ഇന്ത്യയില്‍ എല്ലാം സിംപിള്‍, സില്ലികേസ്

     ഏഴു വയസ്സുകാരന്‍ പയ്യന്‍, പലപ്പോഴും കിടക്കയില്‍ മൂത്രമൊഴിക്കും. ചിലപ്പോഴൊക്കെ റോഡില്‍ കൂടി നടന്നു കൊണ്ടും, വേണമെങ്കില്‍ മരത്തില്‍ കയറിയും മൂത്രമൊഴിക്കും. ഒരു പക്ഷേ ശ്രദ്ധയില്‍ പ്പെട്ടാല്‍ മാതാപിതാക്കള്‍ ഇവനെ രണ്ട് പൊട്ടിക്കും. വെരി സില്ലി കേസ്. ഇത് ഇന്ത്യയിലാണെന്ന് മാത്രം, അതിര്‍ത്തി വിട്ടാല്‍ കളിമാറും.

       ഓസ്ലോ, സമാധാനങ്ങളുടെ നാടായാണ് ഈ പേര് ലോകരാജ്യങ്ങള്‍ക്ക് നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. നോര്‍വെ രാജ്യാര്‍ത്തിക്കുള്ളില്‍ പെട്ട ഒരു സ്കൂളില്‍ രണ്ടാം തരത്തില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി സ്കൂള്‍ ബസ്സില്‍ മൂത്രമൊഴിക്കുന്നു. വിവരം മാതാപിതാക്കളുടെ ചെവിയിലെത്തുന്നു. ഇന്ത്യക്കാരായ മാതാപിതാക്കള്‍, ഇനി ആവര്‍ത്തിച്ചാല്‍ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് വെറുതെ ഒന്ന് വിരട്ടുന്നു. ചെക്കന്‍ സ്കൂളില്‍ ചെന്ന് ക്ളാസ് ടീച്ചറോട് ഈ വിരട്ടല്‍ വിവരം പറഞ്ഞത് അവരറിഞ്ഞു; ഓസ്ലോ പോലീസ് വന്ന് വാതിലില്‍ മുട്ടിയപ്പോള്‍. പാസ്പോര്‍ട്ടുണ്ടോ എന്ന് ചോദിക്കാനല്ല അവര്‍ വന്നത്; അറസ്റ് ചെയ്യാന്‍, മകനോടുള്ള മോശമായ പെരുമാറ്റത്തിന്.

    ദമ്പതികള്‍ മക്കളോട് മോശമായി പെരുമാറുന്നതും, ഭീഷണിപ്പെടുത്തുന്നതും നോര്‍വെ ശിക്ഷാനിയമത്തിലെ 219-ാം വകുപ്പ് പ്രകാരം ഗുരുതരമായ കുറ്റമാണ്. കുട്ടിയുടെ മാതാവിന് ഒരു വര്‍ഷവും മൂന്നു മാസവും പിതാവിന് ഒരു വര്‍ഷവും ആറ് മാസവും തടവ് ശിക്ഷയാണ് പ്രോസിക്യൂഷന്‍ നിര്‍ദേശിക്കുന്നത്.

     അമേരിക്ക, ലോക പോലീസ് ചമയുന്ന രാഷ്ട്രം. ഇവിടെയും നിയമങ്ങളും നടപടിക്രമങ്ങളും ചില്ലറയല്ല.അവിടെ, ഒന്‍പതു വയസ്സുകാരന്‍ വിദ്യാര്‍ത്ഥി സ്കൂള്‍ വിട്ട് വീട്ടിലേക്കെത്താന്‍ നേരം വൈകുന്നു. മാതാപിതാക്കള്‍ ഇന്ത്യക്കാരാണ്. ചെന്നൈ ആണ് അവരുടെ സ്വദേശം. അച്ഛന്‍ തനിനിറം കാട്ടി. അവനൊന്നും മിണ്ടിയില്ല. എന്തിന് ഒന്ന് കരഞ്ഞതു പോലുമില്ല. പക്ഷേ പിറ്റേന്ന് രാവിലെ കോളിംഗ് ബെല്ല് മുഴങ്ങി. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ പുറത്ത് രണ്ട് പോലീസുകാര്‍! പോലീസുകാരെ കണ്ടതും പയ്യന്‍ അവരുടെയടുത്തേക്കോടി. അച്ഛന് മുഖാമുഖമായി തിരിഞ്ഞു നിന്നു. അപ്പോഴാണ് തന്റെ പുന്നാര മകന്‍ പോലീസ് കണ്‍ട്രോള്‍ റൂം നമ്പറൊക്കെ ഡയല്‍ ചെയ്യാന്‍ പഠിച്ച വിവരം അച്ഛന്‍ അറിയുന്നത്. എല്ലാം കണ്ട് മിഴിച്ചു നില്‍ക്കാനേ അമ്മക്ക് കഴിഞ്ഞുള്ളൂ.

    ഇത്തരം ശിക്ഷാ നടപടികള്‍ നോര്‍വെ ഭരണ ഘടനയുടെയും അമേരിക്കന്‍ ഭരണഘടനയുടെയും മാത്രം പ്രത്യേകതയൊന്നുമല്ല. ലോക രാഷ്ട്രങ്ങളില്‍ പലതിലും ഇതുണ്ട്.ലോക രാഷ്ട്രങ്ങളിലെന്ന പോലെ ഇന്ത്യയിലും മികച്ച ഭരണ ഘടനയുണ്ട്, കോടതിയുണ്ട്, ഭരണ സംവിധാനമുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായതുകൊണ്ടാവും പലപ്പോഴും ഇവകളൊക്കെ എടുത്തുപയോഗിക്കുന്നതില്‍ കാര്യക്ഷമത കുറഞ്ഞു പോകുന്നത്.

         സ്വന്തം മകനെ പോയിട്ട് മറ്റുള്ളവന്റെ മകനെ നാല് പൊട്ടിച്ചാലും ഒരു പ്രശ്നവും വരില്ല. കള്ളു കുടിച്ച് സധൈര്യം ടൂ വീലര്‍ മുതല്‍ ഹെവി വാഹനങ്ങള്‍ വരെ ഓടിക്കാം. അഥവാ പോലീസെങ്ങാനും പിടിച്ചാലോ, അന്ന് സുഖമായി സെല്ലില്‍ പോലീസ് കാവലില്‍ അന്തിയുറങ്ങി പിറ്റേന്ന് തലേന്നത്തതിന്റെ ഹാങ്ങ് ഓവറും വിട്ട് കണ്ണും തിരുമ്മി ഇറങ്ങിപ്പോരാം. വേണമെങ്കില്‍ കാലിച്ചായക്കുള്ള ഏര്‍പ്പാടും പോലീസുകാര്‍ തന്നെ ചെയ്തുതരും. ഇനി എല്ലാം വിട്ട് കൊലപാതകം ചെയ്താലോ? ‘ഒരു ലൈഫ്’; അത്രയേ ഉള്ളൂ കൊലപാതകിയുടെ മനസ്സില്‍. ‘കുറച്ച് കഴിഞ്ഞാല്‍ ഞാനിങ്ങ് വരുമെടേ’ എന്ന് കൂട്ടുകാരോട് പറഞ്ഞ് മുഖത്തൊരു വളിഞ്ഞ ചിരിയും ഫിറ്റ് ചെയ്ത് ധൈര്യമായി പോലീസ് അകമ്പടിയോടെ ജീപ്പില്‍ കയറും. ഇനി ‘ബിഗ് പാര്‍ട്ടീസ്’ ആണെങ്കില്‍ പാസ്പോര്‍ട്ടിലെ ഒരു പേജ് എയര്‍പോര്‍ട്ടധികൃതര്‍ക്ക് സീലടിക്കാന്‍ കൊടുക്കും. നാട്ടില്‍ നിന്ന് കുറച്ചു കാലത്തേക്ക് ഒന്ന് മാറി നില്‍ക്കുക. എല്ലാം കെട്ടടങ്ങുമ്പോള്‍ തിരിച്ചു പറക്കാമല്ലോ… സിംപിള്‍.ഇനി അഥവാ പിടിച്ച് ജയിലിലാക്കിയാല്‍ തന്നെ പോലീസ് പ്രൊട്ടക്ഷന്‍, സുഭിക്ഷമായ ഭക്ഷണം, സെല്ലിലെ ടി വി യില്‍ റിയാലിറ്റി ഷോകള്‍, ഹൊ എന്തൊരു സുഖം! എന്നിട്ടും അവിടെ നിക്കപ്പൊറുതിയില്ലെങ്കില്‍ ഇറക്കിക്കൊണ്ടുവരാന്‍ തലങ്ങും വിലങ്ങും ആളുകളും. ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ മുതല്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരെഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ മേലാളന്‍മാര്‍ വരെ.

    ഓസ്ലോയില്‍ മകനെ ശാസിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യയിലേക്ക് മടങ്ങിയേക്കാമെന്നതിനാല്‍ ഇരുവരെയും ഒസ്ലോ പോലിസ് കസ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയാണ് ആദ്യമായി കൈകൊണ്ട നടപടി. ഇന്ത്യയിലെങ്ങാനുമായിരുന്നെങ്കില്‍ എപ്പോഴായിരുന്നു ഫ്ളൈറ്റ് എന്നു ചോദിച്ചാല്‍ മതി.
ഒരു ഇന്ത്യക്കാരന്‍ അറേബ്യന്‍ രാഷ്ട്രങ്ങളിലെത്തിയാല്‍ റോഡ്സൈഡില്‍ തുപ്പാന്‍ ധൈര്യപ്പെടില്ല. അതേ ഇന്ത്യക്കാരന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ നാഷണല്‍ ഹൈവയില്‍ക്കൂടി നടന്ന് മൂത്രമൊഴിക്കാന്‍ പോലും ആരെയും ഭയപ്പെടില്ല. ‘സുഹൃത്തേ, എന്താണ് നിങ്ങള്‍ കാണിക്കുന്നത്’ എന്നാരെങ്കിലും ചോദിച്ചാല്‍ ‘നീ പോടാ, നീയാരാടാ അത് ചോദിക്കാന്‍’ എന്നതിനു പുറമെ ‘റോഡ് നിന്റെ തറവാട് സ്വത്താണോ’ എന്ന് കൂടി ചോദിച്ചെന്നു വരും.

    ഇത് ബഹുമാനപ്പെട്ട ഇന്ത്യന്‍ ഭരണഘടനയുടെ കുറ്റം കൊണ്ടല്ലല്ലോ, മറിച്ച് ഭരണ ഘടന ശരിയാം വിധത്തില്‍ പാലിക്കപ്പെടാത്തത് കൊണ്ടല്ലേ? ഖദര്‍ ചുളിയാതെ നെഞ്ചും വിരിച്ച് നടക്കുന്ന രാഷ്ട്രീയക്കാര്‍ക്കും സമൂഹത്തിലെ ഉന്നതരാണെന്ന മിഥ്യേന തല താഴ്ത്താന്‍ മനസ്സനുവദിക്കാത്ത കള്ളപ്പണക്കാര്‍ക്കും കവാത്ത് നില്‍ക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തെയും നിയമപാലകരെയും നോക്കി നോര്‍വെയുടെ 219-ാം നിയമ വകുപ്പ് പോലും പല്ലിളിച്ച് കാണിക്കുന്നില്ലേ…? ഷെയിം!
മുഹമ്മദ് സവാദ്, കെ പി.
ഉഗ്രപുരം, അരീക്കോട്.

You must be logged in to post a comment Login