ഹാജറിന്‍റെ കണ്ണീരും പ്രവാചകന്‍റെ പുഞ്ചിരിയും

ശൂന്യതയില്‍ നിന്നു ശൂന്യതയിലേക്കുള്ള നിരര്‍ഥകമായ പ്രയാണമല്ല ജീവിതമെന്നും മരണത്തിന്റെ മറവില്‍ ജീവിതം സാര്‍ഥകമായ മറ്റൊരു ഉയിര്‍പ്പാണെന്നും പ്രത്യാശ പകര്‍ന്ന പ്രവാചകനെ ആത്മാവില്‍ ചുംബിക്കുന്നതിനു പകരം അഭിശംസിക്കുന്നതും കല്ലെറിയുന്നതും എന്ത്!

ഡോ. എ പി ജഅ്ഫര്‍

         “……ദൂതന്‍ തുടര്‍ന്നു: ‘ എണ്ണിയാല്‍ തീരാത്ത വണ്ണം അത്രയധികമായി നിന്റെ സന്തതിയെ ഞാന്‍ വര്‍ധിപ്പിക്കും. നീ ഗര്‍ഭിണിയാണല്ലോ. നീ ഒരു ആണ്‍കുട്ടിയെ പ്രസവിക്കും, അവന് നീ ഇസ്മാഈല്‍ എന്ന് പേരിടണം.” “…….മകനെയോര്‍ത്ത് അബ്രഹാം വളരെ അസ്വസ്ഥനായി. എന്നാല്‍ ദൈവം അബ്രഹത്തോട് അരുളി: കുട്ടിയെക്കുറിച്ചും നിന്റെ അടിമപ്പെണ്ണിനെക്കുറിച്ചും നീ ക്ളേശിക്കേണ്ട… അടിമപ്പെണ്ണില്‍ ജനിച്ച മകനെയും ഞാനൊരു ജനതയാക്കും. അവനും നിന്റെ മകനാണല്ലോ. ഇബ്റാഹിം അതിരാവിലെ എഴുന്നേറ്റ് കുറെ അപ്പവും തുകല്‍സഞ്ചിയില്‍ വെള്ളവുമെടുത്ത് ഹാഗാറിന്റെ തോളില്‍ വച്ചുകൊടുത്തു. മകനെയും ഏല്‍പിച്ചിട്ട് അവളെ പറഞ്ഞയച്ചു. അവള്‍ അവിടെ നിന്നു പോയി ബേര്‍ഷെബ മരുപ്രദേശത്ത് അലഞ്ഞു നടന്നു. തുകല്‍ സഞ്ചിയിലെ വെള്ളം തീര്‍ന്നപ്പോള്‍ അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ കിടത്തി. കുഞ്ഞു മരിക്കുന്നത് തനിക്ക് കാണാന്‍വയ്യാ എന്നു പറഞ്ഞ് അവള്‍ കുറെ അകലെ, ഒരു അമ്പെയ്ത്തു ദൂരെച്ചെന്ന് എതിര്‍വശത്തേക്ക് തിരിഞ്ഞിരുന്നു. കുട്ടി ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടു. സ്വര്‍ഗത്തില്‍ നിന്നു ദൈവത്തിന്റെ ദൂതന്‍ അവളെ വിളിച്ചു പറഞ്ഞു: ‘ഹാഗാര്‍, നീ വിഷമിക്കേണ്ടാ, ഭയപ്പെടുകയും വേണ്ട. കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടിരിക്കുന്നു. എഴുന്നേറ്റ് കുട്ടിയെ കൈയിലെടുക്കുക. അവനില്‍ നിന്നു ഞാന്‍ വലിയൊരു ജനതയെ പുറപ്പെടുവിക്കും.’ ദൈവം അവളുടെ കണ്ണു തുറന്നു. അവള്‍ ഒരു കിണര്‍ കണ്ടു. അവള്‍ ചെന്നു തുകല്‍സഞ്ചി നിറച്ച് കുട്ടിക്ക് കുടിക്കാന്‍ കൊടുത്തു. ദൈവം ആ കുട്ടിയോടു കൂടെയുണ്ടായിരുന്നു. അവന്‍ മരുഭൂമിയില്‍ പാര്‍ത്തു.”

        മണല്‍കാടുകളുടെ വിജനതയിലും വന്യമായ ഇരുട്ടിലും ഒറ്റപ്പെട്ട അമ്മയുടെയും കുഞ്ഞിന്റെയും നിലവിളി ദൈവം കേട്ടുവെന്ന് വേദപുസ്തകത്തിന്റെ വിശുദ്ധ പുറങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. വെള്ളംതേടിയുള്ള അലച്ചിലില്‍ മകനെപ്രതി ഹാഗാറിന്റെ മാതൃഹൃദയം വിതുമ്പി. അവളുടെ കണ്ണീര്‍ വീണ് കുതിര്‍ന്ന മണ്ണില്‍ നിന്നു ദൈവത്തിന്റെ കാരുണ്യം നീരുറവയായി തുടിക്കുകയും മഹാപ്രവാഹമായി ഒഴുകിപ്പരക്കുകയും ചെയ്തപ്പോള്‍ ഹാഗാറിന്റെ ചുണ്ടുകള്‍ മധുരമായി മൊഴിഞ്ഞു: സംസം! നീര്‍പ്രവാഹമേ ശാന്തി! ശാന്തി! ഇസ്ഹാഖ് സന്താനങ്ങളുടെ കുലീന പാരമ്പര്യത്തിനു പുറത്ത് വര്‍ണത്തിന്റെയും വംശത്തിന്റെയും പകിട്ടും പത്രാസുമില്ലാത്ത വിജാതീയരില്‍ നിന്ന് മാനവികതയുടെ മഹാ അധ്യാപകന്‍ എഴുന്നേറ്റു വരുമെന്ന് എല്ലാ വചനവാഹകരുടെയും സുവിശേഷത്തിലുണ്ട്.

        മോശ പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവ് നിന്റെ സഹോദരങ്ങളുടെ ഇടയില്‍ നിന്ന് എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കു വേണ്ടി അയക്കും. അവന്റെ വാക്കാണ് നീ ശ്രവിക്കേണ്ടത്. കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: അവരുടെ സഹോദരന്‍മാരുടെ ഇടയില്‍ നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കു വേണ്ടി അയക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്ഷേപിക്കും. ഞാന്‍ കല്‍പിക്കുന്നതെല്ലാം അവന്‍ അവരോട് പറയും. എന്റെ നാമത്തില്‍ അവന്‍ പറയുന്ന എന്റെ വാക്കുകള്‍ ശ്രവിക്കാത്തവരോട് ഞാന്‍ തന്നെ പ്രതികാരം ചെയ്യും. അബ്രഹാമിനോടും ഹാഗാറിനോടുമുള്ള ഈശ്വരന്റെ ഉടമ്പടിപ്രകാരം ഇസ്ഹാഖിന്റെ സഹോദരനായ ഇസ്മയേലിന്റെ സന്താനപരമ്പരയില്‍ നിന്ന് എഴുന്നേറ്റു വന്ന പ്രവാചകനാണ് മുഹമ്മദ് (സ); പ്രപഞ്ചങ്ങള്‍ക്ക് അഖിലവും കാരുണ്യമായി വന്നവന്‍. വിജാതീയര്‍ക്കിടയില്‍ പിറന്ന ഈ പ്രവാചകന്‍ ‘ഇസ്രായേലേ കേള്‍ക്ക’ എന്ന് പറഞ്ഞില്ല. ‘അറബികളേന്ന് കേള്‍ക്ക’എന്നും പറഞ്ഞില്ല. കുലമഹിമയെയും വര്‍ണവ്യത്യാസങ്ങളെയും തിരസ്കരിച്ച മരുഭൂമിയുടെ പ്രവാചകന്‍ പറഞ്ഞു: “ജനങ്ങളേ കേള്‍ക്കുവിന്‍!”

     യേശു പറഞ്ഞു: “നിങ്ങളുടെ ന•ക്കു വേണ്ടിയാണ് ഞാന്‍ പോകുന്നത്. ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കലേക്ക് വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്ക് ഞാന്‍ അയക്കും. അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായ വിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും. ഇനിയും വളരെ കാര്യങ്ങള്‍ എനിക്ക് നിങ്ങളോട് പറയാനുണ്ട്. എന്നാല്‍ അവ ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കഴിവില്ല. സത്യാത്മാവ് വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയിലേക്ക് നയിക്കും. അവന്‍ സ്വമേധയാ ആയിരിക്കില്ല സംസാരിക്കുന്നത്. അവന്‍ കേള്‍ക്കുന്നത് മാത്രം സംസാരിക്കും.”

     യേശുവിന്റെയും മോശയുടെയും വേദങ്ങളില്‍ സുലഭമായി സ്തുതിക്കപ്പെട്ട ഇടയനും ഭാരതീയ ഋഷി സൂക്തങ്ങളില്‍ നിര്‍ലോഭമായി വാഴ്ത്തപ്പെട്ട പരദേശിയായ പ്രവാചകനുമാണ് മുഹമ്മദ് മുസ്തഫ (സ). എല്ലാ പ്രവാചകന്‍മാരെയും വിശുദ്ധരായി കരുതുന്ന, എല്ലാപ്രമാണങ്ങളെയും സത്യപ്പെടുത്തുന്ന സമന്വയത്തിന്റെ പവിത്ര ദര്‍ശനവുമായാണ് മുഹമ്മദി(സ)ന്റെ വരവ്.

    മുന്തിരി വള്ളികളും നാരങ്ങത്തോട്ടങ്ങളും പൈന്‍മരങ്ങളും ഒലീവ് പാടങ്ങളും നിറഞ്ഞ ഗലീലിയിലെയും കാനാനിലെയും ശാദ്വല സുന്ദര തീരങ്ങളില്‍ നിന്ന് എത്രയോ അകലെ, വരണ്ട മലകളും ഉണങ്ങിയ മുള്‍പ്പടര്‍പ്പുകളും നിറഞ്ഞ അറേബ്യയുടെ മണല്‍ക്കാടുകളില്‍ ഈശ്വരചിന്തയോ വേദദര്‍ശനമോ പരിചയമില്ലാത്ത, ഗോത്ര കലഹങ്ങളില്‍ രമിച്ചിരുന്ന ജനതയിലാണ് ആ പ്രവാചകന്‍ ദിവ്യ ദൌത്യവുമായി ചെന്നത്. വന്ദ്യരായ വേദപണ്ഡിതന്‍മാര്‍ ബഹീറയും വറഖയും ഉല്‍കണ്ഠപ്പെട്ടതുപോലെ ചതിയും അപകടങ്ങളും നിറഞ്ഞ കനല്‍പാതയിലൂടെ സഞ്ചരിക്കാനായിരുന്നു പ്രവാചകന്റെ നിയോഗം. മിന്നിത്തിളങ്ങുന്ന വാള്‍ത്തലപ്പുകള്‍ക്കിടയില്‍ , ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ വിശ്വാസത്തിന്റെയും സഹനത്തിന്റെയും ബലത്തില്‍ മാത്രം സഞ്ചരിച്ച എത്രയോ വര്‍ഷങ്ങള്‍!
ഈ പ്രവാചക സന്ദേശത്തിന്റെ കാരുണ്യത്തിന്റെ കനിവിലാണ് പിന്നീട് ചരിത്രം പുരോഗമിച്ചത്. ഖൈബറിലെ കുന്നിന്‍ചെരുവുകളില്‍ ഉപരോധിക്കപ്പെട്ട് ദിവസങ്ങളോളം പട്ടിണിയിലും പ്രയാസങ്ങളിലും കഴിഞ്ഞ പ്രവാചകന്റെയും അനുചരന്‍മാരുടെയും രക്തത്തിനും മാംസത്തിനും വേണ്ടി ദാഹിച്ച യഹൂദരും ഇസ്്ലാമിന്റെ കാരുണ്യത്തിന്റെ കനിവിലാണ് പിന്നീട് വളര്‍ന്നത്.

    ‘മുസ്്ലിമിന്റെ പാട്ടുകള്‍ സ്നേഹ സാന്ദ്രവും കാല്‍പനിക കനവുകളുമാണെന്നും, ക്രൈസ്തവന്റെ ശീലുകള്‍ പടയും പകയുമാണെന്നും യവനന്റെ മൊഴികള്‍ ജ്ഞാനവും ശാസ്ത്രവുമാണെന്നു ഹൈന്ദവന്റെ കഥനങ്ങള്‍ ഉപമകളും ഇതിഹാസങ്ങളുമാണെന്നും യഹൂദന്റെ വിലാപങ്ങള്‍ ദൈവ സങ്കീര്‍ത്തനങ്ങളാണെന്നും’ കുറിച്ചിട്ടത് മധ്യകാല ചരിത്രത്തിലെ മഹാനായ യഹൂദ മിസ്റിക് അബ്രഹാം ബിന്‍ ഇസ്രയാണ്. മെഡിറ്ററേനിയന്‍ തീരങ്ങളില്‍ അപഹരിക്കപ്പെട്ട ഭൂമിയില്‍ വംശീയ രാഷ്ട്രം പണിത് പൈതങ്ങളെയും സ്ത്രീകളെയും പട്ടിണിക്കിടുന്നതില്‍ സാമര്‍ഥ്യം കാണിക്കുന്ന സയണിസ്റുകള്‍ ഓര്‍മിക്കാന്‍ ആഗ്രഹിക്കാത്തതാണ് മുസ്ലിംകളും യഹൂദരും തമ്മിലുള്ള പാരസ്പര്യത്തിന്റെ ചരിത്രം.
യഹൂദ ചരിത്രത്തിലെ ഏറ്റവും മഹാനായ പണ്ഡിതന്‍ മോസസ് മൈമനോയ്ഡ്സ് സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കൊട്ടാരവൈദ്യനായിരുന്നുവെന്നും, ബൈസാന്റിയന്‍ സാമ്രാജ്യത്തിന്റെ അന്യായങ്ങള്‍ക്കെതിരെ പടനയിച്ച മുസ്ലിംസൈന്യത്തിന്റെ വിജയത്തില്‍ യഹൂദര്‍ ആഹ്ളാദിച്ചിരുന്നുവെന്നും പ്രവാചകന്റെ അനുയായികളെ അവര്‍ അശ്വാരൂഢരായ യഹൂദര്‍ എന്ന് വിളിച്ചിരുന്നുവെന്നും, പ്രവാചക നിന്ദയുടെ പ്രചണ്ഡമായ പ്രചാരവേലകളുടെ വര്‍ത്തമാന കാലത്ത് ആരാണ് ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നത്! സമകാലീന യഹൂദ ചിന്തകനും സമാധാനപ്രവര്‍ത്തകനുമായ യൂറി അവനേറിയുടെ അഭിപ്രായത്തില്‍ ഭൂമിയില്‍ യഹൂദവംശം ബാക്കിയായത് ഇസ്ലാമിന്റെ കാരുണ്യംകൊണ്ടാണ്.
ഓരോ മനുഷ്യന്റെയും പിടലിഞരമ്പിനെക്കാളും അവനോട് അടുത്തവനാണ് ഈശ്വരനെന്നും ശൂന്യതയില്‍ നിന്നു ശൂന്യതയിലേക്കുള്ള നിരര്‍ഥകമായ പ്രയാണമല്ല ജീവിതമെന്നും മരണത്തിന്റെ മറവില്‍ ജീവിതം സാര്‍ഥകമായ മറ്റൊരു ഉയിര്‍പ്പാണെന്നും പ്രത്യാശ പകര്‍ന്ന പ്രവാചകനെ ആത്മാവില്‍ ചുംബിക്കുന്നതിനു പകരം അഭിശംസിക്കുന്നതും കല്ലെറിയുന്നതും എന്ത്!

     തത്വശാസ്ത്രത്തിന്റെയോ സംസ്കാരത്തിന്റെയോ പാരമ്പര്യമില്ലാത്ത നാടോടികളും വണിക്കുകളും ഇടയന്‍മാരും നിറഞ്ഞ ഒരു സമൂഹത്തിലാണ് എല്ലാ ചരിത്ര നിയമങ്ങളും തെറ്റിച്ച് പ്രവാചകന്റെ പിറവി. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ദിക്കുകളിലേക്ക് ഒഴുകിപ്പരക്കാനും ചക്രവാളങ്ങളെ ഭേദിക്കുവാനും ഭൂഖണ്ഡാന്തരങ്ങളില്‍ പ്രതിധ്വനിക്കാനും നിന്ദിതരുടെയും പീഡിതരുടെയും കാപ്പിരിയുടെയും ദളിതന്റെയും സ്വപ്നങ്ങള്‍ക്ക് പ്രത്യാശ പകരാനും അനുഗ്രഹിക്കപ്പെട്ട പ്രവാചകന്‍ അറേബ്യയില്‍ ജനിക്കണമെന്നത് അല്ലാഹുവിന്റെ നിയോഗമായിരുന്നു. അബ്രഹാമിനോടുള്ള ഈശ്വര ഉടമ്പടിയുടെ അനന്തരം.

    ലളിതവും കാലാതിവര്‍ത്തിയുമായ ആശയങ്ങളുടെ പൂര്‍ണ്ണതക്കു വേണ്ടിയാണ് പ്രവാചകന്‍ നിയോഗിക്കപ്പെട്ടത്. മനുഷ്യന്റെ വ്യാമോഹങ്ങള്‍ക്കും ഊഹങ്ങള്‍ക്കും അതീതനാണ് ഈശ്വരനെന്നും ജനങ്ങള്‍ മുഴുവന്‍ ചീര്‍പ്പിന്റെ പല്ലുകള്‍പോലെ സമന്‍മാരാണെന്നും പുരുഷനും സ്ത്രീയും ഒരേ ആത്മാവില്‍ നിന്നാണെന്നും പ്രവാചകന്‍ പഠിപ്പിച്ചു. ഇണകള്‍തമ്മില്‍ വസ്ത്രങ്ങളാണെന്നും സഹകാരികളാണെന്നും സ്ത്രീകള്‍ക്ക് സ്വത്തില്‍ അവകാശമുണ്ടെന്നും മാതൃപാദങ്ങളിലാണ് സ്വര്‍ഗമെന്നും പ്രവാചകന്‍ വിളംബരം ചെയ്തു.

    അറബിയും അനറബിയും തമ്മിലും വെളുത്തവനും കറുത്തവനും തമ്മിലും വ്യത്യാസമില്ലെന്നും മഹത്വത്തിന് നിദാനം ദൈവബോധം മാത്രമാണെന്നും പ്രവാചകന്‍ ഉദ്ഘോഷിച്ചു. അടിമകള്‍ക്ക് അവകാശങ്ങള്‍ ഉണ്ടെന്നും മോചനത്തിന് വഴിയുണ്ടെന്നും വിളംബരം ചെയ്തു. പലിശയും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ഊഹക്കച്ചവടവും വിലക്കി. സമ്പത്തിന്റെ ഒരു നിശ്ചിത വിഹിതത്തില്‍ അശരണരെയും അഗതികളെയും അടിമകളെയും അവകാശികളാക്കി. കേള്‍ക്കാന്‍ ഇമ്പമുള്ള ഈ ആശയങ്ങളുടെ പ്രയോഗവല്‍കരണം സാഹസികമായ ദൌത്യമായിരുന്നു. ജീവിതവും സ്വാതന്ത്യ്രവും അപകടത്തിലായപ്പോഴാണ് പ്രവാചകന്‍ ആയുധമേന്തിയത്. നീതിരഹിതമായ സാമൂഹ്യവ്യവസ്ഥിതിയില്‍ സ്വാതന്ത്യ്രത്തിന്റെ വിളംബരം അപകടമുള്ള കാര്യമാണ്. മധ്യകാല യൂറോപ്പില്‍ ഉടനീളം പ്രവാചകന്‍ അപഹസിക്കപ്പെട്ടത് അടിമകളോടും സ്ത്രീകളോടുമുള്ള ഉദാരമായ സമീപനത്തിന്റെ പേരിലായിരുന്നുവെന്ന് കാരന്‍ ആംസ്ട്രോങ് സാക്ഷ്യപ്പെടുത്തുന്നു.

   വിശ്വാസത്തെ വൃത്തിയോട് അടുപ്പിച്ച പ്രവാചകന്റെ നിര്‍ദേശങ്ങള്‍ മുഴുവന്‍ പരിസ്ഥിതി സൌഹൃദത്തിന്റെ ഉത്തരാധുനിക പാഠങ്ങളാണെന്ന് നാം വിസ്മയിച്ച് പോവും. പുഴകളെയും കിളികളെയും ജൈവ വൈവിധ്യങ്ങളെയും സംരക്ഷിക്കാനുള്ള ആഹ്വാനങ്ങള്‍! ഇഹലോക ജീവിതത്തിന്റെ അന്ത്യയാമങ്ങളിലാണെന്ന് അറിഞ്ഞാലും വിത്തുകളെറിഞ്ഞ് കൃഷിയിറക്കാനുള്ള നിര്‍ദേശങ്ങള്‍. പുഴകളും പൊതുവഴികളും മലിനമാക്കുന്നതിന് എതിരായ താക്കീതുകള്‍! വിജ്ഞാനത്തോടും വിവരവിനിമയത്തോടുമുള്ള പ്രവാചകന്റെ സമീപനമാണ് ആഗോള നാഗരികതയെ പരിവര്‍ത്തിപ്പിച്ചത്. വിദ്യാ സമ്പാദനം വിശുദ്ധ കര്‍മ്മമാണ് പ്രവാചകരുടെ മതത്തില്‍. ആളുകളെ അക്ഷരം പഠിപ്പിക്കണമെന്ന ഉടമ്പടിയില്‍ യുദ്ധത്തടവുകാരെ വിട്ടയച്ച മറ്റൊരു നേതാവിനെയും ചരിത്രത്തിന് അറിയില്ല. എല്ലാ മാരികള്‍ക്കും മരുന്നുണ്ടെന്നും പ്രകൃതി പ്രതിഭാസങ്ങള്‍ക്ക് മനുഷ്യന്റെ ജനന മരണവുമായി ബന്ധമില്ലെന്നും പ്രവാചകന്‍ പഠിപ്പിച്ചു.

     വാമൊഴികളും വായ്പ്പാട്ടുകളും കവിതയുമല്ലാതെ ലിഖിത ഗ്രന്ഥമൊന്നും അവകാശപ്പെടാനില്ലാതിരുന്ന ഒരു സെമിറ്റിക് ഭാഷ ഇസ്ലാമിന്റെ വരവോടെ ശാസ്ത്ര സാഹിത്യ വിനിമയത്തിനുള്ള ഏറ്റവും വികാസം പ്രാപിച്ച മാധ്യമമായി മാറി. നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുള്ള ലത്തീന്‍,ഗ്രീക്ക് ഭാഷകളെ പിന്തള്ളിയാണ് അറബി ആഗോള വൈജ്്ഞാനിക വിനിമയത്തിനുള്ള മാധ്യമമായത്. വിസ്്മൃതിയിലേക്ക് മറഞ്ഞ യവന ശാസ്ത്രത്തിനും ആധുനിക പാശ്ചാത്യ നാഗരികതക്കുമിടയില്‍ ഒരു പാലമായി ഒരു സഹസ്രാബ്ദം ഇസ്ലാമിക പണ്ഡിതന്‍മാര്‍ നിലകൊണ്ടു. അവര്‍ ലിപികളില്ലാത്ത ഭാഷകള്‍ക്ക് അക്ഷരങ്ങളും ഗണിത ശാസ്ത്രത്തിന് അക്കങ്ങളും വൈദ്യശാസ്ത്രത്തിന് മരുന്നുകളും സംഗീതത്തിന് ഉപകരണങ്ങളും നല്‍കി.

   അന്തലൂസില്‍ ഇസ്ലാം സൃഷ്ടിച്ച വൈജ്ഞാനിക വിപ്ളവത്തിന്റെയും ചിന്താപരമായ വിസ്ഫോടനങ്ങളുടെയും പ്രലോഭനത്തിനും സമ്മര്‍ദത്തിനും വഴങ്ങിയാണ് യൂറോപ്പ് പ്രബുദ്ധതയിലേക്ക് നീങ്ങിയത്. ആധുനിക ശാസ്ത്ര വൈജ്ഞാനിക ലോകം പ്രഥമമായും പ്രവാചക സന്ദേശത്തിന്റെ അനന്തരഫലമാണെന്ന് സാക്ഷ്യപ്പെടുത്തുന്നത് മാര്‍ക് ഗ്രഹാം, മൈക്കല്‍ ഹാമില്‍ട്ടണ്‍, മോര്‍ഗന്‍ തുടങ്ങിയ അനേകം ചിന്തകന്‍മാരാണ്. അഭൌമികവും കാലാതിവര്‍ത്തിയുമായ ഒരു മാസ്്മരിക പ്രപഞ്ചം ഖുര്‍ആനിലുണ്ടെന്നും അവതരണകാലത്തും പിന്നീടുള്ള പല നൂറ്റാണ്ടുകളിലും മനുഷ്യ മനസ്സുകള്‍ക്ക് വഴങ്ങാതിരുന്ന പല സൂക്തങ്ങളും ശാസ്ത്ര വിജ്ഞാനം വികസിച്ചതിന്റെ ഫലമായി പൊടുന്നനെ കാലികപ്രാധാന്യമുള്ളതായി അനുഭവപ്പെടുന്നുവെന്നും പ്രവാചക ജീവിതത്തെ സത്യസന്ധമായി അടയാളപ്പെടുത്താന്‍ ശ്രമിച്ച ബര്‍നബി റോജര്‍സണ്‍ വിസ്്മയത്തോടെ രേഖപ്പെടുത്തുന്നു.

   ഹാജറിന്റെ കണ്ണീര്‍പാടങ്ങളില്‍ തളിര്‍ത്ത പ്രത്യാശയുടെ പച്ചത്തുരുത്തായി, നിരാലംബരായ മനുഷ്യര്‍ക്കുള്ള ദൈവകാരുണ്യത്തിന്റെ തീര്‍ഥമായി, വര്‍ണവൈരത്തിന്റെ മറുമരുന്നായി, കിഴക്കിനും പടിഞ്ഞാറിനും മധ്യേ ഒരുപാലമായി പ്രവാചക സന്ദേശം നിലകൊള്ളുന്നു. സൌമ്യമായി മന്ദഹസിച്ചു കൊണ്ടും ആര്‍ദ്രമായി ഉണര്‍ത്തിക്കൊണ്ടും പ്രവാചകന്‍ നമ്മെ പുണരുന്നു. മഴതോര്‍ന്നാലും പെയ്തുകൊണ്ടിരിക്കുന്ന മഴക്കാടുകള്‍ പോലെ പ്രവാചകന്റെ കാരുണ്യം പെയ്തു കൊണ്ടേയിരിക്കുന്നു…

You must be logged in to post a comment Login