പ്രാണനാണീ പ്രാണികള്‍

പ്രാണനാണീ പ്രാണികള്‍

എപ്പോഴാണ് അവസാനമായി നിങ്ങളുടെ ചായക്കപ്പിലേക്ക് ഒരു പ്രാണി വന്നു വീണത്? ഉജ്ജ്വലമായി പ്രകാശിക്കുന്ന നിരത്തുവിളക്കിനു കീഴില്‍ നില്‍ക്കുമ്പോള്‍ നിങ്ങളുടെ കുപ്പായക്കഴുത്തില്‍ ഒരു പ്രാണി പാറി വീണതെന്നാണ്? ഇക്കാലത്ത് പ്രാണികള്‍ ജാലകച്ചില്ലുകളില്‍ വന്നിടിക്കുന്നതോ സൂര്യവെളിച്ചത്തില്‍ മൂളിപ്പറക്കുന്നതോ അപൂര്‍വ്വമാണ്. അതൊരു നല്ല കാര്യമാണെന്ന് കരുതുന്നുണ്ടെങ്കില്‍, വീണ്ടുമൊന്ന് ആലോചിക്കൂ.

ഏകദേശം 5.5 ദശലക്ഷം പ്രാണിവര്‍ഗങ്ങളാണ് നമ്മുടെ ഭൂമിയില്‍ മൂളിപ്പറക്കുകയും ഇഴയുകയും പമ്മി നടക്കുകയും ചെയ്യുന്നത്. എന്നാല്‍ ബയോളജിക്കല്‍ കണ്‍സര്‍വേഷന്‍ എന്ന മാസികയില്‍ ഈയ്യടുത്ത് പ്രസിദ്ധീകരിച്ച ശാസ്ത്രീയ പഠനമനുസരിച്ച് അവയില്‍ നാല്പതു ശതമാനവും വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ നാമാവശേഷമാകും. അത് ചീത്ത വാര്‍ത്തയാണെന്നാണ് പ്രാണികളെ കുറിച്ചു പഠിക്കുന്ന ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.

പ്രാണികള്‍ ആവാസവ്യവസ്ഥക്ക് ചെയ്തു കൊടുക്കുന്ന സേവനങ്ങളെ കുറിച്ചുള്ള നമ്മുടെ അറിവ് പരിമിതമാണ്. നേരു പറഞ്ഞാല്‍ പ്രാണിവര്‍ഗങ്ങളില്‍ 89 ശതമാനത്തിനു പേരു പോലും നല്‍കിയിട്ടില്ലെന്നാണ് സുവളോജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ മുന്‍ ഡയറക്ടറായ പി. ടി. ചെറിയാന്‍ പറയുന്നത്. ആഗോളവ്യാപകമായി പ്രാണികളിലുണ്ടായ കുറവ് ഇന്ത്യയെയും ബാധിക്കുന്നുവെന്ന് വിശ്വസിക്കുന്ന നിരവധി ശാസ്ത്രജ്ഞന്മാരിലൊരാളാണ് അദ്ദേഹം.
സമകാലിക പ്രാണി വിജ്ഞാനീയത്തിന്റെ തലമുതിര്‍ന്ന വഴികാട്ടിയും ബംഗളൂരുവിലെ ഗാന്ധി കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ പ്രൊഫസര്‍ എമിററ്റസുമായ സി എ വിരക്തമത് ഇലച്ചാടികളായ പ്രാണികളെ കുറിച്ച് ആധികാരികമായി പറയാന്‍ കഴിവുള്ളയാളാണ്. ”1970 കളുടെ ആദ്യത്തില്‍ ഗണ്‍ഹില്‍ഡ എന്ന വര്‍ഗത്തില്‍ പെട്ട ഇലച്ചാടിയെ തേടി നിരവധി തവണ ഞാന്‍ കൂനൂര്‍ സന്ദര്‍ശിച്ചു. മുമ്പ് ആ പ്രാണിയെ അവിടെ കണ്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. ”പക്ഷേ,ഞാനോ എന്റെ വിദ്യാര്‍ത്ഥികളോ മറ്റാരെങ്കിലുമോ ഇന്നു വരെ അതിനെ അവിടെ കണ്ടെത്തിയിട്ടില്ല. ഇലച്ചാടികളുടെ ഒരു വര്‍ഗം തന്നെ ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു!’

‘പണ്ടത്തെ പോലെ ഇപ്പോള്‍ നിങ്ങള്‍ക്ക് പ്രാണികളെ കുറിച്ച് കേള്‍ക്കാനാകില്ല.’ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ സെന്റര്‍ ഫോര്‍ ഇക്കളോജിക്കല്‍ സ്റ്റഡീസിന്റെ ചെയര്‍മാനായ രോഹിണി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രാണികളുടെ, പ്രത്യേകിച്ചും ചീവിടുകളുടെ ശബ്ദങ്ങളെ കുറിച്ച് പ്രത്യേകമായി പഠിച്ച ശാസ്ത്രജ്ഞയാണ് രോഹിണി. ‘അവയുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. അത് നമ്മെ അലോസരപ്പെടുത്തേണ്ട കാര്യമാണ്,’ വര്‍ധിച്ചു വരുന്ന നഗരവല്കരണത്തെ അതിന്റെ കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടിക്കൊണ്ട് രോഹിണി പറഞ്ഞു.
മറ്റ് ഇന്ത്യന്‍ പ്രാണി ശാസ്ത്രജ്ഞന്മാര്‍ക്കും ഇതു പോലുള്ള കഥകള്‍ പറയാനുണ്ട്. ബംഗളൂരുവിലെ ഗാന്ധി കൃഷി വിജ്ഞാന്‍ കേന്ദ്രയുടെ സസ്യോദ്യാനത്തില്‍ നിന്ന് 1990കളില്‍ താന്‍ ശേഖരിച്ച രണ്ടിനം വണ്ടുകളെ ഇപ്പോള്‍ കാണാനില്ലെന്ന് തിരുവനന്തപുരത്ത് വെള്ളായണിയിലുള്ള കോളേജ് ഓഫ് അഗ്രക്കള്‍ച്ചറിലെ പ്രതാപന്‍ ദിവാകരന്‍ പറഞ്ഞു. ‘ബ്രീട്ടീഷ് ഇന്ത്യയിലെ ജീവജാലങ്ങളായി രേഖപ്പെടുത്തിയിട്ടുള്ള പലതിനെയും കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പയറുചെടികളെ ആക്രമിക്കുന്ന നിശാശലഭങ്ങളെ നൈസര്‍ഗികമായി നശിപ്പിക്കുന്ന കടന്നല്‍വര്‍ഗത്തിലൊന്നായ കാംപോലെറ്റിസ് ക്ലോറിഡേക്കും അതു തന്നെയാണ് സംഭവിക്കുന്നതെന്ന് ബംഗളൂരുവിലെ നാഷണല്‍ ബ്യൂറോ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ഇന്‍സെക്റ്റ് റിസോഴ്‌സസിന്റെ ഡയറക്ടര്‍ ചന്ദിഷ് ബല്ലാല്‍ പറഞ്ഞു. പയറിന്റെ വിത്തറകളില്‍ ഈ കടന്നലുകളുടെ 70 ശതമാനം സാന്നിധ്യം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചന്ദിഷ് ബല്ലാല്‍ 1990ല്‍ തന്റെ ഗവേഷണപ്രബന്ധത്തിനായി അക്കാര്യം പഠിച്ചപ്പോള്‍ പയറുവര്‍ഗങ്ങളില്‍ ഈ കടന്നലിന്റെ 20 ശതമാനം സാന്നിധ്യം മാത്രമാണു കണ്ടത്. കീടനാശിനികളുടെ ഉപയോഗമാണോ ഇതിനു കാരണം? രേഖകളുടെ അഭാവം ഈ ചോദ്യത്തെ ഉത്തരമില്ലാത്തതാക്കുന്നു.
ഡെറാഡൂണിലെ വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ വി പി ഉണിയല്‍ മിന്നാമിനുങ്ങുകളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവാണ് ചൂണ്ടിക്കാണിക്കുന്നത്. അവയുടെ അവസ്ഥ മനസിലാക്കാന്‍ ഒരു പഠനത്തിന് തയാറെടുക്കുകയാണ് അദ്ദേഹം.
ഇങ്ങനെ പലയിനം പ്രാണികളെ പലയിടങ്ങളില്‍ നിന്നും കാണാതായതിന്റെയും അവയുടെ എണ്ണം കുറഞ്ഞതിന്റെയും അനുഭവകഥകള്‍ എമ്പാടുമുണ്ട്. പക്ഷേ എന്തു കൊണ്ടാണ് നാമത് കാര്യമായെടുക്കാത്തത്?

നാം പ്രാണികളെ കൊണ്ടുള്ള പ്രയോജനങ്ങള്‍ കാണാതെ, അവയുടെ ഉപദ്രവം മാത്രം കാണുന്നതാണ് ഈ അവഗണനയുടെ പ്രധാന കാരണമെന്നു തോന്നുന്നു. ഉദാഹരണത്തിന് ശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും ലാര്‍വകളായ പുഴുക്കളെ നാം കീടങ്ങളായി പരിഗണിക്കുന്നുണ്ട്. നമ്മുടെ ആഹാരം നശിപ്പിക്കുന്നുവെന്ന കാരണത്താല്‍ അവയെ നാം കൊന്നൊടുക്കുന്നു. എന്നാല്‍ ആ പുഴുക്കള്‍ വളര്‍ന്നുണ്ടാകുന്ന ശലഭങ്ങള്‍ പഴങ്ങളുണ്ടാകാന്‍ അത്യാവശ്യമായ പരാഗണത്തില്‍ പ്രധാന പങ്കുവഹിക്കുന്നുവെന്ന് നാം മറന്നുപോകുന്നു. ഇന്ത്യയിലെ ഏതാണ്ടെല്ലാ വിളകള്‍ക്കും, തേനീച്ചകളും മറ്റു പ്രാണികളും പരാഗണത്തിനായി ആവശ്യമുണ്ട്. എണ്ണക്കുരുക്കള്‍,പച്ചക്കറികള്‍,പയറുവര്‍ഗങ്ങള്‍,പഴങ്ങള്‍ തുടങ്ങിയവ അതിന് ഉദാഹരണമാണ്.

പ്രാണികള്‍ക്ക് സാമ്പത്തിക പ്രാധാന്യവുമുണ്ട്. 113 രാജ്യങ്ങളിലെ 3000 ഗോത്രവര്‍ഗങ്ങള്‍ 1500 തരം പ്രാണികളെ ആഹാരമാക്കുന്നുണ്ട്-

പുല്‍ച്ചാടികള്‍,ചീവീടുകള്‍,വണ്ടുകള്‍,പുഴുക്കള്‍. കിഴക്കന്‍ അരുണാചല്‍ പ്രദേശിലെ ആറ് തദ്ദേശഗോത്രങ്ങള്‍ ആഹാരമാക്കുന്ന 51 ഇനം പ്രാണികളെ രാജീവ് ഗാന്ധി സര്‍വ്വകലാശാലയിലെ ഝര്‍ന ചക്രവര്‍ത്തിയും സംഘവും രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രാണികള്‍ വൈവിധ്യമാര്‍ന്ന വിഭാഗങ്ങളില്‍ പെട്ട പല ജീവികളുടെയും ആഹാരമാണ്. തവളകളും പക്ഷികളും ഇഴജാതികളും നിരവധി സസ്തനികളും പ്രാണിതീറ്റക്കാരാണ്. പ്രാണികളുടെ എണ്ണം കുറയുന്നത് അവയെ തിന്നു ജീവിക്കുന്ന ജീവികളുടെയും എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്. കുടിവെള്ളത്തിന്റെ സ്രോതസ്സായ തടാകങ്ങളും അരുവികളും പോഷകങ്ങളുടെ കാര്യത്തില്‍ മോശമാണ്. അവയിലേക്ക് വീഴുന്ന പ്രാണികളാണ് ആവശ്യത്തിന് കാര്‍ബണും നൈട്രജനും ഫോസ്ഫറസും ഈ ആവാസവ്യവസ്ഥകളില്‍ നിറയ്ക്കുന്നത്. ജലസമൂഹങ്ങളുടെ ചലനാത്മകത ഉറപ്പു വരുത്തുന്നത് പ്രാണികളാണെന്ന് ചെന്നൈയിലെ സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ കെ എ സുബ്രഹ്മണ്യം പറഞ്ഞു. ”പുത്തനും ആധുനികവുമായ കീടനാശിനികള്‍, അവ ആവാസവ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ പഠിക്കാതെ ഉപയോഗിക്കുന്നത് മണ്ണിനെയും ജലത്തെയും മലിനമാക്കി. ഉപകാരികളും കാര്‍ഷികരംഗവുമായി ബന്ധപ്പെട്ടതുമായ നിരവധി ജലപ്രാണികള്‍ അതോടെ അപ്രത്യക്ഷമായി.”

തുമ്പികളെ കുറിച്ച് പഠിച്ചിട്ടുള്ള സുബ്രഹ്മണ്യം അവയുടെ സാധാരണ ഇനങ്ങള്‍ ഇപ്പോഴുമുണ്ടെങ്കിലും അരുവികളെയും തടാകങ്ങളെയും ചുറ്റിപ്പറ്റി ജീവിച്ചിരുന്നവ കീടനാശിനികളുടെ ഉപയോഗത്താല്‍ നശിച്ചു പോയതായി പറഞ്ഞു. ജലോപരിതലങ്ങളില്‍ ജീവിച്ചിരുന്ന മറ്റു പല പ്രാണികളുടെയും നാശത്തെ കുറിച്ച് പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.

പരാഗണത്തിനു പുറമേ, ജൈവികമായ കീടനിയന്ത്രണവും ആഹാരം നല്‍കലും ജൈവ പദാര്‍ത്ഥങ്ങളെ പുനചംക്രമണം ചെയ്യലും തേനും പട്ടുനൂലും അരക്കും വിവിധ ഔഷധങ്ങളും ഉല്പാദിക്കലും പ്രാണികളുടെ പ്രയോജനങ്ങളാണ്. പ്രാണികളുടെ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രാധാന്യം പരിഗണിക്കുമ്പോള്‍ അവയുടെ തിരോധാനങ്ങളെ കുറിച്ച് കൂടുതല്‍ ഉത്കണ്ഠയുണ്ടാകേണ്ടതല്ലേ?

ഇന്ത്യയിലെ കൃഷി ശാസ്ത്രജ്ഞന്മാരുടെ പഠനങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം കീടങ്ങളിലും അവരുടെ പൊതുവായ ശത്രുക്കളിലും കേന്ദ്രീകരിച്ചായിരിക്കും. പ്രാണികളുടെ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കല്‍ ഒരിക്കലും നാഷണല്‍ ബ്യൂറോ ഓഫ് അഗ്രികള്‍ച്ചറല്‍ ഇന്‍സെക്റ്റ് റിസോഴ്‌സസിന്റെ പ്രധാന ലക്ഷ്യമായിരുന്നില്ലെന്നു തന്നെ പറയാം. കാര്‍ഷികമായി പ്രയോജനമുള്ള പ്രാണികളെ തിരിച്ചറിയലും അവ വര്‍ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തലും കീടങ്ങളെ നശിപ്പിക്കാനുള്ള പുതിയ വഴികള്‍ കണ്ടെത്തലുമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം. എന്നാല്‍ വിവരങ്ങളുടെയും അവ രേഖപ്പെടുത്തലിന്റെയും അഭാവമാണ് ഇന്ത്യയിലെ പ്രാണികളെ സംബന്ധിച്ച ഖേദകരമായ വസ്തുതയെന്ന് പല ശാസ്ത്രജ്ഞന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ‘കാട്ടില്‍ പരാഗണം നടത്തുന്ന തേനീച്ചകളെ കുറിച്ചും അവയുടെ എണ്ണത്തെ ബാധിക്കുന്ന ഘടകങ്ങളെ കുറിച്ചും ജീവിതചക്രത്തെ കുറിച്ചും ആവാസവ്യവസ്ഥയെക്കുറിച്ചും വിളകളുമായുള്ള ബന്ധത്തെക്കുറിച്ചും അവയുടെ നാശത്തിന്റെ കാരണങ്ങളെ കുറിച്ചും വളരെക്കുറച്ചേ നമുക്കറിയൂ,’ ഗാന്ധി കൃഷി വിജ്ഞാന്‍ കേന്ദ്രയിലെ ആരതി പന്നൂര്‍ പറഞ്ഞു. പരാഗണം നടത്തുന്ന തേനീച്ചകളെ കുറിച്ചാണ് ആരതി ഗവേഷണം നടത്തുന്നത്. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തിനുള്ളില്‍ നാല്പതു ശതമാനത്തിലധികം തേനീച്ചകളും ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. ഈച്ചകളും നിശാശലഭങ്ങളും വേട്ടാളന്മാരും വണ്ടുകളും ശലഭങ്ങളും പോലെയുള്ള, അതിപ്രധാനമായ പരാഗണസഹായികളായ പ്രാണികളെ കുറിച്ച് വിവരശേഖരണം നടന്നിട്ടേയില്ല.

”കിഴക്കന്‍ ഹിമാലയത്തില്‍ നിന്ന് ശലഭങ്ങളുടെ സ്‌പെസിമനുകള്‍ ഞങ്ങള്‍ ശേഖരിക്കുകയും സൂക്ഷിച്ചു വെക്കുകയും ചെയ്തു തുടങ്ങിയിട്ടുണ്ട്,” കൊല്‍ക്കത്തയിലെ സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ കൈലാഷ് ചന്ദ്ര പറഞ്ഞു. ഇന്ത്യന്‍ പ്രാണികളെ കുറിച്ച് ഇതു വരെ ലഭ്യമായ ഏക സമഗ്ര രേഖ ഇരുപതാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഫോണ ഓഫ് ബ്രിട്ടീഷ് ഇന്ത്യയാണ്. എന്നാല്‍ ആ പുസ്തകത്തില്‍ വിവരിക്കപ്പെട്ടിട്ടുള്ള പ്രാണികള്‍ ഇന്ത്യന്‍ പ്രാണിശാസ്ത്രജ്ഞര്‍ക്ക് എളുപ്പത്തില്‍ ലഭ്യമല്ല. അവയിലേറെയും യൂറോപ്പിലെ മ്യൂസിയങ്ങളിലാണുള്ളത്!

ആവാസവ്യവസ്ഥയിലുള്ള മാറ്റമാണ് പ്രാണികളെ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത്. നഗരവല്‍കരണവും മലിനീകരണവും പ്രാണിജാലത്തിന് അറുതി വരുത്തിയിരിക്കുന്നു. പ്രാണികള്‍ ചെടികളോടൊത്താണ് ജീവിക്കുന്നത്. വേഗം വളരുന്ന വരത്തന്മാരായ ചെടികള്‍ നാട്ടുചെടികളെ തുരത്തുമ്പോള്‍ പ്രാണികള്‍ക്ക് ആഹാരവും പ്രത്യുല്പാദനം നടത്താനുള്ള അവസരവും നഷ്ടപ്പെടുന്നു. ചില പ്രാണികള്‍ വളരെ കുറച്ച് എണ്ണം മാത്രമേ നിലനില്ക്കൂ. അവയാണ് പാരിസ്ഥിതിക മാറ്റങ്ങളുണ്ടാകുമ്പോള്‍ ആദ്യം അപ്രത്യക്ഷമാകുന്നത്. മരത്തോലില്‍ പടരുന്ന പൂപ്പുകള്‍ക്കുള്ളില്‍ ജീവിക്കുന്ന ഒരു തരം ചെള്ളുകള്‍ ഇതിന് ഉദാഹരണമാണ്. വായുമലിനീകരണം കൂടുമ്പോള്‍ പൂപ്പുകള്‍ അപ്രത്യക്ഷമാകും. മരങ്ങള്‍ തുരുതുരെ വെട്ടിവീഴ്ത്തപ്പെടുകയും ചെയ്യുന്നതോടെ ചെള്ളുകളുടെ അതിജീവനം അസാധ്യമാകുന്നു.

കാലാവസ്ഥാമാറ്റങ്ങളും പ്രാണികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മഴയുടെ വിതരണത്തിലുണ്ടായ മാറ്റം സസ്യജാലങ്ങളെയും അതുവഴി പ്രാണികളുടെ നിലനില്‍പ്പിനെയും മാറ്റിമറിച്ചു. സാങ്കേതികത മൂലമുണ്ടാകുന്ന മലിനീകരണവും പ്രാണിനാശത്തിന്റെ കാരണങ്ങളിലൊന്നാണ്. സെല്‍ ഫോണ്‍ വികിരണം തേനീച്ചയുടെ സ്വഭാവരീതികളില്‍ മാറ്റങ്ങളുണ്ടാക്കിയുണ്ട്. ഇക്കാര്യത്തില്‍ പഠനവിധേയമായ തേനീച്ചക്കൂടില്‍ ഒടുക്കം മുട്ടകളോ പൂമ്പൊടിയോ തേനോ ഇല്ലാതായി!

പ്രാണികളുടെ നഷ്ടമെന്ന പ്രതിഭാസത്തെ ഇന്ത്യ ഇനിയെന്നാണ് ശ്രദ്ധിച്ചു തുടങ്ങുന്നത്? പേരിട്ടതും അറിയുന്നതുമായ പ്രാണികളുടെയും പേരിടാത്തതും അറിയാത്തതുമായ പ്രാണികളുടെയും അവസ്ഥയെക്കുറിച്ചുള്ള വിവരശേഖരണത്തിനുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍കയ്യെടുക്കുമോ?

ഗീതാ അയ്യര്‍

You must be logged in to post a comment Login