ചരിത്രമാണ്, ഏത് ചെറിയ ഒച്ചയും പ്രചണ്ഡമാവും

ചരിത്രമാണ്, ഏത് ചെറിയ ഒച്ചയും പ്രചണ്ഡമാവും

കുനാന്‍ പോഷ്‌പൊറയെക്കുറിച്ച് ഇപ്പോള്‍ പറയാമോ? തെളിവുകളില്ലാതെ മാഞ്ഞുപോയ ഒന്നിനെക്കുറിച്ച്? ചരിത്രത്തില്‍ അത്തരം മാഞ്ഞുപോകലുകള്‍ അനവധി ഉണ്ടെന്നിരിക്കെ, കെട്ടുകഥയെന്ന് ഭരണകൂടത്തിന്റെ പല തലങ്ങള്‍ വിധിയെഴുതി അവസാനിപ്പിച്ച കുനാന്‍ പോഷ്‌പൊറ എന്ന കേസുകെട്ടില്‍ മായ്ചിട്ടും മായാതെ ബാക്കിയായ ചില അടയാളങ്ങളുണ്ട്. ആ അടയാളങ്ങള്‍ അഭിമാനിക്കാന്‍ ഒന്നുമില്ലാതായ ഒരു ജനതയെക്കുറിച്ചുള്ള നിസ്സഹായമായ സൂചനകളാണ്. അതിനാല്‍ കുനാന്‍ പോഷ്‌പൊറയെക്കുറിച്ച് പറയാം.

കശ്മീരിലെ രണ്ട് വിദൂരഗ്രാമങ്ങളായിരുന്നു കുനാനും പോഷ്‌പൊറയും. ആയിരുന്നു എന്നത് രാഷ്ട്രീയമായി ശരിയായ ഒരു വ്യാകരണമാണ്. കുപ്‌വാര ജില്ലയിലായിരുന്നു രണ്ട് ഗ്രാമങ്ങളും. 1991 ആണ് കാലം. കശ്മീര്‍ അക്കാലത്തും കലുഷിതമായി നിലനിന്നുപോന്നു. കശ്മീര്‍ കലുഷിതമാണെന്ന് മാത്രം വാര്‍ത്തകള്‍ വന്നുപോന്നു. അക്കാല കശ്മീരില്‍ നിന്നാണ് ഭയാനകമായ ഒരു രാത്രിയെക്കുറിച്ച് വാര്‍ത്തകള്‍ വന്നത്. കുനാനും പോഷ്‌പൊറയും വാര്‍ത്തയുെട കേന്ദ്രമായത്. ആ ഗ്രാമങ്ങളിലെ വീടുകള്‍ പട്ടാളം വളയുന്നു. ആണുങ്ങളായ ആണുങ്ങളെയൊക്കെ പിടികൂടുന്നു. ദൂരേക്ക് വലിച്ചിഴക്കുന്നു. ആണുങ്ങളില്ലാതായ വീടുകളിലേക്ക് ആയുധങ്ങളുമായി പട്ടാളം പാതിരയില്‍ വരുന്നു. പെണ്ണുങ്ങളായ പെണ്ണുങ്ങളെയെല്ലാം ഭയത്തിന്റെ കാഞ്ചിമുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്യുന്നു. പുലരുവോളം ആ പെണ്ണുങ്ങളെ പിച്ചിക്കീറുന്നു. സി.ആര്‍.പി.എഫും ബി.എസ്.എഫും ആയിരുന്നു പ്രതിക്കൂട്ടില്‍. അന്താരാഷ്ട്ര മാധ്യമങ്ങള്‍ നിലയെടുത്ത് വന്നു. വാര്‍ത്തകളും ഡോക്യുമെന്ററികളും പ്രവഹിച്ചു. ഇന്ത്യയിലെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. അന്വേഷണം നടന്നു. പലതലങ്ങളില്‍ പലസംഘങ്ങള്‍ അന്വേഷിച്ചു. പെണ്ണുങ്ങള്‍ കള്ളം പറഞ്ഞതാണെന്നും കെട്ടുകഥയാണെന്നും വിധിയെഴുത്ത് വന്നു. എല്ലാ അന്വേഷണങ്ങളും ഓരോ ഘട്ടങ്ങളില്‍ പലവഴി പിരിഞ്ഞു. ഒടുവില്‍ പ്രസ്‌കൗണ്‍സിലും ഇന്നെന്നപോലെ സര്‍ക്കാരിനൊപ്പം നിന്നു. തങ്ങള്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്ന് നിരവധി പെണ്ണുങ്ങള്‍ ഒരേസ്വരത്തില്‍ കള്ളക്കഥ മെനഞ്ഞു എന്ന തീര്‍പ്പില്‍ നമ്മളെ എത്തിച്ചു. കുനാന്‍ പോഷ്‌പൊറ മാഞ്ഞുപോയി. ഭരണകൂടം താഴിട്ടുപൂട്ടിയ ദേശമാണിപ്പോള്‍ ആ കശ്മീര്‍. അകമേ വീടുകളുണ്ട്. സൈന്യവും പൊലീസും മറ്റ് അധികാരികളുമുണ്ട്. അവിടെ മനുഷ്യര്‍ എങ്ങനെ പാര്‍ക്കുന്നു, അവര്‍ക്ക് സുഖമില്ലാതായാല്‍ അവരെന്തു ചെയ്യും എന്നിങ്ങനെ പുറമേ നിന്ന് എത്തിനോക്കുന്ന അവരുടെ സഹപൗരരായ നമ്മള്‍ അടക്കം പറയുന്നു. ഒറ്റ നിമിഷത്തില്‍, ഒറ്റ രംഗത്തില്‍ അവസാനിക്കാവുന്ന ഒരു കശ്മീര്‍ വിഷ്വല്‍ നാം ഇങ്ങനെ തീര്‍ക്കുന്നു.

മൂന്ന് പതിറ്റാണ്ടാവാന്‍ രണ്ട് വര്‍ഷം മാത്രം ബാക്കിയുള്ള കുനാന്‍ പോഷ്‌പൊറയില്‍ നിന്ന് മുന്നറിയിപ്പില്ലാതെ സമകാല കശ്മീരിലേക്ക് വന്നത് മനഃപൂര്‍വമാണ്. ചരിത്രത്തില്‍ സ്ഥലകാലങ്ങള്‍ പലപ്പോഴും റദ്ദാക്കപ്പെട്ട ഒരു ജനതയെക്കുറിച്ചാണല്ലോ സംസാരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ സവിശേഷതകളോടെ നിലനിന്ന പതിറ്റാണ്ടുകളിലെല്ലാം പലതരം അധികാരങ്ങളുടെ പലതരം താല്‍പര്യങ്ങള്‍ പേറാന്‍ വിധിക്കപ്പെട്ട ജനതയാണല്ലോ അവര്‍? അവരുടെ ശബ്ദങ്ങള്‍ അധികാരത്തിന്റെ പരിഭാഷകളിലൂടെ മാത്രം കേട്ടവരാണല്ലോ അവരല്ലാത്ത നമ്മള്‍? അടച്ചു പൂട്ടപ്പെട്ട്, പുറംലോകങ്ങളില്‍ നിന്ന് സമ്പൂര്‍ണമായി റദ്ദാക്കപ്പെട്ട് ആഴ്ചകളായി ജീവിക്കുന്ന ആ മനുഷ്യര്‍ക്ക് എന്തൊക്കെയാകും സംഭവിച്ചിട്ടുണ്ടാവുക? പൂട്ടുകള്‍ തുറന്ന് പുറത്തുവരുന്ന കാലത്ത് കള്ളമെന്ന് സ്ഥാപിക്കപ്പെടാന്‍ പോകുന്ന ഏതേത് കുനാന്‍ പോഷ്‌പൊറകളിലൂടെയാവും അവിടത്തെ മനുഷ്യര്‍ കടന്നുപോയിട്ടുണ്ടാവുക? സ്ഥലകാലങ്ങള്‍ അപ്രസക്തമായിപ്പോകുന്ന മനുഷ്യരുടെ നിസ്സഹായതയുടെ പേരായി മാറുകയാണ് കശ്മീരെന്ന് പറഞ്ഞാല്‍ നാം അതിരുകടക്കുന്നുവെന്ന് അധികാരം പറയും. അതിരുകള്‍ നിശ്ചയിക്കുന്നത് ആര് എന്ന ചോദ്യം ദുര്‍ബലമാക്കപ്പെടുകയാണല്ലോ? റിസര്‍വ് ബാങ്കിനെക്കുറിച്ചുള്ള ചോദ്യത്തിന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ അതിരുകടക്കുന്നു എന്ന വാചകം വന്നത് കേട്ടുവോ? ഔട്ട് ലാന്റിഷ് എന്നായിരുന്നു നിര്‍മലാ സീതാരാമന്റെ പ്രയോഗം.
കശ്മീരില്‍ നിന്ന് റിസര്‍വ് ബാങ്കിലേക്ക് വന്നത് ഒരു കാണാച്ചരടിന്റെ കളിതന്ത്രം പറയാനാണ്. ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥ അതിന്റെ സമ്പൂര്‍ണാര്‍ഥത്തില്‍ ബി.ജെ.പിയുടെ കീഴിലാണ്. അവരുടെ ഏതുതാല്‍പര്യവും പാര്‍ലമെന്റിന്റെ മുന്‍വാതിലിലൂടെ നിസ്സംശയം കയറി വരും. വിജയശ്രീലാളിതമായി അതേ വഴിയിലൂടെ പുറത്തുവരും. അത് കണക്കിന്റെ മാത്രം കളിയല്ല. അത് ഭരണം എന്ന ശക്തിയെ ആസുരമായി പ്രയോഗിക്കാന്‍ കഴിയുന്ന ഒരു സംഘത്തിന്റെ ശക്തിയാണ്. നിങ്ങള്‍ക്കറിയാം, അതിദുര്‍ബലമാണ് പ്രതിപക്ഷം. അക്ഷരാര്‍ഥത്തില്‍ പിളര്‍ന്നിരിക്കുന്നു. ദീര്‍ഘകാലം നാടുവാണ കോണ്‍ഗ്രസ് നാടുനീങ്ങാനുള്ള ഒരുക്കത്തിലാണ്. നിയമവ്യവസ്ഥ പക്ഷപാതം കാട്ടിയാല്‍ ഇനിയുള്ള കാലം മുഴുവന്‍ അഴിയെണ്ണാന്‍ കോപ്പുണ്ട് അതിന്റെ പലനേതാക്കള്‍ക്കും. ഒരാള്‍ എണ്ണല്‍ തുടങ്ങിക്കഴിഞ്ഞു. വെറും ഒരാളല്ല; പളനിയപ്പന്‍ ചിദംബരം എന്ന മഹാമേരു. ഒന്നും രണ്ടുമല്ല പന്ത്രണ്ടാണ് കുരുക്കുകള്‍. നെഹ്‌റു കുടുംബത്തിന്റെ ഗ്രഹണം അവസാനിക്കുന്ന പക്ഷം തെളിഞ്ഞുകത്തേണ്ട ഒരു മുഖം ചിദംബരത്തിന്റേതായിരുന്നു. കോര്‍പറേറ്റുകള്‍ക്ക് പ്രിയങ്കരന്‍. മാധ്യമങ്ങള്‍ക്ക് സ്വീകാര്യന്‍. പ്രതിപക്ഷം ഒരു രാഷ്ട്രീയരൂപമെന്ന നിലയില്‍ ദുര്‍ബലപ്പെട്ടാലും ശക്തമായ ഒരു വാക്കാവാന്‍ രാഷ്ട്രീയ ത്രാണിയുള്ളയാള്‍. ആദര്‍ശത്തിന്റെയും ദേശീയപ്രസ്ഥാനപാരമ്പര്യത്തിന്റെയും അസ്‌കിതയില്ലാത്ത ആധുനികന്‍. അയാള്‍ വീണു; വീഴ്ത്തി. അതൊരു തുടക്കമാണെന്ന് നമുക്ക് അറിയാം. അടുത്തയാള്‍ ശശി തരൂര്‍ ആവാം. സുനന്ദ പുഷ്‌കര്‍ കേസില്‍ നടക്കുന്ന നീക്കങ്ങള്‍ വാള്‍രൂപമാര്‍ജിച്ചിട്ടുണ്ട് കശ്മീരനന്തരം. തരൂര്‍ ശക്തിദുര്‍ഗമാവാന്‍ സകലചേരുവയുമുള്ള നേതാവാണ്. കോണ്‍ഗ്രസിന്റെ പാരമ്പര്യം സര്‍വാര്‍ഥത്തിലും ഇണങ്ങുന്ന ആള്‍. തരൂര്‍ ഭീഷണിയിലാണ്. നെഹ്‌റു കുടുംബത്തിന്റെ അടിവേരിളക്കാന്‍ ശേഷിയുണ്ട് മരുമകന്‍ റോബര്‍ട്ട് വദ്രക്ക് എതിരെയുള്ള ആരോപണങ്ങള്‍ക്ക്. സോണിയ ഗാന്ധിയുടെ ചലനങ്ങള്‍ സ്വഭാവികമായും ബന്ധിതമാണ്. അത്തരം ആകുലതകളില്ലാത്തതാവാം രാഹുലിന്റെ ഒറ്റയാള്‍ ചെറുത്തുനില്‍പുകളുടെ ബലം. പക്ഷേ, അത്യസാധാരണമാംവിധം ഒറ്റക്കാണ് രാഹുല്‍. പ്രതിപക്ഷം ആകുമെന്ന് കരുതിയ ബഹുജന്‍ സമാജ് പാര്‍ട്ടി മോഡി മാര്‍ഗത്തിലാണ് നടപ്പ്. മമതയുടെ ചെറുത്തുനില്‍പുകള്‍ വരാനിടയുള്ള കേസുകളില്‍ തട്ടി ദുര്‍ബലമാവുമെന്ന് ബംഗാള്‍ വാര്‍ത്ത. ഇന്ത്യാ ചരിത്രത്തില്‍ പ്രതിപക്ഷം ഇത്ര ഭയാനകമാം വിധം ദുര്‍ബലമായ മറ്റൊരു സന്ദര്‍ഭമില്ല. ഏകപക്ഷീയ ഭരണത്തിന്റെ ദ്രുതനീക്കങ്ങള്‍ പാര്‍ലമെന്റില്‍ നടന്നതിന്റെ വസ്തുതയില്‍ ഇതുമുണ്ട്. അതിനാലാണ് റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം, യുദ്ധത്തിന്റെ സാഹചര്യത്തിലോ സാമ്പത്തിക അടിയന്തിരാവസ്ഥയുടെ സാഹചര്യത്തിലോ മാത്രം കൈ വെക്കാവുന്ന കരുതല്‍ ധനം സ്വന്തം നിലയില്‍ ഒരു ഡമ്മി കമ്മീഷനെ സൃഷ്ടിച്ച് സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്തിനായിരുന്നു ആ നീക്കമെന്ന ചോദ്യത്തോടാണ് അതിരുകടക്കുന്നു എന്ന ഭീഷണി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മുഴക്കിയത്.

സാഹചര്യം പക്ഷേ, ഇനി രഹസ്യമല്ല. ഇന്ത്യ അതിന്റെ സമകാല ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ആഭ്യന്തര ഉത്തേജനങ്ങള്‍ക്ക് ഉയര്‍ത്താനാവാത്ത വിധം അതിന്റെ ശേഷി നഷ്ടപ്പെട്ടിരിക്കുന്നു. പോയ അഞ്ചാണ്ടിലെ കണ്ണുംപൂട്ടിയുള്ള നടപടികള്‍ തിരിച്ചടിക്കുന്നു. ഓടുന്ന കാറിന്റെ ടയര്‍ വെടിവെച്ചിട്ട ആത്മഹത്യാപരമായ മണ്ടത്തരം; നോട്ട് നിരോധനം, ഉരുള്‍ പൊട്ടല്‍ പോലെ സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കുന്നു. അടിവസ്ത്ര വിപണിയും കാര്‍ വിപണിയും തൊട്ട് സകലമേഖലകളും ഉറക്കം തൂങ്ങുന്നു. ഗണ്യമായ ഒരു വിഭാഗം തൊഴില്‍രഹിതരായി മാറുന്നു. തൊഴില്‍ രാഹിത്യം സമ്പദ് വ്യവസ്ഥയുടെ ശവപ്പെട്ടിയിലെ ഒടുക്കത്തെ ആണിയാണെന്ന് ഇക്കണോമിക്‌സിന്റെ ബാലപാഠം.
ചരിത്രത്തില്‍ എല്ലാ സര്‍ക്കാരുകളും, ഏകാധിപത്യമാകട്ടെ മതാധിപത്യമാകട്ടെ ജനാധിപത്യമാകട്ടെ, തെരുവില്‍ ചോദ്യംചെയ്യപ്പെടുന്ന ഒരേയൊരു സന്ദര്‍ഭം സാമ്പത്തിക തകര്‍ച്ചയാണ്. എല്ലാ മുന്നൊരുക്കങ്ങളും പാളി എന്നും രാജ്യം കൂപ്പുകുത്തുകയാണെന്നും ആദ്യമറിഞ്ഞത് സംഘപരിവാറാണ്. രഘുറാം രാജനും ഊര്‍ജിത് പട്ടേലും വിസില്‍ ബൗളര്‍മാരായത് ഓര്‍ക്കുക. സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചയില്‍ നിന്നുള്ള കരകയറ്റം ഒരു മെക്കാനിസമാണ്. ചോദ്യം ചെയ്യപ്പെടാത്ത നയങ്ങള്‍ സ്വീകരിച്ച് മുന്നോട്ടുപോകേണ്ടി വരുന്ന മെക്കാനിസം. ആ സമയങ്ങളില്‍ ഉയരുന്ന ഏതുതരം പ്രതിഷേധവും ആ മെക്കാനിസത്തെ തളര്‍ത്തും. ബ്രസീലും വെനിസ്വലയും അമേരിക്ക വരെയും ഉദാഹരണങ്ങള്‍. കാര്‍ഷികരംഗത്തെ അതിഭീകര തകര്‍ച്ച പ്രവചിക്കപ്പെട്ടുകഴിഞ്ഞു. മഹാവിളവെടുപ്പ് കാലമാണ് വരാനുള്ളത്. ആഭ്യന്തരവിപണിയില്‍ നയാപൈസയില്ല. കര്‍ഷകര്‍ തെരുവിലിറങ്ങും. പ്രക്ഷോഭങ്ങള്‍ സ്വാഭാവികമാണ്. ആ സന്ദര്‍ഭത്തെ നേരിടാന്‍ സര്‍ക്കാര്‍ സൃഷ്ടിച്ച വജ്രായുധത്തിന്റെ പേരാണ് കശ്മീര്‍. ഏതുകാലത്തെയും പ്രതിഷേധങ്ങള്‍ക്കുമേല്‍ ചുവന്ന വര വീഴ്ത്താന്‍ കശ്മീര്‍ മതി. അവിടെ ഉണ്ടാവുന്ന, ഉണ്ടായി എന്ന് സര്‍ക്കാര്‍ നമ്മോട് പറയുന്ന ഏത് വിഷയവും രാജ്യത്തിന്റെ പ്രതിഷേധ ഊര്‍ജത്തെ വഴിതിരിച്ചുവിടാന്‍ പര്യാപ്തമാണ്. അതിരുകടക്കരുത് എന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞത് കശ്മീരിനെക്കുറിച്ചുമാണ്. ജനാധിപത്യത്തെ ഒരു യുദ്ധസമാന സാഹചര്യത്തിലേക്ക് കെട്ടിയിട്ടാല്‍ ജനങ്ങള്‍ നിശബ്ദരാകുമെന്ന് രാഷ്ട്രീയം പയറ്റായി കാണുന്നവര്‍ക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. ഇങ്ങനെ ആസൂത്രിതമായി സൃഷ്ടിച്ച ഒരു ബന്ദിയാക്കലിന്റെ, രാഷ്ട്രീയ ഭീഷണിയുടെ ഇരകളാണ് കുനാന്‍ പോഷ്‌പൊറകള്‍ ഏറെയുള്ള കശ്മീര്‍.

പക്ഷേ, സര്‍ക്കാരിന് വീണ്ടും കണക്കുകള്‍ പിഴക്കുകയാണ്. ഏകാധിപത്യത്തിന്റെ ജീനികെട്ടിയ കണ്ണുകളില്‍ നിന്ന് മറച്ചുവെക്കപ്പെടുന്ന ഒറ്റയൊറ്റയായ കാഴ്ചകള്‍ വ്യാപകമാവുന്നുണ്ട്. സി.പി.എം നേതാവ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ സീതാറാം യെച്ചൂരിയെ അനുവദിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് അത്തരം ഒറ്റയൊറ്റയായ ശബ്ദങ്ങളുടെ മഹാബലത്തെയാണ് ഓര്‍മപ്പെടുത്തുന്നത്. അതാകട്ടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്റെ വിവേചനാധികാരത്തിന്റെ മാത്രം ബലത്തില്‍ നല്‍കിയ ഉത്തരവുമല്ല; മറിച്ച് ഇന്ത്യന്‍ ഭരണഘടന അതിന്റെ പൗരന്‍മാര്‍ക്ക് എഴുതിവെച്ച മാറ്റാനാവാത്ത ഒരു അവകാശത്തെ ഓര്‍മപ്പെടുത്തിയതാണ്. ആഗസ്ത് 26 -ന് മാത്രം പത്തിലധികം ഹരജികളാണ് കശ്മീര്‍ വിഷയത്തില്‍ സുപ്രീംകോടതി കേട്ടത് എന്നുകൂടി വായിക്കുക. ഈ ഹരജികളൊന്നും സ്വയം ഭൂവല്ല, മറിച്ച് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് രൂപപ്പെട്ട ബലങ്ങളാണ്.

ബ്രിട്ടന്റെ അതിപ്രതാപകാലത്താണ് ഇന്ത്യയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്നത്, 1885-ല്‍. എല്ലാ അര്‍ഥത്തിലും അതൊരു ഞായറാഴ്ച ക്ലബ്ബായിരുന്നു. ഉന്നതരായ ഒരു വിഭാഗത്തിന് ബ്രിട്ടനില്‍ നിന്ന് ആനുകൂല്യങ്ങള്‍ ഇരന്ന് വാങ്ങാനുള്ള ഒരു സംവിധാനം. ആ സംവിധാനത്തിലേക്ക് ഗാന്ധി വരുന്നത് മൂന്നുപതിറ്റാണ്ട് കഴിഞ്ഞാണ്, 1915-ല്‍. ഗാന്ധി വരുമ്പോഴും ചെറുചലനങ്ങള്‍ക്ക് പോലും പ്രാപ്തമല്ലാതിരുന്ന ഒന്നായിരുന്നു കോണ്‍ഗ്രസ്. ഗാന്ധിയുടേതും ചെറുശബ്ദമായിരുന്നു. അനേകം ചെറുതുകളിലേക്ക് പക്ഷേ, അത് പടര്‍ന്നു.

അഭിമാനിക്കാന്‍ ഒന്നുമില്ലാത്ത കുനാന്‍ പോഷ്‌പൊറകളായിരുന്നു ഗാന്ധി വരുമ്പോള്‍ ഇന്ത്യ. ചെറിയ ഇടങ്ങളില്‍ നിന്നാണ് ഗാന്ധി തുടങ്ങിയത്. തീരെ ചെറുതായിരുന്നു ഗാന്ധിയുടെ പത്രം. അധികമാരിലേക്കും എത്തില്ല എന്നറിഞ്ഞ് തന്നെ ഗാന്ധി അതില്‍ എഴുതി. ചെറിയ സംഘങ്ങളോട്, തീരെ ചെറിയ സംഘങ്ങളോട് സംസാരിച്ചു. ആ സംഘങ്ങള്‍ സംസാരം വ്യാപിപ്പിച്ചു. ചമ്പാരനിലെ ചെറിയ തൊഴില്‍ പ്രശ്‌നത്തിലാണ് ഗാന്ധി ആദ്യം ഇടപെട്ടത്. ആ ചെറുതിനെ ദേശീയമായ ഒന്നാക്കാന്‍ ഗാന്ധിക്ക് കഴിഞ്ഞു. ഇപ്പോള്‍ തരിഗാമിയെ കാണണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടപോലെ തീരെ ചെറുതായിരുന്നു ഗാന്ധിയുടെ ഇടപെടലുകള്‍. 27 വര്‍ഷങ്ങള്‍ക്കപ്പുറം ഒരു രാജ്യം ഒന്നടങ്കം ക്വിറ്റ് ഇന്ത്യ മുഴക്കി. 27 വര്‍ഷം ചരിത്രത്തിലെ തീരെ ചെറിയ കാലയളവാണ്.

അതിനാല്‍ കശ്മീരില്‍ നടന്നത് കേവലമായ കയ്യേറ്റമല്ലെന്നും അത് ഇന്ത്യാചരിത്രത്തിലെ അതിപ്രധാന സന്ദര്‍ഭത്തെ അപമാനിക്കലാണെന്നും പറയേണ്ടതുണ്ട്. അപമാനിച്ചതും പോരാഞ്ഞ് ആ ചരിത്രത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഒരു ജനതയെ ബന്ദിയാക്കിയത് എന്തിനെന്നും ചോദിക്കേണ്ടതുണ്ട്. ഞങ്ങളുടെ ജനാധിപത്യത്തെ നിങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് വിലപിക്കേണ്ടതുണ്ട്. തീരെ ചെറുതാണ് നമ്മളും നമ്മുടെ പറച്ചില്‍ ശേഷിയും. തീരെ ചെറുതാണ് നമ്മുടെ എഴുത്തിടങ്ങള്‍. ഗാന്ധിയുടെ പത്രങ്ങള്‍ എത്ര ചെറുതായിരുന്നെന്നോ? ചെറുതുകളില്‍ നിന്ന് ഉണ്ടായതാണ് ഈ രാജ്യം എന്ന് അറിയുമ്പോള്‍ പക്ഷേ, ഏത് ചെറിയ ശബ്ദവും പ്രചണ്ഡമാവും. കാറ്റടിച്ചാല്‍ വീണുപോകുന്ന ഒരു മനുഷ്യന്‍ കാറ്റിനോടും കടലിനോടുമൊപ്പം നയിച്ച സമരത്തിന്റെ പേരാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം.

കെ കെ ജോഷി

You must be logged in to post a comment Login