റമളാനെ വിളിച്ചു വരുത്തുകയാണ് വിശ്വാസി

റമളാനെ വിളിച്ചു വരുത്തുകയാണ് വിശ്വാസി

2014 ലെ റമളാന്‍ പൂര്‍ണമായും ഡല്‍ഹിയിലായിരുന്നു കഴിച്ചുകൂട്ടിയത്. ജൂണ്‍-ജൂലൈ മാസമായതിനാല്‍ അതികഠിനമായ ഉഷ്ണമായിരുന്നു. 3.25 നു സുബ്ഹി വാങ്ക് വിളിക്കും; 7.50 നു മഗ്രിബും. ഏകദേശം പതിനാറു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പകലുകള്‍. അഞ്ചു മണിക്ക് മുമ്പുതന്നെ സൂര്യന്‍ ഉദിക്കും. 45 മുതല്‍ 50 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയ ദിനങ്ങള്‍ പക്ഷേ ഡല്‍ഹിയിലെ വിശ്വാസികള്‍ക്ക് ആനന്ദകരമായിരുന്നുവെന്നതാണ് അത്ഭുതകരം. നോമ്പില്ലെങ്കില്‍ പോലും പുറത്തിറങ്ങാന്‍ പ്രയാസപ്പെടുന്ന പകലുകളെ നോമ്പ് ഒരിക്കലും അലോസരപ്പെടുത്തിയില്ല. ആരുടെയും ഒരു ജോലിയും മുടങ്ങിയില്ല. ഞങ്ങളുടെ യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിയും നോമ്പായതുകൊണ്ട് ക്ഷീണിച്ചവശരായത് ശ്രദ്ധയില്‍ പെട്ടില്ല. പ്രൊഫസര്‍മാര്‍ ക്ലാസ് മുടക്കിയതുമില്ല. സൈക്കിള്‍റിക്ഷക്കാര്‍ സൈക്കിളില്‍നിന്നുമിറങ്ങി നീണ്ടസമയം വിശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ടില്ല. തെരുവ് വൃത്തിയാക്കുന്നവരോ നടന്നും ചെറിയ ഉന്തുവണ്ടികളിലും കച്ചവടം നടത്തുന്നവരോ ഓട്ടോ ഡ്രൈവര്‍മാരോ ആരും പതിവില്‍ വിപരീതമായി ഒന്നും സംഭവിച്ചതുപോലെ ഭാവിച്ചതുപോലുമില്ല. അതേസമയം മറ്റുദിവസങ്ങളില്‍ നിന്നും വിഭിന്നമായി വാങ്ക് വിളിച്ചാല്‍ത്തന്നെ എല്ലാവരും പള്ളിയിലെത്തി. നിസ്‌കാരശേഷം ഖുര്‍ആന്‍ ഓതുന്നവരുടെ എണ്ണം കൂടി. ചെറിയ ചെറിയ ഹല്‍ഖകളിലായി ദീനീ ക്ലാസ്സുകള്‍ നടന്നു. നാട്ടിലെ നല്ല മഴയില്‍ നിന്നും ഡല്‍ഹിയിലെത്തിയ ഞങ്ങള്‍ക്കും നോമ്പ് പ്രത്യേകമായൊരു ക്ഷീണവും ഉണ്ടാക്കിയില്ല. പഠനത്തിന്റെ ആലസ്യത്തിലും നോമ്പ് ആരാധനകള്‍ക്ക് ആവേശം പകര്‍ന്നു. അതുവരെ സഹിക്കാന്‍ കഴിയാത്ത ചൂടിനെക്കുറിച്ച് സംസാരിച്ച് സങ്കടപ്പെട്ടിരുന്നവര്‍ ആ ചര്‍ച്ച നിര്‍ത്തി ആത്മ നിര്‍വൃതിയിലലിഞ്ഞു. എല്ലാവരുടെയിടയിലും അറിയാതെയൊരു പക്വതയും പാകതയും വന്നുകൂടിയിരിക്കുന്നു.

റമളാന്‍ ഇത്തരം മറക്കാത്ത നിര്‍വൃതികളുടേതാണ്. ഈ നിര്‍വൃതിയുടെയും ആത്മ സംതൃപ്തിയുടെയും സാകല്യമാണ് ‘റമളാന്‍ മുബാറക്’. റമളാന്‍ മുബാറകാണ്, നബി(സ) സ്വഹാബികളോട് റമളാനെക്കുറിച്ച് പറഞ്ഞതുതന്നെ ‘നിങ്ങള്‍ക്കൊരു മാസം ആഗതമായിരിക്കുന്നു; മുബാറക്കായ മാസം’ എന്നാണ്. മുബാറക് എന്നാല്‍ വാക്കുകള്‍ക്കു വശപ്പെടാത്ത സംതൃപ്തിയുടെയും ആത്മനിര്‍വൃതിയുടെയും സഹനത്തിന്റെയും അനുഗ്രഹാശിസ്സുകളുടെയും അമൂല്യമായ സാകല്യം എന്നുവിശേഷിപ്പിക്കാം. റമളാന്‍ മുബാറകായതു കൊണ്ട് മാത്രമാണ് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം റമളാന്‍ ആഗതമാകുന്നതുതന്നെ സന്തോഷദായകമാകുന്നത്. നീണ്ട രണ്ടുമാസം റമളാനെ സ്വീകരിക്കാനുള്ള പ്രാര്‍ത്ഥനയിലായിരിക്കും വിശ്വാസി. റജബ്, ശഅബാന്‍ മാസങ്ങള്‍ റമളാനെ സ്വീകരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ക്കുള്ളതാണ്. പൂര്‍വികരായ ചില മഹാന്മാര്‍ക്ക് ഇത് ആറുമാസമാണ്. അത്തരമാളുകള്‍ക്ക് റമളാന് മുമ്പുള്ള ആറുമാസം റമളാനെ സ്വീകരിക്കാനുള്ള സൗഭാഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനുള്ളതും റമളാന് ശേഷമുള്ള അഞ്ചു മാസം കഴിഞ്ഞ റമളാനെ സ്വീകരിച്ചത് അല്ലാഹുവിന്റെയടുത്ത് സ്വീകരിക്കാന്‍വേണ്ടി പ്രാര്‍ത്ഥിക്കാനുമുള്ളതാണ്. റമളാനല്ലാത്ത എല്ലാ മാസങ്ങളെയും അവര്‍ റമളാനുമായി ബന്ധിപ്പിച്ചു. ഒരു വിശ്വാസി ഒരുവര്‍ഷം ജീവിച്ചുവെങ്കില്‍ അവനു കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്ന് റമളാനെ സ്വീകരിക്കുകതന്നെയാണ്. റമളാന്റെ ശ്രേഷ്ഠത വിശ്വാസിയറിഞ്ഞാല്‍ വര്‍ഷം മുഴവനും ജീവിതമൊക്കെയും റമളാനാവാന്‍ അവന്‍ കൊതിക്കുമെന്ന് നബി(സ) പറഞ്ഞു. ‘റമളാനിനുള്ള ശ്രേഷ്ഠതകള്‍ എന്റെ ഉമ്മത്ത് മനസിലാക്കിയാല്‍ വര്‍ഷം മുഴുവന്‍ റമളാനാവാന്‍ അവന്‍ കൊതിക്കുമായിരുന്നു'(നബിവചനം).

മനുഷ്യന്‍ അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കാനുള്ള അടിസ്ഥാന ശിലയിടുന്നതില്‍ നോമ്പിന് മുഖ്യപങ്കുണ്ട്. നോമ്പിന്റെ മുഖ്യ ഗുണങ്ങളില്‍ ഖുര്‍ആന്‍ പ്രധാനമായും എണ്ണുന്നത് തഖ്വയോടുകൂടിയ ജീവിതമാണ് : ‘വിശ്വാസികളേ, നിങ്ങളുടെ മുന്‍ഗാമികള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു; നിങ്ങള്‍ തഖ്വയുള്ളവരാവാന്‍ വേണ്ടി’ (അല്‍ ബഖറ/ 183). മനുഷ്യനെ അല്ലാഹു ഭൂമുഖത്തു നിയോഗിച്ചതിന്റെ അടിസ്ഥാന ലക്ഷ്യമായ സൂക്ഷ്മതയോടുകൂടിയ ജീവിതമാണ് നോമ്പിന്റെയും റമളാനിന്റെയും അടിസ്ഥാന സന്ദേശമെന്നു ഈ വചനം വ്യക്തമാക്കുന്നു.

വ്രതമനുഷ്ഠിക്കുന്നത് നരകമോചനത്തിലേക്കുള്ള മുഖ്യകവാടമായും ഇസ്‌ലാം പരിചയപ്പെടുത്തി. നബി(സ) പറഞ്ഞു: ‘നമ്മുടെ റബ്ബ് പറഞ്ഞു: വ്രതാനുഷ്ഠാനം ഒരു കവചമാണ്. അടിമക്ക് നരകത്തില്‍നിന്നും അഭയം പ്രാപിക്കാനുള്ള കവചം. നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിനു പ്രതിഫലം നല്‍കുന്നത്’ (അഹ്മദ്/ 14669 ) ഇമാം അഹ്മദ് തന്നെ റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസില്‍ പരിച യുദ്ധത്തില്‍ എത്രമാത്രം സംരക്ഷണമേകുന്നുവോ അതുപോലെ നോമ്പ് നരകത്തില്‍നിന്നും സംരക്ഷണമേകുമെന്നും ശക്തമായ കോട്ടപോലെ നരകത്തില്‍നിന്ന് സംരക്ഷിക്കുമെന്നും പറയുന്നു. ഒരു ഇസ്‌ലാംമത വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇതിലപ്പുറം മറ്റൊന്നും ആവശ്യമില്ല തന്നെ. മറ്റൊരു ഹദീസില്‍ അല്ലാഹു പറയുന്നതായി ഇങ്ങനെ: ‘ഓരോ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും അവനവനുള്ളതാണ്; നന്മകള്‍ക്ക് പത്തിരട്ടി മുതല്‍ എഴുന്നൂറ് ഇരട്ടി വരെ പ്രതിഫലം നല്‍കപ്പെടും. നോമ്പൊഴികെ, നോമ്പാവട്ടെ അതെനിക്കുള്ളതാണ്, ഞാനാണ് അതിനു പ്രതിഫലം തരുന്നത്. അവന്‍ ഭക്ഷണവും പാനീയങ്ങളും എനിക്ക് വേണ്ടിയാണ് ഉപേക്ഷിച്ചത്.’ നോമ്പ് എനിക്കുള്ളതാണ്, ഞാനാണ് അതിനു പ്രതിഫലം നല്‍കുന്നതെന്ന അല്ലാഹുവിന്റെ ഏറ്റെടുക്കല്‍ സഹിക്കാനും ക്ഷമിക്കാനും ആവേശം വിതക്കുന്നതും റമളാന്‍ പ്രതീക്ഷിച്ചുള്ള അവന്റെ കാത്തിരിപ്പിന്റെ സുഖം വര്‍ധിപ്പിക്കുന്നതുമാണ്. ഒരുപക്ഷേ നോമ്പിനെക്കുറിച്ച് നിവേദനം ചെയ്യപ്പെട്ടതില്‍ ഏറ്റവും കൂടുതല്‍ വിശ്വാസിയെ ത്രസിപ്പിച്ച അല്ലാഹുവിന്റെ വാഗ്ദാനം ‘അതെനിക്കുള്ളതാണ്, ഞാനാണ് അതിനു പ്രതിഫലം നല്‍കുന്നത്’ എന്ന വചനമായിരിക്കും. പ്രപഞ്ച നാഥന്റെ വറ്റാത്ത സ്‌നേഹത്തിന്റെ അമൂല്യമായ നിധി നോമ്പുകാരന് മലര്‍ക്കെ തുറക്കപ്പെട്ടെങ്കില്‍ തീര്‍ച്ചയായും റമളാന്‍ തന്നെയാണ് മുബാറക്.

റമളാന്‍ മുബാറകായതുകൊണ്ടു തന്നെയാണ് മാലോകരുടെ ഏറ്റവും വലിയ വഴികാട്ടിയായ ഖുര്‍ആന്‍ ഭൂമുഖത്തവതരിക്കാന്‍ ഈ മാസം തിരഞ്ഞെടുത്തത്. ഖുര്‍ആന്‍ പറയട്ടെ: ‘റമളാന്‍ മാസത്തിലാണ് ഖുര്‍ആന്‍ ഇറക്കിയത്. ജനങ്ങള്‍ക്ക് സന്മാര്‍ഗ ദര്‍ശനത്തിനു വേണ്ടി’. ഖുര്‍ആന് മുമ്പ് ഇറക്കിയ വേദഗ്രന്ഥങ്ങളും അവതരിപ്പിക്കപ്പെടുന്നത് റമളാന്‍ മാസത്തില്‍ തന്നെയായിരുന്നു. ഹദീസില്‍ ഇങ്ങനെ കാണാം: ‘ഇബ്റാഹീം നബിക്ക് ഏടുകള്‍ അവതരിപ്പിച്ചത് റമളാന്‍ ആദ്യരാവിലായിരുന്നു. മൂസാ നബിക്ക് തൗറാത്ത് നല്‍കിയത് റമളാന്‍ ആറിനും ഇഞ്ചീല്‍ അവതരിച്ചത് റമളാന്‍ പതിമൂന്നിനുമായിരുന്നു. ഖുര്‍ആനാവട്ടെ റമളാന്‍ ഇരുപത്തിയഞ്ചാം രാവിലും'(അഹ്മദ്).

റമളാനില്‍ സ്വര്‍ഗത്തിന്റെ മുഴുവന്‍ വാതിലുകളും തുറക്കപ്പെടും, നരകത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കപ്പെടുകയും പിശാചുക്കളെയും പൈശാചിക പ്രവണതകളെയും ചങ്ങലയില്‍ ബന്ധിക്കുകയും ചെയ്യും. ആകാശത്തിന്റെയും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹാശിസ്സുകളുടെയും കവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടും. പ്രപഞ്ചമാകമാനം റമളാനിന്റെ സൗരഭ്യം വിരിയും. നബി (സ) പറയുന്നു: ‘റമളാനിലെ ആദ്യരാത്രിയായാല്‍ തന്നെ പിശാചുക്കളെയും അക്രമകാരികളായ പ്രേതങ്ങളെയും ചങ്ങലക്കിടും. നരകത്തിന്റെ വാതിലുകള്‍ പൂര്‍ണമായും അടക്കപ്പെടും; അതിന്റെ ഒരു വാതില്‍പോലും തുറക്കില്ല. സ്വര്‍ഗത്തിന്റെ എല്ലാ വാതിലുകളും തുറയ്ക്കും. അതിന്റെ ഒരു വാതില്‍പോലും അടയ്ക്കുകയുമില്ല, ആകാശത്തിന്റെ വാതിലുകളും അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെയും കാരുണ്യത്തിന്റെയും കവാടങ്ങളും മലര്‍ക്കെത്തുറയ്ക്കും. ഓരോ രാത്രിയിലും അല്ലാഹു നരകത്തില്‍നിന്നും ധാരാളം പേരെ മോചിപ്പിക്കും’ (മുസ്‌ലിം). ഇമാം നസാഈ നിവേദനം ചെയ്യുന്ന ഹദീസില്‍ റമളാന്‍ മുബാറകായതിന്റെ കാരണം സ്പഷ്ടമായി തന്നെ പറയുന്നുണ്ട്: ‘നിങ്ങള്‍ക്ക് മുബാറകായ റമളാനിതാ ആഗതമായിരിക്കുന്നു. ഈ മാസം നോമ്പ് അല്ലാഹു നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കി. ഉന്നതമായ അനുഗ്രഹങ്ങളുടെ കവാടങ്ങള്‍ തുറക്കപ്പെട്ടിരിക്കുന്നു. നരകത്തിന്റെ വാതിലുകളെല്ലാം കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. പിശാചുക്കളെ ബന്ധിപ്പിച്ചു. ആയിരം മാസത്തേക്കാള്‍ നന്മ നിറഞ്ഞ ഒരു രാവുണ്ട് ഈ മാസത്തില്‍. ആര്‍ക്കെങ്കിലും ഇതിന്റെ അനുഗ്രഹം നിഷേധിക്കപ്പെട്ടുവെങ്കില്‍ അവന്‍ നിര്‍ഭാഗ്യവാന്‍ തന്നെ.’

പാപങ്ങള്‍ പൊറുക്കാനും പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കാനും അല്ലാഹു പ്രത്യേകം സജ്ജമാക്കിയ മാസം കൂടിയാണ് റമളാന്‍. നബി (സ) പറഞ്ഞു: ‘നിശ്ചയം റമളാനിലെ ഓരോ രാപ്പകലും അല്ലാഹു പ്രാര്‍ത്ഥനക്കു പ്രത്യേകം ഉത്തരം തരുന്നതാണ്’. മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: ഒരിക്കല്‍ നബി(സ) മിമ്പറില്‍ കയറി മൂന്നുപ്രാവശ്യം ആമീന്‍ എന്നു പറഞ്ഞു. സ്വഹാബികള്‍ ഇതിന്റെ കാരണം ആരാഞ്ഞപ്പോള്‍ നബി(സ) പ്രതിവചിച്ചത് ഒരു ആമീന്‍ റമളാന്‍ വന്നിട്ട് പാപങ്ങള്‍ പൊറുക്കപ്പെടാത്തവനെ അല്ലാഹു അവന്റെ കാരുണ്യത്തില്‍ നിന്നും വിദൂരത്താക്കട്ടെ എന്ന ജിബ്രീലിന്റെ പ്രാര്‍ത്ഥനക്കുത്തരമായിട്ടായിരുന്നു (ഈ പ്രാര്‍ത്ഥന സ്വീകരിക്കട്ടേയെന്നാണ് ആമീന്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്). അഥവാ റമളാന്‍ ആഗതമായാല്‍ പാപങ്ങള്‍ പൊറുപ്പിച്ചേ പറ്റൂവെന്നര്‍ത്ഥം. സ്വര്‍ഗത്തിലെ റയ്യാന്‍ എന്ന കവാടം നോമ്പുകാര്‍ക്കു മാത്രമുള്ളതാണ്. നബി(സ) പറഞ്ഞു: ‘സ്വര്‍ഗത്തിനൊരു കവാടമുണ്ട്, റയ്യാന്‍ എന്നാണു പേര്. നോമ്പുകാര്‍ മാത്രമേ അതിലൂടെ പ്രവേശിക്കൂ. നോമ്പുകാര്‍ പ്രവേശിച്ചാല്‍ വാതിലടക്കുകയും ചെയ്യും’. ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ നബി(സ) പറഞ്ഞത് നോമ്പനുഷ്ഠിക്കുന്നവനെ അല്ലാഹു എഴുപത് ദിവസത്തെ വഴിദൂരം നരകത്തില്‍നിന്നുമകറ്റുമെന്നാണ്.

നോമ്പും റമളാനും പട്ടിണി കിടക്കുന്ന, ഭക്ഷണവും പാനീയവും ഒഴിവാക്കുന്ന മാസമായി മാത്രമല്ല ഇസ്‌ലാം പരിചയപ്പെടുത്തിയത്. മനുഷ്യര്‍ തമ്മില്‍ സാഹോദര്യം വളര്‍ത്തിയെടുക്കാനും ഐക്യം ഊട്ടിയുറപ്പിക്കാനും ഉത്തമ സമുദായവും സമൂഹവുമായി വളര്‍ന്നു പന്തലിക്കാനും റമളാന്‍ നിമിത്തമാകുന്നു. നബി (സ) തന്നെ പറയുന്നു: ‘ആരെങ്കിലും കള്ളവാക്കുകളും തദനുസൃതമായ പ്രവര്‍ത്തനങ്ങളും ഒഴിവാക്കുന്നില്ലെങ്കില്‍ അവന്‍ ഭക്ഷണവും പാനീയവും ഒഴിവാക്കുന്നതുകൊണ്ട് അല്ലാഹുവിനൊരാവശ്യവുമില്ല’. അഥവാ നോമ്പിന്റെ അന്തസത്ത കുടികൊള്ളുന്നത് വയര്‍ കാലിയാക്കുന്നതിലല്ലെന്നും പ്രവൃത്തിയില്‍ നന്മകൊണ്ടുവരുമ്പോള്‍ മാത്രമാണെന്നും സാരം. ഇതേയര്‍ത്ഥത്തില്‍ തന്നെ മറ്റൊരിക്കല്‍ നബി (സ) പറഞ്ഞു: ‘നിങ്ങള്‍ നോമ്പുകാരനായാല്‍ മോശം വാക്കുകളോ ചീത്തയോ പറയരുത്. ഉച്ചത്തില്‍ അനാവശ്യ സംസാരം നടത്തുകയോ കലഹിക്കുകയോ തര്‍ക്കത്തിലേര്‍പ്പെടുകയോ ചെയ്യരുത്. ആരെങ്കിലും നോമ്പുകാരനോട് കലഹിക്കാനോ തര്‍ക്കിക്കാനോ വന്നാല്‍ നോമ്പ്കാരന്‍ പറഞ്ഞുകൊള്ളട്ടെ: ഞാന്‍ നോമ്പുകാരനാണ്'(ബുഖാരി, മുസ്‌ലിം). മറ്റൊരു ഹദീസില്‍ നബി(സ) ഇങ്ങനെ പറഞ്ഞു: ക്ഷമയോടുകൂടിയ ഒരു മാസത്തെ നോമ്പും മറ്റെല്ലാ മാസവും മൂന്നു ദിവസത്തെ നോമ്പും ഒരാള്‍ അനുഷ്ഠിക്കുന്നുവെങ്കില്‍ അവന്റെ ഹൃദയത്തില്‍ നിന്നും പക, വഞ്ചന, മാലിന്യങ്ങള്‍, അനാവശ്യ സംശയങ്ങളെല്ലാം നീക്കുന്നതായിരിക്കും’. ഭാര്യക്കു ചിലവുകൊടുക്കാന്‍ വകയില്ലാതെ അവിവാഹിതരായി ജീവിക്കുന്നവര്‍ക്ക് നബി(സ) നിര്‍ദേശിച്ച ഏറ്റവും വലിയ മരുന്ന് നോമ്പായിരുന്നു. കാരണമത് തെറ്റുകളില്‍ വഴുതിവീഴുന്നത് തടയുന്നു. അഥവാ നോമ്പുകാരന്റെ വയര്‍ മാത്രമല്ല നോമ്പനുഷ്ഠിക്കുന്നത്. അവന്റെ കണ്ണും മൂക്കും നാക്കും ഹൃദയവും മസ്തിഷ്‌കവും മറ്റെല്ലാ അവയവങ്ങളും ഒരുപോലെ നോമ്പനുഷ്ഠിക്കുന്നു/ അല്ലെങ്കില്‍ അനുഷ്ഠിക്കണം. കറകളഞ്ഞ വിശ്വാസം, ഹൃദയ വിശാലത, പരസ്‌നേഹം, മാലിന്യം കലരാത്ത സല്‍കര്‍മങ്ങള്‍ എല്ലാം നോമ്പിന്റെ അനുഗ്രഹങ്ങളില്‍ പെട്ടതും നോമ്പ് നിമിത്തം ലഭിക്കുന്നതുമാണ്. അപ്പോഴാണ് ആരാധനയോട് ആര്‍ത്തി വര്‍ധിക്കുന്നതും തിന്മയോട് വിരക്തി തോന്നുന്നതും. അവിടെയാണ് പിശാചിന്റെ കെണിവലകള്‍ പൊട്ടിച്ചെറിയാന്‍ മനുഷ്യന് ആത്മധൈര്യം വരുന്നതും സ്വര്‍ഗത്തിലേക്കവന് എത്താനാവുന്നതും. ആ സമയത്ത് അന്തരീക്ഷത്തിന്റെ ചൂടോ പ്രകൃതിയുടെ മാറ്റമോ അവനു യാതൊരു പ്രശ്‌നവും സൃഷ്ടിക്കില്ല. നോമ്പുകാരന് അന്തരീക്ഷം ചൂടുപിടിച്ചതായാലും ദാഹം കടുത്താലും ക്ഷമയുടെ കാഠിന്യം കുറയില്ല. ഗ്രീന്‍സ്‌ലാന്‍ഡിലെയും സ്വീഡനിലെയും മുസ്‌ലിംകള്‍ക്ക് ഇരുപത്തിയൊന്ന് മണിക്കൂര്‍ നോമ്പനുഷ്ഠിക്കാന്‍ പക്വത വരുന്നതിന്റെ രഹസ്യമിതാണ്. ഡല്‍ഹിയിലെയും ഉത്തരേന്ത്യയിലെയും മുസ്‌ലിംകള്‍ക്ക് സഹിക്കാനാവാത്ത കൊടും ചൂടിലും പതിനാറു മണിക്കൂര്‍ നോമ്പുകാരനാകാന്‍ കഴിയുന്നതിന്റെ പിന്നിലെ മാസ്മരികതയുമിതാണ്. അഥവാ മുബാറകായ റമളാന്‍ വിശ്വാസിക്ക് എല്ലാം നേടിക്കൊടുക്കും. സ്വര്‍ഗം മാത്രമല്ല, ആത്മധൈര്യം, പ്രതിസന്ധികളില്‍ അതിജീവനവും ക്ഷമയും സഹനവും, സമാധാന പൂര്‍ണമായ ജീവിതം അങ്ങനെയെല്ലാം.

ഡോ: ഉമറുല്‍ ഫാറൂഖ് സഖാഫി

You must be logged in to post a comment Login