ഇറാനെ ലക്ഷ്യമിട്ട് വീണ്ടും യുദ്ധക്കലി

ഇറാനെ ലക്ഷ്യമിട്ട് വീണ്ടും യുദ്ധക്കലി

ഒരു യുദ്ധം തുടങ്ങിയിട്ട് പതിനെട്ട് വര്‍ഷമായി. അത് അവസാനിപ്പിക്കാനുള്ള മാര്‍ഗം തേടി യുദ്ധം തുടങ്ങിയവരും അതിന്റെ ഇരകളും വട്ടമേശക്കുചുറ്റും ഇരിക്കുന്ന വിചിത്രമായ കാഴ്ചയ്ക്കിടയില്‍ മറ്റൊരു യുദ്ധത്തിന്റെ പെരുമ്പറ മുഴങ്ങുകയാണ്. ആരെയും അത് അമ്പരപ്പിക്കുന്നില്ല. കാരണം, യുദ്ധം കാണാനും അതു തുറന്നുവിടുന്ന കെടുതികള്‍ സഹിക്കാനും 21ാം നൂറ്റാണ്ടിലും മൂന്നാം ലോകരാജ്യങ്ങളിലെ ജനത വിധിക്കപ്പെട്ടിരിക്കുന്നുവെന്ന് നമ്മുടെ ഉപബോധമനസ്സ് ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. 2001 സെപ്തംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തവരുടെ ഉറവിടം തേടി, മുല്ല ഉമര്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ ഉസാമാ ബിന്‍ ലാദനെ പിടിച്ചുകൊണ്ടുപോകുന്നതിനു വേണ്ടി ജോര്‍ജ് ഡബ്ലൂ. ബുഷ് തുടങ്ങിവെച്ച യുദ്ധമാണ് 18 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും ‘ഭീകരവാദ’ത്തിനു ഒരന്ത്യവുമില്ലാതെ തുടര്‍ന്നുപോകുന്നത്. ഹിന്ദുകുഷ് പര്‍വതനിരയില്‍നിന്ന് അനശ്വരതയിലേക്ക് തള്ളിവിട്ട ഒരു ഉരുളന്‍ കല്ല് പോലെ, അനന്തമായി അത് നീണ്ടുപോവുകയാണെത്ര. യുദ്ധത്തിന്റെ വിശദാംശങ്ങള്‍ ഇനി ആരോടും പറഞ്ഞുപോകരുതെന്നാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ‘അഫ്ഗാന്‍ പുനര്‍നിര്‍മാണത്തില്‍’ ഏര്‍പ്പെട്ട സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ജോണ്‍ സോപ്‌കോയോട് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. എത്ര പ്രവിശ്യകള്‍ ഇപ്പോഴും താലിബാന്റെ അധീനതയിലുണ്ടെന്നോ താലിബാന്‍ സൈന്യത്തിന്റെ ആയുധക്കരുത്ത് എത്രയാണെന്നോ പുറംലോകം ഇനി അറിയരുത് എന്നാണ് നിര്‍ദേശം. അതുകൊണ്ട് തന്നെ ‘ന്യൂയോര്‍ക്ക് ടൈംസ്’ ഒരു മുഖപ്രസംഗത്തിന് കൊടുത്ത ശീര്‍ഷകം ‘പറയാന്‍ പറ്റാത്ത യുദ്ധം’ (Unspeakable War) എന്നാണ്. പ്രതിമാസം 2000 ആക്രമണങ്ങള്‍ ‘ഭീകരവാദികളില്‍നിന്ന് ‘ ഉണ്ടാവുന്നുണ്ടെന്നും സൈനികരെക്കാള്‍ സിവിലിയന്‍ സമൂഹമാണ് കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും മറച്ചുപിടിച്ച (ക്ലാസിഫൈഡ് ) റിപ്പോര്‍ട്ടില്‍ പരിഭവിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബറാക് ഹുസൈന്‍ ഒബാമ കാബൂള്‍ വരെ വന്ന് പാതിരാപാര്‍ട്ടിയില്‍ ചുട്ടകോഴി വിളമ്പി വിജയം ആഘോഷിച്ച ഒരു യുദ്ധത്തിന്റെ ഗതിയാണിത്.

വന്‍ശക്തികളെ സംബന്ധിച്ചിടത്തോളം യുദ്ധം അവസാനിപ്പിക്കാനുള്ളതല്ല, ബഹുരാഷ്ട്രകമ്പനികളില്‍ ഉല്‍പാദിപ്പിച്ചുവിടുന്ന ആയുധങ്ങള്‍ വിറ്റഴിക്കാനുള്ള ചന്തപ്പറമ്പ് മാത്രമാണ്. മൂന്നാം ലോകത്തിന്റെ ജനസംഖ്യാപെരുപ്പം നിയന്ത്രിക്കാനുള്ള പ്രഖ്യാപിത മാര്‍ഗം കൂടിയാണ് ‘കൊലാറ്ററല്‍ ഡാമേജ്’ ആയി വിശേഷിപ്പിക്കാറുള്ള കൂട്ട മനുഷ്യക്കുരുതി. അഫ്ഗാനില്‍ തുടങ്ങി, ഇറാഖും സിറിയയും ലബനാനുമൊക്കെ ഭൂപടത്തില്‍നിന്ന് മായ്ച്ചുകളയാന്‍ പാശ്ചാത്യശക്തികള്‍ നടത്തിയ ഏകപക്ഷീയ യുദ്ധങ്ങള്‍, ഇതിനകം എത്രപേരെ കൊന്നൊടുക്കി എന്ന കണക്ക് ലോകത്തിനു മുന്നിലില്ല. അങ്ങനെ കണക്കു സൂക്ഷിക്കേണ്ടതില്ലെന്നും യുദ്ധത്തിനു പച്ചക്കൊടി കാട്ടിയ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിനു പോലും ഈ ദിശയില്‍ ഒരു പ്രതിബദ്ധതയുമില്ലെന്നും 21ാം നൂറ്റാണ്ടിന്റെ ലോകവ്യവസ്ഥ വിളിച്ചുപറയുന്നു. സിറിയ എന്ന അതിപുരാതനമായ രാജ്യം തവിട്‌പൊടിയായി മാറിയപ്പോള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായ നാഗരിക തിരുശേഷിപ്പുകളെ കുറിച്ച് ഒരു പുരാവസ്തു സംരക്ഷകനും മിണ്ടുന്നില്ല. അഫ്ഗാനിലെ ബാമിയാനിലെ ബുദ്ധപ്രതിമകളോട് താലിബാന്‍ പോരാളികള്‍ കാട്ടിക്കൂട്ടിയ ക്രൂരതകളെ കുറിച്ചു അപലപിക്കുന്ന ഒരു ലോകം തന്നെയാണ്, ദശലക്ഷക്കണക്കിനു മനുഷ്യരെ വകവരുത്തിയതില്‍ അപാകത അശേഷമില്ല എന്ന അര്‍ഥത്തില്‍ മൗനം ദീക്ഷിക്കുന്നത്.

ഉപരോധവലയില്‍ ഇറാന്‍
ഒരു തുറന്ന യുദ്ധത്തിന്റെ മുന്നോടിയായി ഇറാനെതിരെ സാമ്പത്തിക ഉപരോധത്തിനു ആഹ്വാനം ചെയ്ത യു.എസ് ഭരണകൂടം, മുമ്പ് സദ്ദാം ഹുസൈന്റെ ഇറാഖിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം ആ രാജ്യത്തെ ജനങ്ങളെ എങ്ങനെ ബാധിച്ചു എന്നത് പാടേ വിസ്മരിക്കുകയാണ്. ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ (FAO) 1995ലെ കണക്കനുസരിച്ച് അമേരിക്കന്‍ ഉപരോധം മൂലം മാത്രം 5,67,000 കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അന്നത്തെ വിദേശകാര്യസെക്രട്ടറി മാഡെലീന്‍ ഓള്‍ൈബ്രറ്റിനോട് ഉപരോധം സൃഷ്ടിച്ച കുഞ്ഞുങ്ങളുടെ കൂട്ടമരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി രേഖയിലുണ്ട്: ‘We have heard that a half million children have died. I mean, that is more children than died in Hiroshima. And, you know, is the price worth it? …….I think this is a very hard choice, but the price, we think the price is worth it”- 50ലക്ഷം കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതായി ഞങ്ങള്‍ കേട്ടിട്ടുണ്ട്. അതായത്, ഹിരോഷിമയില്‍ മരിച്ചതിനെക്കാള്‍ കൂടുതല്‍. നിങ്ങള്‍ക്കറിയാമോ അത് അവര്‍ അര്‍ഹിക്കുന്ന വിലയാണെന്ന്. ഞാന്‍ മനസിലാക്കുന്നു, മറ്റൊരു വഴിയുമില്ലാത്തതിനാല്‍ അതിന്റെ വില അവര്‍ അര്‍ഹിക്കുന്നുണ്ടെന്ന്.’ അതെ, കുഞ്ഞുങ്ങള്‍ മരിച്ചുവീണതില്‍ ഒരപരാധവും കാണേണ്ടതില്ല എന്ന് ചുരുക്കം. അതിനു ശേഷമാണ്, കൂട്ടനശീകരണായുധം നശിപ്പിക്കാനെന്ന പേരില്‍ ഇറാഖ് ആക്രമിക്കുന്നതും സദ്ദാമിനെ പിടിച്ച് തൂക്കിലേറ്റുന്നതും. പതിറ്റാണ്ട് നീണ്ട ‘ഭീകരവിരുദ്ധ യുദ്ധത്തില്‍’ പിന്നീടും കൊന്നുതള്ളി ദശലക്ഷക്കണക്കിനു ഇറാഖികളെ. ഒടുവില്‍ ഇറാഖിലെ എണ്ണക്കിണറുകള്‍ പടിഞ്ഞാറന്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വീതം വെച്ചുകൊടുക്കാന്‍ പറ്റിയ പാവസര്‍ക്കാറിനെ പ്രതിഷ്ഠിച്ചു. എന്നിട്ടും യുദ്ധം അവസാനിച്ചില്ല. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ പേരിലായി അടുത്ത യുദ്ധം. മൊസൂളും കിര്‍ക്കുക്കുമെല്ലാം ധൂമപടലങ്ങളാക്കി തകര്‍ത്തെറിഞ്ഞു. രാജ്യാതിര്‍ത്തി ഭേദിച്ച് സിറിയയിലേക്കുമെത്തി ഐ.എസിന്റെ പേരിലുള്ള ബഹുമുഖ യുദ്ധം. സിറിയ എന്ന അതിപുരാതന രാജ്യത്തെ നശിപ്പിക്കുന്നതില്‍ അമേരിക്കയും സഖ്യകക്ഷികളും റഷ്യയും അറബ് രാജ്യങ്ങളും മല്‍സരിച്ചു. പഴയ കുരിശുയുദ്ധത്തിന്റെ പോര്‍മുഖങ്ങള്‍ വീണ്ടും തുറന്ന് എട്ട് നൂറ്റാണ്ട് മുമ്പ് സാധിക്കാത്തത് ഇപ്പോള്‍ നേടിയെടുത്തു. ഡമസ്‌കസിലെയും അലപ്പോയിലെയും അതിപുരാതന പള്ളികളടക്കം ബോംബിട്ട് തകര്‍ത്ത് ആ രാജ്യത്തെ നശിപ്പിച്ചു. അവിടുത്തെ ജനതയെയൊന്നാകെ അഭയാര്‍ഥികളായി യൂറോപ്യന്‍ രാജ്യങ്ങളുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞു. അതോടെ, ‘കുടിയേറ്റ പ്രശ്‌നം’ ആഗോളപ്രശ്‌നമാക്കി മാറ്റിയെടുത്ത് മുസ്‌ലിംകളെ ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ ഭിക്ഷ തെണ്ടിക്കുന്ന സമുഹമാക്കി പരിഹാസ്യരും നിന്ദിതരുമാക്കി.

ഐ.എസിന്റെ ആസ്ഥാനമെന്ന് പേരിട്ട് വന്‍ശക്തികള്‍ മല്‍സരിച്ച് ആയുധങ്ങള്‍ ചൊരിഞ്ഞ റഖ്ഖ എന്ന പട്ടണത്തില്‍ സൈന്യങ്ങള്‍ നടത്തിയ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പഠിക്കാന്‍ പുറപ്പെട്ട ആംനെസ്റ്റി ഇന്റര്‍നാഷനല്‍ നല്‍കുന്ന ഞെട്ടിക്കുന്ന കുറെ ചിത്രങ്ങള്‍, ഇറാനുമായി യുദ്ധമുഖം തുറക്കാന്‍ ട്രംപ് ഭരണകൂടം ശട്ടംകെട്ടുന്ന ഈ സന്ദര്‍ഭത്തില്‍ ലോകത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്. ‘ന്യൂയോര്‍ക്ക് ടൈംസി’ന് കൈക്കലാക്കാന്‍ കഴിഞ്ഞ 439 പേജ് വരുന്ന ആഭ്യന്തര റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്ന കുറെ സത്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ തലക്കെട്ട് തന്നെ ഐ.എസ് വിരുദ്ധ പോരാട്ടത്തിന്റെ മറവില്‍ യു.എസ് സൈന്യം തുറന്നുവിട്ട നിഷ്ഠൂരത അനാവരണം ചെയ്യുന്നതാണ് : Rhetoric Versus Reality: How the ‘the most precise air campaign in history’ left Raqqa the Most Destroyed City in Modern Times”- കൃത്യമായ വ്യോമകാമ്പയിന്‍ എന്ന പേരില്‍ നടത്തിയ സൈനികാക്രമണങ്ങള്‍, ആധുനിക കാലത്തെ ഏറ്റവും നാശകാരിയായ നടപടിയായി റഖ്ഖ പട്ടണത്തെ എങ്ങനെ തകര്‍ത്തെറിഞ്ഞു എന്ന് റിപ്പോര്‍ട്ട് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. കണ്ണില്‍കണ്ട സിവിലിയന്മാരെ മുഴുവന്‍ യന്ത്രത്തോക്കുകള്‍ കൊണ്ട് വെടിവെച്ചിടുന്ന , ഒരു യുദ്ധമുഖത്തും കേട്ടുകേള്‍വിയില്ലാത്ത കൈരാതം, സൈനിക മേധാവി മുതല്‍ സാധാരണ പട്ടാളക്കാരന്‍ വരെ പുറത്തെടുത്തപ്പോള്‍ ആയിരക്കണക്കിനു മുസ്‌ലിംകള്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നു. 30,000 ആര്‍ട്ടിലെറികള്‍ ആ പട്ടണത്തിനു നേരെ കൊണ്ടുവെച്ചു, തുരുതുരെ വെടിയുതിര്‍ക്കാന്‍. ആംനെസ്റ്റിക്കു മുന്നില്‍ മൊഴി നല്‍കിയ 11 വയസുള്ള ഫാത്വിമ എന്ന കുട്ടി യു.എസ് ബോംബുകള്‍ തന്റെ ജീവിതം എങ്ങനെയാണ് തകര്‍ത്തതെന്ന് വിവരിക്കുന്നുണ്ട്. പടിഞ്ഞാറന്‍ റഖ്ഖയുടെ പ്രാന്തപ്രദേശമായ ദര്‍ഇയ്യയില്‍ 2017 ജൂണ്‍ 10ന് നിലയുറപ്പിച്ച പീരങ്കികളില്‍ നിന്ന് ചീറിപ്പാഞ്ഞുവന്ന തോക്കുണ്ടകള്‍ ഉമ്മ അസീസയെയും മൂന്നുസഹോദരങ്ങളെയും നിമിഷങ്ങള്‍ക്കുള്ളില്‍ വകവരുത്തി. ഫാത്വിമയുടെ വലംകൈ നഷ്ടപ്പെട്ടു. ഇടതുകൈക്ക് സാരമായി പരിക്കേറ്റു. ഇടുങ്ങിയ ഒരു തെരുവില്‍ പട്ടാളം 16 പേരെയാണ് വെടിവെച്ചുവീഴ്ത്തിയത്. ഹറാത്തല്‍ ബദൂ എന്ന മറ്റൊരു പ്രാന്തപ്രദേശത്തെ അഞ്ചുനില കെട്ടിടത്തിനു മുകളില്‍ ബോംബ് വര്‍ഷിച്ചപ്പോള്‍ നിമിഷാര്‍ധം കൊണ്ട് 20 കുഞ്ഞുങ്ങളടക്കം 32പേര്‍ കൊല്ലപ്പെട്ടു. ഇതൊന്നും പുറംലോകം അറിഞ്ഞില്ല. അറിയിച്ചാല്‍ തന്നെ അതിനു വാര്‍ത്താമൂല്യം ഉണ്ടാകുമായിരുന്നില്ല. ലോകം ആഘോഷിച്ചത് ‘റഖ്ഖ ഐ.എസ് ഭീകരരില്‍നിന്ന് മോചിപ്പിച്ചു’ എന്ന വാര്‍ത്ത മാത്രമാണ്. പടിഞ്ഞാറ് കൊട്ടിഘോഷിക്കുന്ന ഓരോ ‘വിമോചന’ത്തിന്റെയും പിന്നില്‍, ഒരു നാഗരിക സമൂഹത്തിന്റെ ക്രൂരമായ അന്ത്യവും ആധുനിക ലോകം ലജ്ജിച്ചു തലതാഴ്ത്തുന്ന അതിദാരുണമായ മനുഷ്യാവകാശ ലംഘനങ്ങളും അടിഞ്ഞുകിടപ്പുണ്ട് എന്ന സത്യം ലോകം കാണാതെ പോകുന്നു.

വീണ്ടും പുകയുന്ന പശ്ചിമേഷ്യ
ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ് ) ഭീകരവാദികളെ പൂര്‍ണമായും നിഷ്‌കാസനം ചെയ്തുവെന്ന പ്രഖ്യാപനത്തോടെ, അറബ് ഇസ്‌ലാമിക ലോകത്ത് ഇനിയെങ്കിലും സമാധാനം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷ വെച്ചുപുലര്‍ത്തിയവരെ നിരാശപ്പെടുത്തുന്നതാണ് മേഖലയില്‍ ഘനീഭവിച്ചുകുടുന്ന യുദ്ധാന്തരീക്ഷം. അമേരിക്കയുമായും അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളുമായും ഒപ്പിട്ട ആണവ കരാറിലെ വ്യവസ്ഥകള്‍ മുഴുവന്‍ പാലിച്ചുവെന്ന് ഇറാന്‍ ആണയിട്ടു പറയുമ്പോഴും ആ രാജ്യത്തിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനും ഒറ്റപ്പെടുത്താനുമുള്ള നീക്കത്തിനു പിന്നില്‍ ഇസ്രയേലിന്റെ വലിയ അജണ്ടയുണ്ട്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇറാന്റെ ആണവ വ്യവസ്ഥാപാലനത്തിന് പച്ചക്കൊടി കാട്ടിയതുമാണ്. ഇറാന് വിദേശനാണയം നേടിക്കൊടുക്കുന്ന എണ്ണമേഖലയെ തകര്‍ത്ത് ആ രാജ്യത്തെ കൊല്ലാകൊല ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴത്തെ നീക്കം. മുമ്പ് ഇറാഖിനോടും കാണിച്ചത് ഇതേ ക്രൂരതയാണ്. അത്യപൂര്‍വമായ പ്രളയം മൂലം ഇറാന്‍ സമീപകാലത്തെ ഏറ്റവും വലിയ കെടുതികള്‍ തരണം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ഉപരോധവും യുദ്ധഭീഷണിയും. രാജ്യത്തെ 31 പ്രവിശ്യകളില്‍ 25ഉം വെള്ളത്തിനടിയിലായപ്പോള്‍ 150,000വീടുകളാണ് തകര്‍ന്നത്. പുനര്‍നിര്‍മാണത്തിന് ചുരുങ്ങിയത് 2.5 ബില്യന്‍ ഡോളര്‍ വേണ്ടിവരുമെന്ന വിദഗ്ധരുടെ കണക്കുകൂട്ടലുകള്‍ കണ്ടില്ലെന്ന് നടിച്ചാണ് ഒരു രാജ്യത്തോട് ഈ ക്രൂരത കാട്ടുന്നത്. ഉപരോധനീക്കത്തിനു എതിരെ പരസ്യമായി രംഗത്തുവന്നത് ചൈന മാത്രമാണ്. ഉപരോധത്തോട് തങ്ങള്‍ എതിരാണെന്നും തങ്ങളുടെ രാജ്യവുമായുള്ള ഇറാന്റെ ബന്ധവും ഇടപാടുകളും രാഷ്ട്രാന്തരീയ നിയമത്തിന്റെ അടിസ്ഥാനത്തിലുമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് തറപ്പിച്ചു പറയുകയുണ്ടായി. എന്നാല്‍, ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 25ശതമാനം ഇറാനില്‍നിന്നായിട്ടും അങ്കിള്‍സാമിന്റെ തിട്ടൂരം ശിരസ്സാവഹിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കയാണ് നരേന്ദ്രമോഡി സര്‍ക്കാര്‍.
പശ്ചിമേഷ്യയില്‍ ഇസ്രയേലിന്റെ പ്രഖ്യാപിത ശത്രു ഇറാനാണ്. ഇറാനെ നിഷ്പ്രഭമാക്കുക എന്ന ലക്ഷ്യത്തോടെ സയണിസ്റ്റുകള്‍ ആവിഷ്‌കരിച്ച ഇതഃപര്യന്ത പദ്ധതികള്‍ വിജയത്തിലെത്തിയില്ല എന്നത് അമേരിക്കയുടെ ഉറക്കം കെടുത്തുന്നുണ്ട്. ബെന്യാമിന്‍ നെതന്യാഹു നാലാമതും തുടര്‍ച്ചയായി അധികാരത്തിലേറിയതോടെ ട്രംപിന്റെ മരുമകനും സയണിസ്റ്റ് നേതാവുമായ ജരദ് കുഷ്‌നറുമായി ചേര്‍ന്ന് നടപ്പാക്കാന്‍ പോകുന്ന ‘ഈ നൂറ്റാണ്ടിന്റെ ഇടപാട് ‘ ( Deal of the Century ) പൂര്‍ത്തിയാകുമ്പോള്‍ ഫലസ്തീന്‍ എന്ന രാഷ്ട്രം ഭൂപടത്തില്‍നിന്ന് പൂര്‍ണമായി നിഷ്‌കാസനം ചെയ്യപ്പെടുന്നതോടൊപ്പം ഇസ്രയേലിനെ വെല്ലുന്ന ഒരു ശക്തി മേഖലയില്‍ ഉണ്ടാവാന്‍ പാടില്ല എന്ന് സയണിസ്റ്റ്ക്രൈസ്തവ മതമൗലികവാദികള്‍ക്ക് നിര്‍ബന്ധമുണ്ട്. ഇറാനെ തകര്‍ക്കുക മാത്രമാണ് അതിനുള്ള പോംവഴി. ഇറാനെ തകര്‍ക്കാനുള്ള എളുപ്പവഴി സാമ്പത്തികമായി ദുര്‍ബലപ്പെടുത്തുകയും സൈനികമായി വരിയുടക്കുകയുമാണ്. അതിന്റെ ഭാഗമായാണ് ഇറാന്റെ റവല്യൂഷനറി ഗാര്‍ഡിനെ ‘ഭീകരവാദി’ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വൈറ്റ് ഹൗസ് ഈയിടെ തീരുമാനമെടുത്തത്. ഇറാനെതിരായ ഏത് ആക്രമണത്തെയും ഭീകരവിരുദ്ധ പോരാട്ടത്തിന്റെ ഗണത്തില്‍പെടുത്തി പിണിയാളുകളുടെ പിന്തുണ നേടിയെടുക്കാമെന്നതാണ് തന്ത്രം. ഇറാനും അല്‍ഖാഇദയും തമ്മില്‍ അഭേദ്യമായി ബന്ധമുണ്ടെന്നും ഭീകരരെ പൂര്‍ണമായും ഉന്മൂലനം ചെയ്യുന്നതിനു ഇറാന്റെ നെറ്റ്‌വര്‍ക്കുകള്‍ തകര്‍ക്കേണ്ടതുണ്ടെന്നുമുള്ള ഒരു സിദ്ധാന്തം അമേരിക്ക പ്രചരിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ഇറാനെതിരായ യുദ്ധത്തില്‍ ആദ്യ’സഫില്‍’ തന്നെ അണിനിരക്കുക സഊദി അറേബ്യയടക്കമുള്ള അറബ് രാജ്യങ്ങളായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇസ്രയേലുമായി രഹസ്യബാന്ധവം നിലനിര്‍ത്തുന്ന അറബ് രാജാക്കന്മാരും ശൈഖുമാരും ഇറാനെ തകര്‍ക്കുന്ന വിഷയത്തില്‍ ഒറ്റക്കെട്ടാണ്. ഒരുപക്ഷേ, അയല്‍രാജ്യമായ തുര്‍ക്കി മാത്രമായിരിക്കും ചൈനയോടൊപ്പം ഇറാന് അനുകൂല നിലപാട് സ്വീകരിക്കാന്‍ പോകുന്നത്.

ഇറാനും അമേരിക്കയും തമ്മില്‍ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ആദ്യം തിളച്ചുമറിയുക ഹോര്‍മുസ് കടലിടുക്കിലെ ഉപ്പുവെള്ളമായിരിക്കും. യുദ്ധമുഖം ആദ്യം തുറക്കപ്പെടുന്നതും ആഗോള എണ്ണനീക്കത്തിന്റെ 25ശതമാനവും കടന്നുപോകുന്ന ഈ കപ്പല്‍ പാതയിലാവും. കഴിഞ്ഞദിവസം ഫുജൈറ തീരത്തുവെച്ച് രണ്ട് സഊദി എണ്ണക്കപ്പലടക്കം നാലെണ്ണം ആക്രമിക്കപ്പെട്ടതായുള്ള റിപ്പോര്‍ട്ട് യുദ്ധമണി മുഴങ്ങാന്‍ തുടങ്ങിയതിന്റെ ആദ്യലക്ഷണമാണ്. യു.എസ് വിദേശകാര്യസെക്രട്ടറി മൈക് പോംപിയോ ആഴ്ചകള്‍ക്ക് മുമ്പ് നല്‍കിയ ഒരു മുന്നറിയിപ്പുണ്ട്: ഇറാനോ അല്ലെങ്കില്‍ അവരുടെ പരോക്ഷ ഏജന്റുമാരോ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കും പൗരന്മാര്‍ക്കും എതിരെ വല്ല നീക്കവും നടത്തിയാല്‍ ‘താമസംവിനാ നിര്‍ണായക’ പ്രതികരണം പ്രതീക്ഷിച്ചുകൊള്ളുക എന്ന്. ഇറാനെതിരെ തിരിയാന്‍ കാരണം എന്തെന്ന് വിശദീകരിക്കുന്നതിനിടയില്‍ പ്രതികാരത്തിന്റെ സ്വരം കയറിവരുന്നുണ്ട്. ”But Iran’s 40 years of killing American soldiers, attacking American facilities and taking American hostages is a constant reminder that we must defend ourselves”കഴിഞ്ഞ നാല്പത് വര്‍ഷത്തെ ഇറാന്റെ ചെയ്തികളെയാണ് യു.എസ് വക്താവ് തോണ്ടിയിടുന്നത്. അമേരിക്കക്കാരെ ബന്ദികളായി പിടിച്ചതും യു.എസ് സൈനികരെ വധിച്ചതും അമേരിക്കന്‍ സംവിധാനങ്ങളെ ആക്രമിച്ചതുമൊന്നും തങ്ങള്‍ മറന്നിട്ടില്ലെന്നും ഞങ്ങള്‍ സ്വയം പ്രതിരോധിക്കേണ്ടതുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ ഭാഷ്യം. വിദേശകാര്യ സെക്രട്ടറിയുടെ വാക്കുകള്‍ രണ്ടും കല്‍പിച്ചിട്ടുള്ളതാണ്. അമേരിക്ക ആരെങ്കിലുമായി ഏറ്റുമുട്ടണമെന്ന് ആഗ്രഹിച്ചാല്‍ അതിനുള്ള കാരണങ്ങള്‍ അവര്‍ തന്നെ ചമച്ചുകൊള്ളും. ഇറാന്റെ ഇരുമ്പ്, സ്റ്റീല്‍, അലുമിനിയം, ചെമ്പ് മേഖലയുടെമേലാണ് അമേരിക്ക ഉപരോധത്തിലൂടെ പിടിമുറുക്കിയിരിക്കുന്നത്. ആണവായുധങ്ങളും ഭൂഖണ്ഡോത്തര ബാലിസ്റ്റിക് മിസൈലുകളും വികസിപ്പിക്കുന്നത് തടയാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. എന്നാല്‍, സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ 60 ദിവസത്തിനുള്ളില്‍ ആണവസമ്പുഷ്ടീകരണം നടത്താന്‍ ഇറാന് ശേഷിയുണ്ടെന്ന് തെഹ്‌റാന്‍ ഇതിനകം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. യു.എസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ, ഇറാനെതിരെ യുദ്ധം പ്രഖ്യാപിക്കാന്‍ ട്രംപിന് അധികാരമില്ലെന്ന് ജനപ്രതിനിധികള്‍ ഇതിനകം വെട്ടിത്തുറന്നുപറഞ്ഞിട്ടുണ്ട്. ആ വാക്കുകള്‍ വിശ്വസിച്ച് ലോകത്തിന് സമാശ്വസിക്കാന്‍ നിര്‍വാഹമില്ല. കാരണം, ട്രംപ് എന്ന മതവംശീയഭ്രാന്തന്‍ വൈറ്റ് ഹൗസില്‍ അന്തിയുറങ്ങുമ്പോള്‍ ഏത് സാഹസത്തിലേക്കും അങ്കിള്‍സാം എടുത്തുചാടാം. ഇസ്രയേലിന്റെ ഹിതാഹിതങ്ങള്‍ക്ക് മുന്നില്‍ അമേരിക്കക്ക് മറുവാക്കില്ല എന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്.

ജനാധിപത്യപരമായും നിയമപരമായും ദുര്‍ബലമായ, അതേസമയം, വംശീയതയിലും അമിതദേശീയതയിലും അധിഷ്ഠിതമായ ശക്തമായ ഒരു തുടര്‍ഭരണമായിരിക്കും ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നാലാം വരവോടെ ഇസ്രയേല്‍ കാണാന്‍ പോകുന്നത് എന്നിടത്താണ് മേഖല അപകടത്തിലേക്ക് എടുത്തെറിയപ്പെടുകയല്ലേ എന്ന ആശങ്ക വര്‍ധിപ്പിക്കുന്നത്. ഇത്തരമൊരു ഭരണത്തിന് വൈറ്റ്ഹൗസിന്റെ പൂര്‍ണ ആശീര്‍വാദവും പിന്തുണയും ഉണ്ടാവുമെന്നതാണ് പ്രശ്‌നം ഗുരുതരമാക്കുന്നത്. ഇസ്രയേല്‍ ഇന്ന് ഭരിക്കുന്നത് നെതന്യാഹു മാത്രമല്ല, യു.എസ് പ്രസിഡന്റ് ട്രംപിന്റെ മരുമകനും സയണിസ്റ്റ് നേതാവുമായ ജരദ് കുശ്‌നര്‍കൂടിയാണ്. വൈറ്റ്ഹൗസില്‍ ഇതിനു മുമ്പും സയണിസ്റ്റുകള്‍ കുടിയേറിപ്പാര്‍ത്തിട്ടുണ്ടെങ്കിലും കുശ്‌നറിനെ പോലെ അപകടകാരിയായ ഒരു ജൂതപക്ഷപാതി മുമ്പുണ്ടായിട്ടില്ല. സാഹചര്യം തീര്‍ത്തും ഇറാന് എതിരാണ്. ചൈനയും റഷ്യയും എന്തുനിലപാട് സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു മേഖലയുടെ ഭാവി. അറബ് ഇസ്‌ലാമിക ലോകത്ത് സ്വാസ്ഥ്യം പുലര്‍ന്നുകാണാന്‍ ആഗ്രഹിക്കാത്ത നികൃഷ്ട ശക്തികളുടെ കൈകളിലാണ് ലോകത്തിന്റെയും മേഖലയുടെയും നിയന്ത്രണം എന്ന് വരുമ്പോള്‍ യുദ്ധക്കലി മൂത്ത് ഏത് നിമിഷവും പൊട്ടിത്തെറി സംഭവിച്ചേക്കാം.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login