കോണ്‍ഗ്രസ് തെറ്റുതിരുത്തുകയാണ്

കോണ്‍ഗ്രസ് തെറ്റുതിരുത്തുകയാണ്

ഗര്‍വിഷ്ഠമായ ഒരു കാലത്തിന്റെ സായന്തനങ്ങള്‍ എന്നത് പ്രചുരപ്രചാരമുള്ള രൂപകങ്ങളില്‍ ഒന്നാണ്. കാലം വലിയ തിരുത്തല്‍ ശക്തിയാണെന്ന ചിരന്തനപാഠമാണ് ആ രൂപകത്തിന്റെ കേന്ദ്രം. പിന്നിട്ട വഴികളില്‍ അഹങ്കാരവും അടയാളവുമായിരുന്ന ചമയങ്ങളഴിച്ച് ആ വഴിയോരോന്നിലും പിണഞ്ഞ പാളിച്ചകളെ ഓര്‍ത്തെടുക്കുന്ന മഹാകാലം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ, ജനാധിപത്യ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയും അതിദീര്‍ഘകാലം ഇന്ത്യയുടെ ഭരണാധികാരികളുമായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ സായന്തനത്തിലാണ്. അതും അക്ഷരാര്‍ഥത്തില്‍ ഗര്‍വിഷ്ഠമായിരുന്ന ഒരു കാലത്തിന്റെ സായന്തനത്തില്‍. തെറ്റുകള്‍ തിരിച്ചറിഞ്ഞ് തിരുത്താന്‍ കാലം സമ്മാനിക്കുന്ന ഇടവേളയാണല്ലോ സായന്തനം. ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തെറ്റുകള്‍ തിരുത്താന്‍ ആലോചിക്കുന്നു എന്നതാണ് ഈ പൊതുതിരഞ്ഞെടുപ്പിന്റെ ആദ്യത്തെ ചരിത്രപരമായ ചുവട്. എങ്ങിനെ എന്നല്ലേ? കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രകടന പത്രിക വായിക്കൂ. നിശ്ചയമായും അതൊരു തെറ്റുതിരുത്തല്‍ രേഖയാണ്. അതിനപ്പുറം അത് ആത്മ വിമര്‍ശനത്തിന്റെ നാള്‍വഴിക്കുറിപ്പുമാണ്. തിരഞ്ഞെടുപ്പുകളില്‍ പ്രകടന പത്രിക അതിസ്വാഭാവികമാണ്. വാഗ്ദാനങ്ങളാല്‍ ചീര്‍ത്തതാവും അതില്‍ ഏറിയ പങ്കും. ജനവിധി രേഖപ്പെട്ടുകഴിഞ്ഞാല്‍ അപ്രസക്തമാവുന്ന ഒന്ന്. തിരഞ്ഞെടുക്കപ്പെട്ടവരും പരാജയപ്പെട്ടവരും ഒന്നുപോലെ മറക്കും എന്നതിനാലും നിയമപരമായി ഒരു നിലനില്‍പും ഇല്ല എന്നതിനാലും ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ ഗൗരവതരമായ ഒരു വായന അര്‍ഹിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് ദല്‍ഹിയില്‍ പുറത്തിറക്കിയ പ്രകടന പത്രിക അത്തരമൊന്നല്ല. കാരണം അത് നമ്മളാദ്യം പറഞ്ഞ ആത്മവിമര്‍ശനത്താല്‍ പ്രചോദിതമായ ഒരു തെറ്റുതിരുത്തല്‍ രേഖയാണ്.

പത്രികയിലേക്ക് വരാം. ഒന്നാമതായി പത്രിക കര്‍ഷകരെ പരിഗണിക്കുന്നു. കര്‍ഷകര്‍ കടബാധ്യതയിലാണെന്ന് കോണ്‍ഗ്രസ് അടുത്തിടെ തിരിച്ചറിഞ്ഞത് നിങ്ങള്‍ ഓര്‍ക്കുക. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് ആബാലവൃദ്ധം കര്‍ഷകര്‍ പ്രതിഷേധത്തിന്റെ പടുകൂറ്റന്‍ പാതകള്‍ ദല്‍ഹിയിലേക്ക് തെളിച്ചത് ഓര്‍ക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആ കര്‍ഷക മുന്നേറ്റത്തെ സന്ദര്‍ശിച്ചത് ഓര്‍ക്കുക. കര്‍ഷകര്‍ പ്രതിഷേധത്തിലാണെന്നും അവരുടെ പൊള്ളിയടര്‍ന്ന പാദങ്ങള്‍ വിധി തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് മനസിലാക്കിയിരിക്കുന്നു. അതിനാല്‍ അവരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നാണ് ആദ്യവാഗ്ദാനം. അതിന്റെ പ്രായോഗികത ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ചാനല്‍ അഭിമുഖത്തില്‍ വിശദീകരിക്കുകയും ചെയ്തു. കടങ്ങള്‍ എങ്ങനെയുണ്ടാവുന്നുവെന്നും കോണ്‍ഗ്രസ് ഇപ്പോള്‍ മനസിലാക്കിയിരിക്കുന്നു! അത് ഉല്‍പന്നങ്ങള്‍ക്ക് വില ലഭിക്കാത്തതിനാല്‍ കൂടിയാണ്. ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. തീര്‍ന്നില്ല, കാര്‍ഷിക വികസന ആസുത്രണ സമിതി എന്ന ചിരകാലാവശ്യം യാഥാര്‍ത്ഥ്യമാക്കുമെന്നും വാഗ്ദാനമുണ്ട്. ശ്രദ്ധിക്കുക, തെറ്റു തിരുത്തല്‍ രേഖ എന്ന തുടക്കത്തിലെ പരാമര്‍ശം വിശദീകരിക്കാതെ തന്നെ നിങ്ങള്‍ക്ക് മനസിലാവുന്നുണ്ട്. എങ്കിലും നാം വഴിയേ വിശദീകരിക്കും.

നിലനില്‍ക്കുന്ന ഭരണകൂടത്തോടുള്ള വിയോജിപ്പും വിമര്‍ശനവുമാണ് പ്രതിപക്ഷത്തിന്റെ കാതല്‍. അതിന് നിലവിലെ ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധത ആഴത്തില്‍ തിരിച്ചറിയണം. കോണ്‍ഗ്രസ് അത് തിരിച്ചറിയുന്നതായി അവരുടെ പ്രകടന പത്രികയില്‍ കാണാം. എന്തായിരുന്നു നരേന്ദ്രമോഡി സര്‍ക്കാര്‍ ജനാധിപത്യത്തോട് ചെയ്ത ഭയാനകവും ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കുന്നതുമായ പാതകം? നിശ്ചയമായും അത് ജനാധിപത്യത്തിന്റെ അനിവാര്യതയായ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് മേലുള്ള കയ്യേറ്റമാണ്. റിസര്‍വ് ബാങ്കിനെ ബന്ദിയാക്കിയാണ് നോട്ട് പിന്‍വലിക്കല്‍ നടത്തിയത്. സാമ്പത്തികതയുടെ സ്പന്ദന മാപിനിയാണ് റിസര്‍വ് ബാങ്ക്. അവരുടെ മുന്നറിയിപ്പുകളെ, വിയോജിപ്പുകളെ നിര്‍ദാക്ഷിണ്യം അവഗണിച്ച്, ഗവര്‍ണറായിരുന്ന രഘുറാം രാജനെ അപമാനിച്ച് നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍ രാജ്യത്തുണ്ടാക്കിയ സാമ്പത്തിക ദുരന്തം നിങ്ങള്‍ കണ്ടതാണ്, നമ്മള്‍ പലപാട് സംസാരിച്ചതാണ്. റിസര്‍വ് ബാങ്കിന്റെ അഭിമാനവും സ്വയംഭരണവും വിശ്വാസ്യതയും തിരിച്ചുപിടിക്കുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനമുണ്ട്. സ്വന്തം അഴിമതികള്‍ക്കായി മോഡി സര്‍ക്കാര്‍ ദുരുപയോഗിച്ച കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍, രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനും സ്വന്തം കുറ്റകൃത്യങ്ങളെ വെള്ളപൂശാനുമായി മോഡിസര്‍ക്കാര്‍ അമ്മാനമാടിയ സി.ബി.ഐ, വിവരാവകാശ കമ്മീഷന്‍, സ്റ്റാറ്റിറ്റിക്‌സ് കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നീ സ്ഥാപനങ്ങളുടേയും അന്തസ്സും സ്വയംഭരണവും ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് ഇന്ത്യയിലെ ജനങ്ങളോട് പറയുന്നു. അത്ഭുതകരവും ആഹ്ലാദകരവുമാണ് പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ ഈ തിരിച്ചറിവ്. പ്രകടന പത്രികയെ ജനാധിപത്യപരമായ രാഷ്ട്രീയ വിമര്‍ശനമായി പ്രതിഷ്ഠിക്കുക എന്ന സര്‍ഗാത്മകതയിലേക്ക് ആറരപ്പതിറ്റാണ്ടിനിടെ ആദ്യമായി കോണ്‍ഗ്രസ് പ്രവേശിച്ചിരിക്കുന്നു. അതും അതിഗംഭീരമായ ഒരു തെറ്റ് തിരുത്തലാണ്. വഴിയേ പറയാം.

സ്ത്രീകള്‍ക്ക് 33 ശതമാനം തൊഴില്‍ സംവരണം എന്ന, നിയമപരമായി അല്‍പം അപ്രായോഗികമെങ്കിലും സമീപഭാവിയില്‍ ചര്‍ച്ചയാകേണ്ട ഒരു വാഗ്ദാനം കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നുണ്ട്. ഏഴ് പതിറ്റാണ്ടിന്റെ ഇന്ത്യന്‍ ജനാധിപത്യം സ്ത്രീകളോട് നീതികാട്ടിയില്ല എന്ന യാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് തിരിച്ചറിയുകയാണ് എന്നതാണ് ഈ അപ്രായോഗികതക്കിടയിലും ആ വാഗ്ദാനത്തെ രജതരേഖയായി മാറ്റുന്നത്. രാജ്യത്ത് 75 ശതമാനത്തോളം വരുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്കായി, അതായത്, പട്ടിക ജാതി, പട്ടിക വര്‍ഗ, ഒ.ബി.സി വിഭാഗങ്ങള്‍ക്കായി ഒരു തുല്യാവസര കമ്മീഷന്‍ സ്ഥാപിക്കും എന്നും വാഗ്ദാനമുണ്ട്. അവസര നിഷേധം എന്ന ജനാധിപത്യ വിരുദ്ധതയോട് കോണ്‍ഗ്രസ് പ്രതികരിക്കുന്നു. ആരോഗ്യ രംഗത്തെ ഉടച്ച് വാര്‍ക്കുന്ന നിര്‍ദേശങ്ങളും പത്രികയില്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ ബജറ്റ് മൂന്നിരട്ടിയാക്കും എന്നതാണ് ഒരു നിര്‍ദേശം. ഇപ്പോള്‍ ഒന്നര ശതമാനമാണ് ആരോഗ്യരംഗത്തെ ബജറ്റ് വിഹിതം. അധികാരമേറ്റാല്‍ ഉടന്‍ അത് മൂന്ന് ശതമാനമായും പിന്നീട് ആറ് ശതമാനമായും വര്‍ധിപ്പിക്കും എന്നും പ്രകടന പത്രിക. സ്‌കൂള്‍ വിദ്യാഭ്യാസത്തെ സമ്പൂര്‍ണമായി സംസ്ഥാന പട്ടികയിലേക്ക് മാറ്റും എന്ന നിര്‍ദേശം പ്രധാനപ്പെട്ടതാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് മേലുള്ള ഭരണകൂട കയ്യേറ്റം നാം പോയ നാലര വര്‍ഷങ്ങളില്‍ അഭിമുഖീകരിച്ചതാണ്. പാഠ്യപദ്ധതികള്‍ക്ക് മേലുള്ള ആ കയ്യേറ്റത്തിന്റെ പ്രധാന ബലങ്ങളില്‍ ഒന്ന് കേന്ദ്രഫണ്ട് എന്ന ഭീഷണിയായിരുന്നു. ആ ഭീഷണിക്കെതിരിലെ വലിയ ചുവടുകളില്‍ ഒന്നായി ഈ വാഗ്ദാനത്തെ മനസിലാക്കാം.
പ്രതിരോധവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് പത്രികയിലെ വാഗ്ദാനങ്ങള്‍ക്ക് പുതുമകളില്ലെങ്കിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് അത്ഭുതത്തോടെ മാത്രം കേള്‍ക്കാന്‍ കഴിയുന്ന ഒരു വാഗ്ദാനം അതിലുണ്ട്. അത് മാവോയിസ്റ്റുകളെ സംബന്ധിച്ചാണ്. പത്രിക പുറത്തിറക്കുന്ന വേദിയുടെ അറ്റത്ത് നിശബ്ദ സാക്ഷിയായി നിന്ന മന്‍മോഹന്‍ സിംഗാണ് ഇന്ത്യയിലെ പുതിയ കാല മാവോയിസ്റ്റ് വേട്ടയുടെ സുത്രധാരനെന്ന് നിങ്ങള്‍ മറക്കരുത്. രാജ്യത്തിന്റെ ഏറ്റവും വലിയ ഭീഷണി എന്ന് മാവോയിസ്റ്റുകളെ വിശേഷിപ്പിച്ചതും മന്‍മോഹനാണല്ലോ? അതേ മന്‍മോഹന്റെ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ ഇത്തരമൊരു വാചകം കാണാം:” മാവോവാദികളുടെ അക്രമങ്ങളെ ചെറുക്കുമെങ്കിലും മേഖലയിലെ വികസന പ്രശ്‌നങ്ങള്‍ പരിഗണിക്കും. മാവോയിസ്റ്റുകളുടെ മനസ് കീഴടക്കാനുള്ള നയങ്ങള്‍ രൂപീകരിക്കും”. വികസന പ്രശ്‌നങ്ങളാണ് ഇന്ത്യന്‍ മാവോയിസത്തിന്റെ അടിവേരെന്ന് നാം മനസിലാക്കിയിട്ടുണ്ട്. മാവോയിസ്റ്റ് മേഖലകളിലൂടെ അപകടകരമായി സഞ്ചരിച്ച് ഇന്ത്യന്‍ ജേണലിസ്റ്റുകളും ബുദ്ധിജീവികളും അക്കാര്യം പലപാട് എഴുതിയിട്ടുണ്ട്. ഇപ്പോഴിതാ ആ പ്രശ്‌നത്തെ അടിവേരുകളില്‍ നിന്ന് മനസിലാക്കാനുള്ള ഒരു ശ്രമത്തിലേക്ക് കോണ്‍ഗ്രസ് പ്രവേശിച്ചിരിക്കുന്നു!

ജനാധിപത്യത്തെ സൈനികവല്‍കരിച്ച, ജനാധിപത്യ വിരുദ്ധമെന്ന് തീര്‍ത്തും പറയാവുന്ന ഒന്നാണ് സായുധസേനയുടെ ്രപത്യേകാധികാരം. ഇറോം ചാനു ശര്‍മിളയെ നമ്മള്‍ മറക്കരുത്. പരാജയപ്പെട്ട സമരങ്ങള്‍ വിജയിച്ച സമരം പോലെ നമുക്ക് പ്രധാനമാണ്. മണിപ്പൂരിലെ സൈനിക നിയമത്തിനെതിരെ, അഫ്‌സ്പക്കെതിരെ അവര്‍ നടത്തിയ ഐതിഹാസികമായ സമരത്തെ മറക്കരുത്. കോണ്‍ഗ്രസ് ഇതാ ആ സമരങ്ങളെ പരിഗണിക്കുന്നു. സായുധസേനകളുടെ പ്രത്യേകാധികാരം പു:നപരിശോധിക്കുമെന്ന ചരിത്രപരമായി ഏറെ മാനങ്ങളുള്ള വാഗ്ദാനവും പ്രകടന പത്രികയിലുണ്ട്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയാണ് മറ്റൊന്ന്. നെഹ്‌റു മുതല്‍ മന്‍മോഹന്‍ വരെ തുടര്‍ന്ന കശ്മീര്‍ നയം ഓര്‍ക്കുക. കശ്മീരിലെ യഥാര്‍ത്ഥ പ്രശ്‌നം എന്തെന്ന നമ്മുടെ എത്രയോ കാലമായുള്ള മനസിലാക്കലുകളെ ഓര്‍ക്കുക. ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള കശ്മീരിന്റെ പ്രത്യേക പദവി തുടരും എന്ന വാഗ്ദാനം കശ്മീരിനോടുള്ള കോണ്‍ഗ്രസിന്റെ പ്രായശ്ചിത്തമാണ്. വഴിയേ വിശദീകരിക്കാം.
ഇതാദ്യമായി കോണ്‍ഗ്രസ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ നയം പ്രഖ്യാപിക്കുന്നു എന്ന അപൂര്‍വതയും പ്രകടനപത്രികയില്‍ കാണുന്നുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ കടുത്ത എതിര്‍പ്പിന് പാത്രമായ, ട്രാന്‍സ്‌ജെന്‍ഡറുകളോടുള്ള നീതിനിഷേധമായ ട്രാന്‍സ്‌ജെന്‍ഡര്‍ ബില്‍ 2018 പിന്‍വലിക്കുമെന്നാണ് വാഗ്ദാനം. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹവുമായി കൂടിയാലോചിച്ച് പുതിയ ബില്ലിന് രൂപം നല്‍കും. മാത്രമല്ല സായുധ സേനകളിലും പൊലീസിലും സര്‍ക്കാര്‍ തസ്തികകളിലും നിയമനം ഉറപ്പാക്കും എന്നും കോണ്‍ഗ്രസ് പറയുന്നു. സര്‍വൈലന്‍സ് രാജായിരുന്നു മോഡി ഭരണകൂടം. ഓര്‍വേലിയന്‍ രാഷ്ട്രം. വിയോജിപ്പുകളിലേക്ക്, വിയോജിക്കുന്നവരിലേക്ക് ഭരണകൂടം തുറുകണ്ണുകളയച്ചു. ഡിസന്റ് അഥവാ വിയോജിപ്പ് എന്നത് ജനാധിപത്യത്തിന്റെ സേഫ്റ്റി വാല്‍വ് ആണെന്ന് സുപ്രീം കോടതിക്ക് പറയേണ്ടി വന്നു. ജനാധിപത്യത്തിന്റെ ജ്വലനത്തെ ഒളിഞ്ഞുനോട്ടങ്ങള്‍ തകര്‍ക്കുമെന്ന് നമുക്കറിയാം. ഇപ്പോള്‍ കോണ്‍ഗ്രസ് അവരുടെ വാഗ്ദാനങ്ങളില്‍ ഒന്നായി നിയമവിരുദ്ധമായ നിരീക്ഷണങ്ങള്‍ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
ജനതയെ പിളര്‍ത്തി അധികാരമുറപ്പിക്കാന്‍ സംഘപരിവാര്‍ ഒടുവില്‍ പ്രയോഗിച്ച മാരകായുധം ഓര്‍മയില്ലേ. വടക്കുകിഴക്കിലെ ജനതയെ മുസ്‌ലിം എന്നും മുസ്‌ലിം ഇതരര്‍ എന്നും വിഭജിച്ച് മുസ്‌ലിം ജനതയെ നിഷ്‌കാസനം ചെയ്യാനുറച്ച പൗരത്വ ബില്‍? ആ ബില്‍ പിന്‍വലിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. അസഹിഷ്ണുതയും വെറുപ്പും പരത്താന്‍ സംഘപരിവാര സംഘടനകള്‍ നടപ്പാക്കിയ ആള്‍ക്കൂട്ടക്കൊലകളെ കോണ്‍ഗ്രസ് മറന്നില്ല. അത്തരം അതിക്രമങ്ങള്‍ ഒന്നാകെ തടയാനുള്ള ബില്‍ ആദ്യ സമ്മേളനത്തില്‍ പാസാക്കുമെന്നാണ് പ്രഖ്യാപനം. വിചാരണയില്ലാതെ തടവില്‍ കഴിയുന്ന ആയിരങ്ങളെ കോണ്‍ഗ്രസ് ഇപ്പോള്‍ പരിഗണിക്കുന്നുണ്ട്. വിചാരണയില്ലാതെ ആളുകളെ തടവില്‍ പാര്‍പ്പിക്കാന്‍ ഭരണകൂടത്തിന് അധികാരം നല്‍കുന്ന നിയമം ഭേദഗതി ചെയ്യുമെന്നാണ് മറ്റൊരു വാഗ്ദാനം.

അതിതീവ്ര ദേശീയതയുടെ ആവിഷ്‌കാരമായിരുന്നു 2014-ല്‍ അധികാരമേറ്റ മോഡി സര്‍ക്കാര്‍. ആ തീവ്രദേശീയതയുടെ ആയുധമായിരുന്നു രാജ്യദ്രോഹക്കുറ്റം. 124-എ എന്ന, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പ്രാകൃത വകുപ്പ്. 124-എ ഒഴിവാക്കുമെന്ന ചരിത്രപരമായ പ്രഖ്യാപനംകൂടിയുണ്ട് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍. ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച് അതിപ്രധാനമായ ഒരു പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ നയിക്കാന്‍ ചരിത്രപരമായി ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ കക്ഷിയില്‍ നിന്ന് പ്രതീക്ഷിക്കേണ്ട സര്‍വതലസ്പര്‍ശിയായ ഒരു ്രപകടന പത്രികയെന്ന് കോണ്‍ഗ്രസ് പത്രികയെ വിലയിരുത്താം.

ഇനി തുടക്കത്തിലെ ആ രൂപകത്തെ വായിക്കാം. ഗര്‍വിഷ്ഠകാലത്തിന്റെ സായന്തനം. കോണ്‍ഗ്രസിനെക്കുറിച്ചായിരുന്നു ആ രൂപകം. ഗര്‍വിഷ്ഠമായിരുന്ന ആ ഭൂതകാലം കോണ്‍ഗ്രസിന്റേതാണ്. ആധുനിക ഇന്ത്യയുടെ രാഷ്ട്രീയചരിത്രം സമ്മാനിച്ചതാണ് ആ ഗര്‍വ് എന്ന് പറയേണ്ടതില്ലല്ലോ? നിങ്ങള്‍ക്ക് അറിയും പോലെ ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തെ ഉള്‍വഹിച്ചുകൊണ്ട് രൂപപ്പെട്ടതാണ് നാം ഇന്ന് കാണുന്ന കോണ്‍ഗ്രസ്. ദേശീയ പ്രസ്ഥാനത്തിലെ കോണ്‍ഗ്രസ് എന്ന് വായിക്കരുത്. അത് ചരിത്രവിരുദ്ധമായ വായനയാവും. സ്വാതന്ത്ര്യ പ്രഖ്യാപനത്തോടെ പിരിച്ചുവിടപ്പെട്ടതാണ് ദേശീയ പ്രസ്ഥാനത്തിലെ കോണ്‍ഗ്രസ്. നെഹ്‌റുവിന്റെ ഐതിഹാസിക നേതൃത്വത്തില്‍ ഭരിക്കാനായി, ജനാധിപത്യത്തെ ഉറപ്പിക്കാനായി പിന്നീട് രൂപമെടുത്തതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. പക്ഷേ, നിശ്ചയമായും ആ സംഘാടനത്തിന് ദേശീയപ്രസ്ഥാനത്തിന്റെ മഹിത പാരമ്പര്യം ഉണ്ടായിരുന്നു. ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിന്റെ പിന്തുണ ഉണ്ടായിരുന്നു. ഇന്ന് നാം വായിച്ച പ്രകടന പത്രിക ആ മഹാഭൂരിപക്ഷമുള്ള, രാജ്യത്തിന്റെ വിശ്വസ്തരായ രാഷ്ട്രീയ കക്ഷി ആയിരുന്ന കോണ്‍ഗ്രസിന്റേതല്ല. പ്രാദേശിക പാര്‍ട്ടികള്‍ക്ക് തൊട്ടുമുന്നില്‍ കിതയ്ക്കുന്ന, പ്രതിപക്ഷ നേതൃത്വം അവകാശപ്പെടാന്‍ പോലും അംഗബലമില്ലാത്ത, മഹാഭൂരിപക്ഷം സംസ്ഥാനങ്ങളില്‍ നിന്ന് തുടച്ചുമാറ്റപ്പെട്ട, ഉത്തര്‍ ്രപദേശിലും ബിഹാറിലും കേട്ടുകേള്‍വി മാത്രമായ, തമിഴ്‌നാട്ടിലും ആന്ധ്രയിലും തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന്റേതാണ്. എങ്ങിനെയാണ് കോണ്‍ഗ്രസ് തകര്‍ന്നത്? എങ്ങിനെയാണ് ഗര്‍വിഷ്ഠമായിരുന്ന ആ കാലം അസ്തമിച്ചത്? അതിനുള്ള ഉത്തരമാണ് നാം പ്രകടന പത്രിക എന്ന രൂപത്തില്‍ അല്‍പം മുന്‍പ് വായിച്ചത്. ഏറ്റെടുക്കും എന്ന്, തിരുത്തും എന്ന് ഇപ്പോള്‍ പത്രികയില്‍ അക്കമിട്ട കാര്യങ്ങളാണ് കോണ്‍ഗ്രസിനെ ഇല്ലാതാക്കിയത്. അങ്ങനെയാണ് ഈ പ്രകടന പത്രിക സായന്തനത്തിലെ തെറ്റുതിരുത്തല്‍ രേഖ ആയി പരിണമിക്കുന്നത്.

2014-ല്‍ കോണ്‍ഗ്രസ് നേരിട്ട വമ്പന്‍ തകര്‍ച്ച യാദൃച്ഛികമായിരുന്നില്ല. പ്രവചിക്കപ്പെട്ട പതനമായിരുന്നു അത്. ചരിത്രത്തിലെ അതിസ്വാഭാവികമായ പരിണതി. നമ്മള്‍ ഇന്ന് കാണുന്ന കോണ്‍ഗ്രസിന്റെ ഏഴ് പതിറ്റാണ്ട് നീളുന്ന ചരിത്രത്തില്‍ ആ തകര്‍ച്ചയ്ക്ക് വേരുകളുണ്ട്. ആ ചരിത്രമാകട്ടെ മൂന്നായി പിളര്‍ക്കപ്പെട്ട ഒന്നുമാണ്. പ്രവീണ്‍ റായിയും ദല്‍ഹി സി.ഡി.എസിലെ സഞ്ജയ്കുമാറും ഈ പിളര്‍പ്പുകളെക്കുറിച്ച് സൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുണ്ട്. 1952 -ലെ ഒന്നാം ഘട്ടം നെഹ്‌റുവിന്റെ നേതൃത്വത്തിലാണ്. 1952 മുതല്‍ 1968 വരെയുള്ള കാലം. 1952-ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ചത് ദേശീയ നായക ബിംബമായി മാറിയിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവാണ്. 401-ല്‍ 361 സീറ്റുകള്‍ നേടി അധികാരത്തിലെത്തി. ഏക കക്ഷി ആധിപത്യത്തിന്റെ കാലം പിറവികൊണ്ടു. 1957ലും 1962ലും വിജയം ആവര്‍ത്തിച്ചു. പക്ഷേ, 57-ല്‍ നേടിയ 2.8 ശതമാനത്തിന്റെ വോട്ട് വളര്‍ച്ച 62-ല്‍ കൂപ്പുകുത്തി. 67-ലും കോണ്‍ഗ്രസ് വിജയമാവര്‍ത്തിച്ചു എങ്കിലും വോട്ടുശതമാനം കുറഞ്ഞുവന്നു. നെഹ്‌റു മരിക്കുന്നു. മകള്‍ ഇന്ദിരാ ഗാന്ധി അധികാരകേന്ദ്രമെന്ന നിലയില്‍ ശക്തിയാര്‍ജിക്കുന്നു. നെഹ്‌റുവിനെ തുടര്‍ന്ന് വന്ന ലാല്‍ ബഹാദുര്‍ ശാസ്ത്രിയും മരിച്ചതോടെ ഇന്ദിരാ യുഗം തുടങ്ങി. കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ടം. അധികാരത്തര്‍ക്കങ്ങളുടെയും അഴിമതികളുടെയും സ്വജന പക്ഷപാതങ്ങളുടെയും യുഗപ്പിറവി. 71-ല്‍ ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഉയര്‍ത്തി വന്ന ഇന്ദിരാഗാന്ധി അധികാരമുറപ്പിക്കാന്‍ അടിയന്തിരാവസ്ഥ വരെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് തകര്‍ച്ചയുടെ ആണിക്കല്ല് കണ്ടു. ചങ്ങാത്ത മുതലാളിത്തം തഴച്ച് വളര്‍ന്നു. ആള്‍ദൈവങ്ങള്‍ പിടിമുറുക്കി. രാജ്യത്തിന്റെ അന്തസിനെ കോണ്‍ഗ്രസ് വെല്ലുവിളിച്ചു. 1971-ല്‍ കോണ്‍ഗ്രസിനെ സ്വന്തമാക്കി മാറ്റി തിരഞ്ഞെടുപ്പിനിറങ്ങിയ ഇന്ദിര 362 സീറ്റുകളുമായാണ് ഭരണത്തിലേറിയത് എന്നോര്‍ക്കണം. 77-ല്‍ അത് 152 ആയി താണു. 80-ല്‍ 353 സീറ്റുകളുമായി തിരിച്ചെത്തി. 84-ല്‍ സിക്ക് ഭീകരതയുടെ തോക്കിനിരയായി. ഇന്ദിരാവധം സൃഷ്ടിച്ച തരംഗം മകന്‍ രാജീവ് ഗാന്ധിയെ 415 സീറ്റുകളുമായി അധികാരമേറ്റി. വെറും അഞ്ചുവര്‍ഷത്തിനകം 197 സീറ്റിലേക്ക് കോണ്‍ഗ്രസ് വീണു. കോണ്‍ഗ്രസ് ചരിത്രത്തിലെ രണ്ടാം ഘട്ടം രാജീവ് വധത്തോടെ അവസാനിച്ചു. പിന്നീടുള്ള ഏഴുവര്‍ഷം നെഹ്‌റു കുടുംബത്തിലെ ഒരാളും നേതൃത്വത്തില്‍ ഉണ്ടായിരുന്നില്ല. സീതാറാം കേസരിയും സംഘവും കോണ്‍ഗ്രസിനെ കൂത്തരങ്ങാക്കി. സംസ്ഥാനങ്ങള്‍ ഒന്നൊന്നായി കൈവിട്ടു. നാമവശേഷമായ കോണ്‍ഗ്രസിലേക്കാണ് 1998-ല്‍ സോണിയാ ഗാന്ധി വരുന്നത്. അവിടെ നിന്നുണ്ടായ പുതിയ, തീര്‍ത്തും പുതിയ കോണ്‍ഗ്രസാണ് തകര്‍ന്നടിഞ്ഞത്. അതിന് ജീവന്‍ വെക്കാനുള്ള കഠിനശ്രമമാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ നടത്തുന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ കൊണ്ടുവന്ന നവസാമ്പത്തിക നയങ്ങളാണ് രാജ്യത്തെ കര്‍ഷകരെ തകര്‍ത്തത്. അവരെ കൈപിടിക്കുകയാണ് പുതിയ പ്രകടന പത്രിക. അതൊരു തെറ്റുതിരുത്തലാണ്. ജനാധിപത്യത്തിനെതിരില്‍ നടന്ന ഏറ്റവും വലിയ കയ്യേറ്റം അടിയന്തിരാവസ്ഥ ആയിരുന്നു. അതിന്റെ കാര്‍മികരാണ് ഇപ്പോള്‍ തെറ്റ് തിരുത്തുന്നത്.

പക്ഷേ, പത്രികയുടെ വീര്യം സംഘടനയില്‍ ഇല്ല എന്ന് മനസിലാക്കണം. കേവല ഭൂരിപക്ഷത്തിനുള്ള സ്ഥാനാര്‍ഥികള്‍ പോലും അവര്‍ക്കില്ല. ദേശീയ താല്‍പര്യമുള്ള സംസ്ഥാന ഘടകങ്ങള്‍ ഇല്ല. സഖ്യങ്ങള്‍ സൃഷ്ടിക്കാനുള്ള രാഷ്ട്രീയ വിശാലത ഇല്ല.
എങ്കിലും മറ്റ് ബദലുകള്‍ ഇല്ലാത്തിടത്ത് കോണ്‍ഗ്രസില്‍ പ്രതീക്ഷ വെക്കുന്ന ജനങ്ങളുണ്ട്. അതിനെ ചാലകമാക്കാനുള്ള ശേഷി ആ സംഘടനക്കില്ലെങ്കിലും. അതിനാല്‍ ഈ പ്രകടന പത്രികയില്‍ പുലര്‍ത്തിയ ആര്‍ജവം പ്രായോഗിക രാഷ്ട്രീയത്തിന്റെ ദൈനംദിന വ്യവഹാരങ്ങളിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് കോണ്‍ഗ്രസിന്റെ നാലാം ചരിത്ര ഘട്ടമാവും തീര്‍ച്ച.

കെ കെ ജോഷി

You must be logged in to post a comment Login