ജിപ്മറില്‍ നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

ജിപ്മറില്‍ നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

പുതുച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) നഴ്‌സിംഗ്, പാരാമെഡിക്കല്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. മെയ് 24 വരെ അപേക്ഷിക്കാം. ജൂണ്‍ 22 നാണു പ്രവേശന പരീക്ഷ. അപേക്ഷാ ഫീസ് 1500 രൂപ. പട്ടിക ജാതി, വര്‍ഗക്കാര്‍ക്ക് 1200 രൂപ. ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷാ ഫീസില്ല.

എം.എസ്‌സി. നഴ്‌സിംഗ്, ബി.എസ്‌സി. നഴ്‌സിംഗ് കോഴ്‌സുകള്‍ക്കു പുറമേ എം.എസ്‌സി. മെഡിക്കല്‍ ബയോകെമിസ്ട്രി, എം.എല്‍.ടി. മൈക്രോബയോളജി, എം.എല്‍.ടി. പത്തോളജി, മെഡിക്കല്‍ ഫിസിയോളജി, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ന്യൂറോ ടെക്‌നോളജി കോഴ്‌സുകള്‍ക്കും മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, ബി.എസ്‌സി. (മെഡിക്കല്‍ ലാബ് ടെക്‌നോളജി, കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജി, ഓപ്പറേഷന്‍ തിയറ്റര്‍ ആന്‍ഡ് അനസ്‌തേഷ്യ ടെക്‌നോളജി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, റേഡിയോ തെറാപ്പി ടെക്‌നോളജി) കോഴ്‌സുകള്‍ക്കും ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (ബി.എ.എസ്.എല്‍.പി.), നഴ്‌സിംഗില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ കോഴ്‌സുകള്‍ക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ബി.എസ്‌സി. നഴ്‌സിംഗ്, ബി.എ.എസ്.എല്‍.പി. കോഴ്‌സുകളുടെ കാലദൈര്‍ഘ്യം ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ് ഉള്‍പ്പെടെ നാലു വര്‍ഷവും മറ്റു ബിഎസ്‌സി കോഴ്‌സുകളുടേതു മൂന്നു വര്‍ഷവുമാണ്. ബി.എസ്‌സി. കോഴ്‌സുകള്‍ക്കു താത്പര്യമുള്ളവര്‍ക്ക് സ്‌റ്റൈപന്‍ഡോടു കൂടി ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പിന് അവസരമുണ്ട്.

ബിരുദ കോഴ്‌സുകള്‍ക്ക് 2019 ഡിസംബര്‍ 31ന് 17 വയസ് തികയണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്കും അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. സംവരണ വിഭാഗങ്ങള്‍ക്ക് 40 ശതമാനം മാര്‍ക്ക് മതി.

എം.എസ്‌സി. നഴ്‌സിംഗ് കോഴ്‌സിന് ബി.എസ്‌സി. നഴ്‌സിംഗ് പാസായവര്‍ക്ക് അപേക്ഷിക്കാം. എം.എസ്‌സി. മെഡിക്കല്‍ ബയോകെമിസ്ട്രി കോഴ്‌സിന് കെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി കോഴ്‌സ് പഠിച്ച് ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.

എം.എസ്‌സി.എം.എല്‍.ടി. മൈക്രോബയോളജി കോഴ്‌സിന് ബയോടെക്‌നോളജി, മൈക്രോബയോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി കോഴ്‌സ് പഠിച്ച് ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. എം.എല്‍.ടി. പത്തോളജി കോഴ്‌സിന് മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, ബയോടെക്‌നോളജി ബിരുദം എന്നിവയാണ് യോഗ്യത. എം.എസ്‌സി. മെഡിക്കല്‍ ഫിസിയോളജി കോഴ്‌സിന് മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, ബയോടെക്‌നോളജി, ഫിസിയോളജി എന്നിവയിലേതിലെങ്കിലും ബിരുദം വേണം. എം.എസ്‌സി. ബയോസ്റ്റാറ്റിസ്റ്റിക്‌സ് (മെഡിക്കല്‍ ബയോമെട്രിക്): സ്റ്റാറ്റിസ്റ്റിക്‌സ് അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് പഠിച്ച് ബിരുദം.

മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് കോഴ്‌സിന് ചേരാന്‍ എം.ബി.ബി.എസ്, ബി.ഡി.എസ്., ബി.ടെക്, ബി.എസ്‌സി. നഴ്‌സിംഗ്, ബി.വി.എസ്.സി. കോഴ്‌സുകളില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സിന്റെ കാലാവധി രണ്ടു വര്‍ഷമാണ്. നഴ്‌സിംഗില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ കോഴ്‌സിന് ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറിയില്‍ ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. പ്രായ പരിധി 2019 മേയ് 25ന് 40 വയസ് കവിയരുത്. ഒരു വര്‍ഷമാണു കോഴ്‌സ് കാലാവധി. ഓണ്‍ലൈനായി ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണു പരീക്ഷ. തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.jipmer.edu.in എന്ന വെബ്‌സൈറ്റ് കാണുക.

റേഡിയോ തെറാപ്പിയില്‍ ഡിപ്ലോമ കോഴ്‌സ്
കേന്ദ്രസര്‍ക്കാറിന്റെ ആറ്റമിക് എനര്‍ജി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനമായ പുനെയിലെ ടാറ്റാ മെമ്മോറിയല്‍ സെന്റര്‍, റേഡിയോ തെറാപ്പി ടെക്‌നോളജിയിലെ അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ 2019 ജൂലൈയില്‍ ആരംഭിക്കുന്ന കോഴ്‌സിന്റെ ദൈര്‍ഘ്യം 2 വര്‍ഷമാണ്. ലക്ചറര്‍, ഡമോണ്‍സ്‌ട്രേഷന്‍, പ്രാക്ടിക്കല്‍ ക്ലാസുകള്‍ ഉള്‍പ്പെടുന്നതാണ് പാഠ്യപദ്ധതി. ഒപ്പം റേഡിയേഷന്‍ തെറാപ്പിയില്‍ ക്ലിനിക്കല്‍ പരിചയവും വിദ്യാര്‍ഥികള്‍ സ്വായത്തമാക്കുന്നു. ബാച്ചിലര്‍ ഓഫ് സയന്‍സ് യോഗ്യത, ഫിസിക്‌സില്‍ കുറഞ്ഞത് 55 ശതമാനവും ബിരുദത്തിന് കുറഞ്ഞത് 50 ശതമാനവും മാര്‍ക്ക് നേടിയിരിക്കണം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. പ്രായം 20നും 25നും ഇടയ്ക്കായിരിക്കണം.

ഒ.ബി.സി. വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 3 വര്‍ഷത്തെയും പട്ടികവിഭാഗക്കാര്‍ക്ക് 5 വര്‍ഷത്തെയും ഇളവുണ്ട്.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവേശനപരീക്ഷയുണ്ട്. പ്ലസ്ടുതല സിലബസ് അടിസ്ഥാനമാക്കി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍നിന്നുള്ള ചോദ്യങ്ങള്‍ പരീക്ഷക്കുണ്ടാകും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് രണ്ടാംഘട്ടത്തില്‍ ഇന്റര്‍വ്യൂവും ഉണ്ടാകും. രണ്ടുവര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കി, ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കേ ഡിപ്ലോമ ലഭിക്കുകയുള്ളൂ.
അപേക്ഷ, 2019 മെയ് 17നകം https://tmc.gov.in എന്ന വെബ്‌സൈറ്റ് വഴി നല്‍കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫീസ്, ജനറല്‍/ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 300 രൂപയാണ്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴി അടക്കാം. പട്ടിക/ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷാഫീസില്ല. അപേക്ഷ ഓണ്‍ലൈനായി നല്‍കിയശേഷം, അതിന്റെ ഹാര്‍ഡ് കോപ്പി, മെയ് 24നകം ലഭിക്കത്തക്കവിധം ഓഫീസ് ഓഫ് ദി ഡയറക്ടര്‍ (അക്കാദമിക്), 13ാം നില, ഹോമിഭാബ ബ്ലോക്ക്, ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍, പറേല്‍, മുംബൈ 400012 എന്ന വിലാസത്തിലേക്ക് അയക്കണം. . കൂടുതല്‍ വിവരങ്ങള്‍ക്ക് https://tmcgov.in എന്ന വെബ്‌സൈറ്റ് കാണുക.

കാറ്ററിംഗ് കോഴ്‌സിന് അപേക്ഷിക്കാം
കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴില്‍ കോവളത്തു പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയില്‍ ജൂലൈ 29 നു ആരംഭിക്കുന്ന ഒന്നര വര്‍ഷത്തെ ഡിപ്ലോമ ഇന്‍ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് പ്ലസ്ടു പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഒരു വര്‍ഷം കോളജില്‍ പഠനവും ആറു മാസം ഹോട്ടലുകളില്‍ പരിശീലനവും ആയിരിക്കും. 44 സീറ്റ് ആണുള്ളത്. പട്ടിക ജാതി, വര്‍ഗ, ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് സീറ്റ് സംവരണം ഉണ്ട്. പ്രായപരിധി 2019 ജൂലൈ ഒന്നിനു 25 വയസ് കവിയാന്‍ പാടില്ല. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവുണ്ട്. അപേക്ഷാഫോം വെബ് സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യുകയോ കോവളത്തുള്ള സ്ഥാപനത്തില്‍ നിന്നു വാങ്ങുകയോ ചെയ്യാം. സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ , അപേക്ഷ ഫീസായി 250 രൂപ അടച്ച രസീതു സഹിതം പ്രിന്‍സിപ്പല്‍ , ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി, ജി.വി. രാജാ റോഡ്, കോവളം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം . പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് അഡ്മിഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ihmctkovalam.org. എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 25.

ബയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ എം.എസ്‌സിക്ക് ചേരാം
ബംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് അപ്ലൈഡ് ബയോടെക്‌നോളജി, ബയോടെക്‌നോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് എം.എസ്‌സി. പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കര്‍ണാടക സര്‍ക്കാറിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബയോടെക്‌നോളജി, സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പുകളുടെ സംയുക്ത സംരംഭമായ ഈ സ്ഥാപനത്തിന്റെ ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബെംഗളൂരു സര്‍വകലാശാലയുടെ ബിരുദമാണ് ലഭിക്കുക. അപേക്ഷാര്‍ഥി സയന്‍സ്, ടെക്‌നോളജി, മെഡിസിന്‍ തുടങ്ങിയ മേഖലകളിലൊന്നിലെ ബാച്ചിലര്‍ ബിരുദം, കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പൂര്‍ത്തിയാക്കിയിരിക്കണം. ബയോടെക്‌നോളജി, ജനറ്റിക്‌സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി, സുവോളജി, ബോട്ടണി, അഗ്രികള്‍ച്ചര്‍, കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലെ ബി.എസ്‌സി. ബിരുദധാരികള്‍, കംപ്യൂട്ടര്‍ സയന്‍സ് ബിടെക്/ബി.ഇ., എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.ഫാര്‍മ, ബി.എ.എം.എസ്., ബാച്ചിലര്‍ ഓഫ് വെറ്ററിനറി മെഡിസിന്‍ എന്നിവയിലൊന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. 2019 ജൂലൈ മാസത്തോടെ യോഗ്യത നേടുമെന്ന് പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. http://ibab.ac.in- എന്ന വെബ്‌സൈറ്റ് വഴി മെയ് 15നുള്ളില്‍ ഓണ്‍ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍. അപേക്ഷാഫീസ് 500 രൂപ. ജൂണ്‍ 3 മുതല്‍ 7 വരെയുള്ള കാലയളവില്‍, കാമ്പസില്‍വെച്ച് കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ibab.ac.in എന്ന വെബ്‌സൈറ്റ് കാണുക.

റസല്‍

You must be logged in to post a comment Login