തോമസ് ജേക്കബ്: അമ്പത്താറാണ്ടിന്റെ അനുഭവത്തഴക്കത്തില്‍

തോമസ് ജേക്കബ്: അമ്പത്താറാണ്ടിന്റെ അനുഭവത്തഴക്കത്തില്‍

‘അച്ചടി പത്രങ്ങളിലെ അവസാനത്തെ ലെജന്റ്’ – മലയാള മനോരമയുടെ പഴയ എഡിറ്റോറിയല്‍ അമരക്കാരന്‍ തോമസ് ജേക്കബിന് ഇങ്ങനൊരു വിശേഷണം നല്‍കിയാല്‍ എന്താവും മറുപടി? അഞ്ചരപ്പതിറ്റാണ്ട് പത്രാക്ഷരങ്ങള്‍ കൊണ്ട് മലയാളിയുടെ വാര്‍ത്താഭാവുകത്വത്തെ പലരൂപത്തില്‍ മാറ്റിയെടുത്ത തോമസ് ജേക്കബ് ഒട്ടും പിശുക്കില്ലാതെ ചിരിച്ചേക്കും. കാമ്പില്ലായ്മയുടെ കടലില്‍ നിന്ന് കാമ്പും കൊമ്പുമുള്ള അനേകമനേകം വാര്‍ത്തകള്‍ കണ്ടെത്തി അവതരിപ്പിച്ചയാളായതിനാല്‍ അതിവിശേഷണങ്ങളെ നിര്‍മമമായി എടുക്കുകയും ചെയ്യും. പക്ഷേ, വാര്‍ത്താ മാധ്യമങ്ങള്‍ അക്ഷരാര്‍ഥത്തില്‍ അടിമുടി മാറിയ, നൂറുകണക്കിന് വാര്‍ത്താ മാധ്യമങ്ങളെ പോക്കറ്റിലിട്ട് മനുഷ്യര്‍ നടക്കുന്ന കാലത്ത് പത്രങ്ങളുടെ പഴയ കാലം വഴിമാറിയേ പറ്റൂ. മനോരമയും മാതൃഭൂമിയും പോലുള്ള പത്രബൃഹദാഖ്യാനങ്ങള്‍ നൂറ് കണക്കായ ലഘു ആഖ്യാനങ്ങള്‍ക്ക് മുന്നില്‍ ചിലപ്പോഴെങ്കിലും ഒന്ന് നിന്നേ പറ്റൂ. ബൃഹദാഖ്യാനങ്ങളുടെ കാലമാണ് മഹാരൂപങ്ങളെ സൃഷ്ടിക്കുന്നത്. വ്യക്തിപരമായ പ്രതിഭാശാലിത്വത്തിന് നിര്‍ണായകത്വം ഉണ്ടായിരുന്ന ആ കാലത്ത് മലയാളിയുടെ വാര്‍ത്താഭിരുചിയെ നിര്‍ണയിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്ത ഐതിഹാസിക വാര്‍ത്താമനുഷ്യരില്‍ ഒരാള്‍ തോമസ് ജേക്കബാണ്. സാങ്കേതികതയും സൗകര്യങ്ങളും സമകാലീന വാര്‍ത്താലോകത്ത് വ്യക്തിപ്രതിഭയുടെ അത്യാവശ്യകതയെ റദ്ദാക്കിയിട്ടുണ്ടെന്ന് അറിയുമ്പോള്‍ പത്രങ്ങളിലെ ഇതിഹാസങ്ങളുടെ കാലം തോമസ് ജേക്കബില്‍ തട്ടി തീരുകയാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല.
ദൃശ്യങ്ങള്‍ അച്ചടിയെ ഇല്ലാതാക്കും എന്ന വാദവും ഭീതിയും കൊടുമ്പിരികൊണ്ടത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്; ടെലിവിഷന്റെ വന്‍വ്യാപനകാലത്ത്. ഈ നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാകട്ടെ വാര്‍ത്താ ചാനലുകളുടെ പ്രളയവുമായി. ഇന്റര്‍നെറ്റ് സര്‍വസാധാരണവും നവമാധ്യമങ്ങള്‍ സര്‍വവ്യാപിയുമായി. വാര്‍ത്തകള്‍ സംഭവിക്കുന്ന മാത്രയില്‍ കീശയിലേക്കെത്തി. പകലും രാത്രിയും മനുഷ്യര്‍, മലയാളികള്‍ പ്രത്യേകിച്ച് വാര്‍ത്തകള്‍ക്കുള്ളില്‍ ചുറ്റിക്കറങ്ങി. രാത്രി പുലര്‍ന്ന് കൈയിലെത്തുന്ന പത്രങ്ങള്‍ക്ക് പിന്നെന്താവും പ്രസക്തി? വാര്‍ത്തകള്‍ പുളിച്ച് പോകില്ലേ എന്ന ന്യായമായ സംശയം പെരുകി. പാല് പുളിച്ചാല്‍ അത് രുചികരമായ മറ്റൊരു ഭക്ഷണം. പത്രങ്ങള്‍ ആ വഴിക്ക് നീങ്ങി. ഫലം, ചാനല്‍-നവമാധ്യമ പ്രവാഹത്തിലും പത്രവായന എന്ന ചിരപുരാതന ശീലം അവസാനിച്ചില്ല. ഈ വഴിവെട്ടലിന്റെ കാര്യവും കാലവും അനുഭവിച്ചയാളാണ് തോമസ് ജേക്കബ്. ആ അര്‍ഥത്തില്‍ ഇന്ന് പത്രങ്ങള്‍ അതിജീവിക്കുന്നതിന്റെ രസക്കൂട്ട് നിര്‍മിച്ച ഒരാള്‍. മുഖ്യവും സമാന്തരവുമായി നൂറുകണക്കിന് അച്ചടി പ്രസിദ്ധീകരണങ്ങള്‍ അരങ്ങിലുള്ള ഈ കാലം തോമസ് ജേക്കബിന്റെ അനുഭവങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. നവീകരിക്കേണ്ടതെങ്ങനെ, അതിജീവിക്കേണ്ടതെങ്ങനെ എന്നെല്ലാം കഥക്കൂട്ടിന്റെ രസഭാഷയില്‍ മുക്കി അദ്ദേഹം പറഞ്ഞുതരും. കണിശമായ ഓര്‍മകളുടെ വലിയ നിക്ഷേപമാണ് അഞ്ചുപതിറ്റാണ്ടിലെ വാര്‍ത്താജീവിതം അദ്ദേഹത്തിന് നല്‍കിയത്. തോമസ് ജേക്കബിന്റെ ഭാഷണങ്ങള്‍ ആ നിക്ഷേപത്തിന്റെ കരുത്തിനാല്‍ പ്രകാശിതവുമാണ്. അടുത്തിടെ കോഴിക്കോട്ടെ രിസാലയുടെ ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു തോമസ് ജേക്കബ്. അച്ചടിയോടുള്ള കടമയല്ലാതെ മറ്റൊന്നുമല്ല ആ സന്ദര്‍ശനത്തിനുള്ള കാരണം. രിസാലയുടെ പ്രവര്‍ത്തകരോട് അദ്ദേഹം നടത്തിയ അനൗപചാരികമായ വര്‍ത്തമാനങ്ങള്‍ മാധ്യമപഠനത്തിനുള്ള ഔപചാരിക വിദ്യാഭ്യാസമായിരുന്നു.
ഓര്‍മയാണല്ലോ മാധ്യമ പ്രവര്‍ത്തനത്തിന്റെ ആദ്യ ബിരുദം. ഓര്‍മകളെക്കുറിച്ചായിരുന്നു രിസാല പ്രവര്‍ത്തകരുടെ ആദ്യ ആരായലും. വ്യക്തികളെ, പേരുകളെ, കൊച്ചുകൊച്ചു സംഭവങ്ങളെ കൃത്യതയോടെ എങ്ങനെ ഓര്‍ത്തുവെക്കുന്നു എന്ന അന്വേഷണത്തിന് തോമസ് ജേക്കബിന്റെ മറുപടി ഇങ്ങനെയായിരുന്നു:

‘ഓര്‍മയുണ്ടായിരിക്കുക എന്നത് പ്രധാനമാണ്. ആദ്യവര്‍ഷം ആയിരം കാര്യങ്ങളായിരിക്കും സ്‌റ്റോര്‍ ചെയ്തിരിക്കുക. പിന്നീട് പതിനായിരമാകും. അനാവശ്യമായതിനെ മെമ്മറിയില്‍ സ്‌റ്റോര്‍ ചെയ്ത് സ്‌പേസ് കളയരുത്. കേരളത്തിലെ ഏറ്റവും നീളംകുറഞ്ഞ മുഖ്യമന്ത്രി ആരായിരുന്നുവെന്ന് ചോദിച്ചാല്‍ എ കെ ആന്റണി എന്നായിരിക്കും പലരുടെയും ഉത്തരം. എ കെ ആന്റണി ഉയരമില്ലാത്തതിനാല്‍ കൊരണ്ടിയില്‍ കയറി നിന്ന് പ്രസംഗിച്ചതിന്റെ ഫോട്ടോ പത്രങ്ങളില്‍ വന്നതാണ്. അത് കണ്ടവര്‍ കരുതുക ആന്റണിയാണ് നീളം കുറഞ്ഞ മുഖ്യമന്ത്രിയെന്നാകും. എന്നാല്‍ പറവൂര്‍ ടി കെ നാരായണ പിള്ള ആണ് ഏറ്റവും നീളം കുറഞ്ഞ മുഖ്യമന്ത്രി എന്നറിയുമ്പോള്‍ എ കെ ആന്റണിയെ അവിടെ നിന്ന് റീപ്ലേസ് ചെയ്യണം. അല്ലെങ്കില്‍ പറവൂര്‍ ടി.കെ, ആന്റണി, ഇ എം എസ് എന്നിവരെ ഒരുമിച്ച് ഓര്‍മ്മയില്‍ പ്രതിഷ്ഠിക്കണം. പിന്നെയത് മറക്കില്ല. ആവശ്യമുള്ളപ്പോള്‍ ഇറക്കാന്‍ കഴിയണം. 1940ലെ നാല് പ്രധാനപ്പെട്ട സംഭവങ്ങളെ കുറിച്ച് ചോദിച്ചാല്‍ എന്തെല്ലാമാണെന്ന് ഓര്‍മയിലുണ്ടെങ്കിലേ പറയാന്‍ കഴിയൂ. ആദ്യം കിട്ടിയ വിവരങ്ങള്‍ക്കൊപ്പമാകണം പിന്നീട് കിട്ടുന്ന 1940 ലെ വിവരങ്ങളും. എന്നാലേ എല്ലാ സംഭവങ്ങളും ഒരുമിച്ച് പറയാന്‍ കഴിയൂ. അങ്ങനെ ഒരുമിച്ച് വരുന്നില്ലെങ്കില്‍ മനസിലാക്കേണ്ടത് ഓര്‍മയില്‍ ഒരുമിച്ച് നില്‍ക്കുന്നില്ല എന്നാണ്. മനോരമയിലെ ഗൂഗിളായിരുന്നു മരിച്ച ഡി വിജയകുമാര്‍. എന്തും വിളിച്ചു ചോദിക്കാമായിരുന്നു. എഴുത്തില്‍ സംശയമുണ്ടാകുമ്പോള്‍ വിളിച്ച് ചോദിക്കാറുണ്ട്. 1965ല്‍ സി പി ഐക്ക് എത്ര സീറ്റ് കിട്ടി എന്ന് ചോദിച്ചാല്‍ മൂന്ന് സീറ്റ് എന്ന ഉത്തരം മാത്രമല്ല ആരൊക്കെയാണ് വിജയിച്ചത്, അത്തവണ സി പി ഐയുടെ 54 പേര്‍ക്ക് കെട്ടിവെച്ച കാശുപോയി, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് 40 സീറ്റ് കിട്ടി തുടങ്ങിയ വിവരങ്ങളും അദ്ദേഹം പറഞ്ഞു തരും. ചോദിച്ചാല്‍ ഇനിയും പറയാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. അത്രക്ക് നല്ല ഓര്‍മശക്തിയുണ്ടായിരുന്ന അദ്ദേഹത്തിന് ജീവിതത്തിന്റെ അവസാനത്തെ മൂന്ന് വര്‍ഷം ഓര്‍മയില്ലാതായി പോയി. ആരെയും തിരിച്ചറിയാതെയായി.’

വാര്‍ത്തകളുടെ പെരുക്കങ്ങളാണ് ചുറ്റും. പുതുമയുള്ളത് മാത്രമേ സ്വീകരിക്കപ്പെടൂ. തിരഞ്ഞെടുക്കാന്‍ ഒട്ടേറെ സ്രോതസുകള്‍ ഉള്ളവരാണ് വായനക്കാര്‍. പാരമ്പര്യം പറഞ്ഞ് അതിജീവിക്കാനാവില്ല. ഓരോ പ്രഭാതത്തിലും പുതുതായി എന്തെങ്കിലും നല്‍കിയാണ് അച്ചടി പത്രങ്ങള്‍ അതിജീവിച്ചത്; പ്രത്യേകിച്ച് മുന്‍നിരക്കാരായ മനോരമ. എങ്ങനെയാണ് പുതുമയെ കണ്ടെത്താനാവുക എന്നത് കൗതുകമുള്ള ഒരന്വേഷണമാണ്. തോമസ് ജേക്കബ് പറയുന്നു:
‘പുതുതായി എന്തു കൊടുക്കാന്‍ കഴിയുമെന്ന ആലോചനകളുണ്ടാകണം. നല്ല ആശയങ്ങള്‍ കണ്ടെത്തി വായനക്കാര്‍ക്ക് നല്‍കാന്‍ കഴിയണം. ഒറ്റക്കുള്ള ആലോചനകളെക്കാള്‍ കൂട്ടമായ ചര്‍ച്ചകളാണ് നല്ലത്. ഒരു ഉദാഹരണം പറയാം. ഒരു കുട്ടി, കൂടിയാല്‍ രണ്ടെണ്ണം മതിയെന്ന് ഭാര്യ ഭര്‍ത്താക്കന്മാര്‍ തീരുമാനിക്കുന്ന കാലമാണിത്. ഇവിടെയാണ് പത്തും അതിന് മുകളിലുമെല്ലാം കുട്ടികളുണ്ടായിരുന്ന അമ്മമാരെയും മക്കളെയുമെല്ലാം കണ്ടെത്തി ഞങ്ങള്‍ വനിതയില്‍ അവതരിപ്പിച്ചത്. ഇത്രയും മക്കളുള്ള അമ്മമാരെ എങ്ങനെ കണ്ടെത്തുമെന്ന് ചോദിച്ചപ്പോള്‍ ഞാനാണ് മാര്‍ഗം പറഞ്ഞുകൊടുത്തത്. പഴയകാലത്ത് ഏറ്റവും കൂടുതല്‍ മക്കളുണ്ടായിരുന്നത് മുസ്‌ലിം, ക്രിസ്ത്യന്‍ കുടുംബങ്ങളിലായിരുന്നു. ഇതുകൊണ്ട് തന്നെ ഇവരുടെ മാനേജ്‌മെന്റുകള്‍ നടത്തുന്ന ദീപിക, ചന്ദ്രിക പത്രങ്ങളുടെ ചരമപ്പേജ് എല്ലാ ദിവസവും നോക്കാന്‍ പറഞ്ഞു. എന്നിട്ട് നീളം കൂടിയ ചരമവാര്‍ത്ത നോക്കി കൂടുതല്‍ പ്രസവിച്ച അമ്മമാരെ കണ്ടെത്താനാണ് നിര്‍ദേശിച്ചത്. കുറച്ച് ദിവസം കഴിഞ്ഞപ്പോഴേക്ക് നാല്‍പതിലേറെ അമ്മമാരെ കണ്ടെത്താന്‍ കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ 14 മക്കളിലൊരാളാണ്. ഇത്രയും മക്കളുള്ള രക്ഷിതാക്കളെയും മക്കളെയുമൊക്കെ ഇന്ന് കണ്ടുകിട്ടാന്‍ പ്രയാസമാണ്. വേറൊരു കഥ പറയാം. കോട്ടയത്ത് രണ്ടു ഭാര്യമാരിലായി 22 മക്കളുള്ള ഒരു വക്കീലുണ്ടായിരുന്നു. ഓരോ ഭാര്യമാരിലും പതിനൊന്നുമക്കള്‍. ഇക്കാര്യത്തില്‍ പോലും അദ്ദേഹം വിവേചനം കാണിച്ചില്ല. ഈ മക്കളോട് നടത്തിയ ഒരു ഇന്റര്‍വ്യു വളരെ രസകരമായിരുന്നു. പിതാവിന് വക്കീല്‍ഫീസ് കിട്ടിയാല്‍ പുറത്ത് പോയി പഠിക്കുന്ന മക്കള്‍ക്കെല്ലാം പഠനാവശ്യത്തിനായി പണം മണിയോര്‍ഡറായി അയച്ചുകൊടുക്കും. ഇതിനിടയില്‍ അപ്പന് ഓര്‍മ്മത്തെറ്റു സംഭവിക്കും. ഒരിക്കല്‍ എല്ലാ മക്കള്‍ക്കും പണം അയച്ചു. കൂട്ടത്തില്‍ അബദ്ധത്തില്‍ ഒരാള്‍ക്ക് തന്നെ രണ്ടു തവണ മണിയോര്‍ഡര്‍ അയച്ചു. ഈ പണം കിട്ടിയാല്‍ മക്കള്‍ അടിച്ചുപൊളിക്കും. പിതാവിന്റെ ഇത്തരത്തിലുള്ള ഓര്‍മ്മത്തെറ്റ് ബോണസ് കിട്ടുന്നതിന് തുല്യമായിരുന്നു. ഈ കഥ എന്റെ കഥക്കൂട്ടില്‍ പ്രസിദ്ധീകരിച്ചതോടെ അപ്പന്റെ ജീവിച്ചിരിക്കുന്ന മക്കളിലൊരാള്‍ എന്നെ വിളിച്ച് പറഞ്ഞു; ഞങ്ങളുടെ അപ്പന് അങ്ങനെ ഓര്‍മ്മത്തെറ്റെന്നും പറ്റില്ല. അതൊക്കെ കള്ളക്കഥ പറഞ്ഞുണ്ടാക്കുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്തു ചെയ്യാനാണ് 22 മക്കളില്‍ ഒരാള്‍ നേരിട്ട് എന്നോട് പറഞ്ഞതായിരുന്നു ആ കഥ.
ഇനി മറ്റൊരു കാര്യം പറയാം. പ്രകാശ് കാരാട്ട് സുന്ദരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുമ്പോള്‍ വ്യവസ്ഥയുണ്ടാക്കിയിരുന്നു. വിവാഹം കഴിക്കാം; കുട്ടികളുണ്ടാകാന്‍ പാടില്ല എന്നതായിരുന്നു അത്. കോഴിക്കോട് താമസിക്കുന്ന ബി.ജെ.പി നേതാവ് വി മുരളീധരന്‍ എം.പിയും ഇതുപോലെ മക്കള്‍ വേണ്ടെന്ന് ഭാര്യയെക്കൊണ്ടുകൂടി സമ്മതിപ്പിച്ച് വിവാഹം കഴിച്ചയാളാണ്. ഭാര്യയും ഭര്‍ത്താവുമല്ലാതെ ഒരുമിച്ച് ജീവിക്കുന്നവരെ കുറിച്ചും ഇന്റര്‍വ്യു ചെയ്തിരുന്നു. തിരുവനന്തപുരത്ത് മനോരമ നടത്തിയ സെമിനാറില്‍ ജയശ്രീയും മൈത്രേയനും പങ്കെടുത്തു. പിറ്റേദിവസം പത്രത്തില്‍ വാര്‍ത്ത വന്നത് ജയശ്രീയും ഭര്‍ത്താവ് മൈത്രേയനും മകളും പങ്കെടുത്തു എന്ന് പറഞ്ഞാണ്. അടുത്ത ദിവസം ഓഫീസില്‍ വിളിച്ച് മൈത്രേയന്‍ പറഞ്ഞത് തങ്ങള്‍ ഭാര്യ ഭര്‍ത്താക്കന്‍മാരല്ലെന്നും ഒരുമിച്ച് ജീവിക്കുന്നവരാണെന്നുമാണ്. പത്രത്തില്‍ തിരുത്തു കൊടുത്തില്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് കൂടി പറഞ്ഞതോടെ പുലിവാല് പിടിക്കാനൊന്നും പോയില്ല. പിറ്റേ ദിവസം തിരുത്തുകൊടുക്കേണ്ടി വന്നു. മന്ത്രി ബേബി ജോണ്‍ പന്ത്രണ്ടാമത്തെ മകനാണ്. 11 മക്കളും ചെറുപ്രായത്തില്‍ പലപ്പോഴായി മരിച്ചു. ഒടുവില്‍ ഇദ്ദേഹം മാത്രമാണ് ബാക്കിയായത്. മറ്റു മക്കള്‍ക്കെല്ലാം പകരമായി അറിയപ്പെടുന്ന നേതാവായി അദ്ദേഹം മാറി. അത്തരമൊരു അമ്മയുടെ വേദന ആലോചിച്ചു നോക്കൂ.. കെ.എം മാത്യുവിന്റെ പിതാവ് കെ സി മാമ്മന്‍ മാപ്പിളക്ക് മൂന്ന് മക്കളെ, പ്രസവിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു വിഷയം മാത്രം ആലോചിച്ചാല്‍ അതില്‍ മാത്രം നില്‍ക്കാതെ അതുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളെ കുറിച്ച് കൂടി ആലോചിച്ച് വ്യത്യസ്തമായ കവര്‍ സ്‌റ്റോറി ചെയ്യാം. കോഴിക്കോട്ട് ജോലി ചെയ്തിരുന്നപ്പോള്‍ എന്റെ അയല്‍പക്കത്ത് മക്കളില്ലാത്ത ഒരു ചീഫ് എന്‍ജിനീയറുണ്ടായിരുന്നു. ഒടുവില്‍ അവര്‍ ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു. മൂന്നുവര്‍ഷം കഴിഞ്ഞ് ഭാര്യ ഗര്‍ഭിണിയാവുകയും ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. എന്നാല്‍ ദത്തെടുത്ത കുഞ്ഞിനെയാണ് അദ്ദേഹം കൂടുതല്‍ സ്‌നേഹത്തോടെ മോളേ എന്നു വിളിച്ചിരുന്നത്. ഇത്തരത്തിലുള്ള രസകരമായ അനുഭവങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ മനോഹരമാകും. കോട്ടയത്ത് 11 മക്കളെ പ്രസവിച്ച ഒരു അമ്മയുടെ അനുഭവം രസകരമാണ്. പ്രസവമൊക്കെ നടന്നത് അടുത്തടുത്ത വര്‍ഷങ്ങളിലായതിനാല്‍ മക്കള്‍ക്കെല്ലാം ചെറിയ വയസിന്റെ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. ഭര്‍ത്താവ് പട്ടാളത്തിലായതിനാല്‍ മക്കളെയെല്ലാം ഈ അമ്മ തന്നെയാണ് നോക്കി വളര്‍ത്തിയത്. കുട്ടികളെല്ലാം വൈകുന്നേരം പന്ത് കളിക്കാന്‍ വീടിനടുത്തുള്ള പറമ്പില്‍ പോകും. നേരം ഇരുട്ടിയാലും കളി മതിയാക്കി വീട്ടില്‍ കയറാന്‍ പറഞ്ഞാല്‍ മക്കള്‍ കേള്‍ക്കില്ല. ഇതോടെ അമ്മ പറമ്പിലെത്തി ഓരോരുത്തരെയായി ഓടിച്ചിട്ട് പിടിച്ച് വീട്ടിലെ കുളിമുറിയില്‍ കയറ്റി തലയില്‍ വെള്ളമൊഴിച്ച് കുളിപ്പിച്ച് അകത്തേക്ക് പറഞ്ഞു വിടും. ചിലപ്പോള്‍ ഗോളടിക്കാനും കോര്‍ണര്‍ കിക്കെടുക്കാനും നില്‍ക്കുമ്പോഴാകും മക്കളെ പിന്നാലെ പോയി പിടികൂടുക. ഇങ്ങനെയാണ് പതിനൊന്ന് പേരെയും പിടിച്ച് രാത്രി എട്ടുമണിയോടെ വീട്ടിലെത്തിക്കുന്നത്. ഒരിക്കല്‍ ഓരോരുത്തരെയായി ഇതുപോലെ പിടിച്ച് കുളിപ്പിക്കുന്നതിനിടയ്ക്ക് ഒരുത്തന്റെ മുണ്ടുമാറ്റി തലയിലൂടെ വെള്ളമൊഴിക്കാന്‍ നില്‍ക്കുന്നതിനിടെ അമ്മച്ചീ, എന്റെ തലയില്‍ വെള്ളമൊഴിക്കല്ലേ.. ഞാന്‍ ഈ വീട്ടിലെ കുട്ടിയല്ല, അപ്പുറത്തെ വീട്ടിലേയാണെന്ന് പറഞ്ഞ് പയ്യന്‍ ഓടിപ്പോയെന്ന് അമ്മ തന്നെ രസകരമായിട്ട് ഞങ്ങളോട് പറഞ്ഞു.’

കൗതുകങ്ങളെ ഉണര്‍ത്തലാണ് പുതുമയുടെ ലക്ഷ്യം. നിസ്സാരമെന്ന് തോന്നുന്ന സംഭവങ്ങളില്‍ മനുഷ്യാവസ്ഥയെ സംബന്ധിച്ച ഗംഭീരമായ കൗതുകങ്ങള്‍ ഉണ്ടാകും. ജീവിതത്തില്‍ നിസ്സാര സംഭവങ്ങള്‍ എന്ന ഒന്നില്ല എന്ന വലിയ പാഠമായിരുന്നു തോമസ് ജേക്കബിന്റെ ഈ അനുഭവ വിവരണം. മറ്റുള്ളവര്‍ക്ക് നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങള്‍, അനുഭവിച്ചവരുടെ വീക്ഷണത്തില്‍ നിന്ന് ഒന്നുനോക്കിയാല്‍ കാര്യം മാറും. അങ്ങനെയാവുമ്പോള്‍ ഓരോ ജീവിത സന്ദര്‍ഭവും കൗതുകവും പാഠവുമുള്ള വാര്‍ത്തയാണ്. അതുപോലെയാണ് വായനയും. വിശാലമായ വായനയാണ് വീക്ഷണത്തെ ബലപ്പെടുത്തുന്നതും ബഹുസ്വരമാക്കുന്നതും. അക്ഷരങ്ങളുടെ ഒപ്പം അക്ഷരാര്‍ഥത്തില്‍ ജീവിച്ച തോമസ് ജേക്കബിന്റെ വായനയെക്കുറിച്ചായിരുന്നു അടുത്ത സംസാരം:
‘നന്നായി വായിക്കണം. ഒരു പ്രസിദ്ധീകരണം വായിക്കില്ലെന്ന് പറഞ്ഞാല്‍ അയാളുടെ കഥ പോയി എന്നേ ഞാന്‍ പറയൂ. വായിച്ചില്ലെങ്കില്‍ അതിന്റെ നഷ്ടം അവര്‍ക്കു മാത്രമാണ്. വായനയില്‍ സെലക്ഷനുണ്ടാകണം. സമയമുണ്ടെങ്കില്‍ എല്ലാം വായിക്കണം. ഭൂമി ശാസ്ത്രവും ചരിത്രവും വായിക്കണം. ചരിത്രം വായിച്ചില്ലെങ്കില്‍ പിന്നെ കാര്യമില്ല. ഞാന്‍ കഥയും കവിതയും നോവലുമൊന്നും വായിക്കാറില്ല. ആത്മകഥകള്‍ വായിക്കാറുണ്ട്. പിന്നെ ആരെങ്കിലുമൊക്കെ പറഞ്ഞ് നിര്‍ബന്ധിപ്പിക്കുന്നവ വായിക്കാറുണ്ട്. ശ്രദ്ധിക്കപ്പെടുന്ന കവിതകള്‍ വായിക്കും. വെറുമൊരു മോഷ്ടാവായ എന്നെ കള്ളനെന്ന് വിളിച്ചില്ലേ-അയ്യപ്പപ്പണിക്കരുടെ ഈ കവിതയും, കുഞ്ഞുണ്ണിമാഷിന്റെ പൊക്കമില്ലാത്തതാണെന്റെ പൊക്കം തുടങ്ങിയവയും വായനയില്‍ വിട്ടുകളഞ്ഞിട്ടില്ല. മനോരമയില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ സകല പത്രങ്ങളും മാഗസിനുകളും വായിച്ചിരുന്നു. കൂടാതെ മാതൃഭൂമിയുടെ പലസ്ഥലങ്ങളില്‍ നിന്ന് അച്ചടിക്കുന്ന എഡിഷനുകളും വായിക്കാറുണ്ടായിരുന്നു. എന്ത് തിരഞ്ഞെടുക്കണം, ത്യജിക്കണം എന്ന് തീരുമാനിക്കേണ്ടത് വായനക്കാരന്‍ തന്നെയാണ്. ഒരിക്കല്‍ ടി പത്മനാഭന്‍ എന്നോട് പറഞ്ഞു, മരയ എന്ന പേരില്‍ കഥയെഴുതിയിട്ടുണ്ട്. അദ്ദേഹത്തെ ഇനിയും കാണണമല്ലോ എന്ന് കരുതി വായിച്ചു. അതാതു ദിവസത്തെ പത്രം പോലും വായിക്കാതെ പത്രമോഫീസില്‍ വരുന്നവരുണ്ട്. കെ പി കുഞ്ഞിമ്മൂസ മരിച്ചപ്പോള്‍ വായിച്ച ഒരു കഥയുണ്ട്. സ്ഥിരമായി പത്രം വായിക്കാതെ വരുന്നയാള്‍ക്ക് അദ്ദേഹം ഒരു പണികൊടുത്തു. വൈകുന്നേരം ഓഫീസില്‍ നിന്നിറങ്ങാന്‍ നേരം കുഞ്ഞിമ്മൂസ റിസപ്ഷനില്‍ നിന്ന് ഫോണ്‍ വിളിച്ച് മാഹിയില്‍ നിന്നാണ് വിളിക്കുന്നതെന്നും പറഞ്ഞ് വാര്‍ത്ത എഴുതിയെടുക്കാന്‍ ആവശ്യപ്പെട്ടു. കുഞ്ഞിമ്മൂസ അന്നത്തെ പത്രത്തില്‍ വന്ന ഒരു പ്രസ്താവന വായിച്ച് കൊടുക്കുകയും വന്ന വാര്‍ത്തയാണെന്നറിയാതെ അയാള്‍ അത് എഴുതിയെടുക്കുകയും ചെയ്തു. ഇയാള്‍ ഓഫീസില്‍ നിന്നിറങ്ങിയപ്പോള്‍ കുഞ്ഞിമ്മൂസ മാഹിയില്‍ നിന്നുള്ള വാര്‍ത്തയെന്തായി എന്ന് ചോദിച്ചപ്പോള്‍ അത് ഡസ്‌കിലേക്ക് കൊടുത്തിട്ടുണ്ടെന്ന മറുപടി കേട്ട് ഏറെ ചിരിച്ചു. സ്വന്തമായി സ്‌പെല്ലിംഗ് ഉള്ള അപൂര്‍വം വ്യക്തികളിലൊരാളായിരുന്നു കുഞ്ഞിമ്മൂസ.’

സര്‍വേകളാണ് പത്രങ്ങളുടെ ശക്തിയെക്കുറിച്ച് തെളിവ് തരുന്നത്. പത്രം മരിക്കില്ല എന്നതിനുള്ള സാക്ഷിമൊഴിയും സര്‍വേകളാണ്. അച്ചടി മാധ്യമങ്ങള്‍ അവസാനിക്കും എന്ന ഭീഷണി ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സജീവമായിരുന്നു. പത്രങ്ങളുടെ ഭാവി എന്താകും എന്ന ചോദ്യത്തിന് ചിരിയില്‍ പൊതിഞ്ഞ് തോമസ് ജേക്കബ് നല്‍കിയ മറുപടി ഇതായിരുന്നു:
‘രണ്ടായിരമാണ്ടാകുമ്പോഴേക്ക് അച്ചടി മാധ്യമങ്ങളുടെ കഥ കഴിയുമെന്നാണ് ബില്‍ഗേറ്റ്‌സ് ദാവോസില്‍ വെച്ച് ഒരിക്കല്‍ പറഞ്ഞത്. പക്ഷേ, രണ്ടായിരം ആയപ്പോള്‍ ദാവോസില്‍ പത്രങ്ങള്‍ക്കു പകരം ഉമ്മന്‍ചാണ്ടിയായിരുന്നു വീണത്. (ഉമ്മന്‍ചാണ്ടി വീണ് പരുക്കേറ്റത് ഓര്‍ക്കുന്നുണ്ടാകും). പത്രങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്നത് ശരിയാണ്. അമേരിക്കയില്‍ പത്രങ്ങളുടെ സര്‍ക്കുലേഷന്‍ ഏറെ താഴോട്ട്‌പോയിട്ടുണ്ട്. ഭാവിയില്‍ പത്രം എന്ന ബ്രാന്‍ഡില്‍ തന്നെ നിലനില്‍ക്കുമോ എന്നു പറയാനാകില്ല. എല്ലാ പത്രങ്ങള്‍ക്കും ഓണ്‍ലൈന്‍ എഡിഷനുകള്‍ വന്നു കഴിഞ്ഞു. പലരും സ്വന്തമായി ചാനല്‍ ആരംഭിച്ചു. അപ്പോള്‍, പുതിയ രീതിയിലൂടെയെല്ലാം വാര്‍ത്തകള്‍ അവതരിപ്പിക്കാന്‍ സാധിക്കും. പത്രങ്ങളുടെ റീഡര്‍ഷിപ്പ് സര്‍വേക്ക് ഞാന്‍ ഫുള്‍മാര്‍ക്ക് നല്‍കില്ല. അത്ര തന്നെ വിശ്വാസമില്ല. പത്രത്തിന്റെ വരിക്കാരല്ലാത്തവരും പത്രം വായിക്കുന്നുണ്ട്. വിവിധ പത്രങ്ങളുടെ മാസ്റ്റ് ഹെഡ് കാണിച്ച് ഈ പത്രം കഴിഞ്ഞ ഒരു മാസത്തിനിടക്ക് വായിച്ചിട്ടുണ്ടോ എന്ന് ചോദിക്കും. സ്വന്തമായി വരിക്കാരല്ലാത്തവരും വായിച്ചിട്ടുണ്ടെന്നാകും പറയുക. എ ബി സിയുടെ കണക്കുകള്‍ക്കാണ് ഇതിനെക്കാള്‍ കൃത്യത.

ന്യൂസ് പ്രിന്റുകളുടെ ദൗര്‍ലഭ്യം നേരിടുന്നുണ്ട്. മരം മുറിക്കുന്നതിനെതിരെ ലോകവ്യാപകമായി പരിസ്ഥിതിവാദികള്‍ രംഗത്തു വരുന്നു. പഴയ ന്യൂസ്പ്രിന്റ് റീസൈക്ലിംഗ് നടത്തിയെങ്കിലും പൂര്‍ണമായും വിജയകരമല്ല. ഒരു പേജില്‍ നൂറ് പേജുകള്‍ അച്ചടിക്കാവുന്ന ടെക്‌നോളജി വന്നു കൂടായ്കയില്ല. പേജ് വ്യത്യസ്തമായ രീതിയില്‍ തിരിച്ചാല്‍ ഓരോ പേജുകളും ലഭിക്കുന്ന തരത്തിലേക്ക് വളര്‍ന്നേക്കാം. പത്രങ്ങളുടെ വിശ്വാസ്യത എത്രകാലം ഉണ്ടാകുമെന്ന് പറയാനാകില്ല. നമ്മുടെ ഒരു ശീലത്തിന്റെ ഭാഗം കൂടിയാണ് ഈ വിശ്വാസ്യത. ടി വിയില്‍ പറഞ്ഞത് ശരിയാണോ എന്ന് ഉറപ്പിക്കാന്‍ ഇപ്പോഴും ആളുകള്‍ പത്രമോഫീസുകളിലേക്ക് വിളിക്കും. വീട്ടിലിരുന്ന് പത്രം വായിക്കുന്നത് മോശമായി കാണുന്ന കാലം വന്നാലും അത്ഭുതപ്പെടേണ്ട. കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണം ചെറിയൊരു പത്രമാണ്. കോണ്‍ഗ്രസുകാര്‍ പോലും കാണാറില്ല എന്നത് വേറെ കാര്യം. ഇതില്‍ നീരവ് മോദി അറസ്റ്റിലായപ്പോള്‍ വന്ന, ഒരു മോദി അറസ്റ്റില്‍ എന്ന തലക്കെട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെയുള്ള കാര്യങ്ങളുമുണ്ട്. ജാഗ്രതയോടെ മുന്നോട്ട് പോയാല്‍ അപകടം വരില്ല. ഒരു ഉദാഹരണം പറയാം. മാതൃഭൂമി ഞായറാഴ്ച പതിപ്പില്‍ ഒരിക്കല്‍ കേരളത്തിലെ റോഡ് അപകടങ്ങളെ കുറിച്ച് വലിയൊരു ലേഖനം വന്നു. അതിനൊപ്പം ഫോട്ടോയായി കൊടുത്തിരുന്നത് അപകടത്തില്‍ പെട്ട് തകര്‍ന്ന് തരിപ്പണമായ മാരുതിയുടെ ചിത്രമായിരുന്നു. എന്നാല്‍ അതേ ദിവസത്തെ തന്നെ ജാക്കറ്റ് പരസ്യവും മാരുതിയുടെതായിരുന്നു. അതേ മാരുതി തകര്‍ന്ന് കിടക്കുകയാണ് മറ്റൊരു പേജില്‍. ഇങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇതുപോലെ മറ്റൊരു സംഭവമുണ്ടായിട്ടുണ്ട്. ടെംസ് ഓഫ് ഇന്ത്യയിലോ എക്‌സ്പ്രസിലോ ആണെന്നാണ് ഓര്‍മ. എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്ന് നൂറിലേറെ പേര്‍ മരിച്ച ദിവസം. ഇതേ ദിവസം എയര്‍ ഇന്ത്യയുടെ തന്നെ പരസ്യം ‘ഫ്‌ളൈ എയര്‍ ഇന്ത്യ ഫോര്‍ സേഫ്റ്റി’ എന്ന തല വാചകത്തില്‍ പത്രത്തിന്റെ ഒന്നാം പേജിലേക്ക് നേരത്തെ അയച്ചിരുന്നു. അതേപേജില്‍ തന്നെയാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് നൂറിലേറെ പേര്‍ മരിച്ചെന്ന വാര്‍ത്തയും വരേണ്ടത്. പരസ്യത്തിന് എതിരായിരുന്നു വാര്‍ത്ത. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് സബ് എഡിറ്റര്‍ ഒന്നാം പേജിലെ ആ പരസ്യം ഒഴിവാക്കിയാണ് പത്രം അടിച്ചത്. ഇതിന് നന്ദിയായി പത്തുവര്‍ഷത്തേക്ക് എയര്‍ ഇന്ത്യ, സര്‍വീസ് നടത്തുന്നിടത്തേക്കെല്ലാം സൗജന്യമായി യാത്ര ചെയ്യാന്‍ അദ്ദേഹത്തിന് ടിക്കറ്റ് നല്‍കുകയുണ്ടായി.’

മാധ്യമങ്ങള്‍ മുന്‍പിന്‍ നോക്കാതെ എടുക്കുന്ന തീരുമാനങ്ങള്‍, അല്ലെങ്കില്‍ ഒരു പത്രാധിപര്‍ മാറി മറ്റൊരാള്‍ വരുമ്പോള്‍ മുന്‍കാലത്തെ കണ്ണടച്ച് റദ്ദാക്കുന്ന പ്രവണത തിരിച്ചടികള്‍ ഉണ്ടാക്കുമോ എന്ന സംശയവും ഉന്നയിക്കപ്പെട്ടു. മറുപടി ഇങ്ങനെ ആയിരുന്നു: ‘മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കാര്യം പറയാം. കമല്‍റാം പോയി സുഭാഷ് ചന്ദ്രന്‍ വന്നപ്പോള്‍ എന്തൊക്കെ എടുത്തുകളയും എന്നാണ് ആലോചിച്ചത്. മാതൃഭൂമി കൈയില്‍ കിട്ടിയാല്‍ ആദ്യം നോക്കിയിരുന്ന മധുരച്ചൂരല്‍, ചോക്കുപൊടി എന്നിവ നിര്‍ത്തിക്കളഞ്ഞു. വളരെ അപൂര്‍വമായ രണ്ടു കോളങ്ങളായിരുന്നു ഇവ. നിര്‍ത്തില്ലെന്നാണ് കരുതിയിരുന്നത്. ഒരു പക്ഷേ, ഇനി പഴയതൊന്നും വേണ്ട, പുതിയവ തുടങ്ങാം എന്ന് മാനേജ്‌മെന്റ് പറഞ്ഞതാകാം.’

അഭിരുചിയില്‍ വരാവുന്ന മാറ്റത്തെ എങ്ങനെ മുന്‍കൂട്ടി മനസിലാക്കാന്‍ കഴിയും എന്ന ചോദ്യത്തോട് അഭിരുചിമാറ്റങ്ങളെ മുന്നില്‍ നിന്ന് നയിച്ച തോമസ് ജേക്കബിന്റെ മറുപടി ഇങ്ങനെ ആയിരുന്നു: ‘ഫോട്ടോഗ്രഫിയില്‍ ഇനിയും വിപ്ലവം വരുമെന്ന് ഫോട്ടോഗ്രാഫര്‍മാരുടെ യോഗത്തില്‍ ഞാന്‍ പറഞ്ഞിരുന്നു. പണ്ട് ഫിലിമിലായിരുന്നു ഫോട്ടോ എടുത്തിരുന്നത്. പന്ത്രണ്ട് ഫോട്ടോയെടുക്കാനേ കഴിയൂ. ഇന്ന് എത്ര ഫോട്ടോയും എടുക്കാവുന്ന രീതിയില്‍ ഫിലിമില്ലാത്ത ക്യാമറ വന്നു കഴിഞ്ഞു. ഇനി ക്യാമറയേ വേണ്ടാത്ത ഒരുകാലം വരുമോ എന്നാണ് ഞാന്‍ നോക്കുന്നത്. ഓഫീസിലെത്തി ഫോട്ടോഗ്രാഫര്‍ കണ്ണില്‍ നിന്ന് നേരിട്ട് പേജിലേക്ക് ഫോട്ടോ അയക്കുന്ന ഒരുകാലം വരുമോയെന്നാണ് ഞാന്‍ നോക്കുന്നത്. ഫോണ്‍ വന്നപ്പോള്‍ ബിസിനസ് കളയുമെന്ന് ഏതെങ്കിലും ക്യാമറാ കമ്പനികള്‍ കരുതിയിരുന്നോ? എല്ലാവരും ഫോട്ടോഗ്രാഫര്‍മാരായി. അഞ്ച് വര്‍ഷം കൊണ്ട് ക്യാമറാ കമ്പനികള്‍ പലതും നഷ്ടത്തിലേക്ക് പോയി. ഇത്തരം മാറ്റങ്ങള്‍ നേരത്തെ മനസിലാക്കി നിലനില്‍പിനുള്ള മാര്‍ഗങ്ങള്‍ കമ്പനി ആലോചിക്കണം.’

ഉത്തരത്തിലേക്ക് ഉദാഹരണങ്ങളിലൂടെ നല്‍കുന്ന സൂചനകളുടെ ശക്തി വെളിവാക്കിയ സന്ദര്‍ഭമായിരുന്നു ഈ വാക്കുകള്‍. മാധ്യമ പ്രവര്‍ത്തകര്‍ വാക്കുകള്‍ ഉപയോഗിക്കേണ്ടത് എങ്ങനെ എന്നതിന് ഒരു വഴികാട്ടി. അനുഭവങ്ങളുടെ ഈ മഹാനിക്ഷേപം ആത്മകഥയിലൂടെ മലയാളിക്ക് നല്‍കിക്കൂടേ എന്ന ചോദ്യത്തോട് ഇങ്ങനെയായിരുന്നു പ്രതികരണം: ‘എന്നെ കുറിച്ച് എഴുതുന്നത് ആലോചിച്ചിട്ടില്ല. ഞാന്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളെ കുറിച്ച് എഴുതാവുന്നതാണ്. ഉദാഹരണത്തിന്, കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പത്ത് എഡിറ്റോറിയല്‍ ആശയങ്ങളെ കുറിച്ച് ഒരധ്യായമാവാം. ഇതില്‍ ഏഴെണ്ണവും മറ്റ് പത്രങ്ങളില്‍ വന്നതായിരിക്കും. മനോരമയില്‍ വന്നതായിരിക്കണമെന്നില്ല.
ആറു മാസത്തേക്കാണ് ഞാന്‍ കോളം എഴുതിക്കാറുള്ളത്. അതു കഴിഞ്ഞാല്‍ പലരുടെയും കൈയിലുള്ള വിഷയം കഴിഞ്ഞിരിക്കും. അതുവരെ എഴുതാത്ത ആളുകളെ കൊണ്ട് കോളം എഴുതിച്ചതാണ് വിജയിച്ചത്.

സാഹിത്യകാരന്‍മാരുേടതെല്ലാം പലപ്പോഴായി പറഞ്ഞതാകും. ഡോ. എം വി പിള്ള, ഇ എം ശ്രീധരന്‍, മേഴ്‌സി രവി എന്നിവരുടെയൊക്കെ കൈയില്‍ പറയാത്ത കുറെ കാര്യങ്ങളുണ്ടായിരുന്നു. വളരെ മനോഹരമായിട്ടാണ് പലരും എഴുതിയത്. കെ എം റോയി ഒരു മാസം 20 പ്രസിദ്ധീകരണത്തിലാണ് എഴുതികൊണ്ടിരുന്നത്. ഇതെങ്ങനെ സാധിച്ചുവെന്ന് അറിയില്ല.’

രിസാലയെക്കുറിച്ച് തോമസ് ജേക്കബ് പറയുന്നത് കേള്‍ക്കാന്‍ ആകാംക്ഷയുണ്ടായിരുന്നു. അംഗീകാരം പോലെ വന്നുവീണ ആ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു: ”ഒരു പ്രസിദ്ധീകരണം ലൈവാണോ എന്നറിയണമെങ്കില്‍ അതില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ നോക്കിയാല്‍ മതി. മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കൈയില്‍ കിട്ടിയാല്‍ ആദ്യം വായിക്കുക രിസാലയാകും. ലേഖനങ്ങളുടെ വൈവിധ്യവും തലക്കെട്ടും എല്ലാം ശ്രദ്ധിക്കപ്പെടുന്നതു കൊണ്ടാണത്.”

തോമസ് ജേക്കബ്‌

You must be logged in to post a comment Login