കശ്മീര്‍ കാരാഗൃഹം

കശ്മീര്‍ കാരാഗൃഹം

രാജ്യം കൂടുതല്‍ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് കശ്മീരില്‍നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്നത്. യു എ പി എ ബില്ലില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഭേദഗതി പൗരന്മാരുടെ അവകാശങ്ങള്‍ക്ക് വലിയ ഭീഷണി തന്നെയാണ്. ഈയൊരു നീക്കം കശ്മീരില്‍ കൂടുതല്‍ ചെറുപ്പക്കാരെ ജയിലിലാക്കാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370, 35എ അനുച്ഛേദം അസാധുവാക്കിയത് കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പരമ്പരയുണ്ടാക്കും. 30000 ത്തിലധികം സൈനികരെ വിന്യസിച്ചും വാര്‍ത്താ വിനിമയ സംവിധാനങ്ങളൊക്കെ സ്തംഭിപ്പിച്ചുമായിരുന്നു നീക്കങ്ങള്‍. പ്രശ്‌നങ്ങളുടെ ഗൗരവം മനസ്സിലാക്കിയുള്ള റിപ്പോര്‍ട്ട് നടക്കുന്നുണ്ടെങ്കിലും കശ്മീരില്‍നിന്നുള്ള വ്യാജ വാര്‍ത്തകളും കശ്മീരികളുടെ മാനസികാവസ്ഥ കണക്കിലെടുക്കാത്ത വാര്‍ത്തകളും വിമര്‍ശന വിധേയമാക്കേണ്ടതുണ്ട്. ചില പത്രങ്ങളുടെ മുഖപ്രസംഗങ്ങളും മുന്‍ പേജുകളും ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയതില്‍ നടത്തുന്ന ആഹ്ലാദപ്രകടനം അടിസ്ഥാനപരമായി മാധ്യമപ്രവര്‍ത്തകര്‍ അറിഞ്ഞിരിക്കേണ്ട കശ്മീരിന്റെ ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയാണ് വെളിപ്പെടുത്തുന്നത്. ഭരണഘടന നല്‍കിയ പ്രത്യേക പദവി റദ്ദാക്കുന്നതിലൂടെ രാജ്യത്തെ പരമോന്നത സംവിധാനത്തിനു നേരെ കൂടിയാണ് അതിക്രമം നടത്തിയിരിക്കുന്നത്. കശ്മീരിനെ കീഴ്‌പ്പെടുത്താന്‍ നടത്തിയ നീക്കങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിലെ അതിക്രൂരമായ ഏടുകളാവും. തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയെ സമ്മര്‍ദം ചെലുത്തി പിരിച്ചുവിടുകയും പിന്നീടു ഗവര്‍ണര്‍ ഭരണം നടപ്പില്‍ വരുത്തുകയും ചെയ്തതിന്റെ പ്രധാന ഉദ്ദേശ്യം അസ്ഥിരമായ കശ്മീരിനെ ഒന്നുകൂടെ ആഞ്ഞ് ചവിട്ടാനായിരുന്നു. പ്രാദേശിക ഭാഷാ പത്രങ്ങള്‍ മുഖ്യമായും ഹിന്ദി പത്രങ്ങള്‍ പ്രത്യേകിച്ചും അമിത്ഷായും മോഡിയും വെളുക്കെ ചിരിക്കുന്ന പടങ്ങള്‍ പൊലിപ്പിച്ചു വിട്ടാലൊന്നും കശ്മീരില്‍ ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനത്തിന്റെ കറ കഴുകിക്കളയാനാവില്ല. രോഷാകുലരായ കശ്മീരി യുവത്വം സായുധ പോരാട്ടങ്ങളിലേക്ക് വഴുതിവീഴാന്‍ ഇത്തരം അടിച്ചമര്‍ത്തലുകള്‍ തന്നെയാണ് കാരണമാകുന്നത്. ഇന്ത്യയില്‍ നിരവധി വായനക്കാരുള്ള ദൈനിക് ജാഗരണണ്‍ ‘370 വെട്ടി മാറ്റി’ എന്ന പരിഹാസ ചുവയുള്ള തലക്കെട്ടാണ് മുന്‍ പേജുകളില്‍ നല്‍കിയിരിക്കുന്നത്. ‘അമര്‍ ഉജ്വാല’ നല്‍കിയത് ‘കശ്മീരിന് 370ല്‍നിന്ന് സ്വാതന്ത്ര്യം’ എന്നാണ്. ജനാധിപത്യ മൂല്യങ്ങളെ അപഹസിക്കും വിധമുള്ള തലക്കെട്ടാണിത്. ‘ദൈനിക് ഭാസ്‌കര്‍’ ‘രാജ്യത്ത് ഒരേ നിയമ ചട്ടങ്ങള്‍’ എന്ന തലക്കെട്ടാണ് ഇന്ത്യന്‍ പതാകയുടെ ചിത്രത്തോടൊപ്പം നല്‍കിയത്. ‘നമ്മുടെ സ്വര്‍ഗം നമുക്ക് തിരിച്ചുകിട്ടി’ തുടങ്ങിയ തലകെട്ടുകളുമുണ്ട്. ഇംഗ്ലീഷ് പത്രങ്ങളില്‍ ‘ദി ടെലിഗ്രാം, ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശമായി മാറ്റിയതിനെ ‘വിഭജനം’ എന്നാണ് വിശേഷിപ്പിച്ചത്. ‘ദി ഇന്ത്യന്‍ എക്‌സ്പ്രസ്’ മുന്‍ പേജിലെ വാര്‍ത്ത അമിത് ഷായെ ഉദ്ധരിച്ച് കൊണ്ടാണ് നല്‍കിയത്. ‘കശ്മീര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമായി തീര്‍ന്നിരിക്കുകയാണ്, താഴ്വരയില്‍ ദുര്‍ഘടമായി ഒന്നും തന്നെ ഉണ്ടാവില്ല എന്ന് ഞാന്‍ ഉറപ്പ് നല്‍കുകയാണ്.’ കശ്മീറിനെ നിമിഷങ്ങള്‍കൊണ്ട് കൂടുതല്‍ സംഘര്‍ഷഭരിതമാക്കിയ ആഭ്യന്തരമന്ത്രിയുടെ വാക്കുകളാണിത്. സൈന്യത്തെ വിന്യസിച്ച് കൊണ്ട് ഒരു ജനതയെ കാലങ്ങളോളം ചൊല്‍പ്പടിയില്‍ നിര്‍ത്തണമെന്ന സംഘപരിവാറിന്റെ സമഗ്രാധിപത്യ നയമാണ് കാശ്മീരില്‍ നടപ്പില്‍ വരുത്തുന്നത്. ‘ദി വയര്‍’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ആര്‍ എസ് എസ് സ്വന്തമായി സൈനിക വിദ്യാലയങ്ങള്‍ ആരംഭിക്കുകയാണ്. സര്‍ക്കാരിന്റെ അധീനതയിലല്ലാതെ ‘ദേശസ്‌നേഹികളെ’ വാര്‍ത്തെടുക്കാനുള്ള ആര്‍ എസ് എസിന്റെ ശ്രമങ്ങള്‍ ഇന്ത്യന്‍ ഭാവിയെ കുറിച്ച് ആശങ്കയുള്ള സൂചനകളാണ് നല്‍കുന്നത്. പരിഭ്രാന്തരാകേണ്ടതില്ല എന്ന് പറയുന്ന ഭരണകൂടം നിരോധനാജ്ഞ മൂലം ആഹാരം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കശ്മീരികള്‍ ബുദ്ധിമുട്ടുമെന്ന വാസ്തവം മനസ്സിലാക്കിക്കാണില്ല. കശ്മീരിന് പുറത്ത് പഠിക്കുന്ന വിദ്യാര്‍ഥികളുടെയും ജോലിചെയ്യുന്നവരുടെയും മാനസികാവസ്ഥ നമ്മുടെ ഭാവനകള്‍ക്കതീതമാണ്. തങ്ങളുടെ സ്വത്വം കൂടുതല്‍ അപകടപ്പെടുകയാണെന്ന ഭീതിയിലാണവര്‍ ജീവിക്കുന്നത്. തലസ്ഥാനനഗരിയില്‍ കശ്മീരിയായി തിരിച്ചറിയപ്പെടുന്നത് മുന്‍പത്തേക്കാള്‍ ഇന്ന് അപകടകരമാണ്. വീടുകളിലേക്ക് ബന്ധപ്പെടാന്‍ അവര്‍ക്ക് യാതൊരു മാര്‍ഗവുമില്ല. എല്ലാവിധത്തിലുമുള്ള സാങ്കേതിക സംവിധാനങ്ങളും ഗവണ്‍മെന്റ് റദ്ദാക്കിയിരിക്കുകയാണ്. ഇന്നത്തെ കശ്മീരിന്റെ അവസ്ഥയില്‍ രോഗികളായവരും മറ്റു അടിയന്തര സഹായങ്ങള്‍ ആവശ്യമുള്ളവരും ഏറ്റവും ദുസ്സഹമായ ഘട്ടത്തിലൂടെയാണ് കടന്നുപോവുക. കശ്മീരില്‍ മാധ്യമങ്ങളെ പൂട്ടാനുള്ള നീക്കങ്ങള്‍ നേരത്തെ ഭംഗിയായി നിര്‍വഹിച്ചിരുന്നു. ഇന്നവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് പുറം ലോകം അറിയുന്നില്ല. വാര്‍ത്ത ഏജന്‍സികളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് കശ്മീരിലെ ഇന്ധന കടകളിലും പലചരക്ക് കടകളിലും നീണ്ട വരികളില്‍ ആളുകള്‍ കാത്തു നില്‍ക്കുകയാണെന്നാണ്. അവശ്യ സാധനങ്ങള്‍ കഴിവതും ശേഖരിക്കാനുള്ള നെട്ടോട്ടത്തിലാണവര്‍. നിസ്സഹായരായ സാധാരണക്കാരായ പൗരന്മാരെ ഇന്ത്യ അപമാനിച്ചു കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലെ ആഡംബര മുറികളിലിരുന്ന് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ ഓരോ കാശ്മീരിയുടെയും, ആത്മാവിനെ മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. കശ്മീരിലെ പ്രശ്‌നങ്ങളെ മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിരവധി തടസ്സങ്ങളുണ്ട്. ‘കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്’ ആഭ്യന്തര മന്ത്രാലയത്തിന് കശ്മീരില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് തടസ്സമുണ്ടാക്കരുതെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എല്ലാ വിധത്തിലുള്ള ആശയ വിനിമയവും ഇല്ലായ്മ ചെയ്യുകയെന്നത് തന്നെ ഏറ്റവും വലിയ ജനാധിപത്യ മനുഷ്യാവകാശ ധ്വംസനമായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം. ഭരണകൂടം ഇന്ന് കശ്മീരില്‍ ചെയ്തതിന്റെ ദൂര വ്യാപകമായ വിപത്തുകള്‍ എന്തെല്ലാമാണെന്ന് കണ്ടറിയാം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പരമ്പരാഗത ആദിവാസി സംസ്‌കാരം കാത്തു സൂക്ഷിക്കുന്ന 371 ഭരണഘടനാ പദവിയും സംഘപരിവാര്‍ ഇല്ലാതാക്കുമോ? ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന സങ്കല്പം അര്‍ഥവത്താകുന്നത് വൈവിധ്യങ്ങളെ ആശ്ലേഷിക്കാന്‍ കഴിയുമ്പോഴാണ്. രാജ്യത്തെ നിരവധി സംസ്‌കാരങ്ങളെയും രീതികളെയും ചോദ്യം ചെയ്യുന്ന ബ്രാഹ്മണിക്കല്‍ അധിനിവേശത്തിന്റെ വലിയ തുടക്കമാണ് കശ്മീരില്‍ കണ്ടത്. വൈകാതെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളെയും ഈ കുടില നീക്കം ബാധിക്കാന്‍ തുടങ്ങും.

വാര്‍ത്താറൂമുകളിലെ അവസാന വാക്ക്
ന്യൂസ് റൂമുകളില്‍ തീരുമാനങ്ങള്‍ ആരുടേതാണ് എന്ന അന്വേഷണത്തില്‍ ചലം െഘമൗിറൃ്യ ങലറശമ ഞൗായഹല ഉം ഛഃളമൃാ കിറശമ ഉം നടത്തിയ അന്വേഷണത്തില്‍ ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങളിലെല്ലാം തന്നെ മുഖ്യമായ എഡിറ്റോറിയല്‍ തീരുമാനങ്ങള്‍ പുരുഷന്മാരുടെ കയ്യിലാണ് എന്നാണ്. ദി കാരവന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ ന്യൂസ് റൂമുകളെ അടക്കി വാഴുന്നത് സവര്‍ണരാണ്. മാധ്യമങ്ങളില്‍ പ്രാധാന്യം ഇല്ലാതാവുക എന്നത് നിസാരമായ കാര്യമല്ല. പഠനം വെളിപ്പെടുത്തിയ പ്രധാനമായ കാര്യം ഇന്ത്യയില്‍ ആദിവാസി ഗോത്ര സമൂഹത്തിന്റെ പ്രാതിനിധ്യം ഇംഗ്ലീഷ് മാധ്യമങ്ങളില്‍ ഒട്ടും തന്നെയില്ല എന്നാണ്. ഇനി പട്ടിക ജാതി വിഭാഗത്തിലുള്ളവരെ സാമൂഹ്യ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരുമായി മാത്രമാണ് കാണാന്‍ കഴിയുന്നത്. വൈകാതെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളെയും ഈ കുടില നീക്കം ബാധിക്കാന്‍ തുടങ്ങും.

പഠനത്തിന് വിധേയമാക്കിയത് 6 ഇംഗ്ലീഷ് പത്രങ്ങള്‍, 7 ഹിന്ദി പത്രങ്ങള്‍, 11 ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, 12 മാസികകള്‍ എന്നിവയാണ്. ടൈംസ് ഓഫ് ഇന്ത്യ യിലും എക്കണോമിക്‌സ് ടൈംസിലും പ്രസിദ്ധീകരിച്ച ജാതീയതയെ കുറിച്ചുള്ള ലേഖനങ്ങള്‍ പൂര്‍ണമായും സവര്‍ണര്‍ തന്നെയാണ് എഴുതുന്നത്. ജാതിയെ നിലനിര്‍ത്തുന്ന വിഭാഗത്തിലുള്ളവര്‍ തന്നെ ജാതിയെ വിമര്‍ശിച്ചെഴുതുന്നു. എന്നാല്‍ ജാതി വ്യവസ്ഥയെ അതിജീവിച്ചു മുഖ്യധാരയിലേക്ക് എത്തിപ്പെട്ട വളരെ ചുരുക്കം ആളുകളെ മാത്രമേ ഈ നൂറ്റാണ്ടിലും മാധ്യമ ലോകത്തു കാണാന്‍ സാധിക്കുന്നുള്ളൂ. ഭാഷാ പത്രത്തില്‍ ഹിന്ദി ഭാഷകളിലുള്ള പത്രങ്ങളില്‍ താരതമ്യേന ദളിത് മാധ്യമ പ്രവര്‍ത്തകരുണ്ടെന്നും പഠനം നിരീക്ഷിക്കുന്നു. അല്‍ ജസീറ ഇന്ത്യയിലെ മാധ്യമങ്ങളിലെ ദളിത് സാന്നിധ്യം കണ്ടെത്താന്‍ ശ്രമിച്ച പഠനത്തില്‍ 4 മാധ്യമപ്രവര്‍ത്തകരാണ് ഇംഗ്ലീഷ് പത്രങ്ങളിലുള്ളതെന്ന് കണ്ടെത്തുന്നു. അതില്‍ രണ്ടുപേര്‍ മാത്രമാണ് ദളിത് സ്വത്വം അംഗീകരിക്കാന്‍ തയാറായത്. ഇംഗ്ലീഷ് മാധ്യമങ്ങളില്‍ ദളിതരില്ലാത്തതിന്റെ ആശ്ചര്യം വഴി തുറക്കേണ്ടത് വിദ്യാഭ്യാസം ലഭിക്കുന്നതിലുള്ള സാമൂഹിക അസമത്വത്തിലേക്കാണ്. ദളിതന് ഉന്നത വിദ്യാഭ്യാസം നേടുക എന്നത് വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഇംഗ്ലീഷ് പത്രങ്ങളില്‍ ജോലി ചെയ്യാനുള്ള പ്രധാന നൈപുണ്യം പലപ്പോഴും ഭാഷ തന്നെയാണ്. വ്യക്തമായ സാമൂഹിക കാഴ്ചപ്പാടുള്ള ഒരാള്‍ നല്ല ഭാഷ പരിജ്ഞാനമില്ല എന്ന കാരണത്താല്‍ തള്ളി പോകുന്നു. പകരം മികച്ച വിദ്യാഭ്യാസം കിട്ടിയ ഒരു സവര്‍ണ പുരുഷന് ജോലി ലഭിക്കുന്നു. ദളിതരുടേതു പോലെത്തന്നെ തീരുമാനങ്ങളെടുക്കുന്നതില്‍ സ്ത്രീകളുടെ സാന്നിധ്യവുമില്ല. പല മാധ്യമസ്ഥാപനങ്ങളും സ്ത്രീകള്‍ക്ക് ളമവെശീിഹശളല േ്യെഹല പോലുള്ള ബീറ്റുകളാണ് നല്‍കുന്നത്. അതേസമയം രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ വിഷയങ്ങളില്‍ പുരുഷന്മാരാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ലേഖനങ്ങള്‍ എഴുതുന്നതിലും സ്ത്രീകളുടെ പ്രാതിനിധ്യം നന്നേ കുറവാണ്. സ്ത്രീ സമത്വത്തെ കുറിച്ചും ജാതിവ്യവസ്ഥയെ ഇല്ലാതാക്കുന്നതിനെ പറ്റിയും സവര്‍ണ പുരുഷന്‍ മുഴുനീള ലേഖനങ്ങളെഴുതി കൊണ്ടിരിക്കുന്നത് അസംബന്ധമാണ്. ടി വി ചാനലുകളുടെ കാര്യവും വ്യത്യസ്തമല്ല. ടെലിവിഷന്‍ അവതാരകാരില്‍ പഠനത്തിന് ഒരു ദളിത്, ഒ ബി സി, ആദിവാസി അവതാരകരെയും കണ്ടെത്താന്‍ സാധിച്ചില്ല. രാജ്യസഭ ടി വിയില്‍ നടത്തുന്ന ചാനല്‍ ചര്‍ച്ചകളില്‍ 80% പേരും മേല്‍ജാതിക്കാരാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ അവസ്ഥയിലും മാറ്റമില്ല.

കെ എം ബഷീര്‍
കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ വളരെയധികം ദുഃഖിപ്പിച്ച സംഭവമായിരുന്നു സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറിന്റെ മരണം. ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ മദ്യപിച്ചോടിച്ച വാഹനമിടിച്ചാണ് ബഷീര്‍ മരണപ്പെടുന്നത്. പ്രശനം ഗൗരവമുള്ളതാണ്. നിയമപാലകര്‍ സാധാരണക്കാരന്റെ ഘാതകനാകുന്ന സാഹചര്യം കൃത്യമായ ശിക്ഷ നടപടികള്‍ക്ക് വിധേയമാകണം. പ്രശ്‌നത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടിലുള്ള ഒരു അപാകതയാണ് ശ്രീറാം വെങ്കിട്ടരാമന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ചുറ്റിപറ്റി നടത്തിയ റിപ്പോര്‍ട്ടുകള്‍. തീര്‍ത്തും അസഹനീയമാണത്. മനോരമ മുതല്‍ മാധ്യമം വരെ ശ്രീറാമിനോടൊപ്പം വനിതാ സുഹൃത്തുണ്ടായിരുന്നുവെന്ന കാര്യത്തെ വരികള്‍ക്കിടയില്‍ കുത്തി കയറ്റുകയുണ്ടായി. പല റിപ്പോര്‍ട്ടുകളിലും ലൈംഗികചുവയോടു കൂടിയാണ് വഫ ഫിറോസ് എന്ന യുവതിയെ കുറിച്ചുള്ള പരാമര്‍ശം. പ്രശ്‌നം ബഷീറിന്റെ മരണമാണ്, കടുത്ത ശിക്ഷ നടപടി ഉണ്ടാകണം. അപ്പോള്‍ അതിലുപരിയായി ഐ എ എസ്‌കാരന്റെ കാറിലുണ്ടായിരുന്ന സ്ത്രീയെ മുന്‍ നിര്‍ത്തി വായനക്കാരെ കൂട്ടാന്‍ കാണിക്കുന്ന മാധ്യമ അഭ്യാസങ്ങള്‍ ഒട്ടും ശരിയല്ല. അത്തരം ചെയ്തികള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രധാന വിഷയമായ നീതി നിര്‍വഹണം വൈകിപ്പോയേക്കാം. സുഹൃത്ത് എന്നത് സുഹൃത്തായിരിക്കട്ടെ. അത്തരം അപ്രസക്തമായ കാര്യങ്ങളിലില്‍ മാധ്യമങ്ങള്‍ തല പുകക്കുന്നതെന്തിനാണ്?

നബീല പാനിയത്ത്‌

You must be logged in to post a comment Login