ഇതൊന്നും മാധ്യമങ്ങളില്‍ ചര്‍ച്ചയല്ല

ഇതൊന്നും മാധ്യമങ്ങളില്‍ ചര്‍ച്ചയല്ല

വിധിയെഴുത്തുകള്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നിര്‍ണായക ഫലം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ജനസമൂഹം അതീവജാഗ്രതയോടെ കണ്ടുനില്‍ക്കുന്ന ഈ ദിവസങ്ങളില്‍ മാധ്യമവിചാരണകളില്‍നിന്ന് കുതറിമാറുന്ന സംഭവങ്ങളും ഉണ്ടാകുന്നു. ഇന്ത്യയുടെ നിലവിലെ പരിതസ്ഥിതിയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവരില്‍ നിരവധി പ്രഗത്ഭരുണ്ട്. ഐ.എം.എഫ് മുഖ്യയായി നിയോഗിക്കപ്പെട്ട ഗീതാ ഗോപിനാഥ് ഇന്ത്യയുടെ ജി.ഡി.പി കണക്കുകള്‍ അപകടകരവും ആശങ്കയുളവാക്കുന്നതുമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. അപ്പോഴും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ മണിക്കൂറുകളോളം തടിച്ചുകൂടി നില്‍ക്കുന്ന ജനാവലിയോട് രാജ്യത്തിന്റെ പ്രധാനമന്ത്രി വീമ്പു പറയാന്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യന്‍ സൈന്യം ബലാകോട്ടില്‍ നടത്തിയെന്നവകാശപ്പെടുന്ന പ്രത്യാക്രമണത്തെ കുറിച്ചാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളെയും ബിജെപി നേതൃത്വം ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഇതിനു പ്രധാന കാരണമായത് മാധ്യമങ്ങള്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാട് കൂടിയാണ്. രാജ്യത്തെ പ്രമുഖ ഹിന്ദി വാര്‍ത്താ ചാനലുളെല്ലാം തന്നെ മോഡിയുടെ നുണകള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. ഒരുപക്ഷേ ഇതു പ്രധാനമായും സ്വാധീനിച്ചിരിക്കുക ഇന്ത്യയിലെ മാധ്യമ – തൊഴിലാളി വര്‍ഗങ്ങളെയായിരിക്കണം. അടിസ്ഥാന ആവശ്യങ്ങളെക്കാള്‍ വില കല്‍പിക്കേണ്ടത് തങ്ങളുടെ സുരക്ഷക്കാണെന്നുള്ള അകാരണമായ ഭയം ഇന്ത്യന്‍ ജനതയില്‍ സൃഷ്ടിച്ചെടുക്കാന്‍ നരേന്ദ്രമോഡിക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് വിവിധ മാധ്യമ സ്ഥാപനത്തിലെ പ്രതിനിധികള്‍ തിരഞ്ഞെടുപ്പിനെക്കുറിച്ച് സാധാരണക്കാരോട് ചോദിക്കുമ്പോള്‍ ‘മോഡി ഒരുപാട് കാര്യങ്ങളൊന്നും ചെയ്തില്ല, പക്ഷേ അദ്ദേഹം സത്യസന്ധനാണ്’ എന്ന മറുപടികള്‍ ഉണ്ടാകുന്നത്. എന്നിരുന്നാലും ജനഹിതം പ്രവചനങ്ങള്‍ക്കതീതമാണ്. ഇന്ത്യന്‍ തിരഞ്ഞെടുപ്പിനെ വര്‍ഷങ്ങളായി അവലോകനം ചെയ്യുന്ന പ്രണോയ് റോയ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നിര്‍വചിച്ചത് 2018ല്‍ അമേരിക്കയില്‍ നടന്ന മധ്യകാല തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ഒബാമയുടെ വാക്കുകള്‍ കടമെടുത്തു കൊണ്ടാണ്: ‘ഈ തിരഞ്ഞെടുപ്പ് നമ്മുടെ ജീവിത കാലയളവിലെ ഏറ്റവും പ്രധാനപ്പെട്ട ജനവിധിയാവും’. ഓരോ തിരഞ്ഞെടുപ്പു കാലവും പ്രാധാന്യമുള്ളത് തന്നെ. ട്രംപിന്റെ ഭരണത്തിനു മറുപടിയായി ഡെമോക്രാറ്റുകള്‍ മധ്യകാല തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയതുപോലെ ഇന്ത്യയിലെ ഫാഷിസ്റ്റ് ശക്തികളും തകരും എന്ന് നമുക്ക് പ്രത്യാശിക്കാം.

റാഫേല്‍ രേഖകള്‍ പരിശോധിക്കണമെന്ന സുപ്രീംകോടതിയുടെ തീരുമാനം വളരെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. നീതിന്യായ വ്യവസ്ഥിതിക്കു ജനാധിപത്യസംവിധാനത്തില്‍ ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും മികച്ച ഇടപെടലായിരിക്കും സുപ്രീംകോടതിയുടെ ഈ ആവശ്യം. പ്രമുഖ അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് അഭിപ്രായപ്പെട്ടത് ഇതു ഇന്ത്യയുടെ pentagon paper movement ആയിരിക്കുമെന്നാണ്. പക്ഷേ അതോടൊപ്പം തന്നെ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ ഏപ്രില്‍ 9ന് നടത്തിയ പത്രസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ചെറുതല്ലാത്ത ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ ദൃശ്യമാധ്യമങ്ങളിലൊന്നിലും ഇതു വലിയ ചര്‍ച്ചയായില്ല. മാത്രമല്ല സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും വരെ ആരോപണത്തെക്കുറിച്ച് ദൈര്‍ഘ്യമുള്ള ചര്‍ച്ചകള്‍ നടന്നില്ല.
നോട്ട് നിരോധന സമയത്ത് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണമാണ് കപില്‍ സിബല്‍ ഉന്നയിച്ചിരിക്കുന്നത്. ഒളിക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഇന്റര്‍നെറ്റില്‍ ഉണ്ടെന്നും, ഏത് ഏജന്‍സിക്കും ഫോറന്‍സിക് പരിശോധനകള്‍ക്കായി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒളിക്യാമറയിലെ സംഭാഷണങ്ങളില്‍ നിന്നും വിദേശത്തുനിന്ന് നോട്ടുകള്‍ അച്ചടിച്ചു പ്രത്യേക വിമാനത്തില്‍ ഇന്ത്യയില്‍ കൊണ്ടുവന്നശേഷം നിരോധനത്തിനു ശേഷമുള്ള പുതിയ കറന്‍സികളുമായി കൈമാറ്റം നടത്തിയെന്നും ആരോപിക്കുന്നു. മതിയായ തെളിവുകളോടെ ആരോപണം സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍ ഇന്ത്യയെ ഭരണകര്‍ത്താക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ വിറ്റുകൊണ്ടിരിക്കുകയാണ്. കപില്‍ സിബലിന്റെ ആരോപണങ്ങളെ മുഖ്യധാരാമാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തിയെങ്കിലും അത് തികച്ചും ലഘൂകരിച്ച രീതിയിലായിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ പ്രതിപക്ഷം ഭരണപക്ഷത്തെ കുറിച്ച് തിരഞ്ഞെടുപ്പുകാലത്ത് നടത്തിയ ഏറ്റവും ഗുരുതരമായ ആരോപണമാവും കപില്‍ സിബലിന്റേത്.

സ്ത്രീയുടെ തൊഴിലും ഗര്‍ഭപാത്രവും
ഓക്‌സ്ഫാം ഇന്ത്യ നടത്തിയ ദീര്‍ഘകാല ഗവേഷണത്തില്‍ ഇന്ത്യയിലെ വേതന വിഷയത്തിലെ ലിംഗ അസമത്വത്തെക്കുറിച്ച് കണക്കുകള്‍ പുറത്തുവിട്ടിക്കുന്നു. ഇന്ത്യയില്‍ അസംഘടിത മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ ചൂഷണ പരമായ തൊഴില്‍ജീവിതത്തെ വെളിപ്പെടുത്തുന്നതായിരുന്നു റിപ്പോര്‍ട്ട്. വേതന നിരക്കിലെ അസമത്വത്തിനു ശേഷം പുറത്തുവന്ന നടുക്കുന്ന വാര്‍ത്ത മഹാരാഷ്ട്രയില്‍ നിന്നുള്ളതായിരുന്നു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഭൂരിഭാഗം കര്‍ഷക സ്ത്രീകള്‍ക്കും ഗര്‍ഭപാത്രമില്ല. ഇതിന് കാരണം കരിമ്പ് തോട്ടത്തില്‍ ജന്മികള്‍ ആര്‍ത്തവമുള്ള സ്ത്രീകളെ ജോലിക്കെടുക്കാന്‍ തയാറല്ല എന്നതാണ്. ഇതുകാരണം ബീഡ് ജില്ലയിലെ സ്ത്രീകള്‍ നിര്‍ബന്ധിത ശസ്ത്രക്രിയക്ക് വിധേയരായി ഗര്‍ഭപാത്രം നീക്കം ചെയ്യുന്നു. ശസ്ത്രക്രിയക്ക് ആവശ്യമായ തുക ഭൂവുടമകള്‍ നല്‍കുകയും പിന്നീട് ഇവരുടെ വേതനത്തില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്യുന്നു. ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് വേണ്ടി ശുചിമുറി സംവിധാനങ്ങളൊക്കെ ഒരുക്കുക ബുദ്ധിമുട്ടായതുകൊണ്ടാണ് ഇത്തരമൊരു നീക്കമെന്നാണ് റിപ്പോര്‍ട്ടുകളില്‍ വായിക്കാന്‍ കഴിയുന്നത്. ഹിന്ദു ബിസിനസ് ലൈനിന്റെ കാര്‍ഷികകാര്യ ബീറ്റില്‍ വന്ന വാര്‍ത്ത ദേശീയ വനിതാ കമ്മീഷന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. പക്ഷേ തീവ്രമായ വരള്‍ച്ച ബാധിച്ച ബീഡ് ജില്ലയില്‍ നിന്നും കരിമ്പുവെട്ടാന്‍ കുടിയേറുന്ന കര്‍ഷക സ്ത്രീകളുടെ എണ്ണം ഓരോ വിളവെടുപ്പ് കാലത്തും വര്‍ധിച്ചുവരും. ആര്‍ത്തവം ജോലിചെയ്യുന്നതില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന കാരണത്താല്‍ ഗര്‍ഭപാത്രം നീക്കം ചെയ്യും. സ്ത്രീകളില്‍ ശരീരത്തിന് ഹാനികരമാകുന്ന രീതിയിലുള്ള മുഴകളോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാകുമ്പോള്‍ ചെയ്യുന്ന അന്തിമഘട്ട ശസ്ത്രക്രിയയാണ് ഗര്‍ഭപാത്ര നീക്കമെന്നത്. ശസ്ത്രക്രിയക്ക് ശേഷം ശരീരത്തിന്റെ താപനിലയിലുള്ള വ്യത്യാസം, കാലാവസ്ഥാവ്യതിയാനങ്ങളോട് പൊരുത്തപ്പെട്ടുപോകാന്‍ കഴിയാതിരിക്കുക എന്നിങ്ങനെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. ഇത്രയും വെല്ലുവിളികളുള്ള ഒരു പ്രവൃത്തിയെ അതീവ നിസ്സാരമായി സ്ത്രീകളില്‍ പ്രയോഗിക്കാന്‍ പരോക്ഷമായി നിര്‍ബന്ധിക്കുന്ന കരിമ്പുതോട്ട ഉടമകള്‍ കര്‍ഷക വര്‍ഗത്തെ പ്രകടമായി ചൂഷണം ചെയ്യുകയാണ്. മനുഷ്യന്റെ പ്രകൃതമായ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സാഹചര്യമൊരുക്കിയാണ് സമൂഹമെന്ന സംവിധാനം രൂപപ്പെട്ടത്. അതിനു വിപരീതമായി സ്ത്രീകളെ തൊഴിലിടങ്ങളില്‍ നീചമായ വിവേചനത്തിന് ഇരയാക്കിയതിന്റെ ഫലമായാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വാര്‍ത്താമാധ്യമങ്ങളില്‍ ഇക്കാലമത്രയും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ ഈ പ്രശ്‌നം ബിസിനസ് ലൈന്‍ റിപ്പോര്‍ട്ടര്‍ രാധേശ്യാം യാദവാണ് പുറത്തുകൊണ്ടുവന്നത്. ബീഡ് ജില്ലയിലെ സ്ത്രീകള്‍ക്ക് നീതി ലഭിക്കണം, ശസ്ത്രക്രിയക്ക് വിധേയപെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും മനുഷ്യത്വരഹിതമായ സംഭവം തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരിടാനിടയാകാതിരിക്കാനും നടപടികള്‍ സ്വീകരിക്കണം. കരിമ്പ് വെട്ടുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളില്‍ മിക്കവരും നിരക്ഷരരും, സാമൂഹികമായും ജാതീയമായും പിന്നോക്കം നില്‍ക്കുന്നവരുമാണ്. പുതിയ ഇന്ത്യയെ വിഭാവനം ചെയ്യുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെടുന്നവരുടെ കഥകളും കണക്കുകളും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരേണ്ടിയിരിക്കുന്നു. വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണം തയാറാക്കാന്‍ നിയോഗിച്ച നിരവധി സ്ത്രീകള്‍ക്ക് വേതനം നല്‍കാത്തതിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നേഹ ദീക്ഷിത് തയാറാക്കിയിരുന്നു. വേതനത്തില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നത്തെ വിശദമായി പറയുന്ന റിപ്പോര്‍ട്ടാണിത്. മാസം 3000 രൂപ വേതനം നിരക്കില്‍ നിയോഗിച്ച സ്ത്രീകള്‍ക്ക് ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള വേതനം മുടങ്ങിക്കിടക്കുകയാണ്. ദീര്‍ഘദൂരം യാത്രചെയ്തു സ്‌കൂളുകളില്‍ ജോലി ചെയ്യാന്‍ എത്തുന്ന ഇവരുടെ അടിസ്ഥാന ആവശ്യങ്ങളും മുടക്കമില്ലാതെ ലഭിക്കേണ്ട വേതനമെന്ന ആവശ്യവും നിരന്തരം ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി അക്ഷയ പാത്ര എന്നു വിളിപ്പേരിട്ട പദ്ധതിയില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ ജീവിതോപാധിയായ ശമ്പളമാണ് അനിയന്ത്രിതമായി വൈകിക്കുന്നത്.

അവര്‍ അസാഞ്ചിനെ ഭയക്കുന്നു
ആറു വര്‍ഷത്തിലധികമായി ഇക്വഡോറില്‍ അഭയം തേടിയിരിക്കുന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ അമേരിക്കയുടെ പ്രത്യേക നിര്‍ദേശപ്രകാരം ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ഈ ഡിജിറ്റല്‍ യുഗത്തില്‍ ലോകമെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് അസാഞ്ചിന്റെ അറസ്റ്റ്. അസാഞ്ചിന് അഭയം നല്‍കിയ ഭരണാധികാരി ഞലമളലഹ ഇീൃൃലമ്യ അധികാരമൊഴിഞ്ഞതുകൊണ്ടാണ് അസാഞ്ചിനെ പിടികൂടാന്‍ അമേരിക്കയ്ക്ക് എളുപ്പമായത്. വിക്കിലീക്‌സ് എഡിറ്റര്‍ Kristinn Hrafnsson അല്‍ജസീറയുടെ ലിസണിംഗ് പോസ്റ്റില്‍ നല്‍കിയ അഭിമുഖത്തില്‍ ഇക്വഡോറിലെ നിലവിലെ ഭരണാധികാരി ലെന്നി മൊറേനോ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അസാഞ്ചിനെ വിട്ടുകിട്ടാനുള്ള ധാരണകള്‍ ആരംഭിച്ചിരുന്നതായി പറയുന്നു. രാജ്യത്തിന്റെ ഭീമമായ കടബാധ്യതകള്‍ എഴുതിത്തള്ളുന്നത് മുതല്‍ ഐ.എം.എസില്‍ നിന്ന് വായ്പ നല്‍കുന്നത് വരെയുള്ള വാഗ്ദാനങ്ങള്‍ ട്രംപ് നല്‍കിയിരുന്നതായും ആരോപിക്കപ്പെടുന്നു. കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞുകയറ്റം നടത്തിയെന്ന കുറ്റമാണ് അമേരിക്ക അസാഞ്ചിന് മേല്‍ ചുമത്തിയിരിക്കുന്നത്. അമേരിക്കയുടെ യുദ്ധ അധിനിവേശത്തെ കുറിച്ചും ആയുധ കച്ചവടത്തെ കുറിച്ചുമെല്ലാം വിവരങ്ങള്‍ ശേഖരിച്ച് അത് മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് അസാഞ്ച് ചെയ്തത്. അസാഞ്ച് അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍ അതേരീതിയില്‍ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാഷിങ്ടണ്‍ പോസ്റ്റിലെയും ന്യൂയോര്‍ക്ക് ടൈംസിലെയും മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുമോ? മാധ്യമ പ്രവര്‍ത്തനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വിലങ്ങിടുകയാണ് ഇതിലൂടെ അമേരിക്കന്‍ ഭരണകൂടം ചെയ്യുന്നത്. അസാഞ്ചിന്റെ പ്രവൃത്തികള്‍ ഒരു ക്രിമിനല്‍ സ്വഭാവമുള്ള കുറ്റമാക്കി മാറ്റി അദ്ദേഹത്തെ അമേരിക്കന്‍ തടവ് സംവിധാനത്തിന് വിട്ടുകൊടുക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിലെ ഇരുണ്ട കാലമായി രേഖപ്പെടുത്തും. ജൂലിയന്‍ അസാഞ്ച് എന്തുകൊണ്ട് ശിക്ഷിക്കപ്പെടണം? വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തി എന്നാണ് ഉത്തരമെങ്കില്‍ ആ വിവരങ്ങളൊക്കെ മറ്റു മാധ്യമസ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കുകയും വില്‍ക്കുകയും ചെയ്തിട്ടുണ്ട്. അസാഞ്ചിനെ സംരക്ഷിക്കേണ്ടത് മാധ്യമലോകത്തിന്റെ കൂടി ബാധ്യതയാണ്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അധിനിവേശ കാലഘട്ടത്തില്‍ നടത്തിയ നിഷ്ഠുരമായ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ ലോകത്തിന് നല്‍കിയത് ‘വിക്കിലീക്‌സ്’ ആണ്. അമേരിക്ക ഒരുപാട് ഭയക്കുന്ന അസാഞ്ചിനെ ട്രംപ് ഭരണകാലത്ത് തന്നെ ശിക്ഷിക്കപ്പെടാന്‍ വിട്ടു കൊടുക്കുക എന്നതില്‍ അപകടകരമായ രാഷട്രീയം ഒളിഞ്ഞുകിടപ്പുണ്ട്.

നബീല പാനിയത്ത്‌

You must be logged in to post a comment Login