മാധ്യമങ്ങളുടെ അധികാര ശുശ്രൂഷകള്‍

മാധ്യമങ്ങളുടെ അധികാര ശുശ്രൂഷകള്‍

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ക്ക് അതീതമായ മത്സരമായിരിക്കും. പതിവുകളൊക്കെയും മാറ്റിയെഴുതപ്പെട്ടതായിരുന്നു ഇന്ത്യയുടെ കഴിഞ്ഞുപോയ വര്‍ഷങ്ങള്‍. ഇതിന്റെ അനുഭവങ്ങള്‍ ജാഗ്രതയോടെ വരും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ജനങ്ങളെ തയാറാക്കിയിട്ടുണ്ടോ എന്ന് കാത്തിരുന്ന് കാണാം. ഇന്ത്യയുടെ ഭാവിയെപ്പറ്റിയുള്ള വലിയ ആശങ്കകളില്‍ ഒന്നാണ് നരേന്ദ്രമോഡിയുടെ തിരിച്ചുവരവ്. ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയെയും പോലെയായിരുന്നില്ല കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നരേന്ദ്രമോഡിയുടെ ഭരണം. രാജ്യത്തിന്റെ ഹൃദയം തകരാന്‍ ഇടയാക്കി. അതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു കൂട്ടം കലാസാംസ്‌കാരിക പ്രവര്‍ത്തകന്മാര്‍ ഇത്തവണ ബി.ജെ.പിക്ക് എതിരെ വോട്ട് നല്‍കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍ വിശേഷിപ്പിച്ചത് ഇങ്ങനെയാണ് : ‘നിലപാടുകള്‍ തുറന്നു പറയുമ്പോള്‍ നിങ്ങളുടെ അവസ്ഥ അപകടകരമാണ്, അതേസമയം അത് പറയാതിരിക്കല്‍ ആത്മാവിനെ കൊല്ലുന്നതിനു തുല്യമാണ്’. തങ്ങളുടെ ഭരണകാലത്ത് ചരിത്രത്തിലും ഗവേഷണത്തിലുമടക്കം ഹിന്ദുത്വ അധിനിവേശം നടത്തുന്നതിലൂടെ രാജ്യത്തെ പ്രധാന ദ്വന്ദങ്ങളായ ഭൂരിപക്ഷ-ന്യൂനപക്ഷ ബോധത്തെ ഊട്ടിയുറപ്പിക്കാനും, ധ്രുവീകരണത്തെ ശക്തിപെടുത്താനുമുള്ള എല്ലാവിധ സാഹസങ്ങളും നടത്തി. മോഡിയുടെ ഭരണകാലത്തിന്റെ തുടക്ക നാളുകളില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ തൊഴിലില്‍ വലിയ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്നില്ല. മോഡിയെ വാഴ്ത്തിക്കൊണ്ടുള്ള ചോദ്യം ചെയ്യാത്ത ഒരു സംസ്‌കാരം ഇന്ത്യന്‍ മാധ്യമങ്ങള്‍ വളര്‍ത്തിയെടുത്തു. അതിന്റെ ഫലമായി മാധ്യമങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യാത്ത ആദ്യത്തെ പ്രധാനമന്ത്രി എന്ന ‘പദവി’ നരേന്ദ്രമോഡിക്ക് ലഭിച്ചു. വളരെയധികം സൂക്ഷ്മമായിരിക്കണം തിരഞ്ഞെടുപ്പുകാലത്തെ വാര്‍ത്താ മുറികളിലെ തീരുമാനങ്ങള്‍. അവയോരോന്നും നിര്‍ണായകമാണ്. രാജ്യത്തെ സോഷ്യല്‍മീഡിയ ഒഴിച്ചുള്ളവര്‍ക്ക് ഇവിടെ ചെറുതല്ലാത്ത ഉത്തരവാദിത്തങ്ങളുണ്ട്. മാധ്യമങ്ങളെ, മുഖ്യമായും സാമൂഹിക മാധ്യമങ്ങളെ ഏറ്റവും സമര്‍ത്ഥമായി ഉപയോഗിച്ച സര്‍ക്കാരാണ് ഭരണത്തിലുള്ളത്. ഇപ്പോഴും അത് തുടരുന്നുണ്ടെന്ന സൂചനയാണ് സാമൂഹിക മാധ്യമഭീമനായ ഫേസ്ബുക്ക് നല്‍കുന്നത്. ഇന്ത്യയെയും പാക്കിസ്ഥാനെയും ലക്ഷ്യം വെച്ചുകൊണ്ട് ഫേസ്ബുക്ക് നടത്തിയ ചില പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 687 ഓളം പേജുകളും, അക്കൗണ്ടുകളും ഫേസ്ബുക്ക് നീക്കം ചെയ്യുകയുണ്ടായി. അസ്വാഭാവികതയുള്ളതും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായായിരുന്നു ഈ നീക്കം. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട പേജുകളും, അക്കൗണ്ടുകളും അതിലുള്‍പ്പെടുന്നു. ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളെല്ലാം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ചാനല്‍ ചര്‍ച്ചകളും സംഘടിപ്പിച്ചു. പക്ഷേ അതോടൊപ്പം തന്നെ ബി.ജെ.പിയുമായി ബന്ധപ്പെട്ട നിരവധി അക്കൗണ്ടുകളും ഫെയ്‌സ്ബുക്ക് നീക്കം ചെയ്തിരുന്നു. പക്ഷേ ബി.ജെ.പിയുടെ പേര് പുറത്തു വിടാതിരിക്കുകയും, കോണ്‍ഗ്രസിന്റെത് വെളിപ്പെടുത്തുകയും ചെയ്ത ഫേസ്ബുക്കിന്റെ നയത്തെ ഇന്ത്യയിലെ മാധ്യമങ്ങള്‍ നല്ല വിധം തന്നെ പ്രയോജനപ്പെടുത്തി. ‘ന്യൂസ് ലോണ്ടറി’, ‘ദ പ്രിന്റ്’ തുടങ്ങിയ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഒഴികെ മുഖ്യധാരാമാധ്യമങ്ങളുടെ ശ്രദ്ധയില്‍ ഇത് വന്നില്ല. വിഷയത്തെ സൂചിപ്പിക്കാന്‍ കാരണം ഫേസ്ബുക്ക് നിരോധിച്ച ബി.ജെ.പി അക്കൗണ്ടുകളെ പറ്റിയുള്ള വിവരങ്ങള്‍ അപ്രത്യക്ഷമായതു കൊണ്ടാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വാര്‍ത്തയുടെ ഒരു വശത്തെ മാത്രം പ്രതിഫലിപ്പിക്കുക എന്നത് തൊഴില്‍ ധാര്‍മികതയോട് യോജിക്കുന്ന പ്രവര്‍ത്തിയല്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ വാര്‍ത്തകള്‍ ഒരുപാടുണ്ട്, ഒരു മാധ്യമ സ്ഥാപനം അതിലേത് തിരഞ്ഞെടുക്കുന്നുവെന്നതാണ് പ്രധാനം.

വയനാടും ബെഗുസാരായിയും
തിരഞ്ഞെടുപ്പുമായി ബന്ധപ്പട്ട ചര്‍ച്ചകളില്‍ മുഴച്ചു നില്‍ക്കുന്ന പ്രതിസന്ധിയാണ് സ്വത്വ രാഷ്ട്രീയത്തെ കുറിച്ചുള്ളത്. രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നതും ബെഗുസാരായിയില്‍ ഭൂമിഹാര്‍ ബ്രാഹ്മണനായ കനയ്യകുമാര്‍ മത്സരിക്കുന്നതും മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. രാഹുല്‍ഗാന്ധിയുടെ തീരുമാനത്തെ യുക്തിപരമല്ല എന്ന് വായിച്ച മാധ്യമങ്ങളുണ്ട്. അതോടൊപ്പം തന്നെ ഇന്ത്യന്‍ മുസ്‌ലിംകളോട് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന സമീപനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. ദേശീയ തലത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയം ഭൂരിപക്ഷവാദം മാത്രമായി പോകരുതെന്നാണ് ഇന്ത്യയിലെ ഒരു പ്രധാന മുസ്‌ലിം ഭൂരിപക്ഷ മണ്ഡലത്തെ തിരഞ്ഞെടുക്കുന്നതിലൂടെ നരേന്ദ്രമോഡിക്ക് രാഹുല്‍ ഗാന്ധി നല്‍കുന്ന മറുപടി. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ ഒന്നുംതന്നെ പൂര്‍ണമായും ബഹുസ്വരതയില്‍ ഊന്നി നില്‍ക്കുന്നവയല്ല. മതവും അതിലുപരി ജാതിയും തിരഞ്ഞെടുപ്പുകളിലെ മുഖ്യഘടകങ്ങളാണ്. ഉദാഹരണമായി ജെ.എന്‍.യു പൂര്‍വ വിദ്യാര്‍ത്ഥിയും സാമൂഹിക മാധ്യമങ്ങളില്‍ തരംഗവുമായ കനയ്യ കുമാറിനെ ബീഹാറിലെ ബെഗുസാരായിയില്‍ നിന്ന് മത്സരിപ്പിക്കാനുള്ള സി.പി.ഐ നീക്കത്തെ വിപ്ലവപരവും ഇന്ത്യന്‍ ഭാവിക്ക് പുത്തന്‍ പ്രതീക്ഷയുമാണെന്ന വാദം ഇന്ത്യയിലെ ലിബറല്‍ മാധ്യമങ്ങള്‍ ഉരുവിടുന്നുണ്ട്. എന്നാല്‍ ബെഗുസാരായിയിലെ പ്രബലരായ ഭൂമിഹാര്‍ ബ്രാഹ്മണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നയാളാണ് കനയ്യകുമാര്‍. ബെഗുസാരായിയില്‍ ആദര്‍ശങ്ങളെക്കാളും മുന്നില്‍ നില്‍ക്കുന്നത് ജാതിയുടെ രാഷ്ട്രീയമാണ്. അതിനു തെളിവാണ് 2014ല്‍ ഭൂമിഹാര്‍ വിഭാഗത്തില്‍ നിന്നും ഭോലാസിംഗ് എന്ന മുന്‍ സി.പി.ഐ അനുഭാവി ബി.ജെ.പി ടിക്കറ്റില്‍ നിന്ന് ബെഗുസാരായിയില്‍ വിജയിച്ചത്. ബെഗുസാരായിയില്‍ രാഷ്ട്രീയ ജനതാദളിന്റെ സ്ഥാനാര്‍ത്ഥി തന്‍വീര്‍ ഹസനാണ്. മുസ്‌ലിംകള്‍ അവര്‍ക്ക് തന്നെ വോട്ട് ചെയ്യുക എന്നത് ജനാധിപത്യ വിരുദ്ധമായ കാഴ്ചപ്പാടാണ്, അതുകൊണ്ട് കനയ്യകുമാര്‍ ബെഗുസാരായിയില്‍ വിജയിക്കണമെന്ന വാദം ഇന്ത്യന്‍ ജനാധിപത്യ സമ്പ്രദായത്തില്‍ അപഹാസ്യമാണ്. ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥി തന്‍വീര്‍ ഹസനും മുസ്‌ലിം ഉന്നമനത്തിനായി പ്രവര്‍ത്തിക്കാം, മാത്രമല്ല ബീഹാറില്‍ വര്‍ഗീയശക്തികള്‍ക്ക് കടിഞ്ഞാണിടുന്നതില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയ രാഷ്ട്രീയമാണ് ആര്‍.ജെ.ഡിയുടേത്. വോട്ടുകളുടെ വീതംവെപ്പില്‍ എന്നും മതവും ജാതിയും മുന്‍നിരയിലുണ്ട്. പക്ഷേ യുദ്ധം തുടങ്ങുന്നതിനു മുമ്പ് ഇന്ത്യന്‍ മുസ്‌ലിംകളെ ഇത്തരത്തിലുള്ള ധര്‍മസങ്കടങ്ങളില്‍ എത്തിക്കുന്നതിനെ ഫാഷിസത്തിനെതിരെയുള്ള യുദ്ധവുമായി തുലനം ചെയ്യാന്‍ കഴിയുമോ?

മുഖപ്രസംഗത്തിലെ ‘പപ്പു’വിളി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘പപ്പു’ എന്ന വിളിപ്പേര് മലയാളം പത്രങ്ങളിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇന്ത്യയിലെ ഹിന്ദി മാധ്യമങ്ങള്‍ നരേന്ദ്രമോഡിയെ എതിരിടാന്‍ കെല്‍പ്പില്ലാത്ത നേതാവാണ് രാഹുല്‍ഗാന്ധിയെന്ന് പരിഹസിച്ചു കൊണ്ടാണ് അങ്ങനെ വിളിച്ചിരുന്നത്. രാഷ്ട്രീയമായി നേരിടാന്‍ വലിയ വാഗ്വാദങ്ങള്‍ ഒന്നുമില്ലാതിരിക്കുകയും വ്യക്തിഹത്യ മാത്രം നടത്തുകയും ചെയ്യുന്നത് നിരാശാജനകമാണ്. ഫാഷിസത്തോട് തങ്ങള്‍ യുദ്ധം ചെയ്യുന്നുണ്ടെന്ന് സ്വയം പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ അതിനനുസരിച്ചുള്ള രാഷ്ട്രീയ ധര്‍മങ്ങള്‍ പാലിക്കാനും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കഴിയണം. കവല പ്രസംഗങ്ങളില്‍ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളും മറ്റും പത്രങ്ങളുടെ മുഖ പ്രസംഗത്തില്‍ ഉപയോഗിക്കുന്നത് ഒട്ടും ശരിയല്ല.

നമോ ടി.വി
നരേന്ദ്ര മോഡിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക മുതല്‍ പ്രചാരണങ്ങള്‍ വരെയുള്ള കാര്യങ്ങളില്‍ വലിയ പാകപ്പിഴവുകളുണ്ട്. തിരഞ്ഞെടുപ്പു കമ്മീഷന്‍ മുന്നോട്ടുവെച്ച പെരുമാറ്റചട്ടങ്ങള്‍ തള്ളിക്കൊണ്ടാണ് നമോ ടി.വിയുടെ വരവ്. ഏപ്രില്‍ മൂന്നാം തിയതി മുതല്‍ ആരംഭിച്ച നമോ ടി.വിക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും അനുമതി ഒന്നുമുണ്ടായിരുന്നില്ല. മോഡിയെ പ്രകീര്‍ത്തിക്കാന്‍ സീ ന്യൂസും, ഇന്ത്യ ടി.വിയുമൊന്നും മതിവരാത്തത് കൊണ്ടാവും മുഴുവന്‍സമയ മോഡി പ്രകീര്‍ത്തനങ്ങള്‍ക്കായി ഡയറക്ട് ടു ഹോം സംവിധാനത്തിലൂടെ നമോ ടി.വി ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുന്നിലെത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസും എ.എ.പിയും ആവശ്യപ്പെട്ടതിനു ശേഷം മാത്രമാണ് അവര്‍ വിവരാവകാശ സംരക്ഷണ മന്ത്രാലയത്തോട് നമോ ടി.വിയുടെ വസ്തുതകള്‍ ആരായാന്‍ തയാറായത്. തുടക്കം ദിവസങ്ങളില്‍ ബോസ് എന്ന ചലചിത്രം സംപ്രേക്ഷണം ചെയ്ത ചാനല്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ നമോ ടി.വി ഒരു വാര്‍ത്താചാനല്‍ ആണെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്. പക്ഷേ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ചട്ടങ്ങളനുസരിച്ച് ഒരു വാര്‍ത്താ ചാനലിന് വിനോദപരിപാടികള്‍ സംപ്രേക്ഷണം ചെയ്യാന്‍ അനുമതിയില്ല. എന്നാല്‍ നരേന്ദ്രമോഡിയുടെ നിയമങ്ങളും നിയമലംഘനങ്ങളും ചോദ്യങ്ങള്‍ക്കതീതമാണെന്ന രൂപത്തിലാണ് കാര്യങ്ങള്‍. മാധ്യമങ്ങളെ അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രി സ്വന്തമായി ഒരു ടിവി ചാനല്‍ തുടങ്ങുകയും, തന്റെ ജീവിതകഥ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിനിമയാക്കുകയും ചെയ്തിരിക്കുന്നു.

ഇസ്രയേലിലെ ന്യൂനപക്ഷങ്ങള്‍
ലോകം ഉറ്റുനോക്കുന്ന മറ്റൊരു പ്രതിസന്ധിയാണ് വരാനിരിക്കുന്ന ഇസ്രയേല്‍ തിരഞ്ഞെടുപ്പ്. ഇസ്രയേല്‍ തീരത്തെ അവശേഷിക്കുന്ന ഫലസ്തീന്‍കാരുടെ പ്രദേശമായ ജിസ്ര്‍ അസ്സര്‍ഖയില്‍ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള അഭിപ്രായങ്ങളറിയാന്‍ വേണ്ടി അല്‍ജസീറ നടത്തിയ അന്വേഷണം, തിരഞ്ഞെടുപ്പില്‍ സ്വപ്‌നങ്ങള്‍ ഒന്നുമില്ലാത്ത ഒരു ജനതയെയാണ് കാണിച്ചു തരുന്നത്. ജിസ്ര്‍ അസ്സര്‍ഖയുടെ മറുവശത്ത് തന്നെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഒരു സൗധം.
ജിസ്ര്‍ അസ്സര്‍ഖയെ പരാമര്‍ശിക്കാന്‍ പ്രധാന കാരണം ലോകത്തോട് ഇസ്രയേല്‍ നിരത്തുന്ന നുണകളുടെ വേറൊരു മുഖം വെളിപ്പെടുത്താന്‍ കൂടിയാണ്. അല്‍ജസീറയുടെ റിപ്പോര്‍ട്ടിനോട് പ്രദേശവാസിയായ ഫലസ്തീന്‍ മുസ്‌ലിം പറയുന്നത് ഇസ്രയേല്‍ ഒരു ജൂതരാജ്യം മാത്രമായിരിക്കണമെന്ന നിര്‍ബന്ധമാണ് ഇത്രയും മനോഹരമായ നഗരത്തില്‍ പോലും മുസ്‌ലിം ജീവിതം ദുര്‍ഘടമാക്കുന്നത് എന്നാണ്. ഇസ്രയേല്‍ രാജ്യം നിര്‍മിച്ച് 70 വര്‍ഷം പിന്നിടുമ്പോഴും മുസ്‌ലിംകളുടെ ജീവിതം ദാരിദ്ര്യത്തില്‍ നിന്ന് കരകയറാതെ നില്‍ക്കുകയാണ്. അധികരിച്ചു വരുന്ന ജനസംഖ്യയ്ക്ക് തുല്യമായ പാര്‍പ്പിട സംവിധാനങ്ങളും നഗരത്തിന് ആവശ്യമാണ്. പക്ഷേ ജിസ്ര്‍ അസ്സര്‍ഖയില്‍ പാര്‍പ്പിടങ്ങള്‍ പണിയാനും വരുമാനത്തിനായി കമ്പനികള്‍ സ്ഥാപിക്കാനുമുള്ള ആവശ്യങ്ങളെ ഇസ്രയേല്‍ ഭരണകര്‍ത്താക്കള്‍ നിരന്തരം തള്ളിക്കളയുകയാണ്. ഇസ്രയേലിന്റെ അധിനിവേശത്തെ സ്വല്പം പോലും ചെറുക്കാതെ തങ്ങള്‍ തീര്‍ത്തും ദുര്‍ബലരാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ലോകരാഷ്ട്രങ്ങള്‍. ഇസ്രയേല്‍ ഞങ്ങള്‍ ആഗ്രഹിക്കുന്ന ‘മൂല്യങ്ങള്‍’ ഉയര്‍ത്തിക്കാട്ടുന്നു, അതുകൊണ്ടാണ് അമേരിക്ക ഇസ്രയേലിനോട് കൈകോര്‍ക്കുന്നത് എന്നാണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. അമേരിക്കയിലെ ആദ്യത്തെ ഫലസ്തീന്‍ മുസ്‌ലിം കോണ്‍ഗ്രസ് വുമണ്‍ ആയ റാഷിദ് താലിബ് തീവ്രസയണിസത്തിനെതിരെയും, നെതന്യാഹുവിനെതിരെയും പാര്‍ലമെന്റില്‍ ശബ്ദിച്ചപ്പോള്‍ അഭിമുഖീകരിക്കേണ്ടിവന്ന വിമര്‍ശനങ്ങള്‍ ചെറുതല്ല. ഇസ്രയേലിന്റെ മനുഷ്യാവകാശ വിരുദ്ധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നത് സയണിസത്തെ ആക്രമിക്കുന്നതിന് തുല്യമാണെന്ന വാദങ്ങള്‍ തീവ്രവലതുപക്ഷ മാധ്യമങ്ങളിലൂടെ ഉടലെടുത്തു. അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തില്‍ തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിച്ച് വിലപ്പെട്ട സമയം തുലക്കുകയായിരുന്നു പ്രസിഡന്റ് നെതന്യാഹു ചെയ്തത്. കാലാവസ്ഥാവ്യതിയാനം മുതല്‍ സങ്കീര്‍ണമായ പല പ്രശ്‌നങ്ങളും നിലനില്‍ക്കെ നെതന്യാഹുവിന് തന്നെ പറ്റി മാത്രമേ സംസാരിക്കാനുണ്ടായിരുന്നുള്ളൂ എന്നാണ് അന്ന് റാഷിദ താലിബ് പ്രതികരിച്ചത്. ഫലസ്തീനിയന്‍ ജനങ്ങളുടെ ദുസ്സഹമായ ജീവിതത്തില്‍ പാര്‍പ്പിടവും ജീവിതമാര്‍ഗം തന്നെയും പ്രതിസന്ധിയിലാണ്. അപ്പോള്‍ തങ്ങളില്‍ നിന്ന് പറിച്ചെടുത്ത രാജ്യം എന്ന സ്വപ്‌നം എത്രമാത്രം വിദൂരമാണ്.
നബീല പാനിയത്ത്‌

You must be logged in to post a comment Login