ധൈഷണിക ഇസ്‌ലാമിലെ വിപ്ലവകാരി

ധൈഷണിക ഇസ്‌ലാമിലെ വിപ്ലവകാരി

ഷെയ്ഖ് ഓഫ് ലെവന്ത്, ഷഹീദ് അല്‍ മിഹ്‌റാബ് എന്നീ നാമങ്ങളില്‍ വിശ്രുതനായ സഈദ് റമളാന്‍ ബൂത്വി 1921 തുര്‍കിക്കടുത്തുള്ള ബൂട്ടാന്‍ ദ്വീപിലെ ഐന്‍ ദിവാര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. എണ്‍പതിനാല് വര്‍ഷത്തെ വിപ്ലവകരമായ ജീവിതത്തിനൊടുവില്‍ 2013 മാര്‍ച്ച് 21നു ഡമസ്‌കസിലെ മസ്ജിദുല്‍ ഈമാന്‍ ഭീകരാക്രമണത്തില്‍ റമളാന്‍ ബൂത്വി കൊല്ലപ്പെടുമ്പോള്‍ മുസ്‌ലിം അക്കാദമിക് ലോകത്തിനു നഷ്ടമായത് തലയെടുപ്പുള്ളൊരു പണ്ഡിതനെയായിരുന്നു. പാരമ്പര്യ ഇസ്‌ലാമിക അധ്യാപനങ്ങളെ ആധുനിക സെക്കുലര്‍ പാഠ്യ പദ്ധതികള്‍ സന്നിവേശിപ്പിച്ച് പഴമയുടെ തനിമ ചോരാതെ നില നിര്‍ത്തിയാണ് ബൂത്വി ഉപയോഗിച്ചത്. മതം, കര്‍മശാസ്ത്രം, തത്വശാസ്ത്രം, സാഹിത്യം, ആത്മീയത, മാര്‍ക്‌സിയന്‍ വിമര്‍ശനം തുടങ്ങി അറിവിന്റെ കൊടുമുടികള്‍ റമളാന്‍ ബൂത്വി കയ്യടക്കിയിട്ടുണ്ട്. സാമ്രാജ്യത്വത്തെയും അധിനിവേശത്തെയും ശക്തമായി വിമര്‍ശിച്ച ബൂത്വി, എഴുത്തുകള്‍ കൊണ്ടും പ്രഭാഷണങ്ങള്‍ കൊണ്ടും നിരന്തരം പോരാടിക്കൊണ്ടിരുന്നു. അറുപതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതുണ്ട്. അവയിലധികവും ഹ്രസ്വഗ്രന്ഥങ്ങളാണ്. ബൂത്വിയുടെ ആദ്യകാല പഠനം പിതാവ് മുല്ല റമളാന്‍ ബൂത്വിയില്‍ നിന്നായിരുന്നു. പണ്ഡിതനും സൂഫിയുമായ അദ്ദേഹത്തിന്റെ സ്വാധീനം സഈദ് ബൂത്വിയുടെ ജീവിതത്തിലുടനീളം ഉണ്ടായിട്ടുണ്ട്. പിതാവിനെക്കുറിച്ചെഴുതിയ ‘ഹാദാ വാലിദീ’ എന്ന ഗ്രന്ഥം അതിന്റെ ആഴവും പരപ്പും വിളിച്ചുപറയുന്നുണ്ട്. പിതാവ് മുല്ല റമളാന്‍, ഉസ്താദായ ഷെയ്ഖ് ഹസ്സന്‍ ഹബെന്നാക്, പ്രശസ്ത ടര്‍ക്കിഷ് പണ്ഡിതനും വിപ്ലവകാരിയുമായ ബദീഉസ്സമാന്‍ സഈദ് നൂര്‍സി തുടങ്ങിയവരായിരുന്നു പ്രധാനമായും ബൂത്വിയെ സ്വാധീനിച്ചത്. സഈദ് നൂര്‍സിയുടെ ജീവിതത്തെ കുറിച്ച് ബൂത്വി എഴുതിയ പുസ്തകം ഹൃദ്യമാണ്. പതിമൂന്നാം വയസ്സില്‍ മാതാവ് മരണപ്പെട്ടതിനു ശേഷം പിതാവായിരുന്നു ബൂത്വിയുടെ സംരക്ഷകന്‍. പിതാവ് രണ്ടാമത് വിവാഹം കഴിച്ചത് ഒരു ടര്‍ക്കിഷ് യുവതിയെ ആയിരുന്നു. ഇത് ബൂത്വിയുടെ ടര്‍ക്കിഷ് ഭാഷയുടെ വളര്‍ച്ചക്ക് കാരണമായി. പിതാവില്‍ നിന്ന് തന്നെ മതപഠനം ആരംഭിച്ച ബൂത്വി പിന്നീട് ഷെയ്ഖ് ഹബെന്നാക്കിനു കീഴില്‍ വ്യത്യസ്ത വിഷയങ്ങളില്‍ അവഗാഹം നേടിയെടുത്തു. ഷെയ്ഖ് ഹബെന്നാക്കിനു കീഴിലെ കാലഘട്ടത്തെ കുറിച്ച് ബൂത്വി ഇപ്രകാരം പറയുന്നത് കാണാം: ‘ഒരു ദിവസം പിതാവ് എന്നെ വലിയൊരു പള്ളിയില്‍ കൊണ്ടുപോയി. അവിടന്ന് ഒരു ഷെയ്ഖിനെ കാണിച്ചു പറഞ്ഞു: മകനെ… അല്ലാഹുവിലേക്കുള്ള യഥാര്‍ത്ഥ പാതയാണിത്. ആവേശത്തോടെ അറിവ് കരസ്ഥമാക്കുക. ഒരു ജോലിക്ക് വേണ്ടിയോ സര്‍ട്ടിഫിക്കേറ്റ് കരസ്ഥമാക്കാന്‍ വേണ്ടിയോ ആയിരിക്കരുത് പഠനം. ദൈവപ്രീതി മാത്രം കാംക്ഷിക്കുക (The martyr scholar, Imam muhammed saeed ramdan al bouti).

ആറു വര്‍ഷമാണ് റമളാന്‍ ബൂത്വി അവിടെ പഠനത്തിന് വേണ്ടി ചിലവഴിച്ചത്. ഈയൊരു കാലത്താണ് ബൂത്വി എഴുതാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. 1952 ല്‍ അദ്ദേഹത്തിന്റെ ആദ്യ ലേഖനം പുറം ലോകത്തെത്തി. Infront of the mirror എന്ന ആര്‍ട്ടിക്കിള്‍ Al tamaddu al islam എന്ന മാഗസിനിലാണ് പ്രസിദ്ധീകൃതമായത്. സാഹിത്യ രംഗത്തെ ആദ്യ സംഭാവന mamo zein എന്ന ഒരു കുര്‍ദിഷ് കഥയുടെ വിവര്‍ത്തനമായിരുന്നു. അഹ്മദ് അല്‍ കാസാ നിയയുടെ mamo and zein കുര്‍ദിഷില്‍ നിന്നും ബൂത്വി അറബിയിലേക്ക് വിവര്‍ത്തനം ചെയ്തു. ദിവ്യമായ പ്രണയത്തിന്റെ കഥകള്‍ പറയുന്ന ആ കഥ ഇന്നും പ്രശസ്തമാണ്. 1954 ലാണ് ബൂത്വി ഉപരിപഠനത്തിനു വേണ്ടി കൈറോയിലെ അല്‍ അസ്ഹറില്‍ എത്തുന്നത്. ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ് എന്നിവയിലെ ആഴത്തിലുള്ള പഠനത്തിന് അല്‍ അസ്ഹര്‍ വഴിയൊരുക്കി. ലോകവീക്ഷണമുള്ള ഒരു ഉത്തമ പണ്ഡിതനാകാന്‍ ഈ കാലയളവ് ബൂത്വിയെ ഏറെ സഹായിച്ചിട്ടുണ്ട്. കഴമ്പുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ഒരു ബുദ്ധിജീവിയായി അദ്ദേഹം മാറുന്നതും ഈ ദശാസന്ധിയിലാണ്. കമ്യൂണിസം, ഡാര്‍വിനിസം എന്നിവയെ അദ്ദേഹം നിശിദമായി വിമര്‍ശിച്ചു. അറബ് ലോകത്തെ ഒരു ജ്വരംപോലെ പിടികൂടിയ അറബ് വസന്തത്തിന്റെ നിത്യ വിമര്‍ശകനായിരുന്നു ബൂത്വി. അത് നിര്‍മാണാത്മകമായ ഒന്നും ഉല്പാദിപ്പിക്കുന്നില്ലെന്നും കുറെ അഭയാര്‍ത്ഥികളെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും സൃഷ്ടിക്കാനേ അതിനു കഴിയൂ എന്നും ബൂത്വി പ്രസ്താവിച്ചു. അമേരിക്കയെക്കാളും ബൂത്വി ചെറുത്തതും താക്കീത് നല്‍കിയതും ഇസ്രായേല്‍ സയണിസ്റ്റ് ഭീകരതയെ കുറിച്ചായിരുന്നു. അല്‍ അസ്ഹറില്‍ നിന്ന് ഇസ്‌ലാമിക് ലോയില്‍ പി എച്ച് ഡി കരസ്ഥമാക്കിയതിന് ശേഷം അദ്ദേഹം അധ്യാപന മേഖലയില്‍ പ്രവേശിച്ചു. ആദ്യനിയമനം ഡമസ്‌കസിലെ സ്‌കൂള്‍ അധ്യാപകനായിട്ടായിരുന്നു. പിന്നീട് ഡമസ്‌കസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായി നിയമിതനാവുകയും ഇസ്‌ലാമിക് ഡിപ്പാര്‍ട്‌മെന്റിന്റെ തലവനാവുകയും യൂണിവേഴ്‌സിറ്റി ഡീന്‍ ആയും പ്രവര്‍ത്തിച്ചു.
1985ല്‍ മുന്‍ സിറിയന്‍ പ്രസിഡന്റ് ഹാഫിസ് അല്‍അസദ് ബൂത്വിയുടെ ചില പുസ്തകങ്ങള്‍ വായിച്ച് തല്പരനായി അദ്ദേഹത്തെ കൂടിക്കാഴ്ചക്ക് ക്ഷണിക്കുകയുണ്ടായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇസ്‌ലാമിക് കോണ്‍ഫറന്‍സുകളിലെ സ്ഥിരം അതിഥിയായിരുന്നു ബൂത്വി. ഫ്രാന്‍സ്, യു.എ.ഇ തുടങ്ങി ഒട്ടനവധി രാജ്യങ്ങളിലെ ഇസ്‌ലാമിക് അസോസിയേഷനുകളില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക് ഡിപ്പാര്‍ട്‌മെന്റിന്റെ അക്കാദമിക് ബോര്‍ഡ് അംഗമായിരുന്നു. 2004ല്‍ ദുബൈയില്‍ നിന്നും ഇസ്‌ലാമിക് പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടി. ബൂത്വിയുടെ ലെകചെറുകള്‍ക് അസാധാരണമായ അറിവിന്റെ ഒഴുക്കുണ്ടായിരുന്നു. ഗഹനമായ തഫ്‌സീര്‍ ചര്‍ച്ചകള്‍ നിരവധി ചാനലുകളിലൂടെ ദിനേന സംപ്രേഷണം ചെയ്യപ്പെട്ടു. ചിലരുടെ അഭിപ്രായത്തില്‍ തസവ്വുഫിന്റെ ക്ലാസുകളായിരുന്നു ഏറ്റവും ഫലപ്രദമായിരുന്നത്. Islamic scholar and religious leader : a portrait of shaikh muhammad saeed ramadan boothi എന്ന ഗവേഷണ പഠനത്തില്‍ ആന്‍ഡ്രിയാസ് ക്രിസ്റ്റ്മാന്‍ ബൂത്വിയുടെ ജീവിത ചരിത്രം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ആന്‍ട്രിയാസ് ക്രിസ്റ്റ്മാന്റെ ഗവേഷണ പഠനത്തില്‍ റമളാന്‍ ബൂത്വിയുടെ പഠന മേഖലകള്‍ അക്കമിട്ട് പറയുന്നുണ്ട്. പാരമ്പര്യത്തെ ഇറുകെ പുണര്‍ന്ന ഒരു മതപണ്ഡിതന്‍ ഗവേഷണം ചെയ്ത വിഷയങ്ങള്‍ കണ്ടാല്‍ അതിശയിച്ചു പോകും. റാഡിക്കലിസം, റിവൈവലിസം, റിഫോമിസം, സെക്കുലറൈസേഷന്‍, മാര്‍ക്‌സിസം, നാഷണലിസം തുടങ്ങി ഗഹനമായ വിഷയങ്ങളില്‍ ഇസ്‌ലാം എന്ത് പറയുന്നു എന്ന് ബൂത്വി പരിശോധിക്കുന്നുണ്ട്. ബൂത്വിയുടെ സ്‌റ്റൈല്‍ ആന്‍ഡ് പേഴ്‌സണാലിറ്റിയെ കുറിച്ച് ഗവേഷകന്‍ പറയുന്നത് തീര്‍ത്തും വ്യക്തിപരമായ ഒരു വ്യത്യസ്ത വഴിയായിരുന്നുവെന്നാണ്. എഴുത്തിലും പ്രഭാഷണങ്ങളിലും സ്വന്തമായൊരു രീതി അദ്ദേഹത്തിനുണ്ടായിരുന്നു. ഉദാഹരണമായി ക്രിസ്റ്റ്മാന്‍ ചൂണ്ടിക്കാണിക്കുന്നത് ബൂത്വി പിതാവിനെക്കുറിച്ചെഴുതിയ ഹാദാ വാലിദീ എന്ന ജീവചരിത്ര ഗ്രന്ഥമാണ്. ഇത് തുടങ്ങുന്നത് പിതാവിനോടുള്ള സ്‌നേഹത്തിന്റെ വികാര വിക്ഷേപങ്ങള്‍ ഉള്‍ച്ചേര്‍ന്നുകൊണ്ടാണ്. പ്രഭാഷണത്തിലും തനതായ ഈ ബൂത്വിയന്‍ ശൈലി നമുക്ക് കാണാം. വികാരമായിരുന്നു അദ്ദേഹത്തിന്റെ ഭാഷ. ബൂത്വിയുടെ പ്രഭാഷണങ്ങള്‍ ഒരുക്കങ്ങളില്ലാത്ത തത്സമയ ടോക്കുകള്‍(extemporization) ആയതിനാല്‍ വികാരങ്ങളെല്ലാം മുഖത്തു കൃത്യമായി പ്രതിഫലിച്ചിരിക്കും. തേങ്ങിക്കരച്ചിലുകളില്ലാതെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ അവസാനിക്കാറില്ലെന്നും ആന്‍ട്രിയാസ് ക്രിസ്റ്റ്മാന്‍ ഗവേഷണത്തില്‍ വ്യകതമാക്കുന്നുണ്ട്.

ഫിഖ്ഹ്, ഉസൂലുല്‍ഫിഖ്ഹ് എന്നിവയില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ബൂത്വി ഇമാം നവവി, ഇമാം ശാഫി, ഇമാം ഗസാലി, ഇബ്‌നു അറബി എന്നിവരുടെ ആശയങ്ങള്‍ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. നാലുമദ്ഹബിലും പാണ്ഡിത്യമുണ്ടായിരുന്ന ഇദ്ദേഹം ശാഫിഈ മദ്ഹബും അശ്അരീ ധാരയും പിന്തുടര്‍ന്നു. ബൂത്വിയുടെ തഫ്‌സീര്‍ ക്ലാസുകളായിരുന്നു ഏറെ ശ്രദ്ധേയം. കൊല്ലപ്പെടുമ്പോഴും തഫ്‌സീര്‍ ക്ലാസിലായിരുന്നു മഹാന്‍. സിറിയന്‍ ജനതയെ ആത്മീയമായും മതപരമായും ഉയര്‍ത്തികൊണ്ടുവരുന്നതില്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്കു വലിയ പങ്കുണ്ട്. അസ്ഹരി ടി.വി, ഇഖ്‌റാ ടി.വി, സൂഫിയാ ചാനല്‍, സിറിയന്‍ സാറ്റലൈറ്റ് ടി.വി തുടങ്ങി നിരവധി ചാനലുകളിലൂടെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ജനങ്ങളിലെത്തിക്കൊണ്ടിരുന്നു. മാര്‍ക്‌സിസത്തെ വിമര്‍ശിച്ചു illusions of dialectical materialism എന്ന ഒരു പുസ്തകം ഇദ്ദേഹം എഴുതുകയുണ്ടായി. 1965 ല്‍ ഇസ്‌ലാമിക് ലോയില്‍ പി എച് ഡി എടുത്തതിനു ശേഷം ഇസ്‌ലാമിക പ്രബോധന മേഖലയില്‍ ബൂത്വി സജീവ സാന്നിധ്യമായിരുന്നു. ഖശവമറ ശി ശഹെമാ എന്ന ഗ്രന്ഥം ജിഹാദിനെ കുറിച്ചുള്ള മോഡേണ്‍ സലഫിയന്‍ കാഴ്ചപ്പാടുകള്‍ക്കുള്ള കൃത്യമായ മറുപടിയാണ്. ഫലസ്തീനികള്‍ക്കെതിരെയുള്ള സയണിസ്‌റ് ഭീകരതയെയും അദ്ദേഹം ധൈഷണികമായി പ്രതിരോധിച്ചു. ഇബ്‌നു അതാഇല്ലാഹി സിക്കന്തരിയുടെ അല്‍ ഹികമിനെഴുതിയ വ്യാഖ്യാനമായ അല്‍ ഹികമു അതാഇല്ലാഹ്: ശറഹു വ തഹ്‌ലീല്‍ എന്നത് ബൂത്വിയുടെ ക്ലാസിക്കല്‍ ഗ്രന്ഥമാണ്. പ്രശസ്ത ഇസ്‌ലാമിക് പണ്ഡിതനായ ഷെയ്ഖ് മുഹമ്മദ് അല്‍ നിനോവി എഴുതിയ The assassination of sheikh ramadan al bouti എന്ന ലേഖനത്തില്‍ റമളാന്‍ ബൂത്വിയുടെ ആത്മീയ വഴികള്‍ വിശദമായി പറയുന്നുണ്ട്. സമൂഹത്തെ സമുദ്ധരിക്കാന്‍ ബൂത്വി നടത്തുന്ന ഇടപെടലുകളെ ആത്മീയ ലോകത്തെ പദങ്ങള്‍ ഉപയോഗിച്ചാണ് നിനോവി വിശദീകരിക്കുന്നത്. പഠിച്ചതനുസരിച്ച് പ്രവര്‍ത്തിക്കുക എന്ന മഹത്‌വചനം ഉള്‍കൊണ്ട ജീവിതമായിരുന്നു റമളാന്‍ ബൂത്വിയുടേത്. പഠിച്ചതിനെ പ്രകടനത്തിലേക്ക് എത്തിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. അറബ്‌വസന്ത കാലത്ത് അഭയാര്‍ത്ഥികളായി ഡമസ്‌കസിലെത്തിയവര്‍ക്ക് അഭയം നല്‍കി അഭയാര്‍ത്ഥികള്‍ക്കെതിരെയുള്ള സാമ്രാജ്യത്വ വികാരത്തെ ബൂത്വി ചോദ്യം ചെയ്തു. ലോക മുസ്‌ലിംകളെ അറിവ് കൊണ്ടും ആത്മീയത കൊണ്ടും അനുഗ്രഹിച്ച ആ പുണ്യ പുരുഷന്റെ വാക്കുകള്‍ നല്‍കുന്ന പ്രചോദനം വളരെ വലുതാണ്. ‘ഒരോ ദിവസവും തലേദിവസത്തേക്കാള്‍ മെച്ചപ്പെട്ടതാക്കുക’. ഡമസ്‌കസില്‍ സുല്‍ത്താന്‍ സ്വലാഹുദ്ദീന്റെ ചാരത്തു ആ പുണ്യാത്മാവ് അന്ത്യ വിശ്രമം കൊള്ളുന്നു.

ടി. കെ ശഫീഖ് കുമ്പിടി

You must be logged in to post a comment Login