ഒരു ദേശം നോമ്പുനോറ്റുവീട്ടുവാന്‍ കരുതുമ്പോള്‍

ഒരു ദേശം നോമ്പുനോറ്റുവീട്ടുവാന്‍ കരുതുമ്പോള്‍

വേനലും മഴയും മഞ്ഞും നിലാവും പ്രഭാതവും പ്രദോഷവും കവിത എഴുതിയ ഭാരതപ്പുഴയുടെ ഓരത്ത് അറബിക്കടലിന് വിളിപ്പാടകലെയാണ് പൊന്നാനിയിലെ പഴമയുടെ പെരുമ പേറുന്ന മസ്ജിദുകളായ തോട്ടുങ്ങല്‍ ജുമുഅത്ത് പള്ളിയും, തെരുവത്ത് പള്ളിയും. അന്നും ഇന്നും പൊന്നാനി അങ്ങാടി പ്രദേശത്തെ മുസ്‌ലിം ഗൃഹാതുരത്വം മുറ്റിനില്‍ക്കുന്ന പ്രദേശമാണിവിടം. നിറഞ്ഞൊഴുകുന്ന പുഴയും, കനാലും, കടലും, കേര വൃക്ഷലതാദികളും, പൂര്‍ണ്ണ അസ്തമയവും, അക്കരപ്പച്ചയിലെ ഹരിതാഭകാഴ്ചകളാലും വശ്യസുന്ദര മാസ്മരികത കളിയാടിയിരുന്ന ഈ പുഴയുടെ തീരപ്രദേശത്ത് ഒരു മുസ്‌ലിയാര്‍ തറവാട്ടിലാണ് ഞാന്‍ പിറന്നത്. രേഖാമൂലം പറഞ്ഞാല്‍ 1949 ആഗസ്റ്റ് 16ന്.

വീടിന്റെ മുറ്റത്തോടടുത്താണ് തെരുവത്ത് പള്ളിയും പള്ളിക്കാടും. ബാപ്പയും മൂത്താപ്പമാരും അമ്മാവന്മാരും മുസ്‌ലിയാക്കന്മാരായിരുന്നതിനാല്‍ ഒരു സാധാരണ വീടായിരുന്നിട്ടുകൂടി ഞങ്ങളുടെ തറവാട്ടില്‍ മഹിതമായ മുസ്‌ലിയാര്‍ പൈതൃക രീതിയായിരുന്നു. പ്രത്യേകിച്ചും റമളാനില്‍.

മധ്യവേനലവധി രണ്ടായി ഭാഗിച്ച് മുസ്‌ലിം കലണ്ടറനുസരിച്ച് റമളാന്‍ നോമ്പിനും ചെറിയ പെരുന്നാളിനും കൂടി ഒരു മാസത്തിലധികം പൊന്നാനി നഗരത്തിലെ സ്‌കൂളുകള്‍ക്ക് അക്കാലത്ത് അവധി നല്‍കിയിരുന്നു. അതായിരുന്നു വിദ്യാഭ്യാസ വര്‍ഷത്തിലെ ദൈര്‍ഘ്യമുള്ള വെക്കേഷനും. പലര്‍ക്കും പട്ടിണിയുടെയും പരിവട്ടത്തിന്റെയും നാളുകളായിരുന്നുവെങ്കിലും റമളാന്‍ മാസം കുട്ടികളായ ഞങ്ങള്‍ക്ക് അതിരറ്റ ഭയഭക്തിയുടെയും സന്തോഷത്തിന്റെയും ദിനങ്ങളായിരുന്നു.
ശഅ്ബാന്‍ മാസം ആദ്യം മുതല്‍ തന്നെ പള്ളികളും വീടുകളും വെള്ള പൂശും. അടിച്ചുതളിയും ശുദ്ധീകരണവും നടത്തും. വീടിന്റെ മുക്കും മൂലയും കുഞ്ഞിക്കയില്‍ മുതല്‍ കിണ്ണം, കിണ്ടി, ചെമ്പുപാത്ര സാമാനങ്ങള്‍, ചട്ടി, കുടുക്കവരെ സകലമാനം സ്പര്‍ശിക്കുന്ന രീതിയിലായിരുന്നു കൊല്ലത്തില്‍ ഒരിക്കലുള്ള ഈ ശുദ്ധീകരണം.

പള്ളി അങ്കണങ്ങള്‍, ആവിക്കുളം, മീന്‍തെരുവ്, പുത്തന്‍കുളം തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ആഴ്ചകള്‍ നീണ്ട് നില്‍ക്കുന്ന വയള് (മതപ്രസംഗം) പരമ്പര പതിവായിരുന്നു. മുത്ത് നബിയുടെ തൃക്കല്യാണവും വഫാതും ഫാതിമ ബീവിയുടെയും അലിയാര്‍ തങ്ങളുടെയും കല്യാണവും വിവരിക്കുന്ന വയളിന്റെ അവസാന ദിനങ്ങളില്‍ ശ്രോതാക്കള്‍ തിങ്ങിനിറയും. തൃക്കല്ല്യാണ ദിവസം പ്രസിദ്ധ വാഇള് മക്കിപ്പള്ളി അബ്ദുല്ല മുസ്‌ലിയാര്‍, പൊന്നുംകട്ട മുഹമ്മദ് മുസ്‌ലിയാര്‍, തോട്ടുങ്ങല്‍ പള്ളി ഇമാം ഹാജി സെയ്തുട്ടി മുസ്‌ലിയാര്‍, പുതുപ്പള്ളി ഇമാം മാമുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ വഅളന്മാരെ പുതുവസ്ത്രങ്ങള്‍ അണിയിച്ച് ബൈത്തുകള്‍ ചൊല്ലി വിശ്വാസികള്‍ ആദരവോടെ സദസിലൂടെ സ്റ്റേജിലേക്ക് ആനയിക്കും. മനംനോവുന്ന പ്രാര്‍ത്ഥനയോടെയാണ് വഅളിന്റെ സമാപനം. പ്രധാന ദിവസങ്ങളിലെല്ലാം തൗബ (പാപമോചന വചനങ്ങള്‍) ചൊല്ലി പാപമോചനത്തിനുവേണ്ടി ദുആ (പ്രാര്‍ത്ഥന) ചെയ്യും.

തുടക്കം നന്നായാല്‍ ഒടുക്കം നന്നായി എന്ന നമ്മുടെ നാട്ടിലെ വാമൊഴി പല രാജ്യങ്ങളിലും ആപ്തവാക്യമാണ്. ആസന്നമായ ഒരു വര്‍ഷത്തെ ആയുസ്സ്, ആരോഗ്യം, സമ്പല്‍സമൃദ്ധി തുടങ്ങിയവ നിര്‍ണ്ണയിക്കുന്ന ദിനമാണ് ശഅ്ബാന്‍ പതിനഞ്ചിന്റെ ബറാഅത്ത്. ഓര്‍മ്മവെച്ച കാലംമുതല്‍ ഈ പുണ്യദിനത്തില്‍ ഫാതിഹയും മൂന്ന് യാസീനും സൂറത്ത്ദുഖാനും ഇഖ്‌ലാസും മുഅവ്വിദതൈനും ഓതി ദുആ ചെയ്യും. ഓരോ യാസീന്റെ ഇടയിലും പ്രത്യേകം നിയ്യത്ത് ചെയ്യും. ഈ പതിവ് ബാപ്പയില്‍ നിന്നും ഉസ്താദായ സൈനുദ്ദീന്‍ മുസ്‌ലിയാരില്‍ നിന്നും പൈതൃകമായി ലഭിച്ചതാകാം. അന്ന് മുതല്‍ ഇന്ന് വരെ മുറതെറ്റാതെ ഓരോ വര്‍ഷവും ഇത് അനുഷ്ഠിച്ച് വരുന്നു.
ജലഗതാഗതത്തിന് പ്രാമുഖ്യമുണ്ടായിരുന്ന കാലത്ത് ഗുജറാത്തിലെ കച്ച് ദേശത്തുനിന്നും വന്ന് ഇവിടെ കച്ചവടം നടത്തിയിരുന്ന പ്രമുഖ മുസ്‌ലിം വ്യാപാരികളായ ആലായീസ് മേമന്‍ വിഭാഗത്തിന്റെ വാര്‍ഷിക കണക്കെടുപ്പ് തുടങ്ങുന്നത് ബറാഅത്തിനാണ്. ബ്രാഹ്മണ വിഭാഗം സേട്ടുമാര്‍ക്ക് ദീപാവലിയും ഇതര ഹൈന്ദവര്‍ക്ക് വിഷുക്കണിയുംപോലെ.

ബറാഅത്ത് കഴിഞ്ഞാല്‍ ഉണരുന്ന ഓരോ സുബ്ഹിയും റമളാനെ അളവറ്റ ആദരവോടെയും ആഹ്ലാദത്തോടെയും എതിരേല്‍ക്കുന്ന പുലരികളാണ്. ശഅ്ബാന്‍ 29ന് വിജന പ്രദേശങ്ങളിലും പുഴയോരത്തും കടല്‍ത്തീരത്തും മാസം കാണുന്നതിനായി ജനങ്ങള്‍ സംഗമിക്കും.

വിവര സാങ്കേതിക വിദ്യ ഇന്നത്തെ പോലെ വികസിക്കാത്ത അക്കാലത്ത് മാസം ഉറപ്പിക്കുന്നതിന് എകീകൃത രൂപമില്ലായിരുന്നു. റമളാന്‍ മാസപ്പിറ കണ്ടാല്‍ ഇവിടത്തെ വലിയ ജാറത്തിലെ വലിയ തങ്ങളുടെ അടുത്തെത്തി സാക്ഷി സഹിതം വിവരം ബോധിപ്പിക്കും. അംഗശുദ്ധി(വുളുഅ്) വരുത്തി പിറ കണ്ട വിവരം സത്യം ചെയ്ത് പറഞ്ഞാല്‍ മാത്രമേ മാസം ഉറപ്പിക്കുകയുള്ളു. കണ്ടയാള്‍ക്ക് വെള്ളി ഉറുപ്പികയും പുതിയ (കോടി)മുണ്ടും ഇനാമായി നല്‍കും. തുടര്‍ന്ന് ഏഴ് കതിന വെടികള്‍ മുഴങ്ങും. ഇതായിരുന്നു മാസമുറപ്പിച്ചതിന്റെ അടയാളം.

മലബാറിലെയും കൊച്ചി രാജ്യത്തെയും തങ്ങന്മാരുടെ പുകള്‍പെറ്റ തറവാടും പല മഹല്ലുകളുടെ ഖാളിമാരുടെ ആസ്ഥാനവുമായിരുന്നു അക്കാലത്ത് വലിയ ജാറം. കൊച്ചി രാജ്യത്തിലെയും തിരുമലശ്ശേരി നാട്ടിലെയും വെട്ടത്ത് നാട്ടിലെയും വള്ളുവനാട്ടിലെയും പല മഹല്ലുകളുടെയും ഖാളി സ്ഥാനം വലിയ ജാറത്തിനായിരുന്നു. വിവിധ മഹല്ലുകളിലെ ഉലമാ-ഉമറാക്കളും മുതവല്ലിന്മാരും നാട്ടുകാരണവന്മാരും നേരത്തെ തന്നെ വന്ന് വലിയ ജാറത്തിങ്കല്‍ ക്യാമ്പ് ചെയ്യും.

ജാറം അങ്കണത്തിലും തറവാട്ടിലും പള്ളിയിലും പൂമുഖ മാളിക മുകളിലും അതിഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ കാര്യസ്ഥന്മാര്‍ ഒരുക്കിക്കൊടുക്കും. മാസം ഉറപ്പിച്ച ഉടനെ സന്ദേശവുമായി ആഗതര്‍ സ്വദേശത്തേക്ക് തിരിക്കും. പ്രതിനിധികള്‍ എത്താത്ത മഹല്ലുകളിലേക്ക് പ്രത്യേക ദൂതരെ വിട്ട് വിവരങ്ങള്‍ അറിയിക്കും. നോമ്പുതുറക്കും അത്താഴത്തിനും പ്രത്യേകമായും മറ്റ് സമയനിര്‍ണ്ണയത്തിനും ജാറത്തിലെ നാഴികമണി മുഴങ്ങിയിരുന്നത് ഫര്‍ലോങ്ങുകള്‍ക്ക് അകലെ ഉച്ചത്തില്‍ കേള്‍ക്കും.

നാടാകെ പ്രകമ്പനം കൊള്ളിക്കുന്ന വെടിയൊച്ച കേട്ടാല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഭക്തിസാന്ദ്രമായ ദൈവികകാരുണ്യത്തിന്റെ കവാടങ്ങള്‍ തുറക്കുന്ന വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിന്റെ ദിനരാത്രങ്ങളുടെ തുടക്കമായി. നാടാകെ റമളാന്‍ മാസത്തെ സസന്തോഷം വരവേല്‍ക്കുന്ന പ്രതീതിയും ആത്മീയ ചൈതന്യവും തിരയടിക്കും.

1963-ല്‍ ഒരു പെരുന്നാളിന് മാസം ഉറപ്പിച്ചത് രാവിലെ പത്തുമണിക്ക് ശേഷമായിരുന്നു. ഉറപ്പിച്ച വിവരം അറിയിക്കാന്‍ വേണ്ടി കതിന പൊട്ടിക്കാന്‍ ഒരുങ്ങുന്ന സമയത്ത് ഒരു വ്യക്തി വന്ന് അത് തട്ടിമറിച്ചിട്ടു. പിന്നീടുണ്ടായ പുകില്‍ പറയേണ്ടതില്ലല്ലോ. കുഞ്ഞിക്കോയ തങ്ങളായിരുന്നു വലിയ ജാറത്തിലെ അന്നത്തെ വലിയ തങ്ങള്‍. ഇതിന് ശേഷം ഇതുവരെ വലിയജാറത്തില്‍ വെച്ച് മാസം ഉറപ്പിക്കുന്ന പതിവ് ഉണ്ടായിട്ടില്ല. തുടര്‍ന്ന് മാസം ഉറപ്പിക്കലും കതിന പൊട്ടിക്കലും ക്രമാനുഗതമായി മഊനത്തുല്‍ ഇസ്‌ലാം സഭയും പിന്നീട് പൊന്നാനിയുടെയും പരിസരത്തെയും മുഖ്യ ഖാളിയായ മഖ്ദൂമിന്റെയും വലിയ പള്ളിയുടെയും നിയന്ത്രണത്തിലായി. ആദ്യകാലത്ത് കതിന പൊട്ടിക്കുന്നതിന്റെ ചുമതലക്കാരന്‍ ജാറത്തിലെ സില്‍ബന്തിയായ ഉമ്പാര്‍ക്കയായിരുന്നു. തുടര്‍ന്ന് അറക്കല്‍ വളപ്പിലെ പാണ്ടന്‍ ഹംസക്കയും അദ്ദേഹത്തിന്റെ മരണശേഷം മകന്‍ മുഹമ്മദും ഈ ചടങ്ങ് തുടര്‍ന്നിരുന്നു. ഇടക്കാലത്ത് മുടങ്ങിയ ഈ ചടങ്ങ് 2014ലെ ചെറിയ പെരുന്നാളോടുകൂടി മഖ്ദൂം ആണ്ട് കമ്മിറ്റി കണ്‍വീനര്‍ മൂച്ചിക്കല്‍ അമ്മാട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ വലിയ പള്ളിയില്‍ പുനരാരംഭിച്ചിരുന്നു.

നഗരത്തിലെ തറവാട്ടുകാര്‍ക്ക് നോമ്പിന്റെ ചിട്ടവട്ടങ്ങള്‍ ഒന്ന് വേറെ തന്നെയാണ്. പുതിയാപ്ലമാരുടെ വകയായുള്ള മാമൂലുകള്‍ റമളാന് മുമ്പെ ഭാര്യവീട്ടിലെത്തിക്കും. ഒരു ചാക്ക് അരി, വിറകിന് ആയിരം തേങ്ങ ചകിരി, ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള പലവ്യഞ്ജനങ്ങള്‍ എന്നിവ നിര്‍ബന്ധം. സാധനങ്ങള്‍ പര്‍ച്ചേസിങിന് പീടികയിലെത്തിയാല്‍ വെയ്പ്പാണോ വെയ്പ്പല്ലേ എന്നു കടക്കാരന്‍ ചോദിക്കും. പുതിയാപ്പള ഭാര്യവീട്ടില്‍നിന്ന് അത്താഴം കഴിക്കുന്നുണ്ടോ ഇല്ലേ എന്നാണ് ഉദ്ദേശം. ഭാര്യവീട്ടില്‍നിന്ന് അത്താഴം കഴിക്കുന്നില്ലെങ്കില്‍ വാങ്ങുന്ന സാധനങ്ങളുടെ പകുതിയും കഴിക്കുന്നെ(വെയ്‌പ്പെ)ങ്കില്‍ ഇരട്ടിയുമാണ് കീഴ്‌വഴക്കം.
അക്കാലത്ത് തെക്കെ മലബാറിലെ പ്രമുഖ കച്ചവട കേന്ദ്രമായിരുന്നു ഇവിടം. റമളാനോടനുബന്ധിച്ച് മാര്‍ക്കറ്റ് സജീവമാകും. ഇവിടെ നിന്ന് തെക്ക് ചാവക്കാട് കണ്ടശ്ശാംകടവ്, വടക്ക് കൂട്ടായി, തിരൂര് തുടങ്ങിയ പല പ്രദേശങ്ങളിലേക്കും സാധനങ്ങള്‍ വാങ്ങി കെട്ടുവള്ളങ്ങളില്‍ കയറ്റി കനോലികനാലിലൂടെ കൊണ്ടുപോകുകയായിരുന്നു പതിവ്. അങ്ങാടിയിലെ മൊത്തക്കച്ചവടക്കാരായ ജാവാ കമ്പനി, ബിസ്മി കമ്പനി, മായീനിക്ക, വി.എം.കുഞ്ഞാക്ക തുടങ്ങിയ ഹോള്‍സെയില്‍ പലചരക്കുകടകളും കുഞ്ഞീനിക്കയുടെ റീടെയ്ല്‍ കടയും സജീവമാകും.
റമളാന് ഭക്ഷണസമയങ്ങള്‍ പുതിയ രീതിയില്‍ ക്രമീകരിക്കും. മഗ്‌രിബ് നിസ്‌കാരത്തിന് മുമ്പ് കുഞ്ഞന്‍ നോമ്പുതുറ, നിസ്‌കാരത്തിന് ശേഷം വലിയ നോമ്പുതുറ, തറാവീഹിന് ശേഷം മുത്താഴം, അര്‍ധരാത്രി 2 മണിക്ക് സൈറന്‍ മുഴങ്ങിയാല്‍ അത്താഴം എന്നിങ്ങനെയാണ് രാത്രി ഭക്ഷണസമയം. അത്താഴം പാകം ചെയ്യാന്‍ സ്‌പെഷ്യല്‍ വേലക്കാരികളെ നിയോഗിക്കും. റമളാന്‍ ഇരുപത് കഴിഞ്ഞാല്‍ വധുവിന്റെ വീട്ടിലെ വേലക്കാരികള്‍ക്കടക്കം പുതുവസ്ത്രം എത്തിക്കണം. ഓരോരുത്തരുടെ സാമ്പത്തികശേഷിക്കനുസരിച്ച് പെരുന്നാള്‍ ചെലവിലേക്കായി കൂടുതല്‍ തുക വേറെയും നല്‍കണം. പകരമെന്നോണം റമളാന്‍ ആരംഭം മുതല്‍ പുതിയാപ്ലമാര്‍ക്ക് കുഞ്ഞന്‍ നോമ്പുതുറ അവരുടെ തറവാടുകളിലേക്ക് കൊടുത്തയക്കും. കച്ചവടക്കാരാണെങ്കില്‍ കടകളിലേക്ക് എത്തിക്കണം. ചില പ്രത്യേക ദിവസങ്ങളില്‍ മുത്താഴവും കൊടുത്തയക്കും.

ഈ ആണ്ടത്തെ അദാആയെ ഫര്‍ളായെ റമളാന്‍ മാസത്തിലെ നോമ്പിനെ അല്ലാഹു തഅലാക്കുവേണ്ടി നാളെ നോറ്റു വീട്ടുവാന്‍ ഞാന്‍ കരുതി. (‘നവൈതു സ്വൗമ ഗ്വദിന്‍ അന്‍ അദാഇ ഫര്‍ളി റമളാനി ഹാദിഹിസ്സനത്തി ലില്ലാഹി തആലാഹ്’) എന്ന് അര്‍ധ രാത്രി അത്താഴം കഴിച്ചതിനുശേഷം ഉമ്മ മൂന്ന് പ്രാവശ്യം പറഞ്ഞുതരുന്ന നിയ്യത്ത് ഞാനും കുഞ്ഞിപെങ്ങന്മാരും ഒന്നിച്ച് അടുത്തടുത്ത് കാലുകള്‍ നീട്ടി ഇരുന്നതിനു ശേഷം കൈകള്‍ രണ്ടും കാല്‍മുട്ടിനുമേല്‍ ചേര്‍ത്തിവെച്ച് ഏറ്റുചൊല്ലും.
പുതിയാപ്പിള സല്‍ക്കാരത്തിന്റെ അവസരമാണ് നോമ്പിന്റെ ആദ്യ പത്തുദിവസങ്ങള്‍. പുതിയാപ്പിളയെ പ്രത്യേകമായി ക്ഷണിക്കും. ഈ ദിനങ്ങളില്‍ തീന്‍ സുപ്രയും ഭര്‍തൃഗൃഹങ്ങളിലേക്ക് കൊടുത്തയക്കുന്ന നോമ്പ് തുറയും, മുത്താഴവും വിഭവ സമൃദ്ധമായിരിക്കും. മുട്ടമാല, മുട്ട സുര്‍ക്ക, കോഴിയിറച്ചി ചേര്‍ക്കാത്ത കോഴിയട, ചിരട്ടമാല, ഇറച്ചിപ്പത്തിരി, പാലട, വാഴക്ക നിറച്ചത്, മടക്ക് പത്തിരി, കിട്ത, കാരക്കപ്പം, തരിക്കേക്ക്, ബിസ്‌കറ്റപ്പം തുടങ്ങിയ വിവിധതരം സ്വാദിഷ്ട പലഹാരങ്ങളാല്‍ സുപ്രകളും പാത്രങ്ങളും നിറയും.

തേങ്ങാപാല്‍ പുരട്ടിയ നേരിയ പത്തിരിയും ഇറച്ചിക്കറിയും ജീരകകഞ്ഞിയും പച്ചപ്പഴം വരട്ടിയതും ചെറുമീന്‍ മുളകിട്ട കറിയുമാണ് നോമ്പ് തുറക്കുന്നതിന് ഉമ്മ ഒരുക്കുന്ന മുഖ്യമായ വിഭവം. ദിവസങ്ങള്‍ക്കകം വളര്‍ന്ന് വലുതാകുന്ന ഇറച്ചിക്കോഴികള്‍ സുലഭമായിരുന്നില്ല. ദഹനത്തിനും ക്ഷീണമകറ്റാനും ഉതകുന്ന ഔഷധവീര്യമുള്ള ജീരകക്കഞ്ഞി നോമ്പുതുറയിലെ പ്രധാന ഇനമാണ്. പഴുത്ത പഴവും അല്‍പം നെയ്യും പഞ്ചസാരയും ചേര്‍ത്തായിരിക്കും മിക്കവാറും അത്താഴ ചോറിന്റെ അവസാന ഉരുളകള്‍.

ടി വി അബ്ദുറഹിമാന്‍കുട്ടി

You must be logged in to post a comment Login