നത്? ഇടതുപക്ഷത്തിന്റെ ചിത്രങ്ങള്‍ അപഹരിച്ച് വലതുപക്ഷത്തിന്റെ ഭിത്തിയില്‍ പതിക്കുന്നതിലെ വൈരുദ്ധ്യം ആ സംഘടനയുടെ ആന്തരിക ദൗര്‍ബല്യം വെളിപ്പെടുത്തുന്നതാണെന്ന് ചുരുക്കം. അങ്ങനെ, തിരഞ്ഞെടുപ്പിലേക്ക് വെല്‍ഫയര്‍ വഴി നടന്നുകയറുമ്പോഴും ജനാധിപത്യം എന്ന വ്യവസ്ഥയോട് ഞങ്ങളിതാ യോജിക്കുന്നു എന്ന തുറന്നുപറച്ചില്‍ അവരില്‍ നിന്നുണ്ടാകുന്നില്ല എന്നത് ഈ വൈരുദ്ധ്യത്തിന്റെ ഭാഗമാണ്. മാത്രമല്ല തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് മതവൈരത്തെ കുത്തിക്കയറ്റുന്ന, മതപരമായി ജനതയെ പിളര്‍ത്തുന്ന മുന്‍കാല യജ്ഞങ്ങള്‍ നിര്‍ബാധം തുടരുകയും ചെയ്യുന്നു. ഈ യജ്ഞങ്ങള്‍ക്കെല്ലാം പക്ഷേ, കണക്ക് പറയേണ്ടി വരിക മുന്‍കാലങ്ങളില്‍ എന്നപോലെ വിശ്വാസി മുസ്‌ലിംകളായിരിക്കും എന്ന് മാത്രം.

കെ കെ ജോഷി

You must be logged in to post a comment Login