5ജി സങ്കീര്‍ണ പ്രശ്‌നമാണ് ഭയക്കാന്‍ കാരണങ്ങളുണ്ട്

5ജി സങ്കീര്‍ണ പ്രശ്‌നമാണ് ഭയക്കാന്‍ കാരണങ്ങളുണ്ട്

ലോകത്ത് ഉപഗ്രഹാധിഷ്ഠിത ആശയവിനിമയത്തിന്റെ നാലാംതലമുറ ലോകത്ത് പ്രാവര്‍ത്തികമായിട്ട് ഒരുദശകം പിന്നിടുന്നതേയുള്ളൂ. തടസം കൂടാതെയുള്ള മൊബൈല്‍ – ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ സാധ്യമാക്കുന്നതില്‍ വലിയ മുന്നേറ്റമാണ് ഇതിലൂടെ കൈവരിക്കാനായത്. ഈ സേവനങ്ങളുടെ അഞ്ചാം തലമുറയിലേക്ക് വേഗത്തില്‍ നീങ്ങാനൊരുങ്ങുകയാണ് ലോകം. അമേരിക്കയും ദക്ഷിണ കൊറിയയും 5ജി പ്രാബല്യത്തിലാക്കികഴിഞ്ഞു. സ്വീഡന്‍, നോര്‍വെ, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഐസ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ 5ജിയിലേക്ക് മാറുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചുകഴിഞ്ഞു. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ സാധ്യമാക്കുന്നതിനുള്ള ലൈസന്‍സും സ്‌പെക്ട്രവും അനുവദിക്കുന്നതിലൂണ്ടായ കാലതാമസം ഇന്ത്യയിലെ ഈ മേഖലയിലുള്ള മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. എങ്കിലും 5ജി പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഉന്നതതല സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചുകഴിഞ്ഞു. 2020 ആകുമ്പോഴേക്കും പരീക്ഷണാടിസ്ഥാനത്തില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. എന്തായാലും ആശയവിനിമയ രംഗത്തെ പുതിയ സാധ്യതകള്‍ അടിസ്ഥാന പ്രശ്‌നങ്ങളെ അപ്രസക്തമാക്കും വിധത്തിലുള്ള പ്രതീക്ഷകള്‍ ജനിപ്പിച്ചുകഴിഞ്ഞു.
5ജിയുടെ തുടക്കത്തെ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് രാജ്യത്തെ വ്യവസായ സമൂഹം തന്നെയാണ്. വിവരങ്ങളുടെ അതിവേഗത്തിലുള്ള കൈമാറ്റം നിലവില്‍ സാധ്യമല്ലാത്തതുകൊണ്ട് കൃത്രിമ ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പ്രയോഗം നമ്മുടെ രാജ്യത്ത് പ്രാവര്‍ത്തികമായിട്ടില്ല. ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങള്‍ ഇതിനൊരു ഉദാഹരണമാണ്. ഡ്രൈവറില്ലാത്ത കാറുകള്‍ ഇതിനകം തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മറ്റു കാറുകളുമായും ഗതാഗത നിയന്ത്രണ സംവിധാനങ്ങളുമായും ബന്ധിപ്പിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഇത്തരം കൃത്രിമ ബുദ്ധിയുള്ള കാറുകള്‍ നിരത്തിലിറക്കാനാകൂ. ഇതടക്കം ദൂരദേശത്തുള്ള റോബോട്ടുകളെ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ വരെ നടപ്പാകണമെങ്കില്‍ വിവരകൈമാറ്റം അതിവേഗത്തില്‍ നടത്താന്‍ പാകത്തിലുള്ള 5ജി പ്രാബല്യത്തിലാകേണ്ടതുണ്ട്.
സ്ഥല – കാല ഭേദത്തെ ഏതാണ്ട് പൂര്‍ണമായും ഇല്ലാതാക്കുന്നതാണ് പുതിയ സാങ്കേതികവിദ്യ എന്ന് ഈ രംഗത്തെ വിദഗ്ധര്‍ അവകാശപ്പെടുന്നു. എല്ലാറ്റിനെയും നമ്മുടെ അടുത്തേക്ക് എത്തിക്കുന്നു, വിവിധ സാങ്കേതികവിദ്യകളെ ഏകോപിപ്പിക്കാന്‍ സഹായിക്കുന്നു, അങ്ങനെ പലതും ഇതിന്റെ നേട്ടങ്ങളായി വിശേഷിപ്പിക്കപ്പെടുന്നു. കൃഷി, ആരോഗ്യം തുടങ്ങിയ മേഖലകളിലൊക്കെ വലിയ മുന്നേറ്റത്തിന് സഹായകമാകും 5ജി എന്നും വിലയിരുത്തലുണ്ട്. ഗ്രാമീണ മേഖലകളില്‍ ജീവിക്കുന്നവരുടെ അടിയന്തര ആവശ്യങ്ങളോട് വേഗത്തില്‍ പ്രതികരിക്കാനുള്ള അവസരവും തുറന്നിടുമെന്നാണ് വിദഗ്ധരുടെ പക്ഷം.
ഇതൊക്കെയാണെങ്കിലും പുതിയ സാങ്കേതികവിദ്യയ്ക്കായി നല്‍കേണ്ടിവരുന്ന വില എന്തായിരിക്കുമെന്ന ആശങ്ക ആരോഗ്യരംഗത്തെ പല വിദഗ്ധരും മുന്നോട്ടുവെക്കുന്നുണ്ട്. ആരോഗ്യം, പരിസ്ഥിതി എന്നീ മേഖലകളില്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങളുടെ ‘നിധി പേടകം’ തുറക്കുന്നത് കൂടിയായി മാറും 5ജി എന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഭയം വെറുതെയല്ല
റേഡിയോ ഫ്രീക്വന്‍സി (വയര്‍ ബന്ധിതമല്ലാത്ത സംവിധാനങ്ങള്‍ക്കുള്ളത്), ഇലക്‌ട്രോ മാഗ്നറ്റിക് ഫീല്‍ഡ് (വയര്‍ ബന്ധിതമായ സംവിധാനങ്ങള്‍ക്കുള്ളത്) എന്നിവ സൃഷ്ടിക്കുന്ന റേഡിയേഷനെക്കുറിച്ച് പലവിധത്തിലുള്ള പഠനങ്ങള്‍ ലോകവ്യാപകമായി നടക്കുന്നുണ്ട്. എലികളിലും മനുഷ്യരിലും ഈ റേഡിയേഷനുണ്ടാക്കുന്ന ആഘാതം എന്താണ് എന്നതിലൂന്നിയായിരുന്നു പഠനങ്ങള്‍. മനുഷ്യരില്‍ കാന്‍സറിന് കാരണമായേക്കാം ഇത്തരം റേഡിയേഷനുകള്‍ എന്ന നിഗമനത്തിലാണ് ഏതാണ്ട് എല്ലാ പഠനങ്ങളും എത്തിയത്. ലോക ആരോഗ്യ സംഘടനയുടെ ഇന്റര്‍നാഷനല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (ഐ എ ആര്‍ സി) ഇത്തരം പഠനങ്ങളെ അവലോകനം ചെയ്ത് 2011ല്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു.

അമേരിക്കന്‍ ഐക്യനാടുകളിലെ പരിസ്ഥിതിക്കും ആരോഗ്യത്തിനും വേണ്ടിയുള്ള ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് 2018ല്‍ മറ്റൊരു റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. 3ജി, 4ജി സേവനങ്ങള്‍ പ്രദാനം ചെയ്യാന്‍ ഉപയോഗിക്കുന്ന 900 മെഗാ ഹെര്‍ട്‌സിന്റെ റേഡിയോ, ഇലക്‌ട്രോ മാഗ്നറ്റിക് തരംഗങ്ങള്‍ നാഡികളെ ബാധിക്കുന്ന അര്‍ബുദത്തിന് കാരണമാകുന്നുണ്ടെന്ന കണ്ടെത്തലാണ് ഈ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ആണ്‍ എലികളിലും പെണ്‍ എലികളിലുമായിരുന്നു പരീക്ഷണങ്ങള്‍. 3ജി, 4ജി സേവനങ്ങള്‍ക്കുപയോഗിക്കുന്ന തരംഗങ്ങള്‍ പ്രസരിപ്പിക്കുന്ന റേഡിയേഷന്‍ എലികളുടെ തലച്ചോറില്‍ കാന്‍സറായി മാറിയേക്കാവുന്ന ട്യൂമറുകള്‍ ഉണ്ടാക്കുന്നുണ്ടെന്നും കണ്ടെത്തി.

2018ല്‍ തന്നെ ഇറ്റലിയിലെ സീസര്‍ മള്‍ടോണി കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ മറ്റൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 1.8 ജിഗാ ഹെര്‍ട്‌സിന്റെ റേഡിയോ, ഇലക്‌ട്രോ മാഗ്നറ്റിക് തരംഗങ്ങള്‍ എലികളിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചാണ് ഇറ്റലിയിലെ സ്ഥാപനം പഠിച്ചത്. ഈ തരംഗങ്ങള്‍ സൃഷ്ടിക്കുന്ന റേഡിയേഷന്‍ നാഡികളെയും തലച്ചോറിനെയും ബാധിക്കുന്ന അര്‍ബുദങ്ങള്‍ക്ക് കാരണമാകുന്നുവെന്നായിരുന്നു കണ്ടെത്തല്‍. വികിരണങ്ങള്‍ രോഗസാധ്യത വര്‍ധിപ്പിക്കുന്നതായും പഠനം കണ്ടെത്തി.
600 മെഗാ ഹെര്‍ട്‌സിനും 86 ജിഗാ ഹെര്‍ട്‌സിനുമിടയിലുള്ള റേഡിയോ, ഇലക്‌ട്രോ മാഗ്നറ്റിക് തരംഗങ്ങളാണ് 5ജി സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിനായി ഉപയോഗിക്കുന്നത്. മേല്‍ വിവരിച്ച പഠനങ്ങളെല്ലാം ഇത്തരം തരംഗങ്ങളില്‍ നിന്നുണ്ടാകുന്ന വികിരണങ്ങളുടെ ആഘാതത്തെക്കുറിച്ചായിരുന്നു. അര്‍ബുദം മാത്രമല്ല ഭീഷണി. 5ജി സേവനങ്ങള്‍ക്കുപയോഗിക്കുന്ന തരംഗങ്ങളില്‍ നിന്നുള്ള വികിരണങ്ങള്‍ 20 അസുഖങ്ങള്‍ക്ക് കാരണമാകാമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, ടൈപ്പ് 2 പ്രമേഹം, ഡിപ്രഷന്‍, ഉത്കണ്ഠ, അത്മഹത്യാപ്രവണത തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും കാരണമാകാം.

ജീവജാലങ്ങളുടെ ജൈവപ്രക്രിയയുമായി യോജിച്ച് പോകുന്ന ഒന്നല്ല ഇത്തരം കൃത്രിമ വികിരണങ്ങളെന്ന് കാനഡയിലെ മക്ഗില്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ പോള്‍ ഹെറോ ചൂണ്ടിക്കാട്ടുന്നു. ജീവന്‍ നിലനിര്‍ത്തുന്നതില്‍ പ്രധാനമായ സൂക്ഷ്മ കോശങ്ങളുടെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ ഇത്തരം വികിരണങ്ങള്‍ തടസ്സപ്പെടുത്തും. ഇതിന് തെളിവുകളുണ്ട്. അതെല്ലാം കാലങ്ങളായി അവഗണിക്കപ്പെട്ടിരിക്കുന്നു. സെല്‍ ഫോണുകളുടെ ഉപയോഗം ഇനിയും കൂടാന്‍ 5ജി കാരണമാകും. ഫോണില്‍ നിന്നും അശയവിനിമയം സുഗമമാക്കാന്‍ സ്ഥാപിക്കുന്ന ബേസ് സ്റ്റേഷനുകളില്‍ നിന്നുമുള്ള വികിരണത്തിന് ജീവജാലങ്ങള്‍ കൂടുതല്‍ വിധേയരാകും. ഇതിന്റെ ആഘാതത്തിന് കൂടുതല്‍ ഇരകളാകുക കുട്ടികളായിരിക്കുമെന്ന് പ്രൊഫസര്‍ പോള്‍ ഹെറോ പറഞ്ഞു. 5ജി സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്ന തരംഗങ്ങള്‍ മനുഷ്യശരീരത്തിലേക്ക് കൂടുതലായി കടന്നുകയറും. പല സ്രോതസുകളില്‍ നിന്നുള്ള ഇലക്‌ട്രോ മാഗ്നെറ്റിക് സിഗ്‌നലുകളെ സംയോജിപ്പിച്ചാണ് 5ജി പ്രവര്‍ത്തിക്കുക എന്നതിനാല്‍ അപകട സാധ്യത കൂടുതലാണെന്നും പ്രൊഫസര്‍ ഹെറോ പറയുന്നു.

ലോകമാകെ ആശങ്ക
40 രാജ്യങ്ങളില്‍ നിന്നുള്ള 230 ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞരും അടുത്തിടെ സമ്മേളിച്ച്, പുതിയ സാഹചര്യം ഉയര്‍ത്തുന്ന വെല്ലുവിളി വിശദമായി ചര്‍ച്ചചെയ്തിരുന്നു. 5ജി സേവനങ്ങള്‍ തുടങ്ങുമ്പോള്‍ ഉണ്ടാകാന്‍ ഇടയുള്ള അപകടങ്ങളെക്കുറിച്ച് സ്വതന്ത്രമായ പഠനം നടത്തണമെന്ന് ഈ സമ്മേളനം ആവശ്യപ്പെട്ടിട്ടുണ്ട്. സേവനങ്ങള്‍ ഉടന്‍ തുടങ്ങാനുള്ള പദ്ധതി മരവിപ്പിക്കാന്‍ സ്വീഡന്‍ മുതല്‍ ഐസ്‌ലന്‍ഡ് വരെയുള്ള നോര്‍ദിക് രാജ്യങ്ങളോട് സമ്മേളനം ആവശ്യെപ്പട്ടു. ഇന്ത്യയടക്കം 36 രാജ്യങ്ങളില്‍ നിന്നുള്ള 180 ഗവേഷകര്‍ ഇതേ ആവശ്യം യുറോപ്യന്‍ യൂണിയന് മുന്നില്‍വെച്ചിരുന്നു. ആരോഗ്യമേഖലയില്‍ ഉണ്ടാക്കാന്‍ ഇടയുള്ള ആഘാതങ്ങളെക്കുറിച്ച് പഠിച്ചതിന് ശേഷമേ 5ജി പ്രാബല്യത്തിലാക്കാന്‍ അനുവദിക്കാവൂ എന്ന് അമേരിക്കന്‍ ഐക്യനാടുകളിലെ ശാസ്ത്രജ്ഞര്‍ 2015ല്‍ തന്നെ ലോക ആരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ല. ജര്‍മനിയും അമേരിക്കയും ദക്ഷിണ കൊറിയയുമൊക്കെ 5ജി സേവനങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള സ്‌പെക്ട്രത്തിന്റെ വിതരണം ആരംഭിച്ചു. അമേരിക്കയും ദക്ഷിണ കൊറിയയും സേവനങ്ങള്‍ പ്രദാനം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു.
അതേസമയം ഉയര്‍ന്ന ഫ്രീക്വന്‍സിയിലുള്ള റേഡിയോ തരംഗങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കില്ലെന്ന് വാദിക്കുന്ന വിദഗ്ധരും കുറവല്ല. വിവിധ ഉപകരണങ്ങളുടെ ഇലക്‌ട്രോ മാഗ്നറ്റിക് ഫീല്‍ഡില്‍ നിന്നുള്ള വികിരണങ്ങളുടെ പരിധി നിശ്ചയിക്കുന്ന ജര്‍മനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കമ്മീഷന്‍ ഈ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇത്തരം വികിരണങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ഇന്ത്യന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയിലെ അംഗവും ഐ ഐ ടി കാണ്‍പൂരിലെ ഡയറക്ടറുമായ അഭയ് കരാന്ദികര്‍ പറയുന്നത്.

ജീവജാലങ്ങള്‍ക്ക് പ്രത്യേകിച്ച് മനുഷ്യര്‍ക്ക് കൂടുതല്‍ സുരക്ഷിതമായ വിധത്തിലുള്ള 5ജി സേവനങ്ങള്‍ എന്ന ആശയം ശക്തമായി മുന്നോട്ടുവെക്കപ്പെടുന്നുണ്ട്. ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ ഉപയോഗിച്ചുള്ള ശൃംഖലകള്‍ സൃഷ്ടിക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാണെന്ന് പ്രൊഫസര്‍ ഹെറോ പറയുന്നു. ഒ എഫ് സി കേബിളുകള്‍ വിവര കൈമാറ്റത്തിന്റെ വേഗം വലിയ തോതില്‍ വര്‍ധിപ്പിക്കുകയും ചെയ്യും. മൊബൈല്‍ ഫോണുകള്‍ വികിരണ സാധ്യതയുള്ള ഉപകരണമാണെന്ന് തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം. വികിരണ സാധ്യത കുറച്ചുകൊണ്ടുവരും വിധത്തില്‍ അവയെ രൂപകല്‍പന ചെയ്യേണ്ടതുണ്ട്. ഫോണ്‍ ഉപയോഗം കുറച്ചുകൊണ്ടുവരികയും വേണമെന്ന് ഹേറോ അഭിപ്രായപ്പെട്ടു.

വിവര്‍ത്തനം: രാജീവ് എസ്‌

You must be logged in to post a comment Login