സ്തുതിപാഠകര്‍ക്ക് പട്ടും വളയും

സ്തുതിപാഠകര്‍ക്ക് പട്ടും വളയും

ലോക്‌സഭയിലെ തന്റെ കന്നി പ്രസംഗത്തിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് അംഗം മഹുവ മൊയ്ത്ര മാധ്യമ ശ്രദ്ധ നേടി. മാധ്യമങ്ങള്‍ മറന്നുതുടങ്ങിയ നിലവിലെ സാഹചര്യത്തെ രൂക്ഷമായ രീതിയില്‍ അവതരിപ്പിക്കുകയായിരുന്നു അവര്‍. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും മാധ്യമങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുമുള്‍പ്പെടുന്ന പ്രധാന പ്രശ്‌നങ്ങളെ അവര്‍ പറഞ്ഞുവെച്ചു. മഹുവയുടെ പ്രസംഗത്തെ മാധ്യമങ്ങള്‍ കാര്യമായി തന്നെ ആഘോഷിച്ചു. മഹുവയുടെ വസ്ത്രധാരണാരീതിയെയും മേക്ക്അപ്പിനെയും കുറിച്ച് സംസാരിക്കാനും ചിലര്‍ മറന്നില്ല. ബി ജെ പിയുടെ പൗരത്വ രജിസ്റ്ററിനെതിരെ മഹുവ ഉന്നയിച്ച കടുത്ത വിമര്‍ശനം, വിദ്യാഭ്യാസയോഗ്യതക്ക് തെളിവില്ലാത്ത ഭരണകര്‍ത്താക്കളാണ് ദശാബ്ദങ്ങളായി ഇന്ത്യന്‍ മണ്ണിലുള്ള സാധാരണക്കാരോട് പൗരത്വത്തിന് തെളിവ് നല്‍കാന്‍ ആവശ്യപ്പെടുന്നതെന്നാണ്. മഹുവ ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇന്ത്യയുടെ രാഷ്ട്രീയസാഹചര്യത്തില്‍ കൂടുതല്‍ പ്രാധാന്യം ഉണ്ടാവുകയാണ്. പത്രസ്വാതന്ത്ര്യത്തെ കുറിച്ച് തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ട വിധം അനുദിനം വെല്ലുവിളികള്‍ വര്‍ധിക്കുന്നു.
മോഡി സര്‍ക്കാര്‍ ഇന്ത്യയിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യം നല്‍കില്ലെന്ന പ്രസ്താവന നടത്തി. ദ ഹിന്ദു, ടൈംസ് ഗ്രൂപ്പ്, ടെലഗ്രാഫ് എന്നീ മാധ്യമസ്ഥാപനങ്ങള്‍ക്കാണ് പരസ്യം നല്‍കേണ്ടെന്ന് തീരുമാനിച്ചത്. റാഫേല്‍ കരാറില്‍ മോഡി ഗവണ്‍മെന്റിനും അംബാനിക്കുമുള്ള പങ്ക് പുറത്തുവിട്ടതിന് എന്‍. റാമിന് ഭരണകൂടത്തില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിട്ടുണ്ട്. ടൈംസ് നൗ അധികാരികള്‍ പ്രതികരിച്ചത്, സര്‍ക്കാറിന് അതൃപ്തിയുണ്ടാക്കും വിധമുള്ള വാര്‍ത്തകള്‍ വന്നതാകാം കാരണമെന്നാണ്. ടൈംസ് നൗ ചാനല്‍ തിരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്രമോഡി തിരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിച്ചു, തിരഞ്ഞെടുപ്പ് കമ്മീഷന്‍ വേണ്ട വിധത്തിലുള്ള ഇടപെടലുകള്‍ നടത്തിയില്ല എന്നീ വിമര്‍ശനങ്ങളുമായി പാനല്‍ ചര്‍ച്ചകള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. മോഡിക്ക് അതൃപ്തിയുണ്ടാക്കിയത് ഈ സംഭവം തന്നെയാകണം. വാര്‍ത്തകളുടെ എഡിറ്റോറിയല്‍ തീരുമാനങ്ങളില്‍ സര്‍ക്കാറിന് അതൃപ്തിയുണ്ടാക്കാതെ ശ്രദ്ധിച്ചില്ലെങ്കില്‍ പരസ്യം നിര്‍ത്തലാക്കുകയെന്നത് ശിക്ഷാനടപടി ആക്കിയിരിക്കുകയാണ് ഭരണകൂടം. ഇന്ത്യന്‍ ന്യൂസ്‌റൂമുകളുടെ സ്വാതന്ത്ര്യം അഫ്ഗാനിസ്ഥാനും, മ്യാന്‍മറിനും താഴെയാണെന്നുള്ള ംീൃഹറ ുൃല ൈളൃലലറീാ ശിറലഃന്റെ റിപ്പോര്‍ട്ടിനെ വ്യക്തമായി സാധൂകരിക്കുന്നതാണ് പ്രധാന പത്രങ്ങള്‍ക്കുനേരെയുള്ള ഇത്തരം നിയന്ത്രണങ്ങള്‍. കോണ്‍ഗ്രസ് എം.പി അധിര്‍ രഞ്ജന്‍ ചൗധരി മാധ്യമങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന മോഡി സര്‍ക്കാര്‍ നീക്കങ്ങളെ ചൂണ്ടിക്കാണിച്ചിരുന്നു. നരേന്ദ്രമോഡി നേടിയെടുത്ത വലിയ വിജയം മാധ്യമങ്ങളോടു അരിശവും അസഹിഷ്ണുതയും പ്രകടിപ്പിക്കാനുള്ള ജനവിധിയല്ല. വ്യക്തമായ കാരണങ്ങളില്ലാതെ രാജ്യമാകമാനം പ്രചാരത്തിലുള്ള പത്രങ്ങളെ വരുതിയിലാക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. ടൈംസ് ഗ്രൂപ്പ് ഇന്ത്യയിലെ വന്‍കിട സ്ഥാപനമാണ്. ഗവണ്മെന്റ് പരസ്യങ്ങള്‍ കിട്ടാതാകുന്നത് അവര്‍ക്ക് തീര്‍ച്ചയായും വലിയ നഷ്ടങ്ങള്‍ വരുത്താന്‍ മാത്രമുള്ളതല്ല. പക്ഷേ നിങ്ങള്‍ അനുസരണയുള്ളവരായിരിക്കണം എന്നുപറയാതെ പറയുന്ന ഭരണകൂട നയം ഫലത്തില്‍ മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ തീരുമാനങ്ങള്‍ക്കെതിരായ അതിക്രമങ്ങളാണ്. പരസ്യങ്ങളുടെ നിരോധനത്തിന് നരേന്ദ്ര മോഡി സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടിയിരിക്കുന്നു. മാധ്യമ പ്രവര്‍ത്തനത്തിന് ബി.ജെ.പി നല്‍കിയ അനുശാസനങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഭരണകൂടം ഒരു മാധ്യമ പുരസ്‌കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്; ‘നാരദ സമ്മാന്‍’ എന്ന പേരില്‍. ചലം െഘമൗിറൃ്യ നടത്തിയ അന്വേഷണത്തില്‍ പത്രസ്വാതന്ത്ര്യത്തെ മുഖവിലക്കെടുക്കാത്ത ഈ പുരസ്‌കാരത്തെ പറ്റി വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ‘ഇന്നു ചില മാധ്യമങ്ങള്‍ വസ്തുതകള്‍ക്ക് പകരം വ്യക്തിപരമായ അഭിപ്രായങ്ങളാണ് വാര്‍ത്തകളാക്കുന്നത്. മാധ്യമങ്ങള്‍ പത്രസ്വാതന്ത്ര്യമെന്താണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. അതൊരിക്കലും അനന്തമായ സ്വാതന്ത്ര്യമല്ല.’ എന്നാണ് പുരസ്‌കാര കമ്മിറ്റി പറയുന്നത്. മാധ്യമങ്ങള്‍ ആര്‍ എസ് എസിനെ കാലങ്ങളായി വിനാശകാരികളായി ചിത്രീകരിച്ചത് കൊണ്ടാണ് സമൂഹത്തില്‍ നിരവധി തെറ്റിദ്ധാരണകളുണ്ടായത്. ഇത്തരത്തിലുള്ള തെറ്റുധാരണകളെ ഇല്ലായ്മ ചെയ്യാന്‍ കൂടിയാണ് പുരസ്‌കാരം നല്‍കി ഭാഷാപത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതെന്നും അഭിപ്രായപ്പെട്ടു. മാധ്യമസ്വാതന്ത്ര്യത്തിന്റെ അളവും തൂക്കവും നല്‍കാന്‍ നിര്‍ണ്ണയിക്കാന്‍ സ്വയം ഉത്തരവാദിത്വമേറ്റെടുത്തിരിക്കുകയാണ് നാരദ സമ്മാന്റെ പ്രചാരകര്‍. നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ നടത്തി പുരസ്‌കാരങ്ങള്‍ നേടുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം, ആര്‍ എസ് എസിന്റെ വാക്കുകളില്‍ ‘ഇന്ത്യയിലെ ആദ്യത്തെ മാധ്യമപ്രവര്‍ത്തകനായിരുന്ന നാരദ മുനിയുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കുന്നവരും’ മാധ്യമപ്രവര്‍ത്തകര്‍ എന്ന പേരില്‍ അറിയപ്പെടും.

പക: ഖുറേഷിക്ക് കയറ്റമില്ല
സൊഹ്റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ പേരില്‍ രണ്ടുദിവസം അമിത് ഷായെ പോലീസ് തടങ്കലില്‍ വെക്കാന്‍ ഉത്തരവിട്ടതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് ഖുറേഷിയുടെ ഉദ്യോഗകയറ്റത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും മുഖ്യധാരാ മാധ്യമങ്ങളില്‍ ഉള്‍പേജുകളിലെ കോളങ്ങളായോ പൂര്‍ണ്ണമായും പ്രസിദ്ധീകരിക്കപ്പെടാതെയോ വാര്‍ത്ത ഒതുക്കിത്തീര്‍ത്തു. വര്‍ഗീയ ഖുറേഷിയുടെ നിയമനത്തില്‍ ഭരണകൂടം ഇടപെടലുകള്‍ നടത്തുന്നത്, ഗുജറാത്തിന്റെ മാരക മാതൃക ഇന്ത്യന്‍ ജനാധിപത്യത്തെ പൂര്‍ണമായി കവര്‍ന്നുകൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ്.

സൈറ വസീം
ഇന്ത്യയില്‍ തുടര്‍ സംഭവങ്ങളായിക്കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങള്‍ക്കിപ്പോള്‍ സമയമില്ല. ജാര്‍ഖണ്ഡില്‍ തബ്രീസ് എന്ന യുവാവാണ് അവസാനമായി വര്‍ഗീയ ആള്‍ക്കൂട്ടത്തിന്റെ മതവെറിയുടെ ഇരയായത്. ജനങ്ങളില്‍ ആശങ്ക ജനിപ്പിക്കുന്ന മനുഷ്യത്വവിരുദ്ധമായ ആള്‍ക്കൂട്ട ആക്രമണ വാര്‍ത്തകള്‍ക്ക് സ്വീകാര്യത പോരാ എന്ന് മാധ്യമങ്ങള്‍ക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു. നരേന്ദ്ര മോഡിഭരിക്കുന്ന ഇന്ത്യയിലെ മധ്യവര്‍ഗങ്ങളുടെ സ്വീകരണമുറിയില്‍ മുസ്‌ലിംകളെ ജയ് ശ്രീറാം വിളിപ്പിച്ച് കൊലപ്പെടുത്തിയ വാര്‍ത്തകള്‍ ഇനിയും വേണമെന്നില്ല. പക്ഷേ എന്‍ ഡി ടി വി ഉള്‍പ്പെടെയുള്ള ചാനലുകള്‍ക്ക് ചര്‍ച്ച നടത്താന്‍ ഒരു ട്വിറ്റര്‍ കുറിപ്പ് മതി. അമീര്‍ ഖാന്റെ ദംഗല്‍ സിനിമയിലൂടെ പ്രസിദ്ധി നേടിയ നടി സൈറ വസീം അഭിനയജീവിതവും വിശ്വാസവും തമ്മില്‍ സംഘട്ടനം നടക്കുന്നതിനാല്‍ അഭിനയം നിര്‍ത്തിയെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. സൈറ വസീമിന്റെ ‘അപക്വമായ’ തീരുമാനത്തെ കീറിമുറിച്ചു പരിശോധിക്കാന്‍ മാധ്യമങ്ങളെത്തി. തന്റെ വ്യക്തിപരമായ തീരുമാനങ്ങളെ ട്വിറ്ററിലൂടെ പങ്കുവെച്ച് സിനിമാവ്യവസായത്തെ വിമര്‍ശിക്കുന്നത് ശരിയല്ല എന്നിങ്ങനെയുള്ള അഭിപ്രായങ്ങള്‍ പുറത്തുവന്നു. തസ്‌ലീമ നസ്രിന്‍ സൈറയുടെ തീരുമാനത്തെ അങ്ങേയറ്റം മൗഢ്യമെന്നാണ് വിലയിരുത്തിയത്. സൈറയുടെ തീരുമാനം തീര്‍ത്തും വൈയക്തികമായിരുന്നു. അതില്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ തിരഞ്ഞെടുത്ത് സംപ്രേക്ഷണം ചെയ്യേണ്ട ഉത്തരവാദിത്വമൊന്നും മാധ്യമങ്ങള്‍ക്കില്ല. എന്നാല്‍ പാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് വിഷയത്തിന് ആവശ്യമില്ലാത്ത ഗൗരവവും പ്രാധാന്യവും മാധ്യമങ്ങള്‍ നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി നുസ്രത് ജഹാന്‍ സിന്ദൂരം ധരിക്കുന്നതും ദുര്‍ഗ പൂജയില്‍ പങ്കെടുക്കുന്നതും ഇന്ത്യയിലെ ലിബറല്‍ പത്രങ്ങള്‍ക്ക് ആശങ്ക നല്‍കില്ല. ന്യൂനപക്ഷങ്ങളുടെ ജീവിതവും വിശ്വാസവും ഭീകരവല്‍കരിക്കുന്ന, ഒറ്റപ്പെടുത്തുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ സൈറയുടെ തീരുമാനത്തെയും, സ്വകാര്യതയെയും മാനിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. സൈറ വസീം മറ്റൊരു ഘട്ടത്തില്‍ അഭിനയജീവിതത്തിലേക്ക് തിരിച്ചുവരികയാണെങ്കില്‍ അതിനെയും ഉള്‍കൊള്ളാനുള്ള മനോഭാവവും, സഹിഷ്ണുതയും ഉണ്ടാകേണ്ടിയിരിക്കുന്നു. സൈറ വസീം ഇസ്‌ലാമിനെ ഉയര്‍ത്തിപ്പിടിക്കുന്നത് മുസ്‌ലിംകള്‍ക്ക് വലിയ നേട്ടമൊന്നുമല്ല. പക്ഷേ തീര്‍ച്ചയായും അതിന് രാഷ്ട്രീയ മാനങ്ങളുണ്ട്. അവരുടെ തീരുമാനത്തെ ഇസ്‌ലാം മതവിശ്വാസിയായി എന്ന കാരണംകൊണ്ട് മാത്രം ക്രൂശിക്കാന്‍ മാധ്യമങ്ങള്‍ക്കും അധികാരമില്ല.

അപകടകരമായ റിപ്പോര്‍ട്ടിംഗ്
കാലാവസ്ഥാവ്യതിയാനത്തിന്റെ വെല്ലുവിളികള്‍ ലോകമെമ്പാടും പ്രതിഫലിക്കുന്ന ഘട്ടത്തില്‍, പരിസ്ഥിതി വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയെന്നത് എളുപ്പമല്ല. പലപ്പോഴും പരിസ്ഥിതി സംബന്ധിത വിഷയങ്ങളില്‍ രാഷ്ട്രീയസ്വാധീനം പ്രബലമായിട്ടുണ്ട് എന്നതുതന്നെ കാരണം. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഖനി മാഫിയകളാണ് പരിസ്ഥിതിയെ ഏറ്റവുമധികം ദുര്‍ബലപ്പെടുത്തുന്നത്. അവര്‍ക്കുള്ള രാഷ്ട്രീയ സ്വാധീനവും ശക്തമാണ്. ഖനി മാഫിയകളോടു ഇന്ത്യയില്‍ ശക്തമായ പോരാട്ടം നടത്തുന്നത് ആദിവാസിഗോത്രങ്ങളാണ്. അത്തരം ജനതയുടെ വര്‍ഗസമരത്തെ കുറിച്ച് മാധ്യമങ്ങളിലുള്ള അടയാളപ്പെടുത്തലുകള്‍ പഠനവിധേയമാക്കേണ്ടതുണ്ട്. ഇന്ത്യയില്‍ മണല്‍മാഫിയക്കെതിരെ റിപ്പോര്‍ട്ട് ചെയ്തതിനാണ് മാധ്യമപ്രവര്‍ത്തകന്‍ പ്രതാപ് പത്രയ്ക്ക് നേരെ ജീവന്‍ അപായപ്പെടുത്തും വിധമുള്ള ആക്രമണമുണ്ടായത്. ഒഡീഷ ഡെയ്‌ലി സമാജില്‍ റിപ്പോര്‍ട്ടറായ പ്രതാപ് നിയമവിരുദ്ധമായി മണല്‍വാരല്‍ നടത്തുന്നവര്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. 2017ല്‍ ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്ധ്യ രവിശങ്കറിന് നേരെയും ദ വയറില്‍ മണല്‍ മാഫിയക്കെതിരെ എഴുതിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പേരില്‍ അക്രമണമുണ്ടായിട്ടുണ്ട്. പ്രതാപ് പത്രക്ക് തലയില്‍ ഗുരുതരമായ പരിക്കാണ് സംഭവിച്ചിരിക്കുന്നത്. C-P-J (Comittee to protect journalist) റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ പരിസ്ഥിതി ചൂഷണത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയെന്നത് അപകടകരമാണ്. ഇന്ത്യയിലെ അന്തരീക്ഷം തന്നെയാണ് ലോകത്തിലെ മറ്റു ഭാഗങ്ങളിലും പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ അഭിമുഖീകരിക്കേണ്ടിവരുന്നത്. ദ ഗാര്‍ഡിയന്‍ തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്താകമാനമുള്ള ഖനി വ്യവസായത്തെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും തന്നെയില്ല. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ അതിന്റെ സത്യാവസ്ഥതേടി പോവുകയാണെങ്കില്‍ അവരെ അപകടപ്പെടുത്തുന്നു. പരിസ്ഥിതി ചൂഷണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് ‘ടീള േആലമ’േ ആയി കാണാന്‍ കഴിയില്ല എന്നാണ് ഗാര്‍ഡിയന്‍ പറഞ്ഞുവെക്കുന്നത്. 10 വര്‍ഷത്തിനിടെ 13 മാധ്യമപ്രവര്‍ത്തകര്‍ പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ നടത്തുന്നതിനിടെ കൊല്ലപ്പെട്ടിട്ടുണ്ട്. റഷ്യയിലെ മോസ്‌കോവില്‍ വനാന്തരങ്ങളിലൂടെയുള്ള റോഡ് നിര്‍മ്മാണത്തിന് പ്രതികൂലമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകരെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ഗ്രീന്‍ ബ്ലഡ് എന്ന പേരില്‍ പുതിയ പരമ്പരയിലൂടെ പരിസ്ഥിതി സംബന്ധിച്ച വിഷയങ്ങളിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ ഗൗരവത്തെ ചര്‍ച്ചയാക്കുകയാണ് ഗാര്‍ഡിയന്‍. ഗ്രീന്‍ ബ്ലഡ് പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ മിക്കവയും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന മാഫിയകളെ കുറിച്ചും അവര്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി വിനാശത്തെ കുറിച്ചും മുന്നറിയിപ്പ് നല്‍കുന്നു. റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാനവശം, പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ ഭൂരിഭാഗവും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ളതാണ്. കമ്പനിയുടെ ഖനികള്‍ ദൂരപ്രദേശങ്ങളിലായതുകൊണ്ടു തന്നെ പ്രത്യക്ഷമായി കമ്പനികള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദികളാകേണ്ടി വരുന്നില്ല. അപകടത്തില്‍പ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ ഉദാഹരണങ്ങള്‍ നിരവധിയാണ്. ഇന്നും മാധ്യമപ്രവര്‍ത്തകരില്‍ ഭയം സൃഷ്ടിച്ച് ജോലിയില്‍ ആഴത്തിലുള്ള പഠനവും അന്വേഷണവും നടത്താതെ പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ ബാഹ്യശക്തികള്‍ ശ്രമിക്കുന്നു.
നബീല പാനിയത്ത്‌

You must be logged in to post a comment Login